Quantcast
MediaOne Logo

വി.കെ ഷാഹിന

Published: 8 March 2024 4:30 AM GMT

കത്തുന്ന ഉടലുകള്‍: മൂന്നു പെണ്ണുങ്ങള്‍ ജീവിതം പറയുമ്പോള്‍

മാധവിക്കുട്ടിയുടെയും ജോളി ചിറയത്തിന്റെയും നളിനി ജമീലയുടെയും ജീവിതങ്ങള്‍ പുരുഷന്റെ സാന്നിദ്ധ്യം എന്നത് ശാരീരികമായ ആനന്ദങ്ങള്‍ക്കപ്പുറം നല്ല പങ്കാളി എന്നത് തന്നെ വിലമതിക്കുകയും ആദരിക്കുകയും ചെയ്യുന്ന, സുരക്ഷിതത്വവും പരിഗണനയും നല്‍കുന്ന മനുഷ്യന്‍ കൂടി ആയിരിക്കണം എന്ന സ്ത്രീകളുടെ മനോഭാവം വ്യക്തമാക്കുന്നതുമാണ്.

ജോളി ചിറയത്ത്, നിന്ന് കത്തുന്ന കടല്‍,
X

'ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഒരു വധുവിന്റെ വേഷഭൂഷാദികളോടെ ഞാന്‍ അദ്ദേഹത്തെ കാണുവാന്‍ ചെന്നു. വിശ്രമമുറിയിലെ വാതില്‍ അടയുമ്പോള്‍ അദ്ദേഹം ദാഹിക്കുന്ന ചുണ്ടുകളോടെ എന്നെ തുരുതുരെ ചുംബിച്ചു. മുറിയില്‍ തൂക്കിയിരുന്ന അനേകം കണ്ണാടികളില്‍ ഞങ്ങളുടെ ചുംബനം പ്രതിഫലിച്ചു.'

മലയാളത്തില്‍ ഏറ്റവും കോളിളക്കമുണ്ടാക്കിയ സ്ത്രീ ആത്മകഥയായ മാധവിക്കുട്ടിയുടെ 'എന്റെ കഥയുടെ ' അവസാന വരികളാണിത്. അസാധാരണമായ ഒരു ജീവിതം ജീവിക്കുകയും മറ്റൊരാള്‍ക്കും അവകാശപ്പെടാനില്ലാത്ത വിധം സാഹിത്യ ലോകത്ത് സ്വന്തം സ്ഥാനം രേഖപ്പെടുത്തുകയും വരൂ, പെണ്ണുങ്ങളേ... എന്നു പറഞ്ഞ് തുറന്നുപറച്ചിലിന്റെ ഒരു പാത കടുത്ത എതിര്‍പ്പുകളെ അവഗണിച്ച് തുറന്നിടുകയും ചെയ്തുകൊണ്ടാണ് മാധവിക്കുട്ടി കമല സുരയ്യയായി മാറി ഈ ലോകത്ത് നിന്ന് അന്തര്‍ധാനം ചെയ്തത്. ഏറെ പ്രശസ്തമായ ഒരു തറവാട്ടില്‍ പ്രശസ്തരായ മാതാപിതാക്കളുടെ സന്താനമായി പിറന്നതിന്റെ പ്രിവിലേജ് അവകാശപ്പെടുമ്പോള്‍ തന്നെ കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ പുലര്‍ത്തിപ്പോരേണ്ടി വന്ന ആദര്‍ശങ്ങളുടെ ഭാരവും കുഴിച്ചു മൂടേണ്ടിവന്ന ആഗ്രഹങ്ങളുടെ കൂമ്പാരവും ചെറുപ്രായത്തിലേ ഉണ്ടായ വിവാഹവും, തുടര്‍ച്ചയായ പ്രസവങ്ങളും, കുടുംബഭാരവും ഒരു സ്ത്രീയെന്നുള്ള രീതിയില്‍ താന്‍ ആഗ്രഹിച്ചിരുന്ന ലൈംഗിക ജീവിതവും, ആശാഭംഗങ്ങളും വ്യക്തമായും സരളമായും 'എന്റെ കഥ ' തുറന്നിടുന്നുണ്ട്.

അപ്പന്റെ അമിത മദ്യപാനവും അമ്മയോടുള്ള അവഗണനയും ദുരിത പൂര്‍ണ്ണമാക്കിയ ബാല്യകാലമാണ് ജോളി യുടെ ഭാവി ജീവിതത്തില്‍ നിര്‍ണായകമായി മാറിയത്. 16 വയസ്സ് മുതല്‍ ട്യൂഷന്‍ എടുത്തും മറ്റാരുടെയും സഹായമില്ലാതെ കലാലയ വിദ്യാഭ്യാസത്തിന് ചേര്‍ന്നും അമ്മയെ സംരക്ഷിച്ചും താന്‍ ഒരു സ്വതന്ത്ര വ്യക്തിത്വമായി രൂപപ്പെട്ടതിനെ കുറിച്ച് വൈകാരിതയോടെ തന്നെ ജോളി വിവരിക്കുന്നുണ്ട്.

1973 ല്‍ പ്രസിദ്ധീകരിച്ച എന്റെ കഥ പിന്നീട് എത്രയേറെ പതിപ്പുകളാണ് വിറ്റു തീര്‍ന്നത്! സംതൃപ്ത കുടുംബ ജീവിതത്തിന്റെ ചിത്രം വരഞ്ഞിട്ട ബി. കല്യാണി അമ്മയുടെ വ്യാഴവട്ടസ്മരണകളില്‍ (1916) നിന്ന് തുടങ്ങുന്ന കേരളത്തിലെ സ്ത്രീകളുടെ ആത്മകഥയെഴുത്തുകള്‍ ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍ കുടുംബം, വ്യക്തിബന്ധങ്ങള്‍, സാമൂഹിക ബന്ധങ്ങള്‍, പൊതുജീവിത ക്രമങ്ങള്‍ എന്നിവയെ അതിനിശിതമായി വിമര്‍ശിക്കുന്ന തലത്തിലേക്ക്, ഒരു കൂസലും കൂടാതെ കയറുവാനും ഇറങ്ങിപ്പോരാനുമുള്ള സ്വാതന്ത്ര്യം കൂടി കുടുംബത്തിലുണ്ടെന്ന ഓര്‍മിപ്പിക്കലായി മാറുകയാണ്.


യാദൃച്ഛികമാണെങ്കിലും ജോളി ചിറയത്തിന്റെ ആത്മകഥയായ 'നിന്നു കത്തുന്ന കടലുകള്‍' വായിക്കുന്നതിന് കുറച്ചു മാസങ്ങള്‍ക്ക് മുന്‍പാണ് നളിനി ജമീലയുടെ 'ഒരു ലൈംഗിക തൊഴിലാളിയുടെ ആത്മകഥ' വായിക്കുന്നത്. വായനയില്‍ താല്‍പര്യം തോന്നിയ കാലം തൊട്ടേ ഇഷ്ടമുള്ള എഴുത്തുകാരിയായിരുന്നു മാധവിക്കുട്ടി. 'എന്റെ കഥ' അതിന്റെ ജൈവികത കൊണ്ട് മനസ്സിലന്നേ സ്ഥാനം പിടിച്ചതാണ്. ജോളിയെയും ജമീലയേയും വായിച്ചപ്പോള്‍ മാധവിക്കുട്ടിയെപ്പോലെ ഇവരും തൃശ്ശൂരുകാരാണല്ലോ എന്നൊരു സാമ്യമാണ് തോന്നിയത്. വ്യത്യസ്ത ജീവിത സാഹചര്യങ്ങളില്‍ ജനിച്ചു വളര്‍ന്നവര്‍ ആണെങ്കിലും തൃശ്ശൂരിന്റെ സാംസ്‌കാരിക പരിസരങ്ങള്‍ സൃഷ്ടിച്ച ഭാഷാലാവണ്യവും എഴുത്ത് രീതികളില്‍ മൂന്നുപേരും പുലര്‍ത്തുന്ന ആത്മാവബോധവും സ്വയം വിമര്‍ശനവും പുരുഷ കേന്ദ്രിതലോകത്തെ കുറിച്ചുള്ള കണ്ടെത്തലുകളും, സാമ്യങ്ങളുള്ളതായിരിക്കുമ്പോള്‍ തന്നെ അവര്‍ വരച്ചിടുന്ന ജീവിത ചിത്രങ്ങള്‍ വൈവിധ്യം നിറഞ്ഞതുമാണ്.

മൂന്നു പേരും സ്വന്തം നാട്ടില്‍ നിന്ന് മറ്റിടള്ളിടങ്ങളിലേക്ക് പറിച്ചു നട്ടവരാണ്. മാധവിക്കുട്ടി തന്റെ ബാല്യകാലം ചെലവഴിച്ച കൊല്‍ക്കത്തയുടെ ഓര്‍മകള്‍ പങ്കു വെക്കുമ്പോള്‍ തന്റെ വ്യക്തിത്വം രൂപപ്പെടുത്തിയെടുത്ത മുംബൈയിലെ കുട്ടിക്കാലം ജോളി ഓര്‍മിക്കുന്നുണ്ട്. ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം നേടാനായി അന്ന് നടത്തിയ ശ്രമങ്ങളും വിദേശികളുമായുണ്ടായ സമ്പര്‍ക്കവും മാധവിക്കുട്ടി എഴുതുന്നുണ്ട്. മുംബെയിലെ സട്ടാനയില്‍ റസ്റ്റോറന്റ് നടത്തിയിരുന്ന അപ്പനോടൊപ്പം താമസിക്കുമ്പോള്‍ അവിടെ ആരംഭിച്ച ഇംഗ്ലീഷ് സ്‌കൂളില്‍ പഠിപ്പിക്കാന്‍ ഗോവയില്‍ നിന്നു വന്ന അധ്യാപികമാരുടെ സ്‌നേഹമസൃണമായ പെരുമാറ്റം ജോളി വിവരിക്കുന്നത് ഇങ്ങനെയാണ്: 'വളരെ വിശാലമായി ചിന്തിക്കുന്നവരായിരുന്നു അവര്‍. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കണം, ഇരിക്കുന്നതും കളിക്കുന്നതുമൊക്കെ ഒരുമിച്ച്. ആഴ്ചയില്‍ ഒരു ദിവസം ജനറല്‍ ക്ലീനിങ് ഉണ്ട്. എല്ലാ കാര്യങ്ങളും കുട്ടികള്‍ ഒന്നിച്ച് ചെയ്യണം. ലിംഗ വിവേചനം ഇല്ലാതെയാണ് അവിടെ പഠിച്ചത്. കുട്ടികള്‍ക്കിടയിലെ ഇന്‍ഹിബിഷന്‍സ് മാറ്റിയെടുക്കാനായി അവര്‍ ബോധപൂര്‍വ്വം സെറ്റ് ചെയ്ത കരിക്കുലമായിരുന്നു അത്. ഗോവയില്‍ നിന്നുള്ള ടീച്ചര്‍മാരില്‍ രണ്ടുപേര്‍ ചേച്ചിയും അനിയത്തിയും ആയിരുന്നു. ആഴ്ചയില്‍ ഒരു ദിവസം, ശനിയാഴ്ച, രാവിലെ മുതല്‍ ഉച്ചവരെ ഗെയിംസ് മാത്രമാണ് സ്‌കൂളില്‍ നടക്കുക. അന്ന് പഠനം ഒന്നും ഉണ്ടാകില്ല. ഗെയിംസില്‍ പോലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചാണ് ടീമുകള്‍ ഉണ്ടാക്കുക. പെണ്‍കുട്ടികള്‍ വേറെ ആണ്‍കുട്ടികള്‍ വേറെ എന്നൊന്നുമില്ല. കബഡി, ഖോ-ഖോ ഒക്കെ ഒന്നിച്ചാണ് കളിക്കുക...... കുട്ടികളെ ശിക്ഷിക്കുന്ന രീതിയൊന്നും അവിടെയില്ല. ടീച്ചര്‍മാര്‍ കുട്ടികളെ അടിക്കുകയോ കളിയാക്കുകയോ ഒന്നും ചെയ്യില്ല. മാത്രമല്ല കുട്ടികള്‍ക്ക് എന്തെങ്കിലും മനോവിഷമം ഉണ്ടെന്നു തോന്നിയാല്‍ അവര്‍ ആ കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിക്കും.' വിദ്യാഭ്യാസത്തെ കുറിച്ചുള്ള എത്ര മഹത്തായ കാഴ്ചപ്പാടാണ് ആ സ്വകാര്യ സ്‌കൂളില്‍ നിലനിന്നിരുന്നതെന്ന് കാണാന്‍ സാധിക്കും.

മാധവിക്കുട്ടി വളരെ ചുരുക്കം ക്ലാസുകളില്‍ മാത്രമേ സ്‌കൂളുകളില്‍ പോയി പഠിച്ചിട്ടുള്ളൂ. അനൗപചാരികമായ വിദ്യാഭ്യാസരീതിയാണ് അവര്‍ക്ക് ലഭിച്ചത്. ചിത്ര രചനയും ഭാഷാ പ്രാവീണ്യവുമെല്ലാം ഹോം ട്യൂഷന്‍ വഴിയായിരുന്നു. പക്ഷേ, സുഹൃത്തുക്കളുമായുള്ള ഇടപെടലുകളും അക്കാലത്തെ ഏറ്റവും മേല്‍ത്തട്ടില്‍ ഉള്ള ബുദ്ധിജീവികളുടെ സൗഹൃദ സംഘം അവരുടെ വീട്ടിലെ നിരന്തര സന്ദര്‍ശകരായിരുന്നു എന്നത് അവരുടെ എഴുത്തിനെയും കാഴ്ചപ്പാടുകളെയും മേല്‍ത്തരമാക്കുന്നതില്‍ പങ്കു വഹിച്ചിട്ടുണ്ട്.

അപ്പന്റെ അമിത മദ്യപാനവും അമ്മയോടുള്ള അവഗണനയും ദുരിത പൂര്‍ണ്ണമാക്കിയ ബാല്യകാലമാണ് ജോളി യുടെ ഭാവി ജീവിതത്തില്‍ നിര്‍ണായകമായി മാറിയത്. 16 വയസ്സ് മുതല്‍ ട്യൂഷന്‍ എടുത്തും മറ്റാരുടെയും സഹായമില്ലാതെ കലാലയ വിദ്യാഭ്യാസത്തിന് ചേര്‍ന്നും അമ്മയെ സംരക്ഷിച്ചും താന്‍ ഒരു സ്വതന്ത്ര വ്യക്തിത്വമായി രൂപപ്പെട്ടതിനെ കുറിച്ച് വൈകാരിതയോടെ തന്നെ ജോളി വിവരിക്കുന്നുണ്ട്.

മുംബൈയില്‍ നിന്ന് തിരിച്ചും നാട്ടിലെത്തിയതിനു ശേഷം ചേര്‍ന്ന കോണ്‍വെന്റ് സ്‌കൂളില്‍ അധ്യാപകര്‍ കാണിച്ചിരുന്ന വിവേചനങ്ങള്‍ ചോദ്യം ചെയ്തതിന്റെ പേരില്‍ എല്ലായ്‌പ്പോഴും അഹങ്കാരി എന്ന വിശേഷണം കിട്ടിയതും എപ്പോഴും കുട്ടിക്കൂട്ടത്തിലെ പെണ്‍കുട്ടികളില്‍ സ്വാശ്രയ ബോധം ഉണ്ടാക്കാനായി ചെയ്തിരുന്ന കാര്യങ്ങളും ജന്മി - ജാതിവ്യവസ്ഥിതിയോട് ചെറുപ്പത്തിലെ രൂപപ്പെട്ട രോഷവും അത് പ്രകടിപ്പിക്കാനായി ചെയ്തുകൂട്ടിയ പ്രവൃത്തികളും ഇങ്ങനെ സംഭവബഹുലമായ ഒരു ബാല്യകാലത്തെ വളരെ രസകരമായാണ് ജോളി വരച്ചിടുന്നത്. ഹൃദ്രോഗിയായ അമ്മയോട് അച്ഛന്‍ കാണിച്ചിരുന്ന വയലന്‍സും അവഗണനയും കടുത്ത സംഘര്‍ഷങ്ങളായി അവളെ എല്ലാകാലവും പിന്തുടര്‍ന്നിരുന്നു. പ്രീഡിഗ്രിയും ഡിഗ്രിയുമെല്ലാം വളരെ പാടുപെട്ട് പഠിച്ചു പാസ്സായെങ്കിലും അക്കാലത്തുണ്ടായ ഒരു പ്രണയബന്ധവും 20 വയസ്സിലെ വിവാഹവും ജീവിതം മാറ്റിമറിക്കുകയാണ് ഉണ്ടായത്. തന്റെ ഭര്‍ത്താവിനോടൊപ്പമുള്ള കാലഘട്ടത്തെ ഒരു ഡയറിക്കുറിപ്പില്‍ ലെന്നോണം ആത്മകഥയില്‍ ജോളി വിവരിക്കുന്നുണ്ട്. ആദര്‍ശങ്ങളും പ്രത്യയശാസ്ത്രവും പ്രസംഗിക്കുമ്പോള്‍ തന്നെ അത് നടപ്പില്‍ വരുത്താന്‍ ഒട്ടും പരിശ്രമിക്കാത്ത കേരളത്തിലെ പുരുഷാധിപത്യ വ്യവസ്ഥിതി തന്റെ ജീവിതത്തെ എത്രത്തോളം ദുരിത പൂര്‍ണ്ണമാക്കി എന്നും ആ വരികളില്‍ കാണാം. സ്ഥിരമായി ജോലിയില്ലാതെ അലഞ്ഞിരുന്ന ഭര്‍ത്താവ് ബാലുവിനെ ജ്യേഷ്ഠന്മാര്‍ ഷാര്‍ജയിലേക്ക് കൊണ്ടുപോകുന്നതും അവിടെ സ്ഥിരം ജോലിയായതിനുശേഷം താന്‍ അങ്ങോട്ട് പോയതിനെക്കുറിച്ചും ജോളി വിവരിക്കുന്നുണ്ട്: 'ഞാനതുവരെ കണ്ട ബാലുവിനെയല്ല ഗള്‍ഫിലെത്തിയപ്പോള്‍ കണ്ടത്. വലിയ രീതിയില്‍ സോഫിസ്റ്റിക്കേറ്റഡ് ആയി ബാലു മാറിയിരുന്നു...... womanizing എന്നതിനെയൊക്കെ ബാലു വലിയൊരു ഗുണമായാണ് നോക്കിക്കാണുന്നത്. ഞാന്‍ അതിനെ എതിര്‍ക്കുന്നുണ്ട്. Womanizing എന്നതുപോലെ manizing എന്നൊരു പദം ഇല്ലല്ലോ എന്ന് ഞാന്‍ പ്രതിരോധിക്കുന്നുണ്ട്. അങ്ങനെയാണെങ്കില്‍ തിരിച്ച് അതും സാധിക്കേണ്ടെ? അതും നല്ലത് തന്നെയല്ലേ? ഇങ്ങനെ ഞങ്ങള്‍ തമ്മില്‍ വീക്ഷണങ്ങളിലും സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഞാന്‍ അവിടെ എത്തിയതോടെ സംഘര്‍ഷങ്ങള്‍ അതിന്റെ ക്ലൈമാക്‌സില്‍ എത്തി. ഇവള്‍ വല്ലാതെ കറുത്തുപോയി, കാടു തെണ്ടി നടക്കുകയാണ്, മുടി ധാരാളമുണ്ടായിരുന്നു എന്നൊക്കെയാണ് എന്നെ പരിചയപ്പെടുത്തിക്കൊണ്ട് ആളുകളോട് പറയുന്നത്. അതിനര്‍ഥം, ഇപ്പോഴുള്ള എന്നെ അയാള്‍ക്ക് ഉള്‍ക്കൊള്ളാനാവുന്നില്ല എന്നു കൂടിയല്ലേ? ഞാന്‍ എന്ന വ്യക്തിയുടെ പുറം കാഴ്ചയ്ക്കാണ് ബാലു പ്രാധാന്യം നല്‍കുന്നതെന്ന കാര്യം എന്നെ അലോസരപ്പെടുത്തി. '


ഇപ്രകാരം വിവാഹ ജീവിതത്തിലും പ്രവാസ ജീവിതത്തിലും നിലനിന്ന ആശയപ്പൊരുത്തമില്ലായ്മകള്‍ പിന്നീട് ആദ്യത്തെ പ്രസവത്തിന്റെ സമയത്തും തുടര്‍ന്നുള്ള ജീവിതത്തിലും പല ബിസിനസുകള്‍ ചെയ്യുന്നതിലും വലിയ ഇഷ്ടക്കേടുകള്‍ സൃഷ്ടിക്കുന്നതും മറ്റൊരു പ്രണയത്തിലേക്ക് ബാലു എത്തിച്ചേരുന്നതും ദാമ്പത്യത്തിന്റെ മുന്നോട്ടുപോക്കിനെ അസാധ്യമാക്കുന്നതായും കാണാന്‍ സാധിക്കും.

ഏത് സാഹചര്യത്തിലും തന്റെ ഇഷ്ടങ്ങളുമായി മുന്നോട്ടു പോകാനുള്ള ജോളി ചിറയത്തിന്റെ താല്‍പര്യങ്ങള്‍ ജീവിതത്തിലെ പല കാലഘട്ടങ്ങള്‍ വിവരിക്കുമ്പോഴും കടന്നുവരുന്നുണ്ട്. നാട്ടിലെ ബാല്യകാലവും വിദ്യാഭ്യാസ ജീവിതവും പിന്നീട് കോളജില്‍ എത്തിയതിനുശേഷമുള്ള രാഷ്ട്രീയ ജീവിതവും വിവാഹത്തിനു ശേഷം ചെന്നൈയിലെത്തിയതിനു ശേഷമുള്ള ഹോസ്റ്റല്‍ വാസവും ബാലു പ്രവാസിയായതിനുശേഷം നാടകത്തിന്റെ അരങ്ങിലേക്ക് എത്താനുള്ള തീരുമാനവും നാടകം പഠിക്കാനായി നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ അപേക്ഷിച്ചതും ഇന്റര്‍വ്യൂവില്‍ പങ്കെടുത്തതും പിന്നീട് ഷാര്‍ജയില്‍ കുട്ടികള്‍ക്കായി നാടക ക്യാമ്പ് നടത്തിയതും വര്‍ഷങ്ങളോളം നാടകം അവതരിപ്പിച്ചതും ഇങ്ങനെ ജീവിതത്തില്‍ തനിക്ക് ഇഷ്ടമുള്ള ഇടങ്ങളെ നിറക്കാനും പൊലിപ്പിക്കാനും ഇഷ്ടമില്ലാത്ത ഇടങ്ങളില്‍ നിന്നും ഇറങ്ങിപ്പോരാനുള്ള തന്റേടവും നിറഞ്ഞുനില്‍ക്കുന്നതാണ് ജോളിയുടെ കഥ. പ്രവാസ ജീവിതത്തിനു ശേഷം നാട്ടില്‍ മക്കള്‍ക്കൊപ്പം താമസിക്കുമ്പോഴാണ് പല സമരവേദികളിലേക്കും ചെന്നെത്തുന്നതും സിനിമാഭിനയം തുടങ്ങുന്നതും. സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും വലിയ ഉള്‍ക്കാഴ്ചകള്‍ ഉള്ള ഒരു വ്യക്തിയെന്നുള്ള രീതിയില്‍ ചലച്ചിത്ര ലോകത്ത് ചെറിയ വേഷങ്ങളിലൂടെയാണെങ്കിലും തന്റേതായ ഒരു വ്യക്തി മുദ്ര ജോളി പതിപ്പിച്ചു കഴിഞ്ഞു. സിനിമ സെറ്റുകളിലെ സ്ത്രീകളുടെ അപകര്‍ഷതയെക്കുറിച്ച് അവര്‍ വിവരിക്കുന്നുണ്ട്. പലപ്പോഴും നടിമാരായല്ലാതെ ടെക്‌നീഷ്യന്‍മാരോ സംവിധായകരോ ആയി സ്ത്രീകള്‍ കടന്നുവരുന്നത് വളരെ ചുരുക്കമാണ്. സിനിമാ ഫീല്‍ഡില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ നിലപാടുകള്‍ ശക്തമാക്കേണ്ടതുണ്ട്. 'ഫെമിനിസ്റ്റ് രാഷ്ട്രീയം എന്നത് വിഘടനവാദം എന്നതിനപ്പുറം അവബോധം തന്നെയായി വളരേണ്ട ഒന്നാണ്. അത് സെക്ടേറിയന്‍ ആയി വേറിട്ടു നില്‍ക്കേണ്ട ഒന്നല്ല. മറിച്ച് ജീവിതത്തിന്റെ പ്രാക്ടീസ് എന്ന രീതിയില്‍ മനുഷ്യരുടെ ഉള്ളില്‍ നിന്നു വരേണ്ട പ്രക്രിയയാണ്. നിര്‍ഭാഗ്യവശാല്‍ അതിലേക്ക് എത്തിപ്പെടാന്‍ ഇവിടത്തെ ഫെമിനിസ്റ്റ് മൂവ്‌മെന്റുകള്‍ക്ക് കഴിഞ്ഞിട്ടില്ല..' തന്റെ ഫെമിനിസ്റ്റ് രാഷ്ട്രീയ നിലപാടുകള്‍ ജോളി ആത്മകഥയില്‍ പലയിടത്തായി വ്യക്തമാക്കുന്നുണ്ട്. ജീര്‍ണിച്ചു പോയ ഒരു ദാമ്പത്യ ബന്ധത്തില്‍ കുടുങ്ങിക്കിടക്കേണ്ടതില്ല എന്ന് തീരുമാനിക്കുന്നതും തന്റെ ഭര്‍ത്താവിനെയും അദ്ദേഹത്തിന്റെ പങ്കാളിയെയും സ്‌നേഹത്തോടുകൂടി കാണാന്‍ പോകുന്നതും മക്കളെ അതിനായി പ്രേരിപ്പിക്കുന്നതും വ്യക്തിബന്ധങ്ങളുടെ വില കൂടുതല്‍ മനസ്സിലാക്കിയിട്ടു തന്നെയാണ്.

അന്‍പതുകളിലെത്തിയ ഒരു സാധാരണ മലയാളി സ്ത്രീയുടെ ആത്മകഥ എന്ന രീതിയിലാണ് ജോളിയുടെ ആത്മകഥയെ നോക്കിക്കാണേണ്ടത്. ഏതെങ്കിലും അധികാര സ്ഥാനത്തോ പ്രത്യയശാസ്ത്ര പരിസരത്തോ തന്റെ സ്ഥാനം ഉറപ്പിക്കാനും പദവികളിലെത്താനും അവര്‍ ശ്രമിച്ചിട്ടില്ല. എന്നാല്‍, ഒഴുക്കിനൊത്ത് നീന്താതെ തന്റെ കാലടികളെ വേണ്ട രീതിയില്‍ പതിപ്പിച്ചു വെക്കേണ്ടത് ചെയ്യാന്‍ അവര്‍ പരിശ്രമിച്ചിട്ടുണ്ട്. ആത്മകഥകള്‍ക്ക് പഞ്ഞമില്ലാത്ത ഈ കാലഘട്ടത്തില്‍ സാധാരണക്കാര്‍ക്ക് ഭാവിയിലേക്ക് ഊര്‍ജ്ജം നിറയ്ക്കാന്‍ വേണ്ടി എഴുതിയ സ്വന്തം കഥയായിട്ട് 'നിന്നു കത്തുന്ന കടലുകളെ ' വിലയിരുത്താന്‍ കഴിയും.

നളിനി ജമീല

പട്ടാളക്കാരനായിരുന്ന അച്ഛന്‍ പരിക്കുപറ്റി നാട്ടില്‍ വരുന്നതും പിന്നീട് ഇടതുപക്ഷ പ്രസ്ഥാനത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന് അമ്മയ്ക്ക് ജോലി നഷ്ടമാകുന്നതും വല്യമ്മയുടെ ആശ്രിതയെ പോലെ അമ്മയ്ക്ക് കഴിയേണ്ടി വന്ന ചെറുപ്പകാലവും ദാരിദ്ര്യവുമാണ് നളിനി ജമീലയെ ഇഷ്ടികക്കളത്തിലെ ജോലിയിലേക്കും വീട്ടുപണിയിലേക്കുമൊക്കെ എത്തിച്ചത്. അച്ഛന്റെ മര്‍ദനം കൊണ്ട് വീട്ടില്‍ നില്‍ക്കാന്‍ പറ്റാതായപ്പോഴാണ് സുബ്രഹ്മണ്യന്‍ എന്നൊരാളെ പങ്കാളിയായി കണ്ടെത്തുന്നത്. പക്ഷേ, ചാരായക്കച്ചവടക്കാരനായി ജീവിച്ച അയാളോടൊപ്പമുള്ള ജീവിതം നരകതുല്യമായിരുന്നു. അയാളുടെ മരണത്തിനു ശേഷം മക്കളെ സംരക്ഷിക്കാന്‍ വേണ്ടിയാണ് പിന്നീട് ലൈംഗികവൃത്തി സ്വീകരിക്കുന്നത്. അതും സ്ഥിരമാക്കണമെന്ന് ഉണ്ടായിരുന്നില്ല. പക്ഷേ, സാഹചര്യം അതില്‍ തന്നെ സ്ഥിരപ്പെടുത്തുകയാണ് ഉണ്ടായത്. മറ്റൊരു പങ്കാളിയുമായി ജീവിക്കാന്‍ ശ്രമിച്ചപ്പോഴും വീണ്ടും ലൈംഗിക തൊഴിലിലേക്ക് തന്നെ എത്തിച്ചേര്‍ന്നു. എന്നാല്‍, തന്നെപ്പോലെ ദുരിതമനുഭവിക്കുന്ന സ്ത്രീകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന 'ജ്വാലാമുഖി' എന്ന സംഘടനയുടെ സജീവ പ്രവര്‍ത്തകയാവുകയും ഹ്രസ്വ ചിത്രങ്ങള്‍ നിര്‍മിച്ച് പ്രവര്‍ത്തിക്കുകയും എയ്ഡ്‌സ് ബോധവത്കരണം, തൊഴില്‍ രംഗത്തെ പ്രശ്‌നങ്ങളിലിടപെടല്‍ എന്നിവയൊക്കെ സജീവമായി നടത്താന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്. തന്റെ ജീവിത കഥയില്‍ താന്‍ പരിചയപ്പെട്ട നിരവധി പുരുഷന്മാരെ കുറിച്ചും ലൈംഗിക തൊഴിലാളികളായ സ്ത്രീകളെ കുറിച്ചും അവര്‍ പരാമര്‍ശിക്കുന്നുണ്ട്. വിചിത്രമായ ഒരു ലോകവും ദുരിതങ്ങളുമാണ് വിവരണങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്നത്.


ലൈംഗികത്തൊഴില്‍ ചെയ്തു കൊണ്ടിരുന്ന സമയത്ത് ഷാഹുല്‍ എന്ന ഒരാള്‍ കൂടെ താമസിക്കാന്‍ താല്‍പര്യപ്പെട്ടതും 12 വര്‍ഷത്തോളം അയാളുടെ ഭാര്യയായിരുന്നതും നളിനി ജമീല വിവരിക്കുന്നുണ്ട്. പിന്നീടയാള്‍ ബിസിനസ്സില്‍ പരാജയപ്പെട്ടപ്പോഴാണ് വീണ്ടും അവര്‍ ജോലിക്കിറങ്ങേണ്ടി വന്നത്. ശാരീരികമായ ആനന്ദങ്ങളെ തികഞ്ഞ സ്വാഭാവികതയോടെയാണ് അവര്‍ നോക്കിക്കാണുന്നത്. പാട്ടിലൂടെയും കലകളിലൂടേയും കിട്ടുന്ന ആനന്ദം പോലെ ശാരീരികമായ ആനന്ദങ്ങള്‍ക്ക് വിലങ്ങു തീര്‍ക്കേണ്ടതില്ല എന്ന് അഭിപ്രായപ്പെടുന്നു.

നിരന്തരം ഭ്രമകല്‍പനകളില്‍ മുഴുകി ജീവിച്ച മാധവിക്കുട്ടി തന്റെ ശരീരത്തെ ഒരു പരീക്ഷണ വസ്തുവായി കണ്ടതു പോലെ തോന്നും 'എന്റെ കഥ' വായിക്കുമ്പോള്‍. മൂന്നു ജീവിതങ്ങളും പുരുഷന്റെ സാന്നിദ്ധ്യം എന്നത് ശാരീരികമായ ആനന്ദങ്ങള്‍ക്കപ്പുറം നല്ല പങ്കാളി എന്നത് തന്നെ വിലമതിക്കുകയും ആദരിക്കുകയും ചെയ്യുന്ന, സുരക്ഷിതത്വവും പരിഗണനയും നല്‍കുന്ന മനുഷ്യന്‍ കൂടി ആയിരിക്കണം എന്ന സ്ത്രീകളുടെ മനോഭാവം വ്യക്തമാക്കുന്നതുമാണ്.



TAGS :