Quantcast
MediaOne Logo

ഡോ. പി.കെ പോക്കര്‍

Published: 4 Dec 2022 6:43 PM GMT

ബാബരിപള്ളി പൊളിക്കലും ഫാഷിസവും തമ്മിലെന്ത്

ബാബരി പള്ളി നിലനിന്ന അതേ സ്ഥലത്താണ് 'രാമ ജന്മസ്ഥന്‍ എന്നു ഹിന്ദുക്കള്‍ വിശ്വസിക്കുന്നതായി' കോടതി നിരീക്ഷിക്കുമ്പോള്‍ ബഹുജനങ്ങള്‍ക്ക് കോടതിയിലുണ്ടായിരുന്ന വിശ്വാസത്തെയാണ് ഇത് ബാധിക്കുന്നത്. ഇന്ത്യയിലെ മുഴുവന്‍ ഹിന്ദുക്കളെയും ഒരു സംഘടന പ്രതിനിധാനം ചെയ്യുന്നില്ല. ഹിന്ദുവായി സാങ്കേതികമായി അടയാളപ്പെടുത്തുന്ന പൗരസമൂഹത്തില്‍ തന്നെ മതരഹിതരും അശാസ്ത്രീയ വിശ്വാസത്തെ അവലംബിക്കാത്തവരും ബ്രാഹ്മണ്യത്തിന് പുറത്തു നില്‍ക്കുന്നവരും ഉണ്ട്.

ബാബരിപള്ളി പൊളിക്കലും ഫാഷിസവും തമ്മിലെന്ത്
X

വാസ്തവത്തില്‍ ബാബരി മസ്ജിദ് കേന്ദ്രീകരിച്ചാണ് ഇന്ത്യയില്‍ വംശീയ ഫാഷിസം അതിന്റെ ദംഷ്ട്രകള്‍ ക്രൗര്യ ഭാവത്തില്‍ ആദ്യമായി പുറത്തെടുത്തത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ എഴുതപ്പെട്ട ഭരണഘടനയും നിയമ വ്യവസ്ഥയും, ക്രമസമാധാന പാലനവും നിലനില്‍ക്കുന്നുണ്ടെന്ന വിശ്വാസം മാത്രമല്ല വസ്തുതയുമാണ് ബഹുജനങ്ങളെ ദുരിതങ്ങള്‍ സഹിക്കുമ്പോളും സമാധാനത്തിലും ശാന്തിയിലും നിലനിര്‍ത്തിയിരുന്നത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയും ഭരണകൂട സംവിധാനങ്ങളും രൂപപരമായി ആധുനിക ജനാധിപത്യ സ്വഭാവത്തിലാണ് പ്രവര്‍ത്തിച്ചു വന്നത്. രൂപപരമായി മാത്രമാണെങ്കിലും സാമൂഹികവും ഭരണനിര്‍വഹണപരവുമായ വ്യവസ്ഥയെന്ന നിലയില്‍ മാതൃകാപരമായിരുന്നു നമ്മുടെ രാജ്യം. എന്നാല്‍, 1992 ഡിസംബര്‍ 6 നു ഇന്ത്യന്‍ ജനാധിപത്യവും അതിന്റെ അടിസ്ഥാനമായിരുന്ന നിയമ വ്യവസ്ഥയും കാവിപ്പട പരസ്യമായി തകര്‍ത്തെറിയുകയായിരുന്നു. ഇന്ത്യയെ പോലെ സര്‍വ സന്നാഹങ്ങളോടും കൂടിയ പട്ടാളവും പൊലീസും രഹസ്യപൊലീസും മറ്റ് സുരക്ഷിത സംവിധാനങ്ങളും നിലനില്‍ക്കുന്ന ഒരു രാജ്യത്ത് സംഘ്പരിവാര്‍ സംഘടനകള്‍ രാജ്യത്തെ സര്‍വ സന്നാഹങ്ങളെയും വെല്ലുവിളിച്ചു കൊണ്ട് പരസ്യമായി ഇന്ത്യയിലെയും ലോകത്തെയും ഒരു സമുദായത്തിന്റെ ആരാധനാലയം തച്ചുടക്കുകയായിരുന്നു. മുസ്‌ലിം സമുദായത്തിന്റെ ആരാധനാലയം എന്നതിലുപരി രാജ്യത്തെ മതനിരപേക്ഷ ജനാധിപത്യ സംവിധാനത്തെയാണ് കാവിപ്പട ആര്‍പ്പുവിളികളോടെ മാധ്യമങ്ങളുടെ മുന്നില്‍ നിന്നുകൊണ്ട് തച്ചുടച്ചത്. ഒരു മന്ത്രി മന്ദിരത്തിന് നേരെയോ മറ്റ് അധികാര സ്ഥപനങ്ങള്‍ക്ക് അകത്തോ ഇന്ത്യയിലെ ഏതെങ്കിലും സംഘടനയെ അതിക്രമിച്ചു കടക്കാന്‍ ഭരണകൂടം അനുവദിക്കുമോ. അഥവാ, അവര്‍ കടന്നാല്‍ എന്തായിരിക്കും അതിന്റെ പ്രത്യാഘാതം.

ഒരു പൗരന് മതമോ രാഷ്ട്രീയമോ മാറാം. എന്നാല്‍, ജനിച്ചു വീഴുന്ന ജാതി മുഖത്തെ മറുക് പോലെ അവനെ/അവളെ ജീവിതം മുഴുവന്‍ പിന്തുടരും. പലപ്പോഴും മരണാനന്തരവും. ബുദ്ധന്‍ ജന്മം നല്‍കുകയും കലിംഗ യുദ്ധത്തിന് ശേഷം അശോക ചക്രവര്‍ത്തി വ്യാപിപ്പിക്കുകയും ചെയ്ത ജാതി രഹിത ബുദ്ധമതത്തെ ബ്രാഹ്മണാധികാര വ്യവസ്ഥ തകര്‍ത്തെറിഞ്ഞതാണ്. ഗയയിലെ ബോധി വൃക്ഷത്തെ എന്നെന്നേക്കുമായി വെട്ടിമാറ്റിയത് ഇപ്പോള്‍ വെറും ഒരു കഥയാണ്. നാളെ ബാബരി മസ്ജിദ് വെറുമൊരു കഥയായി മാറ്റപ്പെടും.

ബാബരി മസ്ജിദിനെ ഒരു തര്‍ക്ക ഭൂമിയാക്കി ഇന്ത്യയിലെ മുസ്‌ലിം സമുദായത്തെ അപരവല്‍ക്കരിക്കാന്‍ തുടങ്ങിയപ്പോള്‍ അതിനെ വെറുമൊരു മുസ്‌ലിം ഹിന്ദു ആരാധനാലയ പ്രശ്‌നമാക്കി ചുരുക്കിയ രാജ്യത്തെ ഭരണകൂടം മുതല്‍ രാഷ്ട്രീയ നേതൃത്വങ്ങളും പണ്ഡിതന്മാരുമെല്ലാം വരെ ഇന്നതെ രാജ്യത്തിന്റെ അവസ്ഥക്ക് കാരണക്കാരാണ്. ആധുനിക ക്ഷേമരാഷ്ട്ര സങ്കല്‍പങ്ങളും ഭരണ ഘടനാപരമായ അവകാശങ്ങളും തട്ടിപ്പറിക്കുന്നതിലേക്ക് മൂലധനക്കോയ്മയും ഭരണകൂടവും 1980 കള്‍ക്കൂ ശേഷം രാജ്യത്ത് പരിണമിച്ചത് പകല്‍ വെളിച്ചത്തില്‍ തന്നെയായിരുന്നു. രാജ്യത്തിന്റെ മുക്കിലും മൂലയിലും സംഘ്പരിവാര്‍ സായുധവും വെറുപ്പുല്‍പാദനപരവുമായ ശാഖകള്‍ വളര്‍ത്തിയതും പകല്‍ വെളിച്ചത്തില്‍ തന്നെയാണ്. ജാതി വ്യവസ്ഥയാല്‍ ശ്രേണീകൃത വൈരുധ്യം നിലനിന്ന രാജ്യത്തെ പൗര സമൂഹത്തില്‍ വെറുപ്പും അപരത്വവും അതിന്റെ ഘടനയില്‍ തന്നെ നൂറ്റാണ്ടുകളായി അന്തര്‍ഭവിച്ചിട്ടുണ്ട്. എല്ലാ പൗരന്മാരും സഹോദരീ സഹോദരന്‍മാരാണെന്ന് പ്രതിജ്ഞ ചൊല്ലുന്ന നമ്മുടെ രാജ്യത്ത് ഇപ്പൊഴും കുടിവെള്ളം സ്പര്‍ശിച്ച ദലിത് ബാലന് ക്രൂര ശിക്ഷ ലഭിക്കുന്ന വിദ്യാലയങ്ങള്‍ നിലനില്‍ക്കുന്നു. രാജസ്ഥാനിലെ സുരാന ഗ്രാമത്തിലെ അധ്യാപകന്റെ പ്രഹരമേറ്റ ഇന്ദ്ര മെഘ്‌വാല്‍ എന്ന ബാലന്റെ മരണം ന്യൂസ് ഹവറില്‍ ചര്‍ച്ചയായില്ല. ഒരു കുട്ടി വിദ്യാലത്തില്‍ പ്രഹരമേറ്റ് വധിക്കപ്പെടുന്നു എന്നതിലുപരി ഭാവി തലമുറയെ വാര്‍ത്തെടുക്കേണ്ട അധ്യാപകര്‍ പോലും ഇന്നും രാജ്യത്തു ജാതിവ്യവസ്ഥ നൂറ്റാണ്ടുകള്‍ക്ക് മുന്പ് ഉല്‍പാദിപ്പിച്ച ഉത്തമ-അധമ ധാരണകളില്‍ മുങ്ങിയും മുഴുകിയുമാണ് ജീവിക്കുന്നതെന്ന യഥാര്‍ഥ്യമാണ് ഇത് കാണിക്കുന്നത്. ഗ്രാംഷിയുടെ ഭാഷയില്‍ അധ്യാപകര്‍ ജൈവ ബുദ്ധിജീവികളാണ്. അവരാണ് സമൂഹത്തിനു മാതൃകയാവേണ്ട ധൈഷണികര്‍. എന്നാല്‍, രാജ്യത്തെ മാതൃകകള്‍ തന്നെ ജീര്‍ണതയുടെ പര്യായമായി നിലനില്‍ക്കുമ്പോള്‍ രാജ്യത്തിന് എങ്ങിനെ മാറാന്‍ കഴിയുമെന്ന ചോദ്യം അഭിമുഖീകരിച്ചേ മതിയാവൂ.

വാസ്തവത്തില്‍ അംബേദ്കര്‍ നിരീക്ഷിച്ചപ്പോലെ ജാതി വ്യവസ്ഥയാണ് ഇന്ത്യ നേരിടുന്ന എക്കാലത്തെയും ഭീഷണി. കാരണം, രാജ്യത്തെ ജനതയെ പരസ്പരം അന്യരാക്കി മുദ്രകുത്താനും പരസ്പരം അകറ്റാനും ജന്മം കൊണ്ട് പരിശീലനം ലഭിക്കുന്ന ഒരു സാമൂഹിക ഘടനയാണ് ജാതി സമൂഹം. ഒരു ദേശത്തിനകത്ത് ജനിച്ചു വളരുന്ന ബഹുജനങ്ങള്‍ക്കിടയില്‍ അതിരുകളും മതിലുകളും കെട്ടിപ്പോക്കിയതിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഗാന്ധിജിയും അംബേദ്കറൂം തമ്മില്‍ തര്‍ക്കമുണ്ടായതും ഈ വിഷയത്തിലാണ്. പ്രാക് ധനസഞ്ചയ പ്രാചീന കാലംമുതല്‍ ബ്രാഹ്മണ കേന്ദ്രീകൃത സാമൂഹിക വ്യവസ്ഥയാണ് ഇവിടെ പവിത്രമെന്നും ദൈവീകമെന്നും അടയാളപ്പെടുത്തി സംരക്ഷിച്ചു പോന്നത്. അത് കൊണ്ടാണ് ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമൂല അതഹത്യാ കുറിപ്പില്‍ സ്വന്തം ജന്മം തന്നെ മാരകമായ ഒരു ആകസ്മികതയായി എഴുതിവെച്ചത്. ഒരു പൗരന് മതമോ രാഷ്ട്രീയമോ മാറാം. എന്നാല്‍, ജനിച്ചു വീഴുന്ന ജാതി മുഖത്തെ മറുക് പോലെ അവനെ/അവളെ ജീവിതം മുഴുവന്‍ പിന്തുടരും. പലപ്പോഴും മരണാനന്തരവും. ബുദ്ധന്‍ ജന്മം നല്‍കുകയും കലിംഗ യുദ്ധത്തിന് ശേഷം അശോക ചക്രവര്‍ത്തി വ്യാപിപ്പിക്കുകയും ചെയ്ത ജാതി രഹിത ബുദ്ധമതത്തെ ബ്രാഹ്മണാധികാര വ്യവസ്ഥ തകര്‍ത്തെറിഞ്ഞതാണ്. ഗയയിലെ ബോധി വൃക്ഷത്തെ എന്നെന്നേക്കുമായി വെട്ടിമാറ്റിയത് ഇപ്പോള്‍ വെറും ഒരു കഥയാണ്. നാളെ ബാബരി മസ്ജിദ് വെറുമൊരു കഥയായി മാറ്റപ്പെടും. മിത്തുകള്‍ ഉല്‍പാദിപ്പിക്കേണ്ടത് പുനരുത്ഥാനപരമായ കാലത്ത് ഭരണകൂടങ്ങള്‍ക്ക് അനിവാര്യമാണ്.

സനാതന ഹിന്ദുവായി സദാ ഭഗവദ്ഗീതയെ മാറോട് ചേര്‍ത്തു പിടിച്ചും വ്യാഖ്യാനിച്ചും നടന്നിട്ടും മറ്റുള്ളവരെ, പ്രത്യേകിച്ചു മുസ്‌ലിംകളെ ശത്രുവായും അന്യരായും കാണാത്ത ഒരേ ഒരു കുറ്റത്തിനാണ് ഗാന്ധിജിയെ വധിച്ചതും, ഇപ്പൊഴും ഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ ഗാന്ധിയുടെ പ്രതിമയില്‍ നിറയൊഴിച്ചു ആഹ്ലാദിക്കുന്നതും. അപരവല്‍കരണവും വംശീയവും ജാതീയവുമായ വിവേചനവും അടിസ്ഥാനമാക്കി നിലനിന്ന മനുവാദ ഭൂതകാലത്തിലേക്ക് രാജ്യം അതിവേഗം പിന്നിലേക്ക് നടന്നുകൊണ്ടിരിക്കുകയാണ്.

ഇസ്‌ലാം മതവും ക്രിസ്തുമതവും കൊളോണിയല്‍ ആധുനികതയും ജാതി വ്യവസ്ഥയെ ഉല്ലംഘിക്കുന്ന ജീവിത രീതികള്‍ രാജ്യത്തു സമാന്തരമായി ഉല്‍പാദിപ്പിക്കാന്‍ തുടങ്ങിയത് ബ്രാഹ്മണ്യത്തിന് സഹിക്കാവുന്നതായിരുന്നില്ല. ജാതി അടഞ്ഞ ജീവിത വ്യവസ്ഥയായതിനാല്‍ അതില്‍ നിന്നും പുറത്തു കടക്കാന്‍ ബഹുജനങ്ങള്‍ക്ക് എളുപ്പമല്ല. ബഹുജനങ്ങള്‍ ഒന്നിക്കുന്ന പൊതുമണ്ഡലങ്ങള്‍ ഇന്ത്യയില്‍ രൂപപ്പെട്ടതും വികസിച്ചതും കൊളോണിയല്‍ ആധുനികതയുടെയും ആധുനിക കമ്പോള വ്യവസ്ഥയുടെയും ഭാഗമായാണ്. അപ്പോഴും പ്രവിശ്യകളിലെ സാമ്പ്രദായിക ഭരണവര്‍ഗത്തെ തൃപ്തിപ്പെടുത്താന്‍ കൊളോണിയല്‍ ഭരണാധികാരികള്‍ ബദ്ധശ്രദ്ധരായിരുന്നു. എന്നാല്‍, മുസ്‌ലിം ക്രിസ്തീയ-സമൂഹങ്ങള്‍ ജാതിവ്യവസ്ഥക്ക് പുറത്തു വേറിട്ട ജീവിത വ്യവസ്ഥയായി നിലനില്‍ക്കുന്നത് ബ്രാഹ്മണാധികാര വ്യവസ്ഥയുടെ നിലനില്‍പ്പിന് ഭീഷണിയാകുന്നത് ബ്രഹ്മണ നേതൃത്വം ശ്രദ്ധിക്കാന്‍ തുടങ്ങി. അങ്ങിനെയാണ് ഇന്ത്യയില്‍ ആര്‍.എസ്.എസ് രൂപീകരിക്കപ്പെടുന്നത്. രാജ്യത്താകമാനം ശാഖകള്‍ ആരംഭിക്കുന്നത്തും ഡോ. മുഞ്ചെ ഇറ്റലിയില്‍ പോയി ഫാഷിസ്റ്റ് സ്ഥാപനങ്ങളുടെ മാതൃകകള്‍ സ്വീകരിക്കുന്നതും രാജ്യത്തെ ഇതര ജീവിത വ്യവസ്ഥകള്‍ തകര്‍ക്കാനും കപട ദേശീയതയുടെ വികാരം ഉല്‍പാദിപ്പിച്ചു ബ്രഹ്മണാധികാര വ്യവസ്ഥ പുനഃസ്ഥാപിക്കാനുമായിരുന്നു. സവര്‍ക്കര്‍, ഹെഗ്‌ഡേവര്‍, ഗോള്‍വാള്‍ക്കര്‍ മുതലായവര്‍ ആഭ്യന്തര ശത്രുക്കളെ അടയാളപ്പെടുത്തി മനുവാദ രാഷ്ട്രീയത്തിന്റെ സമ്പൂര്‍ണ പുനരുജ്ജീവനത്തിന് വേണ്ട സിദ്ധാന്തങ്ങള്‍ അവതരിപ്പിച്ചു.

വളരെക്കാലം ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്ന ഗണിത ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദമുള്ള സുധീഷ് മിന്നി അദ്ദേഹത്തിന്റെ ആത്മകഥാപരമായ പുസ്തകത്തില്‍ പറയുന്ന പോലെ ബ്രാഹ്മണ്യവും അപര വിരോധവും മാത്രമാണു ആര്‍.എസ്.എസ്സിന്റെ പ്രവര്‍ത്തന മേഖല. ക്രിസ്ത്യന്‍ മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അപര ശത്രുത വളര്‍ത്താന്‍ നിയോഗിക്കപ്പെട്ട അനുഭവം സുധീഷ് അതില്‍ വിവരിക്കുന്നുണ്ട്. അതിനെക്കാളുപരി പിന്നോക്ക ജാതിയില്‍പെട്ട സുധീഷിന് ഉത്തരേന്ത്യയില്‍ പൂണൂല്‍ ധരിച്ചു പ്രവര്‍ത്തനത്തിന് പോകേണ്ടി വന്നതും പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. അതായത്, നമ്മുടെ രാജ്യത്തു ഇന്നത്തേത് പോലെ വംശഹത്യയുടെയും ബീഫ് നിരോധത്തിന്റെയും പൗരത്വ നിഷേധത്തിന്റെയും ആള്‍ക്കൂട്ട ഹത്യകളുടെയും അന്തരീക്ഷം സ്വയം ഭൂവായതല്ലെന്ന കാര്യമാണ് പറഞ്ഞുവരുന്നത്. മഹാത്മാ ഗാന്ധിജിയെ ഹീനമായി വധിച്ചത് മുതല്‍ ഇന്നോളമുള്ള സംഘ്പരിവാര്‍ ചരിത്രം അപര വിദ്വേഷത്തിന്റെയും വംശീയ ശുദ്ധീവാദ മനുവാദ ആശയാധികാര വ്യവസ്ഥയുടേതുമാണ്.

എല്ലാ മതങ്ങളെയും തുല്യമായി സമീപിക്കാനും, പ്രാര്‍ഥനകളില്‍ ഖുറാനോ ബൈബിളോ ഉള്‍പ്പെടുത്താനും തയാറായി എന്ന ഒരേ ഒരു കുറ്റമാണ് ബ്രാഹ്മണ്യ ഹിന്ദുത്വത്തിന് ഗാന്ധിജിയെ വധിക്കാന്‍ കാരണമായത്. സനാതന ഹിന്ദുവായി സദാ ഭഗവദ്ഗീതയെ മാറോട് ചേര്‍ത്തു പിടിച്ചും വ്യാഖ്യാനിച്ചും നടന്നിട്ടും മറ്റുള്ളവരെ, പ്രത്യേകിച്ചു മുസ്‌ലിംകളെ ശത്രുവായും അന്യരായും കാണാത്ത ഒരേ ഒരു കുറ്റത്തിനാണ് ഗാന്ധിജിയെ വധിച്ചതും, ഇപ്പൊഴും ഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ ഗാന്ധിയുടെ പ്രതിമയില്‍ നിറയൊഴിച്ചു ആഹ്ലാദിക്കുന്നതും. അപരവല്‍കരണവും വംശീയവും ജാതീയവുമായ വിവേചനവും അടിസ്ഥാനമാക്കി നിലനിന്ന മനുവാദ ഭൂതകാലത്തിലേക്ക് രാജ്യം അതിവേഗം പിന്നിലേക്ക് നടന്നുകൊണ്ടിരിക്കുകയാണ്. ബാബരി മസ്ജിദ് പൊളിച്ച് കൊണ്ട് രാജ്യത്തു പ്രകടിപ്പിച്ച വിദ്വേഷ കേന്ദ്രിത രാഷ്ട്രീയം പത്തു വര്‍ഷം കഴിഞ്ഞപ്പോള്‍ രാജ്യത്തെയും ലോകത്തെയും നടുക്കിയ ഗുജറാത്ത് വംശഹത്യയിലാണ് കലാശിച്ചത്. ആക്രാമക ആര്‍പ്പുവിളികള്‍ ഒരു അടിപ്പടത്തിലെന്നോണം ആസ്വദിക്കുന്ന ആള്‍കൂട്ടത്തെ ഇവിടെ സൃഷ്ടിക്കാന്‍ എങ്ങിനെ കഴിഞ്ഞു എന്നതാണു ചോദ്യം. യഥാര്‍ഥത്തില്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ തെരുവിലും വഴിയോരങ്ങളിലും എറിയപ്പെട്ട പാവപ്പെട്ട മനുഷ്യരെയാണ് കൃത്രിമമായി സൃഷ്ടിക്കപ്പെട്ട സങ്കല്‍പ്പ ശത്രുവിന് നേരെ ഇളക്കിവിട്ടതെന്ന് ഗുജറാത്ത് നല്‍കിയ പാഠമാണ്. കൊലയാളികള്‍ക്ക് മുന്നില്‍ കൈകൂപ്പി നിന്ന ഖുതുബ്ദീന്‍ അന്‍സാരിയുടെ ഫോട്ടോ ലോകം കാണുമ്പോഴും അര്‍ധ സത്യം മാത്രമാണു അവര്‍ അറിഞ്ഞത്. ബി.ബി.സി ഈ വാര്‍ത്ത നല്‍കിയപ്പോള്‍ ' മതപരമായ ലഹളയില്‍''(Religious riots) നിസ്സഹായനായ ഒരു മുസ്‌ലിം എന്നാണ് വിശേഷിപ്പിച്ചത്. മിക്കവാറും മുഖ്യധാരാ മാധ്യമങ്ങള്‍ ലഹളയെന്നാണ് വംശീയ ഹത്യയെ (Genocide) വിശേഷിപ്പിച്ചത്. കളിക്കളത്തില്‍ ഇറങ്ങാത്ത ഒരു വിഭാഗത്തെ കളിയുടെ ടീമായി ചിത്രീകരിക്കുന്ന ഈ രീതിയാണ് മുസ്‌ലിം വിരോധത്തെ കൂടുതല്‍ വ്യാപിപ്പിക്കുന്നത്. ഗുജറാത്തില്‍ ലഹള ഉണ്ടായിരുന്നില്ലെന്നും ഏകപക്ഷീയമായി മുസ്‌ലിം വംശഹത്യയാണ് അരങ്ങേറിയതെന്നും പിന്നീട് മാത്രമാണു അനാവരണം ചെയ്യപ്പെട്ടത്. ഇറാഖും അമേരിക്കയുമായി യുദ്ധം എന്നു നിരന്തരം പറയുന്നതിലൂടെ എങ്ങിനെയാണോ അധിനിവേശത്തെ യുദ്ധമായി തെറ്റിദ്ധരിച്ചത്, അതേപോലെയാണ് വംശഹത്യകളെ വര്‍ഗീയ ലഹളയെന്നും, മതപരമായ കലാപമെന്നും മാധ്യമങ്ങള്‍ വിശേഷിപ്പിക്കുമ്പോള്‍ സംഭവിക്കുന്നത്. നമ്മുടെ വികാരങ്ങള്‍ നിര്‍ണയിക്കുന്നത് വാര്‍ത്തകളാണ്. വാര്‍ത്തകളുടെ ഭാഷയില്‍ നമ്മള്‍ ജീവിക്കുന്നു. മുസ്‌ലിം പേരുകള്‍ പോലും ഭീകരതയുടെ അടയാളമാക്കി പരിവര്‍ത്തിപ്പിക്കാന്‍ സംഘ്പരിവാറിന് സാധിച്ചത് എങ്ങിനെയാണ്. സത്യത്തെ തിരിച്ചു പിടിക്കാന്‍ കഴിയുമോ എന്നതാണു ഇന്ന് രാജ്യം ഒന്നിച്ചു ചോദിക്കേണ്ട ചോദ്യം.

ദേശ സ്‌നേഹം/ദേശദ്രോഹം എന്ന ദ്വന്ദത്തെ പ്രത്യയ ശാസ്ത്രത്തിന്റെയും നിയമ വ്യവസ്ഥയുടെയും കേന്ദ്രത്തില്‍ സ്ഥാപിച്ചു കൊണ്ട് നീതി/അനീതി എന്ന ഭരണഘടനാപരമായ നീതിനിര്‍വഹണ തത്വത്തെ അപ്രസക്തമാക്കി. ജസ്റ്റിസ് ചന്ദ്രു അടുത്തകാലത്ത് പറഞ്ഞത് മേശക്ക് ചുറ്റും ഭരണഘടന ചര്‍ച്ച ചെയ്ത സന്ദര്‍ഭത്തില്‍ സെക്കുലര്‍ സോഷ്യലിസ്റ്റ് എന്ന പദസമുച്ചയം പോലും വിട്ടുപോകുന്നതിലേക്ക് രാജ്യം മാറിയിട്ടുണ്ട്.

ആധുനികാനന്തരം ഭരണകൂടത്തിന് പ്രതിരോധങ്ങളെയും എതിര്‍പ്പുകളെയും നീര്‍വീര്യമാക്കാന്‍ എളുപ്പമുള്ള രാഷ്ട്രീയ കാലാവസ്ഥയാണ് രൂപപ്പെട്ടത്. വന്‍കിട മാധ്യമങ്ങളും വിനോദവ്യവസായവും വികാസം പ്രാപിക്കുക വഴി കോര്‍പ്പറേറ്റുകള്‍ക്കും ഭരണകൂടങ്ങള്‍ക്കും സംയുക്തമായി പൗര സമൂഹത്തെ നിയന്ത്രിക്കാന്‍ കൂടുതല്‍ ശേഷി ആര്‍ജിക്കാന്‍ കഴിഞ്ഞു. സോവിയറ്റ് തകര്‍ച്ചക്ക് ശേഷം ചിന്തിക്കുന്ന മനുഷ്യരെ അപ്രസക്തമാക്കും വിധത്തില്‍ ആശയാധികാരവ്യവസ്ഥ (Hegemony) സര്‍വ മണ്ഡലങ്ങളെയും കീഴടക്കി. സാമ്രാജ്യത്തവും സയണിസവും കൈകോര്‍ത്തുകൊണ്ടു എല്ലാ പ്രതിരോധങ്ങളെയും ലോകവ്യാപകമായി നീര്‍വീര്യമാക്കാന്‍ തുടങ്ങി. ചിന്തിക്കുന്നവരെയും പ്രതികരിക്കുന്നവരെയും ദേശ വിരുദ്ധരും അര്‍ബാന്‍ നക്‌സലുകളും ജിഹാദികളും ആക്കി മുദ്രകുത്തി തടവറകള്‍ക്കുള്ളിലേക്ക് മാറ്റി. ഭയചകിതരായ മനുഷ്യരുടെ ചിന്തിക്കുന്ന തലകള്‍ വിറങ്ങലിക്കാന്‍ തുടങ്ങി. ദേശ സ്‌നേഹം/ദേശദ്രോഹം എന്ന ദ്വന്ദത്തെ പ്രത്യയ ശാസ്ത്രത്തിന്റെയും നിയമ വ്യവസ്ഥയുടെയും കേന്ദ്രത്തില്‍ സ്ഥാപിച്ചു കൊണ്ട് നീതി/അനീതി എന്ന ഭരണഘടനാപരമായ നീതിനിര്‍വഹണ തത്വത്തെ അപ്രസക്തമാക്കി. ജസ്റ്റിസ് ചന്ദ്രു അടുത്തകാലത്ത് പറഞ്ഞത് മേശക്ക് ചുറ്റും ഭരണഘടന ചര്‍ച്ച ചെയ്ത സന്ദര്‍ഭത്തില്‍ സെക്കുലര്‍ സോഷ്യലിസ്റ്റ് എന്ന പദസമുച്ചയം പോലും വിട്ടുപോകുന്നതിലേക്ക് രാജ്യം മാറിയിട്ടുണ്ട്. സെക്കുലറിസം, സോഷ്യലിസം എന്നീ പരികല്‍പനകള്‍ ഭരണഘടനയില്‍ വെറുതെ എഴുതി വിട്ടതല്ല. ഭരണഘടന ആവിഷ്‌കരിച്ച സന്ദര്‍ഭത്തില്‍ ഡോ. അംബേദ്കര്‍ വിഭാവനം ചെയ്ത ഒരു ബഹു സംസ്‌കാര ജനാധിപത്യ സമഭാവനയില്‍ അധിഷ്ഠിതമായ സ്വപ്നത്തിന്റെ പ്രകാശനമായിരുന്നു ആ പ്രയോഗം.

ഗുജറത്ത് വംശഹത്യയെ തുറന്നു കാണിക്കാനും ഇരകള്‍ക്ക് നിയമ സഹായം നല്‍കാനും തയ്യാറായതിന്റെ പേരില്‍ ടീസ്റ്റ സെറ്റല്‍വാദിനെയും ആര്‍.ബി ശ്രീകുമാറിനെയും തടവിലാക്കാന്‍ ജുഡീഷ്യറിയുടെ ഒരു പരാമര്‍ശത്തെയാണ് ഭരണകൂടം ഉപയോഗിച്ചത്. മാത്രമല്ല പിഞ്ചു കുഞ്ഞടക്കം ഒന്‍പതു പേരെ ക്രൂരമായി വധിക്കുകയും ബില്‍കീസ് ബാനുവിനെ ആള്‍കൂട്ടത്തിന് മുന്നില്‍ പരസ്യമായി ബലാത്സംഗം ചെയ്യുകയും ചെയ്ത് ശിക്ഷിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന പ്രതികളെ വെറുതെ വിടുക മാത്രമല്ല, അവര്‍ക്ക് പരസ്യമായി മധുര പലഹാരം നല്‍കി സ്വീകരിക്കുകയും ചെയ്തു. ഈ നടപടിയെ കാടത്തമെന്ന് വിളിച്ചാല്‍ കാട്ടിലുള്ള മാന്യ മൃഗങ്ങളെ അപമാനിക്കലായിരിക്കും. അതിനാല്‍ ഇന്ത്യന്‍ ഫാഷിസത്തിന് മനുസ്മൃതിയുടെ പിന്തുണ കൂടിയുണ്ട്. ആധുനികമായ സംഘാടനവും പ്രാകൃതമായ ആശയാധികാരവും കൂട്ടിച്ചേര്‍ത്തു രൂപം കൊടുത്ത ഫാഷിസത്തെ ചെറുക്കാന്‍ ബഹുജനങ്ങളുടെ ഐക്യവും ജനാധിപത്യ വാദികളുടെ ഏകീകരണവും അനിവാര്യമാണ്.

എം.എഫ് ഹുസൈനെ പോലെ ഒരു ലോകപ്രശസ്ത കലാകാരന്‍ രാജ്യം വിടേണ്ടിവന്നപ്പോള്‍ അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരന്‍ സംഘ്പരിവാര്‍ ഇതര കക്ഷികള്‍ക്കോ ബുദ്ധിജീവികള്‍ക്കൊ ശ്രമിക്കാന്‍ പോലും സാധിച്ചില്ല. മനഃശാസ്ത്രജ്ഞനായ ഫ്രോയിഡിന്റെ സഹോദരിമാരെ ഹിറ്റ്‌ലര്‍ ഗാസ് ചേംബറില്‍ ചുട്ടെങ്കിലും അന്താരാഷ്ട്ര ബുദ്ധിജീവി സമൂഹം ഫ്രോയിഡിനെ ലണ്ടനിലേക്ക് രക്ഷപ്പെടുത്തുകയായിരുന്നു. എന്നാല്‍, ഇപ്പോള്‍ അത്തരത്തിലുള്ള ഇടപെടലുകള്‍ എന്തുകൊണ്ട് ഉണ്ടാവുന്നില്ല. ബാബരി മസ്ജിദ് ഒരു മുസ്‌ലിം ആരാധനാ സ്ഥലമാക്കി ചുരുക്കിയ പോലെ ഹുസൈനെ വെറുമൊരു വ്യക്തിയായി മുഖ്യധാര സമീപിച്ചതിനാലാണ് വെറുപ്പിന്റെ വ്യാപാരികള്‍ വിജയിച്ച് മുന്നേറുന്നത്. ഇന്ത്യയിലെ ബഹുസ്വര ജനാധിപത്യമാണ് സംഘ്പരിവാര്‍ ലക്ഷ്യമിടുന്നതെന്ന് തിരിച്ചറിയാന്‍ വൈകിയത് ഒരു രാജ്യത്തെ സമ്പൂര്‍ണമായി തകര്‍ക്കാനുള്ള അവസരമാണ് സൃഷ്ടിക്കുന്നത്. മുതലാളിത്തപരമായ വികസനം പോലും അസാധ്യമാക്കും വിധം സ്വജനപക്ഷ വംശീയ സങ്കുചിത മുതലാളിത്തത്തിനാണ് ഇത് വഴിവെച്ചത്. ജര്‍മനിയില്‍ ഇതിനെ സ്വജന പക്ഷ ഭരണകൂട മുതലാളിത്ത്വം (Nepotistic State Capitalism ) എന്നാണ് സാമ്പത്തിക ശാസ്ത്രജ്ഞനായ പൊള്ളോക്ക് വിശേഷിപ്പിച്ചത്. സൂക്ഷ്മമായി പഠിച്ചാല്‍ സയണിസത്തിന് വിത്ത് പാകിയതും ഹിറ്റ്‌ലറുടെ ഫാഷിസം തന്നെയാണ്. സമ്പന്ന ജൂതരെ ഫലസ്തീനിലേക്ക് മാറ്റി താമസിപ്പിച്ചതുമായുള്ള കെന്‍ ലിവിങ്ഗ്‌സ്റ്റെന്‍ വിവാദം ചിലകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കാരണമായിട്ടുണ്ട്. ക്ലാസിക്കല്‍ ഫാഷിസമായാലും ഇന്ത്യയിലെ നവ ഫാഷിസമായാലും വംശശുദ്ധി വാദ കേന്ദ്രീതമായും അപര വിദ്വേഷത്തെ ഇന്ധനമാക്കി പ്രവര്‍ത്തിച്ചു കൊണ്ടുമാണ് കൊടും ക്രൂരതകള്‍ക്ക് തീകൊളുത്തുന്നത്. അങ്ങിനെ ആളിക്കത്തുന്ന ഫാഷിസ്റ്റ് അഗ്‌നികുണ്ഡത്തിലേക്കാണു ഇപ്പോള്‍ രാജ്യം അതിവേഗം നീങ്ങുന്നത്.

വസ്തു തര്‍ക്കങ്ങളില്‍ കോടതി വികാരങ്ങളെ അവലംബിച്ച് വിധി പ്രസ്താവിക്കാറുണ്ടോ. അഥവാ, അങ്ങിനെ ഉണ്ടെങ്കില്‍ ആ സ്ഥലത്തു പ്രാര്‍ഥിച്ചുകൊണ്ടിരുന്നവര്‍ക്കും ആ വസ്തു കൈവശം വെച്ചവര്‍ക്കും ആ വിഭാഗം ഉല്‍കൊള്ളുന്ന മുസ്‌ലിം സമുദായത്തിനും വികാരമില്ലെ? നിയമ വിദഗ്ധര്‍ ഈ വിധിയെ എഴുപതിറ്റാണ്ടു കാലത്തെ നടപടിക്രമങ്ങള്‍ തെറ്റിച്ച ആദ്യ വിധിയായാണ് വിലയിരുത്തിയത്.

ബാബരി മസ്ജിദ് പൊളിച്ചത് വാസ്തവത്തില്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ കുറ്റ കൃത്യമാണ്, നിയമ വിരുദ്ധമായി സംഘം ചേരല്‍, ആയുധങ്ങള്‍ ഉപയോഗിക്കല്‍, അതിക്രമിച്ചു കടക്കല്‍, ആരാധനാലയം തകര്‍ക്കല്‍, മത സ്പര്‍ധ ഉണ്ടാക്കല്‍ തുടങ്ങി രാജ്യത്തിന്റെ അഖണ്ഡതക്കും ദേശ സുരക്ഷക്കും ഭീഷണിയാവും വിധത്തില്‍ പ്രവര്‍ത്തിക്കല്‍ വരെയുള്ള കുറ്റകൃത്യങ്ങള്‍ ലോകമൊട്ടുക്കും ദൃശ്യ മാധ്യമങ്ങളില്‍ തെളിഞ്ഞു കണ്ട കാര്യങ്ങളാണ്. എന്നിട്ടും ഈ കേസന്വേഷിക്കുന്ന പ്രത്യേക സി.ബി.ഐ കോടതി കുറ്റവാളികളെ മുഴുവന്‍ വെറുതെവിടുകയാണ് ചെയ്തത്. എല്‍.കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഉമാ ഭാരതിയും വെറുതെ വിട്ടവരില്‍ ഉള്‍പ്പെടുന്നു. ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന വിധിപ്രസ്താവങ്ങളാണ് ദൗര്‍ഭാഗ്യവശാല്‍ ബാബരിപള്ളി പൊളിച്ചതുമുതല്‍ അതുമായി ബന്ധപ്പെട്ടു ഉണ്ടായിട്ടുള്ളത്. പരസ്പര വിരുദ്ധമായി സംസാരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും ഫാഷിസ്റ്റ് രീതിയാണ്. എന്നാല്‍, നീതിന്യായ വ്യവസ്ഥ എപ്പോഴും യുക്തി ഭദ്രവും വസ്തുനിഷ്ടവും ആയാണ് പ്രവര്‍ത്തിക്കുക. 1950 ല്‍ ഗോപാല്‍ സിംല വിഷാരദു ഫൈസാബാദ് കോടതിയില്‍ ''തര്‍ക്ക'' മന്ദിരത്തില്‍ പ്രാര്‍ഥിക്കാനുള്ള സമ്മതമാണ് ആവശ്യപ്പെട്ടത്. പരമഹംസ രാമചന്ദ്ര ദാസ് അതിനകത്തെ 1949 ല്‍ സ്ഥാപിച്ച ശ്രീരാമ വിഗ്രഹം നിലനിര്‍ത്താനും ആരാധന അനുവദിക്കാനുമാണ് കോടതിയെ സമീപിച്ചത്. ആ നിലപാടില്‍ ഉറച്ചു നിന്നാല്‍ ആ മന്ദിരം പൊളിക്കാതെ നിലനിര്‍ത്താനും വിട്ടുകിട്ടാനുമായിരുന്നു വാദിക്കേണ്ടതും പ്രവര്‍ത്തിക്കേണ്ടതും. പ്രാര്‍ഥനയോ വിഗ്രഹമോ ഭക്തിയോ ആയിരുന്നില്ല ലക്ഷ്യം, അവിടെ വര്‍ഗീയ താല്‍പര്യമായിരുന്നു ഏക ലക്ഷ്യം. രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ഒരു ഉപാധി മാത്രമായിരുന്നു ബാബരി പള്ളിയെ കേന്ദ്രീകരിച്ചുള്ള സംഘ്പരിവാര്‍ അജണ്ട.

2019 ല്‍ സുപ്രീം കോടതിയില്‍ നിന്നുണ്ടായ വിധി എല്ലാ ജനാധിപത്യവാദികളിലും ആശങ്ക ഉണ്ടാക്കിയതാണ്. 1985 നു മുന്‍പ് ആവശ്യപ്പെടാത്ത കാര്യമാണ് ''വികാരത്തെ'' മുന്‍നിര്‍ത്തി കോടതി അനുവദിച്ചിരിക്കുന്നത്. വസ്തു തര്‍ക്കങ്ങളില്‍ കോടതി വികാരങ്ങളെ അവലംബിച്ച് വിധി പ്രസ്താവിക്കാറുണ്ടോ. അഥവാ, അങ്ങിനെ ഉണ്ടെങ്കില്‍ ആ സ്ഥലത്തു പ്രാര്‍ഥിച്ചുകൊണ്ടിരുന്നവര്‍ക്കും ആ വസ്തു കൈവശം വെച്ചവര്‍ക്കും ആ വിഭാഗം ഉല്‍കൊള്ളുന്ന മുസ്‌ലിം സമുദായത്തിനും വികാരമില്ലെ? നിയമ വിദഗ്ധര്‍ ഈ വിധിയെ എഴുപതിറ്റാണ്ടു കാലത്തെ നടപടിക്രമങ്ങള്‍ തെറ്റിച്ച ആദ്യ വിധിയായാണ് വിലയിരുത്തിയത്. ബാബരി പള്ളി നിലനിന്ന അതേ സ്ഥലത്താണ് ''രാമ ജന്മസ്ഥന്‍ എന്നു ഹിന്ദുക്കള്‍ വിശ്വസിക്കുന്നതായി'' കോടതി നിരീക്ഷിക്കുമ്പോള്‍ ബഹുജനങ്ങള്‍ക്ക് കോടതിയിലുണ്ടായിരുന്ന വിശ്വാസത്തെയാണ് ഇത് ബാധിക്കുന്നത്. ഇന്ത്യയിലെ മുഴുവന്‍ ഹിന്ദുക്കളെയും ഒരു സംഘടന പ്രതിനിധാനം ചെയ്യുന്നില്ല. ഹിന്ദുവായി സാങ്കേതികമായി അടയാളപ്പെടുത്തുന്ന പൗരസമൂഹത്തില്‍ തന്നെ മതരഹിതരും അശാസ്ത്രീയ വിശ്വാസത്തെ അവലംബിക്കാത്തവരും ബ്രാഹ്മണ്യത്തിന് പുറത്തു നില്‍ക്കുന്നവരും ഉണ്ട്. രാജ്യത്തെ ബഹുസ്വര പൊതുമണ്ഡലത്തെ ഇതുപോലെ ലളിതവല്‍കരിച്ചു കാണുമ്പോള്‍ ഇങ്ങിനെ പറയേണ്ടി വരുന്നു,''വിധി ദുര്‍ബലമാകുമ്പോള്‍ വിവേചനം ശക്തമാണ്''(When the judgment is weak the prejudice is strong, Kana O'Hara)

മനുവാദഹിന്ദുത്വ അജണ്ട താല്‍കാലിക വിജയങ്ങളിലൂടെ മുന്നേറുമ്പോഴും നമുക്ക് മറക്കാതിരിക്കാന്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ ചോരപ്പുഴ ഒഴുകിയ കലിംഗ യുദ്ധമുണ്ട്. ചോരപ്പുഴ നീന്തിക്കയറിയ അശോകന്‍ പിന്നീടുള്ള കാലം ബ്രാഹ്മണാധികാര വ്യവസ്ഥയെ ചോദ്യം ചെയ്തുകൊണ്ട് ബുദ്ധ പക്ഷത്തേക്ക് മാറുകയായിരുന്നു. ചരിത്രം ഒരിക്കലും അവസാനിക്കുന്നില്ല. ജര്‍മാന്‍ ഫാഷിസ്റ്റ് കാലത്ത് രാജ്യം വിട്ടു പോകേണ്ടിവന്ന പ്രശസ്ത കവിയും ചിന്തകനും നാടകകാരനുമായ ബ്രെക്ത് ഇങ്ങിനെ എഴുതി:

കറുപ്പോ, വെളുപ്പോ തവിട്ടോ മഞ്ഞയോ

നിങ്ങളുടെ പഴയ തര്‍ക്കങ്ങള്‍ ഉപേക്ഷിക്കുക

സഹജീവികളോട് സംസാരിക്കാന്‍ തുടങ്ങിയാല്‍

നിങ്ങള്‍ക്ക് വേഗം ഒന്നിക്കാന്‍ കഴിയും.

മറക്കാതെ മുന്നോട്ട്

നമ്മുടെ ശക്തി അവിടെ കാണാം

വിശക്കുമ്പോഴും തിന്നുമ്പോഴും

മുന്നോട്ട്, മറക്കാതെ

നമ്മുടെ ഐഖ്യദാര്‍ഡ്യം.

(Solidarity osng, Bertolt Brecht)

TAGS :