വരക്കകത്തെ സഖാവ് അച്യുതാനന്ദൻ
കാർട്ടൂണിസ്റ്റുകളിൽ ഒരാൾ വരച്ചതുപോലെ വി.എസിനെ മറ്റൊരാൾ വരച്ചത് കണ്ടിട്ടില്ല. എല്ലാവരും അവരവരുടെ വി.എസിനെയാണ് വരക്കുന്നത്. ആരും അതേപടി വി.എസിനെ വരക്കുന്നുമില്ല, ആരുടെ വി.എസും വി.എസ് ആകാതിരിക്കുന്നുമില്ല! എന്താണതിന്റെ അതിശയം? - മാധ്യമം കാർട്ടൂണിസ്റ്റ് വി.ആർ രാഗേഷിന്റെ വി.എസിന്റെ വരയോർമകൾ

കാർട്ടൂണിസ്റ്റുകളിൽ ഒരാൾ വരച്ചതുപോലെ വി.എസിനെ മറ്റൊരാൾ വരച്ചത് കണ്ടിട്ടില്ല. എല്ലാവരും അവരവരുടെ വി.എസിനെയാണ് വരക്കുന്നത്. ആരും അതേപടി വി.എസിനെ വരക്കുന്നുമില്ല, ആരുടെ വി.എസും വി.എസ് ആകാതിരിക്കുന്നുമില്ല! എന്താണതിന്റെ അതിശയം?
സമരനായകനായും മുഖ്യമന്ത്രിയായും പ്രതിപക്ഷനേതാവായും ഉൾപാർട്ടി സമരസഖാവായുമൊക്കെ ആളുകളുടെ ഉള്ളിൽ അദ്ദേഹം പതിഞ്ഞുകിടക്കുന്നതുകൊണ്ടാവണം അത്. വരക്കുന്നയാൾ എത്ര കുറഞ്ഞ വരകൾ കൊണ്ട് അദ്ദേഹത്തെ വരച്ചാലും വായനക്കാരൻ തന്റെ ഉള്ളുകൊണ്ട് ആ ചിത്രം പൂർത്തിയാക്കുന്നു. അതുതന്നെയാണ് ഒരു നേതാവിന്റെ പ്രസക്തി. സാധാരണ മനുഷ്യർക്കുവേണ്ടി നടന്ന എത്രയോ സമരങ്ങളുടേയും പോരാട്ടങ്ങളുടേയും ഓർമ നമ്മിൽ കൊണ്ടുവരാൻ വി.എസ് എന്ന ലളിതമായ രണ്ടക്ഷരം കേട്ടാൽ മതിയാകും. കഠിനമായ സമരജീവിതം നൽകിയ ആ കമ്യുണിസ്റ്റ് കാർക്കശ്യഭാവം പോലും അത്രയും ലളിതമായി കോറിയിടാൻ കാർട്ടൂണിസ്റ്റുകൾക്കും കഴിയുന്നു.
നായനാരുടെ നർമമോ കരുണാകരന്റെ നയമോ വി.എസിനില്ല. ഉമ്മൻ ചാണ്ടിയുടെ അലസഭാവവും കെ.എം മാണിയുടെ കട്ടിമീശയും കനത്ത പുരികവും അദ്ദേഹത്തിനില്ല. അങ്ങനെ കാർട്ടൂണിസ്റ്റിനെ ആകർഷിക്കുന്ന ഒന്നും തന്നെ പ്രത്യക്ഷത്തിൽ അദ്ദേഹത്തിലില്ല. പറയുകയാണെങ്കിൽ നീട്ടിയും പരത്തിയുമുള്ള പ്രസംഗവും അതിനൊത്ത അംഗവിക്ഷേപവുമാണ് വി.എസിന്റെ പ്രധാനമുദ്ര. അതാവട്ടെ കാർട്ടൂണിൽ ചിത്രീകരിക്കുന്നതിന് പരിധിയുണ്ടുതാനും. എന്നിട്ടും ഈ മനുഷ്യൻ കാർട്ടൂണുകൾക്കുള്ള വിഭവമായി, 'അരിയാഹാരമായി' മാറി. കേരളത്തിൽ ദൃശ്യമാധ്യമങ്ങൾ അതിന്റെ മൂർധന്യതയിലെത്തിയ സമയത്ത് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും പാർട്ടിക്കുള്ളിലെ പ്രതിപക്ഷവുമായി മാറിയ വി.എസിലേക്ക് ജനശ്രദ്ധ തിരിഞ്ഞത് സ്വാഭാവികമായിരുന്നു. അതുകൊണ്ടുതന്നെ കാർട്ടൂണുകളിലെ സ്ഥിരം ക്ഷണിതാവായി അദ്ദേഹം മാറി. പോരാത്തതിന് ഇടയ്ക്കിടെ വെളിപ്പെടുന്ന നാവിലെ ഗുളികനും അതിന് 'സഹായിച്ചു'.
ഒരിക്കൽ തിരുവനന്തപുരം പ്രസ് ക്ലബ്ബും കേരള കാർട്ടൂൺ അക്കാദമിയും ചേർന്ന് സംഘടിപ്പിച്ച ഒരു സംവാദം ഉദ്‌ഘാടനം ചെയ്യുമ്പോൾ വി.എസ് പറഞ്ഞു, "കേരളത്തിലെ പത്രങ്ങളിൽ നിരന്തരം കാർട്ടൂണിന് ഇരയാകുന്ന, അഥവാ വിഷയമാകുന്ന ഒരാളാണ് ഞാൻ. അതെല്ലാം കഴിയാവുന്നത്ര ആസ്വദിക്കുകയും അതിൽ നിന്ന് ഉൾക്കൊള്ളാനെന്തെങ്കിലും ഉണ്ടെങ്കിൽ ഉൾക്കൊള്ളുകയും ചെയ്യുന്ന ആളാണ് ഞാൻ. എന്നെ ആക്ഷേപിക്കുന്ന കാർട്ടൂണുകളോട് എനിക്ക് അസഹിഷ്ണുത തോന്നിയിട്ടില്ല. രചയിതാവിന്റേയും പത്രത്തിന്റേയും അഭിപ്രായമായേ അതിനെ കാണാറുള്ളു"
വി.എസിനെ പറ്റിയുള്ള കാർട്ടൂണുകളും കുറിപ്പുകളും ഉൾക്കൊള്ളിച്ചുകൊണ്ട് കാർട്ടൂണിസ്റ്റ് സുധീർ നാഥ് എഡിറ്റ് ചെയ്തു പുറത്തിറക്കിയ 'വര വരി വി.എസ്' എന്ന പുസ്തകത്തിൽ പി.സി സനൽകുമാർ IAS എഴുതിയ ഒരു നുറുങ്ങുകഥയുണ്ട്.
ഒരിക്കൽ വി.എസിന്റെ മുടി വെട്ടാനായി ഒരു ബാർബർ വന്നു. മുടി വെട്ടുന്നതിനിടയിൽ അയാൾ ചോദിച്ചു:
"സഖാവേ, പിണറായിയുമായി എങ്ങനെ?"
അച്യുതാനന്ദൻ രൂക്ഷമായി ബാർബറെ ഒന്നുനോക്കി.
ബാർബർ നിശബ്ദമായി ജോലി തുടർന്നു.
അല്പം കഴിഞ്ഞപ്പോൾ അടുത്ത ചോദ്യം.
"കണ്ടൽ പാർക്ക് പൂട്ടിയ പ്രശ്നത്തിൽ എന്താണ് പിണറായിയുടെ നിലപാട്?"
"മിണ്ടാതെ ജോലി ചെയ്യെടാ.."
അച്യുതാനന്ദൻ ക്ഷോഭിച്ചു.
ബാർബർ വീണ്ടും നിശബ്ദനായി.
അഞ്ചു മിനുട്ട് കഴിഞ്ഞപ്പോൾ വീണ്ടും ചോദ്യം.
"സഖാവേ, ഐസ്ക്രീം കേസിൽ പിണറായിയുടെ നിലപാട് എന്താണ്?"
അച്യുതാനന്ദന്റെ സകല ക്ഷമയും കെട്ടു.
"ഇവനെ പിടിച്ചു പുറത്താക്കൂ.."
അദ്ദേഹം ഗൺമാനെ വിളിച്ചു.
ഗൺമാൻ അയാളെ പിടിച്ച് പുറത്താക്കാൻ തുടങ്ങുമ്പോൾ അച്യുതാനന്ദൻ പറഞ്ഞു:
"നില്ല് നില്ല്.. എടാ നിനക്ക് എന്തിന്റെ സൂക്കേടാ.. നിനക്ക് ഇതൊക്കെ അറിഞ്ഞിട്ട് എന്തുവേണം?"
ബാർബറുടെ നിഷ്കളങ്കമായ മറുപടി: "ശരിയാണ് സഖാവേ.. എനിക്കിത് അറിഞ്ഞിട്ട് ഒന്നുമില്ല. പക്ഷേ, 'പിണറായി പിണറായി' എന്ന് കേൾക്കുമ്പോൾ അങ്ങയുടെ തലമുടി എഴുന്നേറ്റ് ത്രസിച്ച് നിൽക്കും.. അപ്പോൾ വെട്ടാൻ എളുപ്പമാണ്!!"
ഇത് നടന്ന സംഭവമാകണമെന്നില്ല. പക്ഷേ തീർച്ചയായും ഒന്ന് സംഭവിക്കും, ഇത് വായിച്ചാൽ വി.എസും പിണറായിയും തങ്ങളുടെ മുഖത്തെ സ്ഥായീഭാവം ഇളകിവീഴുന്നമട്ടിൽ ചിരിക്കും! രണ്ടുപേരും വായിച്ചു ചിരിച്ചിട്ടുമുണ്ടാവാം. കാരണം, ഈ പുസ്തകത്തിന് അവതാരിക എഴുതിയത് അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനാണ്.
ആരോഗ്യകാരണങ്ങളാൽ കുറച്ച് മാസങ്ങളായി പ്രത്യക്ഷരാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നെങ്കിലും ഈ അടുത്തുനടന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പുവേളയിൽ പോലും വി.എസിന്റെ പേര് മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. പ്രസക്തി എന്ന വാക്ക് രാഷ്ട്രീയത്തിൽ പ്രധാനമാണ്.
ആ വാക്കിന്റെ പൊരുൾ വി.എസിനോട് ഇനിയും നീതി കാണിക്കും.
