Quantcast
MediaOne Logo

മാപ്പിളമാരുടെ വര്‍ഗവൈരവും സവര്‍ണ കോണ്‍ഗ്രസ്സുകാരുടെ മാപ്പിളപ്പേടിയും

1921 ല്‍ മലബാറിലെ മാപ്പിളമാരുടെ നേതൃത്വത്തില്‍ നടന്ന ഐതിഹാസികമായ സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തെ ഹിന്ദുക്കള്‍ക്കെതിരായ ലഹളയായി ചിത്രീകരിക്കുന്ന 'ചരിത്രനിര്‍മിതിക്ക്' ചുക്കാന്‍ പിടിച്ചത് സാമ്രാജ്യത്വ ഭരണകൂടം തന്നെയായിരുന്നു. | 'ലിബറല്‍ ഗാന്ധിയും' 'ഫനാറ്റിക് മാപ്പിളയും': ഭാഗം - 10

മാപ്പിളമാരുടെ വര്‍ഗവൈരവും  സവര്‍ണ കോണ്‍ഗ്രസ്സുകാരുടെ മാപ്പിളപ്പേടിയും
X
Listen to this Article

മലബാര്‍ കലാപകാലത്ത് മദ്രാസ് ഗവണ്‍മെന്റില്‍ ഉന്നത പദവി വഹിച്ചിരുന്ന വ്യക്തിയും ഭരണകൂട ഭക്തനും കടുത്ത ഹിന്ദുപക്ഷപാതിയുമായിരുന്ന സി.ഗോപാലന്‍ നായര്‍, 1923 ല്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ 'മാപ്പിളകലാപ'മെന്ന കൃതിയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരായ ഏതാനും ചില ഹിന്ദുക്കളുടെ മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പത്മനാഭന്‍ അധികാരി, വെള്ളക്കിരി കുറ്റിപ്പുറത്ത് ഗോപാലന്‍ നായര്‍, കൈപാടത്ത് കുഞ്ഞുണ്ണി നായര്‍, മനിയില്‍ പാലോളി കൃഷ്ണന്‍ നായര്‍, ചെമ്പഴിക്കുട്ടി കൃഷ്ണന്‍ നായര്‍, തിരുത്തിയില്‍ നടുവഞ്ചേരി നാരായണന്‍ മൂസ്സത്. പുതുക്കോട്ട് ചാത്തുണ്ണി നായര്‍, തേലപ്പുറത്ത് രാമക്കുറുപ്പ്, കെ. ഗോവിന്ദന്‍ നായര്‍, ശങ്കുണ്ണി നായര്‍, മഠത്തില്‍ വിഷ്ണുനമ്പൂതിരി, രാമുണ്ണിനായര്‍, മംഗലശ്ശേരി വിഷ്ണു നമ്പൂതിരി, വിളയില്‍ ചന്താമര പിഷാരടി, ഗോപാലന്‍ എന്ന പാറക്കാട്ടില്‍ മൂപ്പില്‍ നായര്‍ എന്നിവരുടെ മൊഴികളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കലാപാനന്തരം അഭയാര്‍ഥിക്യാമ്പില്‍ വെച്ച് രേഖപ്പെടുത്തിയതാണിവ. ഇവരെല്ലാം സവര്‍ണ്ണ ഭൂവുടമകളായിരുന്നുവെന്ന് അവരുടെ പേരില്‍ നിന്നും മൊഴികളില്‍ നിന്നും വ്യക്തമാണ്. വെള്ളക്കിരി കുറ്റിപ്പുറത്ത് ഗോപാലന്‍ നായരുടെ മൊഴി ഇപ്രകാരമാണ്. 'കന്നിമാസം 14-ാം തീയ്യതി (Setp - 24-1921) വൈകുന്നേരം ഏതാണ്ട് എട്ട്മണിയോടെ മുന്നൂറോളം മാപ്പിളമാര്‍ ബലം പ്രയോഗിച്ച് വീട്ടിനുള്ളില്‍ പ്രവേശിച്ചു. ആ സമയം കരുണാകരന്‍ നായര്‍ ഒരു വലിയ വെട്ടുകത്തിയും വടിവാളുമായി പുറത്തുവന്ന് മാപ്പിളമാരെ എതിരിടുകയും അവരില്‍ നാലുപേരെ കൊല്ലുകയും ചിലരെ വെട്ടിപരിക്കേല്‍പിക്കുകയും ചെയ്തു. അതിന്‌ശേഷം അയാള്‍ ഗേറ്റിലേക്കോടി. അപ്പോള്‍ ഒരു മാപ്പിള അയാള്‍ക്ക് നേരെ കുന്തമെറിഞ്ഞു. അത് അയാളുടെ ശിരസ്സു ഭേദിക്കുകയും അപ്പോള്‍ തന്നെ മരിച്ചു വീഴുകയും ചെയ്തു. എല്ലാ സ്വത്തും മാപ്പിളമാര്‍ കൊള്ളചെയ്തു.


തേലപ്പുറത്ത് രാമക്കുറുപ്പിന്റെ മൊഴി ഇപ്രകാരമാണ്; 'ചിങ്ങമാസം എട്ടാം തിയ്യതി (28 Sept ) മാപ്പിളമാര്‍ ഞങ്ങളുടെ വീട്ടില്‍ പ്രവേശിച്ചു. അവരാകെ 60-70 പേരുണ്ടായിരുന്നു. മിക്കവാറും എല്ലാവരും ആ നാട്ടുകാരും കുടിയാന്മാരുമായിരുന്നു. ഉച്ചക്ക് ഏതാണ്ട് 12 മണിയോടെയായിരുന്നുവത്. അവരെന്നെ പിടിച്ച് പിറകോട്ട് വളച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ശരീരത്തിന്റെ പല ഭാഗങ്ങളിലും വാളുകൊണ്ട് സ്പര്‍ശിക്കുകയും ചെയ്തു. അപ്പോള്‍ ഞാന്‍ മമ്പുറത്തെ തങ്ങളെയെന്ന് പല പ്രാവശ്യം വിളിച്ചുകരഞ്ഞു. അത് കേട്ട് കൂട്ടത്തിലുണ്ടായിരുന്ന വൃദ്ധനായ ഒരു മാപ്പിള എന്നെ വെറുതെ വിടാന്‍ പറഞ്ഞു. എന്റെ പക്കല്‍ നിന്ന് എടുക്കാവുന്നതെല്ലാം അവര്‍ കൊള്ള ചെയ്തു. എനിക്ക് പതിനൊന്നായിരം രൂപയുടെ അടുത്ത് നഷ്ടമുണ്ടായി. എന്റെ വക ക്ഷേത്രങ്ങളിലൊന്ന് നശിപ്പിക്കപ്പെട്ടു. എന്റെ അംശത്തില്‍പ്പെട്ട അഞ്ചു ക്ഷേത്രങ്ങള്‍ നശിപ്പിക്കപ്പെട്ടു. 40 കുറയാത്ത ഹിന്ദുക്കളെ മതപരിവര്‍ത്തനം ചെയ്തു.98

ഈ മൊഴികളില്‍ നിന്നെല്ലാം സവര്‍ണ്ണ ഭൂപ്രഭുക്കള്‍ ചിലയിടങ്ങളില്‍ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും അവരുടെ 'ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങള്‍' നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും മനസ്സിലാക്കാവുന്നതാണ്.

ഏതാനും ചില സവര്‍ണ്ണ ജന്മിമാര്‍ ആക്രമിക്കപ്പെടുകയും അവരുടെ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങള്‍ നശിപ്പിക്കപ്പെടുകയും ചെയ്തുവെന്നത്, 1921 ലെ മലബാര്‍ കലാപം ഹിന്ദുക്കള്‍ക്കെതിരായിരുന്നുവെന്ന് സ്ഥാപിക്കപ്പെടാനുള്ള ശക്തമായ ഒരു തെളിവായി, പരിഗണിക്കാന്‍ യോഗ്യമല്ല തന്നെ. കാരണം, 1921 ല്‍ ഏറനാട്, വള്ളുവനാട്, പൊന്നാനി താലൂക്കുകളില്‍ ജീവിച്ചിരുന്ന ഭൂപ്രഭുക്കളും അല്ലാത്തവരുമായ പരശ്ശതം സവര്‍ണ്ണ ഹിന്ദുക്കളില്‍ നിന്നും ചുരുക്കം ചിലര്‍ക്ക് മാത്രമാണ് ഇത്തരം അനുഭവങ്ങളുണ്ടായത്. ലോഗന്‍ സൂചിപ്പിക്കുന്ന തരത്തിലുള്ള 'ഭൂമി വിഴുങ്ങികള്‍ക്കും' വെറും പാട്ടക്കാരെയും കുടിയാന്മാരെയും പലതരത്തില്‍ ഉപദ്രവിക്കുകയും ചെയ്തിട്ടുള്ളവര്‍ക്കു നേരെ ഗ്രാമീണ തൊഴിലാളി വര്‍ഗത്തിന്റെ വര്‍ഗ വൈരം അതിന്റെ ഏറ്റവും തീക്ഷണമായ രൂപങ്ങളില്‍ പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ടാവാം. കലാപകാരികള്‍ ക്ഷേത്രങ്ങള്‍ തകര്‍ത്തത് മതവൈരത്തിന്റെ പ്രത്യക്ഷലക്ഷണമായി വ്യാഖ്യാനിക്കുന്നതും ശരിയല്ല. 'കേരളത്തിലെ ക്ഷേത്രങ്ങള്‍ ആരാധന സ്ഥലങ്ങള്‍ മാത്രമായിരുന്നില്ല. അധികാരസ്ഥാനങ്ങള്‍ കൂടിയായിരുന്നു'.൯൯

ലഹളക്കാര്‍ നമ്പൂതിരി ഇല്ലങ്ങളില്‍ കണ്ണുവച്ചത് ആഭ്യന്തര യുദ്ധഫണ്ടുപിരിവിനും ആയുധശേഖരണത്തിനുമാണ്. തോക്കും പണവുമാണവര്‍ ആവശ്യപ്പെട്ടത്. പിന്നീട് വന്ന വഴിതിരിവോടെയാണ് അവര്‍ തുവ്വൂരംശത്തില്‍ കൂട്ടക്കൊല നടത്തിയത്. ശത്രുപക്ഷത്തിലാണെന്ന സംശയമാണ് അതിനവരെ പ്രേരിപ്പിച്ചത്.

ക്ഷേത്രങ്ങള്‍ അധികാരസ്ഥാനങ്ങളായി പരിണമിച്ചതിന്റെ ചരിത്രം ഇ.എം.എസ് വിശദീകരിക്കുന്നു. 'ഓരോ ജാതികൂട്ടായ്മകള്‍ക്കും അവരുടെ സ്വന്തം വക ക്ഷേത്രങ്ങളുണ്ടായിരുന്നു. അവിടത്തെ പ്രതിഷ്ഠ മുഴുവന്‍ ജാതികൂട്ടായ്മയെയും പ്രതിനിധാനം ചെയ്തിരുന്നു. തലമുറകളിലൂടെ സമാഹരിക്കപ്പെട്ട സമ്പത്ത് കൂട്ടിവെച്ചിരുന്നത് ഈ ക്ഷേത്രങ്ങളുടെയും പ്രതിഷ്ഠകളുടെയും പേരിലായിരുന്നു. എന്നാല്‍, കാലക്രമേണ ഈ ക്ഷേത്രങ്ങളുടെയും അതിന്റെ സ്വത്തുക്കളുടെയും നിയന്ത്രണം ആദ്യം മുഴുവന്‍ ജാതിക്കൂട്ടായ്മകളില്‍ നിന്നും കുടുംബങ്ങളുടെ കൂട്ടുത്തരവാദത്തത്തിലുള്ള ഒരു സംയുക്ത സംഘത്തിലേക്കും പിന്നീട് ഒരു കുടുംബത്തിന്റെ തലവനിലേക്കും ചുരുങ്ങി'. ഈ ഘട്ടത്തിലെത്തിയതോടെ ക്ഷേത്രത്തിന്റെ ട്രസ്റ്റിയെന്ന നിലയില്‍ നിന്നും കുടുംബത്തലവന്‍ മുഴുവന്‍ ജാതിയുടെയും ഉടമയായി മാറുന്ന പ്രക്രിയയെക്കുറിച്ചാണ് ഇ.എം.എസ് വിശദീകരിക്കുന്നത്. *100 ഇപ്രകാരം സാമൂഹ്യാധികാരത്തെ പവിത്രവല്‍ക്കരിക്കാനും അടിച്ചേല്‍പ്പിക്കാനുമുള്ള ഉപാധികളിലൊന്നായിരുന്നു ക്ഷേത്രങ്ങള്‍ എന്നു കൂടി കാണേണ്ടതുണ്ട്. സാമൂഹ്യവൈരുധ്യങ്ങള്‍ മൂര്‍ച്ഛാവസ്ഥയിലെത്തുന്ന ഘട്ടങ്ങളില്‍, പ്രത്യേകിച്ചും, കുടിയാന്മാര്‍ക്കെതിരെ സവര്‍ണ്ണഭൂപ്രഭുക്കള്‍ നടത്തിയ അടിച്ചമര്‍ത്തലുകളുടെ സാംസ്‌കാരിക ഉപാധികളായി അവ പരിണമിച്ച ചരിത്രസാഹചര്യങ്ങളില്‍, ജന്മിമാര്‍ക്കെതിരായ രോഷം അവരുടെ സര്‍വവിധത്തിലുള്ള മര്‍ദനോപകരണങ്ങളുടെ നേര്‍ക്കും തിരിഞ്ഞു.

ബ്രഹ്മദത്തന്‍ നമ്പൂതിരിയുടെ 'ഖിലാഫത്ത് സ്മരണകളില്‍' പിന്‍കുറിപ്പായി ചേര്‍ത്തിട്ടുള്ള ചില വിവരണങ്ങള്‍ (തൃശ്ശിവപേരൂരില്‍ നിന്നും ബ്രാഹ്മണരുടെ പ്രസിദ്ധീകരണമായിരുന്ന 'യോഗക്ഷേമ'ത്തില്‍ നിന്നുദ്ധരിച്ചത്) ഒരു നമ്പൂതിരി ജന്മി കലാപകാലത്തെ തന്റെ അനുഭവങ്ങള്‍ പറയുന്നത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലഹളക്കാര്‍ നമ്പൂതിരി ഇല്ലങ്ങളില്‍ കണ്ണുവച്ചത് ആഭ്യന്തര യുദ്ധഫണ്ടുപിരിവിനും ആയുധശേഖരണത്തിനുമാണ്. തോക്കും പണവുമാണവര്‍ ആവശ്യപ്പെട്ടത്. പിന്നീട് വന്ന വഴിതിരിവോടെയാണ് അവര്‍ തുവ്വൂരംശത്തില്‍ കൂട്ടക്കൊല നടത്തിയത്. ശത്രുപക്ഷത്തിലാണെന്ന സംശയമാണ് അതിനവരെ പ്രേരിപ്പിച്ചത്. സവര്‍ണ്ണ ഹിന്ദുക്കള്‍ നാടുവിട്ടു തുടങ്ങി. അതോടെ ലഹളക്കാരുടെ ശ്രദ്ധ അവര്‍ണ്ണ ഹിന്ദുക്കളില്‍ പതിച്ചു എന്ന നിഗമനത്തിലാണ് ബ്രഹ്മദത്തന്‍ നമ്പൂതിരി ചെന്നെത്തുന്നത്.


1921 സെപ്തംബര്‍ 25ന് തൂവ്വൂരില്‍ നടന്ന സംഭവം നാട്ടിലുടനീളം നടുക്കമുണ്ടാക്കി. ഇത് കലാപകാരികളുടെ നികൃഷ്ടതക്കും ക്രൂരതക്കും മതഭ്രാന്തിനും മികച്ച ഉദാഹരണമായി ഉയര്‍ത്തികാട്ടപ്പെട്ടു. ഖാന്‍ ബഹദൂര്‍ ചേക്കുട്ടിയുടെ കൊലപാതകം പോലെ ഇതും ഒരു പ്രതികാര നടപടിയായിരുന്നു. ഹിന്ദുക്കളും മാപ്പിളമാരും ഉള്‍പ്പെടെയുള്ള തുവ്വൂര്‍ ഗ്രാമക്കാര്‍ പട്ടാളത്തിന് വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തതാണ് കലാപകാരികളുടെ കോപം ക്ഷണിച്ചു വരുത്താന്‍ കാരണം. പട്ടാളം നീങ്ങിയ ഉടന്‍ തന്നെ കലാപകാരികള്‍ തുവ്വൂരിലെത്തി. 34 ഹിന്ദുക്കളെയും രണ്ട് മാപ്പിളമാരെയും നിരത്തി നിര്‍ത്തി കൊല ചെയ്തശേഷം ശരീരങ്ങള്‍ കിണറ്റിലെറിഞ്ഞു.102 'നായിന്റെ മക്കളെ, നിങ്ങള്‍ പട്ടാളത്തെ സഹായിച്ചില്ലേ എന്നു മാപ്പിളമാര്‍ ആര്‍ത്തുവിളിക്കുന്നുണ്ടായിരുന്നു.'

താനൂരിന് സമീപം നെയ്ത്തുകാരായ ചാലിയര്‍ക്കെതിരെയും കൊടക്കല്‍ പ്രദേശത്ത് ക്രിസ്ത്യാനികള്‍ക്കെതിരെയും കൈക്കൊണ്ട നടപടികള്‍ക്ക് ഇതേ ഉദ്ദേശലക്ഷ്യങ്ങളാണുണ്ടായിരുന്നത്. മാപ്പിള വീടുകള്‍ പൊലീസ് പരിശോധനക്ക് വിധേയമായിക്കൊണ്ടിരുന്നപ്പോള്‍ കുറെ ചാലിയന്മാര്‍ അവരെ അനുഗമിച്ചു. വഴികാട്ടികളായിട്ടാവാം, അഥവാ കൊള്ളയിലുള്ള താല്‍പര്യം കൊണ്ടുമാവാം. മുമ്പൊരിക്കലും തങ്ങള്‍ ചാലിയന്മാരെ ദ്രോഹിച്ചിട്ടില്ല എന്നത് മാപ്പിളമാരെ പ്രകോപിപ്പിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ചാലിയര്‍ പാര്‍ക്കുന്ന പ്രദേശം ആക്രമിച്ച കലാപകാരികള്‍ ഇവരുടെ വീടുകള്‍ ചുട്ടെരിച്ചു. ഒപ്പം ഒമ്പതു പേരെ കൊല്ലുകയും ചെയ്തു. പോലിസിനെ സഹായിച്ച കൊടക്കല്‍ പ്രദേശത്തെ ക്രിസ്ത്യാനികള്‍ക്കും ഇതേപോലെയുള്ള ഭവിഷ്യത്താണ് കലാപകാരികളുടെ കൈയില്‍ നിന്നും നേരിടേണ്ടിവന്നത്.103

ഇത്തരം സംഭവങ്ങളെയെല്ലാം ഒരേ ചരടില്‍ കോര്‍ത്ത്, 1921 ല്‍ മലബാറിലെ മാപ്പിളമാരുടെ നേതൃത്വത്തില്‍ നടന്ന ഐതിഹാസികമായ സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തെ ഹിന്ദുക്കള്‍ക്കെതിരായ ലഹളയായി ചിത്രീകരിക്കുന്ന 'ചരിത്രനിര്‍മിതിക്ക്' ചുക്കാന്‍ പിടിച്ചത് സാമ്രാജ്യത്വ ഭരണകൂടം തന്നെയായിരുന്നു. 'കര്‍ഷകലഹളക്കാരായ മാപ്പിളമാരെ എതിര്‍ക്കുവാന്‍ പൊലീസ് ബന്ധുക്കളായ മറ്റൊരു മാപ്പിളസംഘത്തെ ഇറക്കിവിട്ടത്' ഹിച്ച്‌കോക്കിന്റെയും കലക്ടര്‍ തോമസിന്റെയും തന്ത്രങ്ങളിലൊന്നായിരുന്നുവെന്നാണ് മൊയാരത്ത് ശങ്കരന്‍ തെളിവ് സഹിതം സാക്ഷ്യപ്പെടുത്തുന്നത്. ആ സംഘക്കാര്‍ പൊലീസിന്റെ ഒറ്റുകാരായി പ്രവര്‍ത്തിച്ചു. അവര്‍ ഹിന്ദുക്കളെ മതം മാറ്റം ചെയ്തു. അതിന് കൂട്ടാക്കാത്തവരുടെ തല കൊയ്തു. അതെല്ലാം പ്രവര്‍ത്തിക്കുന്നത് പുതിയ ഖിലാഫത്ത് ഭരണത്തിന്റെ വരുതിയിലണെന്ന് വരുത്തിക്കൂട്ടി. 'ഖിലാഫത്തക്രമങ്ങള്‍' എന്ന് ശത്രുക്കള്‍ കള്ളവൃത്താന്തങ്ങള്‍ വെളിയില്‍ കൊട്ടിഘോഷിച്ചു. പത്രങ്ങളിലേക്കയച്ചു.104

അതേസമയം, ലഹളബാധിച്ച 220 അംശങ്ങളിലും പട്ടാളക്കാരും പൊലീസും അഴിഞ്ഞാട്ടം നടത്തി. 'സ്ത്രീപുരുഷ ഭേദമന്യേ ആബാലവൃദ്ധം ജനങ്ങളുടെ നേരെ പല അക്രമങ്ങളും പട്ടാളം പ്രവര്‍ത്തിച്ചു. പട്ടാളം വരുന്നുണ്ടെന്ന് കേട്ട് പ്രാണരക്ഷാര്‍ഥം മലകളിലേക്കും കാടുകളിലേക്കും ജനങ്ങള്‍ ഒഴിഞ്ഞുമാറി. അവരെ വെടിവെച്ചുകൊല്ലുന്നത് ഒരു വിനോദമെന്ന നിലയിലാണ് പട്ടാളം കരുതിയത് എന്ന് പറഞ്ഞാല്‍ അതിലൊട്ടും അതിശയോക്തിയില്ല. കൊള്ളയടിച്ചതിന് ശേഷമായിരുന്നു വീടുകള്‍ക്ക് പട്ടാളം തീകൊളുത്തിയിരുന്നത്.105

ഹിന്ദുക്കള്‍ക്ക് ഖിലാഫത്ത്കാരെപ്പറ്റി വമ്പിച്ച തെറ്റിദ്ധാരണയുണ്ടായി. അവര്‍ പേടിച്ച് അവശരായി നാടൊഴിച്ച് സംഘം സംഘമായി നീങ്ങിത്തുടങ്ങി. ലഹളക്കാരായ ഖിലാഫത്ത്കാര്‍ 'ഇതാ എത്തിപ്പോയി, എത്തിയാല്‍ തലപോകും, മതം പോകും, മാനം പോകും, എന്ന് ഭയന്ന് രാവെങ്കില്‍ രാവ്, പകലെങ്കില്‍ പകല്‍, കേട്ടമാത്രയില്‍ ആണും പെണ്ണും ഉടുതുണിക്ക് മറുതുണിയില്ലാതെ പണവും പെട്ടിയും വീടും വീട്ടുസാമാനവും സകലതുമുപേക്ഷിച്ച്, പുരുഷനേത്, സ്ത്രീയേത് എന്ന് നോക്കാതെ സര്‍വ്വരും ഒരുമിച്ച് സര്‍വ്വസാഹോദര്യം കൈക്കൊണ്ട് കോഴിക്കോട്ടേക്ക് പ്രവഹിക്കുകയുണ്ടായി. ഖിലാഫത്ത് വിരോധികളായ മുസ്‌ലിംകളും കോഴിക്കോട്ടേക്ക് ഓടിപ്പോയി അവിടെ താമസമാക്കി.൧൦൭

അക്രമരാഹിത്യത്തിലധിഷ്ഠിതമായ ഗാന്ധിയന്‍ രാഷ്ട്രീയപ്രക്ഷോഭമാര്‍ഗ്ഗം ഇന്ത്യയിലെ സവര്‍ണ്ണ ഭൂപ്രഭുത്വ-ബൂര്‍ഷ്വാകൂട്ടുകെട്ടിന് സ്വീകാര്യമായത്, അവരുടെ ലക്ഷ്യങ്ങള്‍ നേടാനുള്ള രാഷ്ട്രീയോപാധിയെന്നതോടൊപ്പം തന്നെ, നിര്‍ധനരായ കര്‍ഷകരും തൊഴിലാളികളുമടങ്ങുന്ന ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ മേല്‍ പരമ്പരാഗതമായി അവര്‍ക്കുണ്ടായിരുന്ന സാമൂഹ്യ-സാംസ്‌കാരിക മേധാവിത്തത്തിന് അത് പരിപൂര്‍ണ്ണ സംരക്ഷണം ഉറപ്പാക്കുന്നുവെന്നത് കൊണ്ടുകൂടിയാണ്.

ഒരു യുദ്ധത്തില്‍ സംഭവിക്കാവുന്നതെല്ലാം മലബാറിലും സംഭവിച്ചു. ദേശീയ വിമോചനസമരത്തെ വര്‍ഗ്ഗീയലഹളയാക്കി ചിത്രീകരിക്കുന്ന സാംസ്‌കാരിക യുദ്ധത്തിനും മലബാര്‍ വേദിയായി. അതേ സമയം, ഖിലാഫത്ത്-നിസ്സഹകരണപ്രസ്ഥാനം നല്‍കിയ രാഷ്ട്രീയപ്രചോദനത്താല്‍ ബ്രിട്ടീഷ് ഭരണത്തിനെതിരെ യുദ്ധത്തിനിറങ്ങിയ മലബാറിലെ കര്‍ഷക തൊഴിലാളികളോടും കുടിയാന്മാരോടും വെറും പാട്ടക്കാരോടും ദേശീയ പ്രസ്ഥാനം സ്വീകരിച്ച സമീപനം അതിനേക്കാള്‍ നിന്ദ്യവും ക്രൂരവുമായിരുന്നു.

കണ്ണില്‍ കണ്ടവരെയെല്ലാം വെടിവെക്കുകയും സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും ചെയ്തുകൊണ്ട് ഏറനാട്ടിലും വള്ളുവനാട്ടിലും കോഴിക്കോട്, പൊന്നാനി താലൂക്കുകളിലെ ചില പ്രദേശങ്ങളിലും ബ്രിട്ടീഷ് പട്ടാളം ജൈത്രയാത്ര നടത്തിക്കൊണ്ടിരുന്നപ്പോഴും ദേശീയ പ്രസ്ഥാനവും ഗാന്ധിയും ബ്രിട്ടീഷ് അതിക്രമങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ട് അതിനെതിരെ എന്തെങ്കിലും ക്രിയാത്മക പ്രതികരണത്തിന് മുതിര്‍ന്നില്ലെന്ന് മാത്രമല്ല, മലബാറില്‍ മാപ്പിളമാര്‍ ഹിന്ദുക്കളെ കൊന്നൊടുക്കുന്നുവെന്ന ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രചാരണത്തിനൊപ്പം നില്‍ക്കുകയും ചെയ്തു. 'മാപ്പിളസമരം ഭയങ്കര വിപത്താകുമെന്ന്' മദിരാശിയിലെ പ്രധാന കോണ്‍ഗ്രസ് നേതാവായിരുന്ന സി. രാജാഗോപാലാചാരി പ്രസ്താവിച്ചു. അവരെ അമര്‍ച്ച ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഗാന്ധിജി മാപ്പിളമാരെ പഴിക്കുകയും കലാപത്തെ108 മാപ്പിളഭ്രാന്ത് എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. മാപ്പിളകലാപത്തെപ്പറ്റി വേണ്ടത്ര ചിന്തിക്കുന്നില്ല എന്ന ഒരു സ്‌കോട്ട്‌ലാന്റ്കാരനായ പത്രപ്രവര്‍ത്തകന്റെ ആക്ഷേപത്തെപ്പറ്റി ഗാന്ധി 'യംഗ് ഇന്ത്യ'യില്‍ ഇപ്രകാരമെഴുതി. 'ഈ വിമര്‍ശനം ഞാന്‍ അര്‍ഹിക്കുന്നതാണ്. മാപ്പിളലഹള ഹിന്ദുക്കള്‍ക്കും മുസല്‍മാന്‍മാര്‍ക്കും ഒരു പരീക്ഷണഘട്ടമാണ്. മുസല്‍മാന്‍മാര്‍ ചെയ്യുന്ന ക്രൂരത ഹിന്ദുക്കള്‍ക്ക് പൊറുക്കാനാവുമോ? മാപ്പിളമാരുടെ പ്രവര്‍ത്തിയെ ഇന്ത്യയിലെ മുസല്‍മാന്‍മാര്‍ ഒന്നടങ്കം പഴിക്കുമോ? ഇത്തരം മതഭ്രാന്തന്മാര്‍ക്കെതിരായി തങ്ങളുടെ മതത്തെ രക്ഷിക്കാന്‍ ഹിന്ദുക്കള്‍ക്ക് കഴിവുണ്ടാകണം. പ്രവാചകന്റെ പൊരുളുകള്‍ക്കെതിരായി നടക്കുന്ന മാപ്പിളമാരെ പറ്റി യഥാര്‍ഥ മുസല്‍മാന്‍മാര്‍ ഖേദിക്കുന്നുണ്ട് എന്നാണെന്റെ വിശ്വാസം.

മാപ്പിളലഹള മറ്റൊരു പാഠംകൂടി നമ്മെ പഠിപ്പിക്കുന്നുണ്ട്. സ്വയരക്ഷക്കുള്ള ശിക്ഷണം ഓരോ വ്യക്തിയും നേടിയിരിക്കണം. മാപ്പിളമാരുടെ മതഭ്രാന്തോ അതോ ഹിന്ദുക്കളുടെ ഭീരുത്വമോ കൂടുതല്‍ വെറുപ്പുളവാക്കുന്നത്? ആപത്ത് ഭയന്ന് ഒളിച്ചോടുന്നതിനേക്കാള്‍ ഹിന്ദുക്കള്‍ക്ക് നല്ലത് കൊല്ലാനും കൊല്ലപ്പെടാനുമുള്ള ശിക്ഷണവും മനഃശക്തിയും നേടുകയെന്നതാണ്. കൊല ചെയ്യാനുള്ള മനക്കരുത്തവര്‍ നേടണം എന്നാണെന്റെ അഭിപ്രായം.109

അക്രമരാഹിത്യത്തിന്റെ അഹിംസയുടെ 'അവധൂതനായി' അറിയപ്പെടുന്ന ഗാന്ധി, അക്രമണത്തെ പ്രത്യാക്രമണംകൊണ്ട് നേരിടുന്നതിനെക്കുറിച്ച് ഇപ്രകാരം ചിന്തിച്ചിരുന്നുവെന്നത് വാസ്തവത്തില്‍, ഗാന്ധിയെക്കുറിച്ച് കെട്ടിപ്പൊക്കിയിട്ടുള്ള സങ്കല്‍പ്പങ്ങളില്‍ അഭിരമിക്കുന്നവരെ സംബന്ധിച്ചിടത്തോളം തികച്ചും അചിന്ത്യമായ കാര്യമാണ്. ഗാന്ധിയന്‍ അഹിംസാസിദ്ധാന്തം, ഉള്ളടക്കത്തില്‍ സവര്‍ണ്ണജന്മി-ബൂര്‍ഷ്വാ സഖ്യത്തിന്റെ സാമൂഹ്യമേധാവിത്തവും രാഷ്ട്രീയ മേധാവിത്തവും ഒരേ സമയം ഊട്ടിയുറപ്പിക്കാനുള്ള സാംസ്‌കാരിക ആയുധമായിരുന്നുവെന്നതിന്റെ മികച്ച ദൃഷ്ടാന്തമാണ് പ്രസ്താവനയില്‍ നിറഞ്ഞുനില്‍ക്കുന്നത്.


അക്രമരാഹിത്യത്തിലധിഷ്ഠിതമായ ഗാന്ധിയന്‍ രാഷ്ട്രീയപ്രക്ഷോഭമാര്‍ഗ്ഗം ഇന്ത്യയിലെ സവര്‍ണ്ണ ഭൂപ്രഭുത്വ-ബൂര്‍ഷ്വാകൂട്ടുകെട്ടിന് സ്വീകാര്യമായത്, അവരുടെ ലക്ഷ്യങ്ങള്‍ നേടാനുള്ള രാഷ്ട്രീയോപാധിയെന്നതോടൊപ്പം തന്നെ, നിര്‍ധനരായ കര്‍ഷകരും തൊഴിലാളികളുമടങ്ങുന്ന ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ മേല്‍ പരമ്പരാഗതമായി അവര്‍ക്കുണ്ടായിരുന്ന സാമൂഹ്യ-സാംസ്‌കാരിക മേധാവിത്തത്തിന് അത് പരിപൂര്‍ണ്ണ സംരക്ഷണം ഉറപ്പാക്കുന്നുവെന്നത് കൊണ്ടുകൂടിയാണ്. ഗാന്ധി 'ഹിന്ദു' 'മുസ്‌ലിം' എന്ന് വിളിക്കുന്നവര്‍ ഈ സാമൂഹ്യ-സാംസ്‌കാരിക മേല്‍തട്ടില്‍ ഉള്‍പ്പെടുന്ന ഹിന്ദു-മുസ്‌ലിം മതസ്ഥരാണ്. അതിന് പുറത്തുള്ള കര്‍ഷക ജനസാമാന്യത്തെ 'തെമ്മാടികളായ ഇന്ത്യക്കാരായി'ട്ടാണ് ഗാന്ധി അഭിസംബോധന ചെയ്യുന്നത്. ഈ 'തെമ്മാടിക്കൂട്ടങ്ങള്‍' ബ്രിട്ടീഷ് ഭരണത്തിനും ജന്മിമാര്‍ക്കുമെതിരെ ഉയിര്‍ത്തെഴുന്നേറ്റപ്പോഴെല്ലാം അവരെ അടിച്ചമര്‍ത്താനുള്ള കൊളോണിയല്‍ ഭരണകൂടത്തിന്റെ അവകാശത്തെ ഗാന്ധി തത്വത്തിലംഗീകരിച്ചു. അവരുടെ സ്വാതന്ത്ര്യവാഞ്ചയെയും വിമോചന സ്വപ്‌നങ്ങളെയും മതധര്‍മ്മാദര്‍ശങ്ങളുടെ അധികാര ദണ്ഡുകൊണ്ട് വരുതിയില്‍ നിര്‍ത്താനുള്ള സവര്‍ണ്ണ മേധാവിത്തത്തിന്റെ അവകാശത്തെയും ഗാന്ധിയന്‍ അഹിംസാസിദ്ധാന്തം വകവെച്ചുകൊടുത്തു. ഗാന്ധിയന്‍ ലിബറലിസത്തെ ഈയര്‍ഥത്തില്‍ കൊളോണിയല്‍ ലിബറലിസത്തിന്റെ 'സവര്‍ണ്ണ മാതൃക' യെന്ന് വിശേഷിപ്പിക്കാവുന്നതാണ്. ഈ മാതൃകക്കുള്ളില്‍ നിന്നുയര്‍ന്നുവന്ന ഗാന്ധിയെയും അദ്ദേഹത്തിന്റെ സമരമാര്‍ഗ്ഗത്തെയും സവര്‍ണ്ണ മധ്യവര്‍ഗ്ഗം അവരുടെ വര്‍ഗ്ഗതാല്‍പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ ഉതകുന്ന ഏറ്റവും മികച്ച രാഷ്ട്രീയ ആയുധമാക്കിമാറ്റി. 'ഇന്ത്യയിലെ മറ്റിടങ്ങളിലെ സമ്പന്നരായ കര്‍ഷക വിഭാഗങ്ങളെപ്പോലെ (ഗുജറാത്തിലെ പാട്ടിദാര്‍മാര്‍ ഉദാഹരണം) മലബാറിലെ സമ്പന്ന കാണകുടിയാന്‍മാരും ഗാന്ധിയുടെ അക്രമരഹിത സമരമാര്‍ഗ്ഗത്തില്‍ ആകൃഷ്ടരായി. പാവപ്പെട്ട കര്‍ഷക ജനതക്ക് മേലുള്ള അവരുടെ സാമ്പത്തികവും സാമൂഹ്യവുമായ മേധാവിത്തത്തിന്ന് കോട്ടമൊന്നും വരുത്താതെ തന്നെ അവരുടെ ഉദ്ദേശങ്ങള്‍ (കുടിയായ്മയുടെ സംരക്ഷയുള്‍പ്പെടെ)നേടിയെടുക്കാനുള്ള ഒരു ഉപാധിയായിട്ടാണവര്‍ അതിനെ കണ്ടത്. എന്നാല്‍, 1921 ലെ മാപ്പിളമാരുടെ അക്രമപ്രവര്‍ത്തനങ്ങളുടെ ഫലമായി കോണ്‍ഗ്രസ്-ഖിലാഫത്ത് സഖ്യം തകരാന്‍ തുടങ്ങിയതോടെ അവര്‍ പ്രസ്ഥാനത്തില്‍ നിന്ന് പിന്‍വലിയുകയും കൂടുതല്‍ സുരക്ഷിതമായ ഇടങ്ങള്‍ തേടുകയും ചെയ്തു.110

1921 ആഗസ്റ്റ് 20ന് നടന്ന തിരൂരങ്ങാടി സംഭവങ്ങള്‍ക്ക് ശേഷം, അക്കാലത്ത് കേരളപ്രദേശ് കോണ്‍ഗ്രസ് സെക്രട്ടറിയായിരുന്ന കെ.പി. കേശവമേനോനും111 ആദ്യത്തെ കേരള പ്രദേശ് കോണ്‍ഗ്രസ് സെക്രട്ടറിയായിരുന്ന കെ. മാധവന്‍ നായരും സ്വീകരിച്ച സമീപനങ്ങള്‍ ഇതിനുദാഹരണങ്ങളാണ്. പ്രദേശ് കോണ്‍ഗ്രസ് സെക്രട്ടറിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സഹപ്രവര്‍ത്തകര്‍പോലും തൃപ്തരല്ലായിരുന്നു. കെ. മാധവന്‍ നായര്‍ ജില്ലാ കലക്ടറുമായി കരാറെഴുതി ഒപ്പിട്ടുകൊടുത്തു. 'ജില്ലാ കലക്ടറുടെ ഉത്തരവുകള്‍ മാനിക്കാമെന്നും ഏറനാട്ടില്‍ ആറുമാസക്കാലം ഒരു പ്രവര്‍ത്തനവും നടത്തുന്നതല്ലെന്നും മാപ്പിളമാര്‍ ഹിന്ദുക്കളെ ദ്രോഹിക്കുകയും മതപരിവര്‍ത്തനം നടത്തുകയാണെന്നും പട്ടാളം മാപ്പിളമാരെ അടക്കിനിര്‍ത്തണമെന്നും' കലക്ടറോട് അപേക്ഷിച്ചുകൊണ്ട് സെപ്തംബര്‍ 5-1921 നുണ്ടാക്കിയ ഈ ഉടമ്പടി എം.പി നാരായണമേനോന്റെ വിചാരണ വേളയില്‍ പ്രൊസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കുകയുണ്ടായി.112 മാധവന്‍ നായരെപ്പോലെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍, മാപ്പിളമാരെ ഭയത്തോടും സംശയത്തോടെയുമാണ് വീക്ഷിച്ചിരുന്നത്. കലാപം തുടങ്ങുന്നതിനു മുമ്പ് തന്നെ മഞ്ചേരി ബാര്‍ അസോസിയേഷന്‍ മാപ്പിളമാരുടെ അക്രമം അമര്‍ച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗവണ്‍മെന്റിന് നിവേദനമയച്ച കാര്യം കൊണാര്‍ഡ് വുഡും സൂചിപ്പിക്കുന്നുണ്ട്.113


കോണ്‍ഗ്രസ് നേതാക്കളുടെ ഈ 'മാപ്പിളപേടി' കൃത്രിമവും ജന്മി-ബ്രിട്ടീഷ് വിധേയത്വത്തെ മൂടിവെക്കാനുള്ള സൂത്രവിദ്യയുമായിരുന്നുവെന്ന് ഏറനാട് താലൂക്ക് കോണ്‍ഗ്രസ് സെക്രട്ടറിയായ എം.പി നാരായണമേനോനെ പട്ടാളനിയമമുപയോഗിച്ച് അറസ്റ്റ് ചെയ്തപ്പോള്‍ പകല്‍വെളിച്ചം പോലെ വ്യക്തമായി. 1921 സെപ്തംബര്‍ 20 നാണ് എം.പി നാരായണമേനോന്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്. ഒരൊറ്റ ഹിന്ദു കോണ്‍ഗ്രസ്സുകാരനും എം.പിയുടെ അറസ്റ്റില്‍ പ്രതിഷേധം രേഖപ്പെടുത്തിയില്ല. സമരത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് തെളിയിക്കാനുള്ള വ്യഗ്രതയിലായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍. ഗാന്ധിപോലും ഇതില്‍ നിന്ന് വ്യത്യസ്തനായിരുന്നില്ല114. മദിരാശി കോണ്‍ഗ്രസ് നിയമിച്ച 'പ്രകാശം കമ്മിറ്റി' കോണ്‍ഗ്രസ്സുകാര്‍ക്ക് ലഹളയില്‍ ഒരു പങ്കുമുണ്ടായിരുന്നില്ല എന്ന് വിധിയെഴുതി.115


തികഞ്ഞ അഹിംസാവാദിയും ഉറച്ച കോണ്‍ഗ്രസുകാരനുമായിരുന്നു എം.പി നാരായണമേനോന്‍. 'കൈയും കാലും ചങ്ങലക്കിട്ട് മുപ്പത് നാഴിക നടത്തിയിട്ടാണ് അദ്ദേഹത്തെ കോയമ്പത്തൂര്‍ക്ക് കൊണ്ടുപോയത്.116 ഗാന്ധിയും കോണ്‍ഗ്രസ്സും ഹിന്ദുക്കള്‍ അനുഭവിച്ച കഷ്ടതകളെപ്പറ്റിയാണ് ചിന്തിച്ചത്. മാപ്പിളമാര്‍ക്കുണ്ടായ ആപത്തോ അവരുടെ കഷ്ടതകളോ ഈ നേതാക്കളെ അലട്ടിയില്ല. കോണ്‍ഗ്രസ് നേതാവായ എം.പിയെ ചങ്ങലക്കിട്ടുകൊണ്ടുപോയപ്പോള്‍ പോലും ഈ നേതാക്കള്‍ നിശ്ശബ്ദത പാലിച്ചു.117 പക്ഷെ, മാപ്പിളമാര്‍ പ്രതിഷേധിക്കുക മാത്രമല്ല, എം.പിക്ക് നേരെ നടന്ന അതിക്രമങ്ങളോട് പ്രതികാരം ചെയ്യുമെന്ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്ഹാജി പ്രഖ്യാപിക്കുകയും ബ്രിട്ടീഷ് പട്ടാളത്തോട് ഏറ്റുമുട്ടുകയും ചെയ്തു.


എം.പിയുടെ അറസ്റ്റില്‍ കോണ്‍ഗ്രസും ഗാന്ധിയും നിശ്ശബ്ദത പാലിക്കുകയും മാപ്പിളമാര്‍ പ്രക്ഷുബ്ധരാവുകയും ചെയ്തതെന്തുകൊണ്ട്? മാപ്പിളമാര്‍ക്ക് എംപിയോടുള്ള സ്‌നേഹവും ആദരവുമായിരുന്നു അതിന് കാരണം. ഖിലാഫത്ത്-നിസ്സഹകരണപ്രസ്ഥാനത്തിന്റെ ഭാഗമായി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രാജ്യത്തിന്റെ പലഭാഗങ്ങളിലും നടന്ന കര്‍ഷകസംഘടനാ പ്രവര്‍ത്തനത്തിന്റെ പൊതുരീതികളില്‍ നിന്നും ഉദ്ദേശങ്ങളില്‍ നിന്നും വ്യത്യസ്തമായി മലബാറിലെ കുടിയാന്‍ സംഘങ്ങളെ ഭൂപ്രഭുത്വത്തിന്റെ ഒഴിപ്പിക്കലിനും അതിക്രമങ്ങള്‍ക്കുമെതിരായി കുടിയാന്‍മാരുടെയും വെറുംപാട്ടക്കാരുടെയും കര്‍ഷകതൊഴിലാളികളുടെയും താല്‍പര്യങ്ങളില്‍ ഉറപ്പിച്ചുനിര്‍ത്തിയ കോണ്‍ഗ്രസ്സ് നേതാവായിരുന്നു എം.പി നാരായണമേനോന്‍. ജന്മിമാരുടെ സങ്കടനിവാരണമല്ല, കുടിയാന്മാരുടെ സങ്കടനിവാരണമായിരുന്നു എം.പിയുടെ ഉദ്ദേശം. അദ്ദേഹവും കട്ടിലശ്ശേരി മുഹമ്മദ് മുസി ലിയാരും വള്ളുവനാട്ടില്‍ ഓടിനടന്ന് പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടാണ് കുടിയാന്‍ സംഘങ്ങളെ ഖിലാഫത്ത് കമ്മിറ്റികളായി പരിവര്‍ത്തിപ്പിക്കാനായത്. അതുകൊണ്ട് തന്നെ, 'ഈ അപകടകാരിയായ വ്യക്തിയെ ഒരു കുറ്റവും ചെയ്തിട്ടില്ലെങ്കില്‍പോലും മലബാറില്‍ നിന്ന് എന്നെന്നേക്കുമായി നാടുകടത്തണമെന്ന് മദ്രാസ് ഗവണ്‍മെന്റിനോടഭ്യര്‍ഥിച്ച കലക്ടര്‍ ഇ.എഫ് തോമസിനെപ്പോലെ 'ഭൂമിവിഴുങ്ങികളായ' ജന്മിമാരും ആഗ്രഹിച്ചിരുന്നു. ബ്രിട്ടീഷ് ഭരണകൂടത്തിന്റെയും സവര്‍ണ്ണ ഭൂപ്രഭുത്വത്തിന്റെയും പക്ഷം ചേര്‍ന്ന കോണ്‍ഗ്രസിലെ 'മാപ്പിള പേടി' ക്കാര്‍ എം.പിയുടെ അറസ്റ്റില്‍ പ്രതിഷേധിക്കാന്‍ തയ്യാറാവാതിരുന്നതിന് മറ്റെന്തെല്ലാം കാരണങ്ങള്‍ കണ്ടെത്തിയാല്‍പോലും അവരുടെ സര്‍ക്കാര്‍ വിധേയത്വവും ജന്മിപക്ഷപാതിത്വവും മായ്ച്ചുകളയാനാവില്ല.

കുറിപ്പുകള്‍:

98. C. Gopalan nair ; The Moplah Rebellion. 1921 voice india. 2020 PP 176 P-179

99. മൊഴികുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട്: ഖിലാഫത്ത് സ്മരണകള്‍.(മാതൃഭൂമി ബുക്‌സ് 2020) P.79

100. EMS Namboothirippad,Once again On caste and class (social scientist,vol 9,no12,Dec 1981,pp12-25)'Each caste assembly had its own temple,the diety of which constituted the reflection and representation of the collective body of the entire caste.And it was in the name of the temple and ,therefore,of its property narrowed down ,first from the entire caste assembly to the collective body and the heads of family and then to the head of one family.When it had reached this stage,it remained only to transform the right of ownership from that of the head of that family as trustee of the temple ,and through it of the entire caste ,to that of the head of that family in its own right.'

101. മൊഴികുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട്. അതേ പുസ്തകം P. 173.

102. Through generations was held, Gradually, hower....the control of the temple and, therefore its property narrowed down, of its from the entire caste assembly to the collective body and the heads of families, and then to the head of one family. When it had reached this stage, it remained only to transform the right of ownership from that of the head of family as trustee of the temple and through it of the entire caste in that of the head of that family in its own ...' ented from his ....'Kerala yesterday, today and Tomorrow 1967. P. 4-7.

102. കെ.എന്‍. പണിക്കര്‍. അതേ പുസ്തകം.

103. കെ.എന്‍. പണിക്കര്‍ p.p 299

കുറിപ്പ് 207. മലയാളമനോരമ ഒക്ടോബര്‍ 6 1921. നസ്രാണി ദീപിക, 7 ഒക്ടോബര്‍ 1921.

104. മൊയാരത്ത് ശങ്കരന്‍-ആത്മകഥ മാതൃഭൂമി ബുക്‌സ് 2020 pp-109-110

(മലബാര്‍ സമരകാലത്ത് സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനും കുറുമ്പ്രനാട് താലൂക്കിന്റെ ഭാരവാഹിയുമായിരുന്ന മൊയാരത്തിനെ 1948 മെയ് 11 ന് കമ്മ്യൂണിസ്റ്റായതിന്റെ പേരില്‍ മര്‍ദ്ദിച്ചവശനാക്കി ജയിലിലടക്കുകയും അതിനെ തുടര്‍ന്ന് അദ്ദേഹം മരണമടയുകയും ചെയ്തു. 'പോലീസിന്റെ ഭാഗം ചേര്‍ന്നു ഖിലാഫത്ത്കാരോട് പൊരുതിയ പ്രമാണികളില്‍ ചിലര്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്. 'ലഹളക്കാരോടെതിര്‍ത്ത് ഞാന്‍ യുദ്ധം ചെയ്തതിന് ഗവണ്‍മെന്റ് എനിക്ക് തന്ന മാനമുദ്രയും സര്‍ട്ടിഫിക്കറ്റും ഞാന്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ട്.' എന്ന കാട്ടിപ്പരുത്തിക്കാരന്‍ മമ്മത് ഗുരുക്കളുടെ പ്രസ്താവം മൊയാരത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. മൊയാരത്ത് പറഞ്ഞ തരത്തിലുള്ള ബ്രിട്ടീഷ് പക്ഷക്കാരായ മാപ്പിളസംഘങ്ങളെകുറിച്ച് ഈ ലേഖകനും കലാപകാലത്ത് ജീവിച്ചിരുന്ന ആളുകളില്‍ നിന്ന് പറഞ്ഞുകേട്ടിട്ടുണ്ട്.

105. കെ. കോയട്ടി മൗലവി-1921 ലെ മലബാര്‍ ലഹള P. 90. IPB Books 2021

106. മൊയാരത്ത് ശങ്കരന്‍- അതേ പുസ്തകം P. 111

107. കെ. കോയട്ടിമൗലവി-അതേ പുസ്തകം. P. 84.

108. പ്രൊഫ. എം.പി.എസ്. മേനോന്‍: എം.പി. നാരായണമേനോനും സഹപ്രവര്‍ത്തകരും. P. 137

109. ,, അതേ പുസ്തകം എം.കെ. ഗാന്ധി. കലക്ടഡ് വര്‍ക്‌സ് വാല്യം XXI പേജ് 320-322 ഉദ്ധരിച്ച് ചേര്‍ത്തത്.

110. Darnold: Islam, the Mappilas and peasant Revolt in Malabar (5 th feb. 2008). The journal of peasant studies 9: 4, 255-265

'Like similer rich peasants....elsewhere in India.

(eg. the Patidars of gujrat:[ See Hardiman, 1977; 58-9]

the kanamdars attracted by gandhi's non-violent teachings of political agitation, which they saw as a means of achieving their objectives (including security of tenure) without feopardi sing their economic and social advantages ...the poor peasantry(Dhangara 1977: 134-5).

111. ഇ. മൊയ്തുമൗലവി: ആത്മകഥ. P 27. 'പൂക്കോട്ടൂരിലേക്ക് പട്ടാളം മാര്‍ച്ച് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നുവെന്ന് വിവരം കിട്ടിയതിന് ശേഷം എന്തു ചെയ്യണമെന്ന് കൂടിയാലോചിക്കാനായി കേശവമേനോനെ കാണാന്‍ ചെന്ന കഥ മൊയ്തു മൗലവി വിവരിക്കുന്നു.'എന്താണ് ചെയ്യേണ്ടത് എന്നന്വേഷിക്കാനായി ഞാനും അബ്ദുറഹ്മാന്‍ സാഹിബും എം.പി മൊയ്തീന്‍ കോയയും കൂടി യു. ഗോപാലമേനോന്റെ വീട്ടില്‍ പോയി. അദ്ദേഹം പൂക്കോട്ടൂരിലേക്ക് ഇപ്പോള്‍ തന്നെ പോകണമെന്നും താനും ഒന്നിച്ചുവരാമെന്ന് ഞ്ങ്ങളോട് പറഞ്ഞു. ഞങ്ങള്‍ കെ.പി. കേശവമേനോനുമായി ആലോചിച്ചശേഷം പോകാമെന്ന് പറഞ്ഞുകൊണ്ട് പിരിഞ്ഞു. കേശവമേനോന്റെ വീട്ടില്‍ ചെന്നപ്പോള്‍ മുന്‍കൂട്ടി വിവരം അറിയുകയാല്‍ കോണ്‍ഗ്രസ് ഓഫീസിന്റെ ബോര്‍ഡ് കൂടി എടുത്തു അകത്തുവെച്ചുകൊണ്ട് അദ്ദേഹം വാതില്‍ അടച്ചുകിടക്കുകയായിരുന്നു.'P. 27.

112. പ്രൊഫസര്‍ എം.പി.എസ് മേനോന്‍. അതേ പുസ്തകത്തില്‍ P. 161 .കുറിപ്പ് 20. എക്‌സിബിറ്റ് 111. No. 128, 1922, എം.പി നാരായണമോന്‍ കേസ്. മദിരാശി ഹൈക്കോടതി റിക്കാര്‍ഡുകള്‍.

113. കോണാര്‍ഡ് വുഡ്. മാപ്പിള റബല്യന്‍ P. 189. എം.പി എസ്. മേനോന്‍ ഉദ്ധരിച്ച് ചേര്‍ത്തത് P. 108

114. മൊഴികുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരി-അതേ പുസ്തകം P. 109

എം.പി.എസ്. മേനോന്‍ ഉദ്ധരിച്ചത് കുറിപ്പ് 149. കുറിപ്പ് 4.

115. കെ.എന്‍. പണിക്കര്‍ എഗന്‍സ്റ്റ് ലോര്‍ഡ് ആന്റ് സ്‌റ്റേറ്റ്. P. 188.

116. പ്രൊഫസര്‍ എം. പി. എസ്. മേനോന്‍. അതേ പുസ്തകം P. 148,

117. ,, P. 138.

(അവസാനിച്ചു)


സി.കെ അബ്ദുല്‍ അസീസ്

TAGS :