Quantcast
MediaOne Logo

പി.കെ നിയാസ്

Published: 8 July 2022 10:26 AM GMT

ബോറിസ് ജോണ്‍സണ്‍: വിവാദങ്ങളുടെ തമ്പുരാന്‍

യൂറോപ്യന്‍ യൂനിയനെതിരെ തുടക്കം മുതല്‍ രംഗത്തുണ്ടായിരുന്ന ജോണ്‍സണായിരുന്നു ബ്രെക്‌സിറ്റിന്റെ പ്രധാന ശില്‍പി. നമ്പര്‍ ടെന്‍ ഡൗണിംഗ് സ്ട്രീറ്റില്‍ അദ്ദേഹം എത്തുന്നതു തന്നെ ബ്രെക്‌സിറ്റ് യാഥാര്‍ഥ്യമാക്കുമെന്ന വാഗ്ദാനം നല്‍കിയായിരുന്നു. തെരെസ മേ രാജിവെച്ചപ്പോള്‍ പകരക്കാരനായി സ്ഥാനമേറ്റ ജോണ്‍സണ്‍ പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ഈ ആത്മവിശ്വാസം ഉള്ളതുകൊണ്ടായിരുന്നു.

ബോറിസ് ജോണ്‍സണ്‍: വിവാദങ്ങളുടെ തമ്പുരാന്‍
X
Listen to this Article

ബ്രിട്ടനില്‍ ഭരണ കക്ഷിയായ കണ്‍സര്‍വെറ്റീവ് പാര്‍ട്ടി കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയില്‍ മൂന്ന് പ്രധാന മന്ത്രിമാരെയാണ് പരീക്ഷിച്ചത്. ഡേവിഡ് കാമറോണ്‍, തെരേസ മേ, ബോറിസ് ജോണ്‍സണ്‍. ആദ്യത്തെ രണ്ടു പേരും 'നിലപാടുകളു'ടെ പേരില്‍ രാജിവെച്ചപ്പോള്‍ പ്രധാന മന്ത്രി പദവി ദുരുപയോഗം ചെയ്തതിന്റെ പേരിലാണ് ജോണ്‍സന്റെ മടക്കം.

രാജി പ്രഖ്യാപിച്ചെങ്കിലും പ്രധാന മന്ത്രി പദവിയില്‍ മൂന്ന് മാസമെങ്കിലും അള്ളിപ്പിടിച്ചിരിക്കാനാണ് ജോണ്‍സന്റെ നീക്കമെന്നും ഒട്ടും വൈകാതെ അദ്ദേഹത്തെ ഡൗണിങ് സ്ട്രീറ്റില്‍നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ടവരില്‍ മുന്‍ പ്രധാനമന്ത്രി ജോണ്‍ മേജര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ നിര തന്നെയുണ്ട് എന്നത് ജോണ്‍സനെതിരെ പാര്‍ട്ടിക്കകത്ത് രൂപപ്പെട്ട രോഷത്തിന്റെ തോത് വ്യക്തമാക്കുന്നു.


രണ്ട് പ്രവര്‍ത്തനങ്ങളിലൂടെ ജോണ്‍സണ്‍ പേരെടുത്തിരുന്നു. ഒന്ന് ബ്രെക്‌സിറ്റിന്റെ വിജയം, മറ്റൊന്ന് കോവിഡിനെതിരെ ലോകത്തിലെ ഏറ്റവും മികച്ച വാക്‌സിനേഷന്‍ ക്യാമ്പയിനിന്‍ നേതൃത്വം നല്‍കിയത്. എന്നാല്‍, വിമര്‍ശകരോട് അസഹിഷ്ണുത പ്രകടിപ്പിച്ചതും നിയമങ്ങള്‍ തനിക്ക് ബാധകമല്ലെന്ന നിലപാട് കൈക്കൊണ്ടതും അദ്ദേഹത്തിന് വിനയായി. പാര്‍ട്ടി ഡോണര്‍മാരോട് അടുപ്പം പുലര്‍ത്തിയും അഴിമതി ആരോപണങ്ങളില്‍പെടുന്ന അടുത്ത അനുയായികളെ സംരക്ഷിച്ചും കോവിഡ് നിയന്ത്രണ നിയമങ്ങള്‍ ലംഘിച്ച വിഷയത്തില്‍ പാര്‍ലമെന്റിനെപ്പോലും തെറ്റിദ്ധരിപ്പിച്ചും മുന്നോട്ടു പോവുകയായിരുന്നു പ്രധാന മന്ത്രി. ഏറ്റവും ഒടുവില്‍, ലൈംഗിക അപവാദത്തില്‍പെട്ട ക്രിസ് പിഞ്ചറെ ഡെപ്യൂട്ടി ചീഫ് വിപ്പാക്കാനും മടിച്ചില്ല.

പ്രധാനമന്ത്രിയുടെ ഓഫീസ് എല്ലാ അധാര്‍മിക പ്രവൃത്തികളുടെയും സങ്കേതമാക്കിയതോടെയാണ് ജോണ്‍സണ്‍ ശരിക്കും വെട്ടിലായത്. കോവിഡ് നിയന്ത്രണങ്ങള്‍ രാജ്യമൊട്ടുക്കും ശക്തമായി നിലനില്‍ക്കെ 2020ലും 2021ലും ഡൗണിംഗ് സ്ട്രീറ്റ് ഗാര്‍ഡനില്‍ സ്റ്റാഫ് അംഗങ്ങളോടൊപ്പം നടത്തിയ മദ്യസല്‍ക്കാരങ്ങള്‍ വന്‍ വിവാദം ഉയര്‍ത്തുകയുണ്ടായി. ജനങ്ങളെ പൂര്‍ണമായും സാമൂഹ്യ ബന്ധങ്ങളില്‍നിന്ന് വിലക്കുകയും എന്നാല്‍ പ്രധാന മന്ത്രിയും കൂട്ടരും ഉല്ലസിക്കുകയും ചെയ്ത പാര്‍ട്ടിഗെയ്റ്റ് ബ്രിട്ടന്റെ ചരിത്രത്തില്‍ തന്നെ ആദ്യ സംഭവമാണ്.


നിയമ ലംഘകനായ പ്രഥമ പ്രധാനമന്ത്രിയെന്ന കുപ്രസിദ്ധി തന്നെ തേടിയെത്തിയിട്ടും ജോണ്‍സണ്‍ കുലുങ്ങിയില്ല. കോവിഡ് കാലത്തെ മദ്യ പാര്‍ട്ടികളുടെ പേരില്‍ പൊലിസിന്റെ പിഴ ശിക്ഷ ഏറ്റുവാങ്ങിയ പ്രധാന മന്ത്രിയെന്ന മോശം പ്രതിഛായ വേറെയും. മേയില്‍ പുറത്തുവന്ന അന്വേഷണ റിപ്പോര്‍ട്ട്, പ്രധാന മന്ത്രി തന്നെ നിയമ ലംഘനത്തിന് കൂട്ടു നില്‍ക്കുന്നതിനെ നിശിതമായി വിമര്‍ശിക്കുകയുണ്ടായി.

ക്യാബിനറ്റ് സെക്രട്ടറിമാര്‍, ജൂനിയര്‍ മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങി ഏതാണ്ട് അറുപതോളം പേരാണ് ബോറിസ് ജോണ്‍സന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കിടയില്‍ രാജിവെച്ചത്. ഈ കൂട്ട രാജികള്‍ പല പാര്‍ലമെന്ററി കമ്മിറ്റികളുടെയും പ്രവര്‍ത്തനങ്ങള്‍ പോലും തടസ്സപ്പെടുത്തി. എന്നിട്ടും വലിയ ആത്മവിശ്വാസത്തില്‍ കടിച്ചു തൂങ്ങുകയായിരുന്നു ജോണ്‍സണ്‍.

തന്നില്‍ അവിശ്വാസം രേഖപ്പെടുത്തിയ പാര്‍ട്ടി എം.പിമാരോട് ജോണ്‍സണ്‍ ഏറ്റുമുട്ടി വിജയിച്ചത് ഈയ്യിടെയാണ്. 148നെതിരെ 211 വോട്ടുകള്‍ക്ക് ജൂണ്‍ ആദ്യ വാരം അവിശ്വാസം പരാജയപ്പെടുത്തിയെങ്കിലും ടോറി എം.പിമാരില്‍ 41 ശതമാനവും തനിക്ക് എതിരായിരുന്നുവെന്ന സത്യം അദ്ദേഹം മറന്നു. അന്ന് അനുകൂലമായി വോട്ടു ചെയ്ത മന്ത്രിമാര്‍ പോലും ഇപ്പോള്‍ അദ്ദേഹത്തിനെതിരെ രംഗത്തുവന്നു എന്നത് ശ്രദ്ധേയമാണ്.

രാജി തീരുമാനം പ്രഖ്യാപിച്ചു നടത്തിയ പ്രസംഗത്തിലും ജോണ്‍സണ്‍ സ്വന്തം മികവ് ഉയര്‍ത്തികാട്ടാനാണ് ശ്രമിച്ചത്. 1987നു ശേഷം കണ്‍സര്‍വെറ്റിവുകള്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചതും 1989നു ശേഷം പാര്‍ട്ടിക്ക് ലഭിച്ച വന്‍ വോട്ട് ഷെയറും തന്റെ കാലത്താണ് എന്ന് അദ്ദേഹം ഓര്‍മിപ്പിക്കുന്നു.

ബോറിസ് ജോണ്‍സന്റെ ജീവിതം തന്നെ വൈരുധ്യങ്ങളുടേതാണ്. ഈറ്റണിലും ഒക്‌സ്‌ഫോര്‍ഡിലും വിദ്യാഭ്യാസം നേടിയ ശേഷം വലതുപക്ഷ മാസികകളില്‍ എഴുത്തുകാരനും റിപ്പോര്‍ട്ടറുമായി. 1989ല്‍ ഡെയിലി ടെലഗ്രാഫിന്റെ ബ്രസ്സല്‍സ് ലേഖകനായിരുന്നു. പിന്നീട് രാഷ്ട്രീയകാര്യ കോളമിസ്റ്റായി.

ബോസ്‌നിയ ഹെര്‍സഗോവിനയില്‍ സെര്‍ബുകളുടെ വംശഹത്യക്ക് ഇരയായവരെ അവഹേളിക്കുന്ന വിധത്തില്‍ ഡെയിലി ടെലിഗ്രാഫില്‍ അദ്ദേഹം എഴുതിയ ലേഖനം വലിയ വിവാദമുണ്ടാക്കിയിരുന്നു. ബ്രിട്ടന്റെ വിദേശകാര്യ സെക്രട്ടറിയായപ്പോള്‍ സെര്‍ബിയന്‍ ഭരണകൂടം ഇക്കാര്യം സൂചിപ്പിച്ച് ജോണ്‍സനെ പുകഴ്ത്തുകയുണ്ടായി. അതേ ജോണ്‍സണ്‍ തന്നെയാണ് സെബ്രനീസ വംശഹത്യക്ക് 25 കൊല്ലം തികഞ്ഞ വേളയില്‍ കുമ്പസാരം നടത്തിയത്!

പത്രപ്രവര്‍ത്തനം വിട്ടാണ് വലത്-സെന്‍ട്രിസ്റ്റ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ചേരുകയും 2001 മുതല്‍ 2008 വരെ പാര്‍ലമെന്റംഗമാവുകയും ചെയ്തത്. ലേബര്‍ പാര്‍ട്ടിയുടെ കോട്ടയെന്നറിയപ്പെടുന്ന ലണ്ടന്‍ നഗരത്തിന്റെ മേയര്‍ പദവി 2008 മുതല്‍ 2016 വരെ അലങ്കരിച്ചതോടെ ജോണ്‍സണ്‍ ശ്രദ്ധേയനായി. അതില്‍ പിന്നീട് ബ്രിട്ടന്‍ പിടിച്ചടക്കിയിട്ടും കണ്‍സര്‍വേറ്റീവുകള്‍ക്ക് ലണ്ടന്‍ നഗരം അപ്രാപ്യമായി തുടരുന്നു.

വീണ്ടും പാര്‍ലമെന്റിലേക്ക് മത്സരിച്ച ജോണ്‍സണ്‍, തെരെസ മേയുടെ കീഴില്‍ വിദേശകാര്യ സെക്രട്ടറിയും യൂറോപ്യന്‍ യൂനിയനുമായി നടത്തിയ ബ്രെക്‌സിറ്റ് എഗ്രിമെന്റ് പാര്‍ലമെന്റ് തള്ളിയതിനെ തുടര്‍ന്ന് തെരെസ രാജിവെച്ചൊഴിഞ്ഞപ്പോള്‍ 2019 ജൂലൈയില്‍ പ്രധാനമന്ത്രിയുമായി.

യൂറോപ്യന്‍ യൂനിയനെതിരെ തുടക്കം മുതല്‍ രംഗത്തുണ്ടായിരുന്ന ജോണ്‍സണായിരുന്നു ബ്രെക്‌സിറ്റിന്റെ പ്രധാന ശില്‍പി. നമ്പര്‍ ടെന്‍ ഡൗണിംഗ് സ്ട്രീറ്റില്‍ അദ്ദേഹം എത്തുന്നതു തന്നെ ബ്രെക്‌സിറ്റ് യാഥാര്‍ഥ്യമാക്കുമെന്ന വാഗ്ദാനം നല്‍കിയായിരുന്നു. തെരെസ മേ രാജിവെച്ചപ്പോള്‍ പകരക്കാരനായി സ്ഥാനമേറ്റ ജോണ്‍സണ്‍ പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ഈ ആത്മവിശ്വാസം ഉള്ളതുകൊണ്ടായിരുന്നു. ഏറ്റവും യോഗ്യനായ ജെറമി കോര്‍ബിനെ ലേബര്‍ പാര്‍ട്ടി നിര്‍ത്തിയിട്ടും വലിയ മാര്‍ജിനില്‍ ജോണ്‌സണ്‍ ജയിച്ചു കയറിയത് ബ്രക്‌സിറ്റിന് അനുകൂലമായ ജനവികാരം മുതലാക്കിയാണ്.


വിവാദങ്ങളില്‍നിന്ന് വിവാദങ്ങളിലേക്ക് കൂപ്പു കുത്തുമ്പോഴും തനിക്ക് വോട്ടര്‍മാരുടെ മാന്‍ഡേറ്റ് ഉണ്ടെന്നാണ് ഇക്കഴിഞ്ഞ ബുധനാഴ്ച വരെയും ജോണ്‍സണ്‍ അവകാശപ്പെട്ടത്. എന്നല്‍, ചൊവ്വാഴ്ച രാജിവെച്ച ട്രഷറി സെക്രട്ടറി (ധനമന്ത്രി) ഋഷി സുനാക്കിന് പകരക്കാരനായി നിയമിക്തനായ നാദീം സഹാവി, പ്രധാന മന്ത്രി പദവി ഒഴിയാന്‍ ജോണ്‍സണോട് ആവശ്യപ്പെടുകയായിരുന്നു. രാജ്യത്തിന്റെ നന്മക്ക് അത് അനിവാര്യമാണെന്ന് സഹാവി തുറന്നടിച്ചപ്പോള്‍ ബോറിസ് ശരിക്കും വെട്ടിലായി.

ഒമ്പതു മിനിറ്റുകള്‍ക്കിടയില്‍ രാജിവെച്ച് ജോണ്‍സണെ ഞെട്ടിച്ച മുന്‍ ആരോഗ്യ മന്ത്രി സാജിദ് ജാവീദ്, ഇന്ത്യന്‍ വംശജനായ മുന്‍ ധനമന്ത്രി ഋഷി സുനക്, ജോണ്‍സന്റെ അടുത്ത അനുയായിയും വിദേശകാര്യ സെക്രട്ടറിയുമായ ലിസ് ട്രസ്സ്, പ്രതിരോധ മന്ത്രി ബെന്‍ വാല്ലസ് എന്നിവരാണ് അദ്ദേഹത്തിന്റെ പിന്‍ഗാമിയാവാന്‍ ഏറെ സാധ്യത കല്‍പിക്കപ്പെടുന്നത്.


കണ്‍സര്‍വേറ്റീവുകള്‍ക്ക് നല്ല ഭൂരിപക്ഷമുള്ളതിനാല്‍ പെട്ടെന്നൊരു പൊതു തെരഞ്ഞെടുപ്പിനുള്ള സാഹചര്യമില്ല. എന്നാല്‍, പാര്‍ട്ടിയുടെ പ്രതിച്ചായ വീണ്ടെടുക്കുകയെന്ന ഭാരിച്ച ദൗത്യമാണ് ജോണ്‍സന്റെ പിന്‍ഗാമിയെ കാത്തിരിക്കുന്നത്. യൂറോപ്പുമായുള്ള ബന്ധം മെച്ചപ്പെടുത്തുക എന്നതും പ്രധാനമാണ്.

TAGS :