Quantcast
MediaOne Logo

വി.കെ ഷാഹിന

Published: 9 Jun 2023 8:27 AM GMT

അരിക്കൊമ്പന്‍: ആശയും ആശങ്കകളും

മലയാളിക്ക് ഏറെ പ്രിയങ്കരമാണ് ആനക്കഥകള്‍. വില്ലനായും രക്ഷകനായും ഒരേസമയം മാധ്യമങ്ങള്‍ കഥകളിലിടം കൊടുത്തത് വഴി കേരളത്തിലെ സാമാന്യജനത ഒന്നടങ്കം അരിക്കൊമ്പന്‍ ഫാന്‍സായി മാറുന്ന അദ്ഭുതകരമായ കാഴ്ചകള്‍ക്കും കഴിഞ്ഞ ദിവസങ്ങള്‍ സാക്ഷ്യം വഹിച്ചു.

അരിക്കൊമ്പന്‍
X

'കാട്ടിലെ മൃഗങ്ങളുടെ സംരക്ഷണം ഏറ്റെടുക്കേണ്ടത് വനം വകുപ്പാണ്. ജനവാസമേഖലയില്‍ കാട്ടുമൃഗങ്ങള്‍ ഇറങ്ങാതെ നോക്കേണ്ടത് അവരാണ്. മൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതു കൊണ്ടാണ് അവ ആളുകളെ ആക്രമിക്കുന്നത്. മൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കാന്‍ നായാട്ട് ഏര്‍പ്പെടുത്തണം, ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പോലും നായാട്ടിനെ അനുകൂലിച്ചിട്ടുണ്ട്.'

ഒരു പ്രമുഖ കര്‍ഷക സംഘടനയുടെ പ്രതിനിധി സമ്മേളനത്തില്‍ ഉയര്‍ന്നുവന്ന അഭിപ്രായങ്ങളാണ് മേല്‍ ചേര്‍ത്തവ. കേരളത്തിലെ കാടുകളുടെ വിസ്തൃതിയും വന്യമൃഗങ്ങളുടെ എണ്ണവും വര്‍ധിച്ചിരിക്കുന്നുവെന്നും മലയോര മേഖലകളിലെ കര്‍ഷകരുടെ ജീവിതം കാട്ടുമൃഗങ്ങള്‍ കാരണം ദുരിതത്തിലായി എന്നുമാണ് ഇവരുടെ വാദം. കര്‍ണാടകത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും പിടികൂടുന്ന ശല്യക്കാരായ ആനകളെ കേരളത്തിലെ വനങ്ങളില്‍ കൊണ്ടുവന്നു തള്ളുന്നുവെന്നും അവയാണ് കേരളത്തിലെ ഹൈറേഞ്ച് മേഖലയില്‍ നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും അവര്‍ വാദിക്കുന്നു. വീരപ്പന്‍ ജീവിച്ചിരുന്നപ്പോള്‍ ആനകളുടെ എണ്ണത്തില്‍ ഒരു നിയന്ത്രണമുണ്ടായിരുന്നെന്നും ഒരാള്‍ വാദിച്ചുവെന്നതാണ് രസകരം.


മലയാളികളെ സമീപകാലത്ത് വികാരം കൊള്ളിച്ച പ്രധാന വിഷയമേതാണ് എന്നു ചോദിച്ചാല്‍ അരിക്കൊമ്പന്‍ എന്ന് ഏക സ്വരത്തില്‍ ആരും മറുപടി പറയും. ഒരു വില്ലനായി ചിത്രീകരിക്കപ്പെടുകയും ഒടുവില്‍ വിമോചന നേതാവായി വാഴ്ത്തപ്പെടുകയും ചെയ്യുന്ന സൂപ്പര്‍ ഹീറോ പരിവേഷത്തിലാണ് അരിക്കൊമ്പന്‍ ഇപ്പോള്‍. കേരളത്തിന്റെ ചരിത്രത്തില്‍ ഇത്രയേറെ താരപരിവേഷം കിട്ടിയ മറ്റൊരു കാട്ടുമൃഗമുണ്ടായിരുന്നോ എന്നു സംശയമാണ്. അരിക്കൊമ്പനു വേണ്ടി വാദിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ വലിയൊരു വാക്‌പോര് തന്നെ സമൂഹ മാധ്യമങ്ങളില്‍ ചൂടാറാതെ നടക്കുന്നു.

301 കോളനി

ചിന്നക്കനാലിലെ 301 കോളനി മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിട്ട് നാളേറെയായി. 2003-ല്‍ എ.കെ ആന്റണി സര്‍ക്കാര്‍ ആദിവാസികള്‍ക്കായി കണ്ടെത്തിയ സ്ഥലം തുടക്കം മുതലേ വിവാദങ്ങളിലായിരുന്നു. അന്നത്തെ ഡി.എഫ്.ഒ പ്രകൃതി ശ്രീവാസ്തവ പരമ്പരാഗത ആനത്താര എന്ന നിലയില്‍ ഈ കുടിയിരുത്തലിന് വിയോജനക്കുറിപ്പെഴുതിയിരുന്നു. ഇപ്പോള്‍ 37 വയസ്സു പ്രായമുള്ള അരിക്കൊമ്പന്‍ ഉള്‍പ്പെടെയുള്ള കാട്ടാനകളുടെ സങ്കേതമായിരുന്നു ഇവിടം. ആദിവാസികള്‍ കൃഷിയിറക്കുകയും വെട്ടിക്കിളച്ച് ഒരു ക്കിയെടുക്കുകയും ചെയ്ത സ്ഥലങ്ങള്‍ പതുക്കെ ടൂറിസം ലോബി കൈയടക്കുന്നതും അനധികൃതമായി റിസോര്‍ട്ടു നിര്‍മാണം പുരോഗമിക്കുന്നതുമാണ് പിന്നീട് കണ്ടത്. ടൂറിസം വളരുകയും സഞ്ചാരികള്‍ ധാരാളം എത്തിച്ചേരുകയും ചെയ്തതോടെ വന്യജീവി ശല്യത്തെക്കുറിച്ചുള്ള പരാതികളും പതിവായി മാറി.


മിഷന്‍ അരിക്കൊമ്പന്‍

ചിന്നക്കനാലിലെ ജനജീവിതത്തിന് ഭീഷണിയായി മാറിയ അരിക്കൊമ്പന്‍ വാസ്തവത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്താ താരമാക്കി ഉയര്‍ത്തിക്കൊണ്ടു വന്ന സെലിബ്രിറ്റിയാണ്. ആനത്താരകളോട് ചേര്‍ന്ന് ജനവാസകേന്ദ്രങ്ങളുണ്ടായാല്‍ സാധാരണ വന്യമൃഗങ്ങളില്‍ നിന്ന് വ്യത്യസ്തമായ ചില സ്വഭാവ വിശേഷങ്ങള്‍ അവ പ്രകടിപ്പിച്ചേക്കും. ആനയ്ക്ക് പെരുവയര്‍ നിറയ്ക്കാന്‍ ധാരാളം ഭക്ഷണം ആവശ്യമാണ്. കാട്ടില്‍ അലഞ്ഞു തിരിയാതെ ധാരാളം തീറ്റ കിട്ടാന്‍ സാധ്യതയുണ്ടെങ്കില്‍ അവിടം വിട്ടുപോകാന്‍ ആന തയ്യാറാവുകയുമില്ല. ഉപ്പും ശര്‍ക്കരയും ഏറെ ഇഷ്ടപ്പെടുന്ന ആന വീടു പൊളിച്ചാണെങ്കിലും അത് അകത്താക്കുകയും ചെയ്യും.

അരിക്കൊമ്പന്‍ അരി തിന്നാനായി റേഷന്‍ കട പൊളിച്ചതു കൊണ്ടാണ് നാട്ടുകാര്‍ അവനെ അരിക്കൊമ്പന്‍ എന്നു വിളിച്ചത്. റേഷന്‍ കട മാത്രമല്ല വീടുകളും ആന പൊളിക്കുന്നുവെന്നും പതിമൂന്നോളം പേരെ കൊന്നൊടുക്കിയെന്നും പരാതി ഉയര്‍ന്നു!. കൃത്യമായ തെളിവുകളില്ലാതെയാണ് മുഖ്യധാരാ മാധ്യമങ്ങളടക്കം അവനെ ഒരു കൊലയാളിയാക്കി മുദ്ര കുത്തിയത്. 2017-ല്‍ തന്നെ അരിക്കൊമ്പനെ മയക്കു വെടി വെക്കാനും കുങ്കിയാനയാക്കാനുമുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍, 2023 ലാണ് വനം വകുപ്പ് അരിക്കൊമ്പനെ പൂര്‍ണമായി ഒരു ശല്യക്കാരനായി പ്രഖ്യാപിക്കുകയും കുങ്കിയാനയാക്കാനുമുള്ള നീക്കങ്ങള്‍ നടത്തുന്നത്.


എന്നാല്‍, 2022-ല്‍ തന്നെ പാലക്കാടും വയനാടും PM 2, PT 7 എന്നിങ്ങനെ രണ്ടു കാട്ടാനകളെ മയക്കുവെടി വെച്ചു പിടിക്കുകയും കുങ്കി പരിശീലനത്തിനായി കൂട്ടിലടയ്ക്കുകയും ചെയ്തിരുന്നു. 1977 മുതല്‍ കാട്ടാനകളെ പിടികൂടുന്നത് നിരോധിച്ചിട്ടുണ്ട്. കുങ്കിയാനയാക്കുക എന്നത് ആനകളെ ശാരീരികമായ ഭീകര മര്‍ദന മുറകള്‍ക്ക് വിധേയമാക്കിയാണ്.

അരിക്കൊമ്പനെ കുങ്കിയാനയാക്കാനുള്ള ശ്രമങ്ങളെ തടഞ്ഞത് പീപ്പിള്‍ ഫോര്‍ അനിമല്‍സ് (PFA), വാക്കിങ് ഐ ഫൗണ്ടേഷന്‍ (WEFA) എന്നിവയ്ക്കു വേണ്ടി വിവേക് വിശ്വനാഥന്‍ മാര്‍ച്ച് 23-ന് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഒരു ഹര്‍ജിയാണ്. വന്യജീവി നിയമമനുസരിച്ച് ആനകളെ പിടിക്കുകയാണെങ്കില്‍ റേഡിയോ കോളര്‍ ധരിപ്പിച്ച് മറ്റൊരു വന്യജീവി സങ്കേതത്തിലേക്ക് മാറ്റിപ്പാര്‍പ്പിക്കുകയും ചലനങ്ങള്‍ നിരീക്ഷിക്കുകയുമാണ് വേണ്ടതെന്നാണ് ഹര്‍ജിക്കാരന്‍ വാദിച്ചത്. ഹൈക്കോടതി വാദം ശരിവെക്കുകയും ആനയെ സ്ഥലം മാറ്റാന്‍ ഉത്തരവിടുകയും ചെയ്തു.


കര്‍ഷക സംഘടനകളുടെ വലിയ പ്രതിഷേധം ഈ വിധിക്കെതിരെ ഉണ്ടായി. സര്‍ക്കാര്‍ ആദ്യം തെരഞ്ഞെടുത്തത് പറമ്പിക്കുളം കടുവാ സങ്കേതമായിരുന്നു. എന്നാല്‍, തദ്ദേശ വാസികളുടെ പ്രതിഷേധത്തിനൊടുവില്‍ പെരിയാര്‍ കടുവാ സങ്കേതത്തിലുള്‍പ്പെട്ട കുമളി മേതകാനത്തില്‍ എത്തിക്കാന്‍ തീരുമാനിച്ചു. അരിക്കൊമ്പനെ മയക്കുവെടി വെക്കാനുള്ള ശ്രമങ്ങള്‍ ദിവസങ്ങള്‍ കൊണ്ടാണ് പൂര്‍ത്തിയായത്. ഏപ്രില്‍ 29 ന് ഏഴു പ്രാവശ്യം മയക്കുവെടി ഏറ്റതിനു ശേഷമാണ് ഡോ. അരുണ്‍ സഖറിയയുടെ ദൗത്യസംഘത്തിന് അവന്‍ കീഴടങ്ങിയത്. ആനയെ ലോറിയില്‍ കയറ്റി കുമളിയിലേക്ക് എത്തിച്ച ദീര്‍ഘയാത്ര അനേകായിരം പേരാണ് ടി.വിയിലും നേരിട്ടും കണ്ടത്.

റിപ്പോര്‍ട്ടിങ്ങിലെ മലക്കം മറിച്ചില്‍

മലയാളത്തിലെ മുഖ്യധാരാ വാര്‍ത്താചാനലുകളില്‍ മാസങ്ങളായി അരിക്കൊമ്പന്‍ പ്രശ്‌നം പൊടി പൊടിക്കുന്നു. അരിക്കൊമ്പന്‍ തകര്‍ത്ത വീടുകളും അവന്റെ ആക്രമണത്തിനിരയായവരുടെ പ്രതികരണങ്ങളുമാണ് ആദ്യം ചാനലുകളില്‍ പ്രക്ഷേപണം ചെയ്തിരുന്നത്. എന്നാല്‍, മാതൃഭൂമി പോലെയുള്ള ചില ചാനലുകള്‍ അരിക്കൊമ്പന്റെ കുടുംബ ചരിത്രം അന്വേഷിച്ചു കണ്ടെത്തി. 1987 ല്‍ അമ്മയുടെ മരണത്തോടെ ചിന്നക്കനാലില്‍ അനാഥനായിത്തീര്‍ന്ന കുട്ടിക്കൊമ്പനാണ് അരിക്കൊമ്പനെന്നും അമ്മ മരിച്ചു കിടന്ന കുഴിക്കടുത്താണ് അവന്‍ നിരന്തരം എത്തുന്നതെന്നതും കഥകളുണ്ടായി. അരിക്കൊമ്പന്റെ അതിക്രമങ്ങളെക്കുറിച്ചുള്ള വാര്‍ത്ത അനുസ്യൂതം പരത്തുന്നതിനിടയില്‍ പൈങ്കിളിക്കഥകളോട് കിടപിടിക്കുന്ന തരത്തില്‍ അവന്റെ ഭാര്യമാരെക്കുറിച്ചും കുട്ടികളെക്കുറിച്ചും വിശദമായ റിപ്പോര്‍ട്ടുകള്‍ വന്നു കൊണ്ടിരുന്നു. അവന്റെ പ്രിയ സുഹൃത്തായ ചക്ക കൊമ്പന് ചക്ക പറിച്ചു കൊടുക്കുന്ന അരിക്കൊമ്പന്റെ ഹൃദയവിശാലതയും വാര്‍ത്തകളായി. ആനക്കൂട്ടത്തിന്റെ നേതാവായി അരിക്കൊമ്പന്‍ വാഴ്ത്തപ്പെട്ടു. യുട്യൂബ് ചാനല്‍ അവതാരകരും വ്‌ളോഗര്‍മാരും വെറുതെയിരുന്നില്ല. മലയാളിക്ക് ഏറെ പ്രിയങ്കരമാണ് ആനക്കഥകള്‍. വില്ലനായും രക്ഷകനായും ഒരേസമയം മാധ്യമങ്ങള്‍ കഥകളിലിടം കൊടുത്തത് വഴി കേരളത്തിലെ സാമാന്യജനത ഒന്നടങ്കം അരിക്കൊമ്പന്‍ ഫാന്‍സായി മാറുന്ന അദ്ഭുതകരമായ കാഴ്ചകള്‍ക്കും കഴിഞ്ഞ ദിവസങ്ങള്‍ സാക്ഷ്യം വഹിച്ചു.


അരിക്കൊമ്പന്‍ ഫാന്‍സ്

അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് മയക്കുവെടി വെച്ച് കൊണ്ടു പോയതിനുശേഷം കേരളത്തില്‍ വിവിധയിടങ്ങളിലായി അരിക്കൊമ്പന്‍ ഫാന്‍സിന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. ആനയെ അതിന്റെ ജന്മസ്ഥലമായ ചിന്നക്കനാലില്‍ തിരികെ എത്തിക്കണമെന്നും റിസോര്‍ട്ട്-ഭൂമാഫിയ ചിന്നക്കനാലില്‍ നിന്ന് മാറിക്കൊടുക്കണമെന്നുമാണ് ഫാന്‍സിന്റെ ആവശ്യം. പൂരത്തിനും ആഘോഷങ്ങള്‍ക്കും എഴുന്നള്ളിക്കുന്ന ആനകള്‍ക്ക് ഫ്‌ളക്‌സ് വെക്കുന്നവര്‍ പലരും കാട്ടാനയായ അരിക്കൊമ്പന്റെ ആരോഗ്യത്തെക്കുറിച്ചും ഒറ്റപ്പെടലിനെക്കുറിച്ചും പരമ്പരാഗത ആനത്താരകളെക്കുറിച്ചും വാചാലരായി. അരിക്കൊമ്പന്‍ ദൗത്യസംഘത്തലവനായിരുന്ന അരുണ്‍ സക്കറിയയും മറ്റും സൈബര്‍ ആക്രമണത്താല്‍ അധിക്ഷിപ്തരായി.

അരിക്കൊമ്പന്‍, ചക്കക്കൊമ്പന്‍, മൊട്ടവാലന്‍, പടയപ്പ എന്നിങ്ങനെ ചിന്നക്കനാലിലും ആനയിറങ്കല്‍ കോളനിയിലും ചിരപരിചിതരായ ആനകള്‍ നാട്ടിലിറങ്ങുന്നത് കാട്ടില്‍ ഭക്ഷണ ലഭ്യത കുറഞ്ഞിട്ടാണെന്നും അവര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ വേണ്ട നടപടികള്‍ വേണമെന്നും പലരും ആവശ്യപ്പെട്ടു. അരിക്കൊമ്പന് ഭക്ഷണമെത്തിക്കാനായി ചില വാട്‌സാപ് ഗ്രൂപ്പുകളിലൂടെ ശ്രമമുണ്ടായി. അതിനായി പണപ്പിരിവും നടത്തി. മയക്കുവെടി വെച്ച് കുമളിയില്‍ ഇറക്കി വിട്ട അരിക്കൊമ്പന്‍ തിരികെ വരുമെന്ന പ്രതീക്ഷയ്ക്ക് ഉണര്‍വേകിക്കൊണ്ട് ആന തമിഴ്‌നാട്ടിലെ മേഘമലയിലൂടെ മൂന്നാര്‍ ദിശയിലേക്ക് നടക്കുകയും ചെയ്തു. എന്നാല്‍, കുമളിയിലേക്കുള്ള യാത്രയ്ക്കിടെ തുമ്പിക്കയ്യില്‍ പരുക്കേറ്റിരുന്ന ആന ഭക്ഷണവും വെള്ളവും കിട്ടാതെ തികച്ചും അവശനായാണ് മെയ് 26-ന് കമ്പം ടൗണിലിറങ്ങിയത്. ജനങ്ങള്‍ ഇടതിങ്ങിപ്പാര്‍ക്കുന്ന ഇവിടേക്കുള്ള കാട്ടാനയുടെ അപ്രതീക്ഷിത വരവ് ജനങ്ങളെ ഭയചകിതരാക്കി. രണ്ടുമൂന്ന് വാഹനങ്ങള്‍ അവന്‍ തകര്‍ക്കുകയും ചെയ്തു. കൊമ്പനെ കണ്ട് പേടിച്ചോടിയ പല്‍രാജ് എന്നൊരാള്‍ പരിക്ക് പറ്റിയതിനെ തുടര്‍ന്ന് മരണപ്പെടുകയും ചെയ്തു.


അരിക്കൊമ്പന്റെ സ്ഥലം മാറ്റത്തെത്തുടര്‍ന്ന് ലൈവ് വാര്‍ത്തകള്‍ കിട്ടാതിരുന്ന മലയാളം ചാനല്‍ കാമറകള്‍ കമ്പത്ത് ഓടിയെത്തി. എന്നാല്‍, കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും വാര്‍ത്താ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തതോടെ ദൃശ്യമാധ്യമങ്ങള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു. രണ്ടു കുങ്കിയാനകളും മുപ്പതില്‍ കൂടുതല്‍ പേരടങ്ങുന്ന വലിയ ദൗത്യസംഘവുമായി, ജനവാസമേഖലയിലിറങ്ങുന്ന അരിക്കൊമ്പനെ മയക്കുവെടി വെക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഒരുക്കം നടത്തി. തമിഴ്‌നാടിന്റെ നീക്കത്തിനെതിരെ വലിയ കോലാഹലമാണ് കേരളത്തിലെ അരിക്കൊമ്പന്‍ ആരാധകര്‍ നടത്തിയത്. അരിക്കൊമ്പനെ നാട്ടില്‍ തിരികെയെത്തിക്കാനായി അനിമല്‍ റെസ്‌ക്യു ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ജൂണ്‍ ഒന്നാം തീയതി തിരുവനന്തപുരത്ത് വലിയ പ്രകടനം നടത്തി. കമ്പത്തെ കുങ്കിയാനകളുടെ സാന്നിദ്ധ്യം കണ്ട് കാട്ടില്‍ ഷണ്മുഖം ഡാമിനടുത്ത് രണ്ടു ദിവസം പതുങ്ങിയ അരിക്കൊമ്പന്‍ തിരികെ കമ്പത്തേക്കിറങ്ങിയപ്പോള്‍ പ്രത്യേക ദൗത്യ സേന ജൂണ്‍ 5-ാം തീയതി രാത്രിയില്‍ തന്നെ മയക്കുവെടി വെക്കുകയും തിരുനെല്‍ വേലിയിക്കടുത്തുള്ള കളക്കാട്-മുണ്ടന്‍തുറൈ കടുവാ സങ്കേതത്തിലേക്ക് മാറ്റുകയും ചെയ്തു.

അരിക്കൊമ്പനെ തിരികെയെത്തിക്കാന്‍

അരിക്കൊമ്പനെ തമിഴ്‌നാട്ടിലെ വനം വകുപ്പ് വലയിലാക്കുമെന്നറിഞ്ഞ് രണ്ടു ഹര്‍ജികളാണ് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. ട്വന്റി-ട്വന്റി നേതാവായ സാബു ജേക്കബ് അരിക്കൊമ്പനെ തിരികെ കേരളത്തില്‍ എത്തിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്‌തെങ്കിലും കോടതി ഹര്‍ജി തള്ളുകയും ഹര്‍ജിക്കാരനെ ശാസിക്കുകയുമാണുണ്ടായത്. കൊച്ചി സ്വദേശിയായ റെബേക്ക ജോസഫ് മദ്രാസ് ഹൈക്കോടതിയില്‍ ഇതേ ആവശ്യം ഉന്നയിച്ച് സമര്‍പ്പിച്ച ഹര്‍ജി വാദം പൂര്‍ത്തിയായിട്ടില്ല. വിവിധ ഗ്രൂപ്പുകളിലായി നിരവധി ആനപ്രേമികളാണ് അരിക്കൊമ്പനെ തിരികെ ചിന്നക്കനാലില്‍ എത്തിക്കാനായി പണപ്പിരിവു നടത്തുകയും കേസ് ഫയല്‍ ചെയ്യാന്‍ ശ്രമിക്കുകയും സമൂഹ മാധ്യമങ്ങളിലൂടെ ഹാഷ് ടാഗ് ചെയ്ത് അരിക്കൊമ്പനു വേണ്ടി പ്രചരണം ശക്തമാക്കുകയും ചെയ്തത്.

പ്രതിഷേധങ്ങള്‍

അരിക്കൊമ്പനോടുള്ള സ്‌നേഹം പല തരത്തിലുള്ള വികാര പ്രകടനങ്ങളാകുന്നതിനും വഴിപാട് നേരുന്നതിലും ശാപവും കരച്ചിലുമാകുന്നതിനും സമൂഹമാധ്യമങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. അഡ്വ. ശ്രീജിത്ത് പെരുമന പങ്കുവെച്ച ഒരു വോയ്‌സ് മെസ്സേജ് ഇത്തരത്തിലുള്ളതാണ്. അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് മാറ്റാന്‍ ഭൂമാഫിയയാണ് ശ്രമിച്ചതെന്നും അധികൃതര്‍ അതിന് കൂട്ടു നിന്നുവെന്നുമാണ് ഇവര്‍ ആരോപിക്കുന്നത്. ആനപിടുത്തം പൂര്‍ണമായി നിര്‍ത്തലാക്കണമെന്നും നാട്ടാനകള്‍ക്കും നീതി ലഭിക്കണമെന്നുമാണ് ശ്രീദേവി എസ് കര്‍ത്തയെപ്പോലുള്ളവര്‍ ആവശ്യപ്പെടുന്നത്. അരിക്കൊമ്പനെ ഇനി മയക്കുവെടി വെക്കുന്നത് ആപത്താണെന്നും ആന തിരിച്ചു വരാന്‍ ആഗ്രഹിക്കുന്നെങ്കില്‍ വഴിയില്‍ തടസ്സം സൃഷ്ടിക്കാതെ അതിനുള്ള സൗകര്യം സര്‍ക്കാര്‍ ചെയ്തു കൊടുക്കണമെന്നും പ്രകൃതി സ്‌നേഹികള്‍ ആവശ്യപ്പെടുന്നു. ഈ വിഷയത്തില്‍ ഏറ്റവും പുതിയ ചലനമെന്നത് ചിന്നക്കനാല്‍ 301 കോളനിയിലെ മുതുവാക്കുടിയിലുള്ളവര്‍ അവിടെ റോഡരികില്‍ കുത്തിയിരുന്ന് രണ്ടു ദിവസമായി സമരം ചെയ്യുന്നുവെന്നതാണ്. അരിക്കൊമ്പനെ തിരികെയെത്തിക്കുക എന്നതാണ് അവരുടെയും ആവശ്യം.

ദൃശ്യ മാധ്യമ വാര്‍ത്തകളില്‍ വന്ന മാറ്റമാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. അരിക്കൊമ്പന്റെ അരി മോഷണവും നരഹത്യകളും വിവരിച്ച്, പൊടിപ്പും തൊങ്ങലും വെച്ചു സൃഷ്ടിച്ച വാര്‍ത്തകള്‍ എന്നും ലൈവാക്കി നില നിര്‍ത്തിയിരുന്ന അവര്‍ അരിക്കൊമ്പന്‍ ഫാന്‍സിന്റെ വിഷ്വല്‍സെടുക്കാനും അരിക്കൊമ്പന്‍ നിലവില്‍ നേരിട്ടു കൊണ്ടിരിക്കുന്ന പീഡന കഥകള്‍ പ്രക്ഷേപണം ചെയ്യാനും മത്സരിച്ചു. സ്ഥലം മാറ്റിപ്പാര്‍പ്പിച്ച ഭൂരിഭാഗം ആനകളും തിരിച്ചു വന്നിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളും നല്‍കി, മാറി വന്ന ജന വികാരത്തിനനുസരിച്ച് തരാതരം പോലെ അവര്‍ കളം മാറി ചവിട്ടികൊണ്ടിരുന്നു.

അരിക്കൊമ്പന്‍ തിരിച്ചു വരുമോ?

അരിക്കൊമ്പന്‍ തിരികെ ചിന്നക്കനാലില്‍ എത്തിച്ചേരാനുള്ള സാദ്ധ്യത തുലോം വിരളമാണ്. ചിന്നക്കനാലില്‍ നിന്ന് 350 കിലോമീറ്ററിലേറെ ദൂരെയാണ് മുണ്ടന്‍തുറൈ മണിമുത്താര്‍ വന മേഖല. തമിഴ്‌നാട് വനം വകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായ പ്രഗത്ഭയായ സുപ്രിയ സാഹുവിന്റെ മേല്‍നോട്ടത്തിലാണ് കമ്പത്ത് അരിശി കൊമ്പന്‍ ദൗത്യം പൂര്‍ത്തിയാക്കിയത്. പുല്ലും വെള്ളവും ധാരാളമുള്ള ഇവിടെ നിന്നുള്ള അരിക്കൊമ്പന്റെ വീഡിയോ തമിഴ്‌നാട് വനം വകുപ്പ് ഷെയര്‍ ചെയ്തിട്ടുമുണ്ട്.

കവിതകളും കഥകളും

അരിക്കൊമ്പന്‍

----------------------

മുതിരപ്പുഴ

കൂലം കുത്തിയൊഴുകും പോലെ

പിടച്ചോടിത്തിരികെവായെന്‍ ആങ്ങളക്കൊമ്പാ ....

നിനക്കായിട്ടൊരുക്കുന്നേ

അരിക്കൂമ്പാരം

മധുരച്ചാറൊലിക്കുന്ന

കരിമ്പിന്‍ തോട്ടം ....

ചെളിമണ്ണില്‍ വിയര്‍പ്പിന്റെ മഴ പെയ്യിച്ചോര്‍

പൂവിരിച്ചും കായ് കനിച്ചും ജീവനര്‍പ്പിച്ചോര്‍,

ഇടനെഞ്ചിന്‍ തുടി കൊട്ടി വിളിക്കുന്നുണ്ടേ,

അരിക്കൊമ്പാ...

തിരികെ വാ,

മഴവില്‍ക്കൊമ്പാ ....

മുലപ്പാലു മണക്കുന്ന

കുമളിക്കാറ്റില്‍ നിന്നെ

പുണരാനായ് പറന്നെത്തീ കുറുമ്പുള്ളോര്‍മ്മ ...

ചിറകുള്ളോരമ്മയാന

കരിമേഘത്തില്‍

ഇളനീരില്‍ മണമുള്ള

മിഴിനീര്‍ കോര്‍ത്തൂ....

നിനക്കായി കാത്തിരിപ്പൂ

നിലാപ്പൂമ്പാറ്റ,

നിറം മങ്ങിക്കൊഴിയുന്നൂ കൊങ്ങിണിപ്പൂക്കള്‍

മദപ്പാടില്‍ തുടിക്കും നിന്‍

ഹൃദയത്താളം

നദിയായിപ്പങ്കുവയ്ക്കും കമിതാപ്പെണ്ണ് .....

പൊടി മണ്ണിന്‍ പുതപ്പിട്ടു നീയുറങ്ങുമ്പോള്‍

നരിച്ചീറും ചീവീടും കാവലുണ്ടായി,

നിനക്കായിക്കാവല്‍ നില്‍ക്കും കാടുണ്ടായി,

നിധിപോലെ വിലയേറും തോഴരുണ്ടായി ...

പക കുത്തി നിറച്ചൊരാ

മരുന്നു സൂചി

മയക്കത്തില്‍ കയത്തിലായ് ചവിട്ടിത്താഴ്ത്തി,

ഒഴുകുന്നൊരോര്‍മ്മ

പോലെയെരിഞ്ഞു കത്തീ

കറുപ്പുള്ള പാതയില്‍ നിന്‍

നിഴല്‍ ലയിച്ചൂ.

ചതിയുടെ പെരുമഴ പ്രളയച്ചാലില്‍

വിധി തേടിയലയുന്ന

സഹ്യപ്പൊന്‍ മകനേ !

ഇടനെഞ്ചിന്‍

ദുന്ദുഭിപ്പടയടിച്ചും കൊണ്ടേ ,

നിനക്കായി പ്രതീക്ഷപ്പൂമാല

കോര്‍ക്കുന്നേന്‍ .....

***

ജിത്തു തമ്പുരാന്‍ ഫേസ്ബുക്കില്‍ കുറിച്ച കവിതയാണിത്.

സിനിമാ ലോകവും വെറുതെയിരിക്കുന്നില്ല. മെയ് 1 ന് അരിക്കൊമ്പന്റെ കഥയെ ആസ്പദമാക്കി ചെയ്യുന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സാജിദ് യഹിയ പ്രസിദ്ധീകരിച്ചിരുന്നു. അമ്മയുടെ മരണത്തിനു ശേഷം അനാഥനാകുന്ന കുട്ടിയാന മനുഷ്യരുമായി നിലനില്‍പിനു വേണ്ടി നിരന്തരം സമരം ചെയ്യുന്നതാണ് കഥ. മൃഗസ്‌നേഹികള്‍ അരിക്കൊമ്പന്‍ വിഷയം ഒരു രാഷ്ട്രീയ വിഷയമാക്കി ഉയര്‍ത്തിക്കൊണ്ടുവരാനും ശ്രമിക്കുന്നുണ്ട്. അരിക്കൊമ്പന് നീതി ലഭ്യമാക്കുന്നവര്‍ക്കാണ് അടുത്ത ഇലക്ഷനില്‍ തങ്ങളുടെ വോട്ടെന്ന പ്രഖ്യാപനവും അവരില്‍ ചിലര്‍ നടത്തി കഴിഞ്ഞു.


ഒരാനയെ ചുറ്റിപ്പറ്റി ഇത്രയേറെ കഥകളും വികാര പ്രകടനങ്ങളും വിവാദങ്ങളും നിറയുമ്പോള്‍ വന്യജീവി - മനുഷ്യ സംഘര്‍ഷം മറ്റൊരു തലത്തില്‍ എത്തിച്ചേര്‍ന്നതായി തോന്നിപ്പോകുന്നു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടും തുടര്‍ന്നുണ്ടായ വിവാദങ്ങളും ബഫര്‍ സോണ്‍ വിഷയം, തുടര്‍ച്ചയായ വന്യജീവി ആക്രമണം, ആദിവാസികളുടെ ഭൂസമരങ്ങള്‍ എന്നിങ്ങനെ നിസ്സാരമായി തള്ളിക്കളയാനാവാത്ത ചില ആനക്കാര്യങ്ങള്‍ തന്നെയാണ് അരിക്കൊമ്പന്‍ വീണ്ടും നമ്മെ ഓര്‍മിപ്പിക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും വനപരിപാലനത്തില്‍ കൈക്കൊണ്ട തെറ്റായ തീരുമാനങ്ങളും കാട്ടുകള്ളമാരെ നിയന്ത്രിക്കുന്നതില്‍ കാണിക്കുന്ന അനാസ്ഥയും വെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും അപര്യാപ്തതയും വന്യമൃഗങ്ങളെ ജനവാസകേന്ദ്രങ്ങളിലേക്കിറങ്ങി വരാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. നമ്മുടെ വന പ്രകൃതിക്ക് ഇണങ്ങാത്ത സെന്ന (രാക്ഷസക്കൊന്ന) പോലുള്ള വൃക്ഷങ്ങള്‍ കാടിന്റെ ആവാസ വ്യവസ്ഥയ്ക്ക് എത്രത്തോളം മാരകമാകുന്നു എന്ന് ഡോ. ഈസയും മുരളി തുമ്മാരുകുടിയും മറ്റും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വനം വകുപ്പ് വെച്ചു പിടിപ്പിച്ച ജലലഭ്യത കുറയ്ക്കുന്ന അക്കേഷ്യ, യുക്കാലിപ്റ്റസ് മരങ്ങളും തേക്ക് പ്ലാന്റേഷനുകളും മറ്റൊരു ഉദാഹരണം.

കര്‍ഷകര്‍ക്കുള്ള സംരക്ഷണം

മലയോര കര്‍ഷകരെ മാറ്റി നിര്‍ത്തിക്കൊണ്ട് വനസംരക്ഷണം സാധ്യമാവുക പ്രയാസമാണ്. കാട്ടുമൃഗങ്ങള്‍ നശിപ്പിക്കുന്ന കൃഷിക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും പകരമായി നല്ല രീതിയിലുള്ള നഷ്ടപരിഹാരം നല്‍കുകയാണ് കര്‍ഷകരെ വനപരിപാലകരാക്കാന്‍ ഉള്ള എളുപ്പവഴി. പശ്ചിമഘട്ടവും അവിടെയുള്ള ജീവജാലങ്ങളും മലയോരത്തുള്ളവരുടെ മാത്രം ഉത്തരവാദിത്വത്തിലുള്ളതല്ല. നഗരവാസികളുടെ കൂടി സ്വത്താണ്. അവയെ സംരക്ഷിക്കാന്‍ നഗരവാസികളില്‍ നിന്നും ഒരു പരിസ്ഥിതി സെസ്സ് ഏര്‍പ്പെടുത്തുന്ന കാര്യം കൂടി ചിന്തിക്കാവുന്നതേയുള്ളൂ. അരിക്കൊമ്പനെക്കുറിച്ച് നഗരവാസികള്‍ സംസാരിച്ചപ്പോള്‍ ആനയെ മംഗള വനത്തിലേക്ക് മാറ്റിക്കോളൂ എന്ന് പറഞ്ഞ് പരിഹസിച്ചവര്‍ക്കുള്ള എന്ന് പറഞ്ഞ് പരിഹസിച്ചവര്‍ക്കുള്ള മറുപടി കൂടിയാണിത്.

കാട്ടുപന്നി, കുരങ്ങ്, കരടി, കടുവ കാട്ടുപോത്ത് എന്തിനേറെ മയിലുകള്‍ പോലും ഇന്ന് ധാരാളമായി കേരളത്തിലെ ജനവാസ മേഖലകളില്‍ നിത്യസന്ദര്‍ശകരാവുകയും കൃഷിനാശവും ആള്‍ നാശവും വിതയ്ക്കാറുണ്ട്. വനം വകുപ്പ് നിര്‍മിച്ച സോളാര്‍ ഫെന്‍സിങ്ങും ട്രഞ്ചുകളും അപര്യാപ്തമാണ്. സ്വകാര്യ വ്യക്തികള്‍ നിര്‍മിക്കുന്ന വൈദ്യുത വേലികള്‍ മൂലം അപമൃത്യു വരിക്കുന്ന ആനകളുടെ എണ്ണവും അമ്പരപ്പിക്കുന്നതാണ്. ടൂറിസ്റ്റ് സീസണില്‍ മൂന്നാറിലും വയനാട്ടിലും ഉള്‍ക്കൊള്ളാനാവാത്തത്ര സഞ്ചാരികളെക്കൊണ്ട് നിറയുന്നതും കാട്ടില്‍ പാട്ടു പാടിയും ക്യാമ്പ് ഫയര്‍ നടത്തിയും രാത്രിയില്‍ ആളുകള്‍ ബഹളമുണ്ടാക്കി രസിക്കുന്നതും വന്യജീവികളുടെ സൈ്വര്യ ജീവിതം കെടുത്തിയിട്ടുണ്ട്. യാതൊരു തത്ത്വദീക്ഷയുമില്ലാതെ കാടരികില്‍ ടൂറിസ്റ്റുകള്‍ക്കായി ടെന്റുകള്‍ സ്ഥാപിക്കുകയും കാട്ടുമൃഗങ്ങളെ അടുത്തു കാണുന്നതിനായി അവയ്ക്ക് ഭക്ഷണം നല്‍കി സല്‍ക്കരിക്കുകയും ചെയ്യുന്നതും ടൂറിസത്തിന്റെ മറവില്‍ നടക്കുന്ന നിയമ ലംഘനങ്ങളാണ്. കാട്ടുമൃഗങ്ങളെ നിയമം പഠിപ്പിക്കാന്‍ വനം വകുപ്പിനായെന്നു വരില്ല, പക്ഷേ പരസ്യമായ ഇത്തരം ആഭാസങ്ങള്‍ക്കെതിരെ നടപടിയെടുക്കാനുള്ള ആര്‍ജവം കാണിക്കണം.


മിണ്ടാപ്രാണികള്‍ക്കു വേണ്ടിയുള്ള പൊതുജനങ്ങളുടെ ഇടപെടലും ജാഗ്രതയും ഇത്തരത്തിലുള്ള ഒരു നടപടിയ്ക്ക് കളമൊരുക്കിയതിന് ജൂണ്‍ 5 പരിസ്ഥിതിദിനത്തില്‍ ചിന്നക്കനാല്‍ സാക്ഷ്യം വഹിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കിടയില്‍ ഭക്ഷണം തിരയുന്ന കുട്ടിയാനയുടേയും അമ്മയുടേയും രംഗങ്ങളുള്ള വീഡിയോയാണ് കൊച്ചി സ്വദേശിയായ എസ്. റഹ്മാന്‍ ചിന്നക്കനാലില്‍ നിന്ന് പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. മാലിന്യങ്ങള്‍ കൂട്ടിയിട്ട കുഴി താമസം വിനാ അധികൃതര്‍ക്ക് നികത്തേണ്ടി വന്നു.

ലോകത്ത് ഏറ്റവുമധികം വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളുടെ കരിമ്പട്ടിക 2012-ല്‍ ഡബ്ലു.ഡബ്ല്യു.എഫ് പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ ഏഴാം സ്ഥാനത്ത് ഏഷ്യന്‍ കടുവയും പത്താം സ്ഥാനത്ത് ഏഷ്യന്‍ ആനയുമാണ്. സിഷ്വാങ്ങ് ബന്ന വന്യജീവി സങ്കേതത്തില്‍ നിന്ന് നാടു ചുറ്റാനിറങ്ങിയ 17 ആനകളെ 2020 മാര്‍ച്ചു മാസം മുതല്‍ 2021 ആഗസ്റ്റ് മാസം വരെ യാതൊരു പോറലുമേല്‍ക്കാതെ കോടികള്‍ ചെലവഴിച്ച് ചൈനീസ് സര്‍ക്കാര്‍ സംരക്ഷിച്ചത് ഒന്നരവര്‍ഷം ലൈവ് ആയി ടെലിവിഷന്‍ ചാനലുകളിലൂടെ നമ്മള്‍ കണ്ടതാണ്. മൃഗങ്ങളുടെ സംരക്ഷണം നമ്മുടെ കൂടി ഭാവി ജീവിതത്തിന്റെ ഉറപ്പുവരുത്തലാണ്. ഇത്തരം ഒരു വനം - വന്യജീവി നയം പൊതുജനങ്ങള്‍ക്ക് മാത്രമല്ല നിയമം നടപ്പാക്കുന്നവര്‍ക്ക് കൂടി ഉണ്ടാകണം. ഇല്ലെങ്കില്‍ നമീബിയയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവന്ന ചീറ്റപ്പുലികളുടെ അവസ്ഥ നമ്മുടെ കൊമ്പനാനകള്‍ക്കും വരുന്ന ഒരു കാലം വിദൂരമല്ല.TAGS :