Quantcast
MediaOne Logo

ശരണ്യ എം ചാരു

Published: 18 Aug 2022 11:34 AM GMT

ബിൽക്കീസ് ബാനു പൊരുതി നേടിയ നീതി, ഫാസിസ്റ്റ് ഭരണകൂടം തിരിച്ചെടുത്തിരിക്കുന്നു

ബാനു അവളുടെ ജീവനും മുറുകെ പിടിച്ചു പോരാടി നേടിയ വിജയമാണ് ഫാസിസ്റ്റ് സർക്കാർ സ്വാതന്ത്ര്യദിനത്തില്‍ തന്നെ പരസ്യമായി നിഷേധിച്ചത്‌

ബിൽക്കീസ് ബാനു പൊരുതി നേടിയ നീതി, ഫാസിസ്റ്റ് ഭരണകൂടം തിരിച്ചെടുത്തിരിക്കുന്നു
X

2002 ലെ ഗുജറാത്ത് കലാപത്തിൽ അന്നത്തെ സംസ്ഥാന സർക്കാറിന് പങ്കുണ്ടെന്ന വാദത്തെ പൂർണ്ണമായും തള്ളിക്കളഞ്ഞു കൊണ്ട് കഴിഞ്ഞ മാസം സുപ്രീംകോടതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മറ്റുള്ളവർക്കും ക്ലീൻ ചിറ്റ് നൽകിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് ഞാൻ ഗുജറാത്ത് കലാപത്തിന്റെ നാൾ വഴികളെ കുറിച്ച് എഴുതി തുടങ്ങിയത്. കലാപത്തെ കുറിച്ചുള്ള രണ്ടാം അധ്യായത്തിൽ ബിൽക്കിസ് ബാനുവിന്റെ ജീവിതമെഴുതിയപ്പോൾ "വൈകിയെങ്കിലും നീതി കിട്ടിയിട്ടുണ്ട് എന്ന് പറയാൻ കഴിയുന്ന ഒരേ ഒരാൾ ബിൽക്കിസ്‌ ബാനു എന്ന ബിൽക്കിസ്‌ യാക്കൂബ് റസൂൽ" ആണെന്നായിരുന്നു എന്റെ ആദ്യ വരി. ഇന്നിപ്പോൾ വീണ്ടും അവളെ കുറിച്ചെഴുത്തുമ്പോൾ വല്ലാത്ത നിരാശയുണ്ട്. വർഷങ്ങളോളം അവൾ പൊരുതി നേടിയ നീതി ഇന്ത്യയുടെ എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യദിനത്തിൽ ഹനിക്കപ്പെട്ട വേദനയോടെയാണ് ഇന്ന് ഞാൻ ബാനുവിനെക്കുറിച്ച് വീണ്ടുമെഴുതുന്നത്.

അതെ, ബാനുവിന്റെ കേസിൽ കുറ്റവാളികളെ കണ്ടെത്താന്‍ പോരാടിയവര്‍ ജയിലില്‍ കഴിയുമ്പോൾ കേസിലെ പ്രതികള്‍ പുറത്ത് മാലയിട്ട് സ്വീകരിക്കപ്പെടുകയും ഗുജറാത്ത് സർക്കാർ അവരെ മധുരം വിളമ്പി സ്വീകരിക്കുകയും അവരുടെ കാല്‍തൊട്ട് കുമ്പിടുകയും ചെയ്യുന്ന കാഴ്ച്ച നിരാശയോടെ മാത്രമേ എനിക്ക് നോക്കിക്കാണാൻ സാധിക്കുകയുള്ളൂ. ബാനു അവളുടെ ജീവനും മുറുകെ പിടിച്ചു പോരാടി നേടിയ വിജയമാണ് ഫാസിസ്റ്റ് സർക്കാർ ആഗസ്റ്റ് 15 ന് പരസ്യമായി നിഷേധിച്ചത്‌ - അതും ഏഴ് പേരെ കൂട്ട ബലാത്സംഗം ചെയ്ത, കലാപത്തിന് ആഹ്വാനം ചെയ്ത, ഗൂഡാലോചന നടത്തിയ, കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കി ജയിൽമോചിതരാക്കിക്കൊണ്ട്.


സ്‌ത്രീകളുടെ അന്തസ്സ്‌ സംരക്ഷിക്കുമെന്ന് ചെങ്കോട്ടയിൽ പ്രഖ്യാപനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരിക്കുന്ന ഇന്ത്യയാണിന്നിത്. ബിൽകിസ്‌ ബാനുവിന്റെ കേസ് വെറുമൊരു കൊലപാതക കേസല്ല.


ബാനുവിന്റെ കേസിൽ വിധി പ്രഖ്യാപിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയും ജസ്റ്റിസ് ദീപക് ഗുപ്തയും ഉൾപ്പെട്ട ബെഞ്ച്‌ ഗുജറാത്ത് സർക്കാരിന്റെ അഭിഭാഷകനോട് തുറന്ന കോടതിയിൽ അന്ന് പറഞ്ഞത് ''സർക്കാരിനെതിരെ ഉത്തരവിൽ ഞങ്ങൾ ഒന്നും പറയുന്നില്ല എന്നത് ഒരു ഭാഗ്യമായി കരുതിയാൽ മതി'' എന്നായിരുന്നു. നിയമസംവിധാനത്തെ തന്നെ നോക്കുകുത്തിയാക്കി, ഈ കേസിലെ കൊടും കുറ്റവാളികളെ സംരക്ഷിക്കാനുള്ള അന്നത്തെ ഗുജറാത്ത് സർക്കാറിന്റെ തീവ്രശ്രമങ്ങളെ കൃത്യമായി മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ കോടതി നടത്തിയ ഈ വിമർശനം ഇന്ത്യൻ ജനത മറന്നിരിക്കാൻ വഴിയില്ല. കേസിൽ കൃത്യവിലോപം കാട്ടിയതിനും തെളിവ് നശിപ്പിച്ചതിനും ശിക്ഷിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെയും ഡോക്ടർമാരെയും സംരക്ഷിക്കാൻ അവസാന നിമിഷം വരെ ഗുജറാത്ത് സർക്കാർ ശ്രമിച്ചതും ആരും മറന്ന് കാണില്ല. സുപ്രീംകോടതിയുടെ അന്ത്യശാസനത്തിന് ശേഷം മാത്രം അവർക്കെതിരെ നടപടി എടുക്കാൻ സർക്കാർ തയ്യാറായ ചരിത്രവും ആർക്കും നശിപ്പിക്കാൻ കഴിയുന്ന തെളിവുകളല്ല. ഒരു സംസ്ഥാന സർക്കാരിന്റെയും അതിന്റെ സർവ്വ സന്നാഹങ്ങളുടെയും ഒത്താശയോടുകൂടി ഇന്ത്യയിൽ നടന്ന വംശഹത്യയാണ് ഗുജറാത്തിൽ 2002 ൽ നടന്ന കാലാപമെന്ന് ഒരിക്കൽക്കൂടി രാജ്യത്തെ പരമോന്നത നീതിപീഠം തന്നെ സ്ഥിരീകരിച്ച ബിൽക്കിസ് ബാനുവിന്റെ കേസിലെ പ്രതികൾ പക്ഷെ ഇപ്പോൾ ജയിൽ മോചിതരായിരിക്കുന്നു. അധികാരവും, പദവിയും, പണവുമുണ്ടെങ്കിൽ ഈ നാട്ടിൽ ആർക്കും എന്തും ചെയ്യാമെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു എന്നതും, അത് ഇന്ത്യയുടെ എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യ ദിനത്തിൽ തന്നെ സംഭവിച്ചിരിക്കുന്നു എന്നതും വേദന ഉണ്ടാക്കുന്ന കാര്യമാണ്.


എത്ര ഹീനമായാണ് ബിൽക്കിസ് ബാനു കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ആദ്യ ഘട്ടം മുതൽ നടന്നതെന്ന് ഈ കേസിന്റെ നാൾവഴികൾ പരിശോധിച്ചാൽ മനസ്സിലാകും. അക്രമിക്കപ്പെട്ട ശേഷം ദിവസങ്ങൾ കഴിഞ്ഞാണ് ബാനു ജീവിതത്തിലേക്ക് തിരികെ എത്തിയത്. അവളെ ആക്രമിക്കുകയും കൂടെ ഉണ്ടായിരുന്നവരെ കൊലപ്പെടുത്തുകയും ചെയ്ത 14 പേർക്കെതിരെ ബാനു ദിവസങ്ങൾക്കുള്ളിൽ തന്നെ പോലീസിൽ പരാതി നൽകി എങ്കിലും, ഒരാളുടെ പോലും പേര് പരാതിയിൽ രേഖപ്പെടുത്താതെ പൊലീസ് ബാനുവിനെ ചതിക്കുകയായിരുന്നു എന്നാണ് ബാനു പിന്നീട് പറഞ്ഞത്. ഇത് പ്രകാരം മജിസ്‌ട്രേറ്റ് കോടതി ബാനുവിന്റെ കേസ് തള്ളി. എന്നാൽ അവൾ കഴിഞ്ഞിരുന്ന ദുരിതാശ്വാസ ക്യാമ്പിൽ വന്ന ദേശീയ മനുഷ്യാവകാശ പ്രവർത്തകരോട് അവൾ അവളുടെ ജീവിതം പറഞ്ഞതോടെ ബാനുവിന് നീതി ലഭിക്കാൻ തുടങ്ങുകയായിരുന്നു. ജാതദേവൻ നമ്പൂതിരി എന്ന ഗുജറാത്തിലെ മുൻ ഡിജിപി അവളെ കേൾക്കുകയും സഹായിക്കുകയും ചെയ്തു. ഹരീഷ് സാൽവെ എന്ന വക്കീൽ മുഖാന്തരം അവളുടെ കേസ് സുപ്രീംകോടതി വരെ എത്തി. കോടതി കേസ് സിബിഐ അന്വേഷണത്തിന് വിട്ടു.

ഭാവിയിൽ ബിജെപി ഇന്ത്യയിൽ ചെയ്യാനാഗ്രഹിക്കുന്നതെന്താണോ അതാണ് 2002 മുതൽ അവർ ഗുജറാത്തിൽ ചെയ്തു കൊണ്ടിരിക്കുന്നത്.

സിബിഐ അന്വേഷണത്തിൽ പോലീസിന്റെ നിഷ്‌ക്രിയത്വവും കള്ളക്കകളികളും തെളിവ് നശിപ്പിക്കാനുള്ള ശ്രമവുമെല്ലാം പിടിക്കപ്പെട്ടു. 2004 ജനുവരി 22 ന് കലാപത്തിൽ നേരിട്ട് പങ്കെടുത്ത 12 പേരെ സിബിഐ അറസ്റ്റ് ചെയ്തു. ഇതിൽ മുൻ ബിജെപി ജില്ലാ സംഘടന സെക്രട്ടറി, വിഎച്ച്പി നേതാവ്, ഒരു മന്ത്രിയുടെ പിഎ എന്നിവരടക്കം ഉണ്ടായിരുന്നു. ഈ പന്ത്രണ്ട് പേർക്ക് പുറമേ പോലീസുകാരടക്കം 20 പ്രതികളെ സിബിഐ കണ്ടെത്തി. 2005 ജനുവരി 13 ന് ഒന്നര വർഷം നീണ്ട വിസ്താരം അവസാനിപ്പിച്ച് 500 പേജുള്ള കുറ്റപത്രം മുംബൈ പ്രത്യേക കോടതിക്ക് മുന്നിലെത്തി. 2005 മെയ് മുതൽ കേസിൽ വിസ്താരം നടന്നു. സിബിഐ പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച ശേഷം ബാനുവും കുടുംബവും നേരിട്ട ഭീഷണികൾക്ക് കണക്കില്ല. 20 തവണ അവർക്ക് വീടുകൾ മാറേണ്ടിവന്നു. അപ്പോഴൊന്നും തളരാതെ ബാനു സുപ്രീംകോടതിയിലെത്തി കേസിന്റെ വിചാരണ മഹാരാഷ്ട്രയിലെ മുംബൈയിലെ കോടതിയിലേക്ക് മാറ്റാനുള്ള ചരിത്ര വിധി സംബാധിച്ചു. 2007 ഡിസംബർ 31 നകം വിചാരണ പൂർത്തിയാക്കി കേസ് അവസാനിപ്പിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നുവെങ്കിലും അത് നടന്നില്ല. വിചാരണ വേളയിൽ ബാനുവും രക്ഷപ്പെട്ട മറ്റൊരു കുട്ടിയും തങ്ങളെ ആക്രമിച്ച 12 ഓളം ആളുകളെ തിരിച്ചറിഞ്ഞതിന്റെ കൂടി പശ്ചാത്തലത്തിൽ 2008 ജനുവരി 18 ന് 20 പ്രതികളിൽ 13 പേരെ മുംബൈ സെഷൻസ് കോടതി ജഡ്ജി സൽവി ശിക്ഷിച്ചു. കലാപത്തിൽ നേരിട്ട് പങ്കെടുത്ത 12 ൽ 11 പേർക്ക് ഇരട്ട ജീവപര്യന്തവും ബാക്കിയുള്ളവർക്ക് 3 വർഷം കഠിന തടവും ശിക്ഷ ലഭിച്ചു. പൊലീസ് ഉദ്യോഗസ്ഥരെയും ഡോക്ടർമാരെയും വെറുതെവിട്ടതിനെതിരെ ബാനു ബോംബെ ഹൈക്കോടതിയിൽ അപ്പീൽ നൽകി വെറുതെവിട്ടവരെക്കൂടി ഹൈക്കോടതി കുറ്റക്കാരെന്ന‌് കണ്ടെത്തി ശിക്ഷിച്ചു. വൈകി കിട്ടിയ നീതി ആണെങ്കിലും ബാനുവിന്റെ പോരാട്ടം പലർക്കും പ്രതീക്ഷ നൽകിയിരുന്നിരുന്നു എന്നതായിരുന്നു യാഥാർത്ഥ്യം. എന്നാൽ ആ പ്രതീക്ഷ അവസാനിച്ചിരിക്കുന്നു. കുറ്റവാളികൾ നിരുപാധികം ജയിൽ മോചിതരായിരിക്കുന്നു.


ഭാവിയിൽ ബിജെപി ഇന്ത്യയിൽ ചെയ്യാനാഗ്രഹിക്കുന്നതെന്താണോ അതാണ് 2002 മുതൽ അവർ ഗുജറാത്തിൽ ചെയ്തു കൊണ്ടിരിക്കുന്നത്. ടീസ്റ്റ സെതൽവാദിനെപ്പോലെയും, ആർ ബി ശ്രീകുമാറിനെ പോലെയും, സഞ്ജീവ് ഭട്ടിനെ പോലെയും ഇരകൾക്കൊപ്പം നിന്നവരെ നിരന്തരം കേസിൽക്കുടുക്കി വേട്ടയാടുകയും, കേസ് പോലും പരിഗണിക്കാതെ പുറം ലോകം കാണാനുള്ള ഒരു വഴിയും നൽകാതെ കള്ളക്കേസിൽ കുടുക്കുകയും ചെയ്യുമ്പോൾ മറ്റൊരു വഴിയിലൂടെ സംഘപരിവാരം അവരുടെ അജണ്ടകൾ ഓരോന്നായി നടപ്പിലാക്കിക്കൊണ്ടിരിക്കയാണെന്ന് വേണം കരുതാൻ.

2008 ജനുവരി 21-നാണ് മുംബൈയിലെ പ്രത്യേക സി.ബി.ഐ കോടതി ബിൽക്കിസ് ബാനുവിന്റെ കേസിലെ പതിനൊന്ന് പ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുന്നത്. ഇവരുടെ ശിക്ഷ പിന്നീട് ബോംബെ ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തു. ഇപ്പോൾ 15 വർഷത്തിലേറെ ജയിൽവാസം അനുഭവിച്ചു എന്ന് ചൂണ്ടിക്കാട്ടി പ്രതികളിൽ ഒരാൾ തന്റെ മോചനത്തിനായി സുപ്രീം കോടതിയെ സമീപിച്ചതിന് ശേഷമാണ് കേസിലെ എല്ലാ പ്രതികളും മോചിപ്പിക്കപ്പെട്ടത്. ശിക്ഷാ ഇളവ് സംബന്ധിച്ച വിഷയം പരിശോധിക്കാൻ ഗുജറാത്ത് സർക്കാരിനോട് സുപ്രീം കോടതി നിർദ്ദേശിച്ചതിനെ തുടർന്ന് സംസ്ഥാന സർക്കാർ ദിവസങ്ങൾക്ക് മുൻപ് ഒരു കമ്മിറ്റി രൂപീകരിക്കുകയും അവർ കേസിലെ മുഴുവൻ പ്രതികളേയും കുറ്റ വിമുക്തരാക്കാൻ നിർദേശിക്കുകയുമായിരുന്നു എന്നാണ് പാനൽ അദ്ധ്യക്ഷനായ പഞ്ച്മഹൽസ് കളക്ടർ സുജൽ മയാത്ര പറയുന്നത്.

"ഏതാനും മാസങ്ങൾക്ക് മുമ്പ് രൂപീകരിച്ച ഒരു കമ്മിറ്റി കേസിലെ 11 കുറ്റവാളികളെയും ഇളവ് ചെയ്യുന്നതിന് അനുകൂലമായി ഏകകണ്ഠമായ തീരുമാനമെടുത്തു. ശുപാർശ സംസ്ഥാന സർക്കാരിന് അയച്ചു, ഇന്നലെ അവരെ വിട്ടയക്കുന്നതിനുള്ള ഉത്തരവുകൾ ഞങ്ങൾക്ക് ലഭിച്ചു" എന്ന് എത്ര എളുപ്പത്തിൽ ആണ് ഇന്ത്യ പോലൊരു രാജ്യത്തിരുന്ന് കൊണ്ട് ഒരു ഭരണാധികാരി ഇത് പറയുന്നതെന്ന് നോക്കൂ. അതും ഗുജറാത്ത് കലാപം പോലെ അത്രയും ഭീകരവും, പൈശാചികവും, വംശീയവുമായ കേസിലെ പ്രതികളെ മോചിപ്പിച്ച വിഷയം.

ഏതെങ്കിലും ഒരു സർക്കാർ ഇത്തരമൊരു തീരുമാനം എടുക്കുമ്പോൾ അതിജീവിതയ്ക്ക് വ്യവസ്ഥിതിയിലുള്ള പ്രതീക്ഷ കുറയുമെന്നാണ് മനുഷ്യാവകാശ അഭിഭാഷകൻ ഷംഷാദ് പത്താൻ പ്രതികളെ വെറുതെ വിട്ടു കൊണ്ടുള്ള വിധി വന്ന ദിവസം പറഞ്ഞത്. അല്ലെങ്കിൽ തന്നെ ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ പ്രതീക്ഷാ ഗോപുരമായ സുപ്രീം കോടതിയെയും ഭരഘടനയെയും വെല്ലുവിളിക്കുന്നവരില്‍ നിന്ന് ആര്‍ക്ക് എന്ത് നീതി കിട്ടുമെന്നാണ് നമ്മള്‍ പ്രതീക്ഷിക്കേണ്ടതെന്നാണ് മറു ചോദ്യം.... അതിന് പക്ഷെ ഉത്തരമുണ്ടാകില്ല.


പ്രതികൾ സർവ്വ സ്വാതന്ത്ര്യത്തോടെ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിൽ തന്നെ ജയിൽ മോചിതരാകുന്നുവെങ്കിൽ പ്രധാനമന്ത്രി നടത്തിയ സ്ത്രീകളുടെ അന്തസ്സ്‌ സംരക്ഷിക്കുമെന്ന പ്രഖ്യാപനത്തിന് എന്ത്‌ വിലയാണുള്ളതെന്ന് ജനം സ്വയം തിരിച്ചറിയണം


ജസ്വന്ത്ഭായ് നായി, ഗോവിന്ദ്ഭായ് നായി, ശൈലേഷ് ഭട്ട്, രാധേഷാം ഷാ, ബിപിൻ ചന്ദ്ര ജോഷി, കേസർഭായ് വോഹാനിയ, പ്രദീപ് മോർധിയ, ബകഭായ് വോഹാനിയ, രാജുഭായ് സോണി, മിതേഷ് ഭട്ട്, രമേഷ് ചന്ദന എന്നിവരാണ് കഴിഞ്ഞ ദിവസം ജയില്‍ മോചനം ലഭിച്ച 11 പ്രതികൾ. ക്രിമിനൽ നടപടിച്ചട്ടത്തിലെ 432, 433 വകുപ്പുകൾ അനുസരിച്ച് ശിക്ഷയിൽ ഇളവ് ആവശ്യപ്പെട്ട് കൊണ്ട് ഇവരിൽ ഒരാളായ രാധേഷ്യാം ഷാ ആദ്യം സമീപിച്ചത് ഗുജറാത്ത് ഹൈക്കോടതിയെ ആയിരുന്നു. എന്നാൽ മോചനം സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള ഉചിതമായ സർക്കാർ മഹാരാഷ്ട്രയാണെന്നും ഗുജറാത്തല്ലെന്നും നിരീക്ഷിച്ച്‌ ഹൈക്കോടതി അയാളുടെ ഹർജി തള്ളിയതോടെ, 2008 മുതൽ 2022 ഏപ്രിൽ 1 വരെയുള്ള കാലയളവിൽ താൻ 15 വർഷവും 4 മാസവും ശിക്ഷയിൽ ഇളവ് ലഭിക്കാതെ ജയിലിൽ കഴിഞ്ഞതായി ചൂണ്ടിക്കാട്ടി ഷാ സുപ്രീം കോടതിയിൽ ഹർജി നൽക്കുകയായിരുന്നു. കുറ്റകൃത്യം നടന്നത് ഗുജറാത്തിലായതിനാൽ ഷായുടെ അപേക്ഷ പരിശോധിക്കാൻ ഉചിതമായ സർക്കാർ ഗുജറാത്ത് സംസ്ഥാനമാണെന്ന് സുപ്രീം കോടതി 2022 മെയ് 13 ലെ ഉത്തരവിൽ ആവശ്യപ്പെട്ടത്. ഇത് പ്രകാരം ഏതാനും മാസങ്ങൾക്ക് മുമ്പ് രൂപീകരിച്ച ഒരു പ്രത്യേക കമ്മിറ്റി 1992 ജൂലൈ 9 ലെ പോളിസിയുടെ അടിസ്ഥാനത്തിൽ അകാല റിലീസിനുള്ള അപേക്ഷ പരിഗണിക്കാൻ ഗുജറാത്ത് സർക്കാരിനോട് നിർദ്ദേശിക്കുകയായിരുന്നു എന്നാണ് ഗുജറാത്ത് സർക്കാരിന്റെ ഔദ്യോഗികവാദം.

എന്നാൽ ബലാത്സംഗം, കുട്ടബലാത്സംഗം കൊലപാതകം എന്നീ കേസുകളിൽ ജീവപര്യന്തം തടവിന്‌ ശിക്ഷിക്കപ്പെട്ടവർക്ക്‌ ശിക്ഷായിളവ്‌ നൽകില്ലെന്നുള്ള ഗുജറാത്ത്‌ സർക്കാരിന്റെ 2014 ലെ വിജ്ഞാപനത്തിന്റെയും കേന്ദ്രസർക്കാർ ഉത്തരവിന്റെയും പരസ്യമായ ലംഘനമായിട്ട് വേണം ഇവരുടെ ജയിൽ മോചനത്തെ ജനാധിപത്യ ഇന്ത്യ നോക്കിക്കാണാൻ എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ശിക്ഷാ കാലാവധി അവസാനിച്ചിട്ടും ജയിലിൽ കഴിയുന്ന നിരവധി പ്രതികളുണ്ട് ഇന്ത്യയുടെ തുറുങ്കുകളിൽ. ഏതെങ്കിലും സംഘത്തിന്റെ ഭാഗമാണെന്നത് കൊണ്ടോ, ഒന്നോ അതിൽ കൂടുതലോ കൊലപാതകങ്ങളിൽ പങ്കാളിയാണെന്നത് കൊണ്ടോ ജയിൽ മോചിതരാകാത്തവരാണ് അവരിൽ പലരും. അപ്പോഴാണ് ഇതുപോലുള്ള ഹീനമായ കേസുകളിൽ, ഗുജറാത്ത് സർക്കാർ കുറ്റവാളികളുടെ ഇളവ് എളുപ്പത്തിൽ അംഗീകരിക്കുകയും അവരെ ജയിലിൽ നിന്ന് പുറത്തുപോകാൻ അനുവദിക്കുകയും ചെയ്യുന്നത് എന്ന വസ്തുത വളരെ ഗൗരവത്തോടെ ജനം പരിശോധിക്കപ്പെടേണ്ടതുണ്ട്.

സ്‌ത്രീകളുടെ അന്തസ്സ്‌ സംരക്ഷിക്കുമെന്ന് ചെങ്കോട്ടയിൽ പ്രഖ്യാപനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരിക്കുന്ന ഇന്ത്യയാണിന്നിത്. ബിൽകിസ്‌ ബാനുവിന്റെ കേസ് വെറുമൊരു കൊലപാതക കേസല്ല. ക്രൂരമായ കൂട്ടബലാത്സംഗത്തിന് ശേഷം പത്തിലധികം പേരെ കൊലപ്പെടുത്തിയ, കലാപാഹ്വാനം നടത്തിയ, നിയമ വിരുദ്ധമായി സംഘം ചേർന്ന, വംശഹത്യ നടത്തിയ ഇന്ത്യൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കറുത്തദിനങ്ങൾ ആയിരുന്നു. എന്നിട്ട് കൂടി പ്രതികൾ സർവ്വ സ്വാതന്ത്ര്യത്തോടെ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിൽ തന്നെ ജയിൽ മോചിതരാകുന്നുവെങ്കിൽ പ്രധാനമന്ത്രി നടത്തിയ സ്ത്രീകളുടെ അന്തസ്സ്‌ സംരക്ഷിക്കുമെന്ന പ്രഖ്യാപനത്തിന് എന്ത്‌ വിലയാണുള്ളതെന്ന് ജനം സ്വയം തിരിച്ചറിയണം. ബിജെപിയുടേത്‌ തികഞ്ഞ കാപട്യമാണെന്നും ഹിന്ദു രാഷ്ട്രമാണ് അവരുടെ ലക്ഷ്യമെന്നും വീണ്ടും വീണ്ടും തെളിയിക്കയണവർ.

ഫാഷിസത്തിനെതിരായ മനുഷ്യന്‍റെ പോരാട്ടം മറവിയ്ക്കെതിരായ ഓര്‍മ്മകളുടെ പോരാട്ടമാണെന്ന മിലാന്‍ കുന്ദേരയുടെ വാക്കുകൾക്ക് എല്ലാ കാലത്തും പ്രസക്തിയുണ്ടാകുന്നത് അത് കൊണ്ടാണ്.....


TAGS :