‘ഞാൻ ഒരു കോംബോയിലും വിശ്വസിക്കുന്നില്ല അതാണ് എന്റെ സ്ട്രെങ്ത്’; ജേക്സ് ബിജോയ്
ലോക പോലത്തെ ഒരു സിനിമയിൽ ഭയങ്കര പവർഫുളും വ്യത്യസ്തവുമായ വരികളായിരുന്നു എനിക്ക് വേണ്ടിയിരുന്നത്. വാക്കുകളിൽ ആ വൈബ് സെറ്റ് ചെയ്യുക എന്നതായിരുന്നു പ്രധാനം. ഇന്നത്തെ കാലത്ത് മുഹ്സിൻ പരാരിയെ പോലെ അങ്ങനെ എഴുതാൻ പറ്റുന്ന ഒരാളില്ല എന്ന് തന്നെ പറയാം.അതുകൊണ്ടാണ് മുഹ്സിനെ തന്നെ ഈ പാട്ടിന് വേണ്ടി വിളിച്ചത്

ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ ഹൃദയം കവർന്ന പശ്ചാത്തല സംഗീതങ്ങളും പാട്ടുകളും സമ്മാനിച്ച് മലയാള സിനിമയോളം വളർന്ന് കൊണ്ടിരിക്കുന്ന ഹിറ്റ് സംഗീത സംവിധായകനാണ് ജേക്സ് ബിജോയ്.. അയ്യപ്പനും കോശിയും,രണം ,കൽക്കി ,ഫോറൻസിക്, നരിവേട്ട തുടങ്ങി അവസാനമായി ലോകയിലെത്തി നിൽക്കുന്നു ആ ഹിറ്റ് ചാർട്ട് .. മാസും, മെലഡിയും , ഫോൾക്കുമെല്ലാം ഒരേ പോലെ ബ്ലെൻഡ് ചെയ്യുന്ന ആ ജേക്സ് മാജികിന് സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുകയാണ് മലയാള സിനിമ.. റീൽസിൽ തുടങ്ങി സോഷ്യൽ മീഡിയ ഉൾപ്പെടെ അടക്കി വാഴുകയാണ് ആ മാജിക്കൽ ബ്ലെൻഡ്..ജേക്സ് ബിജോയ് സംസാരിക്കുന്നു
? തൊട്ടതെല്ലാം പൊന്നാക്കുന്ന ആ മാജിക് എന്താണ്
നല്ല കഥയും നല്ല തീമും പ്രേക്ഷകന് കണക്ട് ആവുമ്പോഴാണ് പാട്ടുകൾ പൊന്നാവുന്നത്. അങ്ങനെ കുറച്ച് നല്ല പ്രൊജക്ടുകളുടെ ഭാഗമാകാൻ പറ്റി. സംവിധായകന് ഒരിക്കലും ചിന്തിക്കാൻ പറ്റാത്ത ലെയർ മ്യൂസിക്കിൽ കൊടുക്കണം. സിനിമയിൽ കൺസീവ് ചെയ്ത ഒരുപാട് വിഷ്വൽ കോൺഫ്ലിക്റ്റുകൾ ഉണ്ടാകും. പക്ഷേ അവർ ഒരിക്കലും ചിന്തിക്കാൻ പറ്റാത്ത മ്യൂസിക് കൊടുക്കുമ്പോഴാണ് പ്രേക്ഷകന് വിഷ്വലിനും പതിന്മടങ്ങായി ആ സാഹചര്യം കണക്ട് ആകുന്നത്. തുടരും സിനിമയിൽ അതാണ് ചെയ്തത്. സിനിമയുടെ ശാന്തത നഷ്ടപ്പെടുന്ന ഇന്റർവെൽ സമയത്ത് HOW CAN I MAKE A UNSETTLED SCORE എന്നതായിരുന്നു എന്റെ ചലഞ്ച് .
? സാധാരണ യക്ഷി കഥകളെ പൊളിച്ചു മാറ്റിയ ചിത്രമായിരുന്നു ലോക . പാരമ്പര്യ ,യക്ഷി ബാക്ക് ഗ്രൗണ്ട് മ്യൂസിക്കിനേ മാറ്റികുറിക്കുന്ന സ്കോറും
ആ സിനിമയുടെ ചിന്തയിൽ തന്നെ ഒരു പുതുമയുണ്ടല്ലോ. അത് മ്യൂസിക്കിലും എന്തായാലും പ്രതിഫലിക്കണമല്ലോ. കള്ളിയങ്കാട്ട് നീലിയെ വളരെ പേടിയോടെ കണ്ട ഒരു സമൂഹത്തിലേക്കാണ് ഒരു സൂപ്പർ ഹീറോ പരിവേഷം നൽകുന്നത്. "So that twist changes it to be new and fresh in its appeal.എന്റെ വെല്ലുവിളിയും അത് തന്നെയാണ് .. വിഷ്വലിൽ എത്ര ഉണ്ടെന്ന് പറഞ്ഞാലും അത് 50 -50 യാണ്. മാക്സിമം പുതുമ കൊണ്ട് വരിക എന്ന് തന്നെയായിരുന്നു എന്റെ ലക്ഷ്യവും.
? സംഗീത സംവിധായകൻ- എഴുത്തുകാരൻ- ഗായകർ കോമ്പോകൾ
ഞാൻ അങ്ങനെ ഒരു കോമ്പോയിലും വിശ്വസിക്കുന്നില്ല . അതാണ് എന്റെ സ്ട്രെങ്ത് എന്നാണ് വിശ്വസിക്കുന്നത്. ഞാൻ എല്ലാവരുമായും വർക്ക് ചെയ്യും..പേർസണലിയും ക്രിയേറ്റിവിറ്റിപരമായും എന്നോട് കണക്ട് ആകുന്ന ആരുമൊത്തും വർക്ക് ചെയ്യാൻ തയ്യാറാണ്. ആ കണക്ഷൻ വിട്ടാൽ എനിക്ക് വർക്ക് ചെയ്യാൻ സാധിക്കില്ല. ഞാൻ പ്രൊഡ്യൂസ് ചെയ്ത ചിത്രമാണ് കുമാരി.അതിൽ കൈതപ്രം സാറിന്റെ കൂടെയാണ് വർക്ക് ചെയ്തിട്ടുള്ളത്. പക്ഷേ ആ പാട്ട് അത്ര വർക്ക് ആയില്ല. ശിലകൾ എന്ന് തുടങ്ങുന്ന ഒരു പാട്ടാണത്. നരിവേട്ടയിൽ അനുരാജ് കൈതപ്രം സാറിന്റെ പേര് നിർദ്ദേശിച്ചപ്പോൾ വീണ്ടും നിധി കിട്ടിയ പോലെയാണ് തോന്നിയത്. ഇനിയും ഞാൻ അദ്ദേഹത്തെ ഉപയോഗിക്കും. പല സിനിമകളിലും ഉപയോഗിക്കും. ശരിക്കും മലയാള സിനിമാ പാട്ടുകൾ എങ്ങനെ ആയിരിക്കണമെന്നുള്ള തിരിച്ചറിവ് വന്നത് കൈതപ്രം സാർ എഴുതിയപ്പോഴാണ്. പുതിയ കാലഘട്ടത്തിന് അനുസരിച്ച് എഴുതാൻ പറ്റുമോ എന്നൊക്കെയുള്ള സംശയങ്ങൾ ഉണ്ടായിരുന്നു. പക്ഷെ എന്നെ വളരെയധികം സർപ്രൈസ് ചെയ്തിരിക്കുകയാണ് അദ്ദേഹം. ഇനിയും അദ്ദേഹത്തിന്റെ കൂടെ വർക്ക് ചെയ്യണമെന്നാണ് ആഗ്രഹം.
ലോക പോലത്തെ ഒരു സിനിമയിൽ ഭയങ്കര പവർഫുളും വ്യത്യസ്തവുമായ വരികളായിരുന്നു എനിക്ക് വേണ്ടിയിരുന്നത്. വാക്കുകളിൽ ആ വൈബ് സെറ്റ് ചെയ്യുക എന്നതായിരുന്നു പ്രധാനം. ഇന്നത്തെ കാലത്ത് മുഹ്സിൻ പരാരിയെ പോലെ അങ്ങനെ എഴുതാൻ പറ്റുന്ന ഒരാളില്ല എന്ന് തന്നെ പറയാം.അതുകൊണ്ടാണ് മുഹ്സിനെ തന്നെ ഈ പാട്ടിന് വേണ്ടി വിളിച്ചത്.
വേടൻ , ജ്യോതി നൂറാൻ എന്നിവരുമായുള്ള കൊളാബറേഷനിലേക്ക് എത്തുന്നത് അവരുടെ പാട്ട് കേട്ടിട്ടാണ്. ഒരു പാട്ട് കേൾക്കുമ്പോൾ തന്നെ എന്റെ മനസ്സിൽ ഈ ഒരു ഒരാളുടെ കൂടെ വർക്ക് ചെയ്യണം എന്ന് തോന്നും. ഈ പാട്ട് കമ്പോസ് ചെയ്തപ്പോ തന്നെ ജ്യോതി നൂറാനെ പറ്റിയാണ് ഓർമ വന്നത്..ജ്യോതിയെ തമിഴിൽ ഒരുപാട് യൂസ് ചെയ്തിട്ടുണ്ട്. എന്തുകൊണ്ട് മലയാളത്തിൽ യൂസ് ചെയ്തൂടാ എന്ന് ചിന്തിച്ചു. ഞാൻ അവരുടെ ഒരു ഫാൻ കൂടിയാണ്. പതാക ഗുഡി ,ഡുങ്കു ഡുങ്കു ബജേ എന്ന പാട്ടുകളൊക്കെ ഭയങ്കര ഇഷ്ടമാണ്. ഇവിടുത്തെ ആളുകൾക്ക് അറിയാത്തത് കൊണ്ടാണ് അവരെ ട്രോളുകൾ ഇറക്കി കളിയാക്കുന്നത്. അവരൊരു പവർഫുൾ ശബ്ദത്തിന്റെ ഉടമയും വലിയൊരു പാട്ടുകാരിയുമാണ്. നരിവേട്ടയിൽ വേടനെ ഉപയോഗിക്കാൻ കാരണം വേടന്റെ രാഷ്ട്രീയമാണ്. വേടൻ ഉന്നയിക്കുന്ന രാഷ്ട്രീയവും ആ സിനിമയും തമ്മിൽ ബന്ധമുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തെ ആ സിനിമയിൽ ഉപയോഗിച്ചത്.
? Queen of the nightനെ കുറിച്ച്, ചന്ദ്രയുടെ ഇൻട്രോ കൂടിയാണല്ലോ ആ പാട്ട് ?
ആ സിനിമക്ക് ഒരു യൂണിവേർസാലിറ്റിയും പുതുമയും ഒക്കെ കൊണ്ട് വരാനാണ് അങ്ങനെ ഒരു പാട്ട് ചെയ്തത്. സംവിധായകൻ ഡൊമിനികും വെസ്റ്റേൺ മ്യൂസിക് ഇഷ്ടമുള്ളയാളാണ്. എന്റെ ഒരു മ്യൂസിക്കൽ എക്സ്പ്രഷനിൽ ഡയറക്ടറുടെ സ്വാധീനം നന്നായി ഉണ്ടാകും. സംവിധായകരുടെ ടേസ്റ്റും എന്റെ ടേസ്റ്റും മിക്സ് ചെയ്യുന്ന ഒരു തരം മാജിക്കാണ് മ്യൂസിക്കിൽ ഉണ്ടാകുന്നത്. അയാൾക്കും അങ്ങനെ ഒരു പാട്ട് വേണമായിരുന്നു. അങ്ങനെയാണ് ആ പാട്ട് ചെയ്തത്. ഒരു വെസ്റ്റേൺ ബാന്റിൽ നിന്നും കൾച്ചറിൽ നിന്നുമാണ് ഞാൻ വരുന്നത് തന്നെ. മുൻപ് കർണാടിക് പഠിച്ചിട്ടുണ്ടെങ്കിലും ഒരു വെസ്റ്റേൺ എക്സ്പോഷർ എനിക്ക് പിന്നീട് കിട്ടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അങ്ങനത്തെ ഒരു ട്രാക്ക് ചെയ്യാൻ എനിക്ക് എളുപ്പമായിരുന്നു. അത് ആ ചിത്രത്തിൽ കറക്ട് ആയി ഫിറ്റ് ചെയ്യുകയും ചെയ്തു.. സേറയുടെ മനോഹരമായ വരികളും കൂടെ ചേർന്നപ്പോഴാണ് അതങ്ങനെ കണക്ട് ആയത്.
? പലതരം മ്യൂസിക് ബ്ലെൻഡ് ചെയ്യുന്നത് എങ്ങനെയാണ്- വെസ്റ്റേൺ,ഫോൾക്സ്,മെലഡി തുടങ്ങിയവ
അതിന് ഞാൻ നന്ദി പറയുന്നത് മാതാപിതാക്കളോടാണ്. അഞ്ചാം ക്ലാസ് വരെ ക്ലാസിക്കൽ മ്യൂസിക് ട്രെയിനിങ് തന്നു. അപ്പൻ നന്നായി പഴയ പാട്ടുകൾ കേൾക്കുമായിരുന്നു. പിന്നീട് ബോർഡിംങ് സ്കൂളിൽ ചേർന്നപ്പോ വെസ്റ്റേൺ എക്സ്പോഷർ കിട്ടി. അതുകൊണ്ട് ഒരു ഈസ്റ്റേൺ വെസ്റ്റേൺ കൂടിചേരൽ എന്നിലുണ്ടായി. അതാണ് എല്ലാ വിധ പാട്ടുകളും ബ്ലെൻഡ് ചെയ്യാൻ എനിക്ക് കഴിയുന്നത്.
? പഴയ പാട്ടുകൾ റീമിക്സ് ചെയ്യുന്നത്
ഒറിജിനൽ ക്രിയേറ്റർക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ പഴയ പാട്ടുകൾ റീമിക്സ് ചെയ്യുന്നതിൽ തെറ്റില്ല. അവരുടെ സഹായത്തോടെ കൂടിയാണെങ്കിൽ കൂടുതൽ നല്ലത്. ഇപ്പോഴത്തെ തലമുറയ്ക്കും ആ പാട്ടുകൾ കണക്ട് ചെയ്യാൻ റീമിക്സിലൂടെ സാധിക്കും . ലോകയിലെ കിളിയേ കിളിയേ നല്ലൊരു ഉദാഹരണം ആണ്. വളരെ വൃത്തിയായി ആണ് അത് ചെയ്തത്. ഡി ജെ ശേഖർ ആണ് അത് ചെയ്തത്.
? പുതിയ പാട്ടുകളെ കുറിച്ച് , മറ്റു സംഗീത സംവിധായകർ
അഭിലാഷം എന്ന ചിത്രത്തിലെ പാട്ടുകളാണ് ഈയടുത്തായിഎന്നെ ആകർഷിച്ചത്. ശരീഹരി വളരെ നന്നായാണ് ആ ആൽബം ചെയ്തത്.
? ഇൻഡിപെൻഡൻറ് മ്യൂസിക് വളരുന്നതിനെ കുറിച്ച് ?
മ്യൂസിക് ഇൻഡസ്ട്രിയിൽ ഇൻഡിപെൻഡന്റ് മ്യൂസിക് ഒരുപാട് ഗുണങ്ങൾ ചെയ്യും. ഇതിലാണ് ഒരുപാട് പരീക്ഷണങ്ങൾ നടക്കുക. ഒരു പാട്ട് ഹിറ്റാക്കണം എന്ന നിബന്ധനകളില്ലാതെ സെൽഫ് ലെസായിട്ട് ചെയ്യാൻ പറ്റുന്ന ഒരു വേദിയാണ് അത്. അത് കൂടുതൽ പ്രോത്സാഹിപ്പിക്കപ്പെടണം,നല്ല നല്ല കലാകാരന്മാർ ഉണ്ടാകണം,സിനിമ മ്യൂസിക് മാത്രമല്ല സംഗീതം എന്ന് പറയുന്നത്, അതൊരു ചെറിയ ശ്രേണി മാത്രമാണ്.
? ഉസൈൻ ബോൾട്ടിന്റെ വീഡിയോക്ക് കൾക്കിയിലെ സ്കോർ വന്നതിനെ കുറിച്ച് ?
സന്തോഷവും അഭിമാനവുമാണ്. അവരൊക്കെ നമ്മുടെ പാട്ട് കേൾക്കുന്നുണ്ടല്ലോ എന്ന സന്തോഷമാണ്.എന്റെ ആദ്യത്തെ വലിയൊരു ബ്രേക്വേ ആണത്. അതെന്നെ ഒരുപാട് ഗുണം ചെയ്തു.ഇപ്പോഴും നിങ്ങളത് ചോദിക്കുന്നുണ്ടല്ലോ.
? പശ്ചാത്തല സംഗീതം, പാട്ടുകൾ
നല്ലൊരു വിഷയമുണ്ടെങ്കിൽ അതിനെ കൂടുതൽ നല്ലതാക്കാനുള്ള ഒരു കഴിവ് ബാക്ഗ്രൌണ്ട് മ്യൂസികിന് ഉണ്ട്. ബാക്ഗ്രൌണ്ട് സ്കോർ കറക്ട് ആവുകയാണെങ്കിൽ ആ വിഷയം കമ്മ്യൂണിക്കേറ്റ് ചെയ്യുന്നതും കറക്ട് ആവും. സംവിധായകൻ എന്താണോ ഉദ്ദേശിച്ചത് അതിനപ്പുറം ഒരു സ്കോർ കൊടുക്കാൻ സാധിക്കും. കാരണം കഥയുടെ ഒരു ഇന്റൻസിറ്റി എന്ന് പറയുന്നത് അതിന് ഒരു എക്സ്ട്രാ ഒരു ഡൈമെൻഷൻ കൂടി ആഡ് ചെയ്യുന്ന ഒരു മാജിക്കുണ്ട് സംഗീതത്തിന്. നമ്മളുദ്ദേശിക്കാത്ത തലങ്ങളിലേക്ക് നമ്മുടെ വികാരങ്ങളെ കൊണ്ടുപോകാൻ പറ്റുന്ന വലിയൊരു മാജിക്. അത് കറക്ട് സിനിമയിൽ ഉണ്ടാവുമ്പോഴാണ് സിനിമ പെർഫെക്ട് ആവുന്നത്. കുറച്ച് പടങ്ങളിൽ ദൈവാനുഗ്രഹം കൊണ്ട് എനിക്ക് അത് വർക്കൌട്ട് ആകുന്നുണ്ട്.തീർച്ചയായും പാട്ടുകളും ബാക് ഗ്രൌണ്ട് മ്യൂസികും ചെയ്യാൻ ഇഷ്ടമാണ്<എങ്കിലും കൂടുതൽ ഇഷടം ബാക്ഗ്രൌണ്ട് സ്കോർ ചെയ്യാൻ തന്നെയാണ്.
? മാസ് ബിജിഎമ്മുകൾ
തെലുങ്ക് ഇൻഡസ്ട്രിയിലെ പരിചയം നല്ല ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഉണ്ടാക്കാൻ എന്നെ സഹായിച്ചിട്ടുണ്ട്. തെലുങ്കിലെ ഒരു എനർജി ലെവലും താളവും നമ്മുടേതുമായി നല്ല വ്യത്യാസമുണ്ട്. നമ്മുടേ ഒരു ഇമോഷൻ കോറിൽ അല്ല തെലുങ്ക് പ്രേക്ഷകർക്ക് കണക്ട് ചെയ്യുന്നത്. തെലുങ്കിലെ എന്റെ വർക്കുകൾ കാരണം ആണ് എന്റെ ബാക്ക് ഗ്രൗണ്ട് മ്യൂസിക് ഇത്രേം പവർഫുൾ ആക്കാൻ സാധിച്ചത്. നായകൻ ഒക്കെ വരുമ്പോഴുള്ള ആ എനർജറ്റിക് മ്യൂസിക് കൊണ്ടുവരാൻ സാധിക്കുന്നത് അതാണ്.
? സൂപ്പർ ഹീറോ പാട്ടുകൾ ചെയ്യാൻ എന്തെങ്കിലും റെഫറൻസുകൾ ?
ഇല്ല, സത്യം പറഞ്ഞാൽ ഒന്നും കേട്ടിട്ടില്ല. സൂപ്പർ നാച്ച്വറൽ സിനിമകളിൽ കേൾക്കാത്ത ഒരു തീം ട്രാക്ക് വേണം എന്ന് പറഞ്ഞപ്പോൾ പണ്ട് ഞാൻ യുഎസിലായിരുന്നപ്പോൾ കേട്ടിരുന്ന ഒരു അക്വപല സ്കോർ എന്നെ സ്വാധീനിച്ചിട്ടുണ്ട്. സൂപ്പർ ഹീറോ പടങ്ങൾകണ്ട് കഴിഞ്ഞാൽ ആ ടെംപ്ലേറ്റ് തന്നെ ഞാൻ യൂസ് ചെയ്യും. കേട്ട് റിസേർച്ച് ചെയ്യുന്ന ഒരു പരിപാടിയില്ല.ഒരു പടത്തിനെ അപ്രോച്ച് ചെയ്യുമ്പോൾ തന്നെ സിനിമക്ക് വേണ്ട കുറച്ച് കാര്യങ്ങൾ നേരത്തെ തന്നെ സെറ്റ് ചെയ്യും. പാലറ്റ് സെറ്റ് ചെയ്യുകയെന്നാണ് പറയുക. ആ പാലറ്റ് സെറ്റ് ചെയ്തിട്ടാണ് സ്കോറിലോട്ട് പോവുക.കുറെ സമയമെടുത്താണ് തീം ഉണ്ടാവുക. ഒന്നര മാസം വെറുതെ ഇരിക്കും കമ്പ്യൂട്ടർ സ്ക്രീനിൽ നോക്കി ഇരിക്കും.പെട്ടെന്നാണ് ഒരു യുറേക്കാ മൊമെന്റ് വരുന്നതും തീം റെഡിയാവുന്നതും.
