Quantcast
MediaOne Logo

ഉമ അഭിലാഷ്

Published: 8 March 2024 3:59 AM GMT

ചാപ്ചാര്‍ കുട്ട്: അപരപ്രിയം ആഘോഷമാക്കുന്ന മിസോസ്

എ.ഡി 1450-1700 കാലഘട്ടത്തില്‍ സുവൈപുയി എന്ന ഗ്രാമത്തില്‍ ചാപ്ചാര്‍ കുട്ട് ആരംഭിച്ചതായി കണക്കാക്കപ്പെടുന്നു. കാട്ടില്‍ വേട്ടക്ക് പോയ വേട്ടക്കാര്‍ വെറുംകയ്യോടെ ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് ചാപ്ചാര്‍ കുട്ട് ഉത്സവം ആരംഭിച്ചത് എന്നാണ് മിസോ ജനതയുടെ വിശ്വാസം.

ചാപ്ചാര്‍ കുട്ട്: അപരപ്രിയം ആഘോഷമാക്കുന്ന മിസോസ്
X

ഓരോ യാത്രയും ഓരോ പുതിയ അനുഭവങ്ങളാണ്. എനിക്കായി മിസോറാമും കരുതി വെച്ചിരുന്നത് നിറയെ കൗതുകക്കാഴ്ചകളായിരുന്നു. കാടും മലയും നിറഞ്ഞ മിസോറാം. വേവിച്ച ഭക്ഷണം കഴിക്കുന്ന, യൂറോപ്യന്‍ ജീവിതരീതി പിന്തുടരുന്ന മിസോറാം. ഇന്ത്യയിലെ കുറഞ്ഞ മനുഷ്യരുള്ള സംസ്ഥാനങ്ങളിലൊന്ന്. ഏറ്റവും ശാന്തതയുള്ള സ്ഥലങ്ങള്‍ ഏതെന്ന് ഗൂഗിള്‍ ചെയ്യുമ്പോള്‍ സെര്‍ച്ച് ലിസ്റ്റില്‍ ആദ്യം പ്രത്യക്ഷപ്പെടുന്ന സംസ്ഥാനങ്ങളില്‍ ഒന്ന്. സാക്ഷരതാനിരക്കില്‍ മിസോറാം രണ്ടാം സ്ഥാനത്താണ്. മിസോറാമിന്റെ സാക്ഷരതാ നിരക്ക് 91 ശതമാനത്തിലധികമാണ്. രാജ്യത്തു ടൂറിസ്റ്റുകളുടെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളില്‍ ഒന്ന്. അങ്ങനെ വിശേഷണങ്ങള്‍ ഏറെയുള്ള ഒരു സ്ഥലം. ജോലിയുമായി ബന്ധപ്പെട്ടിട്ടാണ് ഇവിടെ എത്തിച്ചേര്‍ന്നത്. ഏകദേശം ഇന്ത്യയുടെ പല സംസ്ഥാനങ്ങളില്‍ യാത്ര ചെയ്യാന്‍ കഴിഞ്ഞതും ജോലിയുമായി ബന്ധപ്പെട്ടുതന്നെയാണ്. ആ യാത്രകളില്‍ കണ്ട കാഴ്ചകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു മിസോറാം തന്ന അനുഭവങ്ങള്‍.

ഗോത്രവര്‍ഗത്തില്‍പ്പെട്ട മനുഷ്യരാണ് ഇവിടെയുള്ളത്. മിസോറാമിലെ ജനങ്ങളുടെ വലിയൊരു ഭാഗം നിരവധി വംശീയ ഗോത്രങ്ങളില്‍ ഉള്‍പ്പെട്ടവരാണ്. അവരെ മൊത്തത്തില്‍ മിസോസ് എന്ന് വിളിക്കുന്നു. ഗോത്രസംസ്‌കാരം പൊതുവേ കാണപ്പെടുന്നത് വനപ്രദേശങ്ങളിലും ഒറ്റപ്പെട്ട ഉയര്‍ന്നപ്രദേശങ്ങളിലും ആണല്ലോ. ഇവിടങ്ങളില്‍ വസിക്കുന്ന മനുഷ്യരെ ഗോത്രവര്‍ഗക്കാര്‍ എന്ന് വിളിക്കപ്പെടുകയും ചെയ്യുന്നു. ഇന്ത്യയില്‍ 537 ആദിവാസി സമൂഹങ്ങളുണ്ടെങ്കിലും 258 സമുദായങ്ങളെ മാത്രമേ ഗോത്രങ്ങളായി വിജ്ഞാപനം ചെയ്തിട്ടുള്ളൂ. ഗോത്രങ്ങള്‍ക്ക് തനതായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉണ്ട്. എന്നാല്‍, നാഗരിക സമൂഹത്തില്‍ നിന്ന് വ്യത്യസ്തമായി ഇവരുടെ ലളിതമായ സമൂഹങ്ങളില്‍ സ്ത്രീകള്‍ കൂടുതല്‍ സ്വാതന്ത്ര്യം ആസ്വദിക്കുന്നു. ആചാരങ്ങളില്‍നിന്നും മറ്റും സ്ത്രീകളെ മാറ്റിനിര്‍ത്തുന്ന രീതി കണ്ടുവരാറില്ല. സ്ത്രീസമത്വം ഒരര്‍ഥത്തില്‍ നടപ്പായി കാണുന്നത് ഇവിടങ്ങളിലാണ്.


എന്നാല്‍, നിലവില്‍ മിസോറാം ജനത എല്ലാവരും ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവരാണ്. തൊണ്ണൂറ്റഞ്ച് ശതമാനവും ഇങ്ങനെ മതം മാറി ക്രിസ്ത്യാനിയാക്കപ്പെട്ടവരാണ്. അഞ്ചു ശതമാനം ബുദ്ധമതത്തിലും മറ്റു മതങ്ങളിലും ഉള്‍പ്പെട്ടവരും. പതിവുപോലെ ഓഫീസില്‍ എത്തി. രാവിലെ ജോലിത്തിരക്കില്‍ മുഴുകുന്നതിന് മുമ്പ് സഹപ്രവര്‍ത്തകരെ നോക്കിയപ്പോള്‍ എല്ലാവരും മിസോറാമിന്റെ പാരമ്പര്യവസ്ത്രത്തില്‍ എത്തിയിരിക്കുന്നു. കേരളീയരുടെ മുണ്ടുപോലുള്ള വസ്ത്രവും മുകളില്‍ പട്ടുപാവാടയുടെ ബ്ലൗസ് പോലുള്ള മേല്‍വസ്ത്രവുമാണ് സ്ത്രീകള്‍ ധരിക്കുക. ആണുങ്ങളും നിറയെ ചിത്രപ്പണികള്‍ ചെയ്ത ഓവര്‍ കോട്ട് ഷര്‍ട്ടിനു മുകളില്‍ ധരിക്കും. 15,000 മുതല്‍ 50,000 വരെയാണ് ഇത്തരം പരമ്പരാഗത വസ്ത്രങ്ങളുടെ വില. കൈകൊണ്ടുതന്നെ തുന്നി എടുക്കുന്നതും യന്ത്രത്തില്‍ തുന്നുന്നതും വിപണിയില്‍ ലഭിക്കാറുണ്ട്. ഓരോ ഗോത്രത്തിനും ഓരോ തരത്തിലുള്ള പരമ്പരാഗത വസ്ത്രമാണ് ഉള്ളത്. ഈ വസ്ത്രത്തില്‍നിന്ന് അവരുടെ ഗോത്രം തിരിച്ചറിയാം. ഞായറാഴ്ച പള്ളികളില്‍ പോകുമ്പോഴും മിസോറാമിന്റെ ഏതു വിശേഷ ദിവസങ്ങളിലും ഇവര്‍ ധരിക്കുന്നത് ഈ വസ്ത്രം ആയിരിക്കും. അതുകൊണ്ടാണ് എല്ലാവരും അന്ന് ആ വേഷം ധരിച്ചു വന്നത്. അന്ന് ഓഫീസില്‍ എന്താ വിശേഷം എന്ന് ചോദിച്ചപ്പോഴാണ് മിസോറാമിന്റെ വലിയ ആഘോഷമായ 'ചാപ്ചാര്‍ കുട്ട് ' ആണന്ന് എന്നറിഞ്ഞത്. ഉച്ചതിരിഞ്ഞതും എല്ലാവരും ആഘോഷങ്ങള്‍ക്കായി ഓഫീസിന്റെ നടുത്തളത്തിലെത്തി.

മേശയില്‍ പുഴുങ്ങിയ മുട്ടയും റൈസ് കേക്കും വെന്ത ചോറും വെച്ചിട്ട് വട്ടത്തില്‍ ആളുകള്‍ നിന്നു. കൈകോര്‍ത്തുപിടിച്ച് പാട്ടുകള്‍ പാടി ഡാന്‍സ് ചെയ്തു. അതിനുശേഷം വേവിച്ച മുട്ട പരസ്പരം വായില്‍ വെച്ച് നല്‍കി കേക്കുകള്‍ എടുത്ത് കഴിച്ചു. സ്‌നേഹവും സന്തോഷവും നിറഞ്ഞുനില്‍ക്കുന്ന അന്തരീക്ഷം.


എ.ഡി 1450-1700 കാലഘട്ടത്തില്‍ സുവൈപുയി എന്ന ഗ്രാമത്തില്‍ ചാപ്ചാര്‍ കുട്ട് ആരംഭിച്ചതായി കണക്കാക്കപ്പെടുന്നു. കാട്ടില്‍ വേട്ടക്ക് പോയ വേട്ടക്കാര്‍ വെറുംകയ്യോടെ ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് ഈ ഉത്സവം ആരംഭിച്ചത് എന്നാണ് മിസോ ജനതയുടെ വിശ്വാസം. വേട്ട കഴിഞ്ഞെത്തിയവരുടെ നിരാശ നികത്താന്‍, ഗ്രാമത്തലവന്‍ അരി ബിയറും മാംസവും ഉള്ള ഒരു അപ്രതീക്ഷിത വിരുന്ന് നിര്‍ീേശിച്ചു. കൂടെ ഉള്ളവര്‍ തളര്‍ന്നിരിക്കുമ്പോള്‍ ഇതിലും മനോഹരമായി ചേര്‍ത്തുപിടിക്കുന്നതെങ്ങനെ. അതിനുശേഷം, എല്ലാ വര്‍ഷവും സുവൈപുയി ഗ്രാമത്തില്‍ ഈ ഉത്സവം ആഘോഷിക്കപ്പെട്ടു. ക്രമേണ മറ്റ് ഗ്രാമങ്ങളിലേക്ക് ഇതു വ്യാപിക്കുകയും ചെയ്തു. 1962-ല്‍ മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാളില്‍ വന്‍തോതില്‍ ജനങ്ങള്‍ ഏറ്റെടുത്തതോടെ ചാപ്ചാര്‍ കുട്ട് സംസ്ഥാനതലത്തില്‍ ആഘോഷിക്കപ്പെട്ടു. ഇത് ക്രിസ്ത്യന്‍ ആചാരങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഒരു വിഭാഗം അവകാശപ്പെട്ടിരുന്നെങ്കിലും പെരുന്നാളിനെ വിമര്‍ശിച്ചിരുന്ന സഭ പോലും, പരമ്പരാഗത സംസ്‌കാരം ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് തോന്നിയതിനാല്‍ ഉത്സവത്തെ ഇപ്പോള്‍ എതിര്‍ക്കുന്നില്ല. വര്‍ഷം തോറും മാര്‍ച്ച് മാസത്തിലാണ് ചാപ്ചാര്‍ കുട്ട് നടക്കുന്നത്.

ചാപ്ചാര്‍ കുട്ട് അനുബന്ധിച്ച് കേള്‍ക്കുന്ന മറ്റൊരു കഥ ജും കൃഷിയുമായി ബന്ധപ്പെട്ട ഒരു വിശേഷ ദിവസമാണിത് എന്നതാണ്. ജൂം (ഷാവൗ) എന്നറിയപ്പെടുന്ന ഒരു പ്രത്യേകതരം കാര്‍ഷികസമ്പ്രദായമാണ് മിസോറാമില്‍ പിന്‍തുടരുന്നത്. വനപ്രദേശങ്ങളിലെയോ കുന്നിന്‍ചെരിവുകളിലെയോ കാടുവെട്ടിത്തെളിച്ച് മണ്‍സൂണ്‍ കാലത്തിനുമുമ്പ് തീയിട്ടശേഷം പുതുമണ്ണില്‍ കൃഷിചെയ്യുന്ന രീതിയാണിത്. ഒന്നു രണ്ടു വിളവെടുപ്പിനുശേഷം ആ കൃഷിയിടം ഉപേക്ഷിച്ച് അവര്‍ പുതിയ കാട് വെട്ടിത്തെളിക്കും. വീണ്ടും ഒന്നു രണ്ടു വിളവെടുപ്പിനുശേഷം ആ കൃഷിയിടം ഉപേക്ഷിച്ച് ആദ്യത്തെ കൃഷിസ്ഥലത്ത് അവരെത്തും. ഇത് ഇവരുടെ വനസമൃദ്ധിയെ സംരക്ഷിക്കുന്നതിന് സഹായകമാകുന്നുണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു. അവരുടെ ദൈനംദിന ജീവിതം കാര്‍ഷിക പ്രവര്‍ത്തനങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു. ആധുനിക ജീവിതരീതികള്‍ പിന്തുടരുമ്പോള്‍ തന്നെ കാര്‍ഷികവൃത്തിയെയും പരമ്പരാഗത കലകളെയും ഗോത്ര ആചാരങ്ങളെയും മുറുകെപ്പിടിക്കാന്‍ മിസോറാം ജനത തയ്യാറാകുന്നുണ്ട്.

കഥകള്‍ ഏതുമാകട്ടെ, മിസോറാമിലെ ഏറ്റവും പ്രശസ്തമായ ഉത്സവമാണ് ചാപ്ചാര്‍ കുട്ട്. ഇത് സ്പ്രിംഗ് ഫെസ്റ്റിവല്‍ എന്നും അറിയപ്പെടുന്നു. വേദനിക്കുന്നവരും ദുഖിതരുമായ മനുഷ്യരെ ചേര്‍ത്തുപിടിക്കുന്ന, അപരപ്രിയത്തിന്റെ ആഹ്വാനമാണ് ഈ ആഘോഷം. വെറും കയ്യോടെ മടങ്ങി വരുന്നവരെയും പ്രത്യാശയുടെ വെളിച്ചത്തിലേക്ക് നയിക്കുന്ന സാഹോദര്യപ്പെരുമ! വെറും വസന്തോല്‍സവമല്ല ഗ്രീഷ്മത്തിനക്കരെ പൂക്കാലമുണ്ടാകുമെന്ന് വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്ന സ്‌നേഹസംഗമം.



TAGS :