Quantcast
MediaOne Logo

ആര്‍. അനിരുദ്ധന്‍

Published: 6 May 2022 6:50 AM GMT

ഛത്രപതി ഷാഹു മഹാരാജ് എന്ന ജനകീയ രാജാവ്

ഛത്രപതി ഷാഹു മഹാരാജിന്റെ സ്മരണകള്‍ക്ക് ഇന്നേക്ക് 100 വര്‍ഷം തികയുന്നു. സാമൂഹ്യ പരിഷ്‌കരണവും സ്ഥിതിസമത്വവും ലക്ഷ്യമാക്കി അദ്ധേഹം ആവിഷ്‌കരിച്ച് നടപ്പാക്കിയ പദ്ധതികളില്‍ പലതും പില്‍ക്കാലത്ത് സ്വതന്ത്ര ഇന്ത്യക്ക് തന്നെ മാതൃകയാവുകയുണ്ടായി.

ഛത്രപതി ഷാഹു മഹാരാജ് എന്ന ജനകീയ രാജാവ്
X
Listen to this Article

സ്വതന്ത്ര ഇന്ത്യ യഥാര്‍ഥ്യമാവുന്നതിനും അഞ്ചു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് മഹാരാഷ്ട്രയിലെ കോല്‍ഹാപൂര്‍ എന്ന കൊച്ചു നാട്ടുരാജ്യത്ത് സാമൂഹ്യ പരിഷ്‌കരണത്തിന്റെയും അധഃസ്ഥിത നവോത്ഥാനത്തിന്റെയും പുതുവഴികള്‍ വെട്ടിത്തുറന്ന് ഇന്ത്യക്ക് ആകെ മാതൃകയാകും വിധം സദ്ഭരണം നടത്തിയ രാജാവായിരുന്നു രാജര്‍ഷി ഛത്രപതി ഷാഹു മഹാരാജ്. സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടന നിലവില്‍ വരുന്നതിനും ദശാബ്ദങ്ങള്‍ക്ക് മുന്‍പ് തന്റെ രാജ്യത്ത് നിയമം മൂലം അയിത്താചരണം നിരോധിച്ചു അദ്ദേഹം. ശൈശവ വിവാഹത്തിന് കടിഞ്ഞാണിട്ട് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് മുന്‍ഗണന നല്‍കിയും വിധവാ വിവാഹത്തിന് നിയമസാധൂകരണം നല്‍കിയും രാജ്യത്ത് ആദ്യമായി പിന്നോക്ക വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ 50% സംവരണം ഏര്‍പ്പെടുത്തിയും ഷാഹു മഹാരാജ് സാമൂഹ്യ പരിഷ്‌കരണത്തിന്റെയും നീതിയുടെയും സ്ഥിതി സമത്വ ജനാധിപത്യത്തിന്റെയും ശക്തനായ വക്താവും പ്രയോക്താവുമായി മാറി.

സാമൂഹ്യ പരിഷ്‌കരണവും സ്ഥിതിസമത്വവും ലക്ഷ്യമാക്കി അദ്ദേഹം ആവിഷ്‌കരിച്ച് നടപ്പാക്കിയ പദ്ധതികളില്‍ പലതും പില്‍ക്കാലത്ത് സ്വതന്ത്ര ഇന്ത്യക്ക് തന്നെ മാതൃകയാവുകയുണ്ടായി. 1894 മുതല്‍ 1922 വരെ നീണ്ടു നിന്ന അദ്ദേഹത്തിന്റെ ഭരണകാലം കോല്‍ഹാപൂരിന്റെ സുവര്‍ണ കാലഘട്ടമെന്ന് പില്‍ക്കാലത്ത് ചരിത്രം രേഖപ്പെടുത്തിയത് ഒട്ടം അതിശയോക്തികരമല്ല. കേംബ്രിഡ്ജ് സര്‍വകലാശാല എല്‍.എല്‍.ഡി ബിരുദം നല്‍കി ആദരിച്ച ഛത്രപതി ഷാഹു മഹാരാജ് എന്ന മഹാനുഭാവന്റ സ്മൃതി ദിനമാണ് മെയ് 6.


ഇന്ത്യ നാട്ടുരാജ്യങ്ങളായി വിഭജിച്ചു കിടന്നിരുന്ന കാലഘട്ടത്തില്‍, 1874-ജൂലൈ 26 ന് കോല്‍ഹാപൂരിന് സമീപത്തെ കഗല്‍ എന്ന നാട്ടുരാജ്യത്ത് ഭരണം നടത്തിയിരുന്ന അബസാഹേബ് ഘാട്ജിയുടെ പുത്രനായാണ് യശ്വന്തറാവു എന്ന ഷാഹുജിയുടെ ജനനം. രാധാഭായി സാഹേബ് എന്നായിരുന്നു അദ്ദേഹത്തിന്റെ മാതാവിന്റെ പേര്. കോല്‍ഹാപൂരില്‍ അനന്തരാവകാശികള്‍ ഇല്ലാതെ വന്ന സാഹചര്യത്തില്‍ അവിടേക്ക് ദത്തെടുക്കുന്നതോടുകൂടിയാണ് യശ്വന്തറാവു ഛത്രപതി ഷാഹു എന്നു പുനര്‍നാമകരണം ചെയ്യപ്പെടുന്നത്. കോളജ് വിദ്യാഭ്യാസാനന്തരം കലകളിലും കായികപരിശീലനത്തിലും ഭരണനിര്‍വഹണ കാര്യങ്ങളിലും പ്രത്യേക പരിശീലനം നേടിയതിന് ശേഷമായിരുന്നു കോല്‍ഹാപൂരിന്റെ ഭരണാധികാരിയായി ഛത്രപതി ഷാഹു മഹാരാജ് സ്ഥാനാരോഹണം ചെയ്യപ്പെടുന്നത്. സ്ഥാനാരോഹണ ചടങ്ങ് ആര്‍ഭാടമായി നടന്നെങ്കിലും ഷാഹുജി മറാത്ത വംശജനായ ശൂദ്രനായതിനാല്‍ ഔദ്യോഗിക ബ്രാഹ്മണ പുരോഹിതന്‍ വേദ വിധി പ്രകാരം ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കാന്‍ വിസമ്മതിച്ചത് ഷാഹുജിയെ ഇരുത്തി ചിന്തിപ്പിക്കുക തന്നെ ചെയ്തു.

ജാതി സമ്പ്രദായത്തിന്റെ സങ്കീര്‍ണതയും ബ്രാഹ്മണിസത്തിന്റെ അപ്രമാധിത്യവും തിരിച്ചറിഞ്ഞ അദ്ദേഹം ബ്രാഹമണാധിപത്യത്തിനെതിരെ പ്രതികരിച്ചതോടെ അതൊരു വിവാദമായി മാറുകയുണ്ടായി. ഔദ്യോഗിക പൗരോഹിത്യത്തില്‍ നിന്നും ബ്രാഹ്മണരെ ഒഴിവാക്കി പ്രസ്തുത സ്ഥാനങ്ങളില്‍ ശൂദ്രരെ നിയമിക്കാന്‍ രാജാവ് ഉത്തരവ് പുറപ്പെടുവിക്കുന്നതോടുകൂടിയാണ് വെഡോക്ക വിവാദം എന്ന പേരില്‍ അറിയപ്പെട്ട ഈ ബ്രാഹ്മണ കലാപം ആരംഭിക്കുന്നത്. എന്നാല്‍, നീതിന്യായ വ്യവസ്ഥിതിയുടെ പിന്‍ബലത്തോടെ ഷാഹുജി ഈ കലാപത്തെ അതിജീവിക്കുക തന്നെ ചെയ്തു. അതോടെ ഛത്രപതി ഷാഹു മഹാരാജ് എന്ന ഭരണാധികാരി ജനകീയനായി മാറുകയും കോല്‍ഹാപൂര്‍, സാമൂഹ്യ പരിഷ്‌കരണ മുന്നേറ്റങ്ങളുടെ സമാന്തരങ്ങളില്ലാത്ത വേദിയായി മാറുകയും ചെയ്തു.


ഒരു സാമൂഹ്യ പരിഷ്‌കര്‍ത്താവ് എന്ന നിലയില്‍ കോല്‍ഹാപൂരില്‍ ഷാഹുജി ഏര്‍പ്പെടുത്തിയ പരിഷ്‌കാരങ്ങള്‍ നിരവധിയായിരുന്നു. അക്ഷരങ്ങളുടെ ലോകത്ത് നിന്നും അകറ്റി നിര്‍ത്തിയിരുന്ന പെണ്‍കുട്ടികള്‍ക്കും അധഃസ്ഥിതര്‍ക്കും വിദ്യാലയങ്ങളുടെ വാതിലുകള്‍ തുറന്നിട്ടു കൊണ്ടായിരുന്നു അദ്ദേഹം തന്റെ ഭരണം ആരംഭിച്ചത് തന്നെ. ജാതി മത ഭേദമെന്യെ എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്നത് അദ്ദേഹത്തിന്റെ പ്രഖ്യാപിത ലക്ഷ്യമായിരുന്നു. ഇതിനായി നിരവധി നൂതന പദ്ധതികള്‍ അദ്ദേഹം ആവിഷ്‌കിച്ചു നടപ്പാക്കി. പ്രാഥമിക വിദ്യാഭ്യാസം നിര്‍ബന്ധിതവും സൗജന്യവുമാക്കിയ അദ്ദേഹം പെണ്‍കുട്ടികളുടെയും അധഃസ്ഥിത വിഭാഗങ്ങളുടെയും വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി രാജ്യത്തുടനീളം പെണ്‍പ്പള്ളിക്കൂടങ്ങളും ഹോസ്റ്റലുകളും സ്ഥാപിക്കുകയും രാജ്യത്ത് ആദ്യമായി സ്‌കോളര്‍ഷിപ്പ് സമ്പ്രദായവും നടപ്പാക്കി. അന്നുവരെ വേദ ഭാഷയായ സംസ്‌കൃതം പഠിക്കാന്‍ അവര്‍ണര്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. കോല്‍ഹാപൂരില്‍ വേദിക് സ്‌കൂള്‍ സ്ഥാപിച്ച ഷാഹുജി ഇതിനും പരിഹാരം കണ്ടെത്തി. ഗ്രാമ ഭരണത്തലവന്മാരുടെ ഭരണ നൈപുണ്യം മെച്ചപ്പെടുത്താന്‍ വേണ്ടി ഭരണ നിര്‍വഹണ കാര്യങ്ങള്‍ പഠിപ്പിക്കുന്ന പ്രത്യേക സ്‌കൂളുകളും അദ്ദേഹം സ്ഥാപിച്ചു.

ബ്രാഹ്മണിസത്തെയും സവര്‍ണാധിപത്യത്തെയും നഖശിഖാന്തം എതിര്‍ത്ത ഭരണാധികാരിയായിരുന്നു ഛത്രപതി മഹാരാജ്. സമത്വാധിഷ്ഠിത സാമൂഹ നിര്‍മിതിയുടെ ശക്തനായ വക്താവായിരുന്ന അദ്ദേഹം. ഭരണകാര്യങ്ങളില്‍ ബ്രാഹ്മണര്‍ക്ക് കല്‍പിക്കപ്പെട്ടിരുന്ന പ്രത്യേക പദവികളും അധികാരങ്ങളും റദ്ദാക്കുകയും ചെയ്തു. മതപരമായ കാര്യങ്ങളില്‍ ഉപദേശം നല്‍കാന്‍ നിയോഗിക്കപ്പെട്ടിരുന്ന ഔദ്യോഹിക ബ്രാഹ്മണ പുരോഹിതനെ പോലും ഭരണപരിഷ്‌ക്കാരങ്ങളുടെ ഭാഗമായി ഒരു വേള അദ്ദേഹം നീക്കം ചെയ്യുകയും ആ സ്ഥാനത്ത് ഒരു മറാത്ത വംശജനെ നിയമിക്കുകയും ചെയ്യുകയുണ്ടായി. ഇപ്രകാരം ബ്രാഹ്മണാധിപത്യത്തിന് കടുത്ത പ്രഹരം ഏല്‍പ്പിച്ച അദ്ദേഹം 1902-ല്‍ രാജ്യത്ത് ആദ്യമായി കോല്‍ഹാപൂരില്‍ പിന്നോക്ക വിഭാഗങ്ങള്‍ക്ക് 50% സംവരണവും നടപ്പാക്കി. ഈ നടപടി ഒരു വേള കോല്‍ഹാപൂരിനെ ബ്രാഹ്മണ പ്രക്ഷോഭത്തിന്റെ വേദിയാക്കി മാറ്റിയെങ്കിലും നീതിമാനും ജനക്ഷേമ തല്‍പരനുമായ രാജാവ് സമയോചിതമായ ഇടപെടലുകളിലൂടെ അതിനെ അതിജീവിക്കുക തന്നെ ചെയ്തു. 1916 ല്‍ ഡെക്കാന്‍ റയാട്ട് അസോസിയേഷന്‍ എന്ന പ്രസ്ഥാനത്തിന് രൂപം നല്‍കിയ അദ്ദേഹം അബ്രാഹ്മണരുടെ രാഷ്ട്രീയ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി ധീരമായ നിരവധി ചുവടുവയ്പ്പുകളുമായി മുന്നോട്ട് നീങ്ങി. ഭരണനിര്‍വഹണത്തില്‍ അബ്രാഹ്മണരുടെ പ്രതിനിധ്യം ഉറപ്പിക്കുക ഈ പ്രസ്ഥാനത്തിന്റെ ദൗത്യമായിരുന്നു.

സാമൂഹ്യ അനാചാരങ്ങളും ജാതീയമായ വിവേചനങ്ങളും ഉന്മൂലനം ചെയ്യുന്നതില്‍ ഷാഹു മഹാരാജ് നല്‍കിയ സംഭാവനകളും നിസ്തുലമായിരുന്നു. ജാതീയമായ വിവേചനങ്ങളും ഉച്ചനീചത്വങ്ങളും കുഴിച്ചുമൂടാതെ സാമൂഹ്യ പുരോഗതി യാഥാര്‍ഥ്യമാക്കാന്‍ കഴിയില്ലെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന ഭരണാധികാരിയായിരുന്നു ഷാഹു മഹാരാജ്. തൊട്ടുകൂടായ്മ ഹിന്ദു സമൂഹത്തിന്റെ അഭിശാപമാണെന്നു തിരിച്ചറിഞ്ഞ അദ്ദേഹം നിയമനിര്‍മാണത്തിലുടെ കോല്‍ഹാപൂരില്‍ അത് നിരോധിച്ചു കൊണ്ടു രാജ്യത്തിന് മാതൃകയായി. ജാത്യാടിസ്ഥാനത്തില്‍ സാമൂഹ്യ ബഹിഷ്‌കരണം നേരിട്ടു കൊണ്ടിരുന്ന അയിത്തജാതിക്കാര്‍ക്ക് പൊതു ഇടങ്ങളും പൊതു സ്ഥലങ്ങളും തുറന്നുകൊടുത്ത അദ്ദേഹം അവരുടെ ഉന്നമനം ലക്ഷ്യമാക്കി നിരവധി പദ്ധതികളും ആവിഷ്‌കരിച്ച് നടപ്പാക്കുകയുണ്ടായി. പെണ്‍കുട്ടികള്‍ക്കു വേണ്ടി പ്രത്യേക സ്‌കൂളുകള്‍ തുറന്ന അദ്ദേഹം ശൈശവ വിവാഹത്തെ നിരുത്സാഹപ്പെടുത്തുകയും ദേവദാസി സമ്പ്രദായത്തെ നിരോധിക്കുകയും വിധവാ വിവാഹത്തിന് നിയമസാധൂകരണം നല്‍കുകയും ചെയ്തു. തൊട്ടുകൂടായ്മയുടെ.അര്‍ഥശൂന്യത ബോധ്യപ്പെടുത്താന്‍ രാജ്യത്ത് ആദ്യമായി പന്തിഭോജന പ്രസ്ഥാനത്തിന് തുടക്കം കുറിച്ചതും കര്‍ഷകര്‍ക്ക് വേണ്ടി സഹകരണ സംഘങ്ങള്‍ ആരംഭിച്ചതും ഛത്രപതി ഷാഹു മഹാരാജ് ആയിരുന്നു.

മര്‍ദ്ദിത ദേശീയതയുടെ പ്രവാചകന്‍ ബാബാസാഹേബ് അംബേദ്ക്കറുടെ ഉറ്റ സുഹൃത്തും അധഃസ്ഥിതരുടെ അഭ്യുദയകാംക്ഷിയുമായിരുന്നു ഛത്രപതി ഷാഹു മഹാരാജ്. 1918 ല്‍ ഇരുവരും കണ്ടുമുട്ടുമ്പോള്‍ തന്നെ ഡോ. അംബേദ്ക്കറില്‍ ഒരു വിമോചകനെ ഷാഹു മഹാരാജ് കണ്ടെത്തിയിരുന്നു. ഡോ. അംബേദ്ക്കര്‍ക്ക് മൂകനായക് എന്ന പത്രം തുടങ്ങാന്‍ ധനസഹായം നല്‍കിയത് ഷാഹു മഹാരാജ് ആയിരുന്നു. 1920 മാര്‍ച്ച് 21 ന് കോല്‍ഹാപൂരിലെ മന്‍ ഗോവണില്‍ വച്ച് ഡോ. അംബേദ്ക്കറെ അനുമോദിക്കാന്‍ സംഘടിപ്പിച്ച സമ്മേളനത്തിന്റെ അധ്യക്ഷന്‍ ഷാഹുജിയായിരുന്നു. ഇക്കാലമത്രയും അധഃസ്ഥിതരുടെ ഉദ്ധാരണത്തിനും വിമോചനത്തിനും നേതൃത്വം നല്‍കാന്‍ ഡോ. അംബേദ്ക്കറെ പോലെ ഒരു മഹാരഥനെ താന്‍ അന്വേഷിക്കുകയായിരുന്നുവെന്ന് അദ്ദേഹം വികാരഭരിതനായി പറഞ്ഞു. തന്റെ പ്രസംഗം അവസാനിപ്പിക്കവെ അദ്ദേഹം ഇപ്രകാരം പറഞ്ഞു 'എനിക്ക് ഇനി വിശ്രമിക്കാം. നിങ്ങള്‍ക്ക് ഇതാ നിങ്ങളുടെ വിമോചകനെ ലഭിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ കൈകളില്‍ നിങ്ങളുടെ ഭാവി സുരക്ഷിതമായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്. നിങ്ങളെ ബന്ധിച്ചിരിക്കുന്ന ചങ്ങലകള്‍ അദ്ദേഹം പൊട്ടിച്ചെറിയുക തന്നെ ചെയ്യും. എനിക്ക് ഉറപ്പുണ്ട്. മാത്രമല്ല, അഖിലേന്ത്യാ പ്രശസ്തനും ആദരണീയനുമായ ഒരു സമുന്നത നേതാവായി അദ്ദേഹം പ്രശോഭിക്കുന്ന കാലം വിദൂരമല്ലെന്ന് എന്റെ അന്തരാത്മാവ് എന്നോട് മന്ത്രിക്കുകയും ചെയ്യുന്നു''. 1922 മെയ് 6 ന് ഷാഹു മഹാരാജ് കാലയവനികക്കുള്ളില്‍ മറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ പ്രവചനം പല്‍ക്കാലത്ത് യഥാര്‍ഥ്യമാവുക തന്നെ ചെയ്തു.

TAGS :