Quantcast
MediaOne Logo

മാഗ്ലിന്‍ ഫിലോമിന

Published: 15 Aug 2023 6:39 AM GMT

തീരദേശ ഹൈവേ മത്സ്യത്തൊഴിലാളി സമൂഹത്തെ വംശഹത്യക്ക് വിധിക്കുന്നു

ഉത്പാദന മേഖലയില്‍ നിന്ന് മത്സ്യത്തൊഴിലാളികളെ അകറ്റുകയും കടല്‍ സമ്പത്ത് കോര്‍പ്പറേറ്റുകള്‍ക്ക് ഉറപ്പുവരുത്തുകയും ചെയ്യുന്ന വിപത്കരമായ ലക്ഷ്യങ്ങള്‍ കടലും തീരവുമായി ബന്ധപ്പെട്ട ഭരണകൂട നടപടികളില്‍ ദൃശ്യമാണ്. ഇത് താല്‍ക്കാലികമായി സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുകയാണ് ചെയ്യുക.

തീരദേശ ഹൈവേ മത്സ്യത്തൊഴിലാളി സമൂഹത്തെ വംശഹത്യക്ക് വിധിക്കുന്നു
X

കേരളസര്‍ക്കാര്‍ പ്രഖ്യാപിച്ച തീരദേശഹൈവേയ്ക്ക് വേണ്ടി പല ഇടങ്ങളിലും ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്. സ്ഥലം ഉടമകളുടെ അറിവോ സമ്മതമോ ഇല്ലാതെ റവന്യൂ വകുപ്പ് അധികൃതര്‍ പൊലീസിന്റെ സഹായത്തോടു കൂടി അനധികൃതമായി വീടുകളില്‍ പ്രവേശിച്ച് പിങ്ക് കല്ലുകള്‍ നാട്ടുകയാണ്. വിശദമായ പദ്ധതി രേഖ (DPR) പ്രസിദ്ധീകരിക്കാതെയും പദ്ധതിയെപ്പറ്റി ജനങ്ങള്‍ക്കിടയില്‍ വിശദീകരിക്കാതെയും ജനപ്രതിനിധികളോട് പോലും കാര്യങ്ങള്‍ മറച്ചുവച്ചുകൊണ്ടും ഭരണകൂടം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നിയമവിരുദ്ധമാണ്. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷകള്‍ക്കും ജനപ്രതിനിധികളുടെ ആവശ്യപ്പെടലിനും ഡി.പി.ആര്‍ തയ്യാറായി വരുന്നതേയുള്ളൂ എന്ന മറുപടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇങ്ങനെ ജനങ്ങളില്‍ നിന്നും ജനപ്രതിനിധികളില്‍ നിന്നും മറച്ചുവെച്ചുകൊണ്ട് എന്തുകൊണ്ടാവും ഒരു പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്?

സര്‍ക്കാറിന്റെ അഭിമാന പദ്ധതി!

തീരദേശ ഹൈവെയെ സംബന്ധിച്ച വിവരങ്ങള്‍ നമുക്ക് ലഭിക്കുന്നത് ടൂറിസം - പൊതുമരാമത്ത് വകുപ്പു മന്ത്രി നടത്തിയ ചില പ്രസ്താവനകളില്‍ നിന്നും ഭരണപക്ഷ മാധ്യമങ്ങളുടെ ചില റിപ്പോര്‍ട്ടുകളില്‍ നിന്നുമാണ്. അതുപ്രകാരം, ഒമ്പത് ജില്ലകളിലായി 52 സ്‌ട്രെക്ചറിലായി 623 കി.മീറ്റര്‍ ദൈര്‍ഘ്യത്തില്‍ കേരളത്തിലെ തീരദേശത്തുകൂടെ കടന്നു പോകുന്നതാണ് ഈ പാത. 537 കി. മീറ്റര്‍ ദൂരം കിഫ്ബി ഫണ്ട് ഉപയോഗിച്ച് പൊതുമരാമത്ത് വകുപ്പാണ് പ്രവൃത്തി നിര്‍വഹിക്കുക. ബാക്കി ഭാരത് മാല പരിയോജന സ്‌കീമില്‍ ഉള്‍പ്പെടുത്തുമെന്ന് കരുതുന്നു. 14 മുതല്‍ 15.6 മീറ്റര്‍ വരെ വീതിയിലാണ് റോഡ്. 2026 ല്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു.

വീടുകളില്‍ അതിക്രമിച്ച് കയറി കല്ല് നാട്ടുന്നുണ്ടെങ്കിലും ഈ പദ്ധതി സംബന്ധിച്ച് ഒരു വിവരവും ജനങ്ങള്‍ക്ക് കൈമാറിയിട്ടില്ല. ഒരുതരത്തിലുള്ള സര്‍ക്കാര്‍ നോട്ടിഫിക്കേഷനും ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിട്ടില്ല. ജനക്ഷേമകരമായ ഒരു പദ്ധതിയാണ് തീരദേശ ഹൈവേ എങ്കില്‍ എന്തുകൊണ്ടാണ് ജനങ്ങളില്‍ നിന്ന് വിവരങ്ങള്‍ മറച്ചുവെക്കുന്നത് ?

രണ്ടര മീറ്റര്‍ വീതിയില്‍ സൈക്കിള്‍ ട്രാക്ക്, നടപ്പാത, ബസ് വേ, വാഹനപാത, വൈദ്യുത ചാര്‍ജിങ് സ്റ്റേഷനുകള്‍, റസ്റ്റോറന്റുകള്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഈ പാതയില്‍ ഉണ്ടായിരിക്കും. 50 കിലോമീറ്റര്‍ ഇടവിട്ട് 12 ഇടങ്ങളില്‍ പ്രത്യേക ടൂറിസം ഹബ്ബുകള്‍ നിര്‍മിക്കും. 500 മീറ്റര്‍ നീളത്തിലും 100 മീറ്റര്‍ വീതിയിലും നിര്‍മിക്കുന്ന ടൂറിസം ഹബ്ബുകളില്‍ വിനോദത്തിനു വേണ്ട എല്ലാവിധ സൗകര്യങ്ങളും ഉണ്ടായിരിക്കും. ഹോട്ടല്‍ സമുച്ചയങ്ങള്‍, കഫ്റ്റീരിയ, പാര്‍ക്കിംഗ് സൗകര്യങ്ങള്‍, ടൊയ്‌ലറ്റ് സൗകര്യങ്ങള്‍, ഫ്‌ളോട്ടിങ് ബ്രിഡ്ജ്, മറ്റ് വിനോദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ തുടങ്ങിയവ സജ്ജീകരിക്കും.

20 ഗ്രാമപഞ്ചായത്തുകളിലും 11 മുനിസിപ്പാലിറ്റികളിലും നാല് കോര്‍പ്പറേഷനുകളിലുമായി 540.61 ഹെക്ടര്‍ ഭൂമിയാണ് ഈ പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കുന്നത്. 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമമനുസരിച്ച് ആണ് സ്ഥലവില നിശ്ചയിക്കുക എന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നുണ്ട്. അതോടൊപ്പം തന്നെ 600 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഫ്‌ളാറ്റോ 13 ലക്ഷം രൂപയോ ഇന്നത്തെ നിലയില്‍ കെട്ടിടം നിര്‍മിക്കാന്‍ ആവശ്യമായ വിലയായി നിശ്ചയിച്ചിരിക്കുന്നു എന്നും കൂട്ടിച്ചേര്‍ക്കുന്നുണ്ട്.


എവിടെ DPR ?

തീരദേശ ഹൈവെയുടെ സമഗ്ര പദ്ധതി രേഖ (DPR) ഇതുവരെ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. ഈ പദ്ധതി കൊണ്ട് ഉണ്ടാവാന്‍ ഇടയുള്ള സാമൂഹ്യ ആഘാതങ്ങള്‍ എന്താണ് എന്നും പരിസ്ഥിതിയെ ഈ പദ്ധതി എങ്ങനെ ബാധിക്കുന്നു എന്നും വിശദമായ പഠനം നടക്കേണ്ടതുണ്ട്. ആ പഠന റിപ്പോര്‍ട്ട് ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചചെയ്യുകയും ഉണ്ടാവാന്‍ ഇടയുള്ള ആഘാതങ്ങളുടെ പരിഹാരം നിര്‍ദേശിക്കപ്പെടുകയും വേണം. എന്നാല്‍, ഇത്തരത്തിലുള്ള ഒരു കാര്യവും സര്‍ക്കാര്‍ ചെയ്തിട്ടില്ല. വീടുകളില്‍ അതിക്രമിച്ച് കയറി കല്ല് നാട്ടുന്നുണ്ടെങ്കിലും ഈ പദ്ധതി സംബന്ധിച്ച് ഒരു വിവരവും ജനങ്ങള്‍ക്ക് കൈമാറിയിട്ടില്ല. ഒരുതരത്തിലുള്ള സര്‍ക്കാര്‍ നോട്ടിഫിക്കേഷനും ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിട്ടില്ല. ജനക്ഷേമകരമായ ഒരു പദ്ധതിയാണ് തീരദേശ ഹൈവേ എങ്കില്‍ എന്തുകൊണ്ടാണ് ജനങ്ങളില്‍ നിന്ന് വിവരങ്ങള്‍ മറച്ചുവെക്കുന്നത് ?

തീരദേശ ജനതയെ എങ്ങിനെ ബാധിക്കുന്നു

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭൂരാഹിത്യം നേരിടുന്ന സ്ഥലം തീരദേശമാണ്. വാസയോഗ്യമായ സ്ഥലത്ത് ജനങ്ങള്‍ തിങ്ങി താമസിക്കുകയാണ്. കാലാവസ്ഥ വ്യതിയാനവും തീരത്ത് നടക്കുന്ന അനിയന്ത്രിതമായ നിര്‍മാണ പ്രവര്‍ത്തനങ്ങളും കൊണ്ട് ഏറ്റവും അരക്ഷിതമായ ജീവിത സാഹചര്യമാണ് തീരദേശ ജനത നേരിടുന്നത്. നിരന്തരം ആവര്‍ത്തിക്കുന്ന കടല്‍ക്ഷോഭം ദിനേനയെന്നോണം നിരവധി കുടുംബങ്ങളെ ഭവനരഹിതരാക്കുന്നു. അവരെ ഫലപ്രദമായി പുനരധിവസിപ്പിക്കാനുള്ള ഒരു നടപടിയും ഭരണകൂടം കൈകൊള്ളുന്നുമില്ല. കടല്‍ കയറ്റം തടയുന്നതിന് ഫലപ്രദമായ ഒരു ഇടപെടലും സര്‍ക്കാറുകള്‍ നടത്തിയിട്ടില്ല. കേരളത്തിന്റെ മികവായി പറയുന്ന വികസന നേട്ടങ്ങളൊന്നും തന്നെ തീരദേശത്ത് ലഭ്യമായിട്ടില്ല. കേരള വികസനത്തിന്റെ പുറമ്പോക്ക് ഭൂമിയാണ് കേരളത്തിലെ തീരപ്രദേശങ്ങള്‍. നിരന്തരം അവഗണിക്കപ്പെട്ട ഒരു ജനത. നിരവധി വര്‍ഷങ്ങളായി കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ ഗോഡൗണുകളിലും മറ്റും അഭയാര്‍ഥികളായി കഴിയുന്ന കാഴ്ച ഇപ്പോഴും തുടരുകയാണ്. ഇങ്ങനെ, ഇപ്പോള്‍ തന്നെ എല്ലാ നിലയിലും നിലംപരിശാക്കപ്പെട്ട ഒരു ജനസമൂഹത്തിന് മേലെയാണ് തീരദേശ ഹൈവേ എന്ന ദുരന്തം കൂടി അടിച്ചേല്‍പ്പിക്കുന്നത്.

ഈ പദ്ധതി സൃഷ്ടിക്കുന്ന സാമൂഹ്യ ആഘാതങ്ങളെ പറ്റി ഭരണകൂടം വിവരങ്ങള്‍ ഒന്നും പുറത്തുവിട്ടില്ലെങ്കിലും നിരവധി മനുഷ്യരെ കുടിയിറക്കിക്കൊണ്ട് മാത്രമേ പദ്ധതി പൂര്‍ത്തീകരിക്കാന്‍ സാധിക്കുകയുള്ളൂ. 540.61 ഹെക്ടര്‍ (ഏകദേശം 1350 ഏക്കര്‍) ഭൂമി ഏറ്റെടുക്കേണ്ടി വരും എന്നാണ് സര്‍ക്കാര്‍ പറയുന്നത്. ആയിരക്കണക്കിന് കുടുംബങ്ങള്‍ ഇങ്ങനെ വഴിയാധാരമായി തീരും. തീരദേശത്തെ ബഹുഭൂരിപക്ഷം മനുഷ്യരും മത്സ്യബന്ധനവും അനുബന്ധ തൊഴിലുകളിലും ഏര്‍പ്പെട്ട് ഉപജീവനം കഴിക്കുന്നവരാണ്. തീരത്തുനിന്ന് കൂടിയിറക്കപ്പെടുമ്പോള്‍ ഇവര്‍ എവിടെയാണ് അധിവസിക്കുക? ഭൂലഭ്യത പരിമിതമായ തീരത്തു നിന്നും ആട്ടിയകറ്റപ്പെടുന്നവര്‍ തൊഴിലില്‍ നിന്നും ജീവിതത്തില്‍ നിന്നും കൂടിയാണ് അകറ്റപ്പെടുന്നത് എന്ന് മറക്കരുത്. ഇപ്പോള്‍ തന്നെ ഏറ്റവും ജനസാന്ദ്രതയേറിയ സ്ഥലത്ത് ഇനി എവിടെയാണ് ഈ മനുഷ്യര്‍ ജീവിക്കുക?

കഴിഞ്ഞ നാലു വര്‍ഷത്തിലേറെയായി സിമന്റ് ഗോഡൗണുകളിലും ബന്ധുവീടുകളിലും മറ്റും അഭയാര്‍ഥികളെ പോലെ കഴിഞ്ഞുപോരുന്ന മനുഷ്യരെ പുനരധിവസിപ്പിക്കാനുള്ള ഫലപ്രദമായ ഒരു നടപടിയും സ്വീകരിക്കാത്ത സര്‍ക്കാര്‍ ഹൈവേയുടെ പേരില്‍ കുടിയിറക്കപ്പെടുന്നവര്‍ക്ക് മാന്യമായ പുനരധിവാസം നല്‍കുമെന്ന് എങ്ങനെയാണ് വിശ്വസിക്കുക? ഏറ്റവും ദയനീയമായ ജീവിത സാഹചര്യത്തില്‍ കഴിയുന്നവരെ സഹായിക്കാനും അഭിമാനത്തോടു കൂടി ജീവിക്കാനുമുളള സാഹചര്യം സൃഷ്ടിക്കാനും ഭരണകൂടത്തിന് ഉത്തരവാദിത്തമുണ്ട്.

ഭൂമി പിടിച്ചെടുക്കുന്നു

2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം നഷ്ടപരിഹാരം നല്‍കുമെന്ന് പറയുന്നുണ്ട്. ഈ നിയമനുസരിച്ച് പദ്ധതി ബാധിക്കുന്ന 70% പേരുടെ അംഗീകാരമുണ്ടെങ്കിലേ പദ്ധതി നടപ്പാക്കാന്‍ പാടുള്ളൂ. എന്നാല്‍, ഇവിടെ ഈ പദ്ധതി ബാധിക്കുന്നവരെ ഉള്‍പ്പെടുത്തി പൊതു ഹിയറിംഗ് നടത്തുകയോ അവരോട് അഭിപ്രായം ചോദിക്കുകയോ ചെയ്യാതെ ഭൂമിയില്‍ അതിക്രമിച്ചു കയറുകയായിരുന്നു. അതുകൊണ്ടുതന്നെ തീരദേശ ഹൈവേയുടെ പേരില്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ നിയമ വിരുദ്ധമാണ്. പൊലീസിന്റെ ബലത്തില്‍ റവന്യൂ ഉദ്യോഗസ്ഥരിലൂടെ സര്‍ക്കാര്‍ നടത്തുന്ന ഗുണ്ടാ വാഴ്ചയാണ് ഫലത്തില്‍ ഉണ്ടാകുന്നത്.


കുടിയിറക്കപ്പെടുന്നവര്‍ക്കും സ്ഥലം നഷ്ടപ്പെടുന്നവര്‍ക്കും നഷ്ടപരിഹാരം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, 600 ചതുരശ്ര അടി ഫ്‌ളാറ്റോ 13 ലക്ഷം രൂപയോ ഇന്നത്തെ നിലയില്‍ കെട്ടിടം നിര്‍മിക്കാനനാവശ്യമായ വിലയായി നിശ്ചയിച്ചിരിക്കുന്നുവെന്നു പറയുമ്പോള്‍ തീരദേശ ജനത നഷ്ടപരിഹാരമായി ഇതൊക്കെയേ അര്‍ഹിക്കുന്നുള്ളൂവെന്നാണ് അര്‍ഥം. ഭൂമി പിടിച്ചെടുത്ത് ഫ്‌ളാറ്റുകളിലേക്ക് ആട്ടിയോടിക്കുമ്പോള്‍ അതുവരെ കൈവശമുണ്ടായിരുന്ന തുച്ഛമായ ഭൂമിയുടെ അവകാശം പോലും കവര്‍ന്നെടുക്കുകയാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍മിച്ചു നല്‍കിയ ഫ്‌ളാറ്റുകള്‍ മിക്കതും പൊട്ടിപ്പൊളിഞ്ഞ് ശോചനീയമായ അവസ്ഥയിലാണ് എന്നും മറക്കരുത്. ഭൂമിയിലുള്ള അവകാശം പലനിലയില്‍ ഒരു മനുഷ്യന്റെ ആത്മാഭിമാനത്തെ ഉയര്‍ത്തുന്നുണ്ട്. മലയാളി ഒരു ആധുനിക സമൂഹമായി ഉയര്‍ന്നതില്‍ ഭൂമിയിലുളള അധികാരം സ്വന്തമായി ലഭിച്ചതിലൂടയാണെന്ന് അവകാശപ്പെടുന്നവരാണ് നാം. എന്നാല്‍, തീരജനത ഈ അഭിമാനബോധത്തില്‍ നിന്ന് പുറത്താക്കപ്പെടവരാണ്! ഏറ്റവും കുറഞ്ഞ ഭൂമി കൈവശമുള്ളവരാണ് തീര ജനത. പലര്‍ക്കും ഒന്നോ രണ്ടോ സെന്റ് ഭൂമി കൈവശമുണ്ടെങ്കിലും അതിന് ഇതുവരെ പട്ടയം ലഭ്യമായിട്ടില്ല എന്നതും മലയാളിയുടെ 'കൊട്ടിഘോഷിക്കപ്പെട്ട അഭിമാനം' ഒരു വ്യാജ നിര്‍മിതിയാണെന്ന് തെളിയിക്കുന്നതാണ്. ഈ മനുഷ്യരുടെ പരിമിതമായ ഭൂമി പിടിച്ചെടുക്കാനുള്ള നിഗൂഢ പദ്ധതികളാണ് ഭരണകൂടം ആവിഷ്‌കരിക്കുന്നത്.

നീല സമ്പദ്ഘടനയും കേരളവും

കടലിന്റെ പരിസ്ഥിതി സംരക്ഷിച്ചു കൊണ്ടുള്ള വികസനത്തെപ്പറ്റി പഠിക്കുന്ന സാമ്പത്തിക ശാസ്ത്രത്തിലെ ഒരു ശാഖയാണ് നീല സമ്പദ് വ്യവസ്ഥ. കേന്ദ്രസര്‍ക്കാര്‍ രണ്ടു വര്‍ഷം മുമ്പ് ആവിഷ്‌കരിച്ച പദ്ധതിയുടെ പേരു കൂടിയാണ് നീല സമ്പദ് വ്യവസ്ഥ (Blue Economy). സാമ്പത്തിക വളര്‍ച്ചയ്ക്ക് സഹായിക്കും വിധം കടലിന്റെ പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് ഉപജീവനത്തിനും തൊഴില്‍ ലഭ്യതക്കും കടല്‍ വിഭവങ്ങളുടെ സുസ്ഥിര വിനിയോഗമാണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നത് എന്ന് ലോക ബാങ്ക് അടക്കമുളള അന്താരാഷ്ട്ര ഏജന്‍സികള്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും വന്‍കിട മൂലധന ശക്തികള്‍ക്ക് കടലും തീരവും തുറന്നു കൊടുക്കുക തന്നെയാണ് ഇത്.

കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു വെക്കുന്ന നയരേഖയുടെ സൂക്ഷ്മവിശകലനം പരമ്പരാഗത മത്സ്യബന്ധനം നടത്തി ഉപജീവനം കഴിച്ചു പോരുന്നവരെ തീരെ പരിഗണിക്കുന്നില്ല എന്നു കാണാം. മത്സ്യം, ധാതുക്കള്‍, ഖനിജങ്ങള്‍ എന്നിവയുടെ വമ്പിച്ച കൊളള ലക്ഷ്യമിട്ടുകൊണ്ടുള്ള നയമാണിത്. ഇതോടെ പരമ്പരാഗത - ചെറുകിട മത്സ്യബന്ധനം ഒരു ഓര്‍മയായി തീരും. കടലിലും തീരത്തും ധാതു- ഖനിജങ്ങളുടെ ഖനനത്തിന്റെ സാധ്യതകളാണ് ഈ നയം പരിശോധിക്കുന്നത്. പരമ്പരാഗത മത്സ്യബന്ധനം നടത്തി ഉപജീവനം കഴിച്ചു പോന്നവരെ തീര പരിഗണിക്കുന്നില്ല എന്നു കാണാം. മത്സ്യം, ധാതുക്കള്‍, ഖനിജങ്ങള്‍, പെട്രോളിയം - പ്രകൃതിവാതകം എന്നിവയുടെ വമ്പിച്ച കൊളള ലക്ഷ്യമിട്ടുകൊണ്ടുള്ള നയമാണിത്. കടലിലും തീരത്തും ധാതു-ഖനിജങ്ങളുടെ ഖനനത്തിന്റെ സാധ്യതകളാണ് ഈ നയം പരിശോധിക്കുന്നത്.

ഇത് സാധ്യമാകണമെങ്കില്‍ മത്സ്യബന്ധനവും അനുബന്ധ തൊഴിലുകളും മുഖ്യ വരുമാനമായി കണക്കാക്കുന്ന വിഭാഗങ്ങളെ തീരത്തുനിന്നും മാറ്റേണ്ടതുണ്ട്. ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ചുളള വന്‍കിട മത്സ്യബന്ധനം മാത്രമാണ് അവര്‍ പ്രോത്സാഹിപ്പിക്കുന്നത്. ഇത്തരമൊരു നിഗൂഢ പദ്ധതിയുടെ റിഹേഴ്‌സലായിരുന്നു ലക്ഷദ്വീപില്‍ പ്രയോഗിച്ചത്. ഇതിന്റെ കേരള സാഹചര്യത്തിലേക്കുളള പറിച്ചുനടലാണ് പുനര്‍ഗേഹം പദ്ധതിയും തീരദേശ ഹൈവേയും. തീര ജനതയില്‍ നിന്ന് തീരത്തെ മോചിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം

കേന്ദ്ര ഗവണ്‍മെന്റിന്റെ നയങ്ങളെ പ്രത്യക്ഷത്തില്‍ എതിര്‍ക്കുകയും പ്രയോഗത്തില്‍ നടപ്പാക്കുകയും ചെയ്യുന്ന ഒരു അന്തര്‍ധാര കേരളത്തില്‍ ദൃശ്യമാണ്. തീരവും കടലും കോര്‍പ്പറേറ്റുകള്‍ക്കും ടൂറിസം മാഫിയക്കുമായി പങ്കുവെക്കാനുള്ള വ്യഗ്രതയാണ് ഈ പദ്ധതിയില്‍ ഉള്ളടങ്ങിയിട്ടുള്ളത്. വികസനത്തിന്റെ പേരില്‍ കോര്‍പ്പറേറ്റ് വാഴ്ചയെ ഉറപ്പുവരുത്തുന്നതാണ് തീരദേശ ഹൈവേ.

വരുന്നൂ, ടൂറിസം വസന്തം!

തീരദേശ ഹൈവേ എന്ന പേരില്‍ ഒരു മെഗാ ടൂറിസം പദ്ധതിയാണ് അടിച്ചേല്‍പിക്കുന്നത്. 50 കി.മീറ്റര്‍ ദൈര്‍ഘ്യത്തില്‍ ഇടവിട്ട് 12 ടൂറിസം ഹബ്ബുകള്‍ സ്ഥാപിക്കുമെന്ന് മന്ത്രി വ്യക്തമാക്കുന്നുണ്ട്. ഈ ടൂറിസം ഹബ്ബുകളെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു പാതയാണിത്. കേരളത്തിന്റെ ഭാവി ടൂറിസമാണ് എന്നാണ് ഭരണാധികാരികള്‍ പറയുന്നത്. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ജീവിതത്തെക്കാള്‍ മുഖ്യം വിദേശികളും സ്വദേശികളുമായ ടൂറിസ്റ്റുകളുടെ വിനോദാഘോഷങ്ങളും അത് കൊണ്ടുവരുന്ന വരുമാനവുമാണത്രെ!

മറ്റ് ഉത്പാദന മേഖലകളെ ആശ്രയിച്ചു നില്‍ക്കുന്ന, ഒരളവോളം ഇത്തിക്കണ്ണി സ്വഭാവമുളള ഒന്നാണ്. ഉത്പാദന മേഖലയില്‍ നിന്ന് മത്സ്യത്തൊഴിലാളികളെ അകറ്റുകയും കടല്‍ സമ്പത്ത് കോര്‍പ്പറേറ്റുകള്‍ക്ക് ഉറപ്പുവരുത്തുകയും ചെയ്യുന്ന വിപത്കരമായ ലക്ഷ്യങ്ങള്‍ കടലും തീരവുമായി ബന്ധപ്പെട്ട ഭരണകൂട നടപടികളില്‍ ദൃശ്യമാണ്. ഇത് താല്‍ക്കാലികമായി സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുകയാണ് ചെയ്യുക. അതുകൊണ്ട് തന്നെ തീരദേശ ഹൈവെ തീരജനതയെ തീരാദുരിതങ്ങളിലേക്കും സമ്പദ് വ്യവസ്ഥയെ ദീര്‍ഘകാല തകര്‍ച്ചയിലേക്കും നയിക്കുന്നതാണ്.

പക്ഷെ, ലോകത്തിലെ പല രാജ്യങ്ങളിലും ടൂറിസം പ്രധാന വരുമാന മാര്‍ഗമായി അംഗീകരിച്ചു കഴിഞ്ഞതിനുശേഷം ആ ജനത നേരിട്ട ആത്മനാശത്തിന്റെ അനുഭവ പരമ്പരകള്‍ നമുക്കുമുന്നില്‍ നിരനിരയായി കിടപ്പുണ്ട്. മത്സ്യബന്ധനവും അനുബന്ധ തൊഴിലും കൊണ്ട് ഒരു പരിധിവരെ ഭേദപ്പെട്ട ജീവിതം നയിച്ചിരുന്ന ഫിലിപ്പീന്‍സിലെയും തായ്ലന്‍ഡിലെയും മറ്റും സ്ത്രീകളും കുട്ടികളും ഇപ്പോള്‍ ശരീരം തന്നെ വില്‍പനയ്ക്കുവെച്ചിരിക്കുന്ന വിധം ഗതികെട്ട ജീവിതമാണ് നയിക്കുന്നത്! മത്സ്യബന്ധനം ക്രമാതീതമായി കുറഞ്ഞതു കാരണം മത്സ്യത്തൊഴിലാളികള്‍ക്ക് തൊഴിലില്ലാതാവുകയും കുടുംബം പോറ്റാന്‍ മറ്റ് നിവൃത്തി ഇല്ലാത്തതിനാല്‍ ഒരു വിഭാഗം സ്ത്രീകള്‍ ശരീര വില്‍പന തെരഞ്ഞെടുക്കേണ്ടി വരികയുമായിരുന്നു. ഈ അനുഭവങ്ങളെ മറക്കരുത്.

ടൂറിസവും സമ്പദ്ഘടനയും

കേരളത്തിന്റെ ഭാവിവികസനത്തിന്റെ അടിസ്ഥാനമായി ഭരണാധികാരികള്‍ കാണുന്നത് ടൂറിസത്തെയാണത്രെ. കടലും തീരവും വിനോദ സഞ്ചാരികളെ വലിയ നിലയില്‍ ആകര്‍ഷിക്കുന്നതുകൊണ്ട് കേരളത്തിന്റെ തീരം ഒരൊറ്റ ഹബ്ബാക്കി മാറ്റി ഡോളര്‍ കൊയ്‌തെടുക്കാമെന്നാണ് സര്‍ക്കാര്‍ വ്യാമോഹിക്കുന്നത്. എന്നാല്‍, ലക്ഷക്കണക്കിന് വരുന്ന തീരജനതയെ തൊഴില്‍ രാഹിത്യത്തിലേക്കും നിരന്തര ദുരിതത്തിലേക്കും വലിച്ചെറിഞ്ഞുകൊണ്ടാണ് ഈ 'വികസനം'.

കടല്‍, ഉദ്പാദനത്തിന്റെ അനന്തസാധ്യതകളുടെ സ്രോതസ്സാണ്. ഉത്പാദന ക്ഷമതയുടെ ഈ സാധ്യതയാണ് മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ഉപജീവനം ഉറപ്പു നല്‍കുന്നത്. എന്നാല്‍, കടലും തീരവും 'കാഴ്ച' വിഭവമാക്കി മാറ്റുന്നതാണ് ടൂറിസം. അത് ഒരു ഉത്പാദന മേഖലയല്ല. മറ്റ് ഉത്പാദന മേഖലകളെ ആശ്രയിച്ചു നില്‍ക്കുന്ന, ഒരളവോളം ഇത്തിക്കണ്ണി സ്വഭാവമുളള ഒന്നാണ്. ഉത്പാദന മേഖലയില്‍ നിന്ന് മത്സ്യത്തൊഴിലാളികളെ അകറ്റുകയും കടല്‍ സമ്പത്ത് കോര്‍പ്പറേറ്റുകള്‍ക്ക് ഉറപ്പുവരുത്തുകയും ചെയ്യുന്ന വിപത്കരമായ ലക്ഷ്യങ്ങള്‍ കടലും തീരവുമായി ബന്ധപ്പെട്ട ഭരണകൂട നടപടികളില്‍ ദൃശ്യമാണ്. ഇത് താല്‍ക്കാലികമായി സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുകയാണ് ചെയ്യുക. അതുകൊണ്ട് തന്നെ തീരദേശ ഹൈവെ തീരജനതയെ തീരാദുരിതങ്ങളിലേക്കും സമ്പദ് വ്യവസ്ഥയെ ദീര്‍ഘകാല തകര്‍ച്ചയിലേക്കും നയിക്കുന്നതാണ്.

വംശഹത്യയുടെ മുനമ്പില്‍

കേരളത്തിലെ തീരദേശത്തെ ജനങ്ങളില്‍ മഹാ ഭൂരിപക്ഷവും മത്സ്യബന്ധനവും അനുബന്ധ തൊഴിലുകളിലുമേര്‍പ്പെട്ട് ഉപജീവനം കഴിക്കുന്നവരാണ്. തീരത്തെ സ്ഥിരതാമസമാണ് അവരുടെ തൊഴില്‍ ലഭ്യത ഉറപ്പാക്കുന്നത്. 'വികസന'ത്തിന്റെ പേരില്‍ തീരത്തു നിന്ന് ഇറക്കി വിടപ്പെടുന്നവര്‍ കടലോരത്തു തന്നെ താമസ സ്ഥലം കണ്ടെത്തുക അസാധ്യമാണ്. ഏറ്റവും കൂടുതല്‍ കുറഞ്ഞ ഭൂ ലഭ്യതയുളള സ്ഥലമാണ് തീരദേശം. സര്‍ക്കാറിന്റെ ''പുനര്‍ഗേഹം' പദ്ധതിയുടെ പേരില്‍ ഒഴിപ്പിക്കപ്പെട്ടവര്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്ന്. ആദിവാസികള്‍ കാടുമായി എങ്ങനെ ബന്ധപ്പെടുന്നുവോ അതുപോലെ മത്സ്യത്തൊഴിലാളി സമൂഹം കടലും തീരവുമായി ഇഴുകിച്ചേര്‍ന്ന് കഴിയുന്ന ഗോത്രസ്വഭാവമുളള ജനതയാണ്. ആദിവാസികള്‍ക്ക് വനാവകാശം പോലെ മത്സ്യത്തൊഴിലാളി സമൂഹത്തിന് കടലവകാശവും ലഭ്യമാക്കേണ്ടതാണ്. അതിനു വിരുദ്ധമായി ആവാസ വ്യവസ്ഥയില്‍ നിന്നുളള വിഛേദം അവരുടെ ജീവിതത്തെ തകര്‍ത്തുകളയും. ഫലത്തില്‍ അത് വംശഹത്യ തന്നെയാണ്.

മത്സ്യത്തൊഴിലാളി സമൂഹത്തെ തീരത്തു നിന്ന് ആട്ടിയോടിക്കുകയും അവരുടെ ഭൂമി കോര്‍പ്പറേറ്റുകള്‍ക്കും ടൂറിസം മാഫിയയ്ക്കും കൈമാറുന്ന കുറ്റകൃത്യമാണ് ഇവിടെ അരങ്ങേറുന്നത്. നിശബ്ദമായ ഒരു വംശീയ ഉന്‍മൂലനം തീരദേശത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നു. അപ്പോള്‍ നമുക്കെങ്ങനെ ഒരു ജനാധിപത്യ സമൂഹമെന്ന് അഭിമാനിക്കാനാവും.

TAGS :