മന്ത്രിസഭാ ഗണിതശാസ്ത്രത്തിൽ തോറ്റുപോകുന്ന വടക്കൻ കേരളം
തെക്കൻ - വടക്കൻ ജില്ലകൾക്കിടയിലുള്ള രാഷ്ട്രീയ അധികാര അസന്തുലിതാവസ്ഥ സാമ്പത്തിക, വിഭവ വിതരണ, വികസന മുൻഗണനകൾ നിശ്ചയിക്കുന്നതിനെ നേരിട്ട് ബാധിക്കുന്നു. പാർട്ടികളുടെ ശക്തി ഭൂമിശാസ്ത്രപരമായി വ്യത്യാസപ്പെട്ടിരിക്കുന്നതും മന്ത്രിസഭയുടെ ഘടനയെ വളരെയധികം സ്വാധീനിക്കുന്നു. സെക്രട്ടേറിയറ്റ്, ഡയറക്ടറേറ്റ്, സ്ഥാപന ആസ്ഥാനങ്ങൾ എന്നിവ തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്നതിനാൽ, ഭരണ സംവിധാനങ്ങൾ, നയരൂപീകരണം, എക്സിക്യൂട്ടീവ് എന്നിവ വടക്കൻ ജില്ലകളിൽ നിന്ന് ഭൗതികമായി ഒറ്റപ്പെട്ടു.

രാഷ്ട്രീയ അധികാരത്തിൽ മത സാമുദായിക സന്തുലിതാവസ്ഥയോടൊപ്പം തന്നെ ഭൂ-ജനസംഖ്യാ സന്തുലിതാവസ്ഥയും ആവശ്യമാണ്. പ്രത്യേകിച്ച്, കേരളത്തിൽ തെക്കൻ ജില്ലകളിലെ വികസനം വടക്കൻ ജില്ലകളിൽ ഇല്ലാത്ത സാഹചര്യത്തിൽ. മുഖ്യമന്ത്രിമാർ ഉൾപ്പെടെ ഉണ്ടായിട്ടുണ്ടെങ്കിലും വികസന കാര്യത്തിൽ വടക്കൻ ജില്ലകൾ പിന്നിലാണ്. സംസ്ഥാന രൂപീകരണത്തിന് മുൻപ് മദ്രാസ് പ്രസിഡൻസിക്ക് കീഴിലായിരുന്നപ്പോൾ തന്നെ ഇന്നത്തെ വടക്കൻ ജില്ലകൾ തെക്കൻ, മധ്യ കേരളത്തെ അപേക്ഷിച്ച് പിന്നിലായിരുന്നു. വികസനത്തിലും സംരംഭക നിക്ഷേപങ്ങളിലുമുള്ള ആ അന്തരം രാഷ്ട്രീയ അധികാര പങ്കാളിത്തത്തിലും സാമ്പത്തിക, വിഭവ വിതരണത്തിലും ഇന്നും തുടരുന്നു.
തെക്കൻ - വടക്കൻ ജില്ലകൾക്കിടയിലുള്ള രാഷ്ട്രീയ അധികാര അസന്തുലിതാവസ്ഥ സാമ്പത്തിക, വിഭവ വിതരണ, വികസന മുൻഗണനകൾ നിശ്ചയിക്കുന്നതിനെ നേരിട്ട് ബാധിക്കുന്നു. പാർട്ടികളുടെ ശക്തി ഭൂമിശാസ്ത്രപരമായി വ്യത്യാസപ്പെട്ടിരിക്കുന്നതും മന്ത്രിസഭയുടെ ഘടനയെ വളരെയധികം സ്വാധീനിക്കുന്നു. സെക്രട്ടേറിയറ്റ്, ഡയറക്ടറേറ്റ്, സ്ഥാപന ആസ്ഥാനങ്ങൾ എന്നിവ തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്നതിനാൽ, ഭരണ സംവിധാനങ്ങൾ, നയരൂപീകരണം, എക്സിക്യൂട്ടീവ് എന്നിവ വടക്കൻ ജില്ലകളിൽ നിന്ന് ഭൗതികമായി ഒറ്റപ്പെട്ടു. അതോടൊപ്പം, അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള സാമ്പത്തിക വിനിയോഗത്തിലും പക്ഷപാതങ്ങളുണ്ടായി. കൊച്ചി മെട്രോ, സ്മാർട്ട് സിറ്റി, ടെക്നോപാർക്ക്, വിഴിഞ്ഞം തുറമുഖം തുടങ്ങിയ പ്രധാന വികസന പദ്ധതികളെല്ലാം എറണാകുളത്തിന് തെക്ക് ജില്ലകളിൽ കേന്ദ്രീകരിച്ചു. രാഷ്ട്രീയ, നീതിന്യായ, വാണിജ്യ ആസ്ഥാനങ്ങൾ അവിടങ്ങളിൽ ആയതും കാരണമായി.
സി.എച്ച് മുഹമ്മദ് കോയ 31 ദിവസം ധനകാര്യ വകുപ്പ് കൈകാര്യം ചെയ്തതൊഴിച്ചാൽ മലപ്പുറം മുതൽ കാസർകോട് വരെയുള്ള വടക്കൻ കേരളത്തിൽ നിന്ന് ഒരു ധനകാര്യ മന്ത്രി ഇതുവരെ ഉണ്ടായിട്ടില്ല. സ്പീക്കർ പോലുള്ള സുപ്രധാന പദവികളിൽ വരെ ഈ അന്തരമുണ്ട്. പുതിയ സഭയുടേതടക്കം ഇരുപത്തിയഞ്ച് സ്പീക്കർമാർ കേരളത്തിൽ ഇതുവരെയുണ്ടായപ്പോൾ കോഴിക്കോട് മുതൽ കാസർകോട് വരെയുള്ള നാലു ജില്ലകളിൽ നിന്നായി ഒരാൾ മാത്രമാണ് സ്ഥാനത്ത് എത്തിയത്. കഴിഞ്ഞ നിയമസഭയിൽ കണ്ണൂർ ജില്ലയിൽ നിന്ന് എ.എൻ ശംസീർ. വടക്കൻ കേരളത്തിൽ നിന്ന് ആറു പേർ സ്പീക്കർമാരായപ്പോൾ അഞ്ചും മലപ്പുറത്ത് നിന്നായി. തെക്കൻ, മധ്യ ജില്ലകളുടെ വികസനത്തിൽ അവിടങ്ങളിൽ നിന്നുണ്ടായ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന മന്ത്രിമാരുടെ പ്രവർത്തനങ്ങൾ കാരണമായി. പലപ്പോഴും സ്വന്തം ജില്ലകൾക്ക് പ്രാധാന്യം നൽകുന്ന സ്ഥിതിയുണ്ടായി. അധികാര, സാമ്പത്തിക, വിഭവ വിതരണത്തിൽ ഭൂമി ശാസ്ത്ര പരിഗണനകൾ നൽകാത്തതിനാൽ കേരളത്തിൽ വികസന കാര്യത്തിൽ തെക്ക് - വടക്ക് അന്തരം വർധിച്ചു.
രാഷ്ട്രീയ അധികാര വിതരണത്തിലെ ഭൂസന്തുലിതാവസ്ഥ
നിലവിൽ, മലപ്പുറം മുതൽ കാസർകോട് വരെ അഞ്ച് ജില്ലകളിലായി 48 നിയോജക മണ്ഡലങ്ങളിൽ നിന്ന് 40 സീറ്റ് ഭരണ കക്ഷിയായ യുഡിഎഫിനുണ്ട്. മലപ്പുറത്ത് 16, കോഴിക്കോട് 11+1, വയനാട് മൂന്ന്, കണ്ണൂർ 3+2, കാസർകോട് നാല് എന്നിങ്ങനെ. പക്ഷേ, മന്ത്രിസഭാ പ്രാതിനിധ്യം മലപ്പുറത്തും വയനാട്ടിലും കേന്ദ്രീകരിച്ചു. മലപ്പുറത്ത് നിന്ന് നാല് മന്ത്രിമാർ. കൂടാതെ പാലക്കാട് ജില്ലയിലുള്ള മന്ത്രി എൻ. ശംസുദ്ദീൻ മലപ്പുറം ജില്ലയിൽ നിന്നുള്ളയാളും. വയനാട്ടിൽ നിന്ന് ഇപ്പോൾ ഒരു മന്ത്രിയും രണ്ടര വർഷം കഴിഞ്ഞാൽ ഒരു മന്ത്രി കൂടിയും. കൂടാതെ, മലപ്പുറത്ത് നിന്നുള്ള കെ.എം ഷാജി വയനാട് ജില്ലയിൽ നിന്നുള്ളയാളും. കണ്ണൂരിൽ നിന്ന് ഒരു മന്ത്രി. ഭരണമുന്നണിക്ക് 12 സീറ്റുകൾ ലഭിച്ചിട്ട് കൂടി കോഴിക്കോടിന് അർഹമായ പ്രാതിനിധ്യം ലഭിച്ചില്ല. പിന്നീട്, രണ്ടര വർഷ കാലാവധിയിൽ ഒരു മന്ത്രിസ്ഥാനം മാത്രം ലഭിക്കും. ഒപ്പം, ടി.സിദ്ദീഖ് കോഴിക്കോട്ടുകാരനാണ് എന്ന് ആശ്വസിക്കാം. നാല് സീറ്റുകൾ ലഭിച്ച കാസർകോടിന് ഒന്നുമില്ല.
രണ്ട് മുഖ്യമന്ത്രിമാരുണ്ടായെങ്കിലും കേരളത്തിലെ ഏറ്റവും അവഗണിക്കപ്പെട്ട ജില്ലയാണ് കാസർകോട്. പണിഷ്‌മന്റ് ട്രാൻസ്ഫർ ജില്ല എന്ന പേരു ദോഷവുമുണ്ട്. 1984ൽ കാസർകോട് ജില്ലാ രൂപീകരണം നടന്നതിന് ശേഷം നാൽപ്പത്തിരണ്ട് വർഷത്തിനിടയിൽ ഒൻപത് ടേമിലായി പതിനൊന്ന് മന്ത്രിസഭകൾ രൂപീകരിച്ചു. ആകെ നാലു ടേമിലായി നാലു മന്ത്രിമാരാണ് ജില്ലയിൽ നിന്നുണ്ടായത്. കഴിഞ്ഞ ഇരുപത് വർഷത്തിനിടയിൽ ഒറ്റത്തവണയാണ് (2016 -21 ഒന്നാം പിണറായി മന്ത്രിസഭയിൽ) മന്ത്രിയുണ്ടായത്. ഈ മന്ത്രിസഭയിലും ഇടക്കാലത്ത് പ്രാതിനിധ്യം ലഭിച്ചില്ലെങ്കിൽ കാൽനൂറ്റാണ്ടിൽ ഒരു മന്ത്രി മാത്രമാകും.
കഴിഞ്ഞ ഇരുപത് വർഷത്തിനിടയിൽ, കണ്ണൂരിന് നിലവിലെയടക്കം പതിനൊന്ന് മന്ത്രിസ്ഥാനങ്ങൾ ലഭിച്ചു. ഒന്നാം പിണറായി സർക്കാരിൽ നാലു മന്ത്രിസ്ഥാനങ്ങളുമായി വലിയ പ്രാതിനിധ്യം ലഭിച്ചു. കോഴിക്കോടിന് ഏഴു മന്ത്രിസ്ഥാനങ്ങൾ ലഭിച്ചു. ഈ കാലയളവിൽ എട്ടാകും. മലപ്പുറത്തിന് പതിനൊന്ന് മന്ത്രിസ്ഥാനങ്ങൾ ലഭിച്ചു. എട്ടും യുഡിഎഫ് ഭരണത്തിൽ. ആകെ മൂന്ന് നിയമസഭാ മണ്ഡലങ്ങളുള്ള വയനാട് ജില്ലയ്ക്ക് പോലും നിലവിലെയടക്കം മൂന്ന് മന്ത്രിസ്ഥാനം ലഭിച്ചു. രണ്ടര വർഷം കഴിഞ്ഞാൽ നാലാകും. വയനാട് പോലുള്ള ചെറിയ ജില്ലകൾക്ക് പിന്നാക്ക, ജാതി പരിഗണനകളിൽ പല മന്ത്രിസഭകളിലും പരിഗണന ലഭിക്കുമ്പോൾ ഏതു മുന്നണി ഭരിച്ചാലും കാസർക്കോടിന് ഒന്നും ലഭിക്കുന്നില്ല. ഇപ്പോൾ കോഴിക്കോട്, കണ്ണൂർ, കാസർകോട് മൂന്ന് ജില്ലകൾക്ക് കൂടി ഒരു മന്ത്രി മാത്രമേയുള്ളൂ.
മധ്യ കേരള കാബിനറ്റ്
പുതിയ യുഡിഎഫ് ഭരണത്തിൽ 53 മണ്ഡലങ്ങളുള്ള മധ്യകേരളത്തിന് പത്ത് കാബിനറ്റ് പദവികൾ ലഭിച്ചു. 41.5% ശതമാനം പ്രാതിനിധ്യം. 39 മണ്ഡലങ്ങളുള്ള തെക്കൻ കേരളത്തിന് എട്ട് കാബിനറ്റ് പദവികൾ ലഭിച്ചു. 33% ശതമാനം പ്രാതിനിധ്യം. 48 മണ്ഢലങ്ങളുള്ള വടക്കൻ കേരളത്തിന് ആറു കാബിനറ്റ് പദവികൾ ലഭിച്ചു. 25% ശതമാനം പ്രാതിനിധ്യം. പക്ഷേ, അതിൽ നാലും മലപ്പുറത്ത് തന്നെയായി. എറണാകുളത്തിനും മലപ്പുറത്തിനും നാലു മന്ത്രിസ്ഥാനങ്ങൾ ലഭിച്ചു. മന്ത്രിസഭയുടെ 38% ശതമാനവും ഈ രണ്ട് ജില്ലകളിൽ നിന്ന് തന്നെ. രണ്ടരവർഷം കഴിഞ്ഞാൽ വയനാടിനും മൂന്ന് എംഎൽഎമാരിൽ രണ്ടു മന്ത്രിമാർ. മൂന്ന് ജില്ലകൾക്കും ആവശ്യത്തിലധികമുള്ള പരിഗണനകൾ ലഭിച്ചു. മധ്യത്തിൽ തുടർച്ചയായി വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽ നിന്ന് തന്നെ മന്ത്രിസഭയുടെ 57% ശതമാനവും.
തെക്ക് നിന്ന് വടക്കോട്ട് തുടർച്ചയായി വരുന്ന കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലായി 29 നിയമസഭാ മണ്ഡലങ്ങളുണ്ട്. ഇരുപത്തിയൊന്നും ഭരണമുന്നണിക്ക് ലഭിച്ചിട്ടും മന്ത്രിസ്ഥാനം ഒന്ന് മാത്രം. 'കേരളത്തിൽ ഏറ്റവും അവഗണിക്കപ്പെട്ട ഒരു ജില്ലയാണ് കാസർകോട്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ എന്റെ ജില്ലയായ എറണാകുളത്തേക്കാൾ ഏറ്റവും കൂടുതൽ പരിഗണിക്കുക കാസർകോട് ജില്ലയെ ആയിരിക്കും' എന്ന് തെരെഞ്ഞെടുപ്പ് സമയത്ത് പ്രസംഗിച്ചത് വി.ഡി സതീശൻ തന്നെയാണ്. എന്നിട്ടും അദ്ദേഹം നേതൃത്വം കൊടുക്കുന്ന മന്ത്രിസഭയിൽ കാസർകോടിന് ടേം വ്യവസ്ഥയിൽ പോലും മന്ത്രിയില്ല. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, ചീഫ് വിപ്പ് പോലുള്ള മറ്റു പരിഗണനകളുമില്ല. മാത്രമല്ല, സ്വന്തം ജില്ലയായ എറണാകുളത്ത് നിന്ന് അദ്ദേഹമടക്കം നാല് മന്ത്രിമാർ. വടക്കൻ ജില്ലകളെ കോൺഗ്രസും മുസ്‌ലിം ലീഗും ഒരു പോലെ തഴഞ്ഞു.
ചെറുപാർട്ടികൾ തെക്കൻ കേരളത്തിന്റെ നേട്ടം
മുന്നാണി മര്യാദയിൽ ചെറുപാർട്ടികൾക്ക് ലഭിക്കുന്ന മന്ത്രി സ്ഥാനങ്ങളും അധികാരങ്ങളും മധ്യ, തെക്കൻ ജില്ലകൾക്ക് നേട്ടമാകുന്നു. ഇപ്പോൾ തന്നെ ഒറ്റ അംഗം മുതലുള്ള ചെറുപാർട്ടികൾക്ക് ലഭിച്ച അഞ്ച് കാബിനറ്റ് പദവികളിൽ മൂന്നെണ്ണം മധ്യ കേരളത്തിലും രണ്ടെണ്ണം തെക്കൻ കേരളത്തിലുമാണ്. എല്ലാം എറണാകുളത്തിന് തെക്ക് ഭാഗം മാത്രം. ആകെ, തെക്കൻ ജില്ലകളിൽ എട്ട് കാബിനറ്റ് പദവികൾ ലഭിച്ചപ്പോൾ മധ്യ കേരളത്തിന് 10 കാബിനറ്റ് പദവികളും ലഭിച്ചു. വടക്കൻ കേരളത്തിന് ലഭിച്ചത് ആറ് മാത്രം. എറണാകുളത്തിന് തെക്ക് ഭാഗത്ത് നിന്ന് തന്നെ 15 കാബിനറ്റ് പദവികളുമുണ്ടായി. അതും പത്തനംതിട്ടയ്ക്ക് ഒന്നും ലഭിക്കാതെ. എന്നാൽ വടക്ക് ഭാഗത്ത് നിന്ന് ഒമ്പത് കാബിനറ്റ് പദവികൾ മാത്രം. മലപ്പുറത്തിന് വടക്ക് ഭാഗത്ത് നാലു ജില്ലകളിലും കൂടി രണ്ട് മാത്രം. കോഴിക്കോട്, കാസർകോട് ജില്ലകൾക്ക് ഒന്നും ലഭിക്കാതെ.
ജനാധിപത്യത്തിലെ ഭൂസന്തുലിതാവസ്ഥ
കേരളത്തിൽ ഭരണ, ഉദ്യോഗ പങ്കാളിത്തത്തിലും സാമ്പത്തിക, വിഭവ, വികസന വിതരണത്തിലും തെക്ക് - വടക്ക് അന്തരം വലിയ തോതിൽ കാണാം. മത, ജാതി സമുദായങ്ങൾക്ക് വേണ്ടി വാദിക്കാൻ ആളുണ്ട്. പക്ഷേ, ഭൂപ്രദേശങ്ങൾക്ക് വേണ്ടി വാദിക്കാൻ ആളില്ല. പതിനാലു ജില്ലകൾക്ക് ഓരോ മന്ത്രിസ്ഥാനങ്ങൾ നൽകിയ ശേഷം വലിയ ജില്ലകൾക്ക് മണ്ഡലങ്ങളുടെ എണ്ണത്തിന്റെയും ലഭിച്ച സീറ്റിന്റെയും അടിസ്ഥാനത്തിൽ ബാക്കി ഏഴ് മന്ത്രിസ്ഥാനങ്ങളും മറ്റു കാബിനറ്റ് പദവികളും വീതിച്ചാൽ തന്നെ ഭൂമിശാസ്ത്ര സന്തുലിതാവസ്ഥ പാലിക്കപ്പെടുമായിരുന്നു. പക്ഷേ, മുന്നണി മര്യാദയിലെ ചെറുപാർട്ടി പ്രാതിനിധ്യം, പാർട്ടിക്കുളിലെ ഗ്രൂപ്പ് സമവാക്യം തുടങ്ങിയവ കാരണം എല്ലാം നഷ്ടപ്പെടുന്നു. കഴിവുള്ളവരുടെ പ്രാതിനിധ്യവും.
രാജ്യത്തെ ലോക്സഭാ മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യൻ - ദക്ഷിണേന്ത്യൻ പ്രാതിനിധ്യങ്ങളിലെ അന്തരം വലുതാകുമെന്ന് ചൂണ്ടിക്കാണിക്കുന്ന മുന്നണികളും പാർട്ടികളും തന്നെ കേരളത്തിൽ ഭരണ പ്രാതിനിധ്യത്തിൽ ഭൂ-ജനസംഖ്യാ സന്തുലിതാവസ്ഥ പാലിക്കാൻ തയ്യാറാകുന്നില്ല. എംഎൽഎമാരുടെ പതിനഞ്ച് ശതമാനം മാത്രമായി മന്ത്രിമാരുടെ എണ്ണം നിജപ്പെടുത്തിയെങ്കിലും ഭൂ, ജനസംഖ്യാ അനുപാതം വിവക്ഷിച്ചില്ല. അതോടൊപ്പം പ്രാതിനിധ്യ ജനാധിപത്യത്തിന്റെ വിവക്ഷയും വിശാലമാക്കണം. കേരളത്തിൽ ഇപ്പോൾ തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ള 140 എംഎൽഎമാരിൽ അഞ്ചു പേരും കുന്ദമംഗലം നിയോജക മണ്ഢലത്തിൽ നിന്നുള്ളവരാണ്. മൂന്ന് പേർ തിരൂർ മണ്ഡലത്തിൽ നിന്നുള്ളവരാണ്. ജനപ്രതിനിധികളിലും ഇങ്ങനെയുള്ള ഭൂ - ജനസംഖ്യാ അന്തരം കാണാം.
