Quantcast
MediaOne Logo

ഷെല്‍ഫ് ഡെസ്‌ക്

Published: 5 April 2023 12:48 PM GMT

സ്വയം 'വീര്‍' ആയ സവര്‍ക്കര്‍

1926 ല്‍ ചിത്രഗുപ്ത എഴുതി പുറത്തിറക്കിയ The Life of Barrister Savarkar എന്ന പുസ്തകത്തിലാണ് ആദ്യമായി സവര്‍ക്കറെ വീര്‍ സവര്‍ക്കര്‍ എന്ന് വിശേഷിപ്പിക്കുന്നത്. സവര്‍ക്കരെ കുറിച്ചുള്ള അപദാനങ്ങള്‍കൊണ്ട് സമ്പന്നമായിരുന്നു ആ പുസ്തകം.

ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്ത സവര്‍ക്കര്‍.
X

രാഹുല്‍ ഗാന്ധി ലോക്സഭാംഗത്വത്തില്‍നിന്നും അയോഗ്യനാക്കപ്പെട്ട സംഭവങ്ങളെ തുടര്‍ന്നാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സവര്‍ക്കര്‍ വീണ്ടും ചര്‍ച്ചാ വിഷയമാകുന്നത്. മോദി സമുദായത്തെ വിമര്‍ശിച്ചു, അപമാനിച്ചു എന്ന കേസില്‍ കുറ്റക്കാരനാണെന്ന സൂറത്ത് കോടതിയുടെ കണ്ടെത്തലിനെ തുടര്‍ന്നാണ് രാഹുലിന് അയോഗ്യത പ്രഖ്യാപിച്ചത്. അതില്‍ കോടതിയില്‍ മാപ്പുപറഞ്ഞാല്‍ മാത്രം പോര എന്ന ബി.ജെ.പിയുടെ ആവശ്യം ചില മാധ്യമ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയോട് ഉന്നയിച്ചപ്പോഴാണ്, താന്‍ ഗാന്ധിയാണ് സവര്‍ക്കറല്ല എന്നായിരുന്നു അദ്ദേഹം മറുപടി പറഞ്ഞത്. സവര്‍ക്കര്‍ക്കെതിരെ ആദ്യമായല്ല രാഹുല്‍ ഗാന്ധി സംസാരിക്കുന്നത്. കഴിഞ്ഞ ഭാരത് ജോഡോ യാത്രയില്‍ മഹാരാഷ്ട്രയില്‍ ഭാരത് ജോഡോ യാത്ര പ്രവേശിച്ചപ്പോള്‍ തന്നെ സവര്‍ക്കറെ കടന്നാക്രമിച്ചു കൊണ്ട്, സവര്‍ക്കറുടെ ഐഡിയോളജി അല്ല ഞങ്ങളുടെ ഐഡിയോളജി, സവര്‍ക്കറുടെ ഐഡിയോളജിയും കോണ്‍ഗ്രസിന്റെ ഐഡിയോളജിയും രണ്ടും രണ്ടാണ് എന്ന് പറയുകയുണ്ടായി. സവര്‍ക്കര്‍ എന്താണെന്നും ഹിന്ദുത്വ എന്താണെന്നും വിവരിച്ചുകൊണ്ടാണ് ഹിന്ദുത്വയുടെ ഫൗണ്ടര്‍ ഫാദര്‍ എന്ന് പറയാവുന്ന സവര്‍ക്കറെ രാഹുല്‍ ഗാന്ധി നേര്‍ക്കുനേരെ ആക്രമിച്ചത്. പല സന്ദര്‍ഭങ്ങളിലായി ആശയപരമായിത്തന്നെ സവര്‍ക്കറെ ആക്രമിക്കുന്ന, വിമര്‍ശിക്കുന്ന ശൈലിയാണ് രാഹുല്‍ ഗാന്ധി സ്വീകരിച്ചു പോരുന്നത്.

ആരായിരുന്നു വി.ഡി സവര്‍ക്കര്‍

വിനായക് ദാമോദര്‍ സവര്‍ക്കര്‍ എന്നാണ് സവര്‍ക്കറുടെ മുഴുവന്‍ പേര്. അദ്ദേഹം എല്ലാ കാലത്തും വിവാദങ്ങളുടെ ഉറവിടമാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം മുഴുവന്‍ വൈരുധ്യങ്ങളുടെയും ഉറവിടമാണ്. അതിനു കാരണം 1910 ല്‍ ഒരു വിദേശ വിദ്യാര്‍ഥി ആയിരിക്കെയാണ് അദ്ദേഹം ഒരു രാഷ്ട്രീയ കേസില്‍ ഉള്‍പ്പെടുന്നത്. 1910ല്‍ ബ്രിട്ടീഷ് ഓഫീസറെ കൊലപ്പെടുത്തിയ കേസില്‍ കൊലയാളിക്ക് ആയുധമെത്തിച്ച് കൊടുത്തത് വി.ഡി സവര്‍ക്കര്‍ ആണെന്ന് ബ്രിട്ടീഷ് പൊലീസ് കണ്ടെത്തുകയും അദ്ദേഹത്തെ ലണ്ടനില്‍ വെച്ച് 1910ല്‍ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അവിടെനിന്നും അദ്ദേഹത്തെ കപ്പലില്‍ തിരിച്ചു കൊണ്ടുവരുന്ന വഴിയില്‍ ഫ്രാന്‍സിലെ മാര്‍സിസ് ഐലന്‍ഡില്‍ കപ്പല്‍ നങ്കൂരമിട്ടപ്പോള്‍ അതില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുകയും, പിന്നീട് ഫ്രഞ്ച് പൊലീസ് അദ്ദേഹത്തെ പിടികൂടി ബ്രിട്ടീഷ് പൊലീസിന് കൈമാറുകായും ചെയ്തു. ശേഷം അദ്ദേഹത്തെ ഇന്ത്യയില്‍ എത്തിച്ചു. ഇന്ത്യയില്‍ ബോംബയില്‍ ആയിരുന്നു അദ്ദേഹത്തിന്റെ വിചാരണ നടന്നത്. ആദ്യം അദ്ദേഹത്തെ ആര്‍തര്‍റോഡ് ജയിലിലാണ് പാര്‍പ്പിച്ചത്. വിചാരണ കഴിഞ്ഞു അദ്ദേഹത്തിന് നല്‍കിയത് രണ്ട് ടേമുകളിലായി 50 വര്‍ഷത്തെ ശിക്ഷയാണ്.

രണ്ടാം ലോക മഹായുദ്ധ കാലത്താണ് ക്വിറ്റ് ഇന്ത്യ മൂവ്‌മെന്റ് ഉയര്‍ന്ന് വരുന്നത്. ക്വിറ്റ് ഇന്ത്യ മൂവ്മെന്റിനെ കോണ്‍ഗ്രസ് ശക്തമായി പിന്തുണച്ചു. എന്നാല്‍, ക്വിറ്റ് ഇന്ത്യ സമരത്തെ സവര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. രണ്ടാം ലോക യുദ്ധത്തില്‍ ബ്രിട്ടീഷ് സര്‍ക്കാരിനോട് സൈനികമായി തന്നെ സഹകരിക്കരുത് എന്ന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തപ്പോള്‍ അതിനെ എതിര്‍ക്കുന്ന സമീപനമാണ് സവര്‍ക്കര്‍ എടുത്തത്.

അന്ന് അദ്ദേഹത്തിന് 28 വയസ്സാണ് ഉണ്ടായിരുന്നത്. അദ്ദേഹത്തെ പാര്‍പ്പിച്ചത് വളരെ കുപ്രസിദ്ധമായ ആന്‍ഡമാന്‍ നിക്കോബാര്‍ ഐലന്‍ഡിലെ സെല്ലുലാര്‍ ജയിലിലായിരുന്നു. ഈ ശിക്ഷ വിധി കഴിഞ്ഞു അദ്ദേഹം 1911, 1913,1917,1920 കളിലായി നാല് മാപ്പ് അപേക്ഷകളാണ് ബ്രിട്ടീഷ് സര്‍ക്കാരിന് നല്‍കിയത്. ജയിലിലെ പീഡനങ്ങള്‍ സഹിക്കാന്‍ കഴിയാതെയാണ് മാപ്പ് അപേക്ഷകള്‍ നല്‍കിയത് എന്ന ഒരു വാദം. എന്നാല്‍, ജയിലില്‍നിന്ന് മോചിപ്പിച്ചാല്‍ താന്‍ ഇനിമേല്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തില്ല എന്നാണ് അദ്ദേഹം എഴുതിക്കൊടുത്തത്. അദ്ദേഹത്തോടൊപ്പം സഹോദരന്‍ ജി.ഡി സവര്‍ക്കറും ഇതേ ജയിലില്‍ ഉണ്ടായിരുന്നു. 1921ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ സവര്‍ക്കറുടെ മാപ്പപേക്ഷ പരിഗണിക്കുകയും അദ്ദേഹത്തെ രത്നഗിരിയിലുള്ള ജയിലിലേക്ക് മാറ്റുകയും ചെയ്തു. 1924ല്‍ ബ്രിട്ടീഷ് പ്രസിഡന്‍സിയിലെ ജനകീയ സര്‍ക്കാര്‍ ഇദ്ദേഹത്തിന്റെ ജയില്‍ വിമോചന അപേക്ഷ പരിഗണിക്കുകയും അദ്ദേഹത്തെ ജയില്‍ മോചിതനാക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുകയും ചെയ്തു. പക്ഷെ, ഈ ശുപാര്‍ശയോടൊപ്പം അദ്ദേഹത്തെ ജയില്‍ മോചിതനാക്കാന്‍ ചില ഉപാധികള്‍കൂടി ഉണ്ടായിരുന്നു. അദ്ദേഹം മഹാരാഷ്ട്രയിലെ രത്നഗിരി ജില്ല വിട്ടുപോകരുത്, രാഷ്ട്രീയ പ്രവര്‍ത്തനം നടത്തരുത് എന്നതായിരുന്നു അത്. ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ വീട്ടു തടങ്കലിലാക്കുകയും ചെയ്തു. അതിനു വേണ്ടി ബോംബെ സര്‍ക്കാര്‍ തന്നെ അദ്ദേഹത്തെ ഒരു ബംഗ്ലാവില്‍ പാര്‍പ്പി്കകുകയായിരുന്നു.

പൂര്‍ണ സ്വതന്ത്രനായ സവര്‍ക്കര്‍

1937ല്‍ അദ്ദേഹത്തിന് പൂര്‍ണ മോചനം നല്‍കി അദ്ദേഹം സ്വതന്ത്രനായി മാറി. വീട്ടുതടങ്കലില്‍ ഉള്ള സമയത്ത് അദ്ദേഹത്തിന്റെ ഐഡിയോളജിയില്‍ പുതിയ മാറ്റങ്ങള്‍ വരുകയും അദ്ദേഹം ഹിന്ദുത്വ എന്ന ആശയത്തിന് രൂപം കൊടുക്കുകയും അതു സംബന്ധിച്ച പുസ്തകങ്ങള്‍ എഴുതുകയും ചെയ്തു. 1937ല്‍ പൂര്‍ണ വിമുക്തനായ ശേഷം അദ്ദേഹം ഹിന്ദു മഹാസഭയുടെ നേതൃ പദവിയിലേക്ക് കടന്നു വന്നു. പിന്നീട് രാഷ്ട്രീയ പ്രവര്‍ത്തനം തുടരുകയും ചെയ്തു. ഹിന്ദു മഹാസഭയുടെ നേതൃ പദവിയില്‍ ഇരിക്കെയാണ് രണ്ടാം ലോക മഹായുദ്ധം ഉണ്ടാകുന്നത. രണ്ടാം ലോക മഹായുദ്ധ കാലത്താണ് ക്വിറ്റ് ഇന്ത്യ മൂവ്‌മെന്റ് ഉയര്‍ന്ന് വരുന്നത്. ക്വിറ്റ് ഇന്ത്യ മൂവ്മെന്റിനെ കോണ്‍ഗ്രസ് ശക്തമായി പിന്തുണച്ചു. എന്നാല്‍, ക്വിറ്റ് ഇന്ത്യ സമരത്തെ സവര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. രണ്ടാം ലോക യുദ്ധത്തില്‍ ബ്രിട്ടീഷ് സര്‍ക്കാരിനോട് സൈനികമായി തന്നെ സഹകരിക്കരുത് എന്ന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തപ്പോള്‍ അതിനെ എതിര്‍ക്കുന്ന സമീപനമാണ് സവര്‍ക്കര്‍ എടുത്തത്. ഇന്ത്യക്കാര്‍ സൈനിക സേവനത്തില്‍ തുടരണമെന്നും ബ്രിട്ടീഷ് സര്‍ക്കാരിനെ സേവിക്കുകവഴി ഹിന്ദു സമുദായത്തിന് സൈനിക സേവനം നിര്‍ബന്ധമായും ലഭിക്കുന്ന സാഹചര്യം ഉണ്ടാകും എന്നുമായിരുന്നു സവര്‍ക്കര്‍ പറഞ്ഞത്. ജയില്‍ മോചനത്തിന് ശേഷം തുടക്കത്തില്‍ തന്നെ കോണ്‍ഗ്രസിനോട് ശക്തമായ എതിര്‍പ്പ് അദ്ദേഹം പ്രകടിപ്പിച്ചു. പക്ഷെ, അതെ സമയം തന്നെ പാക്കിസ്ഥാന്‍ വാദം ഉന്നയിച്ചു വരുന്ന മുസ്‌ലിം ലീഗുമായി അദ്ദേഹം പല പ്രാദേശിക തെരഞ്ഞെടുപ്പുകളിലും കൈകോര്‍ക്കുകയും ചെയ്തു. ലീഗിനോടൊപ്പം തന്നെ പലയിടത്തും അധികാരം പങ്കിടുന്ന സാഹചര്യവും ഉണ്ടായിരുന്നു.

ഗാന്ധി വധത്തില്‍ കുറ്റാരോപിതനാവുന്ന സവര്‍ക്കര്‍

മഹാത്മാ ഗാന്ധിയെ കൊല ചെയ്യുന്നത് നാദുറാം വിനായക് ഗോഡ്‌സെ എന്ന ഹിന്ദു മഹാസഭയുടെയും ആര്‍.എസ്എസിന്റെയും പ്രവര്‍ത്തകനായ ആളാണ്. അദ്ദേഹത്തിന്റെ ഒരു മെന്റര്‍ ആയിരുന്നു വി.ഡി സവര്‍ക്കര്‍ എന്ന് എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്. ഗാന്ധി വധത്തില്‍ അറസ്റ്റിലായവരോടൊപ്പം വി.ഡി സവര്‍ക്കരും ഉണ്ടായിരുന്നു. അതില്‍ കൂട്ടു പ്രതികളിലൊരാളായ ദിഗംബര്‍ ബാഗ്‌ഡെയുടെ മൊഴിയില്‍ 'നാദുറാം വിനായക് ഗോഡ്‌സെ ഗാന്ധി വധത്തിന് മുന്‍പ് ഇദ്ദേഹത്തെ കണ്ട് ആശിര്‍വാദം നേടിയിരുന്നു' എന്ന് പറയുന്നുണ്ട്. ബാഗ്‌ഡെയുടെ ഒപ്പമായിരുന്നു സവര്‍ക്കറില്‍നിന്ന് ആശിര്‍വാദം വാങ്ങാന്‍ ഗോഡ്‌സെ പോയത് എന്നും പറയുന്നു. ഗാന്ധിയെ കൊല്ലാനുള്ള മിഷന് അദ്ദേഹം എല്ലാ അനുഗ്രഹങ്ങളും നല്‍കിയിരുന്നു എന്നതായിരുന്നു ദിഗംബര്‍ ബാഗ്‌ഡെയുടെ മൊഴി. പക്ഷെ, അത് ഒരു കുറ്റാരോപിതന്റെ മൊഴിയായതിനാല്‍ ആ മൊഴിയെ സാധൂകരിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ പൊലീസിന് സാധിക്കാത്തത് കൊണ്ട് അദ്ദേഹത്തെ കോടതി വിട്ടയക്കുകയാണ് ഉണ്ടായത്. പിന്നീട് ഉണ്ടായ കമീഷന്‍ റിപ്പോര്‍ട്ടുകള്‍ എല്ലാം ഗാന്ധി വധത്തില്‍ വി.ഡി സവര്‍ക്കറിനുള്ള പങ്കിനെ ചൂണ്ടിക്കാണിക്കുന്നതായിരുന്നു. ദിഗംബര്‍ ബാഗ്‌ഡെയുടെയും കൂട്ടുപ്രതികളുടെയും മൊഴികളും അതിനെ സാധൂകരിക്കുന്ന ഒന്നായിരുന്നു. തെളിവില്ല എന്നുള്ളത് കൊണ്ട് ഗാന്ധി വധത്തില്‍ വിട്ടയക്കപെട്ട വി.ഡി സവര്‍ക്കര്‍ 1966 ഫെബ്രുവരിയിലാണ് മരിക്കുന്നത്.

സവര്‍ക്കര്‍ വീര്‍ സവര്‍ക്കര്‍ ആകുന്നത്

1926 ല്‍ ചിത്രഗുപ്ത എഴുതി പുറത്തിറക്കിയ The life of Barrister Savarkar എന്ന പുസ്തകത്തിലാണ് ആദ്യമായി സവര്‍ക്കറെ വീര്‍ സവര്‍ക്കര്‍ എന്ന് വിശേഷിപ്പിക്കുന്നത്. സവര്‍ക്കരെ കുറിച്ചുള്ള അപദാനങ്ങള്‍കൊണ്ട് സമ്പന്നമായിരുന്നു ആ പുസ്തകം. പ്രസിദ്ധീകരിച്ച് ആറ് പതിറ്റാണ്ടിനു ശേഷം 1987 ല്‍ ആണ് പുസ്തകം പുനഃപ്രസിദ്ധീകരിക്കുന്നത്. എന്നാല്‍, 1926 ല്‍ ഈ പുസ്‌കം എഴുതിയ ചിത്ര ഗുപ്തന്‍ എന്നയാള്‍ സവര്‍ക്കാര്‍ തന്നെയായിരുന്നു എന്ന് പുനഃപ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആമുഖത്തില്‍ പ്രസാദകര്‍തന്നെ വെളിപ്പെടുത്തുകയുണ്ടായി.

മരണാനന്തരം സവര്‍ക്കര്‍

മരണ ശേഷവും സവര്‍ക്കറുടെ ഒരു ലെഗസി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തുടര്‍ന്നു എന്ന് കാണാം. 1970 ല്‍ സവര്‍ക്കറുടെ പേരില്‍ ഒരു തപാല്‍ സ്റ്റാമ്പ് പുറത്തിറക്കുകയാണ് ഇന്ദിര ഗാന്ധി ചെയ്തത്. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗമായി അദ്ദേഹത്തെ കുറിച്ച് ഒരു ഡോക്യൂമെന്ററി പുറത്തിറങ്ങുകയും ചെയ്തു. അതായത് ഏതോ അര്‍ഥത്തില്‍ സവര്‍ക്കറിനെ അഡ്രസ്സ് ചെയ്യേണ്ടതുണ്ട് എന്ന കോണ്‍ഗ്രസ്സിന് പോലും തോന്നിയിരുന്നു. അത്ര ശക്തമായിരുന്നു മഹാരാഷ്ട്രയില്‍ അദ്ദേഹത്തിന് ഉണ്ടായിരുന്ന സ്വാധീനം എന്നുള്ളതാണ് അതില്‍ നിന്ന് വ്യക്തമാക്കുന്നത് .

സവര്‍ക്കര്‍ എന്തുകൊണ്ട് വിമര്‍ശിക്കപ്പെടുന്നു

വാജ്‌പേയി സര്‍ക്കാരിന്റെ കാലത്തു 2003ല്‍ സവര്‍ക്കറുടെ ഫോട്ടോ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ സ്ഥാപിച്ചു, അത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക് കാരണമായി. അതിന് കാരണം ആ ഫോട്ടോ അനാച്ഛാദനം ചെയ്തത് അന്നത്തെ പ്രസിഡന്റ് ആയിരുന്ന എപിജെ അബ്ദുള്‍കലാം ആയിരുന്നു. അദ്ദേഹം പങ്കെടുത്ത ചടങ്ങില്‍ പോലും അന്ന് പ്രതിപക്ഷ അംഗങ്ങള്‍ പങ്കെടുത്തിരുന്നില്ല. ബി.ജെ.പിയോടൊപ്പം ഉണ്ടായിരുന്ന ചില എന്‍.ഡി.എ സഖ്യകക്ഷികള്‍ പോലും ചടങ്ങില്‍ പങ്കെടുത്തില്ല. കാരണം, സവര്‍ക്കറുടെ ഫോട്ടോ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ സ്ഥാപിക്കപ്പെടേണ്ട ഒന്നല്ല എന്ന ഒരു ബോധ്യം എന്‍.ഡി.എയുടെ ഭാഗമായിരുന്ന ചില ഘടക കക്ഷികള്‍ക്ക് ഉണ്ടായിരുന്നു എന്നതാണ്. ഗാന്ധി വധത്തില്‍ പേരുചേര്‍ക്കപ്പെട്ട, തെളിവില്ല എന്നുകണ്ടു വിട്ടയച്ച ഒരാളുടെ ഫോട്ടോ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ സ്ഥാപിക്കുന്നതിനെതിരെ ആയിരുന്നു അന്ന് ഭൂരിപക്ഷം കക്ഷികളും. അതേസമയം, 2004ല്‍ അന്ന് കേന്ദ്ര മന്ത്രി ആയിരുന്ന മണിശങ്കര്‍ അയ്യര്‍ ഫോട്ടോ സ്ഥാപിച്ചതിനെ അതിശക്തമായി വിമര്‍ശിച്ചിരുന്നു. അത് അദ്ദേഹത്തിനുനേരെവലിയ തോതിലുള്ള വിമര്‍ശനത്തിനും കാരണമായി.

രാഷ്ട്രീയത്തിലെ രാഹുല്‍ ഗാന്ധിയുടെ രണ്ടാം വരവ് എന്ന് വിശേഷിപ്പിക്കാവുന്ന ഭാരത് ജോഡോ യാത്രയിലും അതിനു ശേഷവും അതിശക്തമായ വിമര്‍ശനങ്ങളാണ് സവര്‍ക്കര്‍ക്കെതിരെ അദ്ദേഹം ഉയര്‍ത്തിയത്. താന്‍ ബ്രിട്ടീഷുകാരന്റെ സേവകനാകാന്‍ ആഗ്രഹിക്കുന്നുവെന്ന സവര്‍ക്കറുടെ കത്ത് രാഹുല്‍ ഗാന്ധി പുറത്തു വിട്ടിരുന്നു. ഭാരത് ജോഡോ യാത്രക്കിടെ മഹാരാഷ്ട്രയിലെ അകോളയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ കത്ത് പ്രദര്‍ശിപ്പിച്ചത്. സവര്‍ക്കര്‍ മാപ്പപേക്ഷിച്ച് ബ്രിട്ടീഷുകാര്‍ക്ക് കത്തെഴുതിയെന്നും പെന്‍ഷന്‍ സ്വീകരിച്ചിരുന്നുവെന്നും ഭയംകൊണ്ടാണ് ഇത് ചെയ്തതെന്നും രാഹുല്‍ അന്ന് ആരോപിച്ചു. 'സാര്‍, നിങ്ങളുടെ എറ്റവും അനുസരണയുള്ള സേവകനായി തുടരാന്‍ ഞാന്‍ അപേക്ഷിക്കുന്നു' എന്ന് കത്തിലുണ്ടെന്നും, ഇത് ഞാനല്ല സവര്‍ക്കര്‍ജി എഴുതിയതാണ് എന്നുമായിരുന്നു രാഹുല്‍ പറഞ്ഞത്.

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്സുമായി സഹകരിക്കുന്ന ശിവസേന ഉദ്ദയ് താക്കറെ വിഭാഗം ഇതില്‍ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിക്കേണ്ടി വന്നു. കാരണം, ഹിന്ദുത്വ ഐഡോളജി ആയി സ്വീകരിച്ച ഒരു രാഷ്ട്രീയ കക്ഷിയാണ് ശിവസേന. മാത്രമല്ല, മറാത്താ ദേശീയത ആണ് അതിന്റെ പ്രധാനപ്പെട്ട മുദ്രവാക്യം തന്നെ. മഹാരാഷ്ട്രയില്‍ ഉണ്ടായിട്ടുള്ള ഒരു ഹിന്ദുത്വ ആശയത്തിന്റെ വെളിച്ചത്തിലാണ് സവര്‍ക്കറിനെ ശിവസേന പിന്തുണക്കുന്നത്. സവര്‍ക്കര്‍ മഹാരാഷ്ട്രക്കാരന്‍ ആണ്. മറാത്താ ദേശീയ വാദത്തെ കൂടി ഉള്‍ച്ചേര്‍ത്തുകൊണ്ടാണ് ഹിന്ദുത്വ വാദം അവിടെ ഉയര്‍ത്തിയത്.

ശിവസേനയില്‍ ഉണ്ടായ വിഭജനം മൂലം ഏകനാഥ് ഷിന്‍ഡെ വിഭാഗം ഇപ്പോള്‍ അടുത്തിടെ സവര്‍ക്കര്‍ക്ക് ഭാരത രത്ന നല്‍കണമെന്ന ആവശ്യം നിരന്തരം ഉന്നയിക്കുന്നുണ്ട്. ശിവസേന ഉദ്ദയ് താക്കറെ വിഭാഗത്തിന്റെ നേരത്തെ തന്നെ ഉള്ള ആവശ്യമാണത്. ബി.ജെ.പിയും സമാന ആവശ്യം ഉന്നയിക്കുന്നുണ്ട്. അപ്പോള്‍ നിലവില്‍ രാഹുല്‍ ഗാന്ധി സവര്‍ക്കര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തില്‍ വീണ്ടും ഏകനാഥ് ഷിന്‍ഡെ വിഭാഗം അദ്ദേഹത്തിന് ഭാരത രത്ന നല്‍കണമെന്ന ആവശ്യം ആവര്‍ത്തിക്കുകയാണ്. ഇതിനോട് മുഖം തിരിച്ചു നില്‍ക്കാന്‍ ഉദ്ദയ് താക്കറെ വിഭാഗത്തിന് സാധിക്കില്ല. ബി.ജെ.പി അതിനെ പിന്തുണക്കുകയും ചെയ്യും. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സവര്‍ക്കര്‍ വിമര്‍ശനം തുടരുകയും ചെയ്യും. വരാന്‍ പോകുന്ന ലോക്‌സഭാ തെരെഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇത് മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ തന്നെയാകും ഉണ്ടാക്കുക.

തയ്യാറാക്കിയത്: അമീന പി.കെ

അവലംബം: മീഡിയവണ്‍ ഡീകോഡ്


TAGS :