Quantcast
MediaOne Logo

ആര്‍. അനിരുദ്ധന്‍

Published: 14 April 2024 7:24 AM GMT

അംബേദ്കറും ഇന്ത്യന്‍ സാമൂഹ്യ പരിവര്‍ത്തനവും

സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ പുനരേകീകരണം ദേശീയ തലത്തില്‍ ഒരു പ്രധാന ചര്‍ച്ചാ വിഷയമായി ഉയര്‍ന്നു വന്നിരുന്നു. ഈ ഘട്ടത്തില്‍ ഭാഷാ അടിസ്ഥാനത്തിലായിരിക്കണം പുതിയ സംസ്ഥാനങ്ങള്‍ രൂപീകരിക്കപ്പെടേണ്ടത് അഥവാ അതായിരിക്കണം സംസ്ഥാന പുനരേകീകരണത്തിന്റെ മാനദണ്ഡം എന്നു അസന്ദിഗ്ധമായി അഭിപ്രായപ്പെട്ട രാഷ്ട്രശില്‍പിയായിരുന്നു ഡോ. അംബേദ്കര്‍. സ്വാതന്ത്ര്യത്തിന് മുന്‍പും സ്വാതന്ത്രാനന്തരവും ഡോ. അംബേദ്കര്‍ നടത്തിയ സാമൂഹിക-നിയമ രംഗത്തെ സംഭാവനകളെ പ്രതിപാദിക്കുന്നു ലേഖകന്‍.

അംബേദ്കറും ഇന്ത്യന്‍ സാമൂഹ്യ പരിവര്‍ത്തനവും
X

കഴിഞ്ഞ നൂറ്റാണ്ടിലെ ഇന്ത്യയുടെ സാമൂഹിക, സാംസ്‌കാരിക, രാഷ്ടീയ ചരിത്രത്തെ നിര്‍ണായകമാം വിധം സ്വാധീനിച്ച ചരിത്ര ശില്‍പികളില്‍ അഗ്രഗാമിയാണ് ബാബാസാഹേബ് ഡോ. ബി.ആര്‍ അംബേദ്കര്‍. ഭരണഘടനാ നിര്‍മിതിക്ക് ചുക്കാന്‍ പിടിക്കുക വഴി സ്വതന്ത്ര ഇന്ത്യയുടെ രാഷ്ടീയ ഭാഗധേയം രൂപകല്‍പന ചെയ്യുന്നതില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ അതുല്യമാണ്. 1920 കളുടെ തുടക്കത്തില്‍ അധഃസ്ഥിത ജനകോടികളുടെ മനുഷ്യാവകാശ വിമോചന പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കി ഇന്ത്യയുടെ രാഷ്ട്രീയ നവോത്ഥാന മണ്ഡലങ്ങളില്‍ രചനാത്മകമായ ഇടപെടലുകള്‍ നടത്തിയ ഡോ.അംബേദ്കര്‍ ദേശീയ പ്രസ്ഥാനത്തിന്റെ നയസമീപനങ്ങളെയും ഗാന്ധി ഉള്‍പ്പെടെയുള്ള അതിന്റെ സാരഥികളെയും നഖശിഖാന്തം വിമര്‍ശന വിധേയമാക്കികൊണ്ടായിരുന്നു ദേശീയ രാഷ്ടീയത്തിന്റെ അലകും പിടിയും പുനര്‍നിര്‍വചിക്കുന്നതില്‍ നിര്‍ണായക സ്വാധീന ശക്തിയായി നിലകൊണ്ടത്. ജാതി കേന്ദ്രിതമായ ഇന്ത്യന്‍ സമൂഹം തൊട്ടുകൂടായ്മയുടെ വിവേചനാധിഷ്ഠിത നീതി ദണ്ഡനങ്ങള്‍ക്ക് കീഴില്‍ നൂറ്റാണ്ടുകള്‍ ചരിത്രത്തില്‍ നിന്നും ബഹിഷ്‌ക്കരിക്കപ്പെട്ട അധഃസ്ഥിത ജനതയുടെ വിമോചന സ്വപ്നങ്ങളുമായി ഇന്ത്യയുടെ സാമൂഹ്യ, രാഷ്ട്രീയ മണ്ഡലങ്ങളില്‍ നിര്‍ണായക ഇടപെടലുകള്‍ക്ക് തുടക്കം കുറിച്ച ഡോ.അംബേദ്കര്‍ രാജ്യത്തിന്റെ രാഷ്ട്രീയ ഭാഗധേയം നിര്‍ണയിക്കേണ്ട നിര്‍ണായക ഘട്ടങ്ങളിലെല്ലാം തന്റേതായ മൗലിക സംഭാവനകള്‍ നല്‍കുന്നതിലും മുന്നിലായിരുന്നുവെന്ന് സംഭവബഹുലമായ അദ്ദേഹത്തിന്റെ രാഷ്ടീയ ജീവിതം സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ഡോ. അംബേദ്കറുടെ ജന്മശതാബ്ദി വര്‍ഷമായ 1990 - ല്‍ അംബേദ്കര്‍ ഫൗണ്ടേഷന്‍ സ്ഥാപിതമായതും ഇന്ത്യയിലെ വിവിധ സര്‍വകലാശാലകളില്‍ ഡോ. അംബേദ്കര്‍ ചെയറുകള്‍ നിലവില്‍ വന്നതും കലാലയങ്ങളില്‍ അംബേദ്കറിസം ഒരു പാഠ്യവിഷയമായി തെരഞ്ഞെടുത്തതും അംബേദ്കറെ മനസ്സിലാക്കാന്‍ പുതിയ വാതായനങ്ങള്‍ തുറക്കാന്‍ ഇടയാക്കുകയായിരുന്നു. വര്‍ത്തമാനകാലത്ത് ഭരണഘടനാ ശില്‍പി എന്നതിലുപരി ആധുനിക ഇന്ത്യയുടെ രാഷ്ട്ര ശില്‍പി എന്ന നിലയിലും സാമൂഹ്യനീതിയുടെ ശക്തനായ വക്താവ് എന്ന നിലയിലും ഏറ്റവും മഹാനായ ഇന്ത്യക്കാരന്‍ എന്ന നിലയിലും സ്റ്റേറ്റ് സോഷ്യലിസം, സാമൂഹ്യ ജനാധിപത്യം, സാമ്പത്തിക ജനാധിപത്യം തുടങ്ങിയ ആദര്‍ശങ്ങളുടെ ഉപജ്ഞാതാവ് എന്ന നിലയിലും നവയാന ബുദ്ധിസത്തിന്റെ സ്ഥാപകന്‍ എന്ന നിലയിലും ഡോ. അംബേദ്കര്‍ നിരന്തരം വായിക്കപ്പെടുന്നു.

1920-ല്‍ പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അനിവാര്യതയെ സംബന്ധിച്ച് സൗത്‌ബോറ കമീഷന് മുന്നില്‍ തെളിവ് നല്‍കുന്നത് മുതല്‍ ഭരണഘടനാ നിര്‍മിതിക്ക് ചുക്കാന്‍ പിടിക്കുന്നതുവരെ ഡോ. അംബേദ്കര്‍ എന്ന പ്രതിഭാധനനായ ദേശീയവാദി നടത്തിയ നിര്‍ണായക ഇടപെടലുകള്‍ ചരിത്രത്തില്‍ എക്കാലവും ഒളിമങ്ങാത്ത രജതരേഖയായി തെളിഞ്ഞു കിടക്കുന്നതു കാണാം. ഇന്ത്യന്‍ സമൂഹത്തെയും ചരിത്രത്തെയും ദേശീയതയെയും സംസ്‌കാരത്തെയും സംബന്ധിച്ച് ഡോ.അംബേദ്കര്‍ നടത്തിയ ആഴമേറിയ അന്വേഷണങ്ങള്‍, രാജ്യത്തിന്റെ വികസനത്തെയും സാമൂഹ്യനീതിയെയും സാമ്പത്തിക സ്വാതന്ത്ര്യത്തെയും സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ ഉള്‍ക്കാഴ്ചകള്‍, ജനാധിപത്യ സംസ്‌കൃതിയുടെ ആരോഗ്യപരമായ പരിപാലനത്തിനും വികാസത്തിനും വേണ്ടിയുള്ള രചനാത്മകമായ മാര്‍ഗനിര്‍ദേശങ്ങള്‍, ഹിന്ദുസമൂഹത്തിന്റെ പരിഷ്‌ക്കരണാര്‍ഥം രൂപകല്‍പന ചെയ്ത നിയമ പരിഷ്‌കാരങ്ങള്‍, ലിംഗസമത്വത്തിലൂന്നി സ്ത്രീകളുടെയും തൊഴിലാളികളുടെയും അവകാശങ്ങള്‍ വ്യവസ്ഥാപിതമാക്കുന്നതിനു വേണ്ടി നടത്തിയ ചുവട് വയ്പുകള്‍ തുടങ്ങി ബഹുസ്വരതയുടെ സംഗമഭൂമികയായ ഇന്ത്യയെ കാലാനുസൃതമായി പുതുക്കിപ്പണിയുന്നതിന് ഡോ. അംബേദ്കര്‍ നല്‍കിയ മഹത്തായ സംഭാവനകളുടെ പ്രസക്തി സമകാലത്തും വര്‍ധിച്ചുവരികയാണ്. ചിന്തകന്‍, പണ്ഡിതന്‍, സ്റ്റേറ്റ്മാന്‍, സാമൂഹ്യ വിപ്ലവകാരി, സാമ്പത്തിക വിദഗ്ധന്‍, ആസൂത്രകന്‍, നിയമജ്ഞന്‍, ഭരണഘടനാവാദി, ഗ്രന്ഥകാരന്‍, ബുദ്ധമത നവോത്ഥാന നായകന്‍ എന്നീ നിലകളിലും വര്‍ത്തമാനത്തില്‍ ഡോ. അംബേദ്കറുടെ സംഭാവനകളെ ലോകം ആഴത്തില്‍ അപഗ്രഥന വിധേയമാക്കിവരികയാണ്.


ജീവിച്ചിരുന്ന കാലഘട്ടത്തില്‍ അധഃസ്ഥിത ജനതതിയുടെ നവോത്ഥാന നായകന്‍, ഗാന്ധിയുടെയും കോണ്‍ഗ്രസ്സിന്റെയും മുഖ്യ പ്രതിയോഗി, ഹിന്ദുത്വ രാഷടീയത്തിന്റെ വര്‍ഗശത്രു, ബ്രിട്ടീഷുകാരുടെ പിണയാളി എന്നിങ്ങനെയൊക്കെയാണ് ഇന്ത്യയുടെ സാമൂഹ്യ, രാഷ്ട്രീയ മണ്ഡലം ഡോ. അംബേദ്കറെ വിലയിരുത്തിയത്. 1950-ല്‍ സ്വതന്ത്ര്യ ഇന്ത്യയുടെ ഭരണഘടനാ നിര്‍മിതിക്ക് രൂപവും ഭാവവും നല്‍കിയതോടെ ഭരണഘടനാ ശില്‍പി എന്ന വിശേഷണം കൂടി അദ്ദേഹത്തിന്റെ ബഹുമതികള്‍ക്കൊപ്പം കൂട്ടിചേര്‍ക്കപ്പെട്ടു. എന്നാല്‍, ഈ വിശേഷണങ്ങള്‍ക്കപ്പുറം ഡോ.അംബേദ്കര്‍ എന്ന ധൈഷണിക വ്യക്തിത്വത്തിന്റെ ചിന്താമണ്ഡലത്തെ അടുത്തറിയാനോ ആധുനിക ഇന്ത്യയുടെ നിര്‍മിതിക്കുവേണ്ടി അദ്ദേഹം നല്‍കിയ സമാനതകളില്ലാത്ത സംഭാവനകളെ പുനരവലോകനം ചെയ്യാനോ ആധുനിക ഇന്ത്യയുടെ രാഷ്ട്രശില്‍പി എന്ന നിലയില്‍ അദ്ദേഹത്തെ ചരിത്രത്തില്‍ അടയാളപ്പെടുത്താനോ ജനാധിപത്യ സംസ്‌കൃതിയുടെ പരിപോഷണത്തിന് അദ്ദേഹം നല്‍കിയ മാര്‍ഗനിര്‍ദേശങ്ങളെ പിന്‍പറ്റാനോ ഗൗരവമായ യാതൊരുവിധ ശ്രമവും നടന്നില്ല എന്നു വേണം കരുതാന്‍.

ബാബാസാഹേബ് അംബേദ്കറുടെ മഹാപരിനിര്‍വാണം കഴിഞ്ഞ് പതിറ്റാണ്ടുകള്‍ക്കിപ്പുറമാണ് ഡോ. അംബേദ്ക്കറുടെ ആശയ പ്രപഞ്ചത്തെ വീണ്ടെടുക്കുന്നതിനുള്ള ഗൗരവമായ ശ്രമം ആരംഭിക്കുന്നത്. 1969-ല്‍ ഭഗവാന്‍ ദാസ് ആണ് ഇതിന് തുടക്കം കുറിക്കുന്നത്. പണ്ഡിതനായ ഭഗവാന്‍ ദാസ് 1930-നും 1956 നും മധ്യേ ഡോ. അംബേദ്കര്‍ നടത്തിയ അത്യപൂര്‍വ രാഷ്ട്രീയ പ്രസംഗങ്ങള്‍ സമാഹരിച്ച് Thus spoke Ambedkar എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിക്കുന്നതോടുകൂടിയാണ് ഇത്തരത്തിലൊരു നീക്കത്തിന് തുടക്കം കുറിക്കപ്പെടുന്നത്. ഇതിന് പിന്നാലെ എഴുപതുകളുടെ തുടക്കത്തില്‍ മഹാരാഷ്ട്ര കേന്ദ്രീകരിച്ച് ഉദയം ചെയ്ത ദലിത് സാഹിത്യ മുന്നേറ്റവും ആ മുന്നേറ്റത്തിന്റെ ശില്‍പികളാല്‍ ഉരുവപ്പെട്ട ദലിത് പാന്തര്‍ പ്രസ്ഥാനവും ഇന്ത്യന്‍ വിപ്ലവത്തിന്റെ സമഗ്ര ദര്‍ശനം എന്ന നിലയില്‍ അംബേദ്കര്‍ ചിന്തകളെ ഇന്ത്യന്‍ സമൂഹത്തില്‍ അവതരിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളും അംബേദ്കര്‍ ചിന്തകളുടെ ഈടുവയ്പ്പിന് കരുത്ത് പകരുകയുണ്ടായി. ഇത്തരം സര്‍ഗാത്മക ഇടപെടലുകള്‍ സൃഷ്ടിച്ച സമ്മര്‍ദങ്ങള്‍ക്ക് നടുവില്‍ 1976 കളോടെ മഹാരാഷ്ട്ര സര്‍ക്കാര്‍ ഡോ. അംബേദ്ക്കറുടെ എഴുത്തുകളും പ്രസംഗങ്ങളും സമാഹരിച്ച് പ്രസിദ്ധീകരിക്കാന്‍ മുന്‍കൈയെടുത്തതും ഡോ.അംബേദ്കര്‍ എന്ന മഹാപ്രതിഭയുടെ ചിന്താമണ്ഡലത്തെ വീണ്ടെടുക്കുന്നതില്‍ മറ്റൊരു വഴിത്തിരിവായി. 1979-ല്‍ ഡോ. വസന്ത് മൂണ്‍ എഡിറ്ററായി അംബേദ്കര്‍ സമ്പൂര്‍ണ കൃതികളുടെ ആദ്യ വാല്യം പ്രസിദ്ധീകൃതമായി. ഏതാണ്ട് ഇതേ കാലഘട്ടത്തിലാണ് ഇന്ത്യയിലെ വിവിധ സര്‍വകലാശാലകളില്‍ ഡോ.അംബേദ്ക്കറുടെ എഴുത്തുകളും പ്രസംഗങ്ങളും പാഠ്യവിഷയമായി ഉള്‍ച്ചേര്‍ക്കപ്പെടുന്നത്. ഡോ. അംബേദ്കറുടെ ജന്മശതാബ്ദി വര്‍ഷമായ 1990 - ല്‍ അംബേദ്കര്‍ ഫൗണ്ടേഷന്‍ സ്ഥാപിതമായതും ഇന്ത്യയിലെ വിവിധ സര്‍വകലാശാലകളില്‍ ഡോ. അംബേദ്കര്‍ ചെയറുകള്‍ നിലവില്‍ വന്നതും കലാലയങ്ങളില്‍ അംബേദ്കറിസം ഒരു പാഠ്യവിഷയമായി തെരഞ്ഞെടുത്തതും അംബേദ്കറെ മനസ്സിലാക്കാന്‍ പുതിയ വാതായനങ്ങള്‍ തുറക്കാന്‍ ഇടയാക്കുകയായിരുന്നു. വര്‍ത്തമാനകാലത്ത് ഭരണഘടനാ ശില്‍പി എന്നതിലുപരി ആധുനിക ഇന്ത്യയുടെ രാഷ്ട്ര ശില്‍പി എന്ന നിലയിലും സാമൂഹ്യനീതിയുടെ ശക്തനായ വക്താവ് എന്ന നിലയിലും ഏറ്റവും മഹാനായ ഇന്ത്യക്കാരന്‍ എന്ന നിലയിലും സ്റ്റേറ്റ് സോഷ്യലിസം, സാമൂഹ്യ ജനാധിപത്യം, സാമ്പത്തിക ജനാധിപത്യം തുടങ്ങിയ ആദര്‍ശങ്ങളുടെ ഉപജ്ഞാതാവ് എന്ന നിലയിലും നവയാന ബുദ്ധിസത്തിന്റെ സ്ഥാപകന്‍ എന്ന നിലയിലും ഡോ. അംബേദ്കര്‍ നിരന്തരം വായിക്കപ്പെടുന്നു.


സ്വതന്ത്ര ഇന്ത്യയുടെ ഭരഘടനാ ശില്‍പി എന്ന നിലയിലാണ് ഡോ. അംബേദ്കറെ പരക്കെ വിലയിരുത്തപ്പെട്ടിട്ടുള്ളത്. ഭരണഘടനാ വാദം, ഭരണഘടനാ ധാര്‍മികത എന്നീ സിദ്ധാന്തങ്ങളുടെ വക്താവായും അദ്ദേഹം അറിയപ്പെടുന്നു. കൊളംബിയ സര്‍വകലാശാല, ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ്, ഗ്രേയ്‌സ് ഇന്‍ എന്നിവിടങ്ങളിലെ ഉപരിപഠനത്തിന് ശേഷം ഇന്ത്യയില്‍ മടങ്ങിയെത്തി അധഃസ്ഥിത ജനകോടികളുടെ വിമോചന മുന്നേറ്റങ്ങള്‍ക്ക് ദിശാബോധം നല്‍കാന്‍ ആരംഭിക്കുന്നത് മുതല്‍ ഭരണഘടനാ വ്യവസ്ഥകളിലും അവയുടെ പരിപാലനത്തിലും ഡോ. അംബേദ്കര്‍ക്ക് അത്യഗാധമായ വിശ്വാസമുണ്ടായിരുന്നു. പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ സാധ്യതയെപ്പറ്റി അന്വേഷിക്കാന്‍ 1920 ല്‍ നിയോഗിക്കപ്പെട്ട സൗത് ബോറ കമിഷന് മുന്നില്‍ സ്ത്രീ പുരഷ ഭേദമന്യേ എല്ലാ പൗരന്മാര്‍ക്കും വോട്ടവകാശവും അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് സംവരണ സീറ്റുകളും ആവശ്യപ്പെട്ടുകൊണ്ട് തെളിവ് നല്‍കുന്നതോടുകൂടിയാണ് ഡോ. അംബേദ്കറുടെ നിയമ പോരാട്ടങ്ങള്‍ ആരംഭിക്കുന്നത്. ഒരു പക്ഷേ പ്രായപൂര്‍ത്തി വോട്ടവകാശത്തിനു വേണ്ടി സ്വാതന്ത്ര്യപൂര്‍വ ഇന്ത്യയില്‍ നടന്ന ആദ്യത്തെ ഇടപെടല്‍ ഡോ. അംബേദ്കറുടേതായിരിക്കാം. തുടര്‍ന്ന് 1926-ല്‍ ബോംബെ നിയമനിര്‍മാണ സഭയില്‍ അംഗമായിരിക്കെ പില്‍ക്കാലത്ത് രാജ്യത്തിനാകെ മാതൃകയായി തീര്‍ന്ന സ്ത്രീകളുടെ അവകാശ സംബന്ധിയായ നിരവധി നിയമങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിനും ഖോത്തി സമ്പ്രദായം പോലുള്ള ഭൂവുടമ സമ്പ്രദായം നിയമം മൂലം നിരോധിക്കുന്നതിനും അദ്ദേഹം മുന്‍കൈയെടുക്കുകയുണ്ടായി. 1927-ല്‍ രാജ്യം ഒന്നടങ്കം സൈമണ്‍ കമീഷനെ ബഹിഷ്‌കരിച്ച് തൊരുവിലിറങ്ങയപ്പോഴും ഡോ. അംബേദ്കര്‍ കമീഷനോട് സഹകരിച്ചതും പുതിയ ഭരണഘടനാ പരിഷ്‌കാരങ്ങളെ സംബന്ധിച്ച് വിശദമായ തെളിവ് നല്‍കാന്‍ സന്നദ്ധനായതും നിയമവ്യവസ്ഥകളില്‍ അദ്ദേഹത്തിനുണ്ടായിരുന്ന അചഞ്ചലമായ വിശ്വാസം ഒന്നുകൊണ്ട് മാത്രമായിരുന്നു. തുടര്‍ന്ന് 1930 കളില്‍ ലണ്ടനില്‍ വച്ച് നടന്ന വട്ടമേശ സമ്മേളനങ്ങളില്‍ ഇന്ത്യയിലെ ഏഴരക്കോടി അധഃസ്ഥിതരെ പ്രതിനിധീകരിച്ചതിന്റെ പൊരുളും മാറ്റാന്നായിരുന്നില്ല. ചരിത്രപ്രസിദ്ധമായ വട്ടമേശ സമ്മേളനങ്ങളില്‍ ഡോ. അംബേദ്കര്‍ നടത്തിയ സുപ്രധാന ഇടപെടലുകളും തത്ഫലമായി രൂപകല്‍പന ചെയ്യപ്പെട്ട കമ്യൂണല്‍ അവാര്‍ഡിന്റെ പ്രഖ്യാപനവും പ്രസ്തുത പ്രഖ്യാപനത്തിനെതിരെ ഗാന്ധി നടത്തിയ കുപ്രസിദ്ധമായ നിരാഹാര സമരവും തത്ഫലമായി രൂപംകൊണ്ട പൂനാ പാക്ടുമെല്ലാം ചരിത്രത്തിന്റെ തന്നെ ഭാഗമാണല്ലോ?

ഏക ഭാഷ ജനങ്ങളെ വിഘടിപ്പിക്കുകയും ബഹുഭാഷ ജനങ്ങളെ അടുപ്പിക്കുകയും ചെയ്യും എന്ന അഭിപ്രായക്കാരനായിരുന്നു ഡോ. അംബേദ്കര്‍. ഭാഷയിലൂടെയാണ് സംസ്‌കാരം സംരക്ഷിക്കപ്പെടുന്നതെന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. രണ്ടു കാരണങ്ങളാലായിരുന്നു ഡോ. അംബേദ്കര്‍ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന വാദത്തെ പിന്തുണച്ചത്; ജനാധിപത്യത്തിന്റെ മാര്‍ഗം സുഗമമാക്കുന്നതിനും വംശീയവും സാംസ്‌കാരികവുമായ അസ്വസ്ഥതകള്‍ ലഘൂകരിക്കുന്നതിനും. ഭൂവിസ്തൃതിയില്‍ മുന്നിട്ടു നില്‍ക്കുന്ന സംസ്ഥാനങ്ങളെ ഭാഷാടിസ്ഥാനത്തില്‍ വിഭജിക്കണം എന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ട് വച്ചു. മധ്യപ്രദേശിനെയും ബിഹാറിനെയും രണ്ട് സ്റ്റേറ്റുകളായി വിഭജിക്കണമെന്ന നിര്‍ദേശം ആദ്യമായി അവതരിപ്പിച്ചതും ഡോ. അംബേദ്കറായിരുന്നു.

1942ല്‍ കോണ്‍ഗ്രസ് ക്വിറ്റ് ഇന്ത്യാ സമരം പ്രഖ്യാപിക്കുന്നതിന് തൊട്ടു മുന്‍പാണ് ഡോ. അംബേദ്കര്‍ വൈസ്രോയിയുടെ എക്‌സിക്യുട്ടീവ് കൗണ്‍സിലില്‍ തൊഴില്‍കാര്യ വകുപ്പിന്റെ ചുമതലയുള്ള അംഗമായി നിയമിതനാവുന്നത്. 1946 വരെ ഇതേ പദവിയില്‍ തുടര്‍ന്ന അദ്ദേഹം ഇക്കാലത്താണ് തൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും അഭിവൃത്തിയും മുന്‍നിര്‍ത്തിയുള്ള നിര്‍ണായക നിയമനിര്‍മാണങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. ഈ നിയമങ്ങളൊക്കെയും പിന്നീട് രാജ്യത്തിനാകെ മാതൃകയാവുകയായിരുന്നു. ഭരണഘടനാ ശില്‍പി എന്ന നിലയില്‍ സ്വതന്ത്ര ഇന്ത്യയെ പരമാധികാര, ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റേ് റിപ്പബ്ലിക്കായി വിഭാവനം ചെയ്യാന്‍ ചുക്കാന്‍ പിടിച്ച ഡോ. അംബേദ്കര്‍ നീതിക്കും ആശയപ്രകാശനത്തിനും സാഹോദര്യത്തിനും സമത്വാധിഷ്ഠിത വികസനത്തിനും സ്വാതന്ത്ര്യത്തിനും ഭരണഘടനയുടെ ആമുഖത്തില്‍ പ്രാമുഖ്യം നല്‍കികൊണ്ടാണ് ഭരണഘടനയുടെ ഔന്നിത്യം വിളംബരം ചെയ്തത്. ജാതി, മത, വര്‍ഗ, ലിംഗ ഭേദമന്യേ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും മൗലികാവകാശങ്ങളില്‍ തുല്യത വിഭാവനം ചെയ്യുന്നതിനും അവസരത്തിലും പദവിയിലും തുല്യത ഉറപ്പാക്കുന്നതിലും നീതിയില്‍ അധിഷ്ഠിതമായ പുരോഗതിയും വികസനവും വ്യവസ്ഥാപിതമാക്കുന്നതിനും ചരിത്രപരമായ കാരണങ്ങളാല്‍ ചരിത്രത്തില്‍ നിന്നും ബഹിഷ്‌കരിക്കപ്പെട്ടവര്‍ക്കും ലിംഗം, ഭാഷ, വംശം എന്നിവയുടെ പേരില്‍ വിവേചനം അനുഭവിക്കുന്നവര്‍ക്കും നീതിയും അവസരസമത്വവും ഉറപ്പാക്കാന്‍ ഭരണഘടനയില്‍ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയുമാണ് ഭരണഘടനാ ശില്‍പി ഭരണഘടനയുടെ അലകും പിടിയും രൂപകല്‍പന ചെയ്തത്. രാഷ്ട്രനയത്തിന്റെ നിര്‍ദേശക തത്വങ്ങളിലൂടെ ഒരു സോഷ്യലിസ്റ്റിക് വികസന മാതൃകയെ രാഷ്ട്രത്തിനു വേണ്ടി നിര്‍ദേശിച്ച ഡോ. അംബേദ്കര്‍ അതിനു വേണ്ടി ഭരണഘടനാപരമായ മാര്‍ഗങ്ങള്‍ പിന്തുടരണമെന്നും നിര്‍ദേശിച്ചു. ഭരണഘടനാ വാദത്തിലും ഭരണഘടനാ ധാര്‍മികതയിലും അടിയുറച്ചു വിശ്വസിച്ചിരുന്ന രാഷ്ട്രശില്‍പിയായിരുന്നു ഡോ. അംബേദ്കര്‍. ഭരണാധികാരികള്‍ ഭരണഘടനാ ധാര്‍മികതയിലൂന്നി ഭരണം നടത്തുമ്പോള്‍ മാത്രമെ ഭരണഘടനയുടെ ഗുണം ജനങ്ങള്‍ക്ക് ലഭിക്കുകയുള്ളൂ എന്ന ഡോ. അംബേദ്ക്കറുടെ മുന്നറിയിപ്പ് ചരിത്രപ്രസിദ്ധമാണല്ലോ

സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ പുനരേകീകരണം ദേശീയ തലത്തില്‍ ഒരു പ്രധാന ചര്‍ച്ചാ വിഷയമായി ഉയര്‍ന്നു വന്നിരുന്നു. ഈ ഘട്ടത്തില്‍ ഭാഷാ അടിസ്ഥാനത്തിലായിരിക്കണം പുതിയ സംസ്ഥാനങ്ങള്‍ രൂപീകരിക്കപ്പെടേണ്ടത് അഥവാ അതായിരിക്കണം സംസ്ഥാന പുനരേകീകരണത്തിന്റെ മാനദണ്ഡം എന്നു അസന്ദിഗ്ധമായി അഭിപ്രായപ്പെട്ട രാഷ്ട്രശില്‍പിയായിരുന്നു ഡോ. അംബേദ്കര്‍. 1955-ല്‍ പ്രസിദ്ധീകരിച്ച ഭാഷാ സംസ്ഥാനങ്ങളെപ്പറ്റിയുള്ള ചിന്തകള്‍ (Thoughts on Lingustic statse) എന്ന വിഖ്യാത കൃതിയിലൂടെയാണ് ഭാഷാ സംസ്ഥാനങ്ങളെപ്പറ്റിയുള്ള തന്റെ ഖണ്ഡിതമായ അഭിപ്രായങ്ങള്‍ ഡോ. അംബേദ്കര്‍ അവതരിപ്പിച്ചത്. ഏക ഭാഷ ജനങ്ങളെ വിഘടിപ്പിക്കുകയും ബഹുഭാഷ ജനങ്ങളെ അടുപ്പിക്കുകയും ചെയ്യും എന്ന അഭിപ്രായക്കാരനായിരുന്നു ഡോ. അംബേദ്കര്‍. ഭാഷയിലൂടെയാണ് സംസ്‌കാരം സംരക്ഷിക്കപ്പെടുന്നതെന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. രണ്ടു കാരണങ്ങളാലായിരുന്നു ഡോ. അംബേദ്കര്‍ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന വാദത്തെ പിന്തുണച്ചത്; ജനാധിപത്യത്തിന്റെ മാര്‍ഗം സുഗമമാക്കുന്നതിനും വംശീയവും സാംസ്‌കാരികവുമായ അസ്വസ്ഥതകള്‍ ലഘൂകരിക്കുന്നതിനും. ഭൂവിസ്തൃതിയില്‍ മുന്നിട്ടു നില്‍ക്കുന്ന സംസ്ഥാനങ്ങളെ ഭാഷാടിസ്ഥാനത്തില്‍ വിഭജിക്കണം എന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ട് വച്ചു. മധ്യപ്രദേശിനെയും ബിഹാറിനെയും രണ്ട് സ്റ്റേറ്റുകളായി വിഭജിക്കണമെന്ന നിര്‍ദേശം ആദ്യമായി അവതരിപ്പിച്ചതും ഡോ. അംബേദ്കറായിരുന്നു. 45 വര്‍ഷങ്ങള്‍ക്കു ശേഷം മധ്യപ്രദേശില്‍ നിന്നും ഛത്തീസ്ഘഢും ബിഹാറില്‍ നിന്നും ഝാര്‍ഖണ്ഡും നിലവില്‍ വന്നപ്പോള്‍ ഡോ. അംബേദ്കറുടെ നിര്‍േദശമാണ് പ്രാവര്‍ത്തികമായെതെന്നു കാണാം. ആന്ധ്രാപ്രദേശും ഹൈദരാബാദും (തെലുങ്കാന) രണ്ടു വ്യതിരിക്ത എന്റ്റിറ്റികളാണെന്നതായിരുന്നു ഡോ. അംബേദ്കറുടെ മറ്റൊരു വാദം. തികച്ചും ഭാഷാപരമായിരുന്നു ഈ വാദത്തിന്റെ അടിസ്ഥാനമെന്നു കാണാന്‍ പ്രയാസമില്ല. ഒരു പ്രത്യേക തെലുങ്കാന സംസ്ഥാനം എന്ന ആശയം ആദ്യമായി അവതരിപ്പിച്ചതും ഭരണഘടനാ ശില്‍പിയായിരുന്നു. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്രാ സംസ്ഥാനങ്ങളെ ഭാഷാടിസ്ഥാനത്തില്‍ വിഭജിക്കണം എന്ന ആശയം ആദ്യമായി ഉന്നയിച്ചതും ഡോ. അംബേദ്കറായിരുന്നു.


1923ല്‍ ഡോ. അംബേദ്കര്‍ പ്രസിദ്ധീകരിച്ച വിഖ്യാത ധനതത്വശാസ്ത്ര ഗ്രസ്ഥമാണ് The Problem of Rupees : Its origin and its Solutions ഗ്രന്ഥത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ ഇന്ത്യന്‍ രൂപയുടെ പ്രശ്‌നങ്ങളും ആയതിന്റെ ഉത്ഭവവും പരിഹാരവും അപഗ്രഥന വിധേയമാക്കുന്ന ഈ ഗ്രന്ഥത്തിലാണ് ഇന്ത്യയില്‍ ഒരു കേന്ദ്രീകൃത ബാങ്ക് രൂപീകരിക്കേണ്ടതിന്റെ അനിവാര്യതയെപ്പറ്റിയും ആയതിനുള്ള മാര്‍ഗനിര്‍ീേശങ്ങളെപ്പറ്റിയും ഡോ. അംബേദ്കര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ ആശയങ്ങളുടെ പശ്ചാത്തലത്തിലാണ് 1925- ഡിസംബര്‍ 15-ന് ഇന്ത്യന്‍ കറന്‍സിയെയും ഫിനാന്‍സിനെയുംപ്പറ്റി അന്വേഷിക്കാന്‍ ഒരു റോയല്‍ കമീഷന്‍ (ഹില്‍ട്ടന്‍ യങ് കമീഷന്‍) ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്നത്. കമീഷനെ സമീപിച്ച ഡോ. അംബേദ്കര്‍ ഒരു റിസര്‍വ് ബാങ്ക് രൂപീകരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കമീഷന് കൈമാറിയിരുന്നു. ഇതിന്റെ പിന്തുടര്‍ച്ചയായാണ് 1934-ല്‍ റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ അക്ട് നിലവില്‍ വരുന്നതും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ യാഥാര്‍ഥ്യമാവുന്നതും. തെളിവ് നല്‍കാന്‍ ഹില്‍ട്ടന്‍ കമീഷന് മുന്നില്‍ ഡോ. അംബേദ്കര്‍ ഹാജരാകുമ്പോള്‍ കമീഷന്‍ അംഗങ്ങളുടെ കൈകളില്‍ എല്ലാം The problem of Rupees എന്ന ഗ്രന്ഥത്തിന്റെ കോപ്പികള്‍ കണ്ടതായി അദ്ദേഹം തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.


1942 ല്‍ ക്വിറ്റ് ഇന്ത്യാ സമരം ആരംഭിക്കുമ്പോഴായിരുന്നു ഡോ. അംബേദ്കര്‍ വൈസ്രോയിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍ലില്‍ തൊഴില്‍കാര്യ മന്ത്രിയായി ചുമതലയേല്‍ക്കുന്നതെന്നു സൂചിപ്പിച്ചല്ലോ? ഇക്കാലത്താണ് 1943 മേയില്‍ ബോംബെയില്‍ വച്ച് നടന്ന മൂന്നാമത് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ അധ്യക്ഷത അദ്ദേഹം വഹിക്കുന്നതും തൊഴിലാളികളുടെ ക്ഷേമം മുന്‍നിര്‍ത്തി നിര്‍ണായകമായ നിരവധി തീരുമാനങ്ങള്‍ എടുക്കുന്നതും. തൊഴിലാളികളുടെ ക്ഷേമം, പ്രൊഡക്റ്റിവിറ്റി, നൈപുണ്യം ഉള്ളവരുടെയും ഇല്ലാത്തവരുടെയും തൊഴില്‍, വ്യവസായ തര്‍ക്കങ്ങള്‍, തൊഴില്‍ പ്രശ്‌നങ്ങളെ സംബന്ധിച്ച വിവരശേഖരണം, എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് സ്ഥാപിക്കുന്നതിനുളള സ്‌കീം എന്നിവ ചര്‍ച്ച ചെയ്യപ്പെട്ടത് ഈ സമ്മേളനത്തിലായിരുന്നു. ഈ ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞു വന്ന ആശയങ്ങളുടെ അടിസ്ഥാനത്തിലാണ് നാഷണല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സി രൂപീകരിക്കപ്പെടുന്നത്.

1937ല്‍ ആണ് ഇന്ത്യയില്‍ ഇദംപ്രഥമായി ഒരു തൊഴില്‍ കാര്യ വകുപ്പ് നിലവില്‍ വരുന്നത്. അതോടെ ജലസേചനം, വൈദ്യുതി, പൊതുമരാമത്ത് ജോലികള്‍ എല്ലാം ഈ വകുപ്പിന് കീഴിലായി. 1942- ജൂലൈയില്‍ ഡോ. അംബേദ്കര്‍ വൈസ്രോയിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍ നിയമകാര്യ മന്ത്രിയാകവെ വൈദ്യുതി, ജലസേചനം തുടങ്ങിയ വകുപ്പുകള്‍ കൂടി അദ്ദേഹത്തിന് കൈകാര്യം ചെയ്യേണ്ടി വന്നു. ഈ സാഹചര്യത്തിലാണ് വിവിധോദ്ദേശ ലക്ഷ്യത്തോടെ അണക്കെട്ടുകള്‍ നിര്‍മിക്കുന്നത് സംബന്ധിക്കുന്ന ജലസേചന പദ്ധതികള്‍ക്ക് രാജ്യത്ത് തുടക്കം കുറിക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായിട്ടാണ് രാജ്യത്തെ ആദ്യത്തെ നദീജല പദ്ധതിയായ ദാമോദര്‍ വാലി കോര്‍പ്പറേഷന്‍ (DVC) സ്ഥാപിതമാകുന്നത്. അമേരിക്കയിലെ ടെനന്‍സി വാലി പദ്ധതിയുടെ മാതൃകയില്‍ തയ്യാറാക്കിയ ദാമോദര്‍ വാലി കോര്‍പ്പറേഷന്റെ വിജയത്തെത്തുടര്‍ന്നാണ് പഞ്ചവത്സര പദ്ധതികളില്‍ ഉള്‍പ്പെടുത്തി രാജ്യത്ത് നദീതട പദ്ധതികള്‍ക്ക് തുടക്കമാവുന്നത്.

വൈസ്രോയിയുടെ എക്‌സിക്യീട്ടീവ് കൗണ്‍സിലില്‍ അംഗമായിരിക്കുമ്പോഴാണ് ഡോ. അംബേദ്കര്‍ രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിനും തൊഴിലാളി ക്ഷേമം മുന്‍നിര്‍ത്തി, പ്രത്യേകിച്ചും സ്ത്രീ തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ ഉതകുംവിധം നിയനിര്‍മാണത്തിലേര്‍പ്പെടുന്നത്. ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ നിയമം, ഇന്‍ഡ്‌സ്ട്രിയല്‍ ഡിസ്പ്യൂട് ആക്ട്, തൊഴില്‍ സമയം ക്രമീകരിക്കല്‍ നിയമം , പ്രസവാനുകൂല്യ നിയമം, അഗാധ ഖനികളില്‍ സ്ത്രീ തൊഴിലാളികളെ വിലക്കുന്ന നിയമം, സ്ത്രീ പുരുഷ ഭേദമെന്യെ തുല്യജോലിക്ക് തുല്യവേതനം നല്‍കല്‍ നിയമം തുടങ്ങി തൊഴിലാളികളുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കാന്‍ സഹായകമായി നിരവധി നിയമങ്ങള്‍ക്ക് അംബേദകര്‍ തുടക്കം കുറിച്ചു .പണിമുടക്കാനുള്ള തൊഴിലാളികളുടെ അവകാശത്തിന് വേണ്ടി ഡോ. അംബേദ്കര്‍ നടത്തിയ പോരാട്ടങ്ങള്‍ സുവിദിതമാണല്ലോ.

നിയമമന്ത്രിയായിരിക്കെ 1951 ല്‍ പാര്‍ലമെന്റില്‍ ഡോ. അംബേദ്കര്‍ അവതരിപ്പിച്ച ഹിന്ദു കോഡ് ബില്‍ ഹിന്ദു സമൂഹത്തിലെ സ്ത്രീകള്‍ക്ക് തുല്യാവകാശം പ്രദാനം ചെയ്യുന്ന വിപ്ലവകരമായ ചുവടുവെപ്പായിരുന്നു. ഹിന്ദുക്കളിലെ എല്ലാ ജാതികള്‍ക്കും ഏകീകൃത നിയമം വ്യവസ്ഥ ചെയ്ത ഹിന്ദു കോഡ് ബില്‍ സ്വത്തവകാശത്തില്‍ സ്ത്രീക്കും പുരുഷനും തുല്യത ഉറപ്പാക്കുകയും വിവാഹം, വിവാഹമോചനം, ദത്തെടുക്കല്‍ തുടങ്ങി ഒട്ടനവധി പരിഷ്‌കാരങ്ങള്‍ മുന്നോട്ട് വെക്കുകയും ചെയ്തു. എന്നാല്‍, യാഥാസ്ഥിതിക ഹിന്ദുക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ബില്‍ പാര്‍ലമെന്റില്‍ പാസ്സാക്കാനായില്ല.

സ്ത്രീ വിമോചന മുന്നേറ്റത്തില്‍ ഡോ. അംബേദ്കര്‍ നല്‍കിയ സംഭാവനകളും അതുല്യമാണ്. ഇന്ത്യന്‍ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് എന്ന നിലയിലും സ്ത്രീകളുടെ അവകാശ സംരക്ഷകന്‍ എന്ന നിലയിലും ഡോ. അംബേദ്കര്‍ ചരിത്രത്തില്‍ അറിയപ്പെടുന്നു. ഇന്നു നമുടെ രാജ്യത്ത് നിലനില്‍ക്കുന്ന സ്ത്രീകളുടെ അവകാശ സംരക്ഷണ നിയമങ്ങള്‍ക്ക് എല്ലാം അടിത്തറ പാകിയത് ഡോ. അംബേദ്ക്കറുടെ ഇടപെടലുകളായിരുന്നു എന്നു കാണാം. 1926-ല്‍ ബോംബെ നിയമസഭയില്‍ അംഗമായിരിക്കുമ്പോഴാണ് ഡോ. അംബേദ്കര്‍ നിയമനിര്‍മാണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി സ്ത്രീകളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുള്ള പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. നിയമസഭയില്‍ കുടുംബാസൂത്രണത്തിനു വേണ്ടി വാദിച്ച അദ്ദേഹം പ്രസവാനുകൂല്യ ബില്ലും അവതരിപ്പിച്ചു. സ്ത്രീകള്‍ക്ക് ശമ്പളത്തോടെ പ്രസവാവധിയും മറ്റു ആനുകൂല്യങ്ങളും വ്യവസ്ഥ ചെയ്യുന്നതായിരുന്നു ഈ നിയമം. ഇതിനെ തുടര്‍ന്നാണ് മദ്രാസ് ഉള്‍പ്പെടെയുള്ള ഇതര ബ്രിട്ടീഷ് പ്രവിശ്യയില്‍ ഇതിന് സമാനമായ നിയമനിര്‍മാണം പ്രാബല്യത്തില്‍ വരുന്നത്. 1920 - ല്‍ സൗത് ബോറ കമീഷന് മുന്നില്‍ സമര്‍പ്പിച്ച നിവേദനത്തിലൂടെ രാജ്യത്ത് ആദ്യമായി സ്ത്രീകളുടെ വോട്ടവകാശത്തിനു വേണ്ടി ശബ്ദമുയര്‍ത്തിയതും ഡോ. അംബേദ്കറായിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തുന്നുണ്ട് .

1942-46 കാലഘട്ടത്തില്‍ വൈസ്രോയിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍ തൊഴി കാര്യമന്ത്രിയായിരിക്കെ സ്ത്രീ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി നടത്തിയ നിയമനിര്‍മാണങ്ങള്‍ പിന്നീട് രാജ്യത്തിനാകെ മാതൃകയാവുകയായിരുന്നു. അഗാധ ഖനികളില്‍ സ്ത്രീകളെ തൊഴില്‍ ചെയ്യുന്നത് വിലക്കുന്ന നിയമവും ക്ഷേമഫണ്ടില്‍ തുല്യ പങ്കാളിത്തം ഉറപ്പാക്കുന്ന നിയമവും പ്രസവാവധിയും ആനുകൂല്യങ്ങളും ഉറപ്പാക്കുന്ന നിയമവും പ്രത്യുത്പാദന അവകാശം ഉറപ്പാക്കുന്ന നിയമവും തൊഴില്‍ നിയമം ക്ലിപ്തപ്പെടുത്തുന്ന നിയമവും തുല്യജോലിക്ക് തുല്യവേതനം ഉറപ്പാക്കുന്ന നിയമവും പ്രാബല്യത്തില്‍ കൊണ്ടുവന്നു. തുടര്‍ന്ന് ഭരണഘടനയിലൂടെ സ്ത്രീ പുരുഷ ഭേദമന്യേ എല്ലാ പൗരന്മാര്‍ക്കും തുല്യ പൗരാവകാശം ഉറപ്പാക്കുകയും ചെയ്തു. നിയമമന്ത്രിയായിരിക്കെ 1951 ല്‍ പാര്‍ലമെന്റില്‍ ഡോ. അംബേദ്കര്‍ അവതരിപ്പിച്ച ഹിന്ദു കോഡ് ബില്‍ ഹിന്ദു സമൂഹത്തിലെ സ്ത്രീകള്‍ക്ക് തുല്യാവകാശം പ്രദാനം ചെയ്യുന്ന വിപ്ലവകരമായ ചുവടുവെപ്പായിരുന്നു. ഹിന്ദുക്കളിലെ എല്ലാ ജാതികള്‍ക്കും ഏകീകൃത നിയമം വ്യവസ്ഥ ചെയ്ത ഹിന്ദു കോഡ് ബില്‍ സ്വത്തവകാശത്തില്‍ സ്ത്രീക്കും പുരുഷനും തുല്യത ഉറപ്പാക്കുകയും വിവാഹം, വിവാഹമോചനം, ദത്തെടുക്കല്‍ തുടങ്ങി ഒട്ടനവധി പരിഷ്‌കാരങ്ങള്‍ മുന്നോട്ട് വെക്കുകയും ചെയ്തു. എന്നാല്‍, യാഥാസ്ഥിതിക ഹിന്ദുക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ബില്‍ പാര്‍ലമെന്റില്‍ പാസ്സാക്കാനായില്ല. എങ്കിലും പില്‍ക്കാലത്ത് പല ഘട്ടങ്ങളിലായി ഹിന്ദു കോഡ് ബില്ലിലെ വ്യവസ്ഥകള്‍ പല പേരുകളില്‍ രാജ്യത്ത് നിയമങ്ങളായി പ്രാബല്യത്തില്‍ വന്നു എന്നു കാണാം. ഇപ്രകാരം രാഷ്ട്ര ശില്‍പി എന്ന നിലയില്‍ ഭരണഘടനാ നിര്‍മിതിയിലൂടെയും നിയമനിര്‍മാണത്തിലൂടെയും നിയതമായ ആസൂത്രണത്തിലൂടെയും രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും തുല്യനീതിയും അവസരസമത്വവും വിഭാവനം ചെയ്യുന്നതിനും മതേതര, ജനാധിപത്യ ഇന്ത്യ യാഥാര്‍ഥ്യമാക്കുന്നതിനും വേണ്ടി യത്‌നിച്ച ഡോ. അംബേദ്ക്കറുടെ മഹത്തായ സംഭാവനകള്‍ അനശ്വരവും അവിസ്മരണീയവുമാണ്.





TAGS :