Quantcast
MediaOne Logo

സക്കീര്‍ ഹുസൈന്‍

Published: 13 Feb 2023 1:14 PM GMT

നാടകമേ ഉലകം - അതുല്‍ പേട്ടെയുടെ നാടക ജീവിതം

ഇറ്റ്‌ഫോക്ക് നമ്മളെ തന്നെ പുതുക്കാന്‍ പോന്നതാണ്. ലോക നാടകവേദികളില്‍ എന്തു നടക്കുന്നു, എന്തെല്ലാം മാറ്റങ്ങളാണ് സംഭവിക്കുന്നത് എന്ന പാഠം ഇറ്റ്‌ഫോക്ക് നമുക്ക് തരുന്നു. നിരവധി പുതിയ കാര്യങ്ങള്‍ ഈ നാടകോത്സവത്തിലൂടെ മനസിലാക്കാന്‍ സാധിക്കുന്നു. അത് ഉള്‍ക്കൊള്ളാന്‍ കൂടിയാണ് മൂന്നാം തവണ പ്രേക്ഷകന്റെ റോളില്‍ ഞാനും ഒപ്പം ഭാര്യയും എത്തിയത്.

നാടകമേ ഉലകം - അതുല്‍ പേട്ടെയുടെ നാടക ജീവിതം
X

രാജ്യത്ത് അറിയപ്പെടുന്ന നാടക പ്രവര്‍ത്തകരിലൊരാളാണ് രചയിതാവും സംവിധായകനും നടനുമായ അതുല്‍ പേട്ടെ. കാലാനുസൃതമായ മാറ്റം തന്റെ നാടകങ്ങളില്‍ വരുത്തുകയും അതില്‍ വിജയിക്കുകയും ചെയ്തു എന്നതാണ് ഈ 58 കാരന്റെ പ്രത്യേകത. ആവിഷ്‌ക്കാരങ്ങളില്‍ കാലത്തിന്റെ ചുളിവുകള്‍ വരുത്താതിരിക്കാന്‍ അദ്ദേഹം ശ്രമിച്ചു. എന്നു മാത്രമല്ല, അതിനെ യൗവനവത്കരിക്കാനും ശ്രമിച്ചു.

ഇറ്റ്‌ഫോക്കില്‍ രണ്ടു തവണ തന്റെ നാടകങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു. മൂന്നാം തവണ പ്രേക്ഷകന്റെ റോളിലാണ് അതുല്‍ പേട്ടെയും ഭാര്യ രോഹിണി പേട്ടെയും എത്തിയിരിക്കുന്നത്. സത്യശോധക്, സമാജ് സ്വാസ്ഥ്യ് എന്നീ നാടകങ്ങളാണ് നേരത്തെ അവതരിപ്പിച്ച നാടകങ്ങള്‍. അതില്‍ ആദ്യതവണ പൂനെ നഗരസഭയിലെ ശുചീകരണ തൊഴിലാളികളായിരുന്നു അഭിനേതാക്കള്‍. പൂനെ നഗരസഭ തൊഴിലാളി യൂനിയന്റെ നാടക സംഘമായ കലാപഥക്കിലെ അംഗങ്ങളായിരുന്നു അവര്‍. നവോത്ഥാന നായകനും വിപ്ലവകാരിയും ദലിതുകളുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്ത മഹാത്മ ജ്യോതിബ ഫൂലേയുടെ ജീവിതമായിരുന്നു സത്യശോധക് നാടകം. പൂനെയില്‍ ആ പേരില്‍ സംഘടനയും പ്രവര്‍ത്തിക്കുന്നു. സത്യശോധക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 120 വേദികളില്‍ കളിച്ചു. 15 നാടകോത്സവങ്ങളും ഇതില്‍ ഉള്‍പ്പെടും. ഇതേ നാടകം കന്നഡയിലും ചെയ്തു. ഡോ. നരേന്ദ്ര ധാബോല്‍ക്കറുടെ കൊലപാതകത്തിനെതിരെ നാടകത്തിലൂടെയും അല്ലാതെയും അതുല്‍ പേട്ടെ പ്രതികരിച്ചു. തെരുവില്‍ പ്രതിഷേധ കലാവിഷ്‌ക്കാരങ്ങള്‍ സംഘടിപ്പിച്ചു. അതിനായി എഴുതി അവതരിപ്പിച്ചതാണ് അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ നാടകം. തന്റെ നാടക പ്രവര്‍ത്തനങ്ങളും കാഴ്ചപ്പാടുകളും അദ്ദേഹം പങ്കുവെക്കുന്നു.

രാജ്യത്തെ സാഹചര്യങ്ങളില്‍ ബോധമുള്ളവരാണെങ്കില്‍, അസ്വസ്ഥരാണെങ്കില്‍ അതിനെതിരെ കലാകാരന്മാര്‍ പ്രതികരിക്കണം. അത് അവരുടെ ചുമതലയാണ്. ഒരാള്‍ പുതിയ ക്രിയാത്മക സൃഷ്ടിയിലേക്ക് തിരിഞ്ഞാല്‍ അവന്‍ അസ്വസ്ഥനാവും. സാഹചര്യം അസ്വസ്ഥമാക്കും. യുദ്ധം, കലാപം, ജനങ്ങളെ വേര്‍തിരിക്കല്‍, കുടിയേറ്റം ഇതെല്ലാം നമ്മെ അസ്വസ്ഥരാക്കുന്നതാണ്. ഓരോ കാലഘട്ടത്തിലും ഇത് സങ്കീര്‍ണമാണ്. നമ്മുടെ ചുറ്റുപാടിലും എന്ത് സംഭവിക്കുന്നുവെന്ന് ജനങ്ങളെ ഉണര്‍ത്താന്‍ കലാകാരന്മാര്‍ ശ്രമിച്ചേ പറ്റൂ. ഒരു കലാകാരന്‍ എന്ന നിലയില്‍ അത്തരം ബോധവത്ക്കരണം നടത്തേണ്ടത് എന്റെ കര്‍ത്തവ്യമാണ്. ഞാനത് ചെയ്യുന്നുമുണ്ട്.


ഇന്നിന്ന പോലെ തന്നെ ആവിഷ്‌ക്കരിക്കണമെന്ന് ആരെയും നിര്‍ബന്ധിക്കേണ്ടതില്ല. സംഗതികള്‍ക്ക് നിരവധി അടരുകളുണ്ട്. ഞാന്‍ രാഷ്ട്രീയക്കാരനോ ഏതെങ്കിലും സംഘടനയുടെ അംഗമോ അല്ല. പക്ഷേ, ശബ്ദമില്ലാത്തവരുടെ ശബ്ദമായാണ് ഞാന്‍ നിലകൊള്ളുന്നത്. അതാണ് എന്റെ രാഷ്ട്രീയം. ഞാന്‍ നമ്മുടെ ഭരണഘടനയിലും അതിന്റെ മൂല്യങ്ങളിലും മനുഷ്യത്വത്തിലും ഉറച്ചു വിശ്വസിക്കുന്നു.

കഴിഞ്ഞ 40 വര്‍ഷമായി ഞാന്‍ നാടക രംഗത്തുണ്ട്. സമൂഹം, ജാതി തുടങ്ങി എന്റെ അനുഭവങ്ങളായിരുന്നു ആദ്യ കാലത്തെ എന്റെ നാടകങ്ങള്‍. 1990 ഓടെ സ്ഥിതിഗതികള്‍ മാറി. ഉദാരവത്ക്കരണം അടക്കമുള്ള നയങ്ങള്‍ രാജ്യത്ത് നടപ്പാക്കി. മൊബൈല്‍ ഫോണ്‍ എത്തി. തുറന്ന വിപണിയും തുറന്നസമ്പദ് ഘടനയുമായി. സമൂഹത്തെ വലിയ തോതില്‍ മാറ്റി. ഒപ്പം കാലവും ഇടവുമാകെ മാറി. സമൂഹം തന്നെ വിപണി കേന്ദ്രീകൃതമായി. വിപണി എന്നാല്‍ ആഗോള കേന്ദ്രീകൃതമാവുകയും ചെയ്തു. ഇതില്‍ എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ എന്നെ പോലുള്ളവര്‍ വല്ലാത്ത ആശയക്കുഴപ്പത്തിലായി.

പിന്നീട് വേഗതയുടെ പുതുലോകമായി. ശരവേഗത്തില്‍ സാങ്കേതിക വിദ്യയും മാറി മറിഞ്ഞു. 1999 നു മുമ്പും പിമ്പും എന്ന ഏറ്റുമുട്ടല്‍ സംജാതമായി. തലമുറ മാറ്റം സംഭവിച്ചു. ആശയ വിനിമയ ഭാഷ തന്നെ മാറി. ഡിജിറ്റല്‍ ഭാഷയെ കുറിച്ചായി ചര്‍ച്ചകള്‍. സാമൂഹിക മാധ്യമങ്ങള്‍ രംഗം കീഴടക്കി. ഈ ഓട്ടത്തില്‍ ഞാനടക്കമുള്ള തലമുറക്ക് ഒപ്പം എത്താനായില്ല. എന്റെ തലമുറ ഏറെ വിഷമിച്ചു. പ്രേക്ഷകരും അവരുടെ ഭാഷയും ആകെ മാറി.

അതേസമയം ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടശേഷം വലതുപക്ഷ രാഷ്ട്രീയം അധികാരം പിടിച്ചുപറ്റി. അത് നിരവധി അസ്വസ്ഥതകളുണ്ടാക്കി. അത് ഞാനടക്കമുള്ള കലാകാരന്മാരെയും വല്ലാതെ അസ്വസ്ഥരാക്കി. മുന്‍പ് വാര്‍ത്തകള്‍ എത്താന്‍ ദിവസങ്ങളെടുത്തു. ഇന്ന് നിമിഷങ്ങള്‍ക്കകം ചുടുവാര്‍ത്തകള്‍ ജനങ്ങളിലെത്തുന്നു. ഇത് എന്റെ തലമുറയില്‍ പലര്‍ക്കും മാനസികാസ്വാസ്ഥ്യങ്ങള്‍ ഉണ്ടാക്കുന്നു. മാനസികാരോഗ്യവും മോശമാക്കുന്നു.

ഈ പശ്ചാത്തലത്തിലാണ് എന്റെ നാടക പ്രവര്‍ത്തനത്തിന് മാറ്റം വരുന്നത്. ജനങ്ങളുമായും പ്രസ്ഥാനങ്ങളുമായും ബന്ധപ്പെട്ടുകൊണ്ടായി എന്റെ നാടകങ്ങള്‍. വനിതകളുടെ പ്രശ്‌നങ്ങള്‍, ആരോഗ്യ പ്രശ്‌നങ്ങള്‍ തുടങ്ങിയവ പ്രമേയമായ നാടകങ്ങള്‍ ഉണ്ടായി. മേധ പട്കര്‍, നരേന്ദ്ര ധാബോല്‍ക്കര്‍ തുടങ്ങിയ ആക്ടിവിസ്റ്റുകള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു തുടങ്ങി. എന്റെ നാടകങ്ങള്‍ സ്വാഭാവികമായും മാറി. അത് സമൂഹത്തിനു വേണ്ടിയുള്ളതായി. പ്രശ്‌നാധിഷ്ഠിത നിരവധി നാടകങ്ങള്‍ ഞാന്‍ ചെയ്തു.


അതുല്‍ പേട്ടെ, ഭാര്യ രോഹിണി പേട്ടെ

കഴിഞ്ഞ നാലഞ്ചുകൊല്ലമായി- അതിനെ എന്റെ നാടക ജീവിതത്തിന്റെ മൂന്നാം ഘട്ടമെന്ന് വിളിക്കാം - പുതിയ നാടകാവിഷ്‌കാരത്തിലേക്കാണ് ഞാന്‍ തിരിഞ്ഞിരിക്കുന്നത്. പരീക്ഷണ നാടകങ്ങള്‍ എന്ന് വേണമെങ്കില്‍ വിളിക്കാം. 'ശബ്ദാഞ്ജി റോജിനിശി' ഇതില്‍ പെട്ടതാണ്. പ്രമുഖ നാടകകകൃത്തായ രാമു രാമനാഥന്റെതാണ് രചന. ഞാനത് മറാഠിയിലേക്ക് തര്‍ജമ ചെയ്തിട്ടുണ്ട്. ഭാഷകള്‍ കുറഞ്ഞു വരുന്നതാണ് പ്രമേയം. ഭാഷകള്‍, പ്രത്യേകിച്ച് ഭാഷയുടെ രാഷ്ട്രീയവും രാഷ്ട്രീയത്തിന്റെ ഭാഷയും മരിച്ചാല്‍ എന്തു സംഭവിക്കുമെന്നതിന്റെ അന്വേഷണമാണ്. ഭാഷയുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങളുണ്ട്. ജനങ്ങള്‍ പലതും ശ്രദ്ധിക്കുന്നില്ല. ജനങ്ങളുടെ ഓര്‍മകള്‍ നശിക്കുന്നു. കോവിഡിന് സമാനമായ പശ്ചാത്തലത്തിലാണ് നാടകം വികസിക്കുന്നത്. 14 കളികള്‍ കഴിഞ്ഞതും മഹാമാരി രാജ്യത്തെത്തി. ഒറ്റപ്പെടല്‍, ഏകാന്തത എന്നിവയാണ് കോവിഡ് സൃഷ്ടിച്ചത്. മനുഷ്യത്വം അപകടത്തിലാവുകയും ചെയ്തു. ഈ സ്ഥിതി നാടകം നേരത്തെ പ്രവചിച്ചിരുന്നു. ഈ നാടകത്തിന് 55 അരങ്ങ് ലഭിച്ചു. കൊല്‍ക്കത്ത, ദല്‍ഹി എന്നിവിടങ്ങളില്‍ ഭാരതരംഗ മഹോത്സവത്തിലും അരങ്ങേറി. ഞാനും എന്റെ മകള്‍ പര്‍ണ പേട്ടെയും അഭിനയിച്ചു. നിപുന്‍ ധര്‍മധിക്കാരിയാണ് സംവിധായകന്‍.

ഇന്ന് നാടകത്തിന്റെയും നാടകപ്രവര്‍ത്തകരുടെയും റോള്‍ വളരെ പ്രധാനമാണ്. കലാകാരന്മാരുടെ ഉത്തരവാദിത്തം വര്‍ധിക്കുകയും ചെയ്തു. ഇന്ന് സമൂഹത്തില്‍ കലക്ക് മറ്റെന്തിനേക്കാള്‍ വളരെ പ്രാധാന്യമുണ്ട്. കലയാണ് ജീവിതത്തിന്റെ പ്രാധാന്യം പഠിപ്പിക്കുന്നത്. സാഹചര്യങ്ങളെ അഭിമുമീകരിക്കാനും പഠിപ്പിക്കുന്നു. അതേസമയം, ഇന്നത്തെ നാടകവേദി വിപണിയുടെ കനത്ത സമ്മര്‍ദത്തിലാണ്. സിനിമയും അനുബന്ധ മേഖലകളുമാണ് മറ്റൊരു വെല്ലുവിളി.

പ്രേക്ഷകര്‍ നാടകം കാണാന്‍ വരികയും അതിന്റെ മാന്ത്രിക പ്രഭാവവും ജൈവികതയും ഉള്‍ക്കൊള്ളുകയും വേണം. ഇതാണ് നാടക മേഖല നേരിടുന്ന വെല്ലുവിളി. ഈ സാഹചര്യത്തില്‍ നാടകത്തെ എത്ര ചിലവു ചുരുക്കിയും ലളിതമാക്കിയും ചെയ്യാനാവും എന്നാണ് ഞാന്‍ ചിന്തിച്ചത്. അതനുസരിച്ചാണ് ഞാന്‍ നാടകങ്ങള്‍ ചെയ്യുന്നത്. എന്റെ സുലൂത്ത് (നാടകം) എന്ന പേരില്‍ ഒരു സംഘമുണ്ടെനിക്ക്. നിരവധി നാടക പ്രവര്‍ത്തകര്‍ക്ക് എനിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുണ്ട്.

പക്ഷേ, നല്ല നാടകങ്ങള്‍ ഉണ്ടായി വരണമെങ്കില്‍ ഫണ്ട് പ്രധാന ഘടകമാണ്. എന്റെ കയ്യിലെ പണമാണ് നാടകത്തിന് ഉപയോഗിക്കാറ്. കുടുംബാംഗങ്ങളുടെ പൂര്‍ണ പിന്തുണ എനിക്കുണ്ട്. പ്രത്യേകിച്ച് ഭാര്യ രോഹിണി പേട്ടെയുടെത്. അവര്‍ ഗസറ്റഡ് ഉദ്യോഗസ്ഥയാണ്. അതിനാല്‍തന്നെ കുടുംബ ചെലവ് സംബന്ധിച്ച തലവേദനയില്ല. പക്ഷേ, നിരവധി പേര്‍ സ്വമനസ്സാലേ എന്റെ നാടകങ്ങളെ സാമ്പത്തിക സഹായം ചെയ്യാറുണ്ട്. എന്നോടൊപ്പമുള്ള നാടകപ്രവര്‍ത്തകരില്‍ പലരും അങ്ങിനെയാണ്. അവര്‍ നയാ പൈസ പ്രതിഫലം വാങ്ങാതെയാണ് പ്രവര്‍ത്തിക്കുന്നത്. അപ്രതീക്ഷിത സഹായങ്ങളും ലഭിക്കാറുണ്ട്. പ്രേക്ഷകരില്‍ നിന്ന് പലപ്പോഴും സംഘത്തിന്റെ യാത്രാ ചിലവുകളും പരസ്യത്തിനുള്ള തുകയും ലഭിക്കാറുണ്ട്. ഞങ്ങളുടെ നാടകങ്ങള്‍ നിലനില്‍ക്കണമെന്ന കാഴ്ച്ചപ്പാടാണ് ഇതിന് അവരെ പ്രേരിപ്പിക്കുന്നത്.

എനിക്ക് ലഭിച്ച പുരസ്‌കാര തുകകള്‍ നാടകത്തിനായാണ് വിനിയോഗിക്കുന്നത്. ഭാരതരംഗ മഹോത്സവത്തില്‍ 'ശബ്ദാഞ്ജി രോശിനിജി' ക്ക് 1.50 ലക്ഷം ലഭിച്ചു. അത് പുതിയ നാടകത്തിനായി മാറ്റി വെച്ചിരിക്കുകയാണ്. നിരവധി സംഘടനകള്‍ക്കും ഗ്രൂപ്പുകള്‍ക്കും ഞാന്‍ ശില്‍പശാല നടത്താറുണ്ട്. അതിലൂടെയുമാണ് പിടിച്ചു നില്‍ക്കുന്നത്. നാടകവേദി വരുമാനമുണ്ടാക്കി തരുമെന്ന് ഞാന്‍ ആരെയും പഠിപ്പിച്ചിട്ടില്ല.

മഹാരാഷ്ട്രക്ക് മോശമല്ലാത്ത നാടക പാരമ്പര്യമുണ്ട്. വിജയ് ടെണ്ടുല്‍ക്കര്‍, വിജയ്‌മേഥ തുടങ്ങി പഴയ തലമുറയില്‍ പലരുമുണ്ട്. സത്യദേബ് ദുബെ, ജബ്ബാര്‍ പട്ടേല്‍ തുടങ്ങിയവരും ഈ നിരയിലുണ്ട്. അമേല്‍പാലേക്കറെ പോലുള്ളവര്‍ പരീക്ഷണ നാടകങ്ങളുടെ പ്രയോക്താക്കളാണ്. പൂനെയില്‍ അദ്ദേഹം ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തി വരികയും ചെയ്യുന്നു. വിജയ് ടെണ്ടുല്‍ക്കര്‍ പ്രമേയത്തിലാണ് പരീക്ഷണം നടത്തിയത്. എന്റെ തലമുറയില്‍ മകരന്ദ് സാഥേ, ഡോ. രാജീവ് നായിക്, ഷഫാത്ത് ഖാന്‍, ജയന്ത് പവാര്‍, രീമാനന്ത് ഗസ് വി എന്നിവരാണ് രചയിതാക്കള്‍. എന്നെ കൂടാതെ ചന്ദ്രകാന്ത് കുല്‍ക്കര്‍ണിയെ പോലെ നിരവധി പരീക്ഷണ നാടകങ്ങള്‍ ചെയ്യുന്നവരുണ്ട്. മകരന്ദ് സാഥേയെ പോലെയുള്ളവരുമായി സഹകരിച്ച് ഉത്തരാധുനിക നാടകങ്ങളാണ് ഞാന്‍ ചെയ്യുന്നത്. ഏറ്റവും കാലികവും ആധുനികവുമായ വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. മോഹിത്ത് ഠാക്കോല്‍ക്കര്‍, ധര്‍മ കീര്‍ത്തി സുമന്ത്, അലോക് രാജ് വാഡേ എന്നിവരടങ്ങിയ പുതുതലമുറ പുതിയ ചുവടുകളാണ് വെക്കുന്നത്. ഞങ്ങളുടേതിനേക്കാള്‍ വളരെ വ്യത്യസ്തമായ സമീപനമാണ് അവരുടേത്. ഞാനിപ്പോള്‍ ചെറിയ ഇടങ്ങളില്‍ അവതരണം നടത്താനാണ് ശ്രമിക്കുന്നത്. ബാംഗ്‌ളൂരില്‍ ആര്‍ക്കിടെക്ച്ചറുമായി ബന്ധപ്പെട്ട പ്രമേയമാണ് ചെയ്തത്. ഇപ്പോള്‍ കഥക് നര്‍ത്തകിയുമായി ബന്ധപ്പെട്ട പ്രമേയത്തില്‍ നാടകം ചെയ്യാന്‍ ശ്രമിക്കുകയാണ്.


മഹാരാഷ്ട്രക്ക് നാടക പാരമ്പര്യവും നിരവധി നാടക പ്രവര്‍ത്തകരുമുണ്ടെങ്കിലും അവിടെ ഒരു രാജ്യാന്തര നാടകോത്സവം ഇതുവരെ സംഘടിപ്പിക്കപ്പെട്ടിട്ടില്ല. കേരളം ഇത്തരം പ്രവര്‍ത്തനങ്ങളാല്‍ സമ്പന്നമാണ്. ഇവിടെ നിരവധി നാടക പ്രവര്‍ത്തകരുണ്ട്. അതില്‍ ദീപന്‍ അടക്കമുള്ള നിരവധി യുവാക്കളുമുണ്ട്. ഏറ്റവും കണ്ടമ്പററി നാടക പ്രവര്‍ത്തകനാണ് ദീപന്‍ ശിവരാമന്‍. ഇറ്റ്‌ഫോക്ക് നമ്മളെ തന്നെ പുതുക്കാന്‍ പോന്നതാണ്. ലോക നാടകവേദികളില്‍ എന്തു നടക്കുന്നു, എന്തെല്ലാം മാറ്റങ്ങളാണ് സംഭവിക്കുന്നത് എന്ന പാഠം ഇറ്റ്‌ഫോക്ക് നമുക്ക് തരുന്നു. നിരവധി പുതിയ കാര്യങ്ങള്‍ ഈ നാടകോത്സവത്തിലൂടെ മനസിലാക്കാന്‍ സാധിക്കുന്നു. അത് ഉള്‍ക്കൊള്ളാന്‍ കൂടിയാണ് മൂന്നാം തവണ പ്രേക്ഷകന്റെ റോളില്‍ ഞാനും ഒപ്പം ഭാര്യയും എത്തിയത്.

TAGS :