Quantcast
MediaOne Logo

കിരണ ഗോവിന്ദന്‍

Published: 12 May 2023 6:29 AM GMT

ജൂഡ് ആന്തണി വിസ്മരിച്ച 'റിയല്‍'ഹീറോകള്‍

സേഫ്‌സോണിലിരുന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രളയം കണ്ട ഒരാളുടെ കഥയായേ ജൂഡ് ആന്തണിയുടെ 2018 നെ വിശേഷിപ്പിക്കാനാകൂ.

ജൂഡ് ആന്തണി ജോസഫ്
X

രാഷ്ട്രീയ മത പ്രാദേശിക ഭേദമന്യേ മലയാളികളുടെ ഒത്തൊരുമയും ഇച്ഛാശക്തിയും കാണുകയും അനുഭവിക്കുകയും ചെയ്ത സമയമാണ് നിപ കാലവും 2018 ലെ പ്രളയ കാലവും. ലോകം ഒത്തുരമയുടെ പ്രതീകമായി കേരളത്തെ ചേര്‍ത്ത് വെച്ച കാലം. ഇനിയൊരുപാട് ദൂരം സഞ്ചരിച്ചാലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒരിക്കലും-പ്രത്യേകിച്ചും ഫാസിസ്റ്റ് ഭരണം ഇത്രയും ഉന്നതിയില്‍ നില്‍ക്കുന്ന വേളയില്‍-കാണാന്‍ കഴിയാത്ത ഒന്ന്. നിപ ഒരു പ്രദേശത്തെ മാത്രമാണ് ഭീതിയിലാഴ്ത്തിയതെങ്കില്‍ പ്രളയം കേരളത്തെ ഒന്നാകെ മറിച്ചിട്ടു.

2018 ലെ പ്രളയത്തെ പ്രമേയമാക്കി ജൂഡ് ആന്തണി ഒരുക്കിയ സിനിമയാണ് '2018-എവരിവണ്‍ ഈസ് ഹീറോ'. എന്നാല്‍, ഒരു നല്ല തിയേറ്റര്‍ അനുഭവം എന്നതിലുപരി മലയാളക്കരയോട് ജൂഡ് ആന്റണി നീതി പുലര്‍ത്തിയൊ എന്ന് സംശയമാണ്. ആവിഷ്‌കാര സ്വാതന്ത്ര്യം മനസ്സിലാക്കി കൊണ്ട് തന്നെ പറയട്ടെ, 2018 ജൂഡിന്റെ മാത്രം ആംഗിള്‍ ആണ്; കേരളത്തിന്റെ അല്ല. ജൂഡിന്റെ തന്നെ ഭാവനയില്‍ വിരിഞ്ഞ മോശം തിരക്കഥയെ അതിഗംഭീര മേക്കിങ് കൊണ്ട് വിജയിപ്പിച്ച സിനിമ.

'നമ്മളെല്ലാം ഒരുമിച്ചിറങ്ങുകയല്ലേ പിന്നെയെന്തു പ്രശ്‌നം' എന്ന മുഖ്യമന്ത്രിയുടെ ഒരൊറ്റ പ്രസ്താവനയില്‍ ഒരു ഭരണാധികാരിയുടെ ഇച്ഛാശക്തി കേരളം കണ്ടിരുന്നു. എന്നാല്‍ 'നമ്മളെന്തു ചെയ്യും 'എന്ന് ചോദിക്കുന്ന നിസ്സഹായനായ മുഖ്യമന്ത്രിയാണ് സിനിമയിലെ ഏറ്റവും മോശം പ്ലേസിങ്ങില്‍ ഒന്ന്.

വി.എഫ്.എക്‌സിന്റെ സാധ്യതകളും മോഹന്‍ദാസ് എന്ന ആര്‍ട്ട് ഡയറക്ടറുടെ കരവിരുതുമാണ് സിനിമയുടെ നട്ടെല്ല്. സമീപ കാലത്തെ മലയാള സിനിമകളില്‍ ഏറ്റവും നന്നായി കലാ സംവിധാനം നിര്‍വഹിച്ച സിനിമ. വെള്ളം മൂടിയ കേരളത്തെ പുനഃസൃഷ്ടിക്കുമ്പോള്‍ കാഴ്ചക്കാരന് ഹൃദയ മിടിപ്പുണ്ടാക്കുന്ന സീനുകള്‍ അഭ്രപാളികളില്‍ പുതിയ അനുഭവമാണ് നല്‍കിയത്. മിനിയേച്ചര്‍ സെറ്റുകളും ഗ്രാഫിക്‌സും ഒറിജിനല്‍ ദൃശ്യങ്ങളും സമഗ്രമായി സിനിമ കൂട്ടി വെച്ചിട്ടുണ്ട്.


ഇങ്ങനെയൊക്കെയാണെങ്കിലും കേരളം ഹൃദയം കൊണ്ട് സല്യൂട്ട് ചെയ്ത പലരെയും അദൃശ്യവത്കരിച്ചു കൊണ്ടുള്ള സിനിമ പലര്‍ക്കും ഒരു കല്ല് കടിയായേക്കും. വിവാദങ്ങളും വിമര്‍ശനങ്ങളും വീഴ്ചകളും ഉള്ളപ്പോളും ഇടതുപക്ഷവും സര്‍ക്കാരും ഹൃദയപക്ഷമായ കാലമാണ് 2018. രാഷ്ട്രീയം മറന്ന് നിപകാലത്തും പ്രളയ കാലത്തും പിണറായി സര്‍ക്കാര്‍ പ്രശംസിക്കപ്പെട്ടിട്ടുണ്ട്. 'നമ്മളെല്ലാം ഒരുമിച്ചിറങ്ങുകയല്ലേ പിന്നെയെന്തു പ്രശ്‌നം' എന്ന മുഖ്യമന്ത്രിയുടെ ഒരൊറ്റ പ്രസ്താവനയില്‍ ഒരു ഭരണാധികാരിയുടെ ഇച്ഛാശക്തി കേരളം കണ്ടിരുന്നു. എന്നാല്‍ 'നമ്മളെന്തു ചെയ്യും 'എന്ന് ചോദിക്കുന്ന നിസ്സഹായനായ മുഖ്യമന്ത്രിയാണ് സിനിമയിലെ ഏറ്റവും മോശം പ്ലേസിങ്ങില്‍ ഒന്ന്.

രാഷ്ട്രീയം മറന്ന് ഒന്നിച്ചു കേരളത്തിനായി ഓടിയ ഭരണ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍. പ്രളയത്തിന്റെ ബാധ്യത ഭരണപക്ഷത്തിന്റെ മേല്‍ ചാരാതെ, വീഴ്ചകളുണ്ടായിട്ടും കുറ്റപ്പെടുത്തി ഒഴിഞ്ഞുമാറാതെ സര്‍ക്കാരിനൊപ്പം നിന്ന് പ്രവര്‍ത്തിച്ച പ്രതിപക്ഷം. എല്ലാം മറന്ന് ഒന്നിച്ചുനിന്ന യുവജന സംഘടനകള്‍. അഹോരാത്രം പ്രയത്‌നിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. വെള്ളത്തില്‍ മുങ്ങിപ്പോയവര്‍ക്ക് രക്ഷകരായി മുഴുവന്‍ സമയവും ജോലി ചെയ്ത കേരള പൊലീസ്-ഫയര്‍ ഫോഴ്സ്. പിന്നെ സിനിമയില്‍ പറഞ്ഞു വെച്ച പോലെ, ഇതൊന്നുമല്ലാത്ത അനേകം വരുന്ന മാധ്യമ പ്രവര്‍ത്തകര്‍.. അങ്ങനെ എത്രയെത്ര പേരെയാണ് ജൂഡ് കണ്ടില്ലെന്ന് നടിച്ചത്.

പേരിന് മാത്രം കുറച്ചു മുസ്ലിം പേരുകള്‍ ചേര്‍ത്ത് മതമമൈത്രി കുത്തിത്തിരുകാന്‍ ശ്രമിച്ചത് സിനിമയുടെ തിരക്കഥയുടെ ദൗര്‍ബല്യമാണ്. അങ്ങനെ തെക്കും വടക്കും മധ്യവും എല്ലാം കൂടിച്ചേര്‍ന്നുണ്ടായ ഒത്തൊരുമയെയാണ് ജൂഡ് ഒരു പ്രത്യേക ഗ്രാമത്തെ മാത്രം പരാമര്‍ശിച്ചുകൊണ്ട് പറഞ്ഞ് ഒതുക്കിയത്.


രക്ഷാപ്രവര്‍ത്തനത്തിലെ മുന്‍ നിര പോരാളികളായ മത്സ്യത്തൊഴിലാളികളോടും, രാപ്പകലില്ലാതെ കഷ്ടപ്പെട്ട് ജോലി ചെയ്ത ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഡിപ്പാര്‍ട്‌മെന്റിലെ ഉദ്യോഗസ്ഥരോടും മാത്രമാണ് സിനിമ ആകെ നീതി പുലര്‍ത്തിയത്. മത്സ്യതൊഴിലാളികള്‍ കേരളത്തിന്റെ കാവല്‍ മാലാഖാമാര്‍ തന്നെയാണ് എന്നതില്‍ സംശയമില്ല. എന്നാല്‍, മത്സ്യത്തൊഴിലാളികള്‍ മാത്രമായിരുന്നില്ല അന്നത്തെ രക്ഷാ പ്രവര്‍ത്തകര്‍. മാത്രമല്ല, രക്ഷാപ്രവര്‍ത്തനങ്ങളെ പ്രത്യേക മതത്തിനോട് മാത്രം ചേര്‍ത്ത് പറയാന്‍ ജൂഡ് ശ്രമിച്ചത് പോലെ തോന്നിക്കുന്നുണ്ട് സിനിമയില്‍. 'സര്‍ക്കാരിന് പോലും ഒന്നും ചെയ്യാന്‍ പറ്റാത്ത സാഹചര്യം'എന്ന് ഒരു പള്ളീലച്ചനെ കൊണ്ട് പറയിപ്പിച്ചതില്‍ നിന്ന് ഇത് വ്യക്തമാണ്. മണ്ണിടിച്ചില്‍ ഉണ്ടായ ഒരു സ്ഥലത്ത് പോലും നാല് മത്സ്യ തൊഴിലാളികളെ മാത്രം കാണിച്ചത് എന്തിനാണെന്ന് മനസ്സിലായില്ല.

2018 ലെ പ്രളയം അത്രത്തോളം ബാധിക്കാതിരുന്ന മേഖലയായിരുന്നു മലബാര്‍. പക്ഷേ, മറ്റുമേഖലകളില്‍ മലബാറിലെ ജനങ്ങള്‍ നടത്തിയ രക്ഷാ പ്രവര്‍ത്തനങ്ങളെ സിനിമ വിസ്മരിച്ചു. അങ്ങേയറ്റം പ്രതിസന്ധികളില്‍ ജീവിക്കുന്നവരായിട്ടും ഒഴുകിയെത്തിയ വയനാടന്‍ കൈ സഹായവും മറക്കാന്‍ കഴിയുന്നതല്ല. പേരിന് മാത്രം കുറച്ചു മുസ്ലിം പേരുകള്‍ ചേര്‍ത്ത് മതമമൈത്രി കുത്തിത്തിരുകാന്‍ ശ്രമിച്ചത് സിനിമയുടെ തിരക്കഥയുടെ ദൗര്‍ബല്യമാണ്. അങ്ങനെ തെക്കും വടക്കും മധ്യവും എല്ലാം കൂടിച്ചേര്‍ന്നുണ്ടായ ഒത്തൊരുമയെയാണ് ജൂഡ് ഒരു പ്രത്യേക ഗ്രാമത്തെ മാത്രം പരാമര്‍ശിച്ചുകൊണ്ട് പറഞ്ഞ് ഒതുക്കിയത്.

'എവരിവണ്‍ ഈസ് എ ഹീറോ' എന്ന് സിനിമ ടൈറ്റില്‍ ചെയ്യുമ്പോളും, അവിടെയും ടി.ആര്‍.പിയുടെ പിന്നാലെ ഓടുന്ന എ.സി മുറിയിലിരുന്ന് പണിയെടുക്കുന്ന മാധ്യമ പ്രവര്‍ത്തകരെയാണ് സിനിമ കാണിക്കുന്നത്. പ്രളയ കാലത്ത് വെള്ളത്തില്‍ കുടുങ്ങിയവരുടെ കണക്കും പ്രശ്‌നങ്ങളും അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയും രക്ഷാപ്രവര്‍ത്തകരുടെ കൂടെ നിന്നും പ്രവര്‍ത്തിച്ച മാധ്യമ പ്രവര്‍ത്തകരുടെ പ്രയത്‌നത്തെയാണ് 'മീഡിയ അല്ലെ അവര്‍ക്കെന്തും പറയാമല്ലോ' എന്ന ഒരൊറ്റ ഡയലോഗ് കൊണ്ട് ജൂഡ് റദ്ദാക്കിക്കളഞ്ഞത്.


പ്രളയകാലത്തെ ഓരോ വിവരങ്ങളും മാധ്യമങ്ങളിലൂടെ മാത്രമേ നല്‍കാന്‍ കഴിയൂവെന്ന ബോധ്യം ഉള്ളപ്പോളും 'മീഡിയ അറിഞ്ഞാല്‍ ജനങ്ങളെ പാനിക്കാക്കും' എന്ന തരത്തിലുള്ള അനാവശ്യ സംഭാഷണങ്ങള്‍ സിനിമയിലുടനീളം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഫീല്‍ഡില്‍ പ്രളയത്തിന്റെ എല്ലാ പ്രശ്‌നങ്ങളും അനുഭവിച്ച്, ഒരു ഇന്‍ഫര്‍മേഷന്‍ സെന്റര്‍ അയി തന്നെയാണ് അന്ന് പല മാധ്യമങ്ങളും പണിയെടുത്തത്. ജോലിക്കൊപ്പം കാള്‍ സെന്റര്‍ തുടങ്ങി സര്‍ക്കാര്‍ സംവിധാനങ്ങളുടെ കൂടെ നിന്ന് രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായ മാധ്യമങ്ങളും ഉണ്ട്. സര്‍ക്കാരിന്റെ നിര്‍ദേശങ്ങളും മുന്നറിയിപ്പുകളും ആവശ്യങ്ങളും ഓരോ മിനുട്ടിലും പറഞ്ഞും എഴുതിയും കാണിച്ചു. അതെല്ലാം ടി.ആര്‍.പിക്ക് വേണ്ടി മാത്രമായിരുന്നുവെന്ന് ജൂഡ് തെറ്റിദ്ധരിപ്പിക്കുന്നു. ദേശീയ പുരസ്‌കാരം ലഭിച്ച ഒരു നടിയുടെ മാധ്യമ പ്രവര്‍ത്തകയായുള്ള അഭിനയം അങ്ങേയറ്റം നിരാശയുണ്ടാക്കി. എല്ലാവരെയും ഹീറോ ആക്കിയില്ലെങ്കിലും വസ്തുതകളെ തെറ്റിദ്ധരിപ്പിക്കാതിരിക്കാനെങ്കിലും സംവിധായകന്‍ സൂക്ഷ്മത പുലര്‍ത്തണമായിരുന്നു. അങ്ങനെ നോക്കുകയാണെങ്കില്‍ സേഫ്‌സോണിലിരുന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രളയം കണ്ട ഒരാളുടെ കഥയായേ 2018 നെ വിശേഷിപ്പിക്കനാകൂ.

വൈകാരിക രംഗങ്ങളും അനാവശ്യ സംഭാഷണങ്ങളും കുത്തി നിറച്ചൊരു സിനിമ എന്ന രീതിയില്‍ ജൂഡിന്റെ എഴുത്ത് നന്നേ പരാജയമാണ്. എങ്കിലും പ്രളയം എന്ന മഹാ ദുരന്തത്തെ അതിന്റെ വൈകാരികത ചോര്‍ന്നു പോകാതെയുള്ള സിനിമാറ്റിക് തീയേറ്റര്‍ അനുഭവം സമ്മാനിക്കാന്‍ 2018 നായി. നമുക്ക് ചുറ്റുമുള്ള ചില കഥാപാത്രങ്ങള്‍ തന്നെയാണ് ടോവിനോയിലൂടെയും ആസിഫിലൂടെയും സുധീഷിലൂടെയും കാണാന്‍ കഴിയുക. നാട്ടില്‍ ഒരിക്കലും ഹീറോ ആകാത്ത, പ്രശ്‌നങ്ങള്‍ വരുമ്പോള്‍ വളണ്ടിയര്‍ കുപ്പായം ഇടുന്ന എത്രയോ പേരുടെ പ്രതിനിധി തന്നെയാണ് അനൂപ് എന്ന കഥാപാത്രം. യഥാര്‍ഥ ജീവിതത്തിലും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ ടോവിനോയുടെ കയ്യില്‍ അനൂപ് എന്ന കഥാപാത്രം ഭദ്രമായിരുന്നു.

2018 വിജയിക്കുമ്പോള്‍ തോറ്റു പോകുന്നത് സംഘ്പരിവാറും ബി.ജെ.പി യുമാണ്. ഒപ്പം നുണകള്‍ക്കൊണ്ട് മെനഞ്ഞെടുത്ത ഒരു കേരള സ്റ്റോറിയും. അങ്ങനെ നോക്കുകയാണെങ്കില്‍ വിയോജിപ്പോട് കൂടി ഇഷ്ടപ്പെടേണ്ട ഒരു സിനിമയാണ് 2018.

ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വൈകാരിക സന്ദര്‍ഭങ്ങളും ദുരിതാശ്വാസ കാമ്പിലെ ദുരിത കാഴ്ചകളും എല്ലാം നിറഞ്ഞ ഒരു കോമേഴ്ഷ്യല്‍ പാക്ക്ഡ് സിനിമ തന്നെയായിരുന്നു 2018 എന്നതില്‍ തര്‍ക്കമില്ല. എങ്കിലും ഒരു ചെറിയ പ്രദേശത്തെ മനുഷ്യരുടെ ജീവിതത്തിലൂടെ കേരളം അതിജീവിച്ച നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തെ പോര്‍ട്രേയ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ശരിക്കും അനുഭവിച്ച പ്രളയവും സിനിമയിലെ പ്രളയവും രണ്ട് ധ്രുവങ്ങളിലായിപ്പോയി. 483 പേരുടെ ജാവന്‍ നഷ്ടപ്പെട്ട, ആയിരത്തോളം വീടുകള്‍ ഇല്ലാതായ, കോടികളുടെ നഷ്ടം സംഭവിച്ച 2018 ലെ പ്രളയത്തെ രണ്ട് ധീര മരണങ്ങളില്‍ ഒതുക്കിയ ഒരു അവറേജ് മലയാള സിനിമ, അതാണ് 2018.

കേരളത്തെയും മലയാളികളെയും നുണകള്‍ കൊണ്ട് മെനഞ്ഞെടുത്തുണ്ടാക്കിയ 'ദ കേരള സ്റ്റോറി' എന്ന സിനിമ വന്ന സമയത്ത് തന്നെയാണ് 'ദ റിയല്‍ കേരള സ്റ്റോറി; എന്ന ക്യാപ്ഷനുമായി അണിയറ പ്രവര്‍ത്തകര്‍ 2018 നെ അവതരിപ്പിച്ചത് എന്നത് അഭിമാനകരമാണ്. നുണകളുടെ അല്ല, അതിജീവനത്തിന്റെ ഒരുമയുടെ കഥയാണ് ഞങ്ങള്‍ക്ക് പറയാനുള്ളതെന്ന് പറയാനുള്ള ധൈര്യം പുതിയ ചലച്ചിത്രകരന്‍മാര്‍ പ്രകടിപ്പിക്കുന്നത് പ്രതീക്ഷയുണ്ടാക്കുന്നതാണ്. 2018 വിജയിക്കുമ്പോള്‍ തോറ്റു പോകുന്നത് സംഘ്പരിവാറും ബി.ജെ.പി യുമാണ്. ഒപ്പം നുണകള്‍ക്കൊണ്ട് മെനഞ്ഞെടുത്ത ഒരു കേരള സ്റ്റോറിയും. അങ്ങനെ നോക്കുകയാണെങ്കില്‍ വിയോജിപ്പോട് കൂടി ഇഷ്ടപ്പെടേണ്ട ഒരു സിനിമയാണ് 2018.

TAGS :