Quantcast
MediaOne Logo

ഷെല്‍ഫ് ഡെസ്‌ക്

Published: 26 March 2024 5:49 AM GMT

ഭാരതീയ നാഗരിക സുരക്ഷാ സംഹിത: ജാമ്യം അനുവദിക്കുന്നതിനുള്ള വ്യവസ്ഥകള്‍

ക്രിമിനല്‍ നടപടിക്രമത്തിലെ 91-ാം വകുപ്പ് പ്രകാരം ഏതെങ്കിലും രേഖകളോ മറ്റ് വസ്തുക്കളോ ഹാജരാക്കുന്നതിനായി സമന്‍സ്/വാറന്റുകള്‍ പുറപ്പെടുവിക്കാന്‍ കോടതിക്കോ പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കോ അധികാരമുണ്ടായിരുന്നു. ഇപ്പോള്‍, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത ബില്‍ 2023 അവതരിപ്പിച്ചതോടെ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പരിശോധിക്കാനും പിടിച്ചെടുക്കാനും ഹാജരാക്കാന്‍ ആവശ്യപ്പെടാനുമുള്ള അധികാരത്തില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൂടി ഉള്‍പ്പെടുത്തി വിപുലീകരിച്ചിരിക്കുന്നു. | ക്രിമിനല്‍ നിയമ പരിഷ്‌കരണത്തിന്റെ പ്രതിഫലനങ്ങള്‍ - ഭാഗം 03

ഭാരതീയ നാഗരിക സുരക്ഷാ സംഹിത: ജാമ്യം അനുവദിക്കുന്നതിനുള്ള വ്യവസ്ഥകള്‍
X

'Notwithstanding anything contained in sub-section (1), where an investigation, inquiry or trial in more than one offence or in multiple cases are pending against a person, he shall not be released on bail by the court.'

ബി.എന്‍.എസ്.എസ് സെക്ഷന്‍ 481 (2):

ഒരാള്‍ക്കെതിരെ ഒന്നിലധികം കേസുകള്‍ നിലവിലുള്ള സന്ദര്‍ഭങ്ങളിലെ ജാമ്യവ്യവസ്ഥകള്‍ ഈ നിയമം നിയന്ത്രിക്കുന്നു. ഒന്നില്‍ കൂടുതല്‍ കുറ്റകൃത്യങ്ങളിലോ ഒന്നിലധികം കേസുകളിലോ അന്വേഷണമോ വിചാരണയോ ആ വ്യക്തിക്കെതിരെ നിലനില്‍ക്കുന്നുണ്ടെങ്കില്‍ വിചാരണ തടവുകാരനെ ജാമ്യത്തില്‍ വിടരുതെന്ന് നിയമത്തില്‍ പറയുന്നു. ജാമ്യ സാധ്യതയില്ലാതെ അനിശ്ചിതകാലത്തേക്ക് വിചാരണ തടവുകാരനെ ജയിലില്‍ തടഞ്ഞുനിര്‍ത്താന്‍ കഴിയുന്ന ഈ വ്യവസ്ഥ സര്‍ക്കാരിന് എളുപ്പത്തില്‍ ദുരുപയോഗം ചെയ്യാവുന്നതാണ്.

സമാനമായ സി.ആര്‍.പി.സി സെക്ഷന്‍ 436 എ കാണുക:

' Where a person has, during the period of investigation, inquiry or trial under this Code of an offence under any law (not being an offence for which the punishment of death has been specified as one of the punishments under that law) undergone detention for a period extending up to one-half of the maximum period of imprisonment specified for that offence under that law, he shall be released by the Court on his personal bond with or without sureties; Provided that the Court may, after hearing the Public Prosecutor and for reasons to be recorded by it in writing, order the continued detention of such person for a period longer than one-half of the said period or release him on bail instead of the personal bond with or without sureties;

Provided further that no such person shall in any case be detained during the period of investigation, inquiry or trial for more than the maximum period of imprisonment provided for the said offence under that law.'

ഭേദഗതി ചെയ്യപ്പെട്ട BNSS വ്യവസ്ഥ പ്രകാരം CRPC-യുടെ 436 A വകുപ്പ് പ്രകാരം വിചാരണ തടവുകാര്‍ക്ക് ലഭ്യമായിരുന്ന ഇളവിനെ ഗണ്യമായി ദുര്‍ബലപ്പെടുത്തിയിരിക്കുന്നു. ഭൂരിഭാഗം വിചാരണ തടവുകാരും സമാന്തരമായി വേറെയും കേസുകളില്‍ നടപടികള്‍ നിലനില്‍ക്കുന്നവരാണ്. ഈ ഇളവ് ബാധകമല്ലാതാക്കുന്നതിലൂടെ തടവുകാര്‍ക്ക് ഏറെ ആശ്വാസകരമായിരുന്ന ഒരു നിയമാനുകൂല്യമാണ് BNSS ഇല്ലാതാക്കുന്നത്.

ഇന്ത്യയിലെ ജാമ്യ നിയമം പ്രധാനമായും വൈറ്റ്‌കോളര്‍ കുറ്റകൃത്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും നീതിയുടെ തുല്യത ആവശ്യമുള്ള ദരിദ്രരും നിര്‍ധനരുമായ വ്യക്തികളുടെ ദുരവസ്ഥയ്ക്ക് താരതമ്യേന കുറഞ്ഞ ശ്രദ്ധ നല്‍കുകയും ചെയ്യുന്നു. പ്രതിയുടെ സാമൂഹിക-സാമ്പത്തിക നില കണക്കിലെടുക്കാതെ നിയമവ്യവസ്ഥ ജാമ്യത്തിലും നീതിയിലും തുല്യത ഉറപ്പാക്കണം. ഈ ഭേദഗതികളും നിര്‍ദേശങ്ങളും ഉണ്ടായിട്ടും, CRPCയും പുതിയ ഭാരതീയ നാഗരിക സുരക്ഷാ സംഹിത ബില്ലും ജാമ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ ഫലപ്രദമായി പരിഹരിക്കുന്നതിന് അപര്യാപ്തമാണ്.

'ജാമ്യമാണ് നിയമം, ജയില്‍ അപവാദം മാത്രം' (Bail is the rule, jail is an exception) എന്ന നിയമ തത്വം 1978-ല്‍ സ്റ്റേറ്റ് ഓഫ് രാജസ്ഥാന്‍ v. ബല്‍ചന്ദ് എന്നറിയപ്പെടുന്ന ബാലിയ എന്ന കേസില്‍ സുപ്രീം കോടതി പ്രഖ്യാപിച്ചതാണ്. ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ ഈ തത്വത്തിന്റെ ഉറച്ച വക്താവ് ആയിരുന്നു. അദ്ദേഹത്തിന്റെ വിധികള്‍ ഇന്ത്യയിലെ ക്രിമിനല്‍ നിയമശാസ്ത്രത്തിന്റെ നിര്‍cാണത്തില്‍ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ തത്വങ്ങള്‍ പുതിയ ക്രിമിനല്‍ നിയമ നിയമനിര്‍cാണത്തില്‍ പ്രതിഫലിക്കുന്നില്ല. ഈ തത്വം പിന്തുടരുന്ന ശരിയായ നിയമം ഇപ്പോഴും രാജ്യത്തില്ല. ഇന്ത്യന്‍ ലോ കമീഷന്റെ 268-ാം റിപ്പോര്‍ട്ട്, യുണൈറ്റഡ് കിംഗ്ഡത്തിലെ നിയമനിര്‍മാണ ചട്ടക്കൂടിന് സമാനമായി വ്യത്യസ്തമായ ഒരു ജാമ്യ നിയമം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെ ചൂണ്ടിക്കാണിക്കുകയും നിയമ നീതിന്യായ വകുപ്പുകള്‍ക്ക് ഇതുസംബന്ധമായ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നിയമവകുപ്പും നീതിന്യായ വകുപ്പും നിലവിലുള്ള ക്രിമിനല്‍ നടപടിക്രമം (CrPC) യില്‍ ഭേദഗതികള്‍ പരിശോധിച്ച് നിര്‍ദേശിക്കാന്‍ കമീഷനോട് ആവശ്യപ്പെട്ടു. ജാമ്യത്തിലെ സാമ്പത്തിക ബാധ്യതയും അതിന്റെ പ്രത്യാഘാതങ്ങളും നിയമ കമീഷന്‍ ഉന്നയിച്ച മറ്റൊരു പ്രശ്‌നമായിരുന്നു. സാമ്പത്തിക സ്ഥിതിയുള്ള സമ്പന്നര്‍ക്ക് എളുപ്പത്തില്‍ സ്വാതന്ത്ര്യം ലഭിക്കുമെങ്കിലും ഈ സമ്പ്രദായത്തിന്റെ ഇരകളായ ദരിദ്രര്‍ പണം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ജയിലിലടയ്ക്കപ്പെടുന്നു.

ഇന്ത്യയിലെ ജാമ്യ നിയമം പ്രധാനമായും വൈറ്റ്‌കോളര്‍ കുറ്റകൃത്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും നീതിയുടെ തുല്യത ആവശ്യമുള്ള ദരിദ്രരും നിര്‍ധനരുമായ വ്യക്തികളുടെ ദുരവസ്ഥയ്ക്ക് താരതമ്യേന കുറഞ്ഞ ശ്രദ്ധ നല്‍കുകയും ചെയ്യുന്നു. പ്രതിയുടെ സാമൂഹിക-സാമ്പത്തിക നില കണക്കിലെടുക്കാതെ നിയമവ്യവസ്ഥ ജാമ്യത്തിലും നീതിയിലും തുല്യത ഉറപ്പാക്കണം. ഈ ഭേദഗതികളും നിര്‍ദേശങ്ങളും ഉണ്ടായിട്ടും, CRPCയും പുതിയ ഭാരതീയ നാഗരിക സുരക്ഷാ സംഹിത ബില്ലും ജാമ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ ഫലപ്രദമായി പരിഹരിക്കുന്നതിന് അപര്യാപ്തമാണ്.

ജാമ്യവുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായ വ്യവസ്ഥകളൊന്നും തന്നെ പുതിയ ബില്ലില്‍ സമര്‍പ്പിക്കുന്നില്ല. ശിക്ഷയുടെ പകുതിയെങ്കിലും അനുഭവിച്ച വിചാരണ തടവുകാര്‍ക്ക് ഒഴികെ സ്വാഭാവിക ജാമ്യത്തിനുള്ള പുതിയ വ്യവസ്ഥകള്‍ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ആദ്യമായി കുറ്റകൃത്യം ചെയ്തവര്‍ക്ക് മാത്രമേ ഇത് ബാധകമാകൂ എന്നും ഒന്നിലധികം കുറ്റകൃത്യങ്ങള്‍ക്കോ കേസുകള്‍ക്കോ അന്വേഷണം, വിചാരണ എന്നിവ നിലനില്‍ക്കുന്ന സാഹചര്യങ്ങളില്‍ ഈ വ്യവസ്ഥ ബാധകമാകുകയില്ല എന്നും നിബന്ധന വെച്ചിരിക്കുന്നു. ഒരു വ്യക്തിക്ക് ജാമ്യം നിഷേധിക്കണമെങ്കില്‍ അയാള്‍ക്കെതിരെ ഒന്നിലധികം കേസുകള്‍ ഫയല്‍ ചെയ്യുകയോ എഫ്.ഐ.ആറില്‍ ഒന്നിലധികം കുറ്റകൃത്യങ്ങള്‍ ചേര്‍ക്കുകയോ വേണ്ടതുള്ളു.

പരിഹരിക്കപ്പെടാത്ത നിരപരാധികളുടെ ദുരിതം: അന്യായമായ തടവിനിരയായവരുടെ നിരന്തര പോരാട്ടം

'It is better 100 guilty persons should escape than that one innocent person should suffer': Benjamin Fraklin

തെറ്റായ അന്വേഷണങ്ങളുടെയും തെളിവുകളുടെയും ഫലമായി ഒരു നിരപരാധിയും ദുരിതമനുഭവിക്കരുത്. ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെടുകയും തടവിലടക്കപ്പെടുകയും ചെയ്യുന്ന അനുഭവം പല ഇരകളിലുമുണ്ടാക്കുന്ന പോസ്റ്റ്-ട്രോമാറ്റിക് സ്‌ട്രെസ് സിന്‍ഡ്രോം ലക്ഷണങ്ങള്‍ ഭീകരമാണ്. അര്‍ഹരായവര്‍ ശിക്ഷ അനുഭവിക്കുകയും നിരപരാധികള്‍ക്ക് നീതി ലഭിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണെങ്കിലും തെറ്റായി കുറ്റം ചുമത്തപ്പെട്ടവര്‍ക്ക് ആശ്വാസം നല്‍കാനുള്ള നിയമം ഇന്ത്യന്‍ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയില്‍ ഇപ്പോഴും നിലവിലില്ല.

ഇന്ത്യന്‍ ഭരണഘടനയുടെ 21-ാം വകുപ്പ് പൗരന്മാരുടെ ജീവനും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതാണ്. പൊലീസും പ്രോസിക്യൂഷന്‍ അധികാരികളും നീതിനിര്‍വഹണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സകലരും പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടത് നിര്‍ബന്ധമാണ്. പൊലീസിന്റെയും പ്രോസിക്യൂട്ടര്‍മാരുടെയും ദുര്‍നടപടികള്‍ കാരണം ഈ അടിസ്ഥാന അവകാശങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ അത് സംരക്ഷിക്കാന്‍ നടപടിയുണ്ടാകേണ്ടത് സ്‌റ്റേറ്റിന്റെ ഉത്തരവാദിത്തമാണ്. എന്നാല്‍, മൗലികാവകാശങ്ങള്‍ ഉറപ്പുനല്‍കുന്ന ഭരണഘടന ഇത്തരം അവകാശ ലംഘനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനെ വ്യക്തമായി പരാമര്‍ശിക്കുന്നതേയില്ല. നിലവിലെ സമ്പ്രദായത്തിനുള്ളില്‍ പരിഹാരങ്ങള്‍ ലഭ്യമാണെങ്കിലും, അവ ഏറെ സങ്കീര്‍ണമായ പ്രക്രിയയാണ്.

2008ല്‍, ബബ്ലൂ ചൗഹാന്‍ @ ഡാബ്ലൂ v സ്റ്റേറ്റ് ഗവണ്‍മെന്റ് ഓഫ് എന്‍ സി ടി ഓഫ് ഡല്‍ഹി (247 (2018) DLT 31) എന്ന കേസില്‍ തെറ്റായ കുറ്റാരോപണത്തിനും അന്യായ തടവിനും ഇരകളായവര്‍ക്കും വേണ്ടി ഡല്‍ഹി ഹൈക്കോടതി ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇരയായവര്‍ക്ക് സര്‍ക്കാര്‍ ഫലപ്രദമായി നടപടികളൊന്നും എടുക്കാത്തതിനെ കുറിച്ചും കോടതി ആശങ്ക പ്രകടിപ്പിക്കുകയും ഇക്കാര്യം വിശദമായി വിലയിരുത്തി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ലോ കമീഷനോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു.

2018-ല്‍ പുറത്തിറക്കിയ ലോ കമീഷന്റെ 277-ാമത് റിപ്പോര്‍ട്ടില്‍, 'Wrongful Prosecution (Miscarriage of Justice): Legal Remedies'' എന്ന ശീര്‍ഷകത്തില്‍ 1973 ലെ ക്രിമിനല്‍ കോഡില്‍ വരുത്തേണ്ട ചില ഭേദഗതികളിലൂടെ ഈ പ്രശ്‌നത്തില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചുള്ള ഒരു ബില്‍ ഡ്രാഫ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 2018-ല്‍ നടത്തിയ ശുപാര്‍ശകളില്‍ ഇപ്പോഴും യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല.

നിയമത്തിന്റെ നിര്‍ബന്ധിത നിര്‍ദ്ദേശങ്ങളില്ലാത്ത ഇലക്ട്രോണിക് ഉപകരണങ്ങളുടെ പരിശോധനയും പിടിച്ചെടുക്കലും

കോണ്‍ടാക്റ്റ് നമ്പറുകള്‍, ഇമെയിലുകള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഫോട്ടോകള്‍, സന്ദേശങ്ങള്‍ എന്നിങ്ങനെ വ്യക്തിപരവും സെന്‍സിറ്റീവുമായ വിവരങ്ങളുടെ ഒരു വലിയ ശേഖരം ഉള്‍ക്കൊള്ളുന്നവയാണ് സ്മാര്‍ട്ട്‌ഫോണുകളും ലാപ്‌ടോപ്പുകളും. നമ്മുടെ വ്യക്തിപരവും സാമ്പത്തികവും തൊഴില്‍പരവുമായ വിവരങ്ങളെ പ്രതിഫലിപ്പിക്കുന്ന സംഭരണകേന്ദ്രങ്ങളാണിവ. അതിനാല്‍ അവയുടെ സംരക്ഷണവും സ്വകാര്യതയും ഇക്കാലത്ത് സുപ്രധാനമാണ്.

ഇത്തരം ഉപകരണങ്ങളുടെ അനുചിതമായ പിടിച്ചെടുക്കല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ്. വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും നിയമപരവും ധാര്‍മികവുമായ അതിര്‍ ലംഘനങ്ങളിലേക്കും ഇത് നയിച്ചേക്കാം. ഉപകരണങ്ങള്‍ പിടിച്ചെടുക്കുമ്പോള്‍ ഡാറ്റ സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നത് വ്യക്തിയുടെ സുരക്ഷക്കും നിയമ നടപടികളിലുള്ള വിശ്വാസം നിലനിര്‍ത്താനും സഹായിക്കുന്നതോടൊപ്പം ഡാറ്റ ദുരുപയോഗത്തിന്റെ കടുത്ത പ്രത്യാഘാതങ്ങള്‍ തടയാനും അനിവാര്യമാണ്.

സ്മാര്‍ട്ട്ഫോണുകള്‍ അല്ലെങ്കില്‍ ഇലക്ട്രോണിക് ഉപകരണങ്ങളുടെ പരിശോധന കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് ക്രിമിനല്‍ നടപടിക്രമത്തില്‍ (CRPC) ഒരു നിര്‍ദ്ദിഷ്ട നിയമ ചട്ടക്കൂട് ഉണ്ടായിരുന്നില്ല. പകരം, ഇലക്ട്രോണിക് ഉപകരണങ്ങളുടെ പരിശോധനയും പിടിച്ചെടുക്കലും നടത്തുമ്പോള്‍ പരിശോധനയും പിടിച്ചെടുക്കലും സംബന്ധിച്ച സാധാരണ വ്യവസ്ഥകളാണ് പ്രയോഗിക്കപ്പെട്ടിരുന്നത്.


പുതിയ ബില്ലില്‍ ഇവ്വിഷയകമായി 'Process to compel production of things' എന്ന അധ്യായത്തില്‍ ചില സുപ്രധാനപ്പെട്ട മാറ്റങ്ങള്‍ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. CRPC യുടെ 91-ാം വകുപ്പിനെ പ്രതിഫലിപ്പിക്കുന്ന BNSS ബില്ലിന്റെ 94-ാം വകുപ്പ്, അന്വേഷണത്തെയോ വിചാരണയെയോ മറ്റ് കേസ് നടപടികളെയോ ബാധിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ അടങ്ങിയിരിക്കാന്‍ സാധ്യതയുള്ള ഏതെങ്കിലും രേഖ, ഇലക്ട്രോണിക് ആശയവിനിമയം, ആശയവിനിമയ ഉപകരണം എന്നിവ ഹാജരാക്കാന്‍ കോടതിയെയോ പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെയോ അധികാരപ്പെടുത്തുന്നു.

നേരത്തെ, ക്രിമിനല്‍ നടപടിക്രമത്തിലെ 91-ാം വകുപ്പ് പ്രകാരം ഏതെങ്കിലും രേഖകളോ മറ്റ് വസ്തുക്കളോ ഹാജരാക്കുന്നതിനായി സമന്‍സ്/വാറന്റുകള്‍ പുറപ്പെടുവിക്കാന്‍ കോടതിക്കോ പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കോ അധികാരമുണ്ടായിരുന്നു. ഇപ്പോള്‍, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത ബില്‍ 2023 അവതരിപ്പിച്ചതോടെ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പരിശോധിക്കാനും പിടിച്ചെടുക്കാനും ഹാജരാക്കാന്‍ ആവശ്യപ്പെടാനുമുള്ള അധികാരത്തില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൂടി ഉള്‍പ്പെടുത്തി വിപുലീകരിച്ചിരിക്കുന്നു.

വിരേന്ദ്ര ഖന്ന v സ്റ്റേറ്റ് ഓഫ് കര്‍ണാടക കേസില്‍ കര്‍ണാടക ഹൈക്കോടതി ഇങ്ങനെ നിരീക്ഷിച്ചിരുന്നു:

'There are no rules formulated by the police department regarding the manner of carrying out a search and/or for preservations of the evidence gathered during the said search in respect of the smartphone. It would be in the interest of all stakeholders that detailed guidelines are prepared by the police department.'

സുപ്രീം കോടതിക്ക് മുന്നിലുള്ള മറ്റൊരു ഹര്‍ജിയിലും (Ram Ramaswamy and Ors. v Union of India and Ors. WP(Crl) No. 138/2021) വ്യക്തിപരമായ ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതിന്റെ മാര്‍ഗനിര്‍ദേശങ്ങളെക്കുറിച്ച് ഈ വിഷയത്തിലുള്ള അന്താരാഷ്ട്ര രീതികളെ മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു. അന്യായമായി കുറ്റാരോപിതരായവര്‍ക്ക് അനീതിയില്‍ നിന്ന് സംരക്ഷണം നല്‍കാനും നിരപരാധികളെ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്നതിന്റെ അപകടസാധ്യത കുറയ്ക്കാനും തിരച്ചിലും പിടിച്ചെടുക്കലും സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടാക്കേണ്ടത് അനിവാര്യമാണ്.

നിയന്ത്രണങ്ങളില്ലാത്ത അപകടകരമായ പൊലീസിന്റെ അധികാരങ്ങളിലേക്കുള്ള മാറ്റമാണ് നിയമത്തിന്റെ ആകെത്തുക. ജുഡീഷ്യല്‍ മേല്‍നോട്ടത്തെയും പ്രതികളുടെ അവകാശങ്ങളെയും ദുര്‍ബലമാക്കി പൗരസ്വാതന്ത്ര്യങ്ങള്‍ക്ക് ഭീഷണിയാവുന്നതും ഭയത്തിന്റെ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതുമാണ് ഇത്. ഉത്തരവാദിത്ത രഹിതമായ പൊലീസിന്റെ വിവേചനാധികാരവും വിവിധ അധികാരങ്ങളും വികസിപ്പിക്കുന്നതിനുള്ള നിയമത്തിലെ നിര്‍ദേശങ്ങള്‍ ഇവയുടെ സ്ഥാപനവത്കൃത ദുരുപയോഗത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. പൊതുതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ 'നീതിയേക്കാള്‍ വലുതാണ് നിയമം' എന്ന പ്രതിലോമകരമായ സമീപനമാണിത്.


TAGS :