Quantcast
MediaOne Logo

ലെനിന്‍ സുഭാഷ്

Published: 28 Sep 2023 5:10 PM GMT

കെ.ജി ജോര്‍ജ് നടന്നുതീര്‍ത്ത കാല്‍നൂറ്റാണ്ട് മലയാളി ഓടിയെത്തിയോ?

സമകാലിക സംഭവങ്ങളെ സൂക്ഷ്മമായി പഠിക്കുകയും അതിന് വിദഗ്ധമായി ചലചിത്രഭാഷ ഒരുക്കുകയും ചെയ്തു കെ.ജി ജോര്‍ജ്. കലാസിനിമകളുടെ നിയോ റിയലിസ്റ്റിക്കും താരതമ്യേന വരണ്ടതുമായ കഥപറച്ചില്‍ രീതിയെ പാടെ ഒഴിവാക്കി, കാണികള്‍ക്ക് മനസിലാകുന്ന ഭാഷയിലേക്ക് സിനിമയെ എന്‍കോഡ് ചെയ്യാന്‍ കെ.ജി ജോര്‍ജിനായി.

കെ.ജി ജോര്‍ജ് നടന്നുതീര്‍ത്ത കാല്‍നൂറ്റാണ്ട് മലയാളി ഓടിയെത്തിയോ?
X

കെ.ജി ജോര്‍ജിനെക്കുറിച്ച് എഴുതുമ്പോള്‍ എന്തിന് ഫെഡെറികോ ഫെല്ലിനിയെ ഓര്‍ക്കണം? ലോകസിനിമയില്‍ മാര്‍ട്ടിന്‍ സ്‌കോര്‍സസി, എമിര്‍ കുസ്തുറിക, ഡേവിഡ് ലിഞ്ച് തുടങ്ങിയ പ്രതിഭകളെയെല്ലാം സ്വാധീനിച്ച ഫെല്ലിനി തിരുവല്ലക്കാരന്‍ കുളക്കാട്ടില്‍ ഗീവര്‍ഗീസ് ജോര്‍ജിനും പ്രചോദനത്തിന്റെ ഉറവിടമായിരുന്നു. സ്ത്രീകള്‍, വ്യവസ്ഥകളോടുള്ള നീരസം, സ്വപ്‌നങ്ങള്‍, സര്‍റിയലിസം തുടങ്ങിയ ഫെല്ലിനീയന്‍ ചലചിത്ര ചേരുവകളുടെ സ്വാധീനം കെ.ജി ജോര്‍ജിന്റെ സിനിമകളിലും കാണാമായിരുന്നു. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കെ.ജി ജോര്‍ജ് പഠിക്കുമ്പോള്‍ ഫെല്ലിനിയുടെ 8 1/2 ഇറങ്ങി ഏതാനും വര്‍ഷങ്ങളെ ആയിട്ടുള്ളൂ. സ്വപ്നങ്ങളെ കുറിച്ച് സംസാരിക്കുന്നത് സിനിമയെ കുറിച്ച് സംസാരിക്കുന്നതിന് തുല്യമാണ്, കാരണം സിനിമ സ്വപ്നങ്ങളുടെ ഭാഷ ഉപയോഗിക്കുന്നു എന്ന് പറഞ്ഞ ഫെഡെറിക്കോ ഫെല്ലിനിയും - സിനിമ, സ്വപ്നം കാണുന്നതിന് തുല്യമാണ്, സത്യത്തെ നോക്കി സ്വപ്നം കാണാനുള്ള കഴിവ് തനിക്കുണ്ടെന്ന് പറഞ്ഞ കെ.ജി ജോര്‍ജും സിനിമയെ തങ്ങളുടെ മനസ്സിന്റെ തന്നെ എക്‌സറ്റന്‍ഷനായാണ് കണ്ടിരുന്നത്.

അതുവരെ ഇല്ലാതിരുന്ന പ്രമേയവും ആവിഷ്‌കാരവുമായി കെ.ജി ജോര്‍ജിന്റെ സ്വപ്നാടനം മലയാളത്തിലേക്ക് ഇടിച്ച് ഇറങ്ങുകയായിരുന്നു. അക്കാലത്ത് കുണുങ്ങി നടന്നിരുന്ന മലയാള സിനിമയെ ജീവിതത്തിന്റെ സങ്കീര്‍ണതകളിലേക്ക് ഒട്ടും ദയയില്ലാതെ തട്ടിയിടുകയാണ് സ്വപ്നാടനം ചെയ്തത്. മാര്‍ട്ടിന്‍ സ്‌കോര്‍സസിയുടെ ടാക്‌സി ഡ്രൈവര്‍ എന്ന പ്രശസ്തമായ സിനിമയും റിലീസ് ചെയ്തത് ഇതേ കാലത്താണ്. പ്രമേയത്തില്‍ സാമ്യമില്ലെങ്കിലും കഥാപാത്രങ്ങള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ക്ക് രണ്ട് സിനിമകളിലും ചില സമാനതകള്‍ കാണാം.

കാപട്യങ്ങളില്ലാതെ മനുഷ്യരുടെ പ്രശ്‌നങ്ങളെ ക്യാമറകൊണ്ട് നോക്കി കണ്ടു എന്നതാണ് കെ.ജി ജോര്‍ജിനെ മറ്റുള്ള സംവിധായകരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. സിനിമയുടെ വ്യാകരണത്തെ പലപ്പോഴും ചോദ്യം ചെയ്ത് കലാസിനിമയുടേയും ജനപ്രിയ സിനിമയുടേയും മൂല്യങ്ങള്‍ കെ.ജി ജോര്‍ജ് സമാസമം തന്റെ ചിത്രങ്ങളില്‍ ഉള്‍ചേര്‍ത്തു. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ തന്നിലെ കലാകാരനേയും പ്രേക്ഷകനേയും തൃപ്തിപ്പെടുത്തുന്ന സിനിമകളേ കെ.ജി ജോര്‍ജ് ചെയ്തിട്ടുള്ളൂ. അതുവരെ ഇല്ലാതിരുന്ന പ്രമേയവും ആവിഷ്‌കാരവുമായി കെ.ജി ജോര്‍ജിന്റെ സ്വപ്നാടനം മലയാളത്തിലേക്ക് ഇടിച്ച് ഇറങ്ങുകയായിരുന്നു. അക്കാലത്ത് കുണുങ്ങി നടന്നിരുന്ന മലയാള സിനിമയെ ജീവിതത്തിന്റെ സങ്കീര്‍ണതകളിലേക്ക് ഒട്ടും ദയയില്ലാതെ തട്ടിയിടുകയാണ് സ്വപ്നാടനം ചെയ്തത്. മാര്‍ട്ടിന്‍ സ്‌കോര്‍സസിയുടെ ടാക്‌സി ഡ്രൈവര്‍ എന്ന പ്രശസ്തമായ സിനിമയും റിലീസ് ചെയ്തത് ഇതേ കാലത്താണ്. പ്രമേയത്തില്‍ സാമ്യമില്ലെങ്കിലും കഥാപാത്രങ്ങള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ക്ക് രണ്ട് സിനിമകളിലും ചില സമാനതകള്‍ കാണാം. ടാക്‌സി ഡ്രൈവറില്‍ മുഖ്യകഥാപാത്രത്തിന്റെ ആന്തരിക പ്രശ്‌നങ്ങളിലേക്ക് സാമൂഹികമായ പ്രശ്‌നങ്ങള്‍ കൂടി വന്നുചേരുമ്പോള്‍ ഉണ്ടാവുന്ന പൊട്ടിത്തെറിയാണെങ്കില്‍, വൈയക്തികമായ സംഘര്‍ഷങ്ങളില്‍ നിലകിട്ടാതെ നില്‍ക്കുന്ന പ്രോട്ടഗോണിസ്റ്റിന്റെ കൈവിട്ടു പോകലാണ് സ്വപ്നാടനത്തിലെ കഥ. കൗതുകകരമായ കാര്യം രണ്ട് സിനിമയിലേയും മുഖ്യ കഥാപാത്രങ്ങള്‍ക്ക് ഇന്‍സോമ്‌നിയ എന്ന ഉറക്കപ്രശ്‌നമുള്ളവരാണെന്നതാണ്. മാത്രമല്ല രണ്ട് സിനിമകളുടേയും ആദ്യ രംഗവും നഗരകാഴ്ചകളാല്‍ മുഖരിതമാണ്. പിന്നീട് കഥാഗതി മാറുമെങ്കിലും ഇഴമുറിഞ്ഞ് പോവാത്ത ആന്തരിക സംഘര്‍ഷങ്ങളുടെ ലൂപ്പിലേക്ക് തന്നെ മുഖ്യകഥാപാത്രങ്ങള്‍ എത്തുന്നതായാണ് രണ്ട് സിനിമകളുടേയും ക്ലൈമാക്‌സ്. മനുഷ്യരോടും അവരുടെ സാമൂഹികവും വൈയക്തികവുമായ ബന്ധങ്ങളോടും രണ്ട് പ്രതിഭകള്‍ കാണിച്ച ആത്മാര്‍ത്ഥമായ സമീപനമാവാം ഇത്തരത്തില്‍ ചില സാമ്യങ്ങള്‍ യാദൃശ്ചികമായെങ്കിലും രണ്ട് സിനിമകളില്‍ ഉണ്ടാകാന്‍ കാരണം. ഫെല്ലിനി രണ്ട് കൂട്ടരേയും സ്വാധീനിച്ചിരുന്നെന്ന് നേരത്തെ പറഞ്ഞുവല്ലോ.


മലയാള സിനിമ അത്ര പരിചയിച്ചിട്ടില്ലാത്ത പ്രമേയം, കൃത്യമായി ചിട്ടപ്പെടുത്തിയ ഹാലൂസിനേഷന്‍ സീനുകള്‍, ഫോളോ ഷോട്ടുകള്‍, നാര്‍കോ അനാലിസിസ് പോലെ അത്ര പരിചിതമല്ലാത്ത മെഡിക്കല്‍ ടേമുകള്‍, ഹ്രസ്വവും മൂര്‍ച്ചയുള്ളതുമായ സംഭാഷണങ്ങളും ചേര്‍ന്ന് സ്വപ്നാടനം നവീനകാഴ്ചയുടെ ഉന്മേഷം പ്രസരിപ്പിച്ചിരുന്നിരിക്കണം അന്ന്. ആദ്യ സിനിമയിലൂടെ തന്നെ ചട്ടക്കൂടുകള്‍ പൊളിക്കണമെന്ന് കെ.ജി ജോര്‍ജ് ആഗ്രഹിച്ചിരുന്നു. കുടുംബ ബന്ധങ്ങളില്‍ പണം അധികാരസ്ഥാനം ഉറപ്പിക്കുമ്പോള്‍ സ്വന്തം അസ്ഥിത്വം കൈവിട്ട് പോകുന്ന മധ്യവര്‍ഗ യുവാവിന്റെ സംഘര്‍ഷങ്ങള്‍ സ്വപ്നാടനത്തില്‍ ഉള്‍ചേര്‍ന്നിരിക്കുന്നു. കെ.ജി ജോര്‍ജിന്റെ തന്നെ അള്‍ട്ടര്‍ ഈഗോ ഡോക്ടര്‍ ഗോപിയില്‍ ആവേശിച്ചു എന്ന് പറഞ്ഞാലും ഒരുപക്ഷേ തെറ്റാകില്ല. കാരണം, സ്വപ്നാടനത്തിലെ ഗോപിയുടേതുപൊലുള്ള ഒരു പ്രണയനഷ്ടം കെ.ജി ജോര്‍ജിനും ഉണ്ടായിട്ടുണ്ട്. 81/2 ഇന്റര്‍കട്ട്‌സ് എന്ന ഡോക്യുമെന്ററിയില്‍ അതിനെക്കുറിച്ച് ജോര്‍ജ് പറയുന്നുണ്ട്. അതിഭാവുകത്വമില്ലാതെ കുടുംബ പ്രശ്‌നങ്ങളെ അവതരിപ്പിക്കാന്‍ ആദ്യ സിനിമയില്‍ തന്നെ കെ.ജി ജോര്‍ജ് ശ്രമിച്ചു. എന്നാല്‍, പിന്നീട് പല സിനിമകളിലും കുടുംബ വ്യവസ്ഥയെ ഒരു അക്കാദമീഷ്യന്റെ കൃത്യതയോടെ പരിശോധിക്കുന്നതും കാണാം. യഥാര്‍ത്ഥത്തില്‍ തങ്ങളുടെ കപടതകളെ വരും വര്‍ഷങ്ങളില്‍ നിരന്തരം ചോദ്യം ചെയ്യാന്‍ പോകുന്ന ഒരു ധിക്കാരിയെയാണ് സ്വീകരിച്ചിരുത്തുന്നതെന്നറിയാതെ മലയാള സിനിമാപ്രക്ഷകര്‍ കെ.ജി ജോര്‍ജിന്റെ ആദ്യ സിനിമയെ രണ്ടു കൈയും നീട്ടി സ്വീകരിച്ചു.

കഥാപാത്ര സൃഷ്ടിയിലെ തെളിച്ചമാണ് കെ.ജി ജോര്‍ജ് സിനിമകളുടെ ഹൈലൈറ്റ്. യവനികയില്‍ താരതമ്യേന ചെറിയ റോളുള്ള ജഗതിയുടെ കഥാപാത്രം വരുണന്‍ തന്റെ ജീവിതം ഏതാനും വാക്കുകളിലൂടെ പറയുമ്പോള്‍, വരുണന്റെ ജീവിതം ജീവിച്ച ഒരുപക്ഷേ ഇന്നും ജീവിക്കുന്ന ആരുടേയൊക്കെയോ മനസില്‍ ഒരു കൊള്ളിയാന്‍ പായും. മുഖ്യകഥാപാത്രങ്ങള്‍ക്ക് മാത്രമല്ല, വന്നുപോകുന്ന ഓരോ കഥാപാത്രങ്ങള്‍ക്കും ആഴത്തിലുള്ള ഉപകഥകള്‍ മെനയാന്‍ ഒരു മാസ്റ്റര്‍ ക്രാഫ്റ്റ്മാനേ സാധിക്കൂ

കെ.ജി ജോര്‍ജിന്റെ സിനിമകള്‍ക്ക് പല വായനകള്‍ സാധ്യമാണ്. പല അടരുകളിലായി കിടക്കുന്ന നരേറ്റീവ് സ്‌റ്റൈല്‍ ഓരോരുത്തരിലും ഉദ്ദീപിപ്പിക്കുന്നത് ഓരോ ചിന്തയെ ആയിരിക്കും. യവനികയില്‍ തബലിസ്റ്റ് അയ്യപ്പന്‍ പൊതുവില്‍ തല്ലുകൊള്ളിയും ആഭാസനുമാണെങ്കിലും അയാളിലെ ഭീരുവിനെ ഇടയ്ക്കിടെ തെളിഞ്ഞ് കാണുന്ന വിധത്തിലാണ് സിനിമയുടെ നരേഷന്‍. കലാകാരനും കള്ളുകുടിയനും പെണ്ണുപിടിയനുമാണ് അയ്യപ്പന്‍. പക്ഷേ, അയാളുടെ അനാഥമാക്കപ്പെട്ട കുട്ടിക്കാലത്തെ കുറിച്ചും ഒളിച്ചോട്ടത്തെ കുറിച്ചും ലക്‌നൗ വാസത്തെ കുറിച്ചും ഇന്‍സ്‌പെക്ടര്‍ ഈരാളി പറയുന്നുണ്ട് - അതിനിടിയിലെപ്പോഴോ ആയിരിക്കാം അയ്യപ്പന്‍ പരുക്കനായതെന്ന് സംവിധായകന്‍ പ്രേംലാല്‍ ദ ക്യൂവില്‍ എഴുതിയ ലേഖനത്തില്‍ അഭിപ്രായപ്പെടുന്നു. കെ.ജി ജോര്‍ജിന്റെ മിക്ക കഥാപാത്രങ്ങളും വ്യക്തമായ അസ്തിത്വം ഉള്ളവരാണ്. നാം കാണുന്നതിന് മുന്നെ അവര്‍ക്ക് ഒരു ജീവിതമുണ്ടായിരുന്നിരിക്കണം. അതറിയുന്ന കെ.ജി ജോര്‍ജ് ഏതോ പ്രത്യേക ജീവിതസന്ധിയില്‍ അവരെ പിടിച്ചുകൊണ്ടുവന്ന് സിനിമയിലേക്ക് കയറ്റിവിടുകയാണ്. തിയേറ്ററില്‍ നിന്ന് കാണികള്‍ ഇറങ്ങിപ്പോയാലും ഇനിയെന്ത് ചെയ്യുമെന്നറിയാതെ കൊല്ലപ്പള്ളിയും രോഹിണിയും നില്‍ക്കുന്നത് അതുകൊണ്ടാണ്. സ്‌ക്രീനിന് ശേഷവും അവര്‍ക്ക് അസ്തിത്വമുണ്ടാക്കുകയാണ് സംവിധായകന്‍.


കുറ്റാന്വേഷണ സിനിമകള്‍ക്കിടയില്‍ യവനിക ഒരു പാഠപുസ്തകമാണ്. കുറ്റവാളികളെ പിടിക്കുന്നതോടെ കാറ്റൊഴിഞ്ഞ ബലൂണാകുന്ന പതിവ് പൂച്ചയും എലിയും കളിയല്ല യവനികയില്‍ കെ.ജി ജോര്‍ജ് പരീക്ഷിച്ചത്. ഹിച്ച്‌കോക്ക് സിനിമകളിലേതുപോലെ വളച്ചുകെട്ടില്ലാതെ കഥ മുന്നോട്ട് പോകുകയാണ്. കുറ്റവാളിയെ കണ്ടെത്തുന്നത് മാത്രം പ്രതീക്ഷിച്ചുവരുന്നവരേയും കുറ്റത്തിന് കാരണമായ സാഹചര്യം മനസിലാക്കാന്‍ ആഗ്രഹിക്കുന്നവരേയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ക്രാഫ്റ്റാണ് യവനിക. കുറ്റം ചെയ്തവരുടെ മാനസിക സംഘര്‍ഷങ്ങള്‍ അതിസൂക്ഷ്മമായി ചിത്രത്തില്‍ കാണിക്കുന്നുണ്ട്. കഥാപാത്ര സൃഷ്ടിയിലെ തെളിച്ചമാണ് കെ.ജി ജോര്‍ജ് സിനിമകളുടെ ഹൈലൈറ്റ്. താരതമ്യേന ചെറിയ റോളുള്ള ജഗതിയുടെ കഥാപാത്രം വരുണന്‍ തന്റെ ജീവിതം ഏതാനും വാക്കുകളിലൂടെ പറയുമ്പോള്‍, വരുണന്റെ ജീവിതം ജീവിച്ച ഒരുപക്ഷേ ഇന്നും ജീവിക്കുന്ന ആരുടേയൊക്കെയോ മനസില്‍ ഒരു കൊള്ളിയാന്‍ പായും. മുഖ്യകഥാപാത്രങ്ങള്‍ക്ക് മാത്രമല്ല, വന്നുപോകുന്ന ഓരോ കഥാപാത്രങ്ങള്‍ക്കും ആഴത്തിലുള്ള ഉപകഥകള്‍ മെനയാന്‍ ഒരു മാസ്റ്റര്‍ ക്രാഫ്റ്റ്മാനേ സാധിക്കൂ. അന്താരാഷ്ട്ര സിനിമകളും പുസ്തകങ്ങളുമായി നിരന്തരം സമ്പര്‍ക്കമുണ്ടായിരുന്ന കെ.ജി ജോര്‍ജ് ഇത്തരത്തിലുള്ള സൂക്ഷ്മമായ ഡീറ്റെയ്‌ലിംഗില്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു.

പറഞ്ഞതിലധികം പറഞ്ഞ സിനിമ എന്നാണ് ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക് എന്ന സിനിമയെക്കുറിച്ച് എം.ടി വാസുദേവന്‍ നായര്‍ പറഞ്ഞത്. താനറിയുന്ന രണ്ട് വ്യക്തികളുടെ ജീവിതം പകര്‍ത്തുമ്പോഴും അതിനെ വൈകാരികമായി സമീപിക്കാതെ ഒരു കലാകാരന് മാത്രം കഴിയുന്ന ഡിറ്റാച്‌മെന്റ് കെ.ജി ജോര്‍ജ് സിനിമയില്‍ കാണിക്കുന്നുണ്ടെന്ന് നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസ് നിരീക്ഷിക്കുന്നു. താന്‍ ജോലി ചെയ്യുന്ന ഇടത്തെ തന്നെ മൂന്നാമതൊരാളായി നോക്കി കാണുക എളുപ്പമല്ല. ക്യാമറ ഫ്രെയ്മില്‍ സിനിമാലോകത്തെ അത്ര സുന്ദരമല്ലാത്ത കാഴ്ചകളെ മറച്ചുവെയ്ക്കാന്‍ ഒരു പ്രവണതയുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍, സത്യം കാണിക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്ന് കെ.ജി ജോര്‍ജ് തന്നെ 81/2 ഇന്റര്‍കട്ട് എന്ന ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്. സിനിമയില്‍ വിവിധ മേഖലകള്‍ കൈകാര്യം ചെയ്യുന്നവരുടെ ജീവിതം ഒട്ടും കലര്‍പ്പില്ലാതെ കെ.ജി ജോര്‍ജ് ഉള്‍കൊള്ളിച്ചിട്ടുണ്ട്.

പഴയ ലോകം മരിച്ചുകൊണ്ടിരിക്കുകയും പുതിയ ലോകം ജനിക്കാന്‍ പ്രയാസപ്പെടുകയും ചെയ്യുകയാണ് - ഇത് രാക്ഷസന്മാരുടെ സമയമാണെന്ന ഗ്രാംഷിയന്‍ ചിന്തയാണ് ഇരകളിലും പറഞ്ഞുവെയ്ക്കുന്നത്. പുതിയ തലമുറയിലെ ആനിയുടെ മകളെ ആനിയുടെ ഭര്‍ത്താവില്‍ നിന്ന് തട്ടിയെടുത്ത് മാത്യൂസ് പുത്തന്‍ പ്രതീക്ഷകളേയും തകര്‍ക്കുന്നിടത്ത് ഇരകളിലെ നിരാശ പരകോടിയിലെത്തുന്നു. നിലനില്‍പിന്റെ യുദ്ധത്തില്‍ അപ്പനെന്ന അതികായന്‍ ജയിക്കുന്നതോടെ ഹിംസയ്ക്ക് മേല്‍ ഹിംസയ്ക്ക് വിജയം കിട്ടുന്നു.

കെ.ജി ജോര്‍ജിന്റെ മറ്റൊരു ഗംഭീര സിനിമ ഇരകളാണ്. അതിന് മുമ്പോ ശേഷമോ അത്തരത്തില്‍ കുടുംബ വ്യവസ്ഥയേയും മനുഷ്യ മനസ്സിന്റെ ഹിംസയേയും അപഗ്രഥിച്ച സിനിമ മലയാളത്തില്‍ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. കറുപ്പിലും വെളുപ്പിലും കഥാപാത്രങ്ങളെ നിര്‍ത്തി നന്മ-തിന്മകളെക്കുറിച്ച് ക്ലാസെടുക്കുന്ന സിനിമകളില്‍ നിന്ന് വ്യത്യസ്തമായി ഒരു മനുഷ്യനില്‍ തന്നെ നന്മയും തിന്മയും ഉണ്ടാകാം എന്ന നരേറ്റീവ് കെ.ജി ജോര്‍ജ് എപ്പോഴും സിനിമകളില്‍ ഉപയോഗിച്ചിരുന്നു. ഇരകള്‍ വയലന്‍സിന്റെ മനഃശാസ്ത്രമാണ് ചര്‍ച്ച ചെയ്യുന്നത്. ബേബിയടക്കമുള്ള കഥാപാത്രങ്ങള്‍ വയലന്‍സിന്റെ ഇരകളാണ്. ബേബി അയാള്‍ അനുഭവിച്ച, അല്ലെങ്കില്‍ ചുറ്റുംകണ്ട വയലന്‍സിന്റേയും അവഗണനയുടേയും ഇരയാണ്. കാട് മൊത്തം വെട്ടിത്തെളിച്ച് റബ്ബര്‍ നട്ട് മൃഗങ്ങളെയെല്ലാം കൊന്നൊടുക്കി മനുഷ്യരെ അവയ്ക്ക് പകരം പ്രതിഷ്ഠിച്ചിരിക്കുകയാണ് മാത്യൂസ് എന്ന ബേബിയുടെ അപ്പന്‍. അയാളുടെ അപ്പന്‍ തോക്ക് പേടിപ്പിക്കാനാണ് ഉപയോഗിച്ചതെങ്കില്‍ മാത്യൂസ് അങ്ങനെയല്ല അയാള്‍ അത് വേണമെങ്കില്‍ മനുഷ്യനെ കൊല്ലാന്‍ വരെ ഉപയോഗിക്കും. മൃഗങ്ങളെയെല്ലാം മാത്യൂസ് കൊന്നൊടുക്കി ഇപ്പോഴിവിടെ മനുഷ്യര്‍ മാത്രമേയുള്ളൂ എന്ന് ബേബി വല്യപ്പച്ചനോട് പറയുന്നുണ്ട്. പക്ഷേ, ആ മനുഷ്യര്‍ മൃഗങ്ങളേക്കാള്‍ അപകടകാരികളാണെന്ന് ബേബി പറയുന്നില്ല. ബേബിയുടെ അസ്ഥിരമായ മനസ് നിരന്തരം വേട്ട ശീലിച്ച ഒരു മൃഗത്തിന്റേതിന് തുല്യമാണെന്ന് അയാളുടെ ഭ്രമങ്ങളിലൂടെയും സ്വപ്നങ്ങളിലൂടെയും ജോര്‍ജ് പറയുന്നു. പഴയ ലോകം മരിച്ചുകൊണ്ടിരിക്കുകയും പുതിയ ലോകം ജനിക്കാന്‍ പ്രയാസപ്പെടുകയും ചെയ്യുകയാണ് - ഇത് രാക്ഷസന്മാരുടെ സമയമാണെന്ന ഗ്രാംഷിയന്‍ ചിന്തയാണ് ഇരകളിലും പറഞ്ഞുവെയ്ക്കുന്നത്. പുതിയ തലമുറയിലെ ആനിയുടെ മകളെ ആനിയുടെ ഭര്‍ത്താവില്‍ നിന്ന് തട്ടിയെടുത്ത് മാത്യൂസ് പുത്തന്‍ പ്രതീക്ഷകളേയും തകര്‍ക്കുന്നിടത്ത് ഇരകളിലെ നിരാശ പരകോടിയിലെത്തുന്നു. നിലനില്‍പിന്റെ യുദ്ധത്തില്‍ അപ്പനെന്ന അതികായന്‍ ജയിക്കുന്നതോടെ ഹിംസയ്ക്ക് മേല്‍ ഹിംസയ്ക്ക് വിജയം കിട്ടുന്നു.


മാത്യൂസിന്റെ മകന്‍ ബേബിയ്ക്ക് സംഭവിക്കുന്ന മാനസിക വ്യതിയാനം ക്രമാനുഗതമായി സംഭവിക്കുന്നതാണ്. വെച്ചുനീട്ടുന്നതൊന്നും വേണ്ട, പിടിച്ചെടുക്കുമ്പോഴാണ് തനിക്ക് സന്തോഷം കിട്ടുക എന്ന് ബേബി ഒരു വേശ്യയെ ഭോഗിക്കാതെ തിരിച്ച് പോരുമ്പോള്‍ തന്റെ സുഹൃത്തിനോട് പറയുന്നുണ്ട്. പിടിച്ചെടുത്ത് ശീലിച്ച കുടുംബത്തിലെ രണ്ടാം തലമുറയ്ക്ക് അത് ശീലമാകുന്നത് സ്വാഭാവികം മാത്രം. അശാന്തി വിളയാടുന്ന ഒരു കുടുംബം മാത്യൂസ് വല്ലവിധേനയും അടക്കിഭരിക്കുമ്പോള്‍ ഇളയ മകന്‍ ബേബി ഒരു സീരിയല്‍ കൊലപാതകിയായി മാറുന്നു. ഇഷ്ടമില്ലാത്തവരെ കൊന്നുകളയുക എന്ന ഫാസിസ്റ്റ് രീതി അപ്പനിലും മകനിലും ഉണ്ട്. കാലഗതിക്കനുസരിച്ച് അപ്പനില്‍ അത് ഏറെക്കുറേ ഗുപ്തമാണെങ്കില്‍ മകനില്‍ അത് പ്രകടമാണ്. ആദ്യ സീനീല്‍ തന്നെ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന സൂചന ജോര്‍ജ് തരുന്നുണ്ട്. ഒരു മൃഗം അതിന്റെ ഇരയെ പിടിക്കുന്നത് പോലെയാണ് ബേബി തന്റെ ജൂനിയറിനെ കൊല്ലാനായി പിടിക്കുന്നത്. ആദ്യാവസാനം ഇര പിടിക്കുന്ന മടുക്കാത്ത ഒരു മൃഗത്തിന്റെ തൃഷ്ണ ബേബിയില്‍ ഉണ്ട്. കൗതുകമെന്തെന്നാല്‍ കെ.ജി ജോര്‍ജ് പ്രതിസ്ഥാനത്ത് നിര്‍ത്തിയ മാത്യൂസ് എന്ന കഥാപാത്രവും അയാളുടെ സമ്പന്ന പശ്ചാത്തലവും ആഭിജാത്യവും മക്കള്‍ മാഹാത്മ്യവും ഗര്‍വുമെല്ലാം വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയില്‍ നായക കഥാപാത്രങ്ങളുടെ കഥാപരിസരമായി പരിണമിച്ചു എന്നതാണ് ജോര്‍ജില്‍ നിന്ന് മലയാള സിനിമ എത്രമാത്രം തിരിച്ചുനടന്നു എന്നതിന് തെളിവ്. പണവും ഹിംസയും എത്രമാത്രം കൈകോര്‍ത്ത് പിടിച്ചിരിക്കുന്നു എന്ന പരിശോധന ഇരകളില്‍ സാധ്യമാണ്.

സമകാലിക രാഷ്ട്രീയത്തില്‍ കാണുന്ന പല വിചിത്ര സംഭവങ്ങളും ഓര്‍ക്കുമ്പോള്‍ പഞ്ചവടിപ്പാലം ഒട്ടും അതിശയോക്തിയില്ലാത്ത കഥയാണ്. ശ്രീനിവാസന്‍ അഭിനയിച്ച കാലില്ലാത്ത ആളുടെ കഥാപാത്രം എല്ലാത്തിനും സാക്ഷിയാണ്. അയാള്‍ മാത്രമാണ് യാഥാര്‍ത്ഥ്യത്തില്‍ അവിടെ ജീവിക്കുന്നത്. പക്ഷേ, ആ ബോധം പാലം തകര്‍ന്ന് വീഴുന്നതോടെ ഇല്ലാതാകുകയും ചെയ്യുന്നു.

കെ.ജി ജോര്‍ജ് തന്റെ സിനിമാസമീപനത്തില്‍ ഒരു പാരഡിം ഷിഫ്റ്റ് നടത്തുന്നത് പഞ്ചവടിപ്പാലത്തിലൂടെയാണ്. ക്യാരിക്കേച്ചറുകളുടെ ഒരു സമ്മേളനമാണ് ആ സിനിമ. സറ്റയര്‍ സിനിമകള്‍ക്ക് ഒരു ക്ലാസിക്കല്‍ ഉദാഹരണം. ഒരു വി.ക.എന്‍ കഥ വായിക്കുന്നതുപോലെ കണ്ട് പോകാവുന്ന സൃഷ്ടിയാണ് പഞ്ചവടിപ്പാലം. അതിലെ പേരുകള്‍ തന്നെ നോക്കൂ, ദുശ്ശാസനക്കുറുപ്പ്, ശിഖണ്ഡിപിള്ള, മണ്ഡോദരി, പൂതന, യൂദാസ്‌കുഞ്ഞ്, ബറാബസ്, ജീമൂതവാഹനന്‍, ജഹാംഗീര്‍ താത്ത എല്ലാം ഔട്ട് ഓഫ് ദ വേള്‍ഡ് പേരുകളാണ്. തികച്ചും ഒരു സമാന്തര ലോകം സൃഷ്ടിച്ചിരിക്കുകയാണ് ജോര്‍ജ്. എന്നിട്ട് അവരെക്കൊണ്ട്

യഥാര്‍ഥ ലോകത്തിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യിക്കുന്നു. സറ്റയര്‍ മനസിലാകാത്തവര്‍ക്കും കാണാന്‍ കഴിയുന്ന ഹാസ്യ സിനിമയാണ് പഞ്ചവടിപ്പാലം. കാര്‍ട്ടൂണിസ്റ്റ് യേശുദാസനാണ് പഞ്ചവടിപ്പാലത്തിന്റെ സംഭാഷണം എഴുതിയിട്ടുള്ളത്. ഒരു കാര്‍ട്ടൂണിസ്റ്റിന്റെ മൂര്‍ച്ചയുള്ള സംഭാഷണ ശൈലി വേണമെന്ന സംവിധായകന്റെ ശാഠ്യമാണ് മുന്‍ മാതൃകകള്‍ ഇല്ലാത്ത ഈ സിനിമയുടെ കാതല്‍. അതിന് ശേഷം മലയാളത്തില്‍ സംഭവിച്ചു എന്നു പറയുന്ന സറ്റയര്‍ സിനിമകളെല്ലാം പഞ്ചവടിപ്പാലത്തിന്റെ വികൃതമായതും ലക്ഷ്യത്തിലെത്താത്തതുമായ അനുകരണങ്ങളാണ്. സമകാലിക രാഷ്ട്രീയത്തില്‍ കാണുന്ന പല വിചിത്ര സംഭവങ്ങളും ഓര്‍ക്കുമ്പോള്‍ പഞ്ചവടിപ്പാലം ഒട്ടും അതിശയോക്തിയില്ലാത്ത കഥയാണ്. ശ്രീനിവാസന്‍ അഭിനയിച്ച കാലില്ലാത്ത ആളുടെ കഥാപാത്രം എല്ലാത്തിനും സാക്ഷിയാണ്. അയാള്‍ മാത്രമാണ് യാഥാര്‍ത്ഥ്യത്തില്‍ അവിടെ ജീവിക്കുന്നത്. പക്ഷേ, ആ ബോധം പാലം തകര്‍ന്ന് വീഴുന്നതോടെ ഇല്ലാതാകുകയും ചെയ്യുന്നു. വീണ്ടും കാണുമ്പോള്‍ മറ്റെന്തൊക്കെയോ കൂടി ചേര്‍ത്തുവായിക്കാവുന്ന സിനിമയാണിത്. നിരാശരും ഹതാശരുമായ കഥാപാത്രങ്ങളെ മാത്രം ജോര്‍ജിന്റെ സിനിമയില്‍ കൈകാര്യം ചെയ്തിരുന്ന ഗോപി, തിലകന്‍, ശ്രീവിദ്യ, നെടുമുടി വേണു തുടങ്ങിയവര്‍ അടിമുടി ഹാസ്യം കൈകാര്യം ചെയ്യുന്ന മാജിക്ക് പഞ്ചവടിപ്പാലത്തില്‍ സംഭവിച്ചു. അഭിനേതാക്കളെ കഥയ്ക്കനുസരിച്ച് ഒരുക്കിയെടുക്കുന്ന ജോര്‍ജിയന്‍ രീതിയുടെ ഉത്തമ ഉദാഹരണമാണ് പഞ്ചവടിപ്പാലം.


കോലങ്ങള്‍, ആദാമിന്റെ വാരിയെല്ല്, മറ്റൊരാള്‍ തുടങ്ങിയ സിനിമകള്‍ കേരളത്തിലെ ഇടത്തരം കുടുംബ ജീവിതങ്ങളിലെ സങ്കീര്‍ണതകളേയും സ്ത്രീ-പുരുഷ ബന്ധങ്ങളേയും ആഴത്തില്‍ പഠനവിധേയമാക്കുകയാണ്. കെ.ജി ജോര്‍ജിന്റെ ആദ്യ സിനിമ മുതല്‍ അവസാന സിനിമ വരെ പരിശോധിച്ചാല്‍ കേരളത്തിലെ സ്ത്രീകളുടെ പോരാട്ടത്തിന്റേയും, അതിജീവനത്തിന്റേയും, അഭിലാഷത്തിന്റേയും ചരിത്രം പല പല അടരുകളിലായി അതില്‍ കാണാം എന്ന് സി.എസ് വെങ്കിടേശ്വരന്‍ നിരീക്ഷിക്കുന്നുണ്ട്. ആദാമിന്റെ വാരിയെല്ലിലെ ആലീസും, അമ്മിണിയും വാസന്തിയും പുരുഷ കേന്ദ്രീകൃതമായ ഒരു വ്യവസ്ഥയ്ക്ക് കീഴില്‍ ജീവിക്കുകയും അതിന്റെ ഞെരുക്കത്തില്‍ ഒടുങ്ങുകയും ചെയ്യുന്നുണ്ട്. ഒരു ഘട്ടത്തില്‍ സംവിധായകന് തന്നെ പിടികൊടുക്കാതെ ക്യാമറ തട്ടിത്തെറിപ്പിച്ച് പായുന്ന സ്ത്രീകളുടെ പ്രചോദനമായി അമ്മിണി മാറുന്നു. ആദാമിന്റെ വാരിയെല്ലിലെ ഫോര്‍ത് വാള്‍ ബ്രേക്ക് ചെയ്ത ആ ക്ലൈമാക്‌സ് രംഗം മലയാള സിനിമാചരിത്രത്തിലെ ഏറ്റവും വിപ്ലവകരമായ രംഗങ്ങങ്ങളില്‍ ഒന്നാണ്. മുതലാളിത്തത്തിന്റെ എല്ലാ പ്രവണതകളുമുള്ള ഒരു യൂണിറ്റാണ് കുടുംബം എന്ന മാര്‍ക്‌സിയന്‍ ചിന്തയെ പല കഥകളിലൂടെ ചര്‍ച്ചയ്ക്ക് വിധേയമാക്കുകയാണ് ജോര്‍ജ് ചെയ്യുന്നത്. അധികാരക്രമത്തെ എതിര്‍ക്കാതെ അനുസരിക്കാന്‍ കുടുംബവ്യവസ്ഥ നിര്‍ബന്ധിക്കുന്നുണ്ടെന്ന് മാര്‍ക്‌സ് നിരീക്ഷിക്കുന്നുണ്ട്. വാസന്തിയ്ക്ക് സംഭവിക്കുന്ന ആ സര്‍റിയല്‍ അനുഭവം ഇതിന്റെ ആഴം വിവരിക്കുന്നു. ആലീസിന് രക്ഷയായി സ്വന്തം കുടുംബം പോലുമില്ല. ഇതെല്ലാം ഇന്നിന്റേയും കഥകളാണല്ലോ എന്ന് ഓര്‍ക്കുമ്പോഴാണ് കെ.ജി ജോര്‍ജ് എന്ന ക്രാന്തദര്‍ശിയുടെ വൈഭവം നമുക്ക് വെളിവാകുന്നത്.

കെ.ജി ജോര്‍ജ് പ്രശ്‌നവത്കരിച്ച കുടുംബം എന്ന വ്യവസ്ഥിതി ഒരു തിരിച്ച് വരവിന് ശ്രമിച്ചു. അണുകുടുംബങ്ങളിലേക്കുള്ള മാറ്റം സഹിക്കാനാകാതെ കൂട്ടുകുടുംബത്തിന്റെ പ്രതാപം പേറുന്ന നിരവധി സിനിമകള്‍ വന്നു തുടങ്ങി. അമ്മ അമ്മായിയമ്മ, കുടുംബം, കുടുംബ പുരാണം, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, വാത്സല്യം തുടങ്ങി നിരവധി ചിത്രങ്ങള്‍ കുടുംബ ബന്ധങ്ങളിലെ ശൈഥില്യങ്ങള്‍ ചര്‍ച്ചയ്ക്ക് വച്ചു. പതുക്കെയാണെങ്കിലും മാതൃകാ കുടുംബമെന്ന സങ്കല്‍പ്പത്തിലേക്ക് സമൂഹത്തിന്റെ ശ്രദ്ധ വീണ്ടും തിരിച്ചുവിടാന്‍ ഈ സിനിമകള്‍ക്കായി.

സമകാലിക സംഭവങ്ങളെ സൂക്ഷ്മമായി പഠിക്കുകയും അതിന് വിദഗ്ധമായി ചലചിത്രഭാഷ ഒരുക്കുകയും ചെയ്തു കെ.ജി ജോര്‍ജ്. കലാസിനിമകളുടെ നിയോ റിയലിസ്റ്റിക്കും താരതമ്യേന വരണ്ടതുമായ കഥപറച്ചില്‍ രീതിയെ പാടെ ഒഴിവാക്കി, കാണികള്‍ക്ക് മനസിലാകുന്ന ഭാഷയിലേക്ക് സിനിമയെ എന്‍കോഡ് ചെയ്യാന്‍ കെ.ജി ജോര്‍ജിനായി. സമൂഹത്തിന്റെ മനഃശാസ്ത്രത്തെ നിരന്തരം പ്രശ്‌നവത്കരിച്ചും വ്യക്തികളെ രൂപപ്പെടുത്തുന്ന സാഹചര്യങ്ങളെ നമുക്ക് വ്യക്തമായി കാണിച്ചുതന്നും സിനിമയെ ഒരു സോഷ്യല്‍ സ്റ്റഡീസ് ലാബാക്കി ജോര്‍ജ് മാറ്റി. ഗ്രാമത്തിന്റെ വിശുദ്ധി, കുടുംബത്തിന്റെ ഭദ്രത, സ്ത്രീയുടെ അടക്കവും ഒതുക്കവും, ലൈംഗീകതയുടെ പൂര്‍ത്തീകരണം തുടങ്ങി നിരവധി വിഷയങ്ങളെ സൂക്ഷ്മമായി തന്റെ സിനിമകളിലൂടെ അദേഹം അപഗ്രഥിച്ചു. ഗ്രാമ വിശുദ്ധിയെ തള്ളികളഞ്ഞു, കുടുംബത്തിന്റെ ഭദ്രതയില്‍ ഒളിഞ്ഞിരിക്കുന്ന ഫ്യൂഡല്‍ താല്‍പര്യങ്ങളെ വെളിച്ചത്താക്കി, സ്ത്രീയ്ക്ക് മാത്രമായി കല്‍പിച്ച് കൊടുത്തിരുന്ന അടക്കവും ഒതുക്കവുമെന്ന സങ്കല്‍പം മിത്താണെന്ന് ആവര്‍ത്തിച്ചു. ലൈംഗീകതയുടെ പൂര്‍ത്തീകരണത്തിന് പുരുഷന്റെ പോലെ സ്ത്രീയ്ക്കും അവകാശമുണ്ടെന്ന് പലപ്പോഴായി കാണിച്ചുതന്നു. കെ.ജി ജോര്‍ജിന് സിനിമകള്‍ കേവലം കലയുടേയോ കച്ചവടത്തിന്റേയോ മാര്‍ഗമായിരുന്നില്ല. കെ.ജി ജോര്‍ജ് തന്നെ ഒരിക്കല്‍ പറഞ്ഞപോലെ, സത്യം വേദനചേര്‍ത്ത് പറയുന്ന ധര്‍മമാണ് സിനിമയിലൂടെ അദ്ദേഹം നിറവേറ്റികൊണ്ടിരുന്നത്.

തൊണ്ണൂറുകളോടെ കെ.ജി ജോര്‍ജിന്റെ സിനിമാജീവിതത്തിന് വേഗത കുറഞ്ഞു. ചെയ്യുന്ന സിനിമകള്‍ തമ്മിലുള്ള ഇടവേളകള്‍ വര്‍ധിച്ചുവന്നു. ആഗോളവത്കരണ പ്രവണതകളും സമൂഹം കൂടുതല്‍ വ്യക്തികേന്ദ്രീകൃതമായതും സിനിമയേയും ബാധിച്ചു. മലയാള സിനിമാ വ്യവസായത്തില്‍ കൂടുതല്‍ മുതലാളിത്ത പ്രവണതകള്‍ വന്നതോടെ കഥ പറച്ചില്‍ രീതിയ്ക്ക് വലിയ മാറ്റം വന്നു. കെ.ജി ജോര്‍ജ് പ്രശ്‌നവത്കരിച്ച കുടുംബം എന്ന വ്യവസ്ഥിതി ഒരു തിരിച്ച് വരവിന് ശ്രമിച്ചു. അണുകുടുംബങ്ങളിലേക്കുള്ള മാറ്റം സഹിക്കാനാകാതെ കൂട്ടുകുടുംബത്തിന്റെ പ്രതാപം പേറുന്ന നിരവധി സിനിമകള്‍ വന്നു തുടങ്ങി. അമ്മ അമ്മായിയമ്മ, കുടുംബം, കുടുംബ പുരാണം, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, വാത്സല്യം തുടങ്ങി നിരവധി ചിത്രങ്ങള്‍ കുടുംബ ബന്ധങ്ങളിലെ ശൈഥില്യങ്ങള്‍ ചര്‍ച്ചയ്ക്ക് വച്ചു. പതുക്കെയാണെങ്കിലും മാതൃകാ കുടുംബമെന്ന സങ്കല്‍പ്പത്തിലേക്ക് സമൂഹത്തിന്റെ ശ്രദ്ധ വീണ്ടും തിരിച്ചുവിടാന്‍ ഈ സിനിമകള്‍ക്കായി. ഒരുപക്ഷേ അന്താരാഷ്ട്ര സിനിമകള്‍ ബുദ്ധിജീവി സദസ്സുകള്‍ക്ക് മാത്രമാണന്ന മിഥ്യാധാരണ പടര്‍ത്തി മൂലധനശക്തികള്‍ മുഖ്യധാരാ സിനിമയെ ഹൈജാക്ക് ചെയ്തു. ഇത്തരമൊരു സാഹചര്യത്തില്‍ വിഡ്ഢികളായ ഭൂരിപക്ഷത്തിന് കടിഞ്ഞാണ്‍ കൈമാറി മാറി നില്‍ക്കാനേ കെ.ജി ജോര്‍ജിനെപ്പോലുള്ള സംവിധായകര്‍ക്കാകൂ. ഇപ്പോള്‍ അദ്ദേഹത്തോട് പറയണമെന്നുണ്ട് 'ഇത്രയും വേഗം നടക്കണ്ടായിരുന്നു പ്രിയപ്പെട്ട ജോര്‍ജ്. താങ്കള്‍ നടത്തം നിര്‍ത്തിയിട്ടും ഞങ്ങള്‍ ഓടിയെത്തുന്നില്ല' എന്ന്.


TAGS :