Quantcast
MediaOne Logo

സക്കീര്‍ ഹുസൈന്‍

Published: 13 Feb 2023 6:29 AM GMT

തിയറ്റര്‍, ആര്‍ട്ട് തെറാപ്പിയുമായി പല്ലവി ചന്ദര്‍

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മനോരോഗ ബാധിതര്‍ക്കും നാടകവും കലയും ഉപയോഗിച്ച് തിയറ്റര്‍, ആര്‍ട്ട് തെറാപ്പിയിലൂടെ ചികിത്സയുടെ മറ്റൊരു മേഖലയില്‍ സഞ്ചരിക്കുകയാണ് സി. പല്ലവി (പല്ലവി ചന്ദര്‍). മുംബൈയില്‍ നീലംമാന്‍ സിംഗിന്റെ നൃത്തപരിപാടിയില്‍ പങ്കെടുത്തതിനു ശേഷം ഇറ്റ്‌ഫോക്ക് വേദിയിലെത്തിയതായിരുന്നു പല്ലവിയും നാടക പ്രവര്‍ത്തകനുമായ ജീവിത പങ്കാളി ഗ്യാന്‍ദേവ് സിംഗും. |Itfok2023

തിയറ്റര്‍, ആര്‍ട്ട് തെറാപ്പിയുമായി പല്ലവി ചന്ദര്‍
X

രാജ്യത്ത് തിയറ്റര്‍, ആര്‍ട്ട് തെറാപ്പി ശ്രദ്ധിക്കപ്പെട്ടു വരുന്നതേയുള്ളൂ. ഈ മേഖലയില്‍ വിദേശ പഠനം പൂര്‍ത്തിയാക്കിയ പല്ലവി തന്റേതായ വഴി വെട്ടിതുറക്കുകയാണ്. ബാച്ചലര്‍ ഓഫ് വിഷ്വല്‍ ആര്‍ട്‌സും ശില്‍പകലയും പഠിച്ചശേഷം ഇംഗ്ലണ്ടില്‍ തിയറ്റര്‍ -ആര്‍ട്ട് തെറാപ്പി പഠിച്ചു. തെരുവുനാടകവേദികളില്‍ സജീവമായിരിക്കെയാണ് തെറാപ്പിയിലേക്ക് തിരിഞ്ഞത്.

കല ഒരു സംരക്ഷണ കവചം നാടകവും മറ്റു കലകളും ജനങ്ങള്‍ക്കു വേണ്ടിയാകണമെന്നാണ് ഞാന്‍ കരുതുന്നത്. ആ ചിന്തയാണ് എന്നെ ബാംഗ്‌ളൂരില്‍ തെരുവു നാടകത്തില്‍ എത്തിച്ചത്. റഫീഖി എന്ന സംഘടനയിലായിരുന്നു ഞാന്‍. സാമൂഹിക പ്രാധാന്യമുള്ള നിരവധി തെരുവുനാടകങ്ങള്‍ ഞങ്ങള്‍ ചെയ്തു. വിദ്യാഭ്യാസം, തുല്യത, മാലിന്യ പ്രശ്‌നം തുടങ്ങിയവ അതില്‍ ചിലതാണ്. രാഷ്ട്രീയ വിഷയങ്ങളിലും വനിതകളുടെ വിവിധ പ്രശ്‌നങ്ങളിലും ഞങ്ങള്‍ ഇടപ്പെട്ടു. ഈ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് ഓട്ടിസവും മറ്റും ബാധിച്ച കുട്ടികളുടെയും മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെയും കാര്യം ശ്രദ്ധയില്‍ പെട്ടത്. അവരെ ശുശ്രൂഷിക്കാന്‍ തിയറ്റര്‍, ആര്‍ട്ട് തെറാപ്പി അനുയോജ്യമാണെന്ന് മനസിലാക്കിയപ്പോഴാണ് ഈ രംഗത്തേക്ക് തിരിഞ്ഞത്. നമ്മുടെ രാജ്യത്ത് ഇതിന് സര്‍ട്ടിഫിക്കറ്റ് കോഴ്‌സേയുളളൂ. അത് ചെയ്ത ശേഷം സ്‌കോളര്‍ഷിപ്പില്‍ യു.കെ റോയല്‍ സെന്‍ട്രല്‍ സ്‌കൂളില്‍ ഡ്രാമ ആന്റ് മൂവ്‌മെന്റ് തെറാപ്പിയില്‍ ഉപരിപഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് അവിടെ മാനസിക വെല്ലുവിളികളും മാനസികാരോഗ്യ പ്രശ്‌നങ്ങളുമുള്ള പ്രായപൂര്‍ത്തിയായവര്‍ക്കിടയില്‍ രണ്ടുകൊല്ലം പ്രവര്‍ത്തിച്ചു. 2017 മുതല്‍ ബാംഗ്‌ളൂരില്‍ പ്രവര്‍ത്തിച്ചുവരുന്നു.

വൈദ്യ സഹായം ആവശ്യമായ അവരുടെ വലിയ പ്രശ്‌നങ്ങള്‍ തെറാപ്പിയിലൂടെ പരിഹരിക്കാനാവില്ല. പക്ഷേ, അവരുടെ മാനസിക സംഘര്‍ഷങ്ങള്‍ കുറച്ച്, നാടകത്തിന്റെയും കലയുടെയും സഹായത്താല്‍ ചിന്തകളെയും പെരുമാറ്റങ്ങളെയും സാധാരണ നിലയിലാക്കാന്‍ സാധിക്കും. അതാണ് ഞാന്‍ ചെയ്യുന്നത്.


ഒറ്റരാത്രികൊണ്ട് പ്രശ്‌നങ്ങള്‍ തീര്‍ക്കാനാവില്ല. ഘട്ടം ഘട്ടമായേ അവരില്‍ മാറ്റം വരുത്താനാവൂ. 'എല്ലാവര്‍ക്കുമായി പൊതുവായ പരിപാടികളാണ് ആദ്യം ചെയ്യുക. വിവിധ കലകള്‍ പരിചയപ്പെടുത്തി അവരെ കൊണ്ട് സാവധാനത്തില്‍ ചെയ്യിക്കുക, വളരെ ചെറിയ തോതില്‍ നാടകം ചെയ്യിക്കുക എന്നിവയാണ് ആദ്യഘട്ടം. ഓരോരുത്തര്‍ക്കും ഏതിലാണ് താല്‍പര്യമെന്ന് മെല്ലെ മനസിലാക്കും. അതനുസരിച്ച് അവരെ അതില്‍ ഇടപ്പഴകിപ്പിക്കും. ഇതുപക്ഷേ, രഹസ്യമായേ ചെയ്യൂ. നൃത്തമോ, പെയിന്റിങ്ങോ, നാടകമോ, ഗാനമോ തുടങ്ങി അവരുടെ താല്‍പര്യമനുസരിച്ചാണ് തെറാപ്പി മുന്നോട്ടു പോവുക. ഓരോരുത്തരും ഏത് കലയിലാണ് വ്യക്തിപരമായി ഇടപഴകുന്നത് എന്നത് മറ്റുള്ളവര്‍ അറിയാതിരിക്കുമ്പോഴാണ് ഈ പ്രക്രിയ വിജയത്തിലെത്തുക.

സ്വാഭാവികമായും ആദ്യമാദ്യം അവര്‍ക്ക് മടിയും ഭയവുമുണ്ടാകും. വ്യക്തിപരമായി സംസാരിച്ച് ആത്മവിശ്വാസമുണ്ടാക്കിയശേഷം അവരെകൊണ്ട് വിവിധ പ്രവര്‍ത്തനങ്ങള്‍ ചെയ്യിക്കുകയാണ്. ആദ്യമാദ്യം വിവിധ ഷോകളും അവതരണങ്ങളും അവരെ കാണിക്കുകയാണ്. പിന്നീട് അതിനെക്കുറിച്ച് ചര്‍ച്ചയിലേക്ക് അവരെ കൊണ്ടു പോകും. അഭിപ്രായങ്ങള്‍ ആരായുകയും ചെയ്യും.

അവരുടെ ആത്മവിശ്വാസം വളര്‍ത്തുകയാണ് ചെയ്യുന്നത്. തെറാപ്പിയുടെ വിജയത്തില്‍ രക്ഷിതാക്കള്‍ക്ക് ഇതില്‍ വലിയ പങ്കുണ്ട്. ഈ തെറാപ്പി അവരുടെ മറ്റു കാര്യങ്ങളിലും വളരെ സഹായിക്കും. അവരുടെ ബന്ധങ്ങളിലും മറ്റും. പെണ്‍കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ കൊടുക്കാറുണ്ട്. ആര്‍ത്തവ സംബന്ധിയായതും മറ്റുമുള്ള അവരുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് അവരെ പ്രാപ്തരാക്കും.


ജീവിത പങ്കാളി ഗ്യാന്‍ദേവ് സിംഗിനോടൊപ്പം പല്ലവി

ബാംഗ്‌ളൂരില്‍ ഇപ്രകാരം വിവിധ ഗ്രൂപ്പുകള്‍ക്കൊപ്പം ഞാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കോവിഡ് കാലത്ത് അമൈതി കോര്‍ണര്‍ എന്ന ഒരു കേന്ദ്രം തുടങ്ങി. മനസു മാത്തു എന്നൊരു പദ്ധതി അടുത്തിടെയാണ് പൂര്‍ത്തിയായത്. മനോരോഗമുള്ളവര സ്‌നേഹിക്കുക എന്നതായിരുന്നു അതിന്റെ പ്രമേയം. മനോരോഗത്തെക്കുറിച്ച് നമ്മള്‍ സംസാരിക്കുമെങ്കിലും മനോരോഗികളുടെ പ്രശ്‌നങ്ങള്‍ നമ്മളെ അലട്ടാറില്ല. അവര്‍ക്കായി ഒരിടം - അതാണ് പദ്ധതി. കലയുടെ സഹായത്താല്‍ അവരെ ഊര്‍ജസ്വലരാക്കുകയാണ്. ജീവിതത്തിന്റെ മറ്റു മേഖലകളില്‍ അവരെ ബന്ധിപ്പിക്കുക. പ്രക്രിയയുടെ തുടര്‍ച്ച ഉറപ്പു വരുത്തുകയും ചെയ്യുക. ഇതാണ് നടന്നു വരുന്നത്.

ക്ലിനിക്കല്‍ സഹായത്തോടെ ഓരോരുത്തര്‍ക്കും വ്യക്തിപരമായും കുറച്ചുപേര്‍ അടങ്ങുന്ന സമൂഹത്തിനായും തെറാപ്പി ചെയ്യാറുണ്ട്. ആവശ്യവും സ്വഭാവവുമനുസരിച്ചാണ് ഇതിന്റെ ദൈര്‍ഘ്യം നിശ്ചയിക്കാനാവുക.

കുട്ടികളിലാണ് ഞാന്‍ കൂടുതല്‍ കേന്ദ്രീകരിക്കുന്നത്. മുതിര്‍ന്നവര്‍ക്കു വേണ്ടിയും ചെയ്യാറുണ്ട്. വര്‍ഷത്തിലൊരിക്കല്‍ ഇവരുടെ അവതരണങ്ങള്‍ക്ക് വേദിയൊരുക്കാറുണ്ട്. ചുരുങ്ങിയത് ആറ് വര്‍ഷമെങ്കിലുമെടുത്തെങ്കിലേ ഇതിന്റെ ഫലം കാണാനാവൂ. ഭിന്നശേഷി കുട്ടികളെ കൈകാര്യം ചെയ്യുന്നതു പോലെ മനോരോഗികളെ കൈകാര്യം ചെയ്യല്‍ എളുപ്പമല്ല. ക്ലിനിക്കല്‍ പിന്തുണയോടെയും സോക്ടറുടെ ഉപദേശപ്രകാരവുമാണ് മുന്നോട്ടു പോകാനാവുക. കലയെ സംരക്ഷണത്തിനുള്ള കവചമായാണ് ഞാന്‍ കാണുന്നത്. അതിന് അനന്തസാധ്യതകളാണുളളത്.

TAGS :