Quantcast
MediaOne Logo

ആഷിഖ് റഹ്മാന്‍

Published: 6 Feb 2023 3:04 PM GMT

തോമസ് സങ്കര: ചരിത്രം രേഖപ്പെടുത്താതെ പോയ വിപ്ലവകാരി

രാജ്യത്തിന് അപ്പര്‍ വാള്‍ട്ട എന്ന് കൊളോണിയലിസ്റ്റുകള്‍ നല്‍കിയ പേര് മാറ്റി 'സത്യസന്ധരായ മനുഷ്യരുടെ നാട്' എന്നര്‍ഥം വരുന്ന ബൂര്‍ക്കിന ഫാസോ എന്നാക്കി മാറ്റി. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, പാര്‍പ്പിടം എന്നിവയോടൊപ്പം മികച്ച ആരോഗ്യം കൂടി നല്‍കുന്നതിനായിരുന്നു സങ്കരയുടെ പ്രഥമ പരിഗണന.

തോമസ് സങ്കര: ചരിത്രം രേഖപ്പെടുത്താതെ പോയ വിപ്ലവകാരി
X

ചരിത്രത്താളുകളില്‍ അയാളെ വായിക്കാനാകില്ല. വാഴ്ത്തപ്പെടുന്ന നേതാക്കളില്‍ സ്ഥാനവുമില്ല. വീര കഥകളിലെ നായകനുമല്ല. ആരായിരുന്നു അയാള്‍? കേവലം നാലു വര്‍ഷംമാത്രം ഭരണത്തിലിരുന്നു. ശബ്ദം നിലക്കാത്ത കാലത്തോളം സാമ്രാജ്യത്വത്തിനെതിരെ ശബ്ദിച്ചു. വിപ്ലവം വാക്കിലല്ല, പ്രവര്‍ത്തിയിലാണെന്ന് തെളിയിച്ചു. എത്ര കാലം ജീവിച്ചു എന്നതിനേക്കാളും ജീവിച്ച കാലം എന്ത് ചെയ്തു എന്നതിനുള്ള ഉത്തമ സാക്ഷ്യം. ആഫ്രിക്കന്‍ ചെഗുവേര തോമസ് ഇസിദോറെ നോയല്‍ സങ്കര.

1949 ഡിസംബര്‍ 21ന് അപ്പര്‍ വോള്‍ട്ടയിലെ യോക്കിലെ ഒരു സാധാരണ കുടുംബത്തിലാണ് സങ്കരയുടെ ജനനം. യോക്കിലെ ഒരു സാധാരണ പ്രൈമറി സ്‌ക്കൂളിലാണ് സങ്കര തന്റെ പ്രാഥമിക വിദ്യഭ്യാസ കാലം ചിലവിടുന്നത്. വിദ്യഭ്യാസ കാലത്ത് ഗണിതത്തിലും, ഫ്രഞ്ചിലും നന്നായി മികവ് തെളിയിച്ചിരുന്ന സങ്കരയുടെ വിദ്യഭ്യാസത്തിനോടുള്ള താല്‍പര്യം തിരിച്ചറിഞ്ഞ സ്‌ക്കൂളിലെ വൈദികര്‍ ചര്‍ച്ച് സ്‌കൂളില്‍ ചേരാന്‍ അവസരം ഒരുക്കി കൊടുത്തു. ആദ്യം അതിനു സമ്മതിച്ചെങ്കിലും മതേതര വിദ്യാഭ്യസ സമ്പ്രദായത്തില്‍ തുടരാന്‍ വേണ്ടി സങ്കര വൈദികരുടെ ഈ ആവശ്യം നിരാകരിച്ചു. ഈ നിരാകാരണം അദ്ദേഹത്തെ പിതാവുമായി തെറ്റിക്കുക പോലും ചെയ്തു.

റോമന്‍ കത്തോലിക്കരായ സങ്കരയുടെ മാതാപിതാക്കള്‍ക്ക് മകനെ ഒരു പുരോഹിതനായി കാണാനായിരുന്നു ആഗ്രഹം. എന്നാല്‍, സങ്കര സൈന്യത്തില്‍ ചേരാനാണ് തീരുമാനമെടുത്തത്. കഴിവുകെട്ട പ്രസിഡന്റിനെ പുറത്താക്കിയ സൈന്യം അക്കാലത്ത് നാട്ടില്‍ വളരെ ജനപ്രിയമായിരുന്നു. കാര്യക്ഷമതയില്ലാത്തതും അഴിമതി നിറഞ്ഞതുമായ ബ്യൂറോക്രസിയെ അച്ചടക്കത്തിലാക്കാനും, പരമ്പരാഗത മേധാവികളുടെ അമിതമായ സ്വാധീനത്തെ കുറക്കാനും പൊതുവെ രാജ്യത്തെ നവീകരിക്കാനും സഹായിക്കുന്ന ഒന്നായി യുവാക്കള്‍ സൈന്യത്തെ കണ്ടു. മാത്രമല്ല, സൈനിക അക്കാദമിയില്‍ പ്രവേശനം ലഭിച്ചാല്‍ തുടര്‍ പഠനത്തിന് സ്‌കോളര്‍ഷിപ്പ് ലഭിക്കും. തുടര്‍ പഠനത്തിനായി വേറെ മാര്‍ഗങ്ങള്‍ ഇല്ലാതിരുന്ന സങ്കരക്ക് മികച്ച വഴിയായിരുന്നു സൈന്യത്തിലേക്കുള്ള എന്‍ട്രന്‍സ്.

സൈനിക ജീവിതം

1966-ല്‍ തന്റെ 17-ാം വയസ്സില്‍ അദ്ദേഹം ഔഗാഡൗഗൂവിലെ കാഡിയോഗോയിലെ മിലിട്ടറി അക്കാദമിയില്‍ പ്രവേശിച്ചു. അവിടെ വച്ച് 1966 ജനുവരി 3ന് ലെഫ്റ്റനന്റ് കേണല്‍ സങ്കൂലെ ലാമിസാനയുടെ നേതൃത്വത്തില്‍ അപ്പര്‍ വോള്‍ട്ടയില്‍ നടന്ന ആദ്യത്തെ സൈനിക അട്ടിമറിക്ക് അദ്ദേഹം സാക്ഷ്യം വഹിച്ചു.


ഈ കാലയളവിലാണ് സങ്കര കമ്യൂണിസത്തെയും, സോഷ്യലിസത്തെയും കൂടുതല്‍ അടുത്തറിയുകയും, വിപ്ലവത്തെയും ആഫ്രിക്കയിലെ വിമോചന പ്രസ്ഥാനങ്ങളെപറ്റി മറ്റുള്ളവരായി ആശയ വിനിമയം നടത്തുകയും ചെയ്യുന്നത്. അതോടുകൂടിയാണ് സങ്കരക്ക് അപ്പര്‍ വോള്‍ട്ടയെയും ലോകത്തെയും കുറിച്ചുള്ള വിപ്ലവ വീക്ഷണം ഉണ്ടാവുന്നത്.

1970 ആയപ്പോഴേക്കും സങ്കര മഡഗാസ്‌ക്കറിലെ ആന്‍സിരാബെയിലെ സൈനിക അക്കാദമിയിലേക്ക് തുടര്‍ പഠനത്തിനായി ചേക്കേറി. അവിടെ എത്തിയ അദ്ദേഹം 1971ലും 1972ലും ഫിലിബര്‍ട്ട് സിരാനാന സര്‍ക്കാരിനെതിരെയുള്ള ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. സാധരണ സൈനിക പരിശീലനത്തിനപ്പുറമുള്ള കാര്യങ്ങളും ഇവിടെ നിന്നാണ് സങ്കര പഠിക്കുന്നത്. കൃഷിയെ പറ്റി പഠിക്കാന്‍ സങ്കരക്ക് അവസരം ലഭിക്കുന്നത് ഇവിടെ നിന്നാണ്. (കൃഷിയുടെ വിളവും, കര്‍ഷകരുടെ ജീവിതവും ഉയര്‍ത്താന്‍ ഭരണത്തില്‍ ഇരിക്കുമ്പോള്‍ സങ്കരയെ ഇക്കാര്യം സഹായിച്ചിട്ടുണ്ട്.) ഈ കാലയളവില്‍ തന്നെയാണ് അദ്ദേഹം ചരിത്രങ്ങളെയും, സൈനിക തന്ത്രത്തെ പറ്റിയും കൂടുതല്‍ കൂടുതല്‍ വായിച്ചറിയാന്‍ ശ്രമിക്കുന്നത്. അടുത്ത ഘട്ടത്തില്‍ നടപ്പാക്കാന്‍ പോകുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആശയങ്ങളുടെ അടിത്തറ കെട്ടിപ്പടുക്കാന്‍ ഇക്കാര്യങ്ങള്‍ സഹായകരമാകുന്നുണ്ട്. ലെനിന്റെയും, കാള്‍ മാര്‍ക്‌സിന്റെയും കൃതികള്‍ വായിച്ച സങ്കരയില്‍ പിന്നീടുള്ള ജീവിതകാലം മുഴുവന്‍ ഈ രാഷ്ട്രീയ വീക്ഷണങ്ങള്‍ ആഴത്തില്‍ സ്വാധീനിക്കപ്പെട്ടു.

1972ല്‍ സ്വന്തം നാട്ടില്‍ മടങ്ങിയെത്തിയ സങ്കര 1974ല്‍ അപ്പര്‍ വോള്‍ട്ടയും മാലിയും തമ്മില്‍ നടന്ന യുദ്ധത്തില്‍ ശക്തമായി പോരാടി. ഈ പോരാട്ടം അദ്ദേഹത്തെ വളരെയധികം പ്രശസ്തനാക്കി മാറ്റി. സംഗീതത്തില്‍ കമ്പമുള്ള സങ്കര പാട്ടു പാടിയും, സൈക്കിള്‍ സവാരി ചെയ്തും ജനങ്ങള്‍ക്കിടയില്‍ പ്രത്യക്ഷപ്പടാന്‍ തുടങ്ങിയതോടെ വളരെ പെട്ടെന്ന് തന്നെ ജനപ്രിയനായി. 1976 ആയപ്പോഴേക്കും 'പോ' യിലെ കമാന്‍ഡോ പരിശീലനകേന്ദ്രത്തിലെ കമാന്‍ഡര്‍ എന്ന പദവിയിലേക്ക് സങ്കര ഉയര്‍ന്നു കഴിഞ്ഞു. ഇതേ വര്‍ഷം തന്നെയാണ് സങ്കരയുടെ ജീവിതത്തിലെ ഒരു സുപ്രധാന വ്യക്തിയായി മാറുന്ന കേണല്‍ ബ്ലെയ്‌സ് കമ്പോറയെ മൊറോക്കോയില്‍ വെച്ച് പരിചയപ്പെടുന്നത്. ഇതേ സമയത്താണ് കേണല്‍ സെയ് സെര്‍ബോ പ്രസിഡന്റായിരുക്കുമ്പോള്‍ ഒരു കൂട്ടം യുവ ഓഫീസേഴസ് ചേര്‍ന്ന് 'കമ്യൂണിസ്റ്റ് ഓഫീസേഴ്‌സ് ഗ്രൂപ്പ് (Regroupement des Officiers Communistes- ROC) എന്ന പേരില്‍ രഹസ്യ സംഘടന രൂപീകരിക്കുന്നത്. ഇരുവരെയും കൂടാതെ ഹെന്റി സോങ്കോ, ജീന്‍-ബാപ്റ്റിസ്റ്റ് ബൂക്കറി ലിംഗാനി എന്നിവരാണ് പ്രസിദ്ധരായ മറ്റു സംഘടനാ അംഗങ്ങള്‍.

ഭരണവും മാറ്റങ്ങളും

1981 സെപ്റ്റംബര്‍ മാസത്തില്‍ സെയ് സെര്‍ബോയുടെ മന്ത്രിസഭയില്‍ വാര്‍ത്താ വിതരണ വകുപ്പ് മന്ത്രിയായാണ് സങ്കര ഭരണത്തിലേക്കുള്ള ആരംഭം കുറിക്കുന്നത്. തന്റെ മുന്‍ഗാമികള്‍ പത്ര സ്വാതന്ത്ര്യത്തിനെതിരായി സെന്‍സര്‍ഷിപ്പ് നടപ്പാക്കിയപ്പോള്‍, പത്ര സ്വാതന്ത്ര്യത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടായിരുന്നു സങ്കരക്ക്. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തെ അദ്ദേഹം വളരെയധികം പ്രോത്സാഹിപ്പിച്ചിരുന്നു. ഔദ്യഗിക കാറിനു പകരം മോട്ടോര്‍ ബൈക്ക് ഉപയോഗിച്ച് ഓഫീസില്‍ പോകുന്ന പ്രവര്‍ത്തിക്കെല്ലാം വലിയ സ്വീകാര്യതയാണ് ജനങ്ങള്‍ക്കിടയില്‍ നിന്ന് ലഭിച്ചിരുന്നത്. എന്നാല്‍, ഈ ഭരണത്തിനെതിരെ തുടര്‍ച്ചയായി വന്ന തൊഴിലാളി പ്രക്ഷോഭം 1982 ഏപ്രിലില്‍ അദ്ദേഹം രാജിവെക്കുന്നതിലേക്ക് വഴിതെളിച്ചു. ആ വര്‍ഷം തന്നെ നവംബറില്‍ നടന്ന അട്ടിമറിയില്‍ ജീന്‍-ബാപ്റ്റിസ്റ്റ് ഔഡ്രാഗോ അധികാരം പിടിച്ചെടുത്തു. 1983 വര്‍ഷം ജനുവരിയില്‍ സങ്കര ആദ്യമായി പ്രധാനമന്ത്രിയായി. പക്ഷേ, വെറും നാലുമാസമേ ഈ ഭരണം നിലനിന്നുള്ളൂ. എങ്കിലും ഈ നാലുമാസക്കാലം കൊണ്ട് വളരെയധികം പുരോഗമന പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ സങ്കരക്കു കഴിഞ്ഞു. ഫ്രഞ്ച് ഭരണാധികാരികളുടെ ഇടപെടല്‍ കാരണം സങ്കര അറസ്റ്റ് ചെയ്യപ്പെട്ടു. ഇത് വലിയ തോതില്‍ ജനരോഷത്തിന് ഇടവരുത്തി.

സങ്കരയുടെ അറസ്റ്റ് സൈന്യത്തിലെ യുവ ഉദ്യോഗസ്ഥര്‍ക്ക് ഒട്ടും സഹിച്ചിരുന്നില്ല. സങ്കരയുടെ സുഹൃത്ത് ബ്ലേയിസ് കംപോറെയ് ഈ സൈന്യത്തെ ഉപയോഗിച്ച് അടുത്ത അട്ടിമറി നടത്തി. അങ്ങനെ 1983 ആഗസ്റ്റ് മാസം സങ്കര തന്റെ മുപ്പത്തി മൂന്നാം വയസ്സില്‍ രാജ്യത്തിന്റെ പ്രസിഡന്റായി. ഫിദല്‍ കാസ്‌ട്രോ, ചെഗുവേര എന്നിവരെ മാതൃകയാക്കിയ സങ്കര'ജനകീയവും ജനാധിപത്യപരവുമായ വിപ്ലവം' വിഭാവനം ചെയ്തു.


സങ്കര നടപ്പാക്കിയ വിപ്ലവ മാറ്റങ്ങള്‍

സങ്കര, രാജ്യത്തിന്റെ അപ്പര്‍ വാള്‍ട്ട എന്ന കൊളോണിയലിസ്റ്റുകള്‍ നല്‍കിയ പേര് മാറ്റി 'സത്യസന്ധരായ മനുഷ്യരുടെ നാട്' എന്നര്‍ഥം വരുന്ന ബൂര്‍ക്കിന ഫാസോ എന്നാക്കി മാറ്റി. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, പാര്‍പ്പിടം എന്നിവയോടൊപ്പം മികച്ച ആരോഗ്യം കൂടി നല്‍കുന്നതിനായിരുന്നു സങ്കരയുടെ പ്രഥമ പരിഗണന. പോളിയോ, അഞ്ചാം പനി എന്നിവക്കെതിരെ ജനങ്ങള്‍ക്കിടയില്‍ കൂട്ട വാക്‌സിനേഷന്‍ നല്‍കി. ശിശുമരണ നിരക്ക് കുറച്ചു. വൃത്തിഹീനമായ നഗര ചേരികള്‍ പൊങ്ങാതിരിക്കാന്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങളുടെ വീടു നിര്‍മാണം വേഗത്തിലാക്കാന്‍ ഇഷ്ടിക ഫാക്ടറി തന്നെ ആരംഭിച്ചു. തന്റെ സര്‍ക്കാരിലുള്ള മുഴുവന്‍ മേധാവികളെയും അനിയന്ത്രിതമായ ധൂര്‍ത്തില്‍ നിന്നു തടഞ്ഞു എന്നുള്ളതാണ് മറ്റൊരു ശ്രദ്ധേയ നടപടി. വന്‍ വിലയുള്ള മെഴ്‌സിഡസ് കാറുകള്‍ മുഴുവന്‍ വിറ്റ്, ഏറ്റവും വില കുറഞ്ഞ കാറുകളാണ് മന്ത്രിമാര്‍ക്ക് അന്ന് നല്‍കിയിരുന്നത്. ബുര്‍ക്കിന ഫാസോയിലെ ഏറ്റവും ജനസംഖ്യയുള്ള വംശീയ വിഭാഗമാണ് മോസ്സി. സര്‍ക്കാര്‍ കോടതികള്‍ക്കു പുറമെ ഇവര്‍ക്കായുള്ള പ്രത്യേക അധികാര കേന്ദ്രങ്ങള്‍ രാജ്യത്തിന്റെ അധികാര ശ്രേണിക്കു യോജിച്ചതല്ല എന്നു പറഞ്ഞ് ഈ അധികരങ്ങളെല്ലാം എടുത്തു കളഞ്ഞു. എല്ലാവര്‍ക്കും ഒരേ സമത്വം എന്ന ബോധ്യത്തിലായിരുന്നു ഇത്.തന്റെ ജനതയെ വിദ്യാഭ്യസത്തില്‍ മികവുറ്റവരാക്കാന്‍ വിദ്യാഭ്യസ മേഖലയെ ധാരാളം പ്രോത്സാഹിപ്പിച്ചു.

അന്നുവരെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട സ്ത്രീകളുടെ ഉന്നമനവും സങ്കര നടപ്പാക്കിയ ഒന്നാണ്. അദ്ദേഹത്തിന്റ സര്‍ക്കാരില്‍ ധാരാളം സ്ത്രീകളെ ഉള്‍പ്പെടുത്തി. സ്ത്രീകളുടെ ചേലാകര്‍മം, നിര്‍ബന്ധിത വിവാഹം, ബഹുഭാര്യത്വം എന്നിവ കര്‍ശനമായി നിരോധിച്ചു. ആ കാലത്ത് പശ്ചിമ ആഫ്രിക്കയില്‍ തന്നെ ആദ്യമായിട്ടാകും സ്ത്രീകള്‍ക്ക് ഇത്രയും പ്രാധാന്യം ലഭിക്കുന്നത്. സ്വന്തം മണ്ണില്‍ നടത്തിയ പല വികസനങ്ങളും വിദേശ സഹായം തേടാതെയാണ് സങ്കര നടപ്പാക്കിയത്. വ്യാപാര നിക്ഷേപങ്ങള്‍ വഴി ആഫ്രിക്കയില്‍ വിദേശികള്‍ നടത്തുന്ന നിയോ കൊളോണിയലിസത്തിനു സങ്കര എതിരായിരുന്നു. രാജ്യത്തിന്റെ പരമാധികാരത്തിലേക്ക് കൈ കടത്താന്‍ ഒരു സാമ്രാജ്യത്വ ശക്തികളെയും അനുവദിച്ചിരുന്നില്ല. പല നേതാക്കളും പ്രകൃതിയെ സംരക്ഷിക്കുന്നതിനെ പറ്റി ബോധവാന്‍മാര്‍ അല്ലാതിരുന്ന ആ കാലഘട്ടത്തില്‍ അദ്ദേഹം അത് തിരിച്ചറിഞ്ഞു എന്നതാണ് സങ്കരയെ വ്യത്യസ്തനാക്കുന്നത്.


വിട പറയല്‍

ചുരുങ്ങിയ കാലത്തില്‍ ചെയ്തു തീര്‍ക്കാന്‍ കഴിയുന്നതെല്ലാം ചെയ്യാന്‍ ശ്രമിച്ച സങ്കരക്ക് പെട്ടെന്നു തന്നെ ഈ ലോകത്തോട് വിട പറയേണ്ടി വന്നു. 1987 ഒക്ടോബര്‍ 15 ന് തന്റെ മുന്‍ സഹപ്രവര്‍ത്തകനായ ബ്ലെയ്‌സ് കംപോറോ നയിച്ച അട്ടിമറിയിലാണ് അദ്ദേഹം മരണപ്പെട്ടത്. ഫ്രാന്‍സുമായും, ഐവറി കോസ്റ്റ്മായും രാജ്യത്തിന്റെ ബന്ധം വഷളായതാണ് കംപോറോ ന്യായീകരണമായി പറഞ്ഞത്. സങ്കരയുടെ കൊലപാതകത്തിനു പിന്നില്‍ ഫ്രാന്‍സിന് പങ്കുണ്ടെന്ന ആരോപണം അന്നു തന്നെ ശക്തമായിരുന്നു. വര്‍ഷങ്ങളോളം സംഭവത്തിനെതിരെ വിചാരണ ആരംഭിച്ചിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം കംപോറോ അധികാരത്തില്‍ നിന്നു പുറത്തായതിനു ശേഷമാണ് കേസെടുക്കുന്നതും, 2022 ഏപ്രില്‍ 6ന് കംപോറോ ഉള്‍പ്പെടെ മൂന്നു പേരെ ജീവപര്യന്തം തടവുശിക്ഷക്കു വിധിക്കുന്നതും. കംപോറോയുടെ ഭരണകാലത്ത് സങ്കരയുടെ മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്തു സംസ്‌കരിക്കാന്‍ അവകാശമുണ്ടായിരുന്നില്ല. എന്നാല്‍, കംപോറോയുടെ ഭരണ വീഴ്ചക്കു ശേഷം 2015 മെയ് 25 ആഫ്രിക്കന്‍ വിമോചന ദിനത്തില്‍ സങ്കരയുടെ മൃതദേഹം പുറത്തെടുത്തു. ഒരു 'ഡസനിലധികം' ബുള്ളറ്റുകള്‍ അദ്ദേഹത്തിന്റ ശരീരത്തില്‍ ഉണ്ടായിരുന്നുവെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സ്വയം വിപ്ലവകാരിയായും മഹാനായും വാഴ്ത്തപ്പെടാന്‍ ശ്രമിക്കുന്ന രാജ്യാധികരികളില്‍നിന്ന് വ്യത്യസ്തനായിരുന്നു ആ വിപ്ലവകാരി. ചരിത്ര താളുകളില്‍ എഴുതപ്പെടാത്ത അധ്യായമാണ് തോമസ് ഇസിദോറെ നോയല്‍ സങ്കര.


TAGS :