Quantcast
MediaOne Logo

മുഹമ്മദ് ഷാഫി

Published: 28 Nov 2022 7:17 PM GMT

ടിറ്റേയുടെ രഹസ്യായുധം പോലെ ബ്രസീലിന്റെ ആ ഗോൾ

ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലേക്ക് കരുതിവെച്ചതു പോലൊരു അസ്വാഭാവികത കാസമിറോ നേടിയ ആ ഗോളിനും അതിലേക്കുള്ള ചലനങ്ങൾക്കുമുണ്ടായിരുന്നു.

ടിറ്റേയുടെ രഹസ്യായുധം പോലെ ബ്രസീലിന്റെ ആ ഗോൾ
X

മലവെള്ളപ്പാച്ചിൽ ചിറകെട്ടി തടുക്കാൻ കഴിയില്ലെന്നതു പോലെ ടിറ്റേയുടെ ബ്രസീൽ കളിക്കുന്ന ഫുട്‌ബോളിനെ പ്രതിരോധ തന്ത്രങ്ങൾ കൊണ്ട് പിടിച്ചുകെട്ടാനാവില്ലെന്ന് സ്വിറ്റ്‌സർലാന്റ് കോച്ച് മുറാദ് യഖീൻ തിരിച്ചറിഞ്ഞിട്ടുണ്ടാവണം. ജയം ഒരാവശ്യമല്ലെന്നും എന്നാൽ, ഒരു പോയിന്റെങ്കിലും നേടണമെന്നുമുള്ള തീരുമാനത്തിലാണ് അയാൾ ഗ്രൂപ്പ് എഫിലെ പ്രാധാന്യമുള്ള മത്സരത്തിൽ ടീമിനെ ഒരുക്കിയത്. കളിയുടെ അവസാന ഘട്ടംവരെ പിടിച്ചുനിന്ന സ്വിറ്റ്‌സർലാന്റ് കോച്ചിന്റെ ആഗ്രഹം സഫലീകരിക്കുമെന്ന് തോന്നിച്ച ഘട്ടത്തിൽ ടിറ്റേയുടെ ഏറ്റവും വിശ്വസ്തനായ കളിക്കാരൻ, കാർലോസ് കാസമിറോ, ആ ചിറ പൊളിച്ചു; ബ്രസീലിയൻ ഫുട്‌ബോളിന്റെ അപ്രതിരോധ്യമായ ചാരുതയും അനിവാര്യമായ വിധികൽപനയും രേഖപ്പെടുത്തിയ വിചിത്രമായൊരു ഗോൾ കൊണ്ട്. കാര്യമായി പരീക്ഷിക്കപ്പെടാത്ത, ആക്രമണനിര ആധിപത്യം പുലർത്തിയ മത്സരത്തിൽ അർഹിച്ച ജയവുമായി ബ്രസീൽ നോക്കൗട്ടിലേക്ക്.

സമീപകാലത്തൊന്നും കാണാത്ത വിധം പ്രതിരോധാത്മകമായി മത്സരത്തെ സമീപിക്കുകയും ഷെർദാൻ ഷാഖിരിയെ 90 മിനുട്ടും ബെഞ്ചിലിരുത്തുകയും ചെയ്ത സ്വിസ് കോച്ച് യഖീന്, ഒരു ഗോളേ തന്റെ ടീം വഴങ്ങിയുള്ളൂ എന്നത് ആശ്വാസം പകരുന്നുണ്ടാവണം. എന്നാൽ, അവസാന മത്സരത്തിൽ സെർബിയക്കെതിരെ ഒരു പോയിന്റെങ്കിലും നേടാൻ കഴിഞ്ഞില്ലെങ്കിൽ ഇന്നത്തെ കളിയോടു പുലർത്തിയ സമീപനത്തിന്റെ പേരിൽ അയാളുടെ ജോലി നഷ്ടമാവുമെന്നാണ് തോന്നുന്നത്.

നെയ്മറിന്റെയും ഡാനിലോയുടെയും അഭാവം ടിറ്റേ എങ്ങനെ പരിഹരിക്കും എന്നറിയാനായിരുന്നു കളിക്കുമുമ്പ് എനിക്കു കൗതുകം. സാഹസികതയ്ക്കു മുതിരാതെ തീർത്തും പ്രായോഗികമായ ചെറിയ നീക്കുപോക്കുകളിലൂടൈ അദ്ദേഹം ആ പഴുതടച്ചു; മിഡ്ഫീൽഡിൽ ഫ്രെഡ്ഡിനെയും ലെഫ്റ്റ് ബാക്ക് വിങ്ങിൽ എഡർ മിലിറ്റാവോയെയും വിന്യസിച്ചു. നിലവിട്ടുള്ള ആക്രമണങ്ങൾക്ക് സ്വിറ്റ്‌സർലാന്റ് മുതിരുകയില്ലെന്ന് പ്ലെയിങ് ഇലവൻ കണ്ടപ്പോഴേ മനസ്സിലായതിനാൽ എന്റെ വന്യമായ ഭാവനയിൽ പോലും ബ്രസീലിന്റെ തോൽവി ഉണ്ടായിരുന്നില്ല. ഷെർദാൻ ഷാഖിരിയ്ക്കു പകരം വന്ന ഫാബിയൻ റീഡർ എനിക്കു പരിചയമുള്ള കളിക്കാരനായിരുന്നില്ല.

ആദ്യമിനുട്ടുകൾ എതിരാളികൾക്കു വിട്ടുകൊടുത്ത് ക്രമേണ കളിയുടെ തീവ്രതയിലേക്കു പ്രവേശിക്കുക എന്ന രീതി തന്നെയാണ് ഇന്നും ബ്രസീൽ അവലംബിച്ചത്. സെർബിയയിൽ നിന്നു വ്യത്യസ്തമായി സ്വിറ്റ്‌സർലാന്റ് പന്ത് നിയന്ത്രണത്തിൽ വെക്കുകയും മൈതാനമധ്യത്തിലെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുകയും ചെയ്തു. ഈ ഘട്ടത്തിൽ വശങ്ങളിലൂടെ, പ്രത്യേകിച്ചും വിനിഷ്യസ് സജ്ജനായി നിൽക്കുന്ന ഇടതു ഫ്‌ളാങ്കിലൂടെ ആക്രമിക്കുക എന്നതായിരുന്നു ബ്രസീൽ നയം. അവ്വിധം ചില നീക്കങ്ങളുണ്ടായെങ്കിലും സ്വിസ് പ്രതിരോധത്തിന്റെ ജാഗ്രതയെ മറികടക്കാൻ കഴിഞ്ഞില്ല. ഗോൾകീപ്പർ യാൻ സോമറെക്കൂടി പങ്കാളിയാക്കി പിൻഭാഗത്തു നിന്ന് തുടങ്ങുകയും മധ്യനിരയിൽ നിലനിർത്തുകയും ചെയ്യുന്ന രീതിയിലായിരുന്നു അവർ പന്ത് മുന്നോട്ടു നീക്കിയത്. ബ്രസീലിന്റെ ഫോർവേഡുകൾ ബോക്‌സ് അറ്റാക്ക് ചെയ്യാതിരുന്നപ്പോൾ ഇതൊരു വിജയിക്കുന്ന രീതിയായിത്തോന്നി.

കാൽമണിക്കൂറിനോടടുക്കവെ കളി ബ്രസീലിന്റെ വരുതിയിക്കിത്തുടങ്ങിയിരുന്നു. പാക്വേറ്റ ഇടതുഭാഗത്തു നിന്ന് കൊടുത്ത ഒരു ക്രോസ് തലനാരിഴയ്ക്ക് റിച്ചാർലിസനെ അകന്നുപോയതും റഫിഞ്ഞ സൃഷ്ടിച്ച മികച്ചൊരവസരത്തിൽ നിന്ന് വിനിഷ്യസിന്റെ ശ്രമം യാൻ സോമർ തടഞ്ഞതും റഫിഞ്ഞയുടെ ദൂരെനിന്നുള്ള ഭാഗ്യപരീക്ഷണം സോമർ കൈപ്പിടിയിലൊതുക്കിയതുമെല്ലാം ബ്രസീലിന്റെ ആധിപത്യത്തിന്റെ സൂചനയായെങ്കിലും ഒരു കില്ലർ മൂവ്‌മെന്റ് വന്നുകണ്ടില്ല. മറുവശത്ത് ഇടതുഭാഗത്ത് മുൻനിരയിൽ കളിച്ചിരുന്ന വർഗാസ് ആയിരുന്നു അപകടകാരി. ഒരു ഘട്ടത്തിൽ പന്തുമായി ഡ്രിബിൾ ചെയ്ത് ബോക്‌സിൽ കയറിയ വർഗാസ് ബ്രസീൽ നിരയിൽ ഭീതി പരത്തി. പ്രധാനമായും മധ്യനിരയിൽ തളച്ചിടപ്പെട്ട കളി ഓർമിക്കാവുന്ന നിമിഷങ്ങളിധകമില്ലാതെയാണ് കളി ഇടവേളയ്ക്കു പിരിഞ്ഞത്.

മിഡ്ഫീൽഡറായ ലൂക്കാസ് പാക്വേറ്റയ്ക്കു പകരം ആക്രമണതാരം റോഡ്രിഗോയെ കളത്തിലിറക്കിയാണ് ബ്രസീൽ രണ്ടാം പകുതി തുടങ്ങിയത്. വളരെ പെട്ടെന്നു തന്നെ ടീമിനോടിണങ്ങിയ റോഡ്രിഗോ മുന്നോട്ടുള്ള നീക്കങ്ങളുടെ ഭാഗമാകാൻ തുടങ്ങി. ബ്രസീൽ ആക്രമണയന്ത്രം പ്രവർത്തിപ്പിച്ചു തുടങ്ങിയപ്പോൾ എതിർദിശയിൽ പ്രത്യാക്രമണം നടത്താൻ സ്വിസുകാർ ശ്രമിച്ചെങ്കിലും ഫൈനൽ തേഡിൽ അസാധാരണമായ എന്തെങ്കിലും സൃഷ്ടിക്കാൻ കഴിഞ്ഞില്ല. ബ്രീൽ എംബോളോ ബ്രസീൽ ഹാഫിൽ ഏകാന്തനായി കാണപ്പെട്ടു. കളി മൈതാനത്തിന്റെ മധ്യ-ഇടതുഭാഗത്ത് തളംകെട്ടി നിൽക്കെ പൊടുന്നനെ മൈതാനം മുറിച്ചുള്ളൊരു ക്രോസിലൂടെ ഗ്രാനിത് ഷാക്ക വിദ്മറെ കണ്ടെത്തിയതും ഗോളാവാൻ യോഗ്യതയുണ്ടായിരുന്ന ആ അവസരം ഉപയോഗപ്പെടുത്തുന്നതിൽ സ്വിസ് മുന്നേറ്റം പരാജയപ്പെട്ടതുമായിരുന്നു ഈ ഘട്ടത്തിൽ നിന്ന് ഞാൻ ഓർത്തെടുക്കുന്ന ഒരേയൊരു കാര്യം.

അതിനിടെ, മഞ്ഞക്കാർഡ് വാങ്ങിയ ഫ്രെഡ്ഡിനെ വലിച്ച് ടിറ്റേ ബ്രൂണോ ഗ്വിമാറസിനെ ഇറക്കി. ഇടതുവിങ്ങിൽ തരക്കേടില്ലാതെ കളിച്ചുകൊണ്ടിരുന്ന വർഗാസിനെ മാറ്റി സ്വിറ്റ്‌സർലാന്റ് എഡ്മിൽസൺ ഫെർണാണ്ടസിനെയും ഫാബിയൻ റീഡർക്കു പകരം റെനറ്റോ സ്‌റ്റെഫാൻ എന്ന കളിക്കാരനെയും കൊണ്ടുവന്നപ്പോൾ സ്വിറ്റ്‌സർലാന്റ് കുറച്ചുകൂടി മുന്നോട്ടു ചിന്തിക്കുമെന്ന് ഞാൻ വെറുതെ പ്രതീക്ഷിച്ചു.

ടിറ്റേ ഇടവേളയ്ക്കു ശേഷം കളിക്കളത്തിൽ കുത്തിവെച്ച സ്ലോ പോയ്‌സൺ ഒരു മണിക്കൂറായപ്പോഴേക്ക് ശരിക്കും പ്രവർത്തിച്ചു തുടങ്ങിയിരുന്നു. കൂടുതൽ വേഗതയും ചടുലതയുമുള്ള നീക്കങ്ങൾ കൊണ്ട് ബ്രസീൽ ഏതുസമയവും ഗോളടിക്കുമെന്ന് തോന്നിച്ചു. ബോക്‌സിനടുത്തേക്ക് നീങ്ങിയും പ്രതിരോധതാരങ്ങളെ വട്ടമിട്ടുനിന്നും ബ്രസീൽ എതിരാളികളുടെ പിൻനിര ഗെയിമിനെ അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരുന്നു. അത്തരമൊരു ഘട്ടത്തിൽ അവർ ഗോൾ കണ്ടെത്തുകയും ചെയ്തതാണ്. കാസമിറോ മുന്നോട്ടു നൽകിയ പാസുമായി ബോക്‌സിലേക്കു കുതിച്ച വിനിഷ്യസ് സോമറിനെ അനായാസം മറികടന്ന് പന്ത് വലയിലാക്കി. ബ്രസീൽ താരങ്ങളും കാണികളും ആഘോഷിച്ചെങ്കിലും വാർ രസംകൊല്ലിയായി. ബിൽഡപ്പിൽ ഓഫ്‌സൈഡ് പൊസിഷനിൽ നിന്നു പിന്നോട്ടുവന്ന് ഇടപെട്ട റിച്ചാർലിസനായിരുന്നു വില്ലൻ.

ഗോൾ നിഷേധിച്ചെങ്കിലും ബ്രസീൽ അവരുടെ താളം പൂർണമായി കണ്ടെത്തിക്കഴിഞ്ഞിരുന്നു. ഇരട്ട സബ്സ്റ്റിറ്റിയൂഷനിൽ ജേസുസും ആന്റണിയും കൂടി വന്നതോടെ ഒരു നാലംഗ ആക്രമണ ചത്വരം അവിടെ രൂപപ്പെട്ടു. അത് നിർവീര്യമാക്കാൻ സ്വിസുകാർ അവലംബിച്ചത് പന്ത് വിട്ടുകൊടുക്കാതെ മൈതാനമധ്യത്ത് തട്ടിക്കളിക്കുക എന്ന പ്രതിലോമ തന്ത്രമായിരുന്നു. പന്തുമായി ഓടുകയും ഡ്രിബിൾ ചെയ്യുകയും ചെയ്യുന്ന ബ്രീൽ എംബോളോയെ പിൻവലിച്ച് സ്വിസ് കോച്ച് ഹാരിസ് സഫറോവിച്ചിനെ ഇറക്കിയതോടെ, ബ്രസീൽ ആക്രമിക്കുമ്പോൾ ലോങ് ബോളുകൾ കളിച്ച് അവസരങ്ങളുണ്ടാക്കുക മാത്രമാണ് അവരുടെ പദ്ധതി എന്നു വ്യക്തമായി.

കളി എൺപതാം മിനുട്ടിൽ പ്രവേശിച്ചപ്പോൾ ഞാൻ ഒരു സമനില മണത്തുതുടങ്ങിയിരുന്നു. മഞ്ഞപ്പടയുടെ ആരാധകരെയും ഗ്രസിച്ചു തുടങ്ങിയ ആ തോന്നൽ പക്ഷേ, അതുവരെ കണ്ടിട്ടില്ലാത്തൊരു മിന്നൽ നീക്കത്തിലൂടെ ബ്രസീൽ തകർത്തു. അതുവരെ രണ്ടാം ലേയറിൽ നിന്നു ചരടുവലിച്ചു കൊണ്ടിരുന്ന കാസമിറോ ബോക്‌സ് അറ്റാക്ക് ചെയ്യുകയും കാര്യമെന്തെന്ന് പിടികിട്ടുംമുമ്പേ സ്വിറ്റ്‌സർലാന്റിന്റെ ഗോൾവല കുലുങ്ങുകയും ചെയ്തു.

ഒമ്പത് ചുവന്ന കുപ്പായക്കാർ ബോക്‌സ് ഏരിയയിൽ കാവൽനിന്ന സന്ദർഭത്തിൽ തീർത്തും അവിചാരിതമായാണ് അത് സംഭവിച്ചത്. മാർക്കിഞ്ഞോസ് ഇടതുഭാഗത്ത് വിനിഷ്യസിന് പന്ത് നൽകുമ്പോൾ മറ്റൊരു ഹാർഡ് റൺ കൂടി നിർവീര്യമാക്കേണ്ടി വരും സ്വിസ്സുകാർക്ക് എന്നേ തോന്നിയുള്ളൂ. എന്നാൽ ബോക്‌സ് ഏരിയയിലേക്ക് പോകുന്നതിനു പകരം വിനിഷ്യസ് ഗോളിനു സമാന്തരമായി ഡി സർക്കിളിനു നേരെയാണ് പന്തുമായി പാഞ്ഞത്. ആ പാച്ചിലിൽ പന്ത് റോഡ്രിഗോയ്ക്കു തട്ടുകയും ഇടതുവശത്തേക്ക് കുതിക്കുകയും ചെയ്തു. വിനിഷ്യസിന്റെ ആ പാസ് കളിയുടെ വേഗം കുറക്കുമെന്ന് ധരിച്ച സ്വിസ് ഡിഫന്റർമാരെ ഞെട്ടിച്ചുകൊണ്ട് റോഡ്രിഗോ പന്ത് തൊട്ടുമുന്നിലേക്ക് ബോക്‌സിലേക്കു തള്ളുന്നു. അവിടെ നാല് ഡിഫന്റർമാർ തീർത്ത ഒരു ചതുരത്തിലേക്ക് നിരങ്ങിക്കയറിയ കാസമിറോ, ഉയർന്നുനിലത്തുവീണ പന്ത് പൊങ്ങുന്ന മാത്രയിൽ കരുത്തുറ്റൊരു വോളി തൊടുക്കുന്നു. സ്വതന്ത്രനായി കാസമിറോ പന്തിനു നൽകിയ പ്രഹരത്തിന്റെ ശേഷി സ്വിസ്സുകാർ മനസ്സിലാക്കുന്നത് പന്ത് വലയിലേക്ക് കുതിച്ചുകയറിയപ്പോഴാണ്. എന്താണ് സംഭവിച്ചതെന്ന് യാൻ സോമറിന് മനസ്സിലാകുംമുമ്പേ ആ ഗോൾ സംഭവിച്ചു കഴിഞ്ഞിരുന്നു. ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലേക്ക് കരുതിവെച്ചതു പോലൊരു അസ്വാഭാവികത ആ ഗോളിനും അതിലേക്കുള്ള ചലനങ്ങൾക്കുമുണ്ടായിരുന്നു.

കളി അവിടെ അവസാനിച്ചു. സ്വിറ്റ്‌സർലാൻറുകാരുടെ ഹതാശമായ ലോങ് ബോളുകൾക്കും വിറളി പിടിച്ചുള്ള നീക്കങ്ങൾക്കും കളിയിൽ എന്തെങ്കിലും മാറ്റം കൊണ്ടുവരാൻ കഴിയില്ലെന്ന് ഉറപ്പായിക്കഴിഞ്ഞിരുന്നു. ഒരു ഗോൾ കൂടി വഴങ്ങാതെ, തമ്മിൽ ഭേദപ്പെട്ട ഗോൾ വ്യത്യാസത്തിൽ അവസാന മത്സരത്തിന് ഒരുങ്ങുക എന്നതായിരുന്നു സ്വിസുകാർക്കു മുന്നിൽ അപ്പോഴുള്ള ഏറ്റവും മികച്ച ഓപ്ഷൻ. അവരത് തെരഞ്ഞെടുക്കുക തന്നെ ചെയ്തു.

TAGS :