Quantcast
MediaOne Logo

യാസർ ഖുത്തുബ്

Published: 22 July 2022 10:09 AM GMT

ടെസ്‌ല: അറിയപ്പെടാത്ത അതികായകന്‍

'മനുഷ്യസ്‌നേഹിയായ ഈ ശാസ്ത്രജ്ഞനാണ് വരാനിരിക്കുന്ന പല കണ്ടുപിടുത്തങ്ങളുടെയും കൂടി ഉപജ്ഞാതാവ്. ' എന്നാണ് സാഹിത്യകാരനായ മാര്‍ക്ക് ട്വയിന്‍ തന്റെ ആത്മസുഹൃത്ത് കൂടി ആയിരുന്ന ടെസ്ലയെ കുറിച്ച് പറഞ്ഞത്. അത് അക്ഷരം പ്രതി ശരിയായിരുന്നെന്ന് കാലം തെളിയിക്കുന്നു.

ടെസ്‌ല: അറിയപ്പെടാത്ത അതികായകന്‍
X
Listen to this Article

ലോകത്തെ ശാസ്ത്ര തല്‍പരര്‍ ജൂലൈ മാസത്തിലാണ് ടെസ്‌ല ആഘോഷങ്ങളും എഡിസണ്‍ വിരുദ്ധ ക്യാമ്പയിനും ആചരിക്കുന്നത്. മനുഷ്യകുലത്തിന് തന്നെ ഏറ്റവും ഉപകാരപ്രദമായ നൂറിലധികം കണ്ടുപിടിത്തങ്ങള്‍ നടത്തിയ മഹാപ്രതിഭയാണ് നിക്കോളാ ടെസ്‌ല.

പല സാധാരണക്കാരും ഈ പേര് കേള്‍ക്കുന്നത് തന്നെ, ഈ അടുത്തകാലത്ത് എലോണ്‍ മസ്‌കിന്റെ ഇലക്ട്രിക് വാഹന കമ്പനി, ടെസ്‌ല എന്ന പേര് സ്വീകരിച്ചപ്പോഴാണ്. മുന്നൂറിലധികം പേറ്റന്റുകള്‍ ലഭിച്ച ടെസ്‌ലയാണ് ആധുനിക ലോകത്തെ മനുഷ്യന്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന വൈദ്യുതി-എസി (Alternative Current) പവര്‍ സപ്ലൈ ഡിസൈന്‍ ചെയ്തത്.


'മനുഷ്യസ്‌നേഹിയായ ഈ ശാസ്ത്രജ്ഞനാണ് വരാനിരിക്കുന്ന പല കണ്ടുപിടുത്തങ്ങളുടെയും കൂടി ഉപജ്ഞാതാവ്. ' എന്നാണ് സാഹിത്യകാരനായ മാര്‍ക്ക് ട്വയിന്‍ തന്റെ ആത്മസുഹൃത്ത് കൂടി ആയിരുന്ന ടെസ്‌ലയെ കുറിച്ച് പറഞ്ഞത്. അത് അക്ഷരം പ്രതി ശരിയായിരുന്നെന്ന് കാലം തെളിയിക്കുന്നു.

വയര്‍ലെസ് വൈദ്യുതി, നീരാവി ഉപയോഗിച്ചുള്ള ഓസിലേറ്റിങ് ജനറേറ്റര്‍, വാക്വം ട്യൂബ് എക്‌സറേ, റേഡിയോ റിമോട്ട് കണ്‍ട്രോള്‍, ടര്‍ബൈന്‍, നിയോണ്‍ ബള്‍ബുകള്‍, ഇന്‍ഡക്ഷന്‍ മോട്ടോര്‍, ഫാനില്‍ ഉപയോഗിക്കുന്ന കോയിലുകള്‍ തുടങ്ങിയ ധാരാളം കണ്ടുപിടുത്തങ്ങള്‍ ഇദ്ധേഹമാണ് നടത്തിയത്. അമേരിക്കയിലെയും കാനഡയിലെയും ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയും ഇദ്ധേഹത്തിന്റെ സംഭാവനയാണ്. അന്തര്‍വാഹിനി മുതല്‍ ലംബമായി ഉയര്‍ന്നു പറക്കുന്ന വിമാന ഘടകങ്ങള്‍ക്ക് വരെ അദ്ധേഹത്തിനു പേറ്റന്റ് ഉണ്ടായിരുന്നു.


അതേസമയം, തോമസ് ആല്‍വ എഡിസനെ ലോകം ആഘോഷിച്ച പോലെ, നിക്കോളാസ് ടെസ്‌ലയെ ആരും കൊണ്ടാടിയിട്ടില്ല. തന്റെ അറിവിനെയും കണ്ടുപിടുത്തങ്ങളെയും എഡിസണ്‍ വാണിജ്യവല്‍ക്കരിച്ചതു വഴി കോടീശ്വരനായപ്പോള്‍, അദ്ദേഹത്തേക്കാള്‍ കൂടുതല്‍ കണ്ടുപിടിത്തങ്ങള്‍ നടത്തിയ ടെസ്‌ല, ദരിദ്രനും ഏകാകിയുമായി 1943 ജനുവരിയില്‍ ന്യൂയോര്‍ക്കിലെ ഹോട്ടല്‍ മുറിയില്‍ മരണമടഞ്ഞു. ഹോട്ടലിന്റെ വാടക കൊടുക്കാന്‍ പോലും അദ്ദേഹത്തിന്റെ കയ്യില്‍ പണമില്ലായിരുന്നു.

മരണത്തിന് ശേഷമാണ് ആ പ്രതിഭയെ ലോകം കൂടുതലായി തിരിച്ചറിഞ്ഞതും ധാരാളം ആദരവുകള്‍ നല്‍കിയതും. പക്ഷേ, ലോകത്ത് ഇന്ന് ഏറ്റവുമധികം ഫാന്‍ ബോയ്കള്‍ ഉള്ള ഒരു ശാസ്ത്രജ്ഞന്‍ ഇദ്ധേഹം ആയിരിക്കും. ഈ ടെസ്ല ആരാധകരാണ് ആന്റി എഡിസണ്‍ മൂവ്‌മെന്റിന് നേതൃത്വം നല്‍കുന്നത്. ഇവരുടെ ടീഷര്‍ട്ടുകള്‍ ഇന്നും ലോകത്തെല്ലായിടത്തും വില്‍പ്പന നടക്കുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ആമസോണില്‍ നിന്നും ഓണ്‍ലൈന്‍ ആയി F#%k Ediosn എന്നെഴുതിയ ടീഷര്‍ട്ടുകള്‍ ലഭിക്കും. ജൂലൈ അവസാന വാരത്തിലാണ് ഈ എഡിസണ്‍ വിരുദ്ധ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കാറുള്ളത്.


ഇന്നത്തെ ക്രൊയേഷ്യയില്‍ 1856 ജൂലൈ 10നാണ് നിക്കോളാസ് ടെസ്‌ല ജനിക്കുന്നത്. കുഞ്ഞുനാളില്‍ തന്നെ എന്‍ജിനീയറിങ് പഠിക്കണം എന്നായിരുന്നു ആഗ്രഹം. അവന്റെ അച്ഛനാണെങ്കില്‍ മകന്‍ ഒരു പാതിരി ആയി കാണാനായിരുന്നു ഇഷ്ടം. പഠനത്തില്‍ മിടുക്കനായ ടെസ്‌ല 1870 എഴുപതുകളില്‍ ഫിസിക്‌സിലും എന്‍ജിനീയറിങ്ങിലും പഠനത്തിനായി ചേര്‍ന്നു. അന്ന് ക്ലാസ് മുറികളില്‍ Arithmetic calculation ഞൊടിയിടയില്‍ ആ വിദ്യാര്‍ഥി ചെയ്തുതീര്‍ക്കുമായിരുന്നു. പഠനത്തില്‍ മിടുക്കന്‍ ആയതിനാല്‍ തന്നെ സ്‌കോളര്‍ഷിപ്പോടെയായിരുന്നു കോളജ് പഠനം. ഫിസിക്‌സ് ക്ലാസുകളിലെ വൈദ്യുതി പഠനമാണ് ടെസ്ലയെ ഏറ്റവും ആകര്‍ഷിച്ചത്. എന്നാല്‍, മറ്റു പല വിഷയങ്ങളിലും മികവ് പുലര്‍ത്താന്‍ കഴിഞ്ഞില്ല. പരീക്ഷയില്‍ തോറ്റതോടുകൂടി പഠനം നിര്‍ത്തി ജോലിയില്‍ പ്രവേശിച്ചു.

റ്റിവാണ്ടര്‍ പുസാസിന്റെ ടെലിഗ്രാഫ് കമ്പനിയായിരുന്നു ജോലിക്കായി ടെസ്ല ആദ്യം തെരഞ്ഞെടുത്തത്. കമ്പനി ടെക്‌നിക്കല്‍ വര്‍ക്കുകള്‍ തുടങ്ങുന്നത് വരെ ടെസ്‌ല, അവിടെ ഡ്രാഫ്റ്റ് മാന്‍ ആയി ജോലി ചെയ്തു. പിന്നീട് ആ എക്‌സ്‌ചേഞ്ചിന്റെ മുഖ്യ ഇലക്ട്രീഷ്യനായി. ടെലിഗ്രാം ഉപകരണങ്ങളില്‍ സാരമായ മാറ്റങ്ങള്‍ വരുത്തി. ഇദ്ദേഹത്തിന്റെ കഴിവ് മനസ്സിലാക്കിയ റ്റിവാണ്ടര്‍, 'കോണ്ടിനെന്റല്‍ എഡിസണ്‍' കമ്പനിയില്‍ ജോലിക്കായി ശുപാര്‍ശ ചെയ്തു. എഡിസണിന് എഴുതിയ കത്തില്‍ അദ്ദേഹം ഇങ്ങനെ കുറിച്ചു, 'എനിക്ക് ശാസ്ത്ര ലോകത്ത് രണ്ട് മഹാരഥന്മാരെയാണ് അറിയുക, ഒന്ന് എഡിസണും മറ്റൊന്ന് ഈ കത്തുമായി വരുന്ന ടെസ്‌ലയുമാണ്. '

പാരീസിലെ ഒരു ഡിവിഷനില്‍ വൈദ്യുത ബള്‍ബുകള്‍ സ്ഥാപിക്കുന്ന മേല്‍നോട്ടം ആയിരുന്നു ടെസ്‌ലക്ക് എഡിസണ്‍ കമ്പനിയില്‍ നിന്നും ലഭിച്ച ആദ്യത്തെ പണി. ഇദ്ദേഹത്തിന്റെ ഫിസിക്‌സിലും വൈദ്യുതിയിലും ഉള്ള നൈപുണ്യം കമ്പനിയും എഡിസണും മനസ്സിലാക്കി. തുടര്‍ന്ന് മോട്ടോറുകള്‍, ഡൈനാമോകള്‍ എന്നിവയുടെ R&D ഡിവിഷന്റെ ചുമതല ഏല്‍പ്പിച്ചു. ഫ്രാന്‍സിലും ജര്‍മനിയിലും ഉള്ള കമ്പനിയിലെ ടെക്‌നിക്കല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള മേല്‍നോട്ടവും ടെസ്‌ലയ്ക്ക് ആയിരുന്നു.


1884ല്‍ ടെസ്‌ല, എഡിസണ്‍ കമ്പനിയുടെ ആവശ്യപ്രകാരം പാരീസില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് താമസം മാറ്റി. ടെസ്ല അവിടെയും പാരീസിലെ പോലെ വലിയൊരു വൈദ്യുത കേന്ദ്രം ഉണ്ടാക്കാന്‍ ശ്രമം. ജനറേറ്ററുകള്‍ മികവുറ്റതാക്കി. ഒരിക്കല്‍ എഡിസന്റെ കൂടെ ഒരു കപ്പലില്‍ കേടുവന്ന ജനറേറ്റര്‍ റെഡിയാക്കാന്‍ രാത്രി മുഴുവന്‍ ഉറക്കമൊഴിച്ചു. അക്കാലത്തു എഡിസണ്‍ ടെസ്‌ലയെ ധാരാളം അഭിനന്ദിച്ചിരുന്നു. എന്നാല്‍, ടെസ്‌ല ചെയ്തുകൊടുത്ത ''ആര്‍ക്ക് ലാമ്പ്'' പ്രോജക്ടിന് വേണ്ടത്ര പരിഗണനയോ പ്രതിഫലമോ നല്‍കിയില്ല. പിന്നീട്ടെസ്‌ല എഡിസണ്‍ കമ്പനി വിട്ടു. കമ്പനി വിടാനുള്ള കാരണം അദ്ദേഹം എവിടെയും വ്യക്തമാക്കിയിട്ടില്ല. തുടര്‍ന്നുള്ള ജീവിതത്തിലാണ് 'വാര്‍ ഓഫ് ദി കറന്റ്‌സ്' തുടങ്ങിയവയെല്ലാം സംഭവിക്കുന്നത്.


ടെസ്ല നിര്‍മിച്ച 'ആര്‍ക്ക് ലൈറ്റിന്റെ പേറ്റന്റിന് ആവശ്യമായ നടപടികള്‍ ചെയ്തിരുന്ന അഭിഭാഷകനായിരുന്നു ലെമുവല്‍ സെറള്‍. അദ്ദേഹം തന്നെയായിരുന്നു എഡിസന്റെയും ഉപദേഷ്ടാവ്. സെറന്‍ വ്യവസായികളായ രണ്ടുപേരെ ടെസ്‌ലക്ക് പരിചയപ്പെടുത്തിക്കൊടുത്തു. ഇവരുടെ സാമ്പത്തിക സഹായത്തോടെ, 1885ല്‍ 'ടെസ്‌ല ഇലക്ട്രിക് ലൈറ്റ് ആന്‍ഡ് മാനുഫാക്ചറിങ് 'എന്ന കമ്പനി ആരംഭിച്ചു. അടുത്ത വര്‍ഷം മികവുറ്റ ഡി.സി ജനറേറ്ററിനുള്ള പേറ്റന്റും ടെസ്‌ലക്ക് ലഭിച്ചു. ശാസ്ത്രലോകത്ത് ഈ പുതിയ സിസ്റ്റം വളരെ അധികം ചര്‍ച്ച ചെയ്യപ്പെട്ടു. പല യൂണിവേഴ്‌സിറ്റികളിലും ഫോറങ്ങളിലും ഇതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. എന്നാല്‍, AC- (Alternating Current) എസിക്കാണ് ഇതിനേക്കാള്‍ സാധ്യതയെന്നും അതാണ് ഭാവിയുടെ വൈദ്യുത ശക്തിയെന്ന് പലരോടും പറഞ്ഞു. തന്റെ കമ്പനിയില്‍ അതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍, ഇത് ഉള്‍ക്കൊള്ളാന്‍ പലരും തയ്യാറല്ലായിരുന്നു. പുതിയ നിക്ഷേപകരെ കിട്ടിയില്ല. ആദ്യം നിക്ഷേപിച്ച രണ്ടുപേര്‍ തന്നെ കമ്പനിയില്‍ നിന്നും പണം പിന്‍വലിച്ചു. തുടര്‍ന്ന് കമ്പനി പൂട്ടുകയും ടെസ്‌ലക്ക് പേറ്റന്റുകള്‍ നഷ്ടമാവുകയും ചെയ്തു. കമ്പനിയുടെ പേരിലായിരുന്നു പേറ്റന്റുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.

1886ലെ കാലയളവില്‍ അദ്ധേഹം നിത്യവൃത്തിക്ക് തന്നെ വളരെയധികം കഷ്ടത അനുഭവിച്ചു. വീടുകളിലെയും ഷോപ്പുകളിലെയും റിപ്പയറിംഗ് ആയിരുന്നു അപ്പോള്‍ ചെയ്തിരുന്ന ജോലി. അക്കാലത്ത് പുതിയ കമ്പനികളെയും ഐഡിയകളെയും പ്രോത്സാഹിപ്പിച്ചിരുന്ന ഒരു വെഞ്ചര്‍ ക്യാപിറ്റല്‍ കമ്പനിയായിരുന്നു വെസ്റ്റേണ്‍ യൂണിയന്‍. അതിന്റെ സൂപ്രണ്ട് ആയ ആല്‍ഫ്രെഡ് ബ്രൗണിനെ ടെസ്ല 1886ല്‍ തന്നെ കണ്ടുമുട്ടി. ടെസ്ലയുടെ പുത്തന്‍ ആശയങ്ങളില്‍ അവര്‍ തല്‍പരരായി. നിയമജ്ഞനായ ചാള്‍സ് ഇവരുടെ കൂടെ കൂടി. 1887ല്‍ ഇവര്‍ മൂന്ന് പേരും ഒരുമിച്ച് 'ടെസ്‌ല ഇലക്ട്രിക്കല്‍ കമ്പനി' തുടങ്ങി.

തെര്‍മോ മാഗ്‌നെറ്റിക് മോട്ടോര്‍, ഇന്‍ഡക്ഷന്‍ മോട്ടോര്‍, ഡി.സി വൈദ്യുതി മോട്ടോര്‍, വൈദ്യുത കാന്തിക മേഖല ഇങ്ങനെ പലതരം കണ്ടുപിടിത്തങ്ങള്‍ അവര്‍ നടത്തി പേറ്റന്റുകള്‍ ലഭിച്ചു. അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കല്‍ എഞ്ചിനീയേഴ്‌സില്‍ ഇവയെക്കുറിച്ച് ടെസ്‌ല പ്രബന്ധം അവതരിപ്പിച്ചു. ഇലക്ട്രിക് വേള്‍ഡ് മാഗസിന്‍ അടക്കമുള്ള സയന്‍സ് പ്രസിദ്ധീകരണങ്ങളിലും പത്രങ്ങളിലും വാര്‍ത്തകള്‍ വന്നു.

അക്കാലത്തെ പ്രമുഖ വൈദ്യുത കമ്പനിയായിരുന്ന വെസ്റ്റിന്‍ ഹൗസ് ഇലക്ട്രിക് ആന്‍ഡ് മാനുഫാക്ചറിങ് (WE) കമ്പനിയിലെ എന്‍ജിനീയര്‍മാര്‍ ടെസ്ലയുടെ കണ്ടുപിടുത്തങ്ങളെ കുറിച്ച് അറിഞ്ഞു. വൈദ്യുതരംഗത്തെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് കമ്പനികളില്‍ ഒന്നായിരുന്നു ഇത്. AC current ആയിരുന്നു ഇവര്‍ കൂടുതല്‍ പ്രാമുഖ്യം നല്‍കിയിരുന്നത്. ഇവരുടെ എതിരാളികളായ എഡിസണ്‍ കമ്പനി DC യ്ക്കും പ്രാമുഖ്യം നല്‍കി. ഈ രണ്ട് കമ്പനികള്‍ തമ്മിലുള്ള മത്സരമാണ് ചരിത്രത്തില്‍ 'വാര്‍ ഓഫ് കറണ്ട് ' എന്ന് അറിയപ്പെടുന്നത്.


എഡിസണ്‍ ആദ്യഘട്ടം മുതല്‍ തന്നെ കോര്‍പ്പറേറ്റ് രീതിയില്‍ കമ്പനി രൂപീകരിച്ചു വ്യവസ്ഥാപിതമായി പ്രവര്‍ത്തനമാരംഭിച്ചിരുന്നു. AC വൈദ്യുതി മനുഷ്യരാശിക്ക് അപകടം ആണെന്ന് അദ്ദേഹം വാദിച്ചു കൊണ്ടേയിരുന്നു. അത് തെളിയിക്കുന്നതിനായി ആന, കുതിര തുടങ്ങിയവയെ എ.സി കറണ്ട് വഴി ഷോക്ക് ഏല്‍പ്പിച്ച് കൊല്ലുന്ന വീഡിയോ വരെ ഉണ്ടാക്കി എഡിസണ്‍ കമ്പനി പ്രചരിപ്പിച്ചു. വെസ്റ്റിന്‍ ഹൗസ് കമ്പനിക്കെതിരെയും ധാരാളം പ്രവര്‍ത്തനങ്ങള്‍ നടത്തി. എന്നാല്‍, അക്കാലത്തെ ഒരു കോടീശ്വരനും എഡിസണ്‍ കമ്പനിയുടെ ഇന്‍വെസ്റ്ററും ആയിരുന്ന ജെ.പി മോര്‍ഗനു, എഡിസണ്‍ നേതൃത്വം നല്‍കിയിരുന്ന 'വാര്‍ ഫോര്‍ കറന്റ്‌സ്' അത്ര ഇഷ്ടപ്പെട്ടില്ല. അങ്ങനെ 'എഡിസണ്‍ കമ്പനി'യില്‍ നിന്നും എഡിസണ്‍ പുറത്താകുകയും ആ കമ്പനിയുടെ പേര് ജനറല്‍ ഇലക്ട്രിക്കല്‍ GE എന്നാക്കി മാറ്റുകയും ചെയ്തു. പിന്നീട് ജെ.പി മോര്‍ഗന്‍ തന്നെയായിരുന്നു ടെസ്‌ലക്ക്, വയര്‍ലെസ് ട്രാന്‍സ്മിഷനു ആവശ്യമായ സാമ്പത്തിക സഹായങ്ങള്‍ ചെയ്തത്.


WEഉം ടെസ്ലയും തമ്മില്‍ കരാറായി ഒരുമിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. അദ്ദേഹത്തിന് പേറ്റന്റു തുകയും റോയല്‍റ്റിയും ലഭിച്ചു. നിര്‍ഭാഗ്യകരം എന്ന് പറയട്ടെ 1890ല്‍ വെസ്റ്റിന്‍ ഹൗസ് സാമ്പത്തിക ബാധ്യത കൂടി കടക്കെണിയിലായി. അവരുടെ അഭ്യര്‍Lന മാനിച്ച് ടെസ്‌ല തന്റെ റോയല്‍റ്റി ഒഴിവാക്കി കൊടുത്തു. GEയും WEയും തമ്മിലുള്ള പേറ്റന്റ് പങ്കുവെക്കല്‍ ഉടമ്പടി പ്രകാരം ടെസ്ലക്ക് ധാരാളം നഷ്ടങ്ങള്‍ സംഭവിച്ചു.

എന്നിരുന്നാലും ഈ കാലയളവില്‍ തന്റെകയ്യിലുള്ള പണം കൊണ്ട് ടെസ്‌ല ലാബുകള്‍ സ്ഥാപിക്കുകയും പരീക്ഷണങ്ങള്‍ തുടരുകയും ചെയ്തു. 1892 മുതല്‍ 1894 വരെ അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കല്‍ എഞ്ചിനീയേഴ്‌സിന്റെ വൈസ് പ്രസിഡണ്ട് പദവിയും ടെസ്‌ല അലങ്കരിച്ചു. ഇത് എഞ്ചിനീയറിംഗ് ലോകത്തെ പ്രമുഖ കൂട്ടായ്മയായ IEEE യുടെ ആദ്യ രൂപം ആണ്.


1893ല്‍ ചിക്കാഗോയില്‍ വെച്ച് സംഘടിപ്പിച്ച ലോക കൊളംബിയന്‍ എക്‌സ്ബിഷനിലെ ഏറ്റവും മുഖ്യ ആകര്‍ഷണം, ടെസ്ലയുടെ വൈദ്യുതരംഗത്തെ അത്ഭുതങ്ങളായ കണ്ടുപിടുത്തങ്ങള്‍ ആയിരുന്നു. ആറുമാസം നീണ്ടുനിന്ന എക്‌സ്‌പോയെത്തുടര്‍ന്ന്, ആഗോളതലത്തില്‍ വൈദ്യുതിയെ കുറിച്ചുള്ള ചര്‍ച്ചകളിലെ മുഖ്യ ക്ഷണിതാവായി ടെസ്‌ല മാറി. നീരാവി ഉപയോഗിച്ചുള്ള ടെസ്ല ഓസിലേറ്റര്‍ ഈ സമയത്താണ് അദ്ദേഹം പുറത്തിറക്കിയത്. 1893ല്‍ തന്നെയാണ് നയാഗ്ര വെള്ളച്ചാട്ടത്തില്‍ നിന്നും ഏറ്റവും മികച്ച രീതിയില്‍ വൈദ്യുതി ഉല്പാദിപ്പിക്കുന്ന പദ്ധതിയും ടെസ്‌ല വിജയിപ്പിച്ചത്. (എന്നാല്‍, വൈദ്യുതി വിതരണവകാശം, സാമ്പത്തികമായി വലിയ കമ്പനിയായ GEക്ക് ആയിരുന്നു എന്നത് മറ്റൊരു കാര്യം).


ടെസ്ല വീണ്ടും പുതിയ നിക്ഷേപകരുടെ സഹായത്തോടെ ഗവേഷണങ്ങളുമായി മുന്നോട്ട് പോയി. 1895ല്‍ ടെസ്ലയുടെ ലാബ് സ്ഥിതി ചെയ്തിരുന്ന കെട്ടിടത്തിന് ദുരൂഹമായി തീപിടിച്ചു. അതുവരെ താന്‍ പ്രവര്‍ത്തിച്ച് കണ്ടെത്തിയ ഗവേഷണ ശേഖരങ്ങള്‍ നശിച്ചുപോയി.

കുറച്ചു കാലം നിരാശനായി നടന്നെങ്കിലും വീണ്ടും പുതിയ ലാബ് മറ്റൊരു സ്ഥലത്ത് നിര്‍മിച്ചു. റേഡിയോ റിമോട്ട് കണ്‍ട്രോള്‍, വയര്‍ലെസ് വൈദ്യുതി, എക്‌സറേ പരീക്ഷണങ്ങള്‍, കോളറാഡോ സ്പ്രിംഗ്, വാര്‍ഡന്‍ ക്ലിഫ്, ഇങ്ങനെ നൂറുകണക്കിന് പരീക്ഷണ വിജയങ്ങളുമായി മുന്നോട്ടു നീങ്ങി.

ഒന്നാം ലോകമഹായുദ്ധസമയത്ത്, ''മാര്‍ക്കോണി കമ്പനി''ക്കെതിരെ നടത്തിയ നിയമ യുദ്ധം ടെസ്ലയുടെ ഒരുപാട് സമയം അപഹരിച്ചു. മാര്‍ക്കോണി റേഡിയോ തരംഗങ്ങളുടെ പരീക്ഷണമായിരുന്നു നടത്തിയത്. എഡിസന്റെ പിന്തുണയും സാമ്പത്തിക സഹായവും മാര്‍ക്കോണിക്ക് ഉണ്ടായിരുന്നു. യഥാര്‍ഥത്തില്‍ ഇതിന് ഉപയോഗിച്ചിരുന്ന പല അടിസ്ഥാനങ്ങളും ടെസ്ലയുടെ പേരില്‍ പേറ്റന്റ് നിലനിന്നിരുന്ന ടെക്‌നോളജികള്‍ ആയിരുന്നു.

തന്റെ വയര്‍ലെസ് ട്യൂണിങ് പേറ്റന്റുകള്‍ ലംഘിച്ചതിനായിരുന്നു ടെസ്ല മാര്‍ക്കോണിക്ക് എതിരെ കേസ് നല്‍കിയത്. ഈ കേസില്‍ ടെസ്ലക്ക് അനുകൂലമായ വിധി വരുന്നത് അദ്ദേഹത്തിന്റെ മരണത്തിന് ശേഷമാണ്. ഒന്നാം ലോക യുദ്ധത്തിനുശേഷം യൂറോപ്പില്‍ നിന്നും ലഭിച്ചിരുന്ന പേറ്റന്റ് തുകകള്‍ നഷ്ടമായതോടു കൂടി ടെസ്ലക്ക് വരുമാനം നിലച്ചു.

കയ്യില്‍ പണമില്ലാതെ വീണ്ടും ന്യൂയോര്‍ക്ക് ഹോട്ടല്‍ റൂമില്‍ തിരിച്ചെത്തിയ അവസാന നാളുകളില്‍ WE കമ്പനിയായിരുന്നു അദ്ധേഹത്തിന്റെ റൂമിന്റെ വാടക നല്‍കിയിരുന്നത്. 1943 ജനുവരി പത്തിന് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ ടെസ്‌ല മരിച്ചതായി റേഡിയോയിലൂടെ അറിയിച്ചു. ജനുവരി 7ന് 86 വയസ്സില്‍ ആരും സമീപത്ത് ഇല്ലാതെ, 3327 നമ്പര്‍ റൂമില്‍ വെച്ചാണ് അദ്ദേഹം മരിച്ചത്. അദ്ദേഹം പറഞ്ഞതുപോലെ എ.സി കറണ്ട് ആണ് ഇന്ന് ഡി.സിയെക്കാള്‍ ലോകത്തെ നിയന്ത്രിക്കുന്നത് എന്നത് ഒരു യാഥാര്‍ഥ്യമായി നിലനില്‍ക്കുന്നു.

ടെസ്‌ലക്ക് ലഭിച്ച അംഗീകാരങ്ങളും അദ്ധേഹത്തിന്റെ പേരിലുള്ള സ്മാരകങ്ങളും.

മാഗ്‌നെറ്റിക് ഫ്‌ലക്‌സ് ഡെന്‍സിറ്റിയുടെ യൂണിറ്റാണ് 'ടെസ്‌ല'. ചന്ദ്രന്റെ മറുഭാഗത്തുള്ള ഗര്‍ത്തത്തിന്റെ പേര്. ജൂലൈ 10:സെര്‍ബിയയിലെ ശാസ്ത്രദിനം. ബെല്‍ഗ്രേഡിലെ നിക്കോള ടെസ്‌ല വിമാനത്താവളം. ക്രൊയേഷ്യയിലെ 128 തെരുവുകള്‍ക്ക് ടെസ്ലയുടെ പേര് നല്‍കി. 2244 Tesla - ഒരു ഗ്രഹത്തിന്റെ പേരാണ്.


ടി.പി.പി നിക്കോള ടെസ്ല, സെര്‍ബിയയിലെ ഏറ്റവും വലിയ വൈദ്യുതനിലയം. ടെസ്ല ഗേള്‍സ് എന്നത് ബ്രിട്ടീഷ് പോപ്പ് ബാന്‍ഡ് ഓര്‍ക്കസ്ട്ര പുറത്തിറക്കിയ ഗാനം. ഒരു യു.എസ് കപ്പലിന്റെ പേര്. നിക്കോള ടെസ്ല വാര്‍ഷിക ഇലക്ട്രിക് വാഹനറാലി, ക്രൊയേഷ്യ. ന്യൂയോര്‍ക്ക് നയാഗ്ര സമീപത്ത് ഉള്ള പ്രതിമ.


ബെല്‍ഗ്രേഡിലെ നിക്കോള ടെസ്ല മ്യൂസിയം ആര്‍ക്കൈവ്. ടെസ്ലയെ കുറിച്ച് പത്തിലധികം സിനിമകളും ഡോക്യൂമെന്ററികളും.ഡിസ്നി, ക്രിസ്റ്റഫര്‍ നോളന്‍ തുടങ്ങിയവര്‍ വലിയ ശാസ്ത്രജ്ഞരെ തങ്ങളുടെ സിനിമയില്‍ കാണിക്കുമ്പോഴും അത് ടെസ്‌ല ആണ് എന്ന് സൂചന പലയിടത്തും നല്‍കുന്നു. ആര്‍ട്‌സ് രൂപങ്ങള്‍ മുതല്‍ വീഡിയോ ഗെയിമുകള്‍ വരെ നീളുന്ന ഒരു ജീവിത സംസ്‌കാരമായി ഇന്ന് ടെസ്‌ല എന്ന നാമം വളര്‍ന്നിരിക്കുന്നു.



TAGS :