Quantcast
MediaOne Logo

മുഹമ്മദ് ഷാഫി

Published: 6 Dec 2022 6:51 PM GMT

ഈ കളി ഷൂട്ടൌട്ടിനു മുമ്പേ സ്പെയിൻ തോറ്റുകഴിഞ്ഞിരുന്നു

ഗ്രൂപ്പ് ഘട്ടത്തിൽ മൊറോക്കോയുടെ പ്രകടനം കണ്ടവർക്കറിയാം, അവർ ഏതുതരം ഫുട്‌ബോളാണ് കളിക്കുന്നതെന്ന്. പന്ത് നിയന്ത്രണത്തിലുള്ളപ്പോൾ കളിക്കാരുടെ സവിശേഷമായ ടേണുകളും 50-50 ചാൻസ് എന്ന് തോന്നിക്കുന്ന ചെറിയ പാസുകളും മുന്നോട്ടുള്ള നീക്കങ്ങളുമായാണ് അവർ ആക്രമണം മെനയുന്നത്.

ഈ കളി ഷൂട്ടൌട്ടിനു മുമ്പേ സ്പെയിൻ തോറ്റുകഴിഞ്ഞിരുന്നു
X

കഴിവുള്ള കളിക്കാരും അവരുടെ കാൽക്കൽ പന്തുമുള്ളപ്പോൾ കളിച്ചു ജയിക്കാനുള്ളതാണു പന്തുകളിയെങ്കിൽ സ്‌പെയിൻ ഈ ലോകകപ്പിൽ മുന്നോട്ടുള്ള വഴിയിൽ ഒരിഞ്ചും അർഹിച്ചിരുന്നില്ല. പ്രീക്വാർട്ടറിലെ ഷൂട്ടൌട്ടിൽ മൊറോക്കൻ കീപ്പർ യാസീൻ ബോനോ പുലർത്തിയ അസൂയാഹർമായ മുൻവിധിയോടല്ല അവർ ശരിക്കും തോറ്റത്; ഒരു പെൻഡുലം പോലെ പന്തിനെ മൈതാനത്തിന്റെ വലത്തോട്ടും ഇടത്തോട്ടും അർധവൃത്താകൃതിയിൽ ചലിപ്പിക്കാൻ മാത്രം ഉപയോഗിച്ച 90 മിനുട്ടിനൊടുവിൽ, ഗോളടിക്കാൻ കഴിയാതെ കളിയവസാനിപ്പിച്ചപ്പോഴേ അവർ തോറ്റുകഴിഞ്ഞിരുന്നു. എക്‌സ്ട്രാ ടൈമും ഷൂട്ടൗട്ടും ഉദകക്രിയ മാത്രമായിരുന്നു.

ഒരു പതിറ്റാണ്ടു മുമ്പുതന്നെ പരിഹാരം കണ്ടെത്തിക്കഴിഞ്ഞ ടിക്കി ടാക്ക എന്ന ആക്രമണ തന്ത്രത്തിന്റെ വികലമായ അനുകരണത്തിൽ ലോകകപ്പ് കളിക്കാൻ വന്ന സ്‌പെയിനിൽ ആരാധകർ വിശ്വാസമർപ്പിച്ചത് ആ ടീമിലെ പ്രതിഭാധനരായ ചെറുപ്പക്കാരെയും ക്ലബ്ബുകൾക്കു വേണ്ടി അവർ പുറത്തെടുക്കുന്ന മികവും കണ്ടിട്ടു തന്നെയായിരിക്കണം. പക്ഷേ, ഊർജമുള്ള കാലുകളെയും ഉജ്ജ്വലമായ മനസ്സുകളെയും ബന്ധനസ്ഥമാക്കും വിധം വ്യർത്ഥമായ പാസിങ് ഗെയിം സിദ്ധാന്തത്തിൽ അവരെ തളച്ചിട്ട ലൂയിസ് എൻറിക് ദുർബലമായ കപ്പലിൽ സ്പെയിനിനെ ഒരു ദുരന്തത്തിലേക്കു നയിക്കുകയായിരുന്നു.

പന്തിന്മേൽ കളിക്കാരനെടുക്കുന്ന ഒരു അധിക ടച്ചിനു പോലും മൈതാനത്ത് പ്രതിഫലനമുണ്ടാക്കാൻ കഴിയുമെന്നു വിശ്വസിക്കുന്ന കോച്ചുമാരുടെ കാലമാണിത്. ഫസ്റ്റ് ടച്ചിന്റെയും സെക്കന്റ് ടച്ചിന്റെയുമൊക്കെ ക്വാളിറ്റി കൊണ്ട് കളിക്കാരുടെ ട്രാൻസ്ഫർ തുകയും വേതനവും വരെ തീരുമാനിക്കപ്പെടുന്ന കാലം. എതിരാളികളെ വശീകരിച്ചു മുന്നോട്ടുവരുത്തി എതിർ ഡിഫൻസിൽ വിടവുണ്ടാക്കാൻ, ട്രയാങ്കിൾ അല്ലെങ്കിൽ ഡയമണ്ട് പാസിങ് മൂവുകളിലൂടെ അവരുടെ ക്രമം തെറ്റിക്കാൻ, ലൈനുകൾ ഭേദിക്കുന്ന ത്രൂപാസുകളിലൂടെ ആക്രമണമുഖം തുറക്കാൻ ഒക്കെ ടീമുകൾ പന്തിന്റെ ഗതിചലനങ്ങളെ സമർത്ഥമായി ഉപയോഗിക്കുന്നു. ചെറിയ പാസുകൾ കൊണ്ടും ചടുലമായ വൺ ടു വൺ നീക്കങ്ങൾ കൊണ്ടും കാറ്റിൽ നെൽച്ചെടികളെ എന്ന പോലെ പ്രതിരോധനിരയെ ചായ്ക്കുന്ന ബ്രസീലിന്റെ മനോഹരമായ കളി കണ്ടതിന്റെ പിറ്റേന്നാണ്, ഒർത്ഥവുമില്ലാതെ പന്തിനെ നേർരേഖയിൽ കൊടുത്തുവാങ്ങുകയും പ്രെസ്സിങ് വരുമ്പോൾ പന്തിനെ പിറകിലേക്കു നീക്കി സുരക്ഷിതത്വം പാലിക്കുകയും ചെയ്യുന്ന ഒരു ടീമിന്റെ കളി കാണേണ്ടിവരുന്നത്. അവർ തോറ്റതു നന്നായി.

ഗ്രൂപ്പ് ഘട്ടത്തിൽ മൊറോക്കോയുടെ പ്രകടനം കണ്ടവർക്കറിയാം, അവർ ഏതുതരം ഫുട്‌ബോളാണ് കളിക്കുന്നതെന്ന്. പന്ത് നിയന്ത്രണത്തിലുള്ളപ്പോൾ കളിക്കാരുടെ സവിശേഷമായ ടേണുകളും 50-50 ചാൻസ് എന്ന് തോന്നിക്കുന്ന, എന്നാൽ ഫലപ്രദമായ ചെറിയ പാസുകളും മുന്നോട്ടുള്ള നീക്കങ്ങളുമായാണ് അവർ ആക്രമണം മെനയുന്നത്. ആ ശൈലിക്കു ചേർന്ന ശരീരബലവും വിഷനുമുള്ള കളിക്കാർ അവർക്കുണ്ട്. പന്ത് വിട്ടുകൊടുത്തു കളിക്കുമ്പോഴാകട്ടെ മൊറോക്കോ കണിശമായ ലൈനുകൾ പാലിക്കുകയും എതിരാളികൾക്ക് കടന്നുകയറാൻ കഴിയാത്തവിധത്തിൽ കോട്ടയുണ്ടാക്കുകയും ചെയ്യുന്നു. മറ്റൊരവസരത്തിൽ മനോഹരമെന്ന് വിശേഷിപ്പിക്കപ്പെട്ടേക്കാവുന്ന സ്പെയിനിന്റെ പാസിങ് ഗെയിമിനെ അവർ മധ്യനിരയിൽ തളച്ചത് ഈ കണിശമായ അച്ചടക്കം കൊണ്ടായിരുന്നു. ഇത്തരം കോട്ടമതിലുകൾ ഭേദിക്കണമെങ്കിൽ, ഏറ്റവും ലളിതമായി ഏതുകോച്ചും ചെയ്യുക കളിക്കാരുടെ വ്യക്തിഗത മികവിനെയും ഡ്രിബ്ലിങ് സ്‌കില്ലിനെയും ആശ്രയിക്കുക എന്നതാണ്. പക്ഷേ, ലൂയിസ് എൻറിക്കിന്റെ സ്‌പെയിനിന്റേത് മടുപ്പിച്ച് തുറക്കുക എന്ന പദ്ധതിയായിരുന്നു എന്നു തോന്നുന്നു. അവർ പന്ത് ഹോൾഡ് ചെയ്യുകയും ഏറ്റവും പിന്നിലുള്ള ലൈനിൽ അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിക്കുകയുമാണ് സമയത്തിന്റെ ഏറിയ പങ്കും ചെയ്തത്. ഇത്തരം എതിരാളികൾക്കെതിരെ ഓഫ് ദി ബോൾ ഗെയിമാണ് യഥാർത്ഥ ഗെയിം എന്നറിയാവുന്ന ആഫ്രിക്കൻ അറബുകൾ സ്പെയിനിന്റെ ഈ തണുപ്പൻ മട്ടിൽ സന്തുഷ്ടരുമായിരുന്നു.

സുഫ്‌യാൻ അംറബാത്ത്, അഷ്‌റഫ് ഹക്കീമി... മൊറോക്കോ നിരയിൽ ഏതാണ്ടെല്ലാ കളിക്കാരുടെയും വർക്ക്‌റേറ്റ് ശരാശരിയിലും മുകളിലായൊരു മത്സരത്തിൽ ഈ കളിയുടെ വിധി നിർണയിച്ചത്, സ്‌പെയിനിനെ അവർക്കു സുരക്ഷിതമല്ലാത്ത എക്‌സ്ട്രാ ടൈമിലേക്കും ഷൂട്ടൗട്ടിലേക്കും കൂട്ടിക്കൊണ്ടുപോയതിൽ വലിയ പങ്കുവഹിച്ചത് ഈ രണ്ടുപേരുമാണെന്ന് ഞാൻ കരുതുന്നു. വിങ്ബാക്കായും മിഡ്ഫീൽഡറായും ഇടതുവിങ്ങറായും ഒരു ട്രിപ്പിൾ ഡ്യൂട്ടിയായിരുന്നു ഹക്കീമിയുടേത്. പെഡ്രിയും ഡാനി ഓൽമോയും കടന്നുവരാവുന്ന ഭാഗത്ത് തുടരെയുള്ള ടാക്കിളുകളുമായി പ്രതിരോധത്തിൽ സജീവമായ ഹക്കീമി അതേ ഊർജത്തോടെ നീക്കങ്ങൾ തുടങ്ങിവെക്കുകയും അവസരം കിട്ടുമ്പോഴൊക്കെ എതിർ ബോക്‌സിന്റെ പരിസരം വരെ ചെന്നെത്തുകയും ചെയ്തു.

ഏറെക്കുറെ അദൃശ്യനായി അലഞ്ഞുനടന്ന സുഫ്‍യാൻ അംറബാത്താണ് മധ്യത്തിലൂടെയുള്ള ആക്രമണത്തെപ്പറ്റി ചിന്തിക്കേണ്ടതില്ലെന്ന ബോധ്യം ഒരു വ്യാധിപോലെ സ്‌പെയിൻകാരിൽ കുത്തിവെച്ചത്. സ്പെയിനിന്റെ എഞ്ചിൻറൂമിലെ യന്ത്രങ്ങളായ പെഡ്രിയും ബുസ്ക്വസും ഗാവിയും അംറബാത്തിന്റെ നിയന്ത്രണത്തിലായിരുന്നു. മിക്കപ്പോഴും പ്രതിരോധനിരയുടെ ഭാഗമായിരുന്നെങ്കിലും, സ്‌പെയിനിന്റെ നീക്കങ്ങൾ തുടങ്ങിവെക്കാൻ ചുമതലയുണ്ടായിരുന്ന സെർജിയോ ബുസ്‌ക്വസിനെ വരെ മുന്നോട്ടുകയറി ടാക്കിൾ ചെയ്യാനും അപകടസാധ്യതയുള്ള നീക്കങ്ങളുടെ മുനയൊടിക്കാനും ചില ഘട്ടങ്ങളിൽ എതിർടീമിലെ മിഡ്ഫീൽഡർമാർക്കിടയിലൂടെ നൂണ്ടുകയറി പന്ത് മുന്നോട്ടു നീക്കി നൽകാനും അംറബാത്തുണ്ടായിരുന്നു. തന്റെ നാലു വശത്തുമുള്ള കളിക്കാരുമായി കണക്ട് ചെയ്ത് പന്തുകൊടുത്തുവാങ്ങാനും സുരക്ഷിതമായ ഇടങ്ങളിലേക്ക് ക്ഷണവേഗത്തിൽ മാറി പാസുകൾ വാങ്ങാനും അയാൾക്കൊരു പ്രത്യേക കഴിവുണ്ട്. സ്റ്റാർട്ടിങ് ഇലവനിലെ കളിക്കാരുടെ കാലുകൾക്ക് ക്ഷീണം ബാധിച്ച എക്‌സ്ട്രാ ടൈമിന്റെ തുടക്കത്തിൽ പറന്നുകൊത്തുന്നതു പോലെ അംറബാത്ത് നടത്തിയ ചില പ്രെസ്സിങ് നീക്കങ്ങൾ അമ്പരപ്പിക്കുന്നതായിരുന്നു. മുൻനിരയിലെ കളിക്കാർക്ക് കുറച്ചുകൂടി ഉന്നമുണ്ടായിരുന്നെങ്കിൽ അംറബാത്തിന്റെ പേരിനു നേരെ ഒരു അസിസ്റ്റ് ക്രെഡിറ്റും ഉണ്ടാകേണ്ടതായിരുന്നു.

ഷൂട്ടൗട്ടിൽ കൃത്യമായ ഡൈവുകൾ നടത്തിയപ്പോഴല്ല, പാസ്മാലകൾ ഉപേക്ഷിച്ച് സ്‌പെയിൻ അന്തരീക്ഷത്തിലൂടെ അക്രമിച്ച അവസരങ്ങളിലാണ് യാസീൻ ബോനോ ശരിക്കും മൊറോക്കോയുടെ രക്ഷകനായത്. യൂറോപ്യൻ ടീം ശരിക്കും ഭീഷണിയുണ്ടാക്കിക്കൊണ്ടിരുന്ന അവസരമായിരുന്നു അത്. ക്രോസുകളും സെറ്റ് പീസുകളും കുത്തിയകറ്റിക്കൊണ്ടിരുന്ന ബോനോ ചിലപ്പോഴൊക്കെ മൊറോക്കൻ ആക്രമണത്തിനുള്ള തുടക്കനീക്കങ്ങളുമുണ്ടാക്കി. അയാളുടെ ലോങ് ക്ലിയറൻസുകളിൽ പലതും ഫലപ്രദവുമായിരുന്നു.

സ്പെയിൻ കളിച്ച വിരസമായ കളിയെന്ന് ഒറ്റവാക്കിൽ പറയാമെങ്കിലും ഇത് മൊറോക്കോ ജയിച്ച കളിയാണ്; മറ്റു പല ടീമുകളെയും പോലെ ക്ഷണികമായ ആവേശത്തിന്റെ പുറത്തല്ല, പന്ത് ഹോൾഡ് ചെയ്തു കളിക്കുന്ന ടീമിനെ എങ്ങനെ പ്രതിരോധിക്കണമെന്നതിന്റെ പാഠങ്ങൾ കൃത്യമായി പ്രാവർത്തികമാക്കിക്കൊണ്ടുതന്നെ. ക്വാർട്ടറിൽ അവർക്കെതിരെ പോർച്ചുഗലിന് ഒരു അനായാസ ജയം ലഭിക്കുമെന്ന് എനിക്കു തോന്നുന്നില്ല..

TAGS :