MediaOne Logo

മലയാളിയെന്ന 'ഹീറോയെ' ചവിട്ടിത്താഴ്ത്തി സൈന്യത്തെ പ്രതിഷ്ഠിക്കുന്ന 2018

സൈന്യത്തോടോ സമാനമായ ഭരണകൂടസായുധ സംവിധാനങ്ങളോടോ പരിധിയില്‍ കവിഞ്ഞ ആരാധനയില്ലാത്ത കേരള സാംസ്‌കാരിക രാഷ്ട്രീയ സ്വത്വത്തെ തകര്‍ത്ത്, ഏകശിലാത്മകമായ ഒരു ഇന്ത്യന്‍ സ്വഭാവത്തെ സ്ഥാപിക്കാനുള്ള ശ്രമമാണ് 2018 സിനിമയിലൂടെ ജൂഡ് ആന്തണി ജോസഫ് നടത്തുന്നത്.

2018 സിനിമ
X

ഓരോരുത്തരും നായകരാണ് (EVERYONE IS A HERO) എന്നതാണ് 2018 എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ് ലൈന്‍. 2018 ലെ പ്രളയത്തെ കേരളസമൂഹം നേരിട്ടതിനെ നോക്കിക്കാണുമ്പോള്‍ ഓരോരുത്തരും ഹീറോയാണ് എന്ന വാചകം ശരിയാണ്. പക്ഷേ, ജൂഡ് ആന്തണി ജോസഫിന്റെ '2018' ല്‍ എല്ലാവരും നായകരല്ല എന്നതാണ് യാഥാര്‍ഥ്യം. കേരള സമൂഹത്തിന്റെ വ്യതിരിക്തമായ രാഷ്ട്രീയ സ്വഭാവം എന്ന ഹീറോയ്ക്ക് മീതെ ഇന്ത്യന്‍ അതിദേശീയതയുടെ അടയാളമായ സൈന്യം എന്ന ബിംബത്തെ പ്രതിഷ്ഠിക്കാനുള്ള ശ്രമമാണ് ജൂഡ് '2018' ലൂടെ നടത്തുന്നത്. ടൊവിനോ തോമസ് അവതരിപ്പിച്ച അനൂപ് എന്ന കഥാപാത്രം ആണ് സിനിമയിലെ യഥാര്‍ഥ ഹീറോ. മത്സ്യത്തൊഴിലാളികളുടെ ഹീറോയിസത്തെ ഒപ്പം നിര്‍ത്തിക്കൊണ്ട് സൈനിക പശ്ചാത്തലമുള്ള അനൂപിനെ ഒരു നൊമ്പരമായി അവശേഷിപ്പിക്കുന്നതിലൂടെ ജൂഡ് 2018 ലെ പ്രളയകാലത്തോടു പൊരുതിയ യഥാര്‍ഥ നായകരെ ചവിട്ടിത്താഴ്ത്തുകയാണ് ചെയ്യുന്നത്. അതിലുപരി, സൈന്യത്തോടോ സമാനമായ ഭരണകൂടസായുധ സംവിധാനങ്ങളോടോ പരിധിയില്‍ കവിഞ്ഞ ആരാധനയില്ലാത്ത കേരള സാംസ്‌കാരിക രാഷ്ട്രീയ സ്വത്വത്തെ തകര്‍ത്ത് ഏകശിലാത്മകമായ ഒരു ഇന്ത്യന്‍ സ്വഭാവത്തെ സ്ഥാപിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.

പ്രളയകാലത്ത് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ ചെറുതാക്കി കാണിക്കാനുള്ള ഒരു ഉപാധിയായാണ് ജൂഡ് കഥയിലെ മത്സ്യത്തൊഴിലാളി ഹീറോ ട്രാക്ക് ഉപയോഗിച്ചിരിക്കുന്നത്. വ്യാജമായ ആ വൈകാരികത സൃഷ്ടിക്കുന്നതിന് മതപരമായ ബിംബങ്ങളെയും ജൂഡ് നന്നായി ഉപയോഗിക്കുന്നു. കൈയുയര്‍ത്തി നില്‍ക്കുന്ന ക്രിസ്തുവിന്റെ ഇമേജിന്റെ ഉപയോഗമൊക്കെ ക്രാഫ്റ്റ്‌സ്മാന്‍ഷിപ്പിലെ പ്രതിഭയുടെ മിന്നലാട്ടങ്ങളായി കാണാം.

2018 ലെ പ്രളയം എന്നത് തന്നെ മാസ് അപ്പീലുള്ള ഒരു വിഷയമാണ്. അതുകൊണ്ടുതന്നെ അത് പ്രമേയമാക്കിയ ഒരു ചിത്രം കാണാന്‍ കേരളജനത തല്‍പരരാണ്. പക്ഷേ, ആ ചിത്രം കണ്ടവസാനിപ്പിച്ച് പോകുന്ന പൊതുമനസ് എന്താണ് കൂടെ കൊണ്ടുപോവുന്നത് എന്നത് പ്രധാനമാണ്. പ്രളയകാലത്ത് ഓരോ മലയാളിയും അവരവരായി ചെയ്ത സംഭാവനകള്‍ക്കും മേലെയാണ്, സൈനികരുടേതോ സൈന്യ ബന്ധമുള്ളവരുടേതോ എന്ന സന്ദേശമാണ് സമൂഹത്തിന്റെ അബോധമനസിന് ജൂഡ് ആന്തണി ജോസഫ് '2018' ലൂടെ ഗൂഢമായി (subliminal) നല്‍കുന്നത്. പ്രളയകാലത്ത് ഓരോ മലയാളിയും അവരോരുത്തര്‍ക്കും കഴിയാവുന്ന തരത്തില്‍ ചെയ്ത സംഭാവനകളെ 2018 എന്ന ചിത്രത്തിന്റെ പ്രമേയം പ്രതിനിധീകരിക്കുന്നില്ല എന്ന് മാത്രമല്ല, ഒരു പൗരസമൂഹമെന്ന നിലിയില്‍ ഒരു ദുരന്തസാഹചര്യത്തെ നേരിടാന്‍ മികവുള്ള ജനതയാണെന്ന ആത്മാവബോധത്തെ മറന്ന് മറ്റൊന്നിനെ സ്വീകരിക്കാന്‍ നിര്‍ബന്ധിക്കുക കൂടി ചെയ്യുന്നു. ഈ വാദത്തിന് മറുപടിയായി, മത്സ്യത്തൊഴിലാളികളുടെ സംഭാവനകളെ '2018' ല്‍ വൈകാരികമായും വീരോചിതമായും അവതരിപ്പിച്ചിട്ടില്ലേ എന്ന് ചോദിച്ചാല്‍, സൂക്ഷ്മമായി നോക്കിയാല്‍ അത് ഒരു പ്രതീതി സൃഷ്ടിക്കല്‍ മാത്രമാണെന്ന് മനസിലാക്കാനാവും.


സിനിമയില്‍ മത്സ്യത്തൊഴിലാളികളുടെ വീരോചിത ഇടപെടല്‍ ഒരു പൊള്ളയായ ട്രാക്ക് മാത്രമാണ്. പ്രളയകാലത്ത് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ ചെറുതാക്കി കാണിക്കാനുള്ള ഒരു ഉപാധിയായാണ് ജൂഡ് കഥയിലെ മത്സ്യത്തൊഴിലാളി ഹീറോ ട്രാക്ക് ഉപയോഗിച്ചിരിക്കുന്നത്. വ്യാജമായ ആ വൈകാരികത സൃഷ്ടിക്കുന്നതിന് മതപരമായ ബിംബങ്ങളെയും ജൂഡ് നന്നായി ഉപയോഗിക്കുന്നു. കൈയുയര്‍ത്തി നില്‍ക്കുന്ന ക്രിസ്തുവിന്റെ ഇമേജിന്റെ ഉപയോഗമൊക്കെ ക്രാഫ്റ്റ്‌സ്മാന്‍ഷിപ്പിലെ പ്രതിഭയുടെ മിന്നലാട്ടങ്ങളായി കാണാം. സര്‍ക്കാരിനെയോ സര്‍ക്കാര്‍ സംവിധാനങ്ങളെയോ താഴ്ത്തിക്കെട്ടുക എന്നത് മാത്രമാണ് '2018' ലെ മത്സ്യത്തൊഴിലാളികളുടെ ത്യാഗത്തിന്റെ അധ്യായത്തിന്റെ പ്രധാനലക്ഷ്യം എന്നത്, അവര്‍ പ്രളയകാലത്ത് ചെയ്ത ആത്മനിര്‍ഭരമായ പ്രവൃത്തിയുടെ മഹത്വത്തെ അവഹേളിക്കലാണ്. അത് മത്സ്യത്തൊഴിലാളികളുടെ സാമൂഹിക രാഷ്ട്രീയ കര്‍തൃത്വത്തെ നിരാകരിക്കലാണ്. അതുകൊണ്ടാണ് കഥയിലെ ആദ്യ രക്തസാക്ഷിയായ മാത്തച്ചന്റെ ഫോട്ടോ സ്ഥാപിച്ച സ്തൂപം സിനിമയില്‍ ഇല്ലാത്തതും അനൂപ് എന്ന എക്‌സ് സൈനികന് അതുള്ളതും. മാത്തച്ചന്റെ മുഖം മേരിമാത എന്ന ബോട്ടില്‍ നിന്ന് കണ്ടെടുക്കേണ്ട ബാധ്യത പ്രേക്ഷകര്‍ക്കുണ്ടായിരിക്കുമ്പോള്‍ ആഖ്യാനത്തിനില്ലാത്തതും അതുകൊണ്ടാണ്.

രണ്ട് രക്തസാക്ഷികളാണ് 2018 എന്ന ചിത്രത്തിലുള്ളത്. അനൂപ് എന്ന എക്‌സ് സൈനികനും മാത്തച്ചന്‍ എന്ന മത്സ്യത്തൊഴിലാളിയും. അനൂപ് സൈന്യത്തിലെ കഠിനാധ്വാനത്തെയും ജീവാപായ സാധ്യതയെയും ഭയന്ന് ആ ജോലി ഉപേക്ഷിച്ച് തിരികെ എത്തിയ ഒരു മലയാളിയാണ്. മലയാളിയുടെ സൈനിക വൈമുഖ്യം, മടിയില്‍ നിന്നും ഭീരുത്വത്തില്‍ നിന്നും ഉടലെടുക്കുന്നതാണെന്ന വ്യാഖ്യാനം അനൂപ് എന്ന കഥാപാത്രത്തിലൂടെ ജൂഡ് നടത്തുന്നു. മാത്തച്ചന്റെ പരിചയം, പ്രക്ഷുബ്ധമായ കടലിനെ നേരിട്ടുള്ള ശീലമാണ്. മാത്തച്ചന്റെ കഥാപാത്രത്തിന് ആഴവും പരപ്പും തീര്‍ക്കുന്ന ഒരു ആമുഖം (PRELUDE) ചിത്രത്തിലുണ്ട്. ആര്‍ത്തലയ്ക്കുന്ന കടലില്‍ പെട്ടുപോയ മൂന്ന് സഹപ്രവര്‍ത്തകരെ മാത്തച്ചനും മകനും കടലില്‍ നിന്ന് രക്ഷിക്കുന്ന ഒരു രംഗം. മരണത്തോട് മുഖാമുഖം നില്‍ക്കുന്ന ഉറ്റവരെ രക്ഷിച്ചെടുക്കുന്ന ഉദ്വേഗജനകമായ ആ രംഗമാണ് മാത്തച്ചന്റെയും മകന്റെയും കഥാപാത്രവിസ്തൃതി അനാവൃതമാക്കുന്നത്. അനൂപ് സൈനിക ജോലി ഉപേക്ഷിച്ചതിന്റെ കുറ്റബോധമുള്ളയാളായാണ് കാണപ്പെടുന്നത്. അതിന്റെ ഗില്‍റ്റ് ട്രിപ്പില്‍ നിന്ന് അയാള്‍ മോചിതനാകുന്നത് ഗര്‍ഭിണിയായ സ്ത്രീയെയും അവരുടെ മകളെയും എയര്‍ലിഫ്റ്റ് ചെയ്യുന്ന ദൗത്യത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നതിലൂടെ ലഭിക്കുന്ന ജനസമ്മതിയിലൂടെയാണ്. ഹ്രസ്വമായതെങ്കിലും അയാളുടെ സൈനികപരിചയം ഉപയോഗപ്രദമാകുന്ന മുഹൂര്‍ത്തത്തിന് പിന്നാലെയാണ് അയാള്‍ക്ക് സമൂഹത്തിന്റെ അംഗീകാരം ലഭിക്കുന്നത്.

വിലകൊടുത്തുവാങ്ങുന്ന കുപ്പിവെള്ളംകൊണ്ട് മുഖം കഴുകാന്‍ മാത്രം ജലസമ്പത്തുള്ള മലയാളിയോട് വിദ്വേഷമുള്ള സേതുപതിയാണ് കേരളത്തിലേക്ക് സ്‌ഫോടകവസ്തുക്കള്‍ എത്തിക്കുന്നത്. തമിഴ്‌നാട്ടുകാരുടെ ജലദൗര്‍ലഭ്യത്തെയും കേരളത്തിന്റെ ജലലഭ്യതയെയുമാണ് ഇരുവര്‍ക്കുമിടയിലെ വൈരത്തിന് നിദാനമായി ജൂഡ് എടുത്തുവയ്ക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

കഥയിലെ ഏറ്റവും തീവ്രതയുളള രണ്ട് ട്രാക്കുകള്‍ അനൂപിന്റെയും മാത്തച്ചന്റെ കുടുംബത്തിന്റേതുമാണ്. വിശദാംശങ്ങളുടെ വിസ്തൃതി ഇതിന് രണ്ടിനുമാണുള്ളത്. മാത്തച്ചന്റെയും തമിഴ്‌നാട്ടുകാരന്‍ സേതുപതിയുടേയും അബൂദബിയില്‍ നിന്ന് ജോലി ഉപേക്ഷിച്ച് അമ്മയുടെയും വിട്ടുപോകലിന്റെ വക്കില്‍ നില്‍ക്കുന്ന ഭാര്യയുടേയും അടുത്തേക്ക് വരുന്ന രമേശന്റെയും ഒഴികെയുള്ള കഥാപാത്രങ്ങള്‍ അനൂപ് എന്ന എക്‌സ് സൈനികനും അയാളുടെ കുടുംബവുമായും ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടോ ആശ്രയിച്ചോ നില്‍ക്കുന്നവരാണ്. മാത്തച്ചന്റെ കഥയ്ക്കാവട്ടെ ഒരു മധുരപ്രതികാരത്തിന്റെ അടരുണ്ട്. അതുകൊണ്ട് തന്നെ അതിന് പൂര്‍ണതയുള്ള ഹിറോയിക് പരിവേഷമില്ല. അധകൃതരെന്ന അപകര്‍ഷതാ ബോധത്തെ നിസ്വാര്‍ഥ സേവനം കൊണ്ട് മറികടക്കാനുള്ള ശ്രമമായി മാത്രം മാത്തച്ചന്റെയും മക്കളുടെയും ഹീറോയിസം പരിസമാപിക്കുകയാണ് ചെയ്യുന്നത്. എക്‌സ് സൈനികനായ അനൂപിന് മാത്രമാണ് പരിപൂണമായ നിസ്വാര്‍ഥതയുള്ളത്. അതുകൊണ്ടാണ് അനൂപ് 2018 ലെ ഏറ്റവും 'ഉത്തമനായ' ഹീറോ ആകുന്നതും. 2018 എന്ന സിനിമയില്‍ എല്ലാവരും ഹീറോ ആണ്, പക്ഷേ ചിലര്‍ 'കൂടുതല്‍ ഹീറോ' ആണ്. ആ ഹീറോയ്ക്ക് സൈനിക പശ്ചാത്തലമുണ്ട് എന്നത് ശ്രദ്ധിക്കേണ്ടത് അതുകൊണ്ടാണ്.

കഥയിലെ മൂന്നാമത്തെ സുപ്രധാന അധ്യായം കേരളത്തിലേക്ക് സ്‌ഫോടകവസ്തുക്കളുമായി വരുന്ന ഒരു തമിഴ്‌നാട്ടുകാരന്‍ സേതുപതിയുടെ കഥയടങ്ങുന്നതാണ്. അങ്ങേയറ്റം പ്രെഡിക്റ്റബളായിരിക്കെത്തന്നെ വംശീയമായ മുന്‍വിധികള്‍ സൃഷ്ടിക്കുന്ന ട്രാക്കാണ് അത്. വിലകൊടുത്തുവാങ്ങുന്ന കുപ്പിവെള്ളംകൊണ്ട് മുഖം കഴുകാന്‍ മാത്രം ജലസമ്പത്തുള്ള മലയാളിയോട് വിദ്വേഷമുള്ള സേതുപതിയാണ് കേരളത്തിലേക്ക് സ്‌ഫോടകവസ്തുക്കള്‍ എത്തിക്കുന്നത്. തമിഴ്‌നാട്ടുകാരുടെ ജലദൗര്‍ലഭ്യത്തെയും കേരളത്തിന്റെ ജലലഭ്യതയെയുമാണ് ഇരുവര്‍ക്കുമിടയിലെ വൈരത്തിന് നിദാനമായി ജൂഡ് എടുത്തുവയ്ക്കുന്നത് എന്നത് ശ്രദ്ധേയമാണ്. മലയാളിയുടെ നന്‍മയും നിഷ്‌കളങ്കതയും സ്വാധീനിക്കുന്നതിനാല്‍ മനഃപരിവര്‍ത്തനം വരുന്ന ഒരാള്‍ മാത്രമാണ് സേതുപതി. സേതുപതി എന്ന കഥാപാത്രത്തിനുള്ള മൗലികമായ തിന്‍മ അവിടെത്തന്നെയുണ്ട്.


ഒരു ഹൈപ്പര്‍ലിങ്ക് സിനിമ സ്വഭാവം അന്തര്‍ലീനമാണ് 2018 ന്റെ ക്രാഫ്റ്റില്‍. പ്രളയം എന്ന ഒരു സംഭവത്തിലേക്ക് കൂടിച്ചേരുന്ന സമാന്തര ജീവിതങ്ങളാണ് 2018 ലെ പല അധ്യായങ്ങളും. പക്ഷേ, എക്‌സ് സൈനികനായ അനൂപിലും മത്സ്യത്തൊഴിലാളിയായ മാത്തച്ചനിലും തമിഴ്‌നാട്ടുകാരന്‍ സേതുപതിയിലും കൂടുതല്‍ കേന്ദ്രീകരിച്ചതിനാല്‍ മറ്റ് ട്രാക്കുകള്‍ക്ക് വേണ്ടത്ര ആഴമുണ്ടായില്ല. അത് സംവിധായകന്റെ പരിഗണയില്‍ ഉള്ള കാര്യമായിരുന്നുവെന്ന് തോന്നുന്നുമില്ല. അതെ '2018' ല്‍ എല്ലാവരും നായകരല്ല. എല്ലാവരെയും നായകരല്ലാതാക്കുക എന്നതു തന്നെയാണ് സിനിമയുടെ ലക്ഷ്യം.


opheliaofnoflowers@gmail.com

TAGS :