MediaOne Logo

എം. ഷാജര്‍ഖാന്‍

Published: 19 Sep 2022 6:18 PM GMT

ബന്ധുനിയമനങ്ങളാല്‍ കളങ്കിതമായ സര്‍വകലാശാലകള്‍

സര്‍വകലാശാല നിയമനങ്ങളിലെ അക്കാദമിക മാനദണ്ഡങ്ങളില്‍ വെള്ളം ചേര്‍ത്ത്, അഭിമുഖ പരീക്ഷക്ക് പ്രാമുഖ്യം നല്‍കി, യു.ജി.സി മോദി സര്‍ക്കാര്‍ വൃത്തങ്ങള്‍ക്ക് വേണ്ടി വളച്ചൊടിച്ച് തയ്യാറാക്കിയ 2018-ലെ റെഗുലേഷന്‍ ഭേദഗതിയിലെ പഴുതുകള്‍ സി.പി.എം കേന്ദ്രങ്ങള്‍ കേരളത്തിലെ സര്‍വകലാശാലകളില്‍ യാതൊരു തത്വദീക്ഷയുമില്ലാതെ നടപ്പാക്കിയതോടെയാണ് കാര്യങ്ങള്‍ വഷളായത്.

ബന്ധുനിയമനങ്ങളാല്‍ കളങ്കിതമായ  സര്‍വകലാശാലകള്‍
X

സര്‍ക്കാര്‍ തൊട്ടാല്‍ കളങ്കമേല്‍ക്കുന്ന സ്ഥാപനമാണ് സര്‍വകലാശാല. അധികാരത്തിന്റെ എല്ലാ ദൂഷിതവലയങ്ങളില്‍ നിന്നും മുക്തമായിരിക്കണം സ്വതന്ത്ര സര്‍വകലാശാലകള്‍ എന്നതാണ് സങ്കല്പം. എന്നാല്‍, പുതിയ കാലത്തെ സര്‍വകലാശാലകള്‍ രാഷ്ട്രീയ ദാസ്യത്വം സ്വയം വരിക്കുന്നതാണ് കാഴ്ച്ച....

സര്‍ക്കാര്‍ തൊട്ടാല്‍ കളങ്കമേല്‍ക്കുന്ന സ്ഥാപനമാണ് സര്‍വകലാശാല. അധികാരത്തിന്റെ എല്ലാ ദൂഷിതവലയങ്ങളില്‍ നിന്നും മുക്തമായിരിക്കണം സ്വതന്ത്ര സര്‍വകലാശാലകള്‍ എന്നതാണ് സങ്കല്പം. എന്നാല്‍, പുതിയ കാലത്തെ സര്‍വകലാശാലകള്‍ രാഷ്ട്രീയ ദാസ്യത്വം സ്വയം വരിക്കുന്നതാണ് കാഴ്ച്ച. പാര്‍ട്ടി ദാസന്‍മാര്‍ക്കും ദാസികള്‍ക്കും വേണ്ടി ഉന്നത സ്ഥാനങ്ങള്‍ ഉഴിഞ്ഞു വെക്കുന്നു. അവരെ നിയമിക്കാന്‍ എല്ലാ വ്യവസ്ഥകളെയും കാറ്റില്‍പ്പറത്തുന്നു. സഹകരണ ബാങ്കുകള്‍ പിടിച്ചെടുക്കുന്ന ലാഘവത്തോടെ സര്‍വകലാശാലകളെ കാല്‍ക്കീഴിലാക്കാന്‍ സര്‍ക്കാര്‍ നിരന്തരം പൂഴിക്കടകന്‍ അഭ്യാസങ്ങള്‍ കാഴ്ച്ചവെയ്ക്കുന്നു.

ഇടതുമുന്നണി സര്‍ക്കാര്‍ നടത്തുന്ന വഴിവിട്ട നീക്കങ്ങളും പാര്‍ട്ടി ബന്ധുക്കള്‍ക്കായി നടത്തുന്ന അധാര്‍മിക നിയമനങ്ങളും ഇതിനകം പലവട്ടം ചോദ്യം ചെയ്യപ്പെട്ടെങ്കിലും രാഷ്ട്രീയ നിയമനങ്ങള്‍ അഭംഗുരം തുടരുകയാണ്. അക്കാദമിക യോഗ്യതകള്‍ കൈവശമില്ലെങ്കിലും സര്‍വകലാശാലകളിലെ ഉയര്‍ന്ന അധ്യാപക -അനധ്യാപക പദവികളിലേക്ക് സി.പി.എം നിര്‍ദേശിക്കുന്ന അയോഗ്യര്‍ പിന്‍വാതിലിലൂടെ കടന്നു കൂടുന്നു. നഗ്‌നമായ അത്തരം സ്വജനപക്ഷപാതത്തിനായി പിന്‍വാതിലുകള്‍ നിര്‍മിച്ച് തുറന്നു കൊടുക്കുന്നത് വൈസ് ചാന്‍സലര്‍മാര്‍ ഉള്‍പ്പടെയുള്ളവരാണെന്നതാണ് ഏറെ അമ്പരപ്പരിപ്പിക്കുന്ന കാര്യം. പാര്‍ട്ടി ബന്ധുക്കള്‍ക്ക് വേണ്ടി നിയമം വഴി മാറുന്നു. അവയെ യഥേഷ്ടം ഭേദഗതി ചെയ്യുന്നു. അതുമല്ലെങ്കില്‍ ചട്ടങ്ങളെ നഗ്‌നമായി കാറ്റില്‍പ്പറത്തുന്നു. ഒരു ഇടതുപക്ഷ സര്‍ക്കാര്‍ ഒരിക്കലും ചെയ്യരുതാത്ത കാര്യങ്ങളാണവ.

സമീപകാല പണമിടപാടുകള്‍ക്ക് പിന്നിലെ മാഫിയശക്തികള്‍ നയിക്കുന്ന അഴിമതി നിര്‍ഭരമായ കുത്സിത രാഷ്ട്രീയ നീക്കങ്ങള്‍ ബന്ധു നിയമനങ്ങളിലും തെളിഞ്ഞു കാണാം. കുടില അജണ്ടകളോടെ കേന്ദ്ര ബി.ജെ.പി സര്‍ക്കാര്‍ ദേശീയ തലത്തില്‍ വ്യവസ്ഥകളെ കാറ്റില്‍പറത്തുമ്പോള്‍, അതിനെയും സംസ്ഥാനത്തെ ദുഷ്‌ചെയ്തികള്‍ക്കായി നിര്‍ലജ്ജം ഇടത് സംഘം ഉപയോഗിക്കുന്നു.

സര്‍വകലാശാല നിയമനങ്ങളിലെ അക്കാദമിക മാനദണ്ഡങ്ങളില്‍ വെള്ളം ചേര്‍ത്ത്, അഭിമുഖ പരീക്ഷക്ക് പ്രാമുഖ്യം നല്‍കി, യു.ജി.സി മോദി സര്‍ക്കാര്‍ വൃത്തങ്ങള്‍ക്ക് വേണ്ടി വളച്ചൊടിച്ച് തയ്യാറാക്കിയ 2018-ലെ റെഗുലേഷന്‍ ഭേദഗതിയിലെ പഴുതുകള്‍ സി.പി.എം കേന്ദ്രങ്ങള്‍ കേരളത്തിലെ സര്‍വകലാശാലകളില്‍ യാതൊരു തത്വദീക്ഷയുമില്ലാതെ നടപ്പാക്കിയതോടെയാണ് കാര്യങ്ങള്‍ വഷളായത്.

കണ്ണൂര്‍ സര്‍വകലാശാലയിലെ മലയാളം വകുപ്പിലെ അസ്സോസിയേറ്റ് പ്രൊഫസ്സര്‍ സ്ഥാനത്തേക്ക് അപേക്ഷകള്‍ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തു വരുന്നത് 2021 നവംബര്‍ മാസമാണ്. നവംബര്‍ 11ന് വിജ്ഞാപനം വരുന്നു, പിറ്റേ ദിവസം തിരക്കിട്ട് ഓണ്‍ലൈന്‍ അഭിമുഖം നടത്തുന്നു. തൊട്ടടുത്ത ദിവസം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നു. സൂപ്പര്‍ഫാസ്റ്റ് വേഗത്തില്‍ നിയമനം നടത്തികൊടുക്കാന്‍ വൈസ് ചാന്‍സലര്‍ നേതൃത്വം കൊടുത്തു.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് അസ്സോസിയേറ്റ് പ്രൊഫസ്സര്‍ പദവി നല്‍കാന്‍ എല്ലാ മാനദണ്ഡങ്ങളെയും മര്യാദകളെയും കീഴ് വഴക്കങ്ങളെയും കണ്ണൂര്‍ സര്‍വകലാശാല കാറ്റില്‍പറത്തിയത് എല്ലായിടവും നടന്നുവരുന്ന ബന്ധു നിയമനങ്ങളുടെ തുടര്‍ച്ചയെന്നോണമായിരുന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം, സംസ്ഥാനത്തെ ഉന്നത സി.പി.എം നേതാക്കളുടെ ഭാര്യമാര്‍ക്ക് വഴിവിട്ട് നിയമനം നല്‍കുന്ന ആറാമത്തെ സംഭവമാണിത്. അതിന് മുമ്പ്, പി. രാജീവ്, പി.കെ ബിജു, എം.ബി രാജേഷ്, എ.എന്‍ ഷംസീര്‍ തുടങ്ങിയവരുടെയൊക്കെ ഭാര്യമാര്‍ക്ക് നല്‍കിയ നിയമനം വന്‍ വിവാദമായിരുന്നു.

പ്രിയയുടെ കാര്യത്തിലേക്ക് വന്നാല്‍, കണ്ണൂര്‍ സര്‍വകലാശാലയിലെ മലയാളം വകുപ്പിലെ അസ്സോസിയേറ്റ് പ്രൊഫസ്സര്‍ സ്ഥാനത്തേക്ക് അപേക്ഷകള്‍ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തു വരുന്നത് 2021 നവംബര്‍ മാസമാണ്. നവംബര്‍ 11ന് വിജ്ഞാപനം വരുന്നു, പിറ്റേ ദിവസം തിരക്കിട്ട് ഓണ്‍ലൈന്‍ അഭിമുഖം നടത്തുന്നു. തൊട്ടടുത്ത ദിവസം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നു. സൂപ്പര്‍ഫാസ്റ്റ് വേഗത്തില്‍ നിയമനം നടത്തികൊടുക്കാന്‍ വൈസ് ചാന്‍സലര്‍ നേതൃത്വം കൊടുത്തു. ശ്രദ്ധേയമായകാര്യം, 2018-ലെ യു.ജി.സി റെഗുലേഷന്‍ പ്രകാരമായിരിക്കും നിയമനമെന്ന് വിജ്ഞാപനത്തില്‍ പ്രത്യേകം എടുത്തു പറഞ്ഞിരുന്നുവെന്നതാണ്. കാരണം, അക്കാദമിക യോഗ്യതകളെ മറികടന്ന് അഭിമുഖ പരീക്ഷയെ മാത്രം അടിസ്ഥാനമാക്കി സ്വജന നിയമനം സുഗമമായി നടത്താന്‍ 2018-ലെ റെഗുലേഷനിലെ പഴുത് ഉപയോഗിക്കുക എന്നതായിരുന്നു ലക്ഷ്യം.

ഒരാള്‍ക്ക് അസോസിയേറ്റ് പ്രൊഫസ്സറായി സ്ഥാനക്കയറ്റം നല്‍കണമെങ്കില്‍ അസിസ്റ്റന്റ് പ്രൊഫസറായി എട്ട് വര്‍ഷത്തെ അധ്യാപന പരിചയം ഉണ്ടാവണം. പി.ജി/നെറ്റ് എന്നിവ കൂടാതെ, അതേ വിഷയത്തിലോ പ്രസക്ത വിഷയത്തിലോ നേടുന്ന പി.എച്.ഡിയും യു.ജി.സി അംഗീകരിച്ചതോ പിയര്‍ റിവ്യൂ ചെയ്യുന്നതോ ആയ ജേണലില്‍ പ്രസീദ്ധീകരിക്കുന്ന നിശ്ചിത എണ്ണം പ്രബന്ധവും നിശ്ചിത അക്കാദമിക പ്രോഗ്രസ്സ്

ഇന്‍ഡെക്‌സ് സ്‌കോറും ഉണ്ടാകണം. അവയില്‍, റിസര്‍ച്ച് സ്‌കോറിന് ആനുപാതികമായി വെയിറ്റേജ് നല്‍കണമെന്ന് 2018-ലെ റെഗുലേഷനില്‍ പറയുന്നുണ്ടെങ്കിലും അവ എങ്ങനെ വേണമെന്ന കാര്യത്തില്‍ യു.ജി.സി ചട്ടങ്ങളില്‍ വ്യക്തത നല്‍കിയിട്ടില്ല. അന്തിമ മെറിറ്റ് നിശ്ചയിക്കുന്നതിന് ആധാരമാക്കുന്നത് അഭിമുഖമാണെന്ന് കൂടി പറഞ്ഞു വെച്ചതോടെ, കൃത്രിമങ്ങള്‍ കാട്ടാന്‍ സര്‍വകലാശാലകളിലെ പാര്‍ട്ടി നോമിനികള്‍ക്ക് എളുപ്പമായി. കേന്ദ്ര സര്‍വകലാശാലകളില്‍ സംഘപരിവാര്‍ അത് ഉപയോഗിക്കുന്നു. കേരളത്തില്‍ സി.പി.എമ്മും.

ഗവേഷണ പ്രബന്ധങ്ങളും ഇതര പ്രസിദ്ധീകരിണങ്ങളും അധ്യാപന പരിചയം ഉള്‍പ്പടെയുള്ളവയും സൂക്ഷ്മതയോടെ പരിശോധിച്ചതിന് ശേഷം, അക്കാദമികമായി മെറിറ്റില്‍ മുന്നില്‍ വരുന്നവരെ മാത്രമാണ് ചുരുക്കപട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടത്. റിസര്‍ച്ച് സ്‌കോറില്‍ എത്ര മാര്‍ക്ക് നേടുന്നുവെന്നതും അധ്യാപന പരിചയത്തില്‍ അനുഭവപരിചയം എത്രത്തോളം എന്നതും ഒക്കെ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കേണ്ടത്.

സര്‍വകലാശാലകളിലെ പ്രൊഫസ്സര്‍, അസിസ്റ്റന്റ് പ്രൊഫസ്സര്‍, അസോസിയേറ്റ് പ്രൊഫസ്സര്‍ തുടങ്ങിയ തസ്തികകളിലേക്ക് നിയമിക്കപ്പെടാന്‍ മികച്ച അക്കാദമിക നിലവാരമുള്ള പ്രസിദ്ധീകരണങ്ങളോ ഗവേഷണ പ്രബന്ധങ്ങളോ അധ്യാപന പരിചയ കാലയളവോ ഒക്കെ അഭിമുഖത്തിന് ക്ഷണിക്കപ്പെടുന്നവരുടെ ചുരുക്കപട്ടിക നിര്‍ണായിക്കുന്നതിന് മാത്രമായി ചുരുക്കുന്നതാണ് 2018ലെ യു.ജി.സി റെഗുലേഷന്‍ ഭേദഗതി ചെയ്തു വെച്ച ദ്രോഹം.

മുന്‍കാലങ്ങളില്‍ അത്തരം വസ്തുനിഷ്ഠമായ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്ക് 77 മാര്‍ക്കും അഭിമുഖ പരീക്ഷകള്‍ക്ക് 23 മാര്‍ക്കുമാണ് നിശ്ചയിക്കപ്പെട്ടിരുന്നത്. എന്നാല്‍, പുതിയ റെഗുലേഷന്‍ ഭേദഗതി വന്നതോടെ അഭിമുഖത്തിലെ പ്രകടനം അന്തിമ പരിഗണനാമാനദണ്ഡമായി മാറി. നിയമനങ്ങള്‍ക്കായി നിയോഗിക്കപ്പെടുന്ന സെലെക്ഷന്‍ കമ്മിറ്റിയില്‍ വരുന്നവര്‍ പ്രത്യേക പാര്‍ട്ടി നോമിനികളായി മാറിയതോടെ അക്കാദമിക യോഗ്യതകള്‍ താഴേക്കു പോകുന്ന സ്ഥിതി വന്നു. സര്‍വകലാശാലകളില്‍ സി.പി.എം പാര്‍ട്ടി ബന്ധുക്കള്‍ക്ക് അനധികൃതമായും അന്യായമായും കടന്നു വരാനുള്ള കവാടമാണത് തുറന്നു കൊടുത്തത്.

സര്‍വകലാശാലകളിലെ പ്രൊഫസ്സര്‍, അസിസ്റ്റന്റ് പ്രൊഫസ്സര്‍, അസോസിയേറ്റ് പ്രൊഫസ്സര്‍ തുടങ്ങിയ തസ്തികകളിലേക്ക് നിയമിക്കപ്പെടാന്‍ മികച്ച അക്കാദമിക നിലവാരമുള്ള പ്രസിദ്ധീകരണങ്ങളോ ഗവേഷണ പ്രബന്ധങ്ങളോ അധ്യാപന പരിചയ കാലയളവോ ഒക്കെ അഭിമുഖത്തിന് ക്ഷണിക്കപ്പെടുന്നവരുടെ ചുരുക്കപട്ടിക നിര്‍ണായിക്കുന്നതിന് മാത്രമായി ചുരുക്കുന്നതാണ് 2018ലെ യു.ജി.സി റെഗുലേഷന്‍ ഭേദഗതി ചെയ്തു വെച്ച ദ്രോഹം. നിയമനം, പൂര്‍ണമായും അഭിമുഖ മാര്‍ക്കിന്റെ മാത്രം അടിസ്ഥാനത്തില്‍ നടത്താം എന്ന സ്ഥിതി വന്നത് അങ്ങനെയാണ്.

സെലെക്ഷന്‍ കമ്മിറ്റിയിലേക്ക് നിയോഗിക്കപ്പെടുന്ന കക്ഷി രാഷ്ട്രീയ വിദ്വാന്‍മാര്‍ക്ക് എത്ര ഉയര്‍ന്ന അക്കാദമിക യോഗ്യതയുള്ള അധ്യാപകരെയും പുറത്തിരുത്താം എന്ന സ്ഥിതി വന്നു ചേര്‍ന്നു. ബി.ജെ.പിയും കേന്ദ്ര സര്‍ക്കാരും വിവിധ കേന്ദ്ര സര്‍വകലാശാലകളില്‍ തങ്ങളുടെ ഇഷ്ടക്കാരെ അവര്‍ തന്നെ നിര്‍മിച്ച ഈ ദ്വാരത്തിലൂടെ തിരുകിക്കയറ്റാന്‍ ശ്രമിക്കുന്നു. സര്‍വകലാശാലകളുടെ ഉന്നത സ്ഥാനങ്ങളിലേക്ക് വരണമെങ്കില്‍ ഉയര്‍ന്ന യോഗ്യത വേണം. ഉയര്‍ന്ന യോഗ്യത എന്നാല്‍ പാര്‍ട്ടി നേതാക്കളുടെ ബന്ധുത്വം എന്ന് മാറ്റി എഴുതുകയാണ് ഇടതു മുന്നണി നേതാക്കള്‍. സ്ഥിരതയും അന്തസ്സും ഒന്നര ലക്ഷം ശമ്പളവും മറ്റും ഉറപ്പാക്കുന്‍ കഴിയുന്ന തസ്തികളിലേക്ക് അയോഗ്യരെങ്കിലും തങ്ങളുടെ ഭാര്യമാരെ കയറ്റിവിടാം എന്ന് ചിന്തിക്കുന്ന ഉന്നത പാര്‍ട്ടി നേതാക്കള്‍ എന്ത് സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത്? യഥാര്‍ഥത്തില്‍, യോഗ്യരായ അനേകം ഉദ്യോഗാര്‍ഥികള്‍ പുറത്ത് നില്‍ക്കുമ്പോഴാണ് ഈ ചതി അരങ്ങേറുന്നത് എന്ന് ഓര്‍ക്കുക.

പട്ടികയില്‍ മികച്ച അക്കാദമിക സ്‌കോറുള്ള മറ്റ് പലരും ഉണ്ടായിരിക്കെ, 651 സ്‌കോറുള്ള ആളെ പിന്തള്ളി 156 സ്‌കോര്‍ മാത്രമുള്ള പ്രിയയെ ഒന്നാം റാങ്കുകാരിയാക്കി നിയമനം നടത്താന്‍ കണ്ണൂര്‍ വൈസ് ചാന്‍സലര്‍ നേതൃത്വം നല്‍കിയത് പുതിയ യു.ജി.സി വ്യവസ്ഥകള്‍ ഉപയോഗിച്ചാണ്. മുമ്പൊന്നും ഇത്രമേല്‍ സങ്കുചിത പാര്‍ട്ടിതാല്പര്യം മാത്രം മുന്‍ നിര്‍ത്തി സര്‍വകലാശാലകളില്‍ പരസ്യമായി നിയമനം നടത്താന്‍ കഴിയുന്ന സാഹചര്യം ഉണ്ടായിരുന്നില്ല. പിണറായി സര്‍ക്കാരിന്റെ രണ്ടാം വരവോടെ എല്ലാ ജനാധിപത്യ മര്യാദകളും കീഴ് വഴക്കങ്ങളും ചവിട്ടിമെതിക്കപ്പെടുന്ന കാഴ്ച്ചയാണ് എല്ലായിടത്തുമെന്ന പോലെ സര്‍വകലാശാലകളിലും കാണുന്നത്.

സര്‍ക്കാര്‍ സെക്രട്ടറിയേറ്റിന്റെ ഭാഗമല്ല സര്‍വ്വകലാശാലകള്‍

പരിപൂര്‍ണ്ണമായും സ്വതന്ത്രമായും ജനാധിപത്യപരമായും പ്രവര്‍ത്തിക്കേണ്ട ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്വയം ഭരണ സ്ഥാപനങ്ങളാണ് സര്‍വ്വകലാശാലകള്‍. കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ സര്‍വകലാശാലകളുടെ ഒരു വിധ പ്രവര്‍ത്തനങ്ങളിലും നേരിട്ടോ അല്ലാതെയോ ഇടപെടാന്‍ പാടില്ലായെന്നത് അലംഘനീയമായ സങ്കല്പമാണ്. ചാന്‍സലര്‍ പോലും സര്‍ക്കാര്‍ പ്രതിനിധിയാകാന്‍ പാടില്ല. സര്‍വ്വകാലശാലകള്‍ക്കുള്ളിലെ ഒരു ആഭ്യന്തര മേല്‍നോട്ടക്കാരന്റെ സ്ഥാനം ചാന്‍സലര്‍ക്ക് കല്‍പ്പിച്ചു കൊടുക്കുന്നത് പോലും വൈസ് ചാന്‍സലര്‍ പോലെയുള്ള നിയമന കാര്യങ്ങളില്‍ മാത്രമാണ്. അവയില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഒഴിവാക്കാന്‍ ഔപചാരികമായ ചുമതല ചാന്‍സലര്‍ക്ക് നല്‍കുന്ന ഒരു നിയമം 1957- ല്‍ കേരള നിയമസഭ പാസ്സാക്കുകയുണ്ടായി. ആ നിയമപ്രകാരം, ഗവര്‍ണര്‍ ആയിരിക്കും കേരളത്തിലെ എല്ലാ സര്‍വകലാശാലകളുടെയും ചാസലര്‍ എന്ന് വ്യവസ്ഥ ചെയ്തു.

സാധാരണഗതിയില്‍ വൈസ് ചാന്‍സലര്‍ നിയമനം, ചില സര്‍വ്വകലാശാലകളിലെ ബോര്‍ഡ് ഒഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനം എന്നിവക്ക് ചാന്‍സലറുടെ ഔപചാരിക അംഗീകാരം ആവശ്യമാണ്. സെനറ്റിന്റെയും യു.ജി.സിയുടെയും ചാന്‍സലറുടെയും നോമിനികള്‍ അടങ്ങിയ സെര്‍ച്ച് കം സെലെക്ഷന്‍ കമ്മിറ്റി നിര്‍ദേശിക്കുന്ന മൂന്ന് അംഗ പാനലില്‍ നിന്ന് ഉയര്‍ന്ന യോഗ്യതയുള്ള ഒരാളെ വി.സി ആയി നിയമിക്കുന്നതാണ് കീഴ് വഴക്കം. മുന്‍കാലങ്ങളില്‍ മഹാപ്രതിഭകളും അത്യുന്നത വ്യക്തിത്വങ്ങളും മാത്രമാണ് വൈസ് ചാന്‍സലര്‍മാരായി നിയമിതാരകാറുണ്ടായിരുന്നത്. എന്നാല്‍ സമീപകാലത്ത്, സര്‍ക്കാരിന്റെ കക്ഷി രാഷ്ട്രീയവും ജാതിയുമൊക്കെയാണ് പരിഗണനകള്‍. അവയുടെ അടിസ്ഥാനത്തിലാണ് വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നത്.

കേന്ദ്ര ബി.ജെ.പി സര്‍ക്കാരിന്റെ നോമിനിയും തനി രാഷ്ട്രീയക്കാരനുമായതിനാല്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പിണറായി സര്‍ക്കാരിന്റെ ചില 'തെരഞ്ഞെടുക്കപ്പെട്ട' ക്രമക്കേടുകള്‍ക്കെതിരെ പരസ്യമായി രംഗത്തു വന്നുവെന്നത് ബന്ധുനിയമനങ്ങള്‍ വെളിച്ചത്ത് കൊണ്ടുവരാന്‍ സഹായിച്ചു. അതിന്റെ പേരില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള താല്‍ക്കാലികമായ ഒരു രാഷ്ട്രീയപ്പോര് നടന്നു. അതിന് ശേഷം പതിവ് പോലെ അവര്‍ സന്ധി ചെയ്തു മുന്നോട്ടു പോകുന്നതാണ് കീഴ്‌വഴക്കം. തത്വാധിഷ്തമായ അടിസ്ഥാനങ്ങള്‍ ഒന്നുമില്ല. എന്നാല്‍, അതിനിടയില്‍, ചാന്‍സലര്‍ എന്ന നിലയില്‍ ചൂണ്ടിക്കാണിച്ച നിയമന ക്രമക്കേടുകള്‍ പതിറ്റാണ്ടുകളായി സി.പി.എം നിയന്ത്രിക്കുന്ന കേരളത്തിലെ സര്‍വകലാശാലകളില്‍ അവരുടെ ഇഷ്ടക്കാരെ മെറിറ്റ് നോക്കാതെ നിയമിക്കുന്ന തന്‍ പ്രമാണിത്തത്തെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞുവെന്നതാണ് സമൂഹത്തിനുണ്ടായ നേട്ടം. സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയും അക്കാദമിക രംഗത്തെ സത്യസന്ധരും കാലങ്ങളായി ഉയര്‍ത്തിക്കൊണ്ടു വന്ന നിയമനത്തട്ടിപ്പുകള്‍ സമൂഹത്തില്‍ ചര്‍ച്ചയാക്കുന്നതിന് വഴിയൊരുക്കാന്‍ കഴിഞ്ഞു. പ്രിയ വര്‍ഗീസിന്റെ രാഷ്ട്രീയ നിയമനത്തെ ഹൈക്കോടതി തടഞ്ഞത് വഴി മെറിറ്റിന്റെ പ്രാധാന്യം ഉദ്‌ഘോഷിക്കാനും അത് ഇടയാക്കി എന്നതാണ് അതിന്റെ ഗുണഫലം.

ചോദ്യം ചെയ്യുന്നവരെ നിശബ്ദരാക്കുന്ന രാഷ്ട്രീയം

നിയമന ക്രമക്കേടുകള്‍ക്കെതിരെ ചാന്‍സലര്‍ ശബ്ദം ഉയര്‍ത്തിയതിനോടുള്ള വൈരാഗ്യമെന്നോണം ചാന്‍സലറുടെ പരിമിതമായ അധികാരം പോലും വെട്ടികുറയ്ക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടു വരാനാണ് ആദ്യം സര്‍ക്കാര്‍ ഒരുങ്ങിയത്. അധികാരം എടുത്തു കളയുന്ന ഓര്‍ഡിനന്‍സില്‍ ഗവണര്‍ണ്ണര്‍ ഒപ്പു വെക്കില്ല എന്ന് മനസ്സിലാക്കിയ സി.പി.എമ്മിലെ രാഷ്ട്രീയ ശകുനികള്‍ അതൊരു ബില്ലാക്കി നിയമസഭയില്‍ അവതരിപ്പിച്ച്, ഭൂരിപക്ഷം ഉപയോഗിച്ച്, പാസ്സാക്കുകയായിരുന്നു. ബില്ലിന്റെ പ്രധാന ലക്ഷ്യം വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് സര്‍ക്കാറിന്റെ ഇഷ്ടക്കാരെ നിയമിക്കാന്‍ തടസ്സം നില്‍ക്കുന്ന ചാന്‍സലറുടെ വിവേചനാധികാരം ഇല്ലാതാക്കുക എന്നതാണ്. അതിന്റെ ഭാഗമായി, സര്‍ക്കാര്‍ നിയോഗിച്ച ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇപ്രകാരം പറയുന്നു: 'സര്‍വകലാശാല സമിതികളുടെ ഏതെങ്കിലും നടപടിക്രമം ആക്ടിനോ അതിന് അനുസൃതമായി രൂപപ്പെടുത്തിയ ചട്ടങ്ങള്‍ക്കോ അനുരൂപമല്ലാത്തതാണെങ്കില്‍ അവ റദ്ദ് ചെയ്യാനുള്ള ചാന്‍സലറുടെ വിവേചനാധികാരം റദ്ദ് ചെയ്യണം '.

ബില്ല് പാസ്സാകുന്നതിന് മുമ്പ്, സംസ്ഥാന സര്‍ക്കാരിനെ വെട്ടാന്‍ സംഘ്പരിവാര്‍ പ്രതിനിധിയെ കേരള സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറാക്കാനുള്ള നിഗൂഢ നീക്കങ്ങളിലാണ്.

പാസാക്കിയ ബില്ല് പ്രകാരം, സെര്‍ച്ച് കം സെലെക്ഷന്‍ കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം മൂന്നില്‍ നിന്ന് അഞ്ചാക്കി മാറ്റാനും അതിലേക്ക് സംസ്ഥാന സര്‍ക്കാരിന്റെ രണ്ട് പുതിയ നോമിനികളെക്കൂടി ചേര്‍ക്കാനും കഴിയും. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ പ്രതിനിധിയും സര്‍ക്കാര്‍ നോമിനിയും കൂടി വരുന്നതോടെ ഭൂരിപക്ഷം സര്‍ക്കാര്‍/പാര്‍ട്ടി പ്രതിനിധികളാവും. ഭൂരിപക്ഷ നിര്‍ദ്ദേശം ചാന്‍സലര്‍ അംഗീകരിച്ചു ഒപ്പ് വെക്കണം. ചോദ്യങ്ങള്‍ ഉന്നയിക്കുന്നവര്‍ അത് ആരായയാലും, അത് ഇനി സംസ്ഥാനത്തിന്റെ ഭരണത്തലവന്‍തന്നെയാണങ്കിലും ചിറക് അരിഞ്ഞു കളയുക എന്നതാണ് പിണറായിയുടെ ലൈന്‍.

അതിനിടയില്‍ ഗവര്‍ണര്‍, ബില്ല് പാസ്സാകുന്നതിന് മുമ്പ്, സംസ്ഥാന സര്‍ക്കാരിനെ വെട്ടാന്‍ സംഘ്പരിവാര്‍ പ്രതിനിധിയെ കേരള സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറാക്കാനുള്ള നിഗൂഢ നീക്കങ്ങളിലാണ്. പുതിയ ബില്ലില്‍ ഒപ്പിടില്ല എന്ന നിലപാടും ആവര്‍ത്തിക്കുന്നു. സംഘ്പരിവാര്‍ പ്രതിനിധിയെ കേരളയില്‍ വൈസ് ചാന്‍സലര്‍ ആയി ഗവര്‍ണര്‍ ഏകപക്ഷീയമായി നിയമിക്കുന്ന സ്ഥിതി വന്നാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം പിണറായി സര്‍ക്കാറിനായിരിക്കും. തുരുമ്പ് കൊണ്ട് എടുക്കേണ്ടതിനെ തൂമ്പ കൊണ്ടു എടുക്കുന്നുവെന്ന് പറഞ്ഞാല്‍ മതിയല്ലോ.

TAGS :