Quantcast
MediaOne Logo

പി.കെ ഇംതിയാസ്

Published: 26 March 2022 8:44 AM GMT

പ്രതിസന്ധിയിലായ കമ്പനികളുടെ കരകയറ്റം - സി.ഇ.ഒമാരുടെ വെല്ലുവിളികൾ

ഒരു സ്ഥാപനത്തിന്റെ ടേൺഎറൗണ്ട് പ്രോജക്റ്റിന്റെ വിജയം സ്ഥാപനത്തിലെ ജീവനക്കാർ, പ്രക്രിയകൾ, സാങ്കേതിക വിദ്യ എന്നിവയുടെ സംയോജനത്തെ ആശ്രയിച്ചിരിക്കുന്നു.

പ്രതിസന്ധിയിലായ കമ്പനികളുടെ കരകയറ്റം - സി.ഇ.ഒമാരുടെ വെല്ലുവിളികൾ
X
Listen to this Article

ഞാൻ ഇതുവരെ സി.ഇ.ഒ ആയിട്ടില്ലെന്ന് ആദ്യമേ വ്യക്തമാക്കട്ടെ. എന്നിരുന്നാലും, ഞാൻ പല സി.ഇ.ഒ മാരുമായും അടുത്ത് പ്രവർത്തിക്കുകയും അവർ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെയും സമ്മർദങ്ങളേയും അടുത്തറിയുകയും ചെയ്തിട്ടുണ്ട്. 2012 മുതൽ 2014 വരെ ഒമാൻ എയറിന്റെ സി.ഇ.ഒ ആയിരുന്ന വെയ്ൻ പിയേഴ്സിനൊപ്പമായിരുന്നു എന്റെ ഏറ്റവും മികച്ച അനുഭവം. പിയേഴ്സിന്റെ മാനേജ്മെന്റ് ശൈലി വളരെ വിശകലനാത്മകമാണ്. അദ്ദേഹം കണക്കിൽ അഗ്രഗണ്യനാണ്, അതിനാൽ തന്നെ വിവിധ തരത്തിലുള്ള ബിസിനസ് ഇന്റലിജൻസ് റിപ്പോർട്ട് നിരന്തരമായി ആവശ്യപ്പെടുമായിരുന്നു. അത് എന്നെ ബിസിനസ് ഇന്റലിജൻസിന്റെ ഒരു വലിയ പ്രൊജക്റ്റ് നടപ്പാക്കാൻ സഹായിച്ചു. തുടർന്ന്, 2014 മുതൽ 2016 വരെ, ഡോ. റാഷിദ് അൽ-ഗൈലാനി (എന്റെ ഇപ്പോഴത്തെ സി.ഇ.ഒ) ഒമാൻ എയറിന്റെ എച്ച്ആർ ചീഫ് ഓഫീസർ ആയിരുന്നപ്പോൾ, ബാലൻസ്ഡ് സ്കോർകാർഡ് എന്ന ആശയവും കോർപ്പറേറ്റ് തലത്തിൽ അത് നടപ്പാക്കുന്നതിനുള്ള വെല്ലുവിളിയും ഞാൻ പരിചയപ്പെടാൻ ഇടയായി.

നൂറ്റിയെഴുപത് വർഷം പിന്നിട്ട വെസ്റ്റേൺ യൂണിയന്റെ കഥ

കോർപ്പറേറ്റുകളുടെ പ്രതിസന്ധികളെകുറിച്ചും അതിജീവനത്തെകുറിച്ചും ഞാൻ ഒരുപാട് വായിച്ചിട്ടുണ്ട്. അതിൽ ഏറ്റവും രസകരമായ കഥ വെസ്റ്റേൺ യൂണിയനുമായി ബന്ധപ്പെട്ടതാണ്. വെസ്റ്റേൺ യൂണിയൻ യഥാർഥത്തിൽ 1856 ൽ സ്ഥാപിതമായ ഒരു ടെലിഗ്രാഫ് കമ്പനിയാണെന്ന് പലർക്കും അറിയില്ല. ടെലിഗ്രാം സന്ദേശങ്ങൾ കൈമാറുകയായിരുന്നു അവരുടെ പ്രധാന ബിസിനസ്സ്. ടെലിഗ്രാം സേവനത്തിന്റെ ഭാഗമായി വയർമണി ട്രാൻസ്ഫർ സേവനവും അവർക്കുണ്ടായിരുന്നു. 1876 ൽ അലക്സാണ്ടർ ഗ്രഹാംബെൽ ടെലിഫോൺ കണ്ടുപിടിച്ച ഉടനെ അതിന്റെ പേറ്റന്റ് ഒരുലക്ഷം യു.എസ് ഡോളറിന് വെസ്റ്റേൺ യൂണിയന് വിൽക്കാൻ തയ്യാറായി. വെസ്റ്റേൺ യൂണിയന്റെ അന്നത്തെ പ്രസിഡന്റ് 'ടെലിഫോൺ ഒരുകളിപ്പാട്ടമല്ലാതെ മറ്റൊന്നുമല്ല' എന്ന് അഭിപ്രായപ്പെട്ടുകൊണ്ട് ഓഫർ നിരസിച്ചു. രണ്ട് വർഷത്തിന ശേഷം, അതേ പ്രസിഡന്റ് തന്റെ സഹപ്രവർത്തകരോട് പറഞ്ഞു, തനിക്ക് 25 മില്യൺ ഡോളറിന് പേറ്റന്റ് ലഭിക്കുകയാണെങ്കിൽ, നന്നായേനെ എന്ന്.


വെസ്റ്റേൺ യൂണിയൻ ചരിത്രം ഒരേസമയം വിപ്ലവകരമായ സാങ്കേതിക പുരോഗതികളെ അവഗണിച്ചതിന്റെയും (1870 കളിൽ ടെലിഫോണിന്റെ വരവിന്റെ സന്ദർഭത്തിൽ) അതേപോലെ അതിനെ ഏറ്റവും നന്നായി ഉപയോഗപ്പെടുത്തിയതിന്റെയും (19881995 കാലഘട്ടത്തിൽ കമ്പനിയെ ഒരു ഡിജിറ്റൽ ഫിനാൻഷ്യൽ കമ്പനിയാക്കുന്നതിലൂടെ) മികച്ച റഫറൻസ് ആണ്. 1988 മുതൽ സി.ഇ.ഒ ആയിരുന്ന റോബർട്ട് അമ്മാൻ, മികച്ച ടേൺ അറൗണ്ട് സ്ട്രാറ്റജിയിലൂടെ ലാഭകരമല്ലാത്ത ടെലികമ്മ്യൂണിക്കേഷൻ കമ്പനിയെ, അതിവേഗം വളരുന്ന ഫിനാൻഷ്യൽ സർവീസസ് കമ്പനിയാക്കി മാറ്റി. വെസ്റ്റേൺ യൂണിയൻ ടെലിഗ്രാം സേവനങ്ങൾ ഔപചാരികമായി അവസാനിപ്പിച്ചത് 2006 ജനുവരി 27-ന് മാത്രമാണ്.

ടേൺ എറൗണ്ട് സ്ട്രാറ്റജി

കോർപ്പറേറ്റുകൾ ലാഭനഷ്ടങ്ങളിലൂടെ കടന്നുപോവുക സാധാരണമാണ്. എന്നാൽ, സാങ്കേതിക പുരോഗതികളെ സമായാസമയങ്ങളിൽ ഉൾക്കൊണ്ടിട്ടില്ലെങ്കിൽ കമ്പനികൾ പ്രതിസന്ധിയിലാകും. ഡിജിറ്റൽ യുഗത്തിലൂടെയാണ് ലോകം മുന്നോട്ടു പോകുന്നത്. കോവിഡ് ലോകത്തിന് വലിയ പ്രതിസന്ധി ആയപ്പോൾ തന്നെ, ഡിജിറ്റൽ സാധ്യതകൾ സാധാരണ ജനങ്ങളെ പരിചയപ്പെടുത്തുന്നതിൽ കോവിഡ് കാലഘട്ടം വലിയ സംഭാവനകൾ അർപ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസം പൂർണ്ണമായും ഓൺലൈനിൽ ആയതോടെ രക്ഷിതാക്കളും കുട്ടികളും ഒരുപോലെ സ്മാർട്ട് ഫോണുകളും ഡാറ്റകണക്ടിവിറ്റിയും പരിചയിച്ചു. ഓൺലൈൻ ഇ-കോമേഴ് സർവസാധാരണമായി. ഇന്ത്യയിൽ പ്രത്യേകിച്ചച്ച്, യു.പി.ഐ (UPI - Unified Payments Interface) വന്നതോടെ ഓൺലൈൻ പെയ്മെന്റിൽ വൻ കുതിച്ചുചാട്ടം ഉണ്ടായി. ഉപഭോക്താക്കൾ ഇവയൊക്കെ പരിചയപ്പെട്ടപ്പോഴും പല ബിസിനസ്സ് സ്ഥാപനങ്ങൾക്കും അതെപോലെ പുരോഗമിക്കാൻ സാധിച്ചില്ല, പ്രത്യേകിച്ച് പരമ്പരാഗത ബിസിനസുകാർ. ഇങ്ങനെ ആവാസ വ്യവസ്ഥയെ മാറ്റിമറിക്കുന്ന സാങ്കേതിക പുരോഗതികളെയാണ് ഡിസ്റപ്റ്റീവ് ഇന്നോവേഷൻ (Disruptive Innovations) എന്ന് പറയുക. ഇത്തരം ഡിസ്റപ്റ്റീവ് ഇന്നോവേഷനുകളെ എങ്ങിനെ നേരിടണമെന്നും അതിനു അനുയോജ്യമായ രീതിയിൽ കമ്പനികളുടെ ആഭ്യന്തര വ്യവഹാരത്തിൽ എന്തൊക്കെ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തണമെന്നും നിരന്തരമായ ആലോചനകളിലൂടെയും ടീം വർക്കിലൂടെയും ഉണ്ടാക്കിയെടുക്കുന്ന പദ്ധതിയാണ് ടേൺ എറൗണ്ട് സ്ട്രാറ്റജി. 3 മുതൽ 5 വർഷം വരെ നീണ്ടുനിൽക്കുന്നതാണ് ഇത്തരം പദ്ധതികൾ. ഇങ്ങനെ ഉണ്ടാക്കിയെടുക്കുന്ന പദ്ധതിയുടെ വിശദശാംശങ്ങൾ എല്ലാ തലങ്ങളിലുമുള്ള മാനേജ്മെന്റിനെയും ജീവനക്കാരെയും സമയാസന്ദർഭങ്ങളിൽ അറിയിക്കുക എന്നത് പദ്ധതിയുടെ വിജയത്തിന് അത്യന്താപേക്ഷിതമാണ്. എല്ലാജീവനക്കാരും പദ്ധതിയുടെ നടത്തിപ്പ് ഏറ്റെടുക്കുന്നതും പ്രധാനമാണ്.

അത്തരം പദ്ധതിയുമായി യോജിച്ചു പോകുന്ന രൂപത്തിലായിരിക്കണം കമ്പനിയിലെ എല്ലാ പ്രവർത്തനങ്ങളും. ആ ലക്ഷ്യത്തിലേക്ക് എല്ലാവരും കൈകോർത്തു നീങ്ങണം. പദ്ധതിയുടെ അടിസ്ഥാനത്തിൽ, ഒരു വർഷത്തേക്കുള്ള കോർപ്പറേറ്റ് കെ.പി.ഐകൾ (kpi) സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ നിശയിച്ചിരിക്കണം. ഈ കെ.പി.ഐകൾ എല്ലാ മാനേജ്മെന്റ് (സീനിയർ, മിഡിൽ, ജൂനിയർ) ടീമുകൾക്കും വീതംവെച്ച് നൽകുകയും വേണം.


ബാലൻസ്ഡ് സ്കോർകാർഡ്

ബാലൻസ്ഡ് സ്കോർകാർഡ് കോർപ്പറേറ്റ് പദ്ധതികളുടെ ലക്ഷ്യങ്ങൾ രേഖപ്പെടുത്താനും പുരോഗതി വിലയിരുത്താനും ഉപയോഗിക്കുന്ന ഒരുമാനേജ്മന്റ് ടൂൾ ആണ്. പരമ്പരാഗതമായി, കമ്പനികളുടെ വാർഷിക പദ്ധതികൾ ഉണ്ടാക്കിയിരുന്നത് ബജറ്റ് തയ്യാറാക്കുന്നതിലൂടെയാണ്. സാധാരണഗതിയിൽ ബജറ്റിൽ സാമ്പത്തിക കാര്യങ്ങളുടെ വിശദാംശങ്ങളാണ് ഉണ്ടാവുക. അതുകൊണ്ട്തന്നെ ബജറ്റ് തയ്യാറാക്കുന്നതിലൂടെയും അത് പിന്നീട് അവലോകനം ചെയ്യുന്നതിലൂടെയും സാമ്പത്തികമായ പുരോഗതിയാണ് വിലയിരുത്തപ്പെടുക. എന്നാൽ, കമ്പനികൾ സാമ്പത്തികമായി നഷ്ടത്തിലാകുമ്പോഴും മറ്റ് മേഖലകളിൽ പുരോഗതി കൈവരിക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. അവയിൽ പ്രധാനപ്പെട്ടതാണ് ഉപഭോക്താക്കളുമായി ബന്ധത്തപ്പെട്ട കാര്യങ്ങൾ. ഉപഭോക്താക്കളുടെ സംതൃപ്തി (customer satisfaction), കമ്പനിയുടെ ഉത്പന്നങ്ങളിലും സേവനങ്ങളിലും ഉള്ള വിശ്വാസ്യത (loyalty), വിൽപനാനന്തര സേവനം (customer service) എന്നിവ. ഇത്തരം കാര്യങ്ങളിലെ പുരോഗതികൾ വ്യവസ്ഥാപിതമായി അടയാളപ്പെടുത്താനോ, വിലയിരുത്താനോ ഉള്ള പ്രക്രിയകൾ, സാമ്പത്തിക കാര്യത്തിൽ ബജറ്റിലൂടെ ചെയ്യുന്ന അത്ര കണിശതയോട് കൂടി കമ്പനികളിൽ നടക്കാറില്ല.

1990 കളിൽ ഹാർവാർഡ് യൂണിവേഴ്സിറ്റി ബിസിനസ് സ്കൂളിലെ പഠനങ്ങളിൽ റോബർട്ട് കപ്ലാനും ഡേവിഡ് നോർട്ടനും ചേർന്ന് വികസിപ്പിച്ചെടുത്ത ആശയമാണ് ബാലൻസ്ഡ് സ്കോർകാർഡ്. സാമ്പത്തികവും സാമ്പത്തികേതരവുമായ പുരോഗതിയെ വിലയിരുത്താൻ പറ്റുന്ന സംവിധാനമാണ് ബാലൻസ്ഡ് സ്കോർകാർഡ്. പ്രധാനമായും സാമ്പത്തികം, ഉപഭോക്താവ്, ആഭ്യന്തരപ്രക്രിയകൾ (internal processes), ജീവനക്കാരുടെ പരിശീലനവും ജീവനക്കാരുടെയും സ്ഥാപനത്തിന്റെയും വളർച്ചയുമായി ബന്ധപ്പെട്ടതുമായ കാര്യങ്ങളാണ് ബാലൻസ് സ്കോർകാർഡിൽ രേഖപ്പെടുത്തുകയും പുരോഗതി വിലയിരുത്തുകയും ചെയ്യാറുള്ളത്.

സീനിയർ മാനേജ്മെന്റ് വ്യക്തമായ ലക്ഷ്യങ്ങളോടും കെആർഎകളോടും കൂടി ടേൺഎറൗണ്ട് പദ്ധതി ആവിഷ്കരിക്കണം. മാനേജർമാരിൽനിന്നും ജീവനക്കാരിൽനിന്നുമുള്ള നിർദേശങ്ങൾകൂടി ഉപയോഗിച്ച് പദ്ധതി കൂടുതൽ പരിഷ്കരിക്കണം. അത് അവരെകൂടി ആസൂത്രണ പ്രക്രിയയിൽ ഉൾപ്പെടുത്താനും പദ്ധതികൾ എല്ലാവരും ഏറ്റെടുക്കാനും വഴിവെക്കും. ടേൺഎറൗണ്ട് ലക്ഷ്യങ്ങളും കെ.പി.ഐകളും സ്ഥാപിച്ചു കഴിഞ്ഞാൽ, അവ ഡിവിഷനുകൾ/ഡിപ്പാർട്ട്മെന്റുകൾ, മാനേജർമാർ, ജീവനക്കാർ എന്നിവർക്ക് വീതിച്ചുനൽകണം. ഓരോ ജീവനക്കാരനും കമ്പനിയുടെ പദ്ധതിയിൽ അവരുടെതായ പങ്ക് ഉണ്ടായിരിക്കണം, അത് രേഖപ്പെടുത്തുകയും നിശ്ചിത ഇടവേളകളിൽ ട്രാക്കുചെയ്യുകയും വേണം. തൈ്രമാസ അവലോകനം സമയാസമയങ്ങളിൽ ആവശ്യമായ തിരുത്തൽ നടപടിയെടുക്കാൻ സഹായിക്കും.



പെർഫോമൻസ് അപ്രൈസൽ സിസ്റ്റം

ജീവനക്കാരുടെ പെർഫോമൻസ് അപൈ്രസൽ സംവിധാനങ്ങൾ പലപ്പോഴും ഹ്യൂമൻറിസോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിന്റെ (HRMS) ഭാഗമായാണ് കഴിഞ്ഞ കാലങ്ങളിൽ നടപ്പാക്കിയിരുന്നത്. എന്നാൽ, അടുത്തിടെയായി കമ്പനികളുടെ പെർഫോമൻസും ജീവനക്കാരുടെ പെർഫോമൻസും തമ്മിൽ പരസ്പര ബന്ധിതമായ രീതിയിലാണ് നടപ്പാക്കികൊണ്ടിരിക്കുന്നത്. ഈ മേഖലയിലും ബാലൻസ് സ്കോർകാർഡ് സംവിധാനങ്ങൾ സഹായകമാകാറുണ്ട്. കമ്പനിതലത്തിലുള്ള കെ.പി.ഐകൾ ഡിപ്പാർട്ട്മെന്റ് മാനേജർമാർക്ക് വീതിച്ചു നൽകി, അവ പിന്നീട് മാനേജർമാർക്ക് കീഴിലുള്ള ജീവനക്കാർക്ക് വീതിച്ചുനൽകിക്കൊണ്ടാണ് ഈ സംവിധാനം സാധ്യമാകുന്നത്. ആധുനിക പെർഫോമൻസ് അപൈ്രസൽ സോഫ്റ്റ്വെയറുകളിൽ കമ്പനി തലത്തിലുള്ള കെ.പി.ഐകളും അതിനെ മാനേജർമാർക്കും സ്റ്റാഫിനും വീതിച്ചു നൽകിയതിനെയും രേഖപ്പെടുത്താനുള്ള സംവിധാനങ്ങൾ ഉണ്ട്.

ഒരു സ്ഥാപനത്തിന്റെ ടേൺഎറൗണ്ട് പ്രോജക്റ്റിന്റെ വിജയം സ്ഥാപനത്തിലെ ജീവനക്കാർ, പ്രക്രിയകൾ, സാങ്കേതിക വിദ്യ (people, process and technology) എന്നിവയുടെ സംയോജനത്തെ ആശ്രയിച്ചിരിക്കുന്നു. ഹ്രസ്വകാല പ്രയാസങ്ങൾക്ക് പകരമായി പദ്ധതി നടത്തിപ്പിലൂടെ ദീർഘകാല അടിസ്ഥാനത്തിൽ കമ്പനിക്കുള്ള സാധ്യതകളെ ജീവനക്കാരെ ബോധ്യപ്പെത്തുന്നതിലും അവരുടെ കൂടി പദ്ധതിയായി ടേൺഅറൗണ്ട് പ്രോജക്ടുകൾക്ക് സ്വീകാര്യത നേടിയെടുക്കുകയും ചെയ്യുക എന്നതാണ് സി.ഇ.ഒമാർ നേരിടുന്ന പ്രധാന വെല്ലുവിളി. നല്ല പ്രോസസ്സുകളും സാങ്കേതികവിദ്യയും ഉപയോഗിച്ച് പദ്ധതി നടപ്പാക്കുന്നതും വളരെ പ്രധാനമാണ്.

TAGS :