Quantcast
MediaOne Logo

അനൂഫ് പുളിക്കല്‍

Published: 3 Oct 2023 4:03 PM GMT

കവടിനിരത്തി കളിക്കുന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം

2022 ജൂണില്‍ നടന്ന അഫ്ഗാനിസ്ഥാനുമായുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിലെ കളിക്കാരെ തെരഞ്ഞെടുക്കാന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ അധികൃതര്‍ ഭൂപേഷ് ശര്‍മ എന്ന ജോത്സ്യനെ ചുമതലപ്പെടുത്തി എന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നു. ഇദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമായിരന്നു കളിക്കാരെ തെരഞ്ഞെടുത്തത്.

ഇന്ത്യ- അഫ്ഗാനിസ്ഥാന്‍ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത മത്സരം
X

വര്‍ഷം 1956, മെല്‍ബണ്‍ ഒളിമ്പിക്‌സില്‍ ഇന്ത്യ ആതിഥേയരായ ഓസ്‌ട്രേലിയയെ 4-2 ന് തോല്‍പ്പിച്ച് സെമി ഫൈനല്‍ പ്രവേശനം ഉറപ്പിച്ചു. അന്ന് ടീം നയിച്ചിരുന്നത് സമര്‍ ബാനര്‍ജിയും പരിശീലിപ്പിച്ചത് അബ്ദുറഹീമുമായിരുന്നു. സെമിഫൈനലില്‍ ഇന്ത്യ, യൂഗോസ്ലാവ്യയോട് തോറ്റെങ്കിലും ഒളിമ്പിക്‌സ് സെമിഫൈനല്‍ പ്രവേശനം എക്കാലത്തും ഇന്ത്യന്‍ ഫുട്‌ബോളിലെ സുവര്‍ണ്ണരേഖയാണ്. ഇങ്ങിനെയൊരു പാരമ്പര്യമുള്ള ഇന്ത്യന്‍ ടീം ഫിഫയുടെ ആദ്യ 100 റാങ്കിങ്ങില്‍ എത്താന്‍ പാടുപെടുകയാണ് ഇപ്പോള്‍. അടിസ്ഥാന ഫുട്‌ബോള്‍ സൗകര്യങ്ങളുടെ അപര്യാപ്തതയും അടുത്തകാലത്തായി ഇന്ത്യന്‍ ഫുട്‌ബോളില്‍ വളര്‍ന്നുവന്ന അശാസ്ത്രീയ പ്രവണതകളും ആണ് ഇതിന് കാരണമെന്ന് മനസിലാക്കാന്‍ കഴിയും.

ഇന്ത്യയുടെ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരം സംബന്ധിച്ച ഒരു റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ഇന്ത്യന്‍ എക്‌സ്പ്രസ്സ് പുറത്തുവിട്ടിരുന്നു. 2022 ജൂണില്‍ നടന്ന അഫ്ഗാനിസ്ഥാനുമായുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിലെ കളിക്കാരെ തെരഞ്ഞെടുക്കാന്‍ വേണ്ടി, ഇന്ത്യന്‍ ഫുട്‌ബോള്‍ അധികൃതര്‍ ഡല്‍ഹിയിലെ ബോളിവുഡ് താരങ്ങള്‍ക്ക് വരെ ഉപദേശം നല്‍കുന്ന ഭൂപേഷ് ശര്‍മ എന്ന ജോത്സ്യനെ ചുമതലപ്പെടുത്തി എന്നായിരുന്നു റിപ്പോര്‍ട്ട്. ഇദ്ദേഹത്തിന്റെ സേവനത്തിനായി ചെലവാക്കിയത് ആകട്ടെ 12 മുതല്‍ 15 ലക്ഷം രൂപ വരെ. കോച്ച് മത്സരത്തിന് രണ്ടുദിവസം മുന്നേ കളിക്കാരുടെ വിവരങ്ങള്‍ ജ്യോത്സന് അയച്ചു കൊടുത്തു. ഇദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് കളിക്കാരെ പരിഗണിച്ചതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ ജോത്സ്യന്‍ കളിക്കാര്‍ക്കു നേരെ GOOD എന്നും Need to avoid over confidence എന്നൊക്കെ എഴുതിയിരുന്നതായി ഈ റിപ്പോര്‍ട്ടില്‍ കാണാം.


ആധുനിക കാലത്ത് അനലിസ്റ്റുകളെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമൊക്കെ ഉപയോഗപ്പെടുത്തി ടീമുകള്‍ കളിക്കാരെ തെരഞ്ഞെടുക്കുമ്പോളാണ് ഇന്ത്യ ജോത്സ്യന്മാരെ സമീപിക്കുന്നത്. എങ്ങിനെ കളിക്കണം എന്നൊക്കെ തീരുമാനിക്കുന്നത് കേവലം കളിയുമായി ഒരു ബന്ധമില്ലാത്ത ജോത്സ്യന്‍മാരാണ്. റോക്കറ്റ് വിക്ഷേപിക്കുമ്പോള്‍ പൂജ നടത്തുന്ന രാജ്യത്ത് ഇതൊന്നും ഒരു പുതിയ കാര്യമായിരിക്കില്ല.

ഇന്ത്യയില്‍ മികച്ച കളിക്കാരെ വാര്‍ത്തെടുക്കാന്‍ അനുയോജ്യമായ എത്ര അക്കാദമികള്‍ ഉണ്ട്, അവിടങ്ങളില്‍നിന്ന് വളര്‍ന്നുവരുന്ന എത്ര നല്ല കളിക്കാര്‍ ഉണ്ട് എന്നത് പരിശോധിക്കപ്പെടണം. ഐ.എസ്.എല്ലിലും ഐ.ലീഗിലുമൊക്കെ കാഴ്ചവെച്ച മികവ് മാത്രം പോരാ ഇന്ത്യന്‍ ടീമില്‍ കയറിപ്പറ്റാന്‍, പകരം ജോത്സ്യന്റെ കുറിപ്പടിയും ജാതകപ്പൊരുത്തവും വേണം എന്നു വന്നിരിക്കുന്നു. ഒരു കളിക്കാരന്‍ ഇന്ത്യന്‍ ടീമിലേക്ക് സെലക്ട് ആകുന്നത് അവന്റെ പ്രകടനത്തെ ആശ്രയിച്ചായിരിക്കണം എന്നതിനെ അശാസ്ത്രീയ നടപടികളിലൂടെ ഇല്ലാതാക്കുകയാണ് ഇന്ത്യന്‍ ഫുടുബോള്‍ അധികാരികള്‍.


ഇന്ത്യയേക്കാള്‍ ചെറിയ രാജ്യങ്ങള്‍ വരെ ലോകകപ്പില്‍ കളിക്കുമ്പോള്‍ ഇന്ത്യക്കാര്‍ ഇപ്പോഴും മറ്റു രാജ്യങ്ങളുടെ ആരാധകന്മാരായി നില്‍ക്കുകയാണ്? ഇന്ത്യക്കും വേള്‍ഡ് കപ്പ് കളിക്കണ്ടേ? ഇന്ത്യന്‍ ഫുട്‌ബോള്‍ പിന്തുടരുന്നത് അശാസ്ത്രീയ നടപടികളാണ്. ജ്യോത്സ്യന് നല്‍കുന്ന പണം ഇന്ത്യന്‍ ഫുട്‌ബോളിന്റെ വികസനത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമാണ് ഉപയോഗിക്കേണ്ടത്.

കഴിവുള്ള പല കളിക്കാരും രാജ്യത്തിനുവേണ്ടി കളിക്കാത്തത് ജോത്സ്യന്റെ അനുമതി ഇല്ലാത്തതു കൊണ്ടാണെന്ന വിചിത്രമായ സത്യം ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ ഇന്ത്യക്ക് അപമാനാണ്. രാജ്യത്തിന്റെ ഫുട്‌ബോള്‍ ടീം തന്നെ അശാസ്ത്രിയത പിന്തുടരുന്നത് ലജ്ജാകരമാണ്. എല്ലാ പൗരന്മാരും ശാസ്ത്രീയമായ അവബോധം വളര്‍ത്തിയെടുക്കണമെന്ന് ഭരണഘടനയില്‍തന്നെ പറയുന്ന ഒരു രാജ്യത്താണ് ഇതൊക്കെ നടക്കുന്നത് എന്നതാണ് കൗതുകം.

TAGS :