Quantcast
MediaOne Logo

അമീന പി.കെ

Published: 14 April 2023 2:07 PM GMT

അംബേദ്കറുടെ ജനാധിപത്യം

സാഹോദര്യത്തിന്റെ മറ്റൊരു പേര് മാത്രമാണ് ജനാധിപത്യം എന്ന് ഉപദര്‍ശിച്ച അംബേദ്കറുടെ ഇന്ത്യയില്‍ ഇന്ന് ജനാധിപത്യ മൂല്യങ്ങള്‍ നഷ്ടപ്പെട്ടുപോയിരിക്കുന്നു.

അംബേദ്കര്‍
X

'ജനാധിപത്യം, സോഷ്യലിസം, മതേതരത്വം എന്നിവയുടെ തത്വങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഭരണഘടനയുള്ള എന്റെ രാജ്യമായ ഇന്ത്യയെക്കുറിച്ച് ഞാന്‍ അഭിമാനിക്കുന്നു' - ഇന്ത്യന്‍ ഭരണഘടനയുടെ പിതാവ് എന്ന് വിശേഷിക്കപ്പെടുന്ന ഡോ. ബി.ആര്‍ അംബേദ്കറുടെ വാക്കുകളാണിവ. സാഹോദര്യത്തിന്റെ മറ്റൊരു പേര് മാത്രമാണ് ജനാധിപത്യം എന്ന് ഉപദര്‍ശിച്ച അംബേദ്കറുടെ ഇന്ത്യയില്‍ ഇന്ന് ജനാധിപത്യ മൂല്യങ്ങള്‍ നഷ്ടപ്പെട്ടുപോയിരിക്കുന്നു.

ലോകത്തിലെ തന്നെ ഏറ്റവും വൈവിധ്യം നിറഞ്ഞ ജനാധിപത്യ മതേതരത്വ ഐക്യം ഇന്ത്യാ മഹാരാജ്യത്തിലെ ഓരോ വ്യക്തിയുടെയും അഭിമാനമാണ്. എന്നാല്‍ 'യൂണിറ്റി ഇന്‍ ഡൈവേഴ്‌സിറ്റി' എന്നത് ഇന്ന് ഒരു സ്വപ്നമായി മാറുകയാണോ എന്നത് ഇന്ത്യയിലെ ഒരോ ജനങ്ങളും സ്വയം ചോദിക്കേണ്ടിയിരിക്കുന്നു.

1950ല്‍ നിലവില്‍ വന്ന ഇന്ത്യന്‍ ഭരണഘടന, സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ ഇന്ത്യയിലെ ഒരോ ജനങ്ങളും ആഗ്രഹിച്ച സ്വാതന്ത്ര്യത്തിന്റെ അവകാശങ്ങളുടെ കെട്ടിയുറപ്പിക്കലായിരുന്നു. ജാതിയുടെയോ മതത്തിന്റെയോ വേര്‍തിരിവില്ലാതെ ഇന്ത്യയിലെ ഒരോ ജനങ്ങള്‍ക്കും തുല്യമായ അവകാശങ്ങളും നീതിയും ഉറപ്പുവരുത്തുന്ന ഒന്നായിരുന്നു ഇന്ത്യന്‍ ഭരണഘടന. ജാതീയമായ വേര്‍തിരിവുകളും ഏറ്റക്കുറച്ചിലുകളും നിലനിന്നിരുന്ന ഇന്ത്യയെ ഒരു പുതു പുലരിയിലേക്ക് നയിക്കാനുള്ള പോരാട്ടം തന്നെയാണ് ഭരണഘടനയും വ്യവസ്ഥയും.

ഇന്ന് ആ പുലരിക്ക് മുകളില്‍ കറുത്ത കാര്‍മേഘക്കെട്ടുകള്‍ സ്ഥാനം പിടിച്ചിരിക്കുകയാണ്. ഇന്ത്യ നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാന വെല്ലുവിളി എന്നത് ഇന്ത്യക്കുള്ളില്‍ തന്നെയുണ്ടായികൊണ്ടിരിക്കുന്ന ജാതീയമായ വിഭജനമാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് അംബേദ്കര്‍ ഭയപ്പെട്ടതുപോലെ അദ്ദേഹത്തിന്റെ വാക്കുകളില്‍ പ്രതിധ്വനിക്കുന്നത് പോലെ മത ജാതി ചിന്ത ഇന്ത്യയെ ഒരു ഫാസിസ്റ്റു രാജ്യമാക്കി മാറ്റുകയാണ്. 'നിങ്ങള്‍ ഏത് ദിശയിലേക്ക് തിരിഞ്ഞാലും വഴിമുടക്കുന്ന നികൃഷ്ട ജന്തുവായി ജാതി ഉണ്ടാകും, അതിനെ ഉന്മൂലനം ചെയ്യാതെ രാഷ്ട്രീയ-സാമ്പത്തിക പരിഷ്‌കരണങ്ങള്‍ സാധ്യമല്ല' എന്ന് അദ്ദേഹം അന്ന് പറഞ്ഞതിലെ ദീര്‍ഘ വീക്ഷണം ഇന്നും ഇന്ത്യ ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു. ഇന്ത്യയുടെ അധികാര തലപ്പത്ത് ജാതി കോമരങ്ങള്‍ അരങ്ങു വാഴുമ്പോള്‍ അംബേദ്കറുടെ സ്വപ്ന തുല്യമായ ഇന്ത്യയുടെ ജനനം അകലെയാണ്.


സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യത്തെ നിയമ മന്ത്രിയായിരുന്നു ഡോ. ബി.ആര്‍ അംബേദ്കര്‍. മധ്യപ്രദേശിലെ മഹര്‍ ദലിത് കുടുംബത്തില്‍ ജനിച്ച അംബേദ്കര്‍ അക്കാലത്തെ വിദ്യാസമ്പന്നരില്‍ ഒരാളായിരുന്നു. ലണ്ടനില്‍ നിന്നും നിയമബിരുദം നേടി വക്കീലായി തിരികെ വന്നപ്പോഴും രാജ്യത്ത് തൊട്ടുകൂടായ്മ തുടരുകയായിരുന്നു. പിന്നീട് ജാതിമത രഹിതമായ ഒരു ഇന്ത്യക്കുവേണ്ടിയായിരുന്നു അംബേദ്കറുടെ പോരാട്ടം. അത് രാജ്യം കണ്ട ഏറ്റവും വലിയ ചിന്തകരില്‍ ഒരാളുടെ വളര്‍ച്ചയായിരുന്നു. ജാതിവ്യവസ്ഥയാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം എന്നും ഇതിന്റെ തകര്‍ച്ചകൂടാതെ ദലിതരുടെയും താഴേ തട്ടിലുള്ളവരുടെയും ഉന്നമനം സാധ്യമാകില്ലെന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചു. 'ഞാന്‍ ഹിന്ദുവായാണ് ജനിച്ചത്. പക്ഷേ, ഹിന്ദുവായി മരിക്കില്ല', എന്ന് അംബേദ്കര്‍ പ്രഖ്യാപിച്ചു. ദലിതരുടെ ഉന്നമനത്തിനായി അദ്ദേഹം 1924ല്‍ ബഹിഷ്‌കൃത് ഹിതകാരിണി സഭയും 1942-ല്‍ ഷെഡ്യൂള്‍ഡ് കാസ്റ്റ്‌സ് ഫെഡറേഷനും രൂപീകരിക്കുകയുണ്ടായി. ഹിന്ദുമതത്തിലെ ദുരാചാരങ്ങളില്‍ മനം മടുത്ത അംബേദ്കര്‍ 1956-ല്‍ രണ്ടു ലക്ഷം ദലിതരോടൊപ്പം ബുദ്ധമതം സ്വീകരിച്ചു. 1956-ഡിസംബര്‍ ആറിന് അദ്ദേഹം അന്തരിച്ചു.

ഇന്ത്യ ചരിത്രത്തില്‍ ആഴത്തിലുള്ള പഠനങ്ങള്‍, ഹിന്ദു പ്രമാണഗ്രന്ഥങ്ങളെക്കുറിച്ച് ഖണ്ഡന വിമര്‍ശനങ്ങളുമുള്‍പ്പടെ നിരവധി ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചു. ഇന്ത്യന്‍ ഭരണഘടന ശില്‍പി, സമൂഹത്തിലെ സ്ത്രീകളുടെയും ദലിതരുടെയും ഉന്നമനത്തിനു വേണ്ടി പ്രയത്‌നിച്ച വ്യക്തി എന്നീ തലത്തിലെല്ലാം നിറഞ്ഞു നില്‍ക്കുന്ന അബേദ്കറും അദ്ദേഹത്തിന്റെ ചിന്തകളും ഇന്നും ഇന്ത്യയെ മുന്നോട്ട് നയിക്കുന്നതിലെ ചാലക ശക്തിയാണ്.


'ഭരണഘടനാ സമിതി തയ്യാറാക്കിയ കരട് ഭരണഘടന ഈ രാജ്യത്തിന് സ്വതന്ത്ര പ്രയാണമാരംഭിക്കാന്‍ മതിയായ ഒന്നാണ്. സമാധാനകാലത്തും യുദ്ധകാലത്തും ഈ രാജ്യത്തെ യോജിപ്പിച്ച് നിര്‍ത്താവുന്ന തരത്തില്‍ പ്രവര്‍ത്തനോന്മുഖവും അതേസമയം, അയവുള്ളതുമാണ് ഇതിന്റെ ഘടന എന്ന് ഞാന്‍ കരുതുന്നു. എന്നാലും ഞാനിതുകൂടി പറയുന്നു, കാര്യങ്ങള്‍ നല്ലരീതിയില്‍ പോകുന്നില്ലെങ്കില്‍ അത് നമ്മുടെ ഭരണഘടനയുടെ കുഴപ്പംകൊണ്ടല്ല. മറിച്ച് അത് കൈകാര്യം ചെയ്യുന്നവരുടെ കുഴപ്പങ്ങള്‍ കൊണ്ടായിരിക്കും.' എന്ന അദ്ദേഹത്തിന്റെ ദീര്‍ഘ ദൃഷ്ടി ഇന്നത്തെ ഇന്ത്യയുടെ അവസ്ഥയെ വളരെയധികം പ്രതിനിധാനം ചെയ്യുന്നുണ്ട്. ഭരണഘടനയെ വളച്ചൊടിക്കുന്ന രീതിയിലുള്ള ഇന്നത്തെ പ്രവര്‍ത്തങ്ങളും ഇന്ത്യന്‍ ഭരണഘടനയെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള യു.എ.പി.എ, സിറ്റിസണ്‍ ഷിപ് ആക്ട് പോലുള്ള നിയമ നിര്‍മാണങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയെ വികൃതമാക്കുന്നു. മാത്രവുമല്ല, ഭരണഘടന ഉറപ്പുനല്‍കുന്ന അടിസ്ഥാന അവകാശങ്ങളില്‍ പലതും വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്നു. അടിച്ചമര്‍ത്തലുകളുടെയും വെറുപ്പിന്റെയും രാഷ്ട്രീയാന്തരീക്ഷം ഇന്ന് ഇന്ത്യയുടെ മുഖഛായ തന്നെ മാറ്റിയിരിക്കുന്നു. സാഹോദര്യത്തിന്റെ മറ്റൊരു പേര് മാത്രമാണ് ജനാധിപത്യം എന്ന് ഉപദര്‍ശിച്ച അംബേദ്കറുടെ ഇന്ത്യയില്‍ ഇന്ന് ജനാധിപത്യ മൂല്യങ്ങള്‍ നഷ്ടപ്പെട്ടുപോയിരിക്കുന്നു. ജനാധിപത്യത്തിന്റെ അര്‍ഥതലങ്ങള്‍ മാറ്റിമറിച്ചുകൊണ്ട് ദാര്‍ഷ്ട്യത്തിന്റെയും അക്രമരാഷ്ട്രീയത്തിന്റെയും കാപട്യത്തിന്റെയും മുഖമാണ് ഇന്നത്തെ ജനാധിപത്യം മുന്നോട്ട് വക്കുന്നത് എന്ന് ഇന്ത്യയിലെ സമകാലിക സംഭവ വികാസങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.


TAGS :