Quantcast
MediaOne Logo

ബഷീര്‍ തൃപ്പനച്ചി

Published: 17 July 2022 5:31 AM GMT

മലബാര്‍ വിദ്യാഭ്യാസ വിവേചനത്തിന്റെ വര്‍ത്തമാനങ്ങള്‍

ഐക്യകേരളത്തിന്റെ വികസന വീതംവെപ്പില്‍ തിരുകൊച്ചി എപ്പോഴും ജനസംഖ്യാനുപാതികത്തിനപ്പുറം നേടിയെടുത്തപ്പോള്‍ മലബാറിന് ഒരിക്കലും അവരര്‍ഹിച്ചത് പോലും ലഭിച്ചില്ല. കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ മുതല്‍ താലൂക്കുകള്‍, പഞ്ചായത്തുകള്‍, വില്ലേജുകള്‍, കോളജുകള്‍, സ്‌കൂളുകള്‍, വിദ്യാഭ്യാസ ഉപജില്ലകള്‍, പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍, മെഡിക്കല്‍ കോളജുകള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, റെയില്‍വേ, കെ.എസ്.ആര്‍.ടി.സി ഡിപ്പോകള്‍ വരെയുള്ള ഏത് സംവിധാനങ്ങളുടെ കണക്കെടുത്താലും ഈ വിവേചനം വ്യക്തമാകും.

മലബാര്‍ വിദ്യാഭ്യാസ വിവേചനത്തിന്റെ  വര്‍ത്തമാനങ്ങള്‍
X
Listen to this Article

ഇന്നത്തെ കേരളത്തിലെ കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളും തൃശ്ശൂര്‍, കാസര്‍കോഡ് ജില്ലകളിലെ ചില പ്രദേശങ്ങളും മലബാര്‍ എന്ന ഒരൊറ്റ ജില്ലയായി ബ്രിട്ടീഷ് ഇന്ത്യയുടെ മദ്രാസ് പ്രസിഡന്‍സിക്ക് കീഴിലായിരുന്നു. 1792 ലെ ശ്രീരംഗപട്ടണം ഉടമ്പടി വഴി ടിപ്പു സുല്‍ത്താനില്‍ നിന്നാണ് ഈ മലബാര്‍ പ്രദേശങ്ങള്‍ ബ്രിട്ടീഷുകാര്‍ പിടിച്ചുവാങ്ങിയത്. അന്ന് മുതല്‍ 1947 രാജ്യം സ്വതന്ത്രമാകുന്നതുവരെ ബ്രിട്ടീഷ് രാജിന്റെ നേരിട്ട ഭരണത്തിന്‍ കീഴിലായിരുന്നു മലബാര്‍ ഉണ്ടായിരുന്നത്. ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷവും 1956 നവംബര്‍ ഒന്നിന് മലയാളം സംസാരിക്കുന്നവര്‍ക്കെല്ലാം ഒരു സംസ്ഥാനമെന്ന മാനദണ്ഡത്തില്‍ കേരളം പിറക്കുന്നത് വരെ മലബാര്‍ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. ഇന്ന് മലബാറിന്റെ ഭാഗമായി ഗണിക്കാവുന്ന കാസര്‍കോഡ് ദക്ഷിണ കന്നഡയിലെ ഒരു താലൂക്കായിരുന്നു. സംസാരഭാഷയുടെ പേരിലാണ് കണ്ണൂര്‍ ജില്ലയോട് ചേര്‍ന്ന ആ പ്രദേശങ്ങളെ പൂര്‍ണ്ണമായും കേരളത്തില്‍ ഉള്‍ച്ചേര്‍ത്തത്.

തിരുവിതാംകൂറും കൊച്ചിയും ഏകദേശം ഒരേ ചരിത്രവും സംസ്‌കാരവും പങ്കുവെക്കുന്ന നാട്ടുരാജ്യങ്ങളായിരുന്നു. ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിന്റെ ആഘാതങ്ങള്‍ ഒന്നും ഇരുനാട്ടുരാജ്യങ്ങളും അനുഭവിച്ചിട്ടില്ല. അതുകൊണ്ട് കൂടിയാണ് ഐക്യകേരളം പിറവിയെടുക്കുന്നതിനു മുമ്പേ ഈ രണ്ട് നാട്ടുരാജ്യങ്ങള്‍ക്ക് ലയിച്ച് തിരുകൊച്ചി എന്ന പുതിയ ഭരണ മേഖലയായി മാറാന്‍ എളുപ്പത്തില്‍ സാധിച്ചത്. തിരുകൊച്ചിയില്‍ നിന്നും ഏറെ വ്യത്യസ്തമായിരുന്നു ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിന്‍ കീഴിലായിരുന്ന മലബാറിന്റെ ചരിത്രവും സംസ്‌കാരവും രാഷ്ട്രീയവും. ബ്രിട്ടീഷ് ഭരണത്തിനു മുന്‍പ് പോര്‍ച്ചുഗീസുകാര്‍ക്കും ഡച്ചുകാര്‍ക്കുമെതിരെ നൂറ്റാണ്ടുകളോളം നീണ്ട അധിനിവേശ വിരുദ്ധ പോരാട്ടത്തില്‍ ഏര്‍പ്പെട്ട ചരിത്രം കൂടി മലബാറിനുണ്ട്. ഈ പാരമ്പര്യമറിയാവുന്ന ബ്രിട്ടീഷുകാര്‍ മലബാറിലെ ജനങ്ങളെ ശത്രുക്കളായാണ് കണ്ടത്. അതിനാല്‍തന്നെ ബ്രിട്ടീഷ് ഭരണത്തിലുടനീളം മലബാറിലെ ജനങ്ങള്‍ ഭരണകൂട ചൂഷണങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും വിധേയമായി.

അധിനിവേശത്തിന്റെ ഒന്നാം തിയതിയില്‍ തന്നെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടവും മലബാറില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടിരുന്നു. ആധിപത്യ അനീതിക്കെതിരെ പോരാട്ടമില്ലാത്ത ഒരു കാലവും മലബാറില്‍ ഉണ്ടായിട്ടില്ല. സ്വസ്ഥമായി ഭരിക്കാന്‍ അനുവദിക്കാത്ത ജനതക്ക് ഒരു ഭരണകൂടവും അതിന്റെ സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കിക്കൊടുക്കില്ലെന്നത് സ്വാഭാവികമാണ്.


കൊളോണിയല്‍ വിദ്യാഭ്യാസ വ്യവസ്ഥക്ക് പുറത്ത് സമ്പന്നമായ വിജ്ഞാന പാരമ്പര്യം മലബാറില്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പേ നിലനിന്നിരുന്നു. മലബാറില്‍ മുസ്‌ലിംകള്‍ എന്നും ഒരു ഇന്റര്‍നാഷണല്‍ സമൂഹമായിരുന്നു. വ്യാപാരത്തിനും വിദേശയാത്രകള്‍ക്കും അനിവാര്യമായ അന്നത്തെ ലോകഭാഷയായ അറബിയും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പ്രധാന ഭാഷയായ ഹിന്ദിയും ഉറുദുവും ചേര്‍ന്ന ഹിന്ദുസ്ഥാനിയും മലബാറുകാര്‍ക്ക് അറിയാമായിരുന്നു. ഈ ഭാഷകളിലെ സാഹിത്യവും ചരിത്രവും മലബാറിലുള്ളവര്‍ പഠിക്കുകയും ചെയ്തിരുന്നു. മുസ്‌ലിം സ്ത്രീകളടക്കം അറബിഭാഷയിലും ഇസ്‌ലാമിക ചരിത്രത്തിലും സംസ്‌കാരത്തിലും അറിവുള്ളവരായിരുന്നു. ഇന്ത്യക്ക് പുറത്ത് മക്കയിലടക്കം മലബാറിലുള്ളവര്‍ ഉപരിപഠനം നടത്തിയിരുന്നു. അന്നത്തെ വാണിജ്യഭാഷയിലും സംസ്‌കാര ചരിത്ര പഠനങ്ങളിലുമെല്ലാം ഗഹന വിജ്ഞാനം നേടിയ പണ്ഡിതന്മാര്‍ മലബാറിലുണ്ടായിരുന്നു. മലബാറിന്റെ സ്വന്തമായ ഈ വിജ്ഞാന പാരമ്പര്യത്തെ ബ്രിട്ടീഷുകാരാണ് അരികുവത്കരിച്ചത്. കൊളോണിയല്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയവരെ മാത്രമേ അവര്‍ ഉദ്യോഗത്തിലും മറ്റും നിശ്ചയിച്ചുള്ളൂ. ഭരണ ഭാഷയും സര്‍വീസ് നിയമനങ്ങളും കൊളോണിയല്‍ മാനദണ്ഡത്തിലാക്കിയത് മുതലാണ് മലബാര്‍ മാപ്പിളമാര്‍ 'മുഖ്യധാരക്ക്' പുറത്താവുന്നത്. അറബി, ഹിന്ദുസ്ഥാനി ഭാഷയും അതില്‍ വിദ്യാഭ്യാസമാര്‍ജിച്ചവരെയും ബ്രിട്ടീഷുകാര്‍ അവഗണിച്ചു. മറ്റുപലരെക്കാളും വിദ്യാസമ്പന്നരായിട്ടും ബ്രിട്ടീഷ് കാലഘട്ടത്തില്‍ മലബാര്‍ മാപ്പിളമാര്‍ 'വിവരമില്ലാത്ത'വരായത് അങ്ങനെയാണ്. സ്വാതന്ത്ര്യം നേടിയ ശേഷവും അതേ കൊളോണിയല്‍ വിദ്യാഭ്യാസ സമ്പ്രദായവും ഉദ്യോഗ മാനദണ്ഡങ്ങളുമാണ് രാജ്യം പിന്തുടര്‍ന്നത്. അങ്ങനെ മലബാര്‍ മുസ്‌ലിംകള്‍ മുഖ്യധാരക്ക് പുറത്തായി.

മലബാറില്‍ ജനോപകരമായ ഗവണ്‍മെന്റ് സ്ഥാപനങ്ങളും സംവിധാനങ്ങളും ബ്രിട്ടീഷ് കാലത്ത് നാമമാത്രമായിരുന്നു. തങ്ങള്‍ ഏതു അധിനിവേശ ഭരണകൂടത്തിന് എതിരെയാണോ പോരാടുന്നത് അവരുടെ ഭാഷയും സംസ്‌കാരവും ഉള്‍ക്കൊള്ളുന്ന സിലബസ് പഠിപ്പിക്കുന്ന വിദ്യാലയങ്ങളെയും കലാലയങ്ങളെയും പോരാളികള്‍ ബഹിഷ്‌കരിക്കുക സ്വാഭാവികമാണ്. ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഒരു ഘട്ടത്തില്‍ ഗാന്ധിജിയും കോണ്‍ഗ്രസ്സുമടക്കം ഇത്തരം ബഹിഷ്‌കരണങ്ങള്‍ക്ക് ആഹ്വാനം ചെയ്തതോര്‍ക്കുക. മലബാറില്‍ നിലനിന്ന ഇത്തരം ബഹിഷ്‌കരണങ്ങളും ബ്രിട്ടീഷുകാരുടെ നേതൃത്വത്തില്‍ ഇവിടെ പ്രചരിച്ച ഇംഗ്ലീഷ് വിദ്യാഭ്യാസം നേടുന്നതില്‍നിന്ന് മലബാറിലെ ജനങ്ങളെ പിറകോട്ടടുപ്പിച്ചതിന്റെ കാരണങ്ങളിലുണ്ട്. ബ്രിട്ടീഷുകാരോട് അനുരഞ്ജനത്തിലേര്‍പ്പെട്ട് ഭരണം നടത്തിയിരുന്ന തിരുവിതാംകൂറിലും കൊച്ചിയിലും സാമൂഹികാവസ്ഥ മലബാറില്‍ നിന്നും വ്യത്യസ്തമായിരുന്നു. പൊതുജനോപകാരമായ ഒട്ടേറെ ഗവണ്‍മെന്റ് പദ്ധതികളും സംവിധാനങ്ങളും ആ നാട്ടുരാജ്യങ്ങളിലുണ്ടായിരുന്നു.

കൊളോണിയല്‍ വ്യവസ്ഥയോടും അതിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തോടും രാജിയായതിനാല്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെയവിടെ ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചിരുന്നു. 1806-ല്‍ പ്രൊട്ടസ്റ്റന്റ് മിഷനറി റവ. വില്യം ട്രോബിസ് റിംഗിള്‍ടോബ് ആണ് ആദ്യത്തെ ഇംഗ്ലീഷ് സ്‌കൂളവിടെ സ്ഥാപിക്കുന്നത്. 1817 ല്‍ ആദ്യത്തെ കോളജായ കോട്ടയത്തെ സി.എം.എസും ആരംഭിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിലാരംഭിച്ച ഈ ആധുനിക വിദ്യാഭ്യാസം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെത്തിയപ്പോള്‍ വ്യവസ്ഥാപിതമായ രൂപത്തിലാവുകയും അതുവരെയത് വിലക്കപ്പെട്ടിരുന്ന പല വിഭാഗങ്ങള്‍ക്കും ലഭ്യമായിത്തുടങ്ങുകയും ചെയ്തു. മിഷനറിമാരുടെ നേതൃത്വത്തിലാരംഭിച്ച ആധുനിക വിദ്യാഭ്യാസത്തെ പിന്നീട് നാട്ടുരാജ്യങ്ങള്‍ ഏറ്റെടുത്തു. അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ കാലുഷ്യമില്ലാത്തതിനാല്‍ സാമൂഹിക നവോത്ഥാന സംഘടനകളും വിദ്യാഭ്യാസ ശാക്തീകരണ കൂട്ടായ്മകളും തിരുകൊച്ചിയില്‍ കേന്ദ്രീകരിച്ചു. മലബാറില്‍ ആറുമാസം നീണ്ടുനിന്ന യുദ്ധവും തുടര്‍ന്നുള്ള കൂട്ടക്കൊലകളും നാടുകടത്തലുകളും നടക്കുമ്പോള്‍ തിരുകൊച്ചി ശാന്തമായിരുന്നു. പതിറ്റാണ്ടുകളെടുത്താണ് ഈ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങളെ മലബാര്‍ ഭാഗികമായെങ്കിലും പതിയെ മറികടന്നത്. മലബാറില്‍ ഉപ്പുസത്യാഗ്രഹവും ബഹിഷ്‌കരണ പ്രക്ഷോഭവും ക്വിറ്റിന്ത്യാ സമരവും കൊടുമ്പിരി കൊള്ളുമ്പോള്‍ തിരുകൊച്ചിയില്‍ ഭരണ സംവിധാനങ്ങളിലും ഉദ്യോഗസ്ഥ മേഖലകളിലും വിവിധ ജാതി സമുദായങ്ങള്‍ക്ക് പങ്കാളിത്തം ആവശ്യപ്പെട്ടുള്ള സമരങ്ങളാണ് അരങ്ങേറിയിരുന്നത്. മലബാറില്‍ ബ്രിട്ടീഷ് ഭരണ വിരുദ്ധ പ്രക്ഷോഭങ്ങള്‍ സാമൂഹിക ജീവിതം തകിടം മറിച്ചപ്പോള്‍ ഉത്തരവാദിത്വ ഭരണത്തിനുവേണ്ടിയുള്ള മുദ്രാവാക്യങ്ങളാണ് തിരുകൊച്ചിയില്‍ മുഴങ്ങിയിരുന്നത്. ഈ സമരങ്ങളുടെയെല്ലാം ഗുണഫലങ്ങള്‍ തിരുകൊച്ചിയിലെ ജനങ്ങള്‍ അനുഭവിച്ചു തുടങ്ങുമ്പോഴും മലബാറില്‍നിന്ന് ബ്രിട്ടീഷുകാര്‍ കപ്പല്‍ കയറിയിരുന്നില്ല.

രാജ്യം സ്വാതന്ത്ര്യം നേടുകയും പിന്നീട് ഭാഷാടിസ്ഥാനത്തില്‍ ഐക്യകേരളം പ്രഖ്യാപിക്കപ്പെട്ടപ്പോഴും മലബാര്‍ വികസനമേഖലകളില്‍ പിന്നാക്കമായിരുന്നു. ബ്രിട്ടീഷുകാരുടെ ഭരണവും അധിനിവേശ ശക്തികള്‍ക്കെതിരിലുള്ള നൂറ്റാണ്ടുകള്‍ നീണ്ട പോരാട്ടങ്ങളുമാണ് മലബാറിനെ പിന്നാക്കമാക്കിയത്. ഐക്യകേരളത്തില്‍ മലബാറിനെ ലയിപ്പിക്കുമ്പോള്‍ അവര്‍ അഭിമുഖീകരിച്ച 1921 ലെ യുദ്ധക്കെടുതികളും സ്വാതന്ത്ര്യ സമരപോരാട്ട ചരിത്രവും പരിഗണിച്ച് ഈ പ്രദേശങ്ങളെ എല്ലാ മേഖലകളിലും ശാക്തീകരിക്കാന്‍ ഭരണകൂടം പ്രത്യേകം പാക്കേജുകള്‍ വഴി പദ്ധതികളൊരുക്കണമായിരുന്നു. അത് അവരോട് ചെയ്യുന്ന സാമൂഹികനീതിയുടെ ഭാഗമായിരുന്നു. പക്ഷേ, അതുണ്ടായില്ലെന്ന് മാത്രമല്ല ഐക്യകേരള ഭരണത്തിന്റെ നടത്തിപ്പുകാരും മലബാറിനെ ബോധപൂര്‍വം ക്രൂരമായ അവഗണനക്ക് വിധേയമാക്കി. വികസന പദ്ധതികളും സംരംഭങ്ങളും കേരള ഭരണകൂടം വീതംവെച്ചപ്പോള്‍ ജനസംഖ്യാനുപാതികമായി മലബാര്‍ അര്‍ഹിച്ചത് പോലും തടഞ്ഞുവെക്കപ്പെട്ടു. വികസനം തീരുമാനിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ ഓഫീസ് സംവിധാനങ്ങളെല്ലാം കേരളപ്പിറവി മുതല്‍ നിയന്ത്രിച്ചിരുന്നത് തിരുകൊച്ചിയില്‍ നിന്നുള്ളവരായിരുന്നു. ഐക്യകേരളം യാഥാര്‍ഥ്യമാക്കുന്നതിന്റെ ഭാഗമായി ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയേറ്റും ജുഡീഷ്യറിയുടെ ആസ്ഥാനമായ ഹൈക്കോടതിയും തിരുവിതാംകൂറും കൊച്ചിയുമാണ് വീതിച്ചെടുത്തത്. മലബാറിന് ഒരു അധികാര കേന്ദ്രമോ ഉന്നത ഉദ്യോഗ സംവിധാനമോ ഈ വീതംവെപ്പില്‍ ലഭിച്ചില്ല. കേരളപ്പിറവി മുതല്‍ മലബാര്‍ നേരിടുന്ന ഈ അവഗണനയുടെ ആഴമറിയാന്‍ കഴിഞ്ഞ 65 വര്‍ഷത്തിനുള്ളില്‍ കേരള സര്‍ക്കാര്‍ നടപ്പാക്കിയ മുഴുവന്‍ ജനസേവന സംവിധാനങ്ങളുടേയും ഗവണ്‍മെന്റ് സംരംഭങ്ങളുടെയും വികസന പദ്ധതികളുടെയും കണക്കെടുത്താല്‍ മതിയാകും. കേരളത്തിലെ 42 ശതമാനം ജനങ്ങള്‍ ജീവിക്കുന്ന മലബാറിലെ ആറ് ജില്ലകള്‍ക്ക് ജനസംഖ്യാനുപാതികമായ വികസനം ലഭിച്ചില്ലെന്നത് ആ കണക്കുകള്‍ വിളിച്ചുപറയും.


ഐക്യകേരളത്തിന്റെ വികസന വീതംവെപ്പില്‍ തിരുകൊച്ചി എപ്പോഴും ജനസംഖ്യാനുപാതികത്തിനപ്പുറം നേടിയെടുത്തപ്പോള്‍ മലബാറിന് ഒരിക്കലും അവരര്‍ഹിച്ചത് പോലും ലഭിച്ചില്ല. കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ മുതല്‍ താലൂക്കുകള്‍, പഞ്ചായത്തുകള്‍, വില്ലേജുകള്‍, കോളജുകള്‍, സ്‌കൂളുകള്‍, വിദ്യാഭ്യാസ ഉപജില്ലകള്‍, പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍, മെഡിക്കല്‍ കോളജുകള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, റെയില്‍വേ, കെ.എസ്.ആര്‍.ടി.സി ഡിപ്പോകള്‍ വരെയുള്ള ഏത് സംവിധാനങ്ങളുടെ കണക്കെടുത്താലും ഈ വിവേചനം വ്യക്തമാകും.

വിദ്യാഭ്യാസ മേഖലയിലെ വിവേചനങ്ങള്‍

65 വര്‍ഷമായി തുടരുന്ന ഈ മലബാര്‍ അവഗണനയോടുള്ള വര്‍ത്തമാനം തിരിച്ചറിഞ്ഞുവേണം ഇന്ന് മലപ്പുറം മുതല്‍ കാസര്‍കോഡ് വരെയുള്ള ആറ് ജില്ലകള്‍ അഭിമുഖീകരിക്കുന്ന ഹയര്‍സെക്കന്ററി മുതല്‍ ഹയര്‍ എജുക്കേഷന്‍ വരെയുള്ള വിദ്യാഭ്യാസ മേഖലയിലെ വിവേചനങ്ങളുടെ വേരുകള്‍ ചികയാന്‍.

1956-ന് ശേഷം കേരള സര്‍ക്കാറുകള്‍ അനുവദിച്ച പ്രൈമറി സ്‌കൂളുകളുടെ എണ്ണത്തിലാരംഭിക്കുന്നു മലബാര്‍ വിദ്യാഭ്യാസ വിവേചനത്തിന്റെ ചരിത്രം. 1965 മുതല്‍ 2021 വരെ എല്‍.പി-യു.പി വിഭാഗങ്ങളിലായി 660 പ്രൈമറി സ്‌കൂളുകള്‍ തിരുകൊച്ചി മേഖലയില്‍ അനുവദിച്ചപ്പോള്‍ മലബാര്‍ ജില്ലകളില്‍ ഇത് 554 ആണ്. ഇരു മേഖലയിലെയും ഹൈസ്‌കൂളുകളുടെ എണ്ണം മുതല്‍ക്കാണ് വികസന വീതംവെപ്പിന്റെ വര്‍ധിതമായ അന്തരം പ്രകടമാകുന്നത്. 1961-ല്‍ തിരുകൊച്ചിയില്‍ 650 ഹൈസ്‌കൂളുകളാണുണ്ടായിരുന്നത്. 2021-ല്‍ ഇത് 1909 ആണ്. ഇതിനിടക്ക് 1259 ഹൈസ്‌കൂളുകള്‍ പുതുതായി കേരള സര്‍ക്കാര്‍ തിരുകൊച്ചി ജില്ലകളില്‍ അനുവദിച്ചുവെന്നര്‍ഥം. എന്നാല്‍, 1961-ല്‍ മലബാറില്‍ 234 ഹൈസ്‌കൂളുകള്‍ ആണുണ്ടായിരുന്നത് 2021-ലെത്തുമ്പോള്‍ 1212 ആണ്. അറുപത് വര്‍ഷത്തിനിടയില്‍ കേരള സര്‍ക്കാര്‍ പുതുതായി കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള ആറു ജില്ലകള്‍ക്ക് അനുവദിച്ചത് 978 ഹൈസ്‌കൂളുകള്‍ മാത്രം. കേരളപ്പിറവിക്ക് മുമ്പേ സ്‌കൂളുകള്‍ കുറവുള്ള മലബാറില്‍ കൂടുതല്‍ നല്‍കേണ്ടതിന് പകരം തിരുകൊച്ചിയിലാണ് അധികം നല്‍കിയതെന്ന് ചുരുക്കം. ഗവണ്‍മെന്‍ന്റ്/എയ്ഡഡ് ഹൈസ്‌കൂളുകളുടെ എണ്ണം തിരുകൊച്ചിയില്‍ 1709 ആകുമ്പോള്‍ മലബാറിലേത് 953 മാത്രമാണ്. ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളെടുത്താല്‍ മലബാറിനെ ഈ മേഖലയില്‍ പരിഗണിച്ചിട്ടേയില്ലെന്ന് മനസ്സിലാകും. കൊല്ലത്തൊഴികെ തിരുകൊച്ചിയിലെ എല്ലാ ജില്ലകളിലും ടെക്‌നിക്കല്‍ സ്‌കൂളുകളുണ്ട്. എന്നാല്‍, മലബാറില്‍ മലപ്പുറത്തും കോഴിക്കോട്ടും മാത്രമാണ് ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളുള്ളത്. രണ്ടിടത്തുമായി വെറും 276 സീറ്റുകളാണുള്ളത്. എന്നാല്‍, എറണാകുളം ജില്ലയിലെ ടെക്‌നിക്കല്‍ സ്‌കൂളുകളില്‍ മാത്രം 406 സീറ്റുകളുണ്ട്.


ഹയര്‍ സെക്കന്ററി

മലബാര്‍ ജില്ലകള്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി രൂക്ഷമായ സീറ്റ് പ്രതിസന്ധി അനുഭവിക്കുന്ന മേഖലയാണ് ഹയര്‍സെക്കന്ററി. പ്രീഡിഗ്രി നിര്‍ത്തലാക്കി സ്‌കൂളുകളില്‍ പ്ലസ്ടു ആരംഭിച്ച രണ്ടായിരത്തില്‍ തുടങ്ങിയതാണ് ഈ പ്രതിസന്ധി. നായനാര്‍ മുഖ്യമന്ത്രിയും പി.ജെ ജോസഫ് വിദ്യാഭ്യാസമന്ത്രിയുമായിരുന്ന 2000-2001 കാലത്ത് ആദ്യമായി ഹയര്‍സെക്കന്ററി ബാച്ചുകള്‍ അനുവദിച്ചപ്പോള്‍ പുലര്‍ത്തിയ വിവേചനത്തിന്റെ പ്രത്യാഘാതമാണ് മലബാര്‍ ഇപ്പോഴും അനുഭവിക്കുന്നത്. അന്ന് ഹയര്‍സെക്കന്ററി അനുവദിച്ചപ്പോള്‍ തെക്കന്‍ ജില്ലകളില്‍ യഥേഷ്ടം നല്‍കുകയും മലബാറിനാവശ്യമായത് നല്‍കാന്‍ സംസ്ഥാന ഭരണകൂടം തയാറായതുമില്ല. പത്താം ക്ലാസ് പരീക്ഷയില്‍ വിജയശതമാനം കുറവായതിനാല്‍ പ്ലസ്ടു ആരംഭിച്ച ആദ്യ വര്‍ഷങ്ങളിലത് മലബാറിനെ സാരമായി ബാധിച്ചില്ല. പിന്നീട് എസ്.എസ്.എല്‍.സി വിജയശതമാനം എഴുപത് ശതമാനത്തിനു മുകളിലേക്ക് ക്രമേണ മലബാര്‍ ജില്ലകളും എത്തി. അതോടെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എഴുപത് ശതമാനം മാര്‍ക്ക് ലഭിക്കുന്ന വിദ്യാര്‍ഥിക്ക് പോലും പ്ലസ് വണ്‍ സീറ്റ് ലഭിക്കാത്ത സ്ഥിതി മലബാറില്‍ ഉടലെടുത്തു. ഓരോ വര്‍ഷവും അര ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ പൊതു മേഖലയില്‍ ഉപരിപഠനത്തിന് സീറ്റ് ലഭിക്കാതെ പ്രൈവറ്റ് സംവിധാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടുണ്ടായി. ഇത് ശാശ്വതമായി പരിഹരിക്കാന്‍ പുതിയ ഹയര്‍ സെക്കന്ററികളും ബാച്ചുകളും അനുവദിക്കണമെന്നാവശ്യപ്പെട്ട് മലബാര്‍ ജില്ലകളില്‍ നിരന്തര സമരങ്ങളും മുറവിളികളുമുയര്‍ന്നുവെങ്കിലും നേരിയ പരിഹാര ശ്രമങ്ങള്‍ക്കപ്പുറം സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. സീറ്റു വര്‍ധനവെന്ന താല്‍ക്കാലിക ആശ്വാസങ്ങള്‍ മാത്രമാണ് ഇടതുവലതു ഭരണകൂടങ്ങള്‍ കാലങ്ങളായി ഈ വിഷയത്തില്‍ ചെയ്യുന്നത്. പ്ലസ് വണ്‍ ആരംഭിച്ച് ഇരുപത് വര്‍ഷം പിന്നിട്ടിട്ടും ഇന്നുമീ സീറ്റ് പ്രതിസന്ധി അപ്പടി മലബാറില്‍ തുടരുന്നു.


ഇപ്പോള്‍ എസ്.എസ്.എല്‍.സി റിസല്‍റ്റ് വന്ന 2021-22 ലെ കണക്കനുസരിച്ച് പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള ആറ് മലബാര്‍ ജില്ലകളിലായി 2,26,913 വിദ്യാര്‍ഥികള്‍ ഉപരിപഠന യോഗ്യത നേടിയിട്ടുണ്ട്. ഒരു പ്ലസ് വണ്‍ ബാച്ചില്‍ 50 വിദ്യാര്‍ഥികളെന്ന ബേസിക് കണക്കനുസരിച്ച് ഈ ആറ് ജില്ലകളിലായി 1,40,800 പ്ലസ് വണ്‍ സീറ്റുകളാണുള്ളത്. ഇതിനോടൊപ്പം മറ്റ് ഉപരിപഠന സാധ്യതകളായ വി.എച്ച്.എസ്.ഇ യിലെ 9625 സീറ്റുകളും ഐ.ടി.ഐയിലെ 11,350 സാധ്യതകളും പോളിടെക്‌നിക്കിലെ 4,175 അവസരങ്ങളും ചേര്‍ത്തുവെച്ചാലും 1,65,950 ഉപരിപഠന സാധ്യതകള്‍ മാത്രമാണ് സ്ഥിരം സംവിധാനമായി മലബാര്‍ ജില്ലകളില്‍ ഇപ്പോഴുള്ളത്. 60,963 വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യമില്ലെന്നര്‍ഥം. ഇവക്ക് സ്ഥിരംപരിഹാരം വേണമെന്നാണ് പത്ത് വര്‍ഷത്തിലധികമായി ഉയരുന്ന ആവശ്യം. അതിന് ആറു ജില്ലകളിലായി ആയിരത്തിലധികം സ്ഥിരം ബാച്ചുകള്‍ അനുവദിക്കുക മാത്രമാണ് പരിഹാരം. അത് ഘട്ടംഘട്ടങ്ങളായി നടപ്പാക്കാനെങ്കിലും സംസ്ഥാന ഭരണകൂടം തയ്യാറാവണം. എല്ലാ വര്‍ഷവും ചെയ്യുന്ന പോലെ സര്‍ക്കാര്‍ താല്‍ക്കാലിക പരിഹാരം എന്ന നിലക്ക് 30 ശതമാനം സീറ്റുവര്‍ധനവും ചില താല്‍ക്കാലിക ബാച്ചുകളും ഈ വര്‍ഷവും അനുവദിച്ച്ത വിസ്മരിക്കുന്നില്ല. താല്‍ക്കാലിക വര്‍ധനവ് താല്‍ക്കാലിക പരിഹാരം മാത്രമാണ്. സ്ഥിരം പരിഹാരമാണാവശ്യം. അതിന് സ്ഥിരം ബാച്ചുകളാണ് അനുവദിക്കേണ്ടത്. 30 ശതമാനം താല്‍ക്കാലിക സീറ്റ് വര്‍ധനവിലൂടെ 50 പേര്‍ക്കിരിക്കാവുന്ന ഒരു ക്ലാസില്‍ മലബാര്‍ ജില്ലകളില്‍ 65 വിദ്യാര്‍ഥികള്‍ തിക്കിത്തിരക്കി ഇരിക്കേണ്ട അവസ്ഥയാണുണ്ടാവുന്നത്. ഇതുണ്ടാക്കുന്ന അക്കാദമിക് പ്രശ്‌നങ്ങള്‍ ഒട്ടനവധിയാണ്. ഈ വര്‍ധനവിനെല്ലാം ശേഷവും ആറ് ജില്ലകളിലായി 24,068 വിദ്യാര്‍ഥികള്‍ക്ക് സീറ്റ് ഉണ്ടാവില്ലെന്നത് സര്‍ക്കാര്‍ കണ്ണടക്കുന്ന മറ്റൊരു ദുരന്തവുമാണ്. എറണാംകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ ഈ വര്‍ഷം എസ്.എസ്.എല്‍.സി പാസായവരേക്കാള്‍ 19,390 ഉപരിപഠന സീറ്റുകള്‍ അധികം ഉള്ളപ്പേഴാണിതെന്നും അറിയുമ്പോഴാണ് മലബാറിനോടുള്ള വിവേചന ഭീകരതയുടെ ആഴമറിയുക.


വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, പോളിടെക്‌നിക് പഠന സാധ്യതകള്‍ കൂടി പരിഗണിച്ചാലും എല്ലാ വര്‍ഷവും മലബാറില്‍ ഉപരിപഠനം സൗകര്യം ലഭിക്കാതെ കാല്‍ ലക്ഷം വിദ്യാര്‍ഥികളുണ്ടാവാറുണ്ട്. മിക്ക തെക്കന്‍ ജില്ലകളിലും അപേക്ഷകരേക്കാള്‍ പ്ലസ് വണ്‍ സീറ്റുകളുള്ളപ്പോഴാണ് ഇതെന്നോര്‍ക്കുക. പത്താം ക്ലാസ് പഠനശേഷമുള്ള മുഴുവന്‍ ഉപരിപഠന സൗകര്യങ്ങളും തെക്കന്‍ ജില്ലകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. രണ്ട് ലക്ഷത്തോളം വരുന്ന പ്ലസ് വണ്‍ സീറ്റുകള്‍ക്ക് പുറമെ ഐ.ടി.ഐ, വി.എച്ച്.എസ്.ഇ, പോളിടെക്‌നിക്ക് മേഖലയില്‍ 46,931 സീറ്റുകള്‍ തിരുകൊച്ചി മേഖലയിലുണ്ട്.


മിക്ക വര്‍ഷങ്ങളിലും പഠിക്കാന്‍ കുട്ടികളില്ലാതെ ഈ ജില്ലകളില്‍ പല കോഴ്‌സുകളുടെയും ബാച്ചുകള്‍ കാലിയായി കിടക്കലാണ് പതിവ്. ഹയര്‍സെക്കന്ററി മേഖലയില്‍ സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളില്‍ സീറ്റുകളും ബാച്ചുകളും വെറുതെ കിടക്കുമ്പോഴാണ് മലബാറിലെ കാല്‍ ലക്ഷത്തിലധികം വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ഭാവി അവതാളത്തിലായി തുടരുന്നത്.

സര്‍ക്കാര്‍-എയ്ഡഡ് മേഖലയില്‍ സീറ്റില്ലാത്തതിനാല്‍ ഓപണ്‍ സ്‌കൂള്‍ സംവിധാനമായ സ്‌കോള്‍ കേരളയെ ആശ്രയിക്കേണ്ടി വന്നവരുടെ 2013 മുതല്‍ 2020 വരെയുള്ള കണക്കെടുത്താല്‍ അതില്‍ 70 ശതമാനവും മലബാര്‍ ജില്ലകളില്‍ നിന്നുള്ളവരാണെന്ന് കാണാം. പ്ലസ് വണ്‍ പ്രതിസന്ധി ഏറ്റവുമധികം രൂക്ഷമായ മലപ്പുറം ജില്ലയില്‍ നിന്നാണ് 31 ശതമാനം വിദ്യാര്‍ഥികള്‍ ഓപണ്‍ സ്‌കൂളില്‍ അഡ്മിഷന്‍ എടുക്കേണ്ടിവന്നിരിക്കുന്നത്. (പട്ടിക നോക്കുക)


ഇങ്ങനെ പ്രൈവറ്റായി സ്വന്തം നിലക്ക് പഠിക്കേണ്ടി വരുന്നവരില്‍ 60 ശതമാനവും തോല്‍ക്കലാണ് പതിവ്. റഗുലര്‍ സ്‌കീമില്‍ 2013 മുതല്‍ 2020 വരെയുള്ള ശരാശരി വിജയം 84 ശതമാനമാകുമ്പോള്‍ ഓപണ്‍ സ്‌കൂളിലത് 40 ശതമാനത്തിനും താഴെയാണ്. പത്താം ക്ലാസില്‍ 40 ശതമാനം മാര്‍ക്ക് നേടി വിജയിച്ച തെക്കന്‍ ജില്ലയിലെ ഒരു വിദ്യാര്‍ഥിക്ക് പ്ലസ് വണില്‍ റഗുലര്‍ സ്‌കീമില്‍ പ്രവേശനം കിട്ടിയതിനാല്‍ ആ വിദ്യാര്‍ഥി അതില്‍ വിജയിച്ച് ഉന്നത വിദ്യാഭ്യാസം നേടുന്നു. മലബാറില്‍ 70 ശതമാനം പത്താം ക്ലാസില്‍ മാര്‍ക്ക് നേടിയ കുട്ടി റഗുലര്‍ സ്‌കീമില്‍ സീറ്റില്ലാത്തതിനാല്‍ ഓപണ്‍ സ്‌കൂളില്‍ ചേരാന്‍ നിര്‍ബന്ധിതനാവുന്നു. ആ വിദ്യാര്‍ഥി അതില്‍ വിജയിക്കാതെ പഠനം അവസാനിക്കുന്നു. മലബാറില്‍ ജനിച്ചുപോയി എന്നതുകൊണ്ട് മാത്രം സംഭവിക്കുന്ന ഈ വിവേചനം എന്നാണവസാനിക്കുക. ആരാണതിന് മുന്‍കയ്യെടുക്കുക.

ഉന്നത വിദ്യാഭ്യാസം

2021 അധ്യയനവര്‍ഷ കണക്കനുസരിച്ച് കേരളത്തില്‍ സര്‍ക്കാര്‍-എയ്ഡഡ് മേഖലയില്‍ 238 ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളാണുള്ളത്. 151 കേളേജുകള്‍ തിരുകൊച്ചിയിലും 87 മലബാറിലും. 2014-ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അനുവദിച്ച, ഇപ്പോഴും സ്വന്തം കെട്ടിടം പോലുമാവാതെ വാടക ബില്‍ഡിംഗുകളില്‍ മിനിമം കോഴ്‌സും 500-ല്‍ താഴെ വിദ്യാര്‍ഥികളുമായി പ്രവര്‍ത്തിക്കുന്നവയടക്കമാണ് മലബാറിലെ 87 കോളജുകള്‍.

ഉന്നത വിദ്യാഭ്യാസ മേഖലയിലെ മലബാര്‍ വിവേചനം ഇങ്ങനെ കോളജുകളുടെ എണ്ണത്തില്‍ തുടങ്ങുന്നു. യു.ജി-പി.ജി സീറ്റുകളുടെ കണക്കെടുക്കുമ്പോള്‍ വിവേചന വിടവ് വീണ്ടും വര്‍ധിക്കും. പൊതുമേഖലയില്‍ 90,417 യു.ജി സീറ്റുകളാണ് 2021 ല്‍ കേരളത്തിലുള്ളത്. ഇതില്‍ 62,032 സീറ്റുകളും തിരുകൊച്ചി ജില്ലകളിലാണ്. മലബാറില്‍ കേവലം 28,385 യു.ജി സീറ്റുകളാണുള്ളത്.

സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ് മേഖലയിലെ പി.ജി സീറ്റുകള്‍ 29,292 ആണ്. ഇതില്‍ 20,942 സീറ്റും തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളിലാണ്. വെറും 8,350 പി.ജി സീറ്റുകള്‍ മാത്രമാണ് മറ്റു ആറു ജില്ലകളിലുള്ളത്. (പട്ടിക നോക്കുക)


മെഡിക്കല്‍ കോളജ്, എഞ്ചിനീയറിംഗ് കോളജ് എന്നിവയുടെ എണ്ണത്തിലും സീറ്റുകളിലും ഈ വിവേചനത്തിന്റെ തുടര്‍ച്ച കാണാം. ഏറ്റവും കൂടുതല്‍ ഹയര്‍സെക്കന്ററി വിദ്യാര്‍ഥികള്‍ വിജയിക്കുന്ന മലപ്പുറം ജില്ലയിലും പിന്നാക്ക ജില്ലയായ കാസര്‍കോടും ഒരൊറ്റ സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളജുമില്ല. മറ്റു പ്രഫഷണല്‍ ട്രെയ്‌നിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെയും കോഴ്‌സുകളുടെയും സ്ഥിതി ഭിന്നമല്ല. മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളില്‍ സര്‍ക്കാറിനു കീഴില്‍ ബി.എഡ് കോളജുകളില്ല. സംസ്ഥാനത്തെ 21 ബി.എഡ് കോളജുകളില്‍ 15 ഉം തിരുകൊച്ചി ജില്ലകളിലാണ്. ടീച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ടി.ടി.ഐ) സ്ഥിതിയും തഥൈവ. 91 ടി.ടി.ഐ കളില്‍ 63 എണ്ണവും തിരുകൊച്ചിയില്‍. മലബാറില്‍ 28 മാത്രം. 4911 ടി.ടി.ഐ സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 3311 സീറ്റും മലബാറിനു പുറത്താണ്. 1600 മാത്രമാണ് പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലുള്ളത്. 4 ലോ കോളജുകളില്‍ കോഴിക്കോട്ടെ ഒന്നു മാത്രമാണ് മലബാറിന് അവകാശപ്പെട്ടത്. കൊമേഴ്‌സല്‍, ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സുകളുടെ കണക്കുകളും ഇതിന്റെ തുടര്‍ച്ചയാണ്. (പട്ടിക നോക്കുക)


ഓരോ വര്‍ഷവും മലബാറിലെ വിദ്യാര്‍ഥികള്‍ ഉന്നതവിദ്യഭ്യാസ രംഗത്ത് അനുഭവിക്കുന്ന പ്രതിസന്ധി മനസ്സിലാക്കാന്‍ 2019 ലെ ഡിഗ്രി-പി.ജി സീറ്റുകളുടെ കണക്കുകള്‍ ഉദാഹരണമായി പരിശോധിക്കാം. ഒന്നേമുക്കാല്‍ ലക്ഷം (1,75,313) വിദ്യാര്‍ഥികള്‍ 6 മലബാര്‍ ജില്ലകളില്‍ നിന്നുമായി 2019 ല്‍ ഹയര്‍സെക്കന്ററി പാസായിരുന്നു. എന്നാല്‍, 68,798 ബിരുദ സീറ്റുകളാണ് സെല്‍ഫ് ഫിനാന്‍സ് കോളജുകളിലുള്‍പ്പെടെ 2019 അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ മലബാറിലുണ്ടായിരുന്നത്. മലബാറിലാണെങ്കില്‍ ഹയര്‍സെക്കന്ററി പാസാകുന്ന വിദ്യാര്‍ഥികളുമായി തുലനം ചെയ്യുമ്പോള്‍ ഒരു ലക്ഷത്തിന് മുകളില്‍ (1,06,515) ബിരുദ സീറ്റുകളുടെ കുറവുണ്ട്. 12,938 വിദ്യാര്‍ഥികള്‍ ഹയര്‍സെക്കന്ററി പാസായ കാസര്‍കോട് ജില്ലയില്‍ 6,483 ബിരുദ സീറ്റുകളും 27,033 ഹയര്‍സെക്കന്ററി വിദ്യാര്‍ഥികള്‍ പാസായ കണ്ണൂര്‍ ജില്ലയില്‍ 13,996 ഡിഗ്രി സീറ്റുകളും 9,213 ഹയര്‍സെക്കന്ററി വിദ്യാര്‍ഥികള്‍ പാസായ വയനാട് ജില്ലയില്‍ 4,586 ബിരുദ സീറ്റുമാണുള്ളത്. ബിരുദ രംഗത്ത് ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്നത് യഥാക്രമം മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളാണ്. മലപ്പുറം ജില്ലയില്‍ 2019 ല്‍ 60,246 ഹയര്‍സെക്കന്ററി വിദ്യാര്‍ഥികള്‍ വിജയിച്ചിട്ടുണ്ട്. 2019 ലെ കണക്കനുസരിച്ച് വെറും 26,481 ബിരുദ സീറ്റുകളാണ് മലപ്പുറത്തുണ്ടായിരുന്നത്. 33,765 വിദ്യാര്‍ഥികള്‍ക്ക് ജില്ലയില്‍ ബിരുദ പഠനാവസരമില്ല. എല്ലാവര്‍ഷവും കാല്‍ ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ക്ക് മലപ്പുറം ജില്ലയില്‍ ബിരുദ പഠന സൗകര്യമുണ്ടാവാറില്ല. വിവേചനത്തില്‍ രണ്ടാമത് നില്‍ക്കുന്ന കോഴിക്കോട് ജില്ലയില്‍ 37,848 പേരാണ് 2019 ല്‍ ഹയര്‍സെക്കന്ററി പാസായത്. എന്‍.ഐ.ടിയും മെഡിക്കല്‍ കോളജുമുള്‍പ്പെടെ 26,481 ബിരുദ സീറ്റുകളാണ് 2019 ല്‍ കോഴിക്കോടുള്ളത്. 21,513 സീറ്റുകളുടെ കുറവ്. പാലക്കാട് ജില്ലയില്‍ 28,035 ആണ് ഹയര്‍ സെക്കന്ററി വിജയികള്‍. ഡിഗ്രി സീറ്റുകള്‍ 15,099. പാലക്കാട് ജില്ലയില്‍ 12,936 ബിരുദ സീറ്റുകളുടെ കുറവുണ്ട്.

2019 ല്‍ ഹയര്‍സെക്കന്ററി വിജയികളേക്കാള്‍ കോട്ടയത്ത് 23,257, എറണാകുളത്ത് 12,022 ഇടുക്കിയില്‍ 11,122, പത്തനംതിട്ടയില്‍ 542 ബിരുദ സീറ്റുകള്‍ അധികമുണ്ട്. മലബാറിലെ 6 ജില്ലകളിലും ഹയര്‍ സെക്കന്ററി പാസായവരുടെ പകുതി പോലും ബിരുദ സീറ്റില്ലാത്ത വിവേചനം ഇപ്പോഴും തുടരുന്നു. ബിരുദാനന്തര ബിരുദ മേഖലയിലും മലബാറില്‍ തുച്ഛമായ സീറ്റാണുള്ളത്. സെല്‍ഫ് ഫിനാന്‍സടക്കം 2019 ല്‍ കാസര്‍കഗാഡ് 1,680, കണ്ണൂര്‍ 2,284, വയനാട് 703, കോഴിക്കോട് 3,603, മലപ്പുറം 3,981, പാലക്കാട് 1,823 എന്നിങ്ങനെയാണ് പി.ജി സീറ്റുകളുള്ളത്. ഹയര്‍സെക്കന്ററിയില്‍ എണ്‍പത് ശതമാനത്തിനു മുകളില്‍ മാര്‍ക്കുള്ള വിദ്യാര്‍ഥികള്‍ക്ക് പോലും മലബാര്‍ ജില്ലകളില്‍ ബിരുദപഠനത്തിന് സൗകര്യമില്ല.

മലബാറില്‍ നിലവിലുള്ള ബിരുദ സീറ്റുകള്‍ അധികവും സ്വാശ്രയ മേഖലയിലാണുള്ളത്. സീറ്റ് പ്രതിസന്ധി ഉന്നയിക്കുമ്പോഴെല്ലാം ഉയര്‍ന്ന ഫീസ് കൊടുത്ത് പഠിക്കേണ്ട സ്വാശ്രയ കോളജുകളാണ് സര്‍ക്കാര്‍ മലബാറില്‍ അനുവദിക്കാറുള്ളത്. 2019 ലെ കണക്കനുസരിച്ച് കേരളത്തില്‍ മൊത്തം 441 സ്വാശയ കോളജുകളാണുള്ളത്. അതില്‍ 221 എണ്ണവും മലബാറിലെ ആറു ജില്ലകളിലാണ്. മലബാറിന് വിവേചനമില്ലാതെ ജനസംഖ്യാനുപാതികത്തിനും അപ്പുറം സര്‍ക്കാര്‍ നല്‍കിയ ഏക സ്ഥാപനമാണ് സ്വാശ്രയ കോളജുകള്‍. വേണമെങ്കില്‍ മലബാറിലെ കുട്ടികള്‍ പണം മുടക്കി പഠിച്ചോട്ടെയെന്ന സര്‍ക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമാവാമിത്!

യൂനിവേഴ്‌സിറ്റി

നിലവില്‍ കേരളത്തിലെ 17 യൂനിവേഴ്‌സിറ്റികളില്‍ മലബാറിലുള്ളത് അഞ്ചെണ്ണം മാത്രമാണ്. മലബാറിലെ പ്രധാന യൂനിവേഴ്‌സിറ്റിയായ കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ മാത്രം 477 കോളജുകളാണ് അഫിലിയേറ്റ് ചെയ്തിരിക്കുന്നത്. യു.ജി.സി ചട്ട പ്രകാരം ഒരു യൂനിവേഴ്‌സിറ്റിക്ക് കീഴിലെ അഫിലിയേറ്റ്ഡ് കോളേജുകളുടെ എണ്ണം 100 ആണ്. യു.ജി.സി മാനദണ്ഡപ്രകാരം മാത്രം പുതിയ മൂന്ന് യൂനിവേഴ്‌സിറ്റികള്‍ മലബാറില്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ പരിധിക്കകത്ത് മാത്രം ഉണ്ടാവണമെന്നര്‍ഥം. അധക ബാധ്യത പേറുന്നതിന്റെ എല്ലാ സ്തംഭനാവസ്ഥയും മെല്ലെപ്പോക്കും കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെസി മുഖമുദ്രയാണ്.


മലബാറില്‍ നിര്‍ബാധം അനുവദിച്ച സ്വാശ്രയ കോളജുകളിലെ ബിരുദ സീറ്റുകള്‍ ഉപയോഗപ്പെടുത്തിയാല്‍ പോലും ഓരോ വര്‍ഷവും ഹയര്‍സെക്കന്ററി പാസ്സാകുന്ന ഒരു ലക്ഷത്തിനടുത്ത് വിദ്യാര്‍ഥികള്‍ക്ക് സ്വന്തം ജില്ലകളില്‍ ഉപരിപഠന സാധ്യതകളുണ്ടാവാറില്ല. പ്ലസ്ടു പാസ്സാകുന്ന വിദ്യാര്‍ഥികളുടെ നേര്‍പകുതിക്ക് താഴെയാണ് മലബാര്‍ ജില്ലകളില്‍ ഉന്നത പഠനസൗകര്യമുള്ളത്. എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഹയര്‍സെക്കന്ററി പാസ്സാകുന്നവരേക്കാള്‍ ഉന്നത പഠന സീറ്റുകളുള്ളപ്പോഴാണ് മലബാര്‍ ജില്ലകളില്‍ മാത്രം ഈ പ്രതിസന്ധി അപരിഹാര്യമായി തുടരുന്നത്. മലബാര്‍ ജില്ലകളില്‍ ഒരൊറ്റ ഗവണ്‍മെന്റ് കോളേജുകള്‍ പോലുമില്ലാത്ത നിയമസഭാ മണ്ഡലങ്ങള്‍ ഇപ്പോഴുമുണ്ട്. മലബാറില്‍ പുതിയ യൂനിവേഴ്‌സിറ്റികളും കോളേജുകളും ഹയര്‍സെക്കന്ററി ബാച്ചുകളും അനുവദിക്കുക മാത്രമാണ് ഈ വിദ്യാഭ്യാസ പ്രതിസന്ധിക്ക് പരിഹാരം. പത്താം ക്ലാസ് വിജയികള്‍ക്ക് ആനുപാതികമായി ഹയര്‍സെക്കന്ററി സീറ്റുകളും പ്ലസ്ടു പാസ്സാകുന്ന വിദ്യാര്‍ഥികള്‍ക്ക് ആനുപാതികമായി ഉന്നത പഠന സീറ്റുകളും ഉണ്ടാകുംവിധമുള്ള മലബാര്‍ സ്‌പെഷല്‍ പാക്കേജ് പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണം.


ഐക്യകേരളത്തിലെ എല്ലാ പൗരന്മാരും തുല്യ അവകാശമുള്ളവരാണ്. പ്രദേശപരമായ വിവേചനങ്ങളുണ്ടാവുന്നത് സാമൂഹിക അനീതിയാണ്. കഴിഞ്ഞ അറുപത്തിയഞ്ച് വര്‍ഷത്തെ ഐക്യകേരള സര്‍ക്കാറുകളുടെ വികസന വീതംവെപ്പില്‍ ആ അനീതി ഉണ്ടായിട്ടുണ്ടെന്നാണ് ഈ വിവേചന ഭീകരതയുടെ കണക്കുകള്‍ തെളിയിക്കുന്നത്. ഒരു അനീതി തിരിച്ചറിഞ്ഞാല്‍ ഘട്ടംഘട്ടമായെങ്കിലും പൂര്‍ണമായി പരിഹരിക്കാനുള്ള ശ്രമങ്ങളാണ് സാമൂഹിക നീതിയില്‍ വിശ്വസിക്കുന്ന ഒരു ഭരണകൂടത്തില്‍നിന്ന് വിവേചനമനുഭവിക്കുന്ന പൗരന്മാര്‍ പ്രതീക്ഷിക്കുന്നത്. മലബാറിന്റെ വിദ്യാഭ്യാസ വിഷയത്തിലും അതുണ്ടാകുമെന്നാണ് പ്രതീക്ഷ.



TAGS :