Quantcast
MediaOne Logo

കെ. സന്തോഷ് കുമാര്‍

Published: 10 July 2023 2:50 PM GMT

ഡോ. അംബേദ്കര്‍ കണ്ട സിവില്‍ കോഡും ഹിന്ദു കോഡും

നൂറുകണക്കിന് വ്യക്തി നിയമങ്ങളും ഗോത്ര വൈവിധ്യങ്ങളും നിലനില്‍ക്കുന്ന ഇന്ത്യപോലൊരു ബഹുസ്വര രാജ്യത്ത് ഒരു ഏകീകൃത വ്യക്തി നിയമം അടിച്ചേല്‍പ്പിച്ചാല്‍ ഉണ്ടാകുന്ന ദുരന്തം ദീര്‍ഘവീക്ഷണത്തോടെ കണ്ടുകൊണ്ടാണ് ഏകീകൃത സിവില്‍ കോഡിന്റെ പ്രയോഗം പരിപൂര്‍ണ്ണമായും സ്വയംനിര്‍ണ്ണയപരമായിരിക്കണമെന്ന് ഡോ. അംബേദ്കര്‍ പറഞ്ഞത്. (ഏകീകൃത സിവില്‍ കോഡും ഡോ. അംബേദ്കറും - രണ്ടാം ഭാഗം)

അംബേദ്കറും ഹിന്ദുകോഡും
X

ഏകീകൃത സിവില്‍ കോഡും അംബേദ്കറും

ഇന്ത്യയിലെ മുസ്‌ലിം, ക്രിസ്ത്യന്‍, പാഴ്‌സി, ജൂതന്‍ എന്നീ മത വിഭാഗങ്ങള്‍ക്കൊഴിച്ചുള്ള മുഴുവന്‍ വ്യക്തികള്‍ക്കും ബാധകമായാണ് 'ഹിന്ദു കോഡ് ബില്‍' ഡോ. അംബേദ്കര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്. ഇന്ത്യയിലെ ബഹുഭൂരിപക്ഷം സ്ത്രീകളും അനുഭവിക്കുന്ന വിവേചനത്തിന് പരിഹാരമെന്നോണം അവതരിപ്പിച്ച ഹിന്ദു കോഡ് ബില്ലിന്റെ ചരിത്ര പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് വിവേചനങ്ങള്‍ ഒഴിവാക്കുന്നതിനും സാമൂഹിക നീതി നടപ്പാക്കുന്നത്തിനും ഒരു ഏകീകൃത സിവില്‍ കോഡ് വേണമെന്ന് അംബേദ്കര്‍ ആവശ്യപ്പെടുന്നത്. ബി.ജെ.പിയും ആര്‍.എസ്.എസും ഹിന്ദുത്വ ശക്തികളും ഹിന്ദുരാഷ്ട്ര നിര്‍മാണത്തിന്റെ ഭാഗമായും ഹിന്ദു ധാര്‍മികതയുടെ ഭാഗമായും ഇന്ന് ഉന്നയിക്കുന്ന തരത്തിലല്ല അംബേദ്കര്‍ ഏകീകൃത സിവില്‍ കോഡ് വേണമെന്ന ആവശ്യം അന്ന് ഉന്നയിച്ചത്. ഭരണഘടനാ അസംബ്ലിയില്‍ അദ്ദേഹം പറഞ്ഞ ഒരൊറ്റ മറുപടി മതി ഇത് മനസിലാക്കാന്‍;

1951 ഫെബ്രുവരി 5 ന് ഹിന്ദുകോഡ് ബില്‍ അവതരിപ്പിച്ചതിന് ശേഷം പഞ്ചാബില്‍ നിന്നുള്ള പണ്ഡിറ്റ് താക്കൂര്‍ ദാസ് ഭാര്‍ഗവ, സര്‍ദാര്‍ ഹുക്കും സിംഗ് എന്നിവരുടെ ചോദ്യത്തിന് മറുപടി എന്നോണം അബേദ്കര്‍ പറഞ്ഞു 'ഹിന്ദു കോഡ് ബില്ലിന്റെ മുഖ്യ പ്രതിയോഗികള്‍ ആയിരുന്നവര്‍ ഒറ്റ രാത്രി കൊണ്ട് സിവില്‍കോഡിന്റെ പ്രധാന വക്താക്കളായി മാറിയത് തന്നെ അത്ഭുതപ്പെടുത്തി. രാജ്യത്തിന് ഒരു മെച്ചപ്പെട്ട നിയമം വേണമെന്നുള്ള അവരുടെ ഗൗരവപൂര്‍വ്വമായ ഉദ്ദേശ്യത്തിലും ധാര്‍മികമായ ലക്ഷ്യത്തിലും താന്‍ സംശയാലുവാണ്. മതേതരത്വം എന്ന ആശയത്തെ ഉദ്ദേശിച്ച് ഭരണഘടനയിലെ മതേതരരാഷ്ട്രം എന്ന ആശയം അവര്‍ക്ക് മതം ഇല്ലായ്മ ചെയ്യാമെന്ന് അര്‍ഥമാക്കുന്നില്ല' [2]. ഹിന്ദുത്വ ശക്തികള്‍ ഏകീകൃത സിവില്‍ കോഡ് എന്ന ആവശ്യം ഉന്നയിക്കുന്നത് ജനങ്ങളുടെ മേല്‍ ഒരു പ്രത്യേക മതം അടിച്ചേല്‍പ്പിക്കാന്‍ വേണ്ടിയാണെന്നും ഹിന്ദുമത ധാര്‍മികത അടിച്ചേല്‍പ്പിക്കാന്‍ വേണ്ടിയാണെന്നും 72 വര്‍ഷം മുന്‍പ് അദ്ദേഹത്തിന് പരിപൂര്‍ണ്ണ ബോധ്യമുണ്ടായിരുന്നു.

ഇന്ത്യന്‍ പാര്‍ലമെന്റ് ഒരു ഏകീകൃത സിവില്‍ കോഡ് പാസാക്കുയയാണെങ്കില്‍ അത് ആദിവാസികളുടെയോ മുസ്ലിം, ക്രിസ്ത്യന്‍ ഉള്‍പ്പെടെയുള്ള മതവിഭാഗങ്ങളുടെയോ, മറ്റ് സാംസ്‌കാരിക വൈവിധ്യ വിഭാഗങ്ങളുടെയോ മുകളിലോ നിയമം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല എന്ന് അര്‍ദ്ധശങ്കയ്ക്ക് ഇടയില്ലാത്തവിധം പറഞ്ഞിട്ടുണ്ട് ഡോ. ബി.ആര്‍ അംബേദ്കര്‍. അദ്ദേഹത്തിന്റെ ഈ നിലപാടുകളെ അദൃശ്യവത്കരിച്ചുകൊണ്ടാണ് ഒരു ഏകീകൃത സിവില്‍ കോഡിനായി ഡോ. ബി.ആര്‍ അംബേദ്കര്‍ നിലകൊണ്ടു എന്ന് ഹിന്ദുത്വ ശക്തികളും യുക്തിവാദികളും ഇടതുപക്ഷക്കാരും പുരോഗമനക്കാരും വരെ വ്യാഖ്യാനം നടത്തുന്നത്.

സിവില്‍കോഡുമായി ബന്ധപ്പെട്ടു തുടങ്ങിയ ചര്‍ച്ചയുടെ തുടക്കം മുതല്‍ തന്നെ നിയമം അടിച്ചേല്‍പ്പിക്കുന്നതിനെ അദ്ദേഹം ശക്തമായി എതിര്‍ത്തിരുന്നു. 1948 നവംബര്‍ 23-ന് ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ടു നടന്ന ചര്‍ച്ചയില്‍ ഭരണഘടനാ അസംബ്ലിയിലെ ന്യൂനപക്ഷ അംഗങ്ങള്‍ ഉന്നയിച്ച ആശങ്കകള്‍ക്ക് ഡോ. അംബേദ്ക്കര്‍ മറുപടി പറയുന്നത് 'കോഡ് രൂപീകരിച്ചതിന് ശേഷം അത് എല്ലാ പൗരന്മാരുടെമേലും അവര്‍ പൗരന്മാരായതുകൊണ്ട് മാത്രം ഇത് [ആര്‍ട്ടിക്കിള്‍ 35 - കരട് രേഖയില്‍ ആദ്യം ആര്‍ട്ടിക്കിള്‍ 35 ആയിരുന്നു. പിന്നീട് ആണ് ആര്‍ട്ടികള്‍ 44 ആയത് ] നടപ്പാക്കുമെന്ന് പറയുന്നില്ല' എന്നാണു. മാത്രമല്ല, ഭാവിയില്‍ പാര്‍ലമെന്റ് ഏകീകൃത സിവില്‍ കോഡ് നിര്‍cിക്കുകയാണെങ്കില്‍ 'തങ്ങള്‍ അതിന് വിധേയരാകാന്‍ തയ്യാറാണ്' (prepared to be bound by it) എന്ന് പ്രഖ്യാപിക്കുന്നവര്‍ക്ക് മാത്രമേ നിയമം ബാധകമാകൂ എന്ന വ്യവസ്ഥ നിയമത്തില്‍ ഉള്‍പ്പെടുത്തന്നത് 'തികച്ചും സാധ്യമാണ്' (perfectly possible) എന്നും അദ്ദേഹം അതേ അസംബ്ലിയില്‍ അംഗങ്ങള്‍ക്ക് മറുപടിയായി പറയുന്നുണ്ട്. നൂറുകണക്കിന് വ്യക്തി നിയമങ്ങളും ഗോത്ര വൈവിധ്യങ്ങളും നിലനില്‍ക്കുന്ന ഇന്ത്യപോലൊരു ബഹുസ്വര രാജ്യത്ത് ഒരു ഏകീകൃത വ്യക്തി നിയമം അടിച്ചേല്‍പ്പിച്ചാല്‍ ഉണ്ടാകുന്ന ദുരന്തം ദീര്‍ഘവീക്ഷണത്തോടെ കണ്ടുകൊണ്ടാണ് ഏകീകൃത സിവില്‍ കോഡിന്റെ പ്രയോഗം പരിപൂര്‍ണ്ണമായും സ്വയംനിര്‍ണ്ണയ പരമായിരിക്കണമെന്നു ('the application of the Code may be purely voluntary') ഡോ. അംബേദ്കര്‍ പറഞ്ഞത്.[3]


ഹിന്ദു കോഡ് ബില്ലില്‍ ഏറെ വിവാദങ്ങള്‍ കത്തി നില്‍ക്കുന്ന സമയത്താണ്, 1950 ജനുവരി 11 ന് ബോംബെ സിദ്ധാര്‍ത്ഥ കോളജിലെ വിദ്യാര്‍ഥി പാര്‍ലമെന്റില്‍ ഹിന്ദ് കോഡ് ബില്‍ സംബന്ധിച്ച് സംസാരിക്കാന്‍ ഡോ. ബി.ആര്‍ അംബേദ്കര്‍ എത്തുന്നത്. 'ഹിന്ദു കോഡ് പുതിയ സിവില്‍ കോഡിന്റെ ആദ്യപടിയാണ്' എന്ന് പറഞ്ഞ ശേഷം അദ്ദേഹം വിശദീകരിക്കുന്നു 'ഈ ബില്ലിന് ഉഗ്രരൂപമില്ല. സനാതന വിരോധവുമില്ല. പുതിയ അഭിപ്രായങ്ങള്‍ക്കും പുതിയ ആചാരങ്ങള്‍ക്കും സ്ഥാനം കൊടുത്തിട്ടുണ്ടെന്നു മാത്രം. പുതിയ അഭിപ്രായങ്ങളും പുതിയ ആചാരങ്ങളും ഇഷ്ടമില്ലാത്തവര്‍ അവ പാലിക്കണമെന്ന് ബില്‍ പറയുന്നില്ല' എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

ന്യൂനപക്ഷങ്ങളുടെ ആശങ്കകളെ കണക്കിലെടുത്തുകൊണ്ട് ഭരണഘടനാ അസംബ്ലിയിലെ അംങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഒരു പടികൂടികടന്നു അദ്ദേഹം മറുപടി പറയുന്നത്, മുസ്‌ലിം സമുദായത്തെ കലാപത്തിലേക്ക് പ്രകോപിപ്പിക്കുന്ന തരത്തില്‍ ഒരു സര്‍ക്കാരിനും അധികാരം പ്രയോഗിക്കാനാവില്ല. അങ്ങനെ ചെയ്താല്‍ അതൊരു ഭ്രാന്തന്‍ സര്‍ക്കാരായിരിക്കുമെന്നു ഞാന്‍ കരുതുന്നു. എന്നാല്‍, അത് അധികാരത്തിന്റെ പ്രയോഗവുമായി ബന്ധപ്പെട്ട വിഷയമാണ്, അധികാരവുമായി ബന്ധപ്പെട്ടതല്ല. ('No government can exercise its power in such a manner as to provoke the Muslim community to rise in rebellion. I think it would be a mad government if it did so. But that is a matter which relates to the exercise of the power and not to the power itself'[4]. വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളെ, മത ന്യൂനപക്ഷങ്ങളെ കണക്കിലെടുക്കാതെ ഏകീകൃത സിവില്‍ നിയമം നടപ്പാക്കാന്‍ ഏതെങ്കിലും സര്‍ക്കാര്‍ ശ്രമിച്ചാല്‍ അതൊരു ഭ്രാന്തന്‍ സര്‍ക്കാര്‍ ആയിരിക്കും എന്നതായിരുന്നു ഡോ. അംബേദ്കറുടെ നിലപാട്. കാര്യങ്ങള്‍ വളരെ വ്യക്തമാണ്, ഇന്ത്യന്‍ പാര്‍ലമെന്റ് ഒരു ഏകീകൃത സിവില്‍ കോഡ് പാസാക്കുയയാണെങ്കില്‍ അത് ആദിവാസികളുടെയോ മുസ്ലിം, ക്രിസ്ത്യന്‍ ഉള്‍പ്പെടെയുള്ള മതവിഭാഗങ്ങളുടെയോ, മറ്റ് സാംസ്‌കാരിക വൈവിധ്യ വിഭാഗങ്ങളുടെയോ മുകളിലോ നിയമം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല എന്ന് അര്‍ദ്ധശങ്കയ്ക്ക് ഇടയില്ലാത്തവിധം പറഞ്ഞിട്ടുണ്ട് ഡോ. ബി.ആര്‍ അംബേദ്കര്‍. അദ്ദേഹത്തിന്റെ ഈ നിലപാടുകളെ അദൃശ്യവത്കരിച്ചുകൊണ്ടാണ് ഒരു ഏകീകൃത സിവില്‍ കോഡിനായി ഡോ. ബി.ആര്‍ അംബേദ്കര്‍ നിലകൊണ്ടു എന്ന് ഹിന്ദുത്വ ശക്തികളും യുക്തിവാദികളും ഇടതുപക്ഷക്കാരും പുരോഗമനക്കാരും വരെ വ്യാഖ്യാനം നടത്തുന്നത്.

സിവില്‍ കോഡിനെ അംബേദ്കര്‍ എന്തുകൊണ്ട് അംഗീകരിച്ചു

'ഹിന്ദു കോഡ് പുതിയ സിവില്‍ കോഡിന്റെ ആദ്യപടിയായാണ്' ഡോ.അംബേദ്കര്‍ കണ്ടത്. ഇന്ത്യയില്‍ അവതരിപ്പിക്കപ്പെട്ട ഏറ്റവും പുരോഗമനപരമായ ബില്ലുകളില്‍ ഒന്നായിരുന്നു ഹിന്ദു കോഡ് ബില്‍. വിവാഹം, ദത്ത്, ബഹുഭാര്യാത്വം, വിവാഹമോചനം, പൂര്‍വ്വിക സ്വത്ത്, സ്വത്തവകാശം എന്നിവയാണ് ഹിന്ദു കോഡില്‍ ബില്ലില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ജാതിയാലും ഹിന്ദു ധാര്‍മിക മൂല്യങ്ങളാലും വിവേചനവും സാമൂഹിക പുറംതള്ളലും അനുഭവിച്ചിരുന്ന ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന സ്ത്രീകള്‍ക്കും വിവാഹത്തിനും വിവാഹമോചനത്തിനു ദത്തിനും പരിരക്ഷയും തുല്യാവകാശവും സ്വത്തവകാശവും ഉറപ്പു നല്‍കുന്നതുമായ ബില്ലായിരുന്നു ഹിന്ദു കോഡ് ബില്‍. കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിയില്‍ 1947 ഏപ്രില്‍ 11 ന് ബില്ല് ചര്‍ച്ചയ്ക്കുവെച്ചെങ്കിലും 1948 ഏപ്രില്‍ 9 ന് സെലക്ഷന്‍ കമ്മിറ്റിയ്ക്ക് വിട്ടു. ഒടുവില്‍ ഡോ. അംബേദ്കര്‍ നിയമനിര്‍മാണ സഭയില്‍ ബില്‍ അവതരിപ്പിക്കുന്നത് 1951 ഫെബ്രുവരി 5 ന് ആണ്. ജാതിവാദികളും ഹിന്ദുത്വ വാദികളും ഒന്നടങ്കം ഹിന്ദു കോഡ് ബില്ലിന് എതിരായി നിന്നു. സ്വതന്ത്ര ഇന്ത്യയില്‍ ഒരു ബില്ലിന്മേല്‍ ഏറ്റവും അധിക ചര്‍ച്ച നടന്നത് ഹിന്ദ് കോഡ് ബില്ലിന്മേല്‍ ആയിരുന്നു, ഏതാണ്ട് നാല് വര്‍ഷക്കാലം. ഒടുവില്‍ ബില്ല് നിയമമായി പാസാക്കാന്‍ കഴിയാത്ത ഘട്ടത്തിലാണ് സ്വതന്ത്ര ഇന്ത്യയുടെ ആദ്യ നിയമന്ത്രി ഡോ.ബി ആര്‍. അംബേദ്കര്‍ 1951 സെപ്റ്റംബര്‍ 27 ന് നെഹ്റു മന്ത്രി സഭയില്‍ നിന്ന് രാജിവെക്കുന്നത്.

ഹിന്ദുകോഡ് ബില്‍ വഴി ജാതി ഉച്ചാടനം ചെയ്യണം. പുതിയ ബില്ലില്‍ ജാതിയുടെ ബന്ധനം ഉണ്ടായിരിക്കുകയില്ല. ഏതൊരു ജാതിയുമായും വിവാഹവും ദത്തും അനുവദിക്കും'.[6] ഭരണഘടനാ അസംബ്ലിയില്‍ ഹിന്ദു കോഡ് ബില്ല് അവതരിപ്പിച്ചപ്പോള്‍ ജാതിവാദികളെയും ഹിന്ദുത്വവാദികളെയും വിറളി പിടിപ്പിച്ച പ്രധാന ഘടകങ്ങളില്‍ ഒന്നിതായിരുന്നു.

ഡോ. അംബേദ്കറെ സംബന്ധിച്ച് ഹിന്ദു കോഡ് ഒരു നിയമപ്രശ്നം ആയിരുന്നില്ല, രാഷ്ട്രീയ പ്രശ്‌നം ആയിരുന്നു. ഇന്ത്യയുടെ സാമൂഹ്യ-രാഷ്ട്രീയ-സാമ്പത്തിക-സാംസ്‌കാരിക മേഖലകള്‍ അടക്കിഭരിച്ചിരുന്നത് ജാതി മേല്‍ക്കോയ്മയിലൂടെയായിരുന്നത് കൊണ്ട് ജാതിയെ ഉന്മൂലനം ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയലക്ഷ്യം. ജാതിയെ നിലനിര്‍ത്തുന്നത് സ്ത്രീ ശരീരങ്ങള്‍ക്കും ജീവിതത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടും സ്വജാതി വിവാഹങ്ങളിലൂടെയാണെന്നും അദ്ദേഹം കണ്ടെത്തുന്നതുകൊണ്ടാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായതും ഇന്ന് ലോകത്ത് ഏറ്റവുമധികം വായിക്കപ്പെടുന്നതുമായ Annihilation of Caste ല്‍ ജാതിനിര്‍മൂലനത്തിനുള്ള ഏറ്റവും പ്രധാനവഴി മിശ്രവിവാഹമാണെന്ന് അംബേദ്കര്‍ എഴുതുന്നത്. 'ജാതിയെ തകര്‍ക്കാനുള്ള യഥാര്‍ത്ഥ പ്രതിവിധി മിശ്രവിവാഹമാണ്. രക്തക്കലര്‍പ്പിനു മാത്രമേ ഉറ്റവരും ബന്ധുക്കളുമെന്ന തോന്നല്‍ സൃഷ്ടിക്കാന്‍ കഴിയുള്ളൂ. ബന്ധുക്കള്‍ എന്ന തോന്നല്‍ (സാഹോദര്യം-അതുകൊണ്ട് ആണ് അംബേദ്കര്‍ സാഹോദര്യം തന്നെയാണ് ജനാധിപത്യം എന്ന് പറഞ്ഞത്) പരമപ്രധാനമാകാതെ, ജാതി സൃഷ്ടിക്കുന്ന വേറിട്ടവരെന്ന തോന്നല്‍ അപ്രത്യക്ഷമാകില്ല' [5]. ജാതി നിയമങ്ങളിലും ധാര്‍മികതയിലും ആണ്ടുപോയ ഹിന്ദു സമൂഹത്തിനുള്ളില്‍ മിശ്രവിവാഹത്തിനുള്ള ഒരു പരിരക്ഷയും വഴിയുമായാണ് അംബേദ്കര്‍ ഹിന്ദു കോഡ് ബില്ലിനെ കണ്ടത്. അന്തര്‍ ജാതി വിവാഹങ്ങള്‍ (Inter Caste Marriage) ഹിന്ദു സമൂഹത്തില്‍ നിഷിദ്ധം ആയിരുന്നെന്നു മാത്രമല്ല, ഉയര്‍ന്ന ജാതിക്കാരെ വിവാഹം കഴിക്കുന്ന ദലിത്, ആദിവാസി, അതിപിന്നാക്ക അയിത്ത ജാതിക്കാരെ കൊന്നുകളയുകയോ ആക്രമിച്ചു ആട്ടിയോടിക്കുകയോ ആയിരുന്നു ഹിന്ദു ധാര്‍മിക നിയമം. ഇതിനു തടയിടുകയും അന്തര്‍ ജാതി വിവാഹങ്ങള്‍ക്ക് നിയമ പരിരക്ഷ നല്‍കുകയും ചെയ്യുക എന്നതായിരുന്നു അംബേദ്കറുടെ ലക്ഷ്യം. ആത്യന്തികമായി ജാതിനിര്‍മൂലനത്തിനുള്ള വഴിയുടെ നിയമസാധുതയായാണ് അംബേദ്കര്‍ ബില്ലിനെ കണ്ടത്.

അദ്ദേഹം വളരെ വ്യക്തമായി തന്നെ അത് എഴുതിയിട്ടുമുണ്ട്. 'ഒന്നാമത്തെ പരിഷ്‌കാരം വിവാഹം, ദത്ത് തുടങ്ങിയ വിഷയങ്ങളില്‍ ജാതി സംബന്ധമായിട്ടുള്ളതാണ്. പഴയതും നടപ്പുള്ളതുമായ നിയമമനുസരിച്ച് വിവാഹവും ദത്തും അതതു ജാതിയുടെ അകത്തു മാത്രമേ നടക്കുകയുള്ളു. ഇന്നും അങ്ങനെയാണ്. മറ്റൊരു ജാതിയുമായി വിവാഹമോ ദത്തോ നടന്നാല്‍ അത് നിയമപ്രകാരം റദ്ദായതായി പരിഗണിക്കപ്പെടും. ഇപ്രകാരം ഹിന്ദു സമൂഹവും നിയമവും രണ്ടും ജാതിയില്‍ അധിഷ്ഠിതമാണ്. ജാതിയില്ലാത്ത ഹിന്ദുവില്ല. ഇക്കാര്യം ഹിന്ദുകോഡ് ബില്‍ സമ്മതിക്കുന്നില്ല. ഹിന്ദുകോഡ് ബില്‍ വഴി ജാതി ഉച്ചാടനം ചെയ്യണം. പുതിയ ബില്ലില്‍ ജാതിയുടെ ബന്ധനം ഉണ്ടായിരിക്കുകയില്ല. ഏതൊരു ജാതിയുമായും വിവാഹവും ദത്തും അനുവദിക്കും'.[6] ഭരണഘടനാ അസംബ്ലിയില്‍ ഹിന്ദു കോഡ് ബില്ല് അവതരിപ്പിച്ചപ്പോള്‍ ജാതിവാദികളെയും ഹിന്ദുത്വവാദികളെയും വിറളി പിടിപ്പിച്ച പ്രധാന ഘടകങ്ങളില്‍ ഒന്നിതായിരുന്നു.

'ഹിന്ദുക്കള്‍ മതമെന്ന് വിളിക്കുന്നത് യഥാര്‍ഥത്തില്‍ നിയമമാണ്. അല്ലെങ്കില്‍ വര്‍ഗ ധാര്‍മികതയാണ്', 'ഹിന്ദു നിയമം ജാതിയെ മാനിക്കുന്നു' ഇതായിരുന്നു ഹിന്ദുമതവുമായി ബന്ധപ്പെട്ട ഡോ. അംബേദ്കറുടെ അടിസ്ഥാന ധാരണ. അതുകൊണ്ടാണ് അദ്ദേഹം ഹിന്ദുമതം 'വിലക്കുകളുടെ തത്വശാസ്ത്രം' ആണെന്ന് പറഞ്ഞത്. സാമൂഹിക നീതി നിഷേധിക്കുന്ന ഹിന്ദു ധാര്‍മികതയെ മറികടക്കാന്‍ ഭരണഘടനാപരമായ പരിരക്ഷ ഉറപ്പിക്കുക എന്നതായിരുന്നു അംബേദ്കറിന്റെ ലക്ഷ്യം. അതിനു ഹിന്ദുവിലെ മുഴുവന്‍ വിഭാഗങ്ങള്‍ക്കും ബാധകമാകുന്ന ഒരു സിവില്‍ നിയമവും ആത്യന്തതികമായി എല്ലാ പൗരനും ബാധകമാകുന്ന ഒരു ഏകീകൃത സിവില്‍ നിയമം ഉണ്ടാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. അതുകൊണ്ടാണ് ഇന്ത്യന്‍ ഭരണഘടനയുടെ നിര്‍ദ്ദേശക തത്വമായി ആര്‍ട്ടിക്കിള്‍ 44 ല്‍ 'യൂണിഫോം സിവില്‍ കോഡ്' ഉള്‍പ്പെടുത്തുന്നത്. 'സ്റ്റേറ്റ് സോഷ്യലിസ'ത്തില്‍ വിശ്വസിച്ചിരുന്ന വ്യക്തിയായിരുന്നു ഡോ. അംബേദ്കര്‍. പൗരന് നീതി ഉറപ്പാക്കേണ്ടതും വിവേചനകള്‍ ഇല്ലാതാക്കേണ്ടതും സ്റ്റേറ്റിന്റെ ഉത്തരവാദിത്തമാണെന്നു അദ്ദേഹം വിശ്വസിച്ചിരുന്നു. അതുകൊണ്ടാണ് ഇന്ത്യയ്ക്ക് ഒരു ഭരണഘടനാ ഉണ്ടായപ്പോള്‍ ജാതിയുടെ ശ്രേണീകൃതമായ അസമത്വം കൊണ്ട് വ്യത്യസ്ത നിലകളില്‍ അനീതി അനുഭവിച്ചുകൊണ്ടിരുന്ന ഇന്ത്യയിലെ ആദിവാസികള്‍ക്കും ദലിതര്‍ക്കും മത ന്യൂനപക്ഷങ്ങള്‍ക്കും ഭാഷാന്യൂനപക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കും വംശീയ ഗ്രൂപ്പുകള്‍ക്കും പ്രത്യേകം പ്രത്യേകം അവകാശങ്ങള്‍ ഉറപ്പിച്ചെടുക്കാന്‍ അദ്ദേഹം കോണ്‍ഗ്രസ്സിനോടും ഹിന്ദുത്വ ശക്തികളോടും മുഖാമുഖം നിന്ന് ഒറ്റയ്ക്ക് പോരാടിയത്. ഈ അവകാശങ്ങളെ ഹനിച്ചുകൊണ്ടോ നിഷേധിച്ചുകൊണ്ടോ അല്ല ഏകീകൃത സിവില്‍ കോഡ് വേണമെന്ന് അദ്ദേഹം പറഞ്ഞത്.


ഹിന്ദുകോഡ് ബില്ലിലൂടെ സാമൂഹിക നീതി ഉറപ്പിച്ചെടുക്കുന്നതിന്റെ സ്വാഭാവിക വഴിയിലാണ് അദ്ദേഹം ഏകീകൃത സിവില്‍ കോഡിനെയും കണ്ടത്. നീതി അപ്രാപ്യമായിരുന്ന ജനതകള്‍ക്കെല്ലാവര്‍ക്കും നിയമത്തിലൂടെ ഒരുപോലെ നീതി ലഭ്യമാക്കുക എന്നതായിരുന്നു ഏകീകൃത സിവില്‍ കോഡിലൂടെ ഡോ. അംബേദ്കര്‍ മുന്നോട്ട് വെച്ചത്. എന്നുവെച്ചാല്‍ ഇന്ത്യയുടെ ജനാധിപത്യ പ്രശ്നമായി, ഓരോ പൗരനും സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം ഉറപ്പു നല്‍കുന്ന സാമൂഹിക ജനാധിപത്യ പ്രശ്‌നമായാണ് ഹിന്ദു കോഡ് ബില്ലിനെയും അതിന്റെ തുടര്‍ച്ചയില്‍ ഏകീകൃത സിവില്‍ നിയമത്തെയും അദ്ദേഹം കണ്ടത്. ഒരു ഏകീകൃത സിവില്‍ കോഡിന് ഇന്ത്യ പാകപ്പെടുമ്പോള്‍, അതിനുള്ള സാമൂഹിക സാഹചര്യം രൂപപ്പെടുമ്പോള്‍ മുഴുവന്‍ മത-സാമുദായിക വിഭാഗങ്ങളോടും ആലോചിച്ചുകൊണ്ടും വ്യവസ്ഥകളിലൂടെയും അടിച്ചേല്പിക്കാതെയും ഏകീകൃത സിവില്‍ നിയമം നടപ്പിലാക്കുക എന്നതാണ് ഡോ. ബി.ആര്‍ അംബേദ്കര്‍ വിഭാവനം ചെയ്തത്.

75 വര്‍ഷം മുന്‍പ് 'ഏകീകൃത സിവില്‍ കോഡ്' ഉന്നയിക്കപ്പെട്ട രാഷ്ട്രീയ സാഹചര്യമല്ല ഇന്ന് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. ഹിന്ദുത്വ ഫാസിസം എല്ലാ ജനാധിപത്യ മൂല്യങ്ങളെയും ഭരണഘടനാ മൂല്യങ്ങളെയും തകര്‍ത്തുകൊണ്ട് മുസ്ലിം അപരവത്കരണവും അക്രമങ്ങളും ദലിത്-ആദിവാസി സാമൂഹിക പുറംതള്ളലും നടത്തിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭമാണിത്. ഭരണഘടനാ പരിരക്ഷ ഒന്നുകൊണ്ട് മാത്രമാണ് ഈ ജനസമൂഹങ്ങള്‍ പ്രാതിനിധ്യവും പങ്കാളിത്തവുമുള്ള പൗരന്മാരായി ഇന്ത്യയില്‍ നിലനില്‍ക്കുന്നതും സാമൂഹ്യ ജീവിതം മെച്ചപ്പെടുത്തുന്നതും. ഈ പരിരക്ഷകളെയെല്ലാം അട്ടിമറിച്ചു, ഹിന്ദുത്വ മൂല്യങ്ങളെ സ്ഥാപിച്ചെടുത്തു ഹിന്ദു രാഷ്ട്രം നിര്‍മിച്ചെടുക്കുന്നതിന്റെ ഒടുവിലുത്തെ ഉദാഹരണം മാത്രമാണ് ബി.ജെ.പിയും ആര്‍.എസ്.എസും ഹിന്ദുത്വ ശക്തികളും ഇപ്പോള്‍ മുന്നോട്ട് വെക്കുന്ന ഏകീകൃത സിവില്‍ കോഡ്. തങ്ങളുടെ ഹിന്ദുരാഷ്ട്ര പദ്ധതിയുടെ അജണ്ട നടപ്പാക്കാന്‍ ഡോ. ബി.ആര്‍ അംബേദ്കര്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളെ പാടെ മൂടിവെച്ചു അദ്ദേഹത്തെ തെറ്റായി വ്യാഖ്യാനിക്കുകയും അവതരിപ്പിക്കുകയുമാണ് ബി.ജെ.പിയും ആര്‍.എസ്.എസും ചെയ്യുന്നത്. 'ഹിന്ദുരാജ് യാഥാര്‍ഥ്യമാവുകയാണെങ്കില്‍, അതായിരിക്കും ഈ രാജ്യത്തെ ഏറ്റവും വലിയ ദുരന്തമെന്നതില്‍ എനിക്ക് സംശയമില്ല. എന്ത് വില കൊടുത്തും ഹിന്ദു രാജ് തടയണം'.[7] എന്നു പറഞ്ഞ ഡോ. ബി.ആര്‍ അംബേദ്കറുടെ വാക്കുകള്‍ നമുക്ക് വഴികാട്ടിയായി ഉണ്ടാവുകയും ഹിന്ദുരാഷ്ട്ര നിര്‍മാണത്തിന്റെ ഭാഗമായി മുന്നോട്ട് വെക്കുന്ന ഏകീകൃത സിവില്‍ കോഡ് പോലെയുള്ള ഗൂഢ തന്ത്രങ്ങള്‍ക്കെതിരായി ജാഗരൂകരാകുകയും ഇന്ത്യയിലെ ഓരോ പൗരനും സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും അനുഭവവേദ്യമാകുന്ന സാമൂഹിക ജനാധിപത്യത്തിനായി നാം നിലകൊള്ളുകയും ചെയ്യുമ്പോള്‍ മാത്രമേ ഇന്ത്യ, ജനാധിപത്യ ഇന്ത്യയായി അതിജീവിക്കൂ.

(അവസാനിച്ചു)

References :-

2 . Dr. B.R. Ambedkar: Life and Mission, Dhananjay keer

3. What Ambedkar Really Said About Uniform Civil Code, S.N. Sahu

4. What Ambedkar Really Said About Uniform Civil Code, S.N. Sahu

5. Annihilation of Caste, 20.5, Dr. B.R. Ambedkar

6. ഡോ. ബാബാസാഹേബ് അംബേദ്കറുടെ രചനകളും പ്രസംഗങ്ങളും-3, വോള്യം 40

7. Writings and Speeches of Dr. BR Ambedkar, Volume 8


TAGS :