സിക്സ് പോക്കറ്റ് സിൻഡ്രോം: കുട്ടികളെ ഇല്ലാതാക്കുന്ന പുന്നാരപ്പൊല്ലാപ്പ്
കുട്ടികളെ അമിതമായോമനിച്ച് വളർത്തുന്നതിനൊരു മറുവശമുണ്ട്. കുട്ടികളിൽ രോഗം പോലെ നിശബ്ദമായി വളരുന്ന ഒരുതരം മാനസിക വൈകല്യം. അതാണ് 'സിക്സ് പോക്കറ്റ് സിൻഡ്രോം'. അല്ലെങ്കിൽ 'ലവ് ഓവർലോഡ്' സിൻഡ്രോം'.പുന്നരിച്ച് പുന്നരിച്ച് കുട്ടികളെ പൊല്ലാപ്പിലാക്കുന്ന രോഗം

'എൻ്റെ മോൻ ചോദിക്കുന്നതെല്ലാം കൊടുക്കും. അവനെല്ലാം വേണം. കാരണം അവൻ വീട്ടിലെ ഒറ്റക്കുട്ടിയാണ്'- ഈ വാചകം ഇന്ന് പല വീടുകളിലും കേൾക്കുന്ന സ്ഥിരം പല്ലവിയാണ്. സ്വന്തം കുട്ടി എവിടെച്ചെന്നാലും 'സ്പെഷ്യൽ' ആയിരിക്കണം എന്നതാണ് പുതിയ അച്ഛനമ്മമാരുടെയൊക്കെ നിലപാട്. ഒരുക ടൽ സ്നേഹം,നിറയെ ശ്രദ്ധ,എല്ലാം 'കുറച്ചധികം കൊടുക്കാം' എന്നൊരു ചിന്ത... ഇതെല്ലാം ചേർന്ന ഒരു മൃദു ലോകമാണ് പുതിയ കുടുംബങ്ങളിൽ കുട്ടികൾക്കായി ഒരുക്കുന്നത്. കുട്ടികളെ ഇങ്ങിനെ അമിതമായോമനിച്ച് വളർത്തുന്നതിനൊരു മറുവശമുണ്ട്. കുട്ടികളിൽ രോഗം പോലെ നിശബ്ദമായി വളരുന്ന ഒരുതരം മാനസിക വൈകല്യം. അതാണ് 'സിക്സ് പോക്കറ്റ് സിൻഡ്രോം'. അല്ലെങ്കിൽ 'ലവ് ഓവർലോഡ്' സിൻഡ്രോം'.പുന്നരിച്ച് പുന്നരിച്ച് കുട്ടികളെ പൊല്ലാപ്പിലാക്കുന്ന രോഗം.
ചൈനയിൽ ഉത്ഭവിച്ച പുന്നാരപ്പൊല്ലാപ്പ്
ചൈനയിൽ 'ഒരു കുട്ടി മാത്രം'എന്ന നിയമം വന്ന കാലത്താണ് ഈ പ്രശ്നം ആരോഗ്യ വിദഗ്ധരുടെ ശ്രദ്ധയിലെത്തുന്നത്. ഒറ്റക്കുട്ടി നിയമം രണ്ട് തലമുറ പിന്നിട്ടതോടെ എല്ലാ വീട്ടിലും മുതിർന്നവർ കൂടുകയും കുട്ടികൾ കുറയുകയും ചെയ്തു. അവിടെ ഒരു കുഞ്ഞിനെ വളർത്താൻ രക്ഷിതാക്കളായി ആറുപേർ ചുറ്റുമെത്തി. മാതാപിതാക്കളും രണ്ട് മുത്തശ്ശൻമാരും (അച്ഛൻ്റെയും അമ്മയുടെയും അച്ഛൻമാർ) രണ്ട് മുത്തശ്ശിമാരും (അച്ഛൻ്റെയും അമ്മയുടെയും അമ്മമാർ). ആറുപേരുടെ പരിലാളനയിൽ വളരുന്ന കുഞ്ഞ്.ഒരു കുട്ടിക്കുനേരെ നീളുന്നത് ആറ് ജോഡി കൈകൾ. അനന്തമായ സ്നേഹം. അച്ഛൻ, അമ്മ,രണ്ടു മുത്തശ്ശന്മാർ, രണ്ടു മുത്തശ്ശിമാർ – ഈ ആറുപേരുടെയും 'പോക്കറ്റുകൾ' ആ കുഞ്ഞിനു വേണ്ടി എപ്പോഴും തുറന്നിരിക്കും.പണം, പരിഗണന, ശ്രദ്ധ എല്ലാം കുഞ്ഞിലേക്ക് അമിതമായി ഒഴുകും. കുട്ടിയുടെ ചെറിയ ആഗ്രഹംപോലും ആറു പേർ മത്സരിച്ച് സാധിച്ചുകൊടുക്കും. ഈ അമിത സംരക്ഷണവും ചോദിക്കുന്നതെന്തും കിട്ടുന്ന സാഹചര്യവും കുട്ടിയുടെ മാനസിക വളർച്ചയെ വലിയ തോതിൽ ബാധിച്ചു. ഇതാണ് പിന്നീട് പുന്നാരപ്പൊല്ലാപ്പ് ആയി മാറുന്നത്.
അധികം സ്നേഹിച്ചാൽ എന്താണ് കുഴപ്പം?
ഒരു കുട്ടിയുടെ ആത്മവിശ്വാസം, കാര്യങ്ങൾ നിയന്ത്രിക്കാനുള്ള കഴിവ്, സമൂഹത്തിൽ ഇടപഴകാനുള്ള പക്വത എന്നിവ വളരണമെങ്കിൽ സുഖവും ചെറു കഷ്ടപ്പാടുകളും കുട്ടികൾ ഒരുപോലെ അനുഭവിക്കണം. എല്ലാം എളുപ്പത്തിൽ കിട്ടിയാൽ, തടസ്സങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മസ്തിഷ്കം പഠിക്കില്ല. ജീവിതത്തിൽ ആദ്യമായി ഒരു 'ഇല്ല'എന്ന മറുപടി കേൾക്കുകയോ ഒരു പരാജയം നേരിടുകയോ ചെയ്യുമ്പോൾ അത് അവർക്കൊരു വലിയ ദുരന്തമായി തോന്നും. പുന്നാരപ്പൊല്ലാപ്പ് ബാധിച്ച കുട്ടികളുടെ ചില ലക്ഷണങ്ങൾ ഇവയാണ്:
- 'ഇല്ല' എന്നു കേട്ടാൽ ദേഷ്യം. 'ഇല്ല' എന്ന മറുപടി സഹിക്കാൻ കഴിയില്ല.
- ക്ഷമയില്ലായ്മ: ചെറിയ കാര്യങ്ങൾക്കുപോലും കാത്തിരിക്കാൻ കഴിയില്ല.
- ആത്മനിയന്ത്രണമില്ലായ്മ: എല്ലാവരും തനിക്കുവേണ്ടി പ്രവർത്തിക്കണം എന്ന ചിന്ത.
- സ്വാർത്ഥത: മറ്റുള്ളവർക്കും ആവശ്യങ്ങളുണ്ടെന്ന ബോധം കുറയും.
- സ്വയംപര്യാപ്തതയില്ലായ്മ: സ്വന്തമായി കാര്യങ്ങൾ ചെയ്യാനുള്ള കഴിവ് കുറയും.
എന്നാൽ ഈ 'പൊല്ലാപ്പിന്'ചില നല്ല വശങ്ങളുമുണ്ട്. എപ്പോഴും ആരെങ്കിലും പിന്തുണയ്ക്കാൻ കൂടെയുണ്ടെന്ന ചിന്ത കുട്ടിയെ ആത്മവിശ്വാസമുള്ളവനാക്കും. മുതിർന്നവരുമായി ഇടപഴകുന്നത് കുട്ടികളുടെ സംസാരശൈലിയെയും വികാരങ്ങളെയും നല്ലരീതിയിൽ സ്വാധീനിക്കും.കൂടുതൽ ശ്രദ്ധയും പണവും മാർഗ്ഗനിർദ്ദേശവും ലഭിക്കുമ്പോൾ മികച്ച വിദ്യാഭ്യാസ അവസരങ്ങൾ ലഭിക്കുന്നു. ശരിയായ 'പോളിഷിംഗ്' കിട്ടിയാൽ ഇത്തരം കുട്ടികൾ മികച്ചവരായി മാറുകയും ചെയ്യും. പക്ഷെ ഭൂരിഭാഗം രക്ഷിതാക്കളും കുട്ടികളും ഈ വഴി സഞ്ചരിച്ച് അപകടമുഖത്താണ് ചെന്നെത്തുക. സ്നേഹം നിയന്ത്രണമില്ലാതെ ഒഴുകുമ്പോൾ അതൊരു പ്രളയമാകും. കുട്ടികളെ കവർന്നെടുക്കും. ചെറിയ പ്രശ്നങ്ങളെപ്പോലും മറികടക്കാനുള്ള കഴിവ് അവർക്ക് നഷ്ടമാകും.കുട്ടിയുടെ വളർച്ചയിലും ഇത് തടസ്സങ്ങൾ സൃഷ്ടിക്കും.
പ്രശ്നകരമായി മാറുന്ന മേഖലകൾ ഇവയാണ്:
- അമിത ആത്മവിശ്വാസം: തനിക്ക് എല്ലാം കിട്ടും എന്ന ധാരണ സഹാനുഭൂതി കുറയ്ക്കും.
- പരിശ്രമിക്കാനുള്ള മടി: എല്ലാവരും സഹായിക്കുമ്പോൾ, സ്വയം എന്തെങ്കിലും ചെയ്യാനുള്ള പ്രചോദനം ഇല്ലാതാകും.
- യഥാർത്ഥ ലോകവുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ട്: സ്കൂളിലോ ജോലിസ്ഥലത്തോ മറ്റുള്ളവർ വീട്ടിലെപോലെ അനുകൂലമല്ലെങ്കിൽ അത് സഹിക്കാൻ പ്രയാസമാകും.ഇത് പിന്നീട് ഉത്കണ്ഠ (anxiety), വിഷാദം (depression), താളം തെറ്റിയ ബന്ധങ്ങൾ എന്നിവയിലേക്ക് വഴുതിമാറാൻ സാധ്യതയുണ്ട്.
സന്തുലിതത്വം എങ്ങനെ കണ്ടെത്താം?
മനഃശാസ്ത്രപരമായ ഈ പ്രശ്നം ഒഴിവാക്കാൻ സ്നേഹത്തിനൊപ്പം ചില അതിരുകൾ (Boundaries) നിർബന്ധമാണ്. കുട്ടിയുടെ വളർച്ചയ്ക്ക് 'ഇല്ല' എന്ന വാക്ക് അത്യാവശ്യമാണ്. ഇതാണ് ഭാവിയിലെ ആത്മനിയന്ത്രണത്തിൻ്റെ വിത്ത്. മുത്തശ്ശിയോ അമ്മയോ ആരുമാവട്ടെ, എല്ലാവരും കുട്ടിയുടെ കാര്യത്തിൽ ഒരേ നിലപാട് എടുക്കണം. ഒരാൾ 'ഇല്ല' പറയുമ്പോൾ മറ്റൊരാൾ ഒളിച്ചുപോയി അത് സാധിച്ചു കൊടുക്കരുത്. കുട്ടിയോട് കുടുംബത്തിന് പൊതുനയമുണ്ടാകണം.വസ്ത്രം മടക്കുക, ചെറിയ സാധനങ്ങൾ വാങ്ങുക, തെറ്റുകൾ തിരുത്തുക തുടങ്ങിയവയൊക്കെ കുട്ടിയെക്കൊണ്ട് തന്നെ ചെയ്യിക്കുക. പങ്കിടൽ, തോൽവി, പൊരുത്തപ്പെടൽ ഇതെല്ലാം സുഹൃത്തുക്കളിലൂടെയും സ്കൂളിലൂടെയുമാണ് പൂർണ്ണമായി പഠിക്കേണ്ടത്.
സ്നേഹത്തിൻ്റെ ശരിയായ അളവ്
'പുന്നാരപ്പൊല്ലാപ്പ്' ഒരു രോഗമല്ല. എന്നാൽ അത് പിൽക്കാലത്ത് രോഗത്തിലേക്കോ പെരുമാറ്റ വൈകല്യങ്ങളിലേക്കോ മാനസിക ദൈർബല്യങ്ങളിലേക്കോ കുട്ടിയെ കൊണ്ടെത്തിച്ചേക്കും. കുഞ്ഞിനെ എത്രമാത്രം സംരക്ഷിക്കണം എന്നതിലല്ല രക്ഷിതാവിന്റെ ആലോചനകളുണ്ടാവേണ്ടത്. മറിച്ച് അവൻ സ്വയം നിൽക്കാൻ എത്രമാത്രം പഠിക്കണം എന്നതാണ്.
ചുറ്റുമുള്ള എല്ലാ രക്ഷിതാക്കളുടെയും പോക്കറ്റുകൾ തുറന്നിരിക്കട്ടെ. പക്ഷേ അതിൽനിന്ന് സ്നേഹത്തിനൊപ്പം പഠനവും പരിധിയും കൂടിയൊഴുകണം. സ്നേഹം = പരിചരണം + നിയന്ത്രണം + ഉത്തരവാദിത്തബോധം എന്നതാകണം സമവാക്യം. അപ്പോഴാണ് ഒരു കുഞ്ഞ് സ്വന്തം മനസ്സിൻ്റെ രാജാവായി വളരുക. അമിത സംരക്ഷണവും സ്വാതന്ത്ര്യവും തമ്മിലെ സന്തുലനമാണ് പേരന്റിംഗിലെ കല.
Reena VR
Sr. Therapist
THE INSIGHT CENTRE
Trivandrum
8590043039
