Quantcast
MediaOne Logo

പി.ടി നാസര്‍

Published: 25 March 2022 7:03 AM GMT

മാര്‍ക്‌സും മുഹമ്മദിന്റെ മക്കളും

'മുഹമ്മദിന്റെ മക്കള്‍' - എന്നത് മാര്‍ക്‌സിന് ഏറെ ഇഷ്ടപ്പെട്ട പ്രയോഗമാണ് എന്ന് കാണാം. അള്‍ജിയേഴ്‌സില്‍ പോകുന്നതിനൊക്കെ പത്തുവര്‍ഷം മുമ്പുതന്നെ ഭാര്യ ജെന്നി ഒരു സുഹൃത്തിന് എഴുതിയ കത്തില്‍ ഇങ്ങനെ കാണാം: 'എന്റെ ഭര്‍ത്താവ് ഇപ്പോള്‍ പൂര്‍ണമായും പൗരസ്ത്യ പ്രശ്‌നത്തില്‍ മുഴുകിയിരിക്കുന്നു. വഞ്ചകരും അക്രമ ദാഹികളുമായ എല്ലാ ക്രിസ്ത്യാനികള്‍ക്കെതിരെയും (റഷ്യയിലെ സാര്‍ ചക്രവര്‍ത്തിയേയും പക്ഷക്കാരെയുമാണ് ഉദ്ദേശിക്കുന്നത്) മുഹമ്മദിന്റെ മക്കള്‍ നടത്തുന്ന ആദരം തോന്നിക്കുന്നതും പതര്‍ച്ചയില്ലാത്തതുമായ കടന്നുകയറ്റങ്ങള്‍ അദ്ദേഹത്തെ എത്രയും ആഹ്ലാദിപ്പിക്കുന്നണ്ട്.' ചുവപ്പിലെ പച്ച - ഭാഗം:02

മാര്‍ക്‌സും മുഹമ്മദിന്റെ മക്കളും
X

കാറല്‍ മാര്‍ക്‌സ് അള്‍ജിയേഴ്‌സില്‍ എത്തി. 1882 ഏപ്രിലില്‍. നാലഞ്ചുനാള്‍ കഴിഞ്ഞപ്പോള്‍ ഇരുവരുടേയും സുഹൃത്തായ ബെണ്‍സ്‌റ്റൈന് എംഗല്‍സ് എഴുതി: 'മാര്‍ക്‌സ് തിങ്കളാഴ്ച രാവിലെ അള്‍ജിയേഴ്‌സില്‍ എത്തി. ഡോക്ടര്‍മാരും ഞാനും ഏറെക്കാലമായി പറഞ്ഞുകൊണ്ടിരിക്കുന്ന സ്ഥലമാണത്. അദ്ദേഹത്തിന് അത്രയ്ക്ക് ഇഷ്ടമുണ്ടായിരുന്നില്ല. ഏതായാലും ഇപ്പോഴെത്തി. അവിടെ അദ്ദേഹം ഒരു ജഡ്ജിയെ കണ്ടുമുട്ടിയിട്ടുണ്ട്. നേരത്തെ (ഫ്രാന്‍സില്‍നിന്ന്) ബോണപ്പാര്‍ട്ടുകള്‍ നാടുകടത്തിയയാളാണ് ജഡ്ജി. അറബികള്‍ക്കിടയിലെ സാമൂഹ്യ ഉടമസ്ഥതയെ പറ്റി ആഴത്തില്‍ പഠനം നടത്തിയിട്ടുമുണ്ട്. ആ വിഷയത്തില്‍ ചില ഉള്‍ക്കാഴ്ചകളുണ്ടാക്കാന്‍ മാര്‍ക്‌സിനെ സഹായിക്കാമെന്ന് ജഡ്ജ് ഉറപ്പുകൊടുത്തിട്ടുണ്ട് '.

മുസ്‌ലിംകള്‍ക്കിടയില്‍ കഴിഞ്ഞത് ചുരുങ്ങിയ കാലമാണെങ്കിലും മാര്‍ക്‌സ് മുസ്‌ലിംകളേയും അവരുടെ സാമൂഹ്യ ജീവിതത്തേയും കാര്യമായി നിരീക്ഷിച്ചിരുന്നു. അള്‍ജിയേഴ്‌സില്‍ നിന്ന് മകള്‍ ലൗറക്ക് ലണ്ടനിലേക്ക് അയച്ച കത്തില്‍ അതിന്റെ വിശദാംശങ്ങളുണ്ട്. കണ്ട സ്ഥലങ്ങളും കലാപരിപാടികളുമെല്ലാം വിശദീകരിച്ചുകൊണ്ടാണ് കത്ത് തുടങ്ങുന്നത്. കാലാവസ്ഥയും കാഴ്ചകളുമൊക്കെ പറഞ്ഞ് പറഞ്ഞ് മുസ്‌ലിംകളിലെത്തുന്നു. മൂറുകളുടെ വസ്ത്രധാരണ രീതിയെ ക്കുറിച്ച് നല്ല നിരീക്ഷണങ്ങളുണ്ട്. ഒരഛന്‍ മകള്‍ക്ക് എഴുതുന്ന സാരോപദേശ കത്തുകള്‍ക്കപ്പുറം ആദ്യമായി മുസ്‌ലിംകളെ കാണുന്ന ഒരാളുടെ കൗതുകം അതില്‍നിന്ന് വായിച്ചെടുക്കാം:

'ഏറ്റവും ശ്രദ്ധേയമാക്കുന്നത് കൂട്ടായ്മയാണ്. ഈ മൂറുകളില്‍ ചിലര്‍ ആര്‍ഭാടമായി വസ്ത്രം ധരിച്ചിരുന്നു. ചിലരുടെ വസ്ത്രം കണ്ടാല്‍ സമ്പന്നരാണെന്ന് തോന്നും. ചിലരാണെങ്കില്‍ ബ്ലൗസുപോലൊന്ന് ധരിച്ചിട്ടുണ്ട് എന്നുമാത്രം. വെളുത്ത കമ്പിളി പുതച്ചവരേയും, പഴയതും പിഞ്ഞിയതുമൊക്കെ ധരിച്ചവരേയും കാണാം. എന്നാല്‍, ഒരു യഥാര്‍ത്ഥ മുസ്‌ലിമിന്റെ കണ്ണില്‍, ഭാഗ്യമായാലും നിര്‍ഭാഗ്യമായാലും അത്തരം അവസ്ഥകളൊന്നും മുഹമ്മദിന്റെ മക്കളെ വേര്‍തിരിക്കുന്നില്ല. അവരുടെ സാമൂഹ്യ ബന്ധങ്ങളിലെ സമ്പൂര്‍ണ സമത്വത്തെ അതൊന്നും ഒരു തരത്തിലും ബാധിക്കുന്നില്ല. നേരെ മറിച്ച്, ആത്മാഭിമാനം ചോദ്യംചെയ്യപ്പെട്ടാല്‍ അത് അവര്‍ പെട്ടെന്ന് തിരിച്ചറിയും. ക്രിസ്ത്യാനികളോടുള്ള വിദ്വേഷത്തിലും ആ 'അവിശ്വാസികള്‍ക്ക്' മേലുള്ള ആത്യന്തിക വിജയത്തെക്കുറിച്ചുള്ള പ്രതീക്ഷയിലുമൊക്കെ അവരുടെ രാഷ്ട്രീയക്കാര്‍ ഈ സമ്പൂര്‍ണ സമത്വത്തിന്റെ വികാരം പാലിക്കുന്നുണ്ട്. സമ്പത്തിന്റെ കാര്യത്തില്‍ ആ സമത്വം പാലിക്കുമെന്ന പ്രതീക്ഷയും വ്യക്തിത്വത്തിന്റെ കാര്യത്തില്‍ ആ സമത്വം ഉപേക്ഷിക്കില്ലെന്ന ഉറപ്പും അവര്‍ കാത്തു സൂക്ഷിക്കുന്നുണ്ട്. എന്നിരുന്നാലും ഒരു വിപ്ലവപ്രസ്ഥാനം ഇല്ലെങ്കില്‍ അവര്‍ നാശത്തിലേക്ക് പോകും. '

നിരവധി ദാര്‍ശനികരേയും പണ്ഡിതരേയും വളര്‍ത്തിയെടുത്തവരാണ് അറബികളെന്നും ആ പാരമ്പര്യത്തില്‍ അവര്‍ക്ക് ഇപ്പോഴും അഭിമാനമുണ്ട് എന്നും മര്‍ക്‌സ് മകളെ അറിയിക്കുന്നു. അറബികളുടെ ഇപ്പോഴത്തെ അറിവില്ലായ്മ ചൂണ്ടിക്കാട്ടിയാണ് പാശ്ചാത്യര്‍ അവരെ പരിഹസിക്കുന്നതെന്നും ആ കത്തില്‍ അദ്ദേഹം പരിതപിക്കുന്നുണ്ട്.



മൂറുകള്‍ക്കിടയില്‍ പ്രചാരത്തിലുള്ള ഒരു നാടോടിക്കഥ മകള്‍ക്ക് പകര്‍ന്നു കൊടുത്തുകൊണ്ടാണ് ആ കത്ത് അവസാനിപ്പിക്കുന്നത്. ഒരു പണ്ഡിതനും കടത്തുകാരനും തമ്മിലുള്ള സംഭാഷണത്തിന്റെ ആ പ്രശസ്തമായ കഥ തന്നെ. ഗണിതശാസ്ത്രം അറിയില്ലെങ്കില്‍ ജീവിതത്തിന്റെ കാല്‍ ഭാഗവും തത്വശാസ്ത്രം അറിയില്ലെങ്കില്‍ ബാക്കി കാല്‍ ഭാഗവും പാഴായി എന്ന് പണ്ഡിതന്‍ കടത്തുകാരനോട് പറയുന്ന കഥ. തോണിയിലിരുന്നാണല്ലോ വര്‍ത്തമാനം. പുഴയുടെ നടുവിലാണ്. പെട്ടെന്നൊരു ചുഴിയും ചുഴലിയും വന്ന് തോണി ഉലഞ്ഞപ്പോള്‍, നിങ്ങള്‍ക്ക് നീന്തല്‍ അറിയില്ലെങ്കില്‍ ജീവിതം മൊത്തം പാഴായി എന്ന് കടത്തുകാരന്‍ പണ്ഡിതനോട് പറയുന്ന കഥ!

'മുഹമ്മദിന്റെ മക്കള്‍' - എന്നത് മാര്‍ക്‌സിന് ഏറെ ഇഷ്ടപ്പെട്ട പ്രയോഗമാണ് എന്ന് കാണാം. അള്‍ജിയേഴ്‌സില്‍ പോകുന്നതിനൊക്കെ പത്തുവര്‍ഷം മുമ്പുതന്നെ ഭാര്യ ജെന്നി ഒരു സുഹൃത്തിന് എഴുതിയ കത്തില്‍ ഇങ്ങനെ കാണാം: 'എന്റെ ഭര്‍ത്താവ് ഇപ്പോള്‍ പൂര്‍ണമായും പൗരസ്ത്യ പ്രശ്‌നത്തില്‍ മുഴുകിയിരിക്കുന്നു. വഞ്ചകരും അക്രമ ദാഹികളുമായ എല്ലാ ക്രിസ്ത്യാനികള്‍ക്കെതിരെയും (റഷ്യയിലെ സാര്‍ ചക്രവര്‍ത്തിയേയും പക്ഷക്കാരെയുമാണ് ഉദ്ദേശിക്കുന്നത്) മുഹമ്മദിന്റെ മക്കള്‍ നടത്തുന്ന ആദരം തോന്നിക്കുന്നതും പതര്‍ച്ചയില്ലാത്തതുമായ കടന്നുകയറ്റങ്ങള്‍ അദ്ദേഹത്തെ എത്രയും ആഹ്ലാദിപ്പിക്കുന്നണ്ട്.'

അതിനേക്കാളൊക്കെ വിസ്മയിപ്പിക്കുന്ന ഒരു 'മുഹമ്മദ്' പ്രയോഗം മാര്‍ക്‌സിന്റേതായി ഉണ്ട്. ഫ്രഞ്ച് വിപ്ലവത്തിന് ശേഷം അതിന്റെ വീഴ്ചകളും ഇന്റര്‍നാഷനല്‍ വര്‍ക്കിങ്ങ്‌മെന്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളും വിലയിരുത്തുന്നിടത്ത് കാണാം: 'ഖുര്‍ആനില്ലാത്ത മുഹമ്മദിന്റെ പുറകെ പോവുന്ന സഖ്യത്തിന്റെ പരിപാടി പണ്ടുതന്നെ മണ്ണടിഞ്ഞുകഴിഞ്ഞ ആശയങ്ങളുടെ ശബ്ദാംഡബര പൂര്‍ണമായ ഒരു കൂമ്പാരമല്ലാതെ മറ്റൊന്നുമല്ല' - എന്നാണത്. പിളര്‍പ്പന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് 1872 ല്‍ തൊഴിലാളി സംഘടനകളുടെ അന്താരാഷ്ട്ര വേദിയില്‍ നിന്ന് പുറത്താക്കപ്പെട്ട റഷ്യക്കാരന്‍ മിഖായേല്‍ ബക്കുനിനേയും അനുയായികളേയുമാണ് 'ഖുര്‍ആനില്ലാത്ത മുഹമ്മദിന്റെ പുറകെ പോകുന്ന സഖ്യം' എന്ന് മാര്‍ക്‌സ് പരിഹസിക്കുന്നത്.



ഇത്തരത്തില്‍, മുഹമ്മദും മുഹമ്മദിന്റെ മക്കളുമൊക്കെ കടന്നുവരുന്നുണ്ടെങ്കിലും 'ഇസ്‌ലാം' ഒരു ആശയമെന്ന നിലയ്‌ക്കോ പ്രത്യയശാസ്ത്രമെന്ന നിലയ്‌ക്കോ ഈ രചനകളില്‍ ആഴത്തില്‍ പരാമര്‍ശിക്കപ്പെടുന്നില്ല. മുസ്‌ലിംകളേയുള്ളൂ. ഇസ്‌ലാമില്ല. 1853ല്‍ ക്രിമിയന്‍ യുദ്ധം ആരംഭിച്ചതിന് ശേഷമാണ് മാര്‍ക്‌സും എംഗല്‍സും മുസ്‌ലിംകളെ കുറിച്ച് കാര്യമായി പരാമര്‍ശിച്ചു കാണുന്നത്. ക്രിമിയന്‍ ഉപദ്വീപ് പിടിച്ചെടുക്കാന്‍ റഷ്യന്‍ സാമ്രാജ്യം ശ്രമിക്കുന്നതും ഒട്ടോമന്‍ തുര്‍ക്കിയും സഖ്യകക്ഷികളും ചെറുക്കുന്നതുമാണ് ചരിത്ര സന്ദര്‍ഭം.

എന്നാല്‍, ക്രിസ്തുമതവും ജൂതമതവും അങ്ങനെയല്ല. പ്രത്യയശാസ്ത്രങ്ങള്‍ എന്ന നിലയില്‍ത്തന്നെ ഇരുവരും അവയെ സമീപിക്കുന്നുണ്ട്. മാര്‍ക്‌സ്-എംഗല്‍സ് തെരഞ്ഞെടുത്ത കൃതികളിലെ (മലയാളത്തില്‍ വന്ന) ആദ്യ വോള്യത്തിലെ ആദ്യ അദ്ധ്യായത്തില്‍തന്നെ ക്രിസ്തുമതത്തിന്റെ അകംപൊരുളിനെ കുറിച്ചുള്ള ചര്‍ച്ച കാണാം. 'ഫോയര്‍ബാഹിനെ കുറിച്ചുള്ള തിസീസുകള്‍' എന്നതാണ് അദ്ധ്യായത്തിന്റെ തലക്കെട്ട്. മാര്‍ക്‌സ് എഴുതിയ ലേഖനമാണ്.

മാര്‍ക്‌സിന് തൊട്ടുമുമ്പുള്ള കാലഘട്ടത്തിലെ ജര്‍മ്മനിയിലെ സമുന്നതനായൊരു ദാര്‍ശനികനായിരുന്നു ലുദ് വിഗ് ഫോയര്‍ ബാഹ്. മാര്‍ക്‌സിനേയും എംഗല്‍സിനേയും കാര്യമായി സ്വാധീനിച്ചയാളുമാണ്. അദ്ദേഹത്തിന്റെ ചിന്താധാര ഹ്യൂമനിസവും ഭൗതികവാദവും ആണെങ്കിലും ക്രൈസ്തവത ഇഷ്ടപ്പെട്ട പഠനവിഷയമായിരുന്നു. ഫോയര്‍ബാഹിന്റെ മാസ്റ്റര്‍പീസ് ആയി പരിഗണിക്കപ്പെടുന്ന കൃതിയാണ് 'ക്രിസ്തുമതസാരം' ആ കൃതിയെ വിലയിരുത്തിക്കൊണ്ട് മനുഷ്യസത്തയേയും മതപരമായ സത്തയേയും വ്യവഛേദിക്കുന്നതാണ് മാര്‍ക്‌സിന്റെ ആ ലേഖനം. മതവികാരം തന്നെ ഒരു സാമൂഹികോല്‍പ്പന്നമാണ് എന്ന് മാര്‍ക്‌സ് ആ ലേഖനത്തില്‍ സിദ്ധാന്തിക്കുന്നുണ്ട്.

'ഫോയര്‍ബാഹിനെ കുറിച്ചുള്ള തിസീസുകള്‍' അടക്കമുള്ള രചനകള്‍ അടിസ്ഥാനമാക്കിയാണ് കെ.ഇ.എന്‍ മാര്‍ക്‌സ്-എംഗല്‍സ്-ലെനിന്‍ മതത്തെക്കുറിച്ച്-എന്ന പുസ്തകം രചിച്ചത്. ആ പുസ്തകത്തിലും ഒന്നാമധ്യായം ആ ലേഖനം തന്നെ. 'ഹെഗലിന്റെ നിയമദര്‍ശനത്തെപ്പറ്റിയുള്ള നിരൂപണത്തിന് ഒരു സംഭാവന' എന്നതാണ് രണ്ടാം ലേഖനം. മതവിമര്‍ശനം എല്ലാ വിമര്‍ശനത്തിന്റേയും ഉപക്രമമാണല്ലോ എന്ന് പ്രസ്താവിച്ചുകൊണ്ടാണ് അത് തുടങ്ങുന്നത്. ക്രിസ്തുമതത്തിലെ പ്രൊട്ടസ്റ്റന്റ് മാര്‍ഗത്തെക്കുറിച്ചുള്ള വിലയിരുത്തലിലൂടെയാണ് അതവസാനിക്കുന്നത്.



'മതപരമായ സന്താപമെന്നത് അതേസമയം തന്നെ യഥാര്‍ത്ഥ സന്താപത്തിന്റെ ഒരു ബഹിര്‍സ്ഫുരണവും യഥാര്‍ഥ സന്താപത്തിന് എതിരായ പ്രതിഷേധവും കൂടിയാണ്. മതം മര്‍ദിത ജീവിയുടെ നിശ്വാസമാണ്. ഹൃദയശൂന്യമായ ലോകത്തിന്റെ ഹൃദയമാണത്. അതുപോലെതന്നെ ഉന്മേഷ രഹിതമായ സാഹചര്യങ്ങളിലെ ലഹരിയുമാണത്. ജനങ്ങളുടെ മയക്കുമരുന്നാണത്' - എന്ന പ്രശസ്തമായ വിലയിരുത്തല്‍ ആ ലേഖനത്തിലാണുള്ളത്.

ഫ്രഞ്ച് ഭൗതികവാദത്തെ എതിര്‍ക്കുന്ന ക്രിസ്ത്യന്‍ സൈദ്ധാന്തികരോടുള്ള വിമര്‍ശനമാണ് അടുത്ത ലേഖനം. അതിലും ചര്‍ച്ച ചെയ്യപ്പെടുന്നത് ക്രൈസ്തവത തന്നെ. ജര്‍മ്മന്‍ പ്രത്യയശാസ്ത്രത്തിലേക്ക് കടക്കുമ്പോള്‍ ജൂതമതവും വരുന്നുണ്ട്. സ്വാഭാവികമാണത്.

മാര്‍ക്‌സും എംഗല്‍സും എഴുതിയ 11 ലേഖനങ്ങളാണ് മതത്തെപ്പറ്റി അവര്‍ പറഞ്ഞത് വിശദീകരിക്കാനായി കെ.ഇ.എന്‍ എടുത്തു പരിശോധിക്കുന്നത്. ഏറിയകൂറും മതമെന്നാല്‍ ക്രിസ്തുമതം തന്നെ. വല്ലപ്പോഴും ജൂതമതവും.

ലെനിന്റെ മൂന്ന് ലേഖനങ്ങളാണ് കെ.ഇ.എന്‍ വിശദീകരിക്കുന്നത്. റഷ്യയില്‍ 1917ലെ വിപ്ലവത്തിന്റെ ആദ്യഘട്ടത്തില്‍ ക്രിസ്ത്യന്‍ സഭയുടെ പക്ഷത്തു നിന്നുളള എതിര്‍പ്പുകളെ ഞെരിക്കാനാണ് ലെനിന്‍ കാര്യമായും ശ്രമിച്ചിട്ടുള്ളത്.



'മതത്തെ തള്ളിക്കളയുന്നു എന്നതിലല്ല; മതത്തെ സാധ്യമാക്കിയ ഭൗതികപശ്ചാത്തലത്തെയും അതിനെ സജീവമാക്കുന്ന ആശയപരിസരത്തേയും സൂക്ഷ്മമായി അപഗ്രഥിക്കുന്നു എന്നതിലാണ് മാര്‍ക്‌സിന്റെ മതവിമര്‍ശനം വേര്‍തിരിയുന്നത് ' - എന്ന് കെ.ഇ.എന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ശരിയാണ്. മാര്‍ക്‌സും എംഗല്‍സും മതത്തെ പൂര്‍ണമായും നിരാകരിച്ചിരുന്നില്ല. മതത്തെ നിയമംമൂലം നിരോധിക്കണമെന്ന് വാദിച്ചവരുണ്ടായിരുന്നു. മിഖായേല്‍ ബക്കുനിന്‍, ആഗസ്ത് ബ്ലാന്‍ക്വി എന്നിവരൊക്കെ അതില്‍ പെട്ടവരായിരുന്നു.

മതങ്ങള്‍ എന്നുപറയുമ്പോള്‍, കാര്യമായും രണ്ട് സെമിറ്റിക് മതങ്ങളെയാണ് മാര്‍ക്‌സും എംഗല്‍സും കൈകാര്യം ചെയ്തത്. സാഹചര്യങ്ങളാകാം പ്രധാന കാരണം. ചെറുപ്പത്തില്‍ ആശയവാദം വഴി ഭൗതികവാദത്തിലേക്ക് കടക്കുമ്പോള്‍ പ്രധാന എതിരാളികള്‍ ജര്‍മനിയിലെ മതവാദക്കാരാണ്. അതില്‍ ജൂതരാണ് പ്രബലര്‍. ഇംഗ്ലണ്ടിലെത്തുകയും ഭൗതികവാദം ഉറച്ചുവരികയും ചെയ്യുമ്പോള്‍ ക്രൈസ്തവ ദാര്‍ശനികരാണ് എതിര്‍പക്ഷത്ത്. ഇതിലെവിടെയും മുസ്‌ലിംകള്‍ കടന്നു വരുന്നില്ല.

രാഷ്ട്രീയരംഗത്തേക്ക് ശ്രദ്ധിച്ചപ്പോഴാണ് മുസ്‌ലിംകളെ പരിഗണിക്കേണ്ടി വന്നത്. അപ്പോഴുണ്ടായ രസകരമായ ഒരു ഭാഷാപ്രശ്‌നം എംഗല്‍സ് ഒരിക്കല്‍ മാര്‍ക്‌സിന് എഴുതുന്നുണ്ട്: ' സെമിറ്റിക് ഭാഷകളോടുള്ള എന്റെ ആജന്മ വിരോധം അറബി ഭാഷയില്‍നിന്ന് എന്നെ അകറ്റി. വളരെ പഴക്കമുള്ള ആ ഭാഷ പഠിക്കാന്‍ വളരെ പ്രയാസമാണ്. അറബി ഭാഷയില്‍ ഒരേ പോലെയുള്ള ആറ് അക്ഷരങ്ങളുണ്ട്. എന്നാല്‍, പാര്‍സിഭാഷ കുട്ടിക്കളിയാണ്. അതിന്റെ മുഴുവന്‍ വ്യാകരണവും ഞാന്‍ നാല്‍പത്തിയെട്ട് മണിക്കൂറുകൊണ്ട് പഠിച്ചു'

1853 നു ശേഷം, അതായത് ക്രിമിയന്‍ യുദ്ധരംഗത്തു നിന്നുള്ള വിവരങ്ങള്‍ നിരന്തരം വാര്‍ത്തയായിക്കൊണ്ടിരുന്ന കാലഘട്ടത്തില്‍ എംഗല്‍സ് മുസ്‌ലിംകളെക്കുറിച്ചും ഇസ്‌ലാമിനെക്കുറിച്ചും കിട്ടിയ വിവരങ്ങളൊക്കെ മാര്‍ക്‌സിന് അയച്ചു കൊടുക്കുന്നുണ്ട്.

മുസ്‌ലിംകളുടെ കാര്യത്തില്‍ മാര്‍ക്‌സിനെ ആകര്‍ഷിച്ചത് അവര്‍ക്കിടയിലെ സമത്വവും പൊതു ഉടമസ്ഥതയുമാണ് എന്ന് അദ്ദേഹത്തിന്റെ എഴുത്തുകള്‍ വ്യക്തമാക്കുന്നുണ്ട്. അടിസ്ഥാന പ്രശ്‌നം സോഷ്യലിസ്റ്റ് വാഞ്ഛ തന്നെ. റഷ്യയേക്കാള്‍ മുമ്പ് തുര്‍ക്കിയില്‍ വിപ്ലവംവരും എന്ന് മാര്‍ക്‌സ് പ്രതീക്ഷിച്ചിരുന്നതായി തോന്നും ചിലപ്പോള്‍.



ഇങ്ങനെയൊക്കെ ആണെങ്കിലും എഡ്വേര്‍ഡ് സയ്യിദ് മാര്‍ക്‌സിനെ പത്തൊമ്പതാം നൂറ്റാണ്ടിലെ ഓറിയന്റലിസ്റ്റ് എന്ന് ഒരിക്കല്‍ വിലയിരുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ബ്രിട്ടീഷ് അധിനിവേശത്തെ കുറിച്ച് 1853ല്‍ മാര്‍ക്‌സ് എഴുതിയ ഒരു ലേഖനത്തെ മുന്‍നിര്‍ത്തിയാണത്.

മാര്‍ക്‌സിന്റെ ആലേഖനത്തില്‍: 'ഒന്നിനു പുറകെ ഒന്നായി വന്ന് ഇന്ത്യയെ ചവിട്ടിയരച്ച അറബികളും തുര്‍ക്കികളും താര്‍ത്താറുകളും മുഗളന്മാരുമെല്ലാം ഭാരതവല്‍ക്കരിക്കപ്പെട്ടു പോയി. ഒരു ശാശ്വത ചരിത്രനിയമത്താലെന്ന പോലെ കാടന്മാരായ ആ വെട്ടിപ്പിടിത്തക്കാര്‍ അവരുടെ പ്രജകളുടെ മേത്തരം നാഗരികതക്ക് കീഴടങ്ങി. ഭാരതീയ നാഗരികതയേക്കാള്‍ ഉയര്‍ന്നതും അതുകൊണ്ടുതന്നെ അതിന് അപ്രാപ്യവുമായ ഒരു നാഗരികതയുമായി വരുന്ന ഏക വെട്ടിപ്പിടിത്തക്കാര്‍ ബ്രിട്ടീഷുകാരായിരുന്നു'' എന്നൊക്കെയുള്ള നിരീക്ഷണങ്ങളുണ്ട്.

എന്നാല്‍, എഡ്വേര്‍ഡ് സയ്യിദിന്റെ ആ വിലയിരുത്തല്‍ ശരിയല്ലെന്ന് മാര്‍ക്‌സിയന്‍ പഠനത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഗില്‍ബര്‍ട്ട് ആര്‍ച്ചര്‍ 2019 ല്‍ വിലയിരുത്തുകയുണ്ടായി. പലരും കരുതുന്നത് പോലെ മാര്‍ക്‌സും എംഗല്‍സും സമരോത്സുക നിരീശ്വരവാദത്തിന്റെ ആളുകളായിരുന്നില്ല എന്ന് ആര്‍ച്ചര്‍ വിശദീകരിക്കുന്നുണ്ട്.

1840 മുതല്‍ 2011 വരെ എഴുതപ്പെട്ട സകലമാന മാര്‍ക്‌സിയന്‍ രചനകളേയും പഠനവിധേയമാക്കിയ ആളാണ് എറിക് ഹോബ്‌സ് ബോം. മാര്‍ക്‌സിന്റേയും എംഗല്‍സിന്റേയും എല്ലാ കൃതികളും പഠിച്ചുകഴിഞ്ഞ ശേഷമാണ് പില്‍ക്കാല രചനകളിലേക്ക് കടന്നത് എന്ന് പ്രത്യേകം പറയേണ്ടല്ലോ. എല്ലാത്തിനും ഒടുവില്‍ ഹോബ്‌സ്‌ബോം ചൂണ്ടിക്കാട്ടുന്നു: ' ഒരളവോളം കരുതിക്കൂട്ടി തന്നെ മാര്‍ക്‌സും എംഗല്‍സും തങ്ങളുടെ രാഷ്ട്രീയ ചിന്തയില്‍ നിരവധി ശൂന്യമോ അവ്യക്തമോ ആയ ഇടങ്ങള്‍ പിന്‍ഗാമികള്‍ക്കായി അവശേഷിപ്പിക്കുന്നുണ്ട്'.

മുസ്‌ലിം പ്രശ്‌നം അങ്ങനെ അവശേഷിപ്പിച്ച ഒന്നായി കാണാം. ആ ശൂന്യതയും അവ്യക്തതയും പിന്‍ഗാമികളെ കുഴക്കുന്ന ഏറ്റവും രസകരമായ കാഴ്ച കാണുന്നത് സോവിയറ്റ് നാട്ടില്‍ നിന്നാണ്. മാര്‍ക്‌സും എംഗല്‍സും പ്രതീക്ഷിച്ചില്ലെങ്കിലും പിന്‍ഗാമികള്‍ വളരെപ്പെട്ടെന്ന് വിപ്ലവം സാധ്യമാക്കിയത് സോവിയറ്റ് സോഷ്യലിസ്റ്റ് ഐക്യനാടുകളിലാണല്ലോ.

മാര്‍ക്‌സും എംഗല്‍സും പണിത അടിത്തറയിന്മേലാണ് ലെനിന്‍ വിപ്ലവത്തിന്റെ മേല്‍ക്കൂര പണിതത്. പണി തുടങ്ങുമ്പോള്‍ മുസ്‌ലിംകളെ കൂട്ടിപ്പിടിച്ചിരുന്നു. അക്കഥകളൊക്കെ അറിയാന്‍ സോവിയറ്റ് നാട്ടിലേക്ക് നോക്കാം.

..........................................

അവലംബം:

1. മാര്‍ക്സ് - എംഗല്‍സ് - ലെനിന്‍ തെരഞ്ഞെടുത്ത കൃതികള്‍. വോള്യം - 7

2. മാര്‍ക്‌സ് - എംഗല്‍സ് - ലെനിന്‍ മതത്തെപ്പറ്റി - കെ.ഇ.എന്‍

3. Gilbert Aacher intervew

jacobinmarg.com

TAGS :