MediaOne Logo

ഷാഫി വേളം

Published: 25 Feb 2023 12:02 PM GMT

ആഴങ്ങളിലേക്ക് കുഴിച്ചിറങ്ങുന്ന വരികള്‍

സ്‌ത്രൈണാവിഷ്‌കാരത്തിന്റെ ജൈവവും തീവ്രവുമായ പ്രതിഷേധം പ്രകടമാക്കുന്ന കവിതകള്‍. ഷംല ജഹ്ഫറിന്റെ 'കടന്നലുകള്‍ പെരുകും വിധം' വായന.

ആഴങ്ങളിലേക്ക് കുഴിച്ചിറങ്ങുന്ന വരികള്‍
X

'കണ്ടാലഴകും തൊട്ടാല്‍ നീറ്റലും പകരുന്ന കവിത'എന്നാണ് പുസ്തകത്തിന്റെ അവതാരികയില്‍ ആര്‍ഷ കബനി കുറിച്ചത്. ഓരോ കവിതയിലൂടെ സഞ്ചരിക്കുമ്പോഴും അത് എത്രത്തോളം സത്യമാണെന്ന് അനുവാചകന് ബോധ്യപ്പെടും.

ഈ സമാഹാരത്തിലെ ഓരോ കവിതയിലും നിറയുന്നത് അഗാധ നിശബ്ദതകളും നിലവിളികളും അശാന്തികളുമാണ്, ഉള്ളിലിരുന്ന് വിങ്ങുന്ന ആത്മഗതങ്ങളുടെ ഉരുകിയൊലിക്കലുകളാണ്. പെണ്‍ ജീവിതത്തിന്റെ അര്‍ഥവും ആഴവും തിരിച്ചറിഞ്ഞ കവിതകളാണ് 'കടന്നലുകള്‍ പെരുകും വിധം' എന്ന ഈ കവിതാ സമാഹാരത്തിലുള്ളത്. പൊറുതികേടുകളുടെ ഉളിയാല്‍ കൊത്തിയെടുത്ത ശില്‍പങ്ങളായി ഈ സമാഹാരത്തിലെ കവിതകള്‍ മാറുന്നുണ്ട്.

വൈയക്തികവും സാമൂഹികവുമായി അനുഭവിച്ചതിനെയാണ് സാന്ദ്രമായ ഭാഷയില്‍ അടയാളപ്പെടുത്തുന്നത്.

ജീവിതത്തിന്റെ പരിസരങ്ങളെയാണ് ഷംല പ്രധാന വിഷയമാക്കിയിരിക്കുന്നത്. സ്‌ത്രൈണാവിഷ്‌കാരത്തിന്റെ ജൈവവും തീവ്രവുമായ പ്രതിഷേധം പ്രകടമാക്കുന്ന കവിതകള്‍ എന്ന് പറയാം. സഹനത്തില്‍ നിന്നുളള സ്വാതന്ത്ര്യമാണ് കവിതയിലെ ഓരോ വാക്കിലും പൂക്കുന്നത്. ആസുരതയുടെ ഗ്രീഷ്മത്തില്‍ പ്രത്യാശയുടെ വസന്തകാലത്തെ കാത്തിരിക്കുന്നു.

'സൂര്യന്‍ കാണാതെ

കാറ്റിനെ കടത്താതെ

അതിര്‍ത്തി കെട്ടി

രാജാവും രാജ്ഞിയും

പ്രജകളും കൂടി

ഒരു കൊട്ടാരം

പണിയുന്നു. '

കൊട്ടാരക്കെട്ടുകളില്‍ ചിറക് മുളച്ചതിന്റെ പേരില്‍ പുറത്താക്കപ്പെട്ടവരെക്കുറിച്ചാണ് ആദ്യ കവിതയിലൂടെ പങ്ക് വെക്കുന്നത്. തുടര്‍ന്നു വരുന്ന വരികള്‍ക്ക് കടലാഴമാണുള്ളത്.

'ഇന്നലെ വരെ

ആരമനയിലുണ്ടായിരുന്ന

സ്വര്‍ഗ്ഗത്തിന്റെ പ്രമാണപത്രം

എത്ര വേഗത്തിലാണ്

അന്യാധീനപ്പെട്ടതും

ചക്രവാളം കത്തിച്ചാമ്പലായതും '

'കലാപ ഭൂമിയെ വായിക്കുമ്പോള്‍ 'എന്ന കവിതയില്‍ സംഘര്‍ഷങ്ങളില്‍ രൂപപ്പെടുന്ന ഭീതിജനകമായ അവസ്ഥയെയാണ് പ്രതിപാദിക്കുന്നത്.

'നീ എന്നോട്

പ്രണയത്തിലാകുന്ന

നിമിഷം മുതല്‍

ഞാന്‍ നിനക്ക്

ചുറ്റുമൊരു

വലയം വരക്കും '

പ്രണയം കവിതകളിലാകെ കുടഞ്ഞിട്ട് പോകുന്നുണ്ട് ഷംല.

'പ്രണയിക്കണമെങ്കില്‍' എന്ന കവിത ബന്ധങ്ങള്‍ എങ്ങനെയെല്ലാം മനുഷ്യര്‍ക്കുമേല്‍ ആധിപത്യം സ്ഥാപിക്കുന്നുവെന്നാണ് പറയുന്നത്.

'പരുപരുത്ത അയാളുടെ

കാലുകള്‍ക്കിടയില്‍ പെട്ട്

ഞെങ്ങി ഞെരുങ്ങിയിട്ടും

കണ്ണുകള്‍ ഇറുകെയടച്ച്

ഞാന്നുകിടന്നു'

സമരസപ്പെടാന്‍ നിര്‍ബന്ധിതയാവുന്ന സ്ത്രീ ജീവിതത്തെയാണ് 'അവളവന്റെ പൂച്ചക്കുട്ടി' എന്ന കവിതയില്‍ പറയുന്നത്. യുഗങ്ങളായി തുടര്‍ന്നു പോരുന്ന ആണധികാരത്തെ എത്ര സുതാര്യമായ ഭാഷയിലാണ് ഷംല പറഞ്ഞുവെക്കുന്നത്. ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയ, പൊതുബോധത്തിന്റെ കൂരമ്പുകള്‍ക്ക് വിധേയമാക്കപ്പെട്ട പെണ്‍ജീവിതമാണ് ഈ സമാഹാരത്തിലെ ഭൂരിപക്ഷം കവിതയും. കുടുംബത്തിനകത്ത് സ്ത്രീ അനുഭവിക്കുന്ന അപമാനവും അവഗണനയും അവമതിയും എത്രമേല്‍ അപരിഷ്‌കൃതവും ആധുനിക വിരുദ്ധവുമാണെന്ന് ഈ കവിത പറഞ്ഞുവെക്കുന്നു.

'അവളുടെ മരണം അഥവാ ജനനം' എന്ന കവിതയും ഇത്തരമൊരു ആശയമാണ് മുന്നോട്ട് വെക്കുന്നത്.

'അവിടം പോയെപ്പിന്നെ അവളിലെ ചിരി വിളറി വെളുത്തു,

ഉറക്കത്തിന്റെ രാത്രികള്‍

ഒച്ചിന് പിന്നിലിഴഞ്ഞു

പകല്‍ പരിണാമപ്പെട്ട് വേവുനിലമായി'

മറ്റുള്ളവരുടെ ജീവിത പശ്ചാത്തലത്തില്‍ മാത്രം ഒതുങ്ങേണ്ട പെണ്‍ ജീവിതമാണ് ഈ കവിതയുടെ അടിസ്ഥാനം. ഇതിലെ രക്ഷപ്പെടല്‍ മരണത്തിലേക്ക് കലാശിക്കുന്നു.

'ഗര്‍ഭപാത്രത്തില്‍ നിന്നും

അവനും അവളും

എടുത്തെറിയപ്പെട്ടത്

ഭ്രാന്തന്മാരുടെ തെരുവിലേക്കായിരുന്നു. അവരൊക്കെയും ഊമകളായിരുന്നു.'

പിറക്കുന്ന മുന്‍പു തന്നെ ഓരോ വ്യക്തിക്കായി നിര്‍മിക്കപ്പെട്ടിട്ടുള്ള നിയമവസ്ഥിതികള്‍ ഇവിടെ നിലവിലുണ്ട്.'അസാധാരണ തെരുവ് 'അത്തരം അവസ്ഥയെയാണ് പറഞ്ഞു പോകുന്നത്.

'തനിയെ ഇരിക്കുമ്പോള്‍

ചുറ്റും നിറയുന്ന

നിശ്ശബ്ദതയോട്

കലഹിച്ച് ഓര്‍മയുടെ

ഇടനാഴിയില്‍ നിന്നും

ഒരു കൂട്ടം

ഉറുമ്പുകള്‍

ഒരൊഴിഞ്ഞ

തേനീച്ചക്കൂടിനെ

പൊക്കിക്കൊണ്ട് വരുന്നു

വാക്കുകള്‍ക്കുള്ളിലിരുന്ന് ഓര്‍മകള്‍ ഒച്ച വെക്കുന്നത് വായനക്കാരനറിയുന്നു'

'തനിയെ' എന്ന കവിത ഒരാളുടെ ഏകാന്തയുടെ അന്തരീക്ഷം എങ്ങനെയായിരിക്കുമെന്ന് സൂചിപ്പിക്കുന്നു.

'പിന്നീടെപ്പോഴോ

നമ്മില്‍ നിന്നൊരു സ്വര്‍ഗം

ഇറങ്ങിപ്പോകുകയായിരുന്നു.

അപ്പോഴാണ്

ഒന്നിച്ച് കൂടിയിട്ടും

വിരലുകള്‍ തമ്മില്‍ കോര്‍ക്കാന്‍ മടിച്ചതും

നമ്മിലെ നിഴലന്

വലിപ്പം കുറഞ്ഞതും '

'ചുവപ്പിലേക്ക് ഒടുങ്ങിയ പ്രണയം' വേരറ്റുപോയ പ്രണയത്തെക്കുറിച്ച് പറയുന്നു.

'അമ്മയുടെ മാറില്‍

കൈകള്‍ നുണഞ്ഞു

ചാഞ്ഞുറങ്ങുമ്പോഴാണ്

കാലക്കേടിന്റെ അനാഥക്കുപ്പി എനിക്ക് നേരെ നീണ്ടത്'

'ഉണങ്ങാത്ത മുറിവ് ' എന്ന കവിതയില്‍ അനാഥത്വത്തിന്റെ വേദന എത്രത്തോളം തീക്ഷ്ണമായിരിക്കുമെന്ന് അനുവാചകരെ ബോധ്യപ്പെടുത്തുന്നു.

സാമൂഹിക പ്രസക്തി ലഭിക്കേണ്ട വിഷയങ്ങള്‍ ലളിതമായി, എന്നാല്‍ ഗൗരവം ചോര്‍ന്നുപോകാതെ തന്നെ പറഞ്ഞു പോകുന്നു. ഓരോ വരിയും വായനക്കാരുടെ മനസ്സിനെ ചൂടുപിടിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഒപ്പം കരയിപ്പിക്കുകയും ചെയ്യുന്നു. കാലത്തിനുമപ്പുറം ആശയമികവ് കൊണ്ടും അവതരണരീതി കൊണ്ടും ഏറെ വായിക്കപ്പെടേണ്ടതുതന്നെയാണ് ഷംല ജഹ്ഫറിന്റെ 'കടന്നലുകള്‍ പെരുകും വിധം' എന്ന കവിതാ സമാഹാരം.


TAGS :