Quantcast
MediaOne Logo

ഹകീം പെരുമ്പിലാവ്

Published: 10 Jun 2022 2:31 AM GMT

പാരമ്പര്യവും പാരസ്പര്യവും നശിപ്പിക്കുന്ന പ്രവാചക നിന്ദ

ഇന്ത്യ എണ്ണ ഇറക്കുമതി നടത്തുന്നതിന്റെ ഭൂരിഭാഗവും ഗള്‍ഫ് രാജ്യങ്ങളായ ബഹറൈന്‍, കുവൈത്ത് ഖത്തര്‍, ഒമാന്‍ സൗദി, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമാണ്. ഗള്‍ഫിനു പുറത്ത് നിന്നും അറബ് പേര്‍ഷ്യന്‍ രാജ്യങ്ങളായ ഇറാനും ഇറാഖുമാണൂള്ളത്. ഇന്ത്യയിലേക്ക് (എല്‍.എന്‍.ജി) പ്രകൃതി വാതകങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ഖത്തറിനെയാണ്.

പാരമ്പര്യവും പാരസ്പര്യവും നശിപ്പിക്കുന്ന   പ്രവാചക നിന്ദ
X
Listen to this Article

''എന്താണു ഇന്ത്യയില്‍ സംഭവിക്കുന്നത്'' നേരെത്തെ ഇത് ഒരു ഒറ്റപ്പെട്ട ചോദ്യമായിരുന്നു. ഇന്നത് അങ്ങനെയല്ല എന്നതാണ് പുതിയ സംഭവ വികാസങ്ങള്‍ തെളിയിക്കുന്നത്. നന്നായി വായിക്കുന്ന ഒരു ജോര്‍ദ്ദാനിയും മറ്റൊരു ഈജിപ്ഷ്യന്‍ സുഹൃത്തും ഇടക്കിടെ ഇന്ത്യയിലെ വിശേഷങ്ങള്‍ തിരക്കാറുണ്ട്. കഴിഞ്ഞ രണ്ടു മൂന്ന് ദിവസങ്ങളായി ഇറാഖികള്‍ ഉള്‍പെടെ കാണുന്നവരൊക്കെ ഇന്ത്യയെ കുറിച്ചും ഇന്ത്യന്‍ മുസ്‌ലിംകളെ പറ്റിയുമെല്ലാം ചോദിക്കുന്നു. രാജ്യത്തിന്റെ യശ്ശസ് ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് തന്നെയാണ് ഇന്ന് വരെയും അവര്‍ക്കൊക്കെയും മറുപടി കൊടുത്തിട്ടുള്ളത്. ന്യൂനപക്ഷങ്ങളെ ഇത്രയും വേദനിപ്പിച്ചിട്ടും ചെറുത്ത് നില്‍പ്പ് നടത്തുന്ന വാര്‍ത്തകള്‍ അധികമൊന്നും എന്ത് കൊണ്ടാണ് കാണാത്തത് എന്നാണ് ചിലര്‍ ചോദിക്കുന്നത്. ജനാധിപത്യപരമായ സമരങ്ങള്‍ നടക്കുന്നുണ്ടെന്നും കൂടുതല്‍ സംയമനം പാലിക്കുന്നവരാണ് ഇന്ത്യയിലെ മുസ്‌ലിംകളെന്നും പറയുമ്പോള്‍ അവരുടെ മുഖത്തുണ്ടാകുന്ന മ്ലാനത മനസ്സിലാക്കാനാകും.


ബി.ജെ.പി നേതാക്കളായ നുപുര്‍ ശര്‍മയും നവീന്‍ ജിന്താലും പ്രവാചകനായ മുഹമ്മദ് നബിക്കെതിരെ നടത്തിയ പൊതു മാധ്യമങ്ങളുടെ മുന്നിലിരുന്ന് നടത്തിയ അവഹേളനം ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും രാജ്യത്തിനെതിരെ പ്രതിഷേധങ്ങളുയരാന്‍ കാരണമായി. ഗള്‍ഫ് നാടുകളിലും അറബ് മുസ്‌ലിം നാടുകളിലും ഇത് രൂക്ഷമാവുകയും നയതന്ത്ര മേഖലയിലേക്ക് ഔദ്യോഗികമായ ഭാഷയില്‍ പ്രതിഷേധം അറിയിക്കുന്നതിലേക്ക് വ്യാപിക്കുകയുമുണ്ടായി. ചരിത്രത്തില്‍ ഇന്ന് വരെയുണ്ടായിട്ടില്ലാത്ത സംഭവ വികാസങ്ങളെ തുടര്‍ന്ന് രാജ്യം അപമാനഭാരത്തില്‍ ലോകത്തിനു മുന്നില്‍ തലതാഴ്‌ത്തേണ്ടി വന്നു. തുടര്‍ന്ന് ഭരണകക്ഷിയായ ബി.ജെ.പി വിശദീകരണ കുറിപ്പിറക്കുകയും കുറ്റം ചെയ്തവര്‍ക്കെതിരെ നടപടികള്‍ എടുക്കേണ്ടിവരികയും ചെയ്തു. പ്രവാചക നിന്ദയെ തുടര്‍ന്ന് ഇന്ത്യക്കെതിരെ അറബ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുണ്ടായായ ക്യാമ്പയില്‍ വളരെ പെട്ടെന്നുണ്ടായ സംഭവ വികാസമല്ല. അണപൊട്ടാനിരുന്ന പ്രതിഷേധം അതിന്റെ ഏറ്റവും മൂര്‍ധന്യത്തില്‍ എത്തിയെപ്പോഴായിരുന്നു അത് എന്നതാണ് വസ്തുത. ഇന്ത്യയില്‍ തുടര്‍ച്ചയായി നടക്കുന്ന ന്യൂനപക്ഷ വേട്ട, പൗരത്വത്തിന്റെ പേരിലുള്ള പീഡനങ്ങള്‍, വിവിധങ്ങളായ വിഷയങ്ങളുടെ പേരില്‍ മുസ്‌ലിംകളെ തെരെഞ്ഞുപിടിച്ച് നടത്തുന്ന ആക്രമണങ്ങള്‍, ഹിജാബ് വിഷയമുയര്‍ത്തി മുസ്‌ലിം സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍, മുസ്‌ലിംകളൂടെ വിശ്വാസത്തിനും അവരുടെ ഭക്ഷണത്തിനും ആരാധനാലയങ്ങള്‍ക്കും നേരെയുള്ള കടന്നുകയറ്റം എന്നിവയെല്ലാം ആഗോള മാധ്യമങ്ങളിലൂടെ പൊതുവായും സോഷ്യല്‍ മീഡിയയിലൂടെ കൂടുതല്‍ തീവ്രതയോടെയും അറബ് സമൂഹം കണ്ടു കൊണ്ടിരിക്കുകയാണ്. ഹിന്ദുത്വ ഫാഷിസം മുന്നോട്ട് വെക്കുന്ന വെറുപ്പിന്റെ രാഷ്ടീയവും, അപരവത്കരണവുമെല്ലാം ആഗോള മാധ്യമങ്ങള്‍ കൃത്യമായി ഒപ്പിയെടുക്കുന്നുണ്ട് എന്നതിനാല്‍ തന്നെ അന്താരാഷ്ട്ര സമൂഹം ഇന്ത്യയില്‍ നടക്കുന്ന സംഭവങ്ങളെ കുറിച്ച് കൃത്യമായ ബോധ്യമുള്ളവരാണ്. അത് കൊണ്ടാണിപ്പോള്‍ അറബ് ലോകമൊന്നിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ ഹാഷ്ടാഗുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ചത്. ഔദ്യോഗികമായി പ്രതിഷേധങ്ങള്‍ ഇന്ത്യയെ അറിയിച്ചത്.


അറബ് സമൂഹത്തിന്റെ മതപരത

മതമെന്നത് അറബ് സമൂഹത്തിന്റെ സ്വത്വവും സവിശേഷതയുമാണ്. മതമൂല്യങ്ങളാണ് അവരുടെ ധാര്‍മിക വളര്‍ച്ചയുടെ അളവ് കോലായി അവര്‍ കരുതുന്നത്. ധാര്‍മിക ശിക്ഷണങ്ങളും മതം പഠിപ്പിക്കുന്ന മൂല്യങ്ങളും അവരുടെ സംസ്്കാരത്തിന്റെയും പൈതൃകത്തിന്റെയും ശേഷിപ്പാണെന്ന് അവര്‍ കരുതുന്നു. അത് ജീവിതത്തില്‍ നിന്ന് മുറിച്ചു നീക്കുന്നത് പുതുതലമുറക്ക് പോലും അംഗീകരിക്കാന്‍ കഴിയില്ല. കുലീന കുടുംബങ്ങളുടെ വ്യക്തി ജീവിതത്തില്‍ മതപരമായ അടരുകള്‍ കാണുകയോ കാണാതിരിക്കുകയോ ചെയ്യാം. അതേസമയം അറബ് സാമൂഹ്യ ജീവിതത്തില്‍ മതപരമായ മേന്മകളെല്ലാം കാണാവുന്നതാണ്.

അറബ് രാജ്യങ്ങളൂടെ ധാര്‍മിക മണ്ഡലം അവരുടെ മതകീയ ആശയങ്ങളാണ്. ഈ ധാര്‍മിക മണ്ഡലത്തെ കുത്തിനോവിക്കുന്നത് യാതൊരു കാരണവശാലും അവര്‍ അംഗീകരിക്കുകയില്ല. മറ്റുള്ളവര്‍ വന്ദിക്കുന്നതിനെ നിന്ദിക്കാതിരിക്കാനുള്ള അറിവ് ഇസ്‌ലാമിക മൂല്യങ്ങള്‍ അവരെ പഠിപ്പിച്ചതിനാല്‍ അത് ഉന്നതമായ സ്വഭാവഗുണമായി അവര്‍ മനസ്സിലാക്കുന്നു. സമൂഹത്തിന്റെ ധാര്‍മിക നിലവാരസൂചിക ഉയര്‍ത്തുന്നതില്‍ മതമൂല്യങ്ങള്‍ വലിയ പങ്ക് വഹിച്ചുവെന്നും അറബ് രാജ്യങ്ങള്‍ക്ക് ഇസ്‌ലാമിക മൂല്യങ്ങള്‍ പകര്‍ന്നത് മഹത്തായ സാംസ്‌കാരിക നിലവാരമാണെന്നും അറബ് സ്റ്റാറ്റര്‍ജി ഫോറം ഈയിടെ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. മതപരമായ ചിട്ടകള്‍ നിലനിര്‍ത്തുമ്പോഴും ആഗോള അറബ് സമൂഹം സഹിഷ്ണുതയുള്ളവരും തുറന്ന മനസ്സോടെ മറ്റുള്ളവരെ സ്വീകരിക്കുന്നതില്‍ വിശാലത കാണിക്കുന്നവരും ക്ഷമാശീലമുള്ളവരുമാണെന്നും 'യു ഗോവ്' സര്‍വെ വെളിപ്പെടുത്തുന്നു. മുസ്‌ലിം രാജ്യങ്ങള്‍ മതപരമായ സ്വത്വത്തെ അതിന്റെ വേരോടെ നിലനിര്‍ത്തുമ്പോഴും മതത്തിന്റെ സ്ഫടികക്കൂട്ടിലൂടെ മാത്രം കാര്യങ്ങളെ നോക്കിക്കാണുന്നവരെല്ലെന്നും സര്‍വെ വ്യക്തമാക്കുന്നു.


അതേസമയം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയില്‍ വെറുപ്പ് ഒരു വന്‍കിട വ്യവസായമാക്കി മാറ്റിയിരിക്കുകയാണ്. ഭരിക്കുന്ന പാര്‍ട്ടികള്‍. അതിനു വെള്ളവും വളവും നല്‍കി അതില്‍ നിന്ന് കൂടുതല്‍ കൊയ്‌തെടുക്കുകയും ചെയ്യുന്നു. പാരമ്പര്യമായി ഇന്ത്യയില്‍ നിലനിന്നുപോന്ന മൈത്രിയും സമാധാനവും തകരുന്ന തരത്തിലേക്കാണ് കാര്യങ്ങളൂടെ പോക്ക്. ഇത് അറബ് ഇസ്‌ലാമിക രാജ്യങ്ങളൂമായുള്ള സൗഹൃദത്തെ സാരമായി ബാധിച്ചേക്കാം. മനുഷ്യനെ വംശീയമായി വേര്‍ത്തിരിക്കുന്നത് ലോകത്തെ നിത്യദാരിദ്ര്യത്തിലേക്ക് നയിക്കുമെന്ന ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ കോലാലംബൂര്‍ പ്രസംഗം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം പ്രവാചകന്‍ അവരുടെ സ്‌നേഹഭാജനമാണ്. പ്രവാചകനെ അവഹേളിക്കുന്നത് അവരെ അവഹേളിക്കുന്നതിനേക്കാള്‍ ക്രൂരമാണ്. അതുകൊണ്ട് തന്നെ ഇത്തരം സംഭവങ്ങള്‍ ഇന്ത്യയെ പോലെ ഒരു ജനാധിപത്യ രാജ്യത്തിനു നല്‍കുന്ന മോശമായ പ്രതിഛായ തിരിച്ചു പിടിക്കല്‍ അത്ര എളുപ്പമാവില്ല. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ക്ക് പെട്ടെന്ന് കോട്ടം തട്ടുമെന്ന് പറയാന്‍ കഴിയില്ലെങ്കിലും ദൂരവ്യാപകമായ പ്രത്യാഗാതങ്ങള്‍ ഉണ്ടാക്കാന്‍ ഇത് കാരണമായേക്കും.

ഇന്തോ അറബ് വ്യാപാര ബന്ധങ്ങള്‍

ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധങ്ങള്‍ക്കും രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിനും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഒമാന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും ഈജിപ്ത് സുഡാന്‍ പോലുള്ള അറബ് ആഫ്രിക്കന്‍ രാജ്യങ്ങളിലും പണ്ടുമുതലേ ഇന്ത്യന്‍ നിക്ഷേപങ്ങള്‍ ഉണ്ടായിരുന്നു. ഈ രാജ്യങ്ങള്‍ക്കിടയിലുള്ള സാംസ്‌കാരികമായ ഉടമ്പടികള്‍ക്കും ചരിത്രത്തോളം പഴക്കമുണ്ട്. സൂയസ് കനാലും ചെങ്കടലും അറബിക്കടലും ഈ വ്യാപാരബന്ധങ്ങള്‍ക്ക് തുറന്ന വഴിയൊരുക്കി ബന്ധങ്ങളെ പുഷ്‌കലമാക്കി. അറബ് ലീഗുമായി കൈകോര്‍ത്തും അറബ് വിഷയങ്ങളില്‍ ഇടപെട്ടുമൊക്കെയാണ് ഇന്ത്യ ഈ ബന്ധം നാളിതുവരെയും തുടര്‍ന്നുപ്പോന്നത്. ഏതാണ്ട് 154 ബില്യണ്‍ ഡോളറിന്റെ (ഇന്ത്യന്‍ രൂപ 11.5 ലക്ഷം കോടി) വ്യാപാരം ഈ രാജ്യങ്ങള്‍ക്കിടയിലുണ്ടായിട്ടുണ്ട് എന്ന് കണക്കാക്കപ്പെടുന്നു. ഇന്ത്യ എണ്ണ ഇറക്കുമതി നടത്തുന്നതിന്റെ ഭൂരിഭാഗവും ഗള്‍ഫ് രാജ്യങ്ങളായ ബഹറൈന്‍, കുവൈത്ത് ഖത്തര്‍, ഒമാന്‍ സൗദി, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമാണ്. ഗള്‍ഫിനു പുറത്ത് നിന്നും അറബ് പേര്‍ഷ്യന്‍ രാജ്യങ്ങളായ ഇറാനും ഇറാഖുമാണൂള്ളത്. ഇന്ത്യയിലേക്ക് (എല്‍.എന്‍.ജി) പ്രകൃതി വാതകങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ഖത്തറിനെയാണ്.

ഏതാണ്ട് 90 ലക്ഷം പേരാണ് ഇന്ത്യയില്‍ നിന്ന് പുറം രാജ്യങ്ങളില്‍ ജോലിയെടുത്ത് ജീവിക്കുന്നത്. ഇന്ത്യയുടെ ആഗോള ക്രയവിക്രയത്തിന്റെ 15% ജി.സി.സി രാജ്യങ്ങളെ ആശ്രയിച്ചാണ്. ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യയുടെ ഏറ്റവും വലിയ കച്ചവട പങ്കാളി യു.എ.ഇയാണ്. ഇന്ത്യയുടെ മൊത്തം കച്ചവട വരുമാനത്തിന്റെ 7% യു.എ.ഇ യില്‍ നിന്നാണ്. 2021ല്‍ ഇന്ത്യയും യു,എ.ഇയും തമ്മില്‍ 45 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിയും 28 ബില്യന്‍ ഡോളറിന്റെ കയറ്റുമതിയും നടത്തിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ യു.എ.ഇ യുമായി ഇന്ത്യ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക സഹകരണ കരാര്‍ (സിപ) നിലവിലുള്ള വ്യാപാരങ്ങളെ ഇരട്ടിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പരിചയപ്പെടുത്തിയിടുള്ളത്.


ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 154 ബില്യണ്‍ ഡോളറിനും വ്യാപാര കമ്മി 67 ബില്യണ്‍ ഡോളറുമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 60% ഇന്ത്യന്‍ ഇറക്കുമതി ജി.സി.സി രാജ്യങ്ങളെ ആശ്രയിച്ചാണ്. എണ്ണയുള്‍പെടെയുള്ള പ്രകൃതി വാതകങ്ങളോടൊപ്പം സ്വര്‍ണ്ണം, ഡയമണ്ട്, പോളിമര്‍ തുടങ്ങിയവയാണു ഇറക്കുമതിയില്‍ മുന്നില്‍ നില്‍ക്കുന്നത്. സംസ്‌കരിച്ചെടുത്ത സ്വര്‍ണം, ശുദ്ധീകരിച്ച എണ്ണ, അരി, തുണിത്തരങ്ങള്‍, കാര്‍, പ്രക്ഷേപണ സാമഗ്രികള്‍ എന്നിവയാണ് ജി.സി.സിയിലേക്ക് കയറ്റുമതി നടത്തുന്ന പ്രധാന ഇനങ്ങള്‍. ഊര്‍ജമേഖലയില്‍ ഇന്ത്യയും ജി.സി.സി രാജ്യങ്ങളും തമ്മില്‍ സംയുക്ത സംരംഭങ്ങള്‍ തുടക്കം കുറിച്ചത് ഇരുപക്ഷങ്ങള്‍ക്കും വലിയ പ്രതീക്ഷയാണു നകല്‍കിയത്.

ജലമേഖലയില്‍ പാരിസ്ഥിതികമായ ആഘാതം ഏറ്റവും കുറഞ്ഞ വിതരണം ശൃംഖല കണ്ടെത്താനുള്ള നൂതന ശ്രമങ്ങള്‍ക്ക് ഇന്ത്യയും ജി.സി.സിയും തമ്മില്‍ ഇനിയും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. വെള്ളം പാഴാക്കുന്നത് തടയാനും ചോര്‍ച്ച കുറക്കാനും കമ്പ്യൂട്ടറൈസ്ഡ് മാര്‍ഗങ്ങള്‍ ഉപയോഗിക്കുമെന്നും സ്മാര്‍ട്ട് ടെക്‌നോളജി ഉപയോഗപ്പെടുത്തുമെന്നും ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. ഭക്ഷ്യമേഖലയില്‍ പുതുവഴികള്‍ തേടുന്ന യു.എ.ഇ.യെ ഇന്ത്യക്ക് സഹായിക്കാനും കൂടെ നില്‍ക്കാനും കഴിയുമെന്ന് ഇന്ത്യ നേരെത്തെ യു,എ,ഇ,യെ അറിയിച്ചിരുന്നു. ഭക്ഷ്യ വിവര/വിതരണ രംഗത്ത് മേഖലയിലെ സുപ്രധാന കേന്ദ്രമായി വര്‍ത്തിക്കാനാണ് യു.എ.ഇ ശ്രമിക്കുന്നത്. ഇതുവഴി 30% ഭക്ഷ്യോല്‍പ്പാദനം വര്‍ധിപ്പിക്കാനാകുമെന്ന് യു.എ.ഇ കണക്ക് കൂട്ടുന്നു. ഭക്ഷ്യ സംസ്‌കരണ രംഗത്ത് സ്വദേശീയമായ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാനും യു.എ.ഇ തുടക്കം കുറിച്ചിട്ടുണ്ട്. ഈ സംരംഭങ്ങളെ സഹായിക്കാനാണ് ഇന്ത്യ താല്‍പര്യം അറിയിച്ചത്. കുറ്റമറ്റ ശേഖരണ കേന്ദ്രത്തിന്റെ അഭാവത്തിലാണ് ഇന്ത്യയില്‍ നിന്നുള്ള പഴം പച്ചക്കറി എന്നിവ പാഴാകുന്നത്. ഇതിനു തടയിടന്‍ സംസ്‌കരണ യൂണിറ്റുകളുമായി സഹകരണം സഹായിക്കുമെന്ന് ഇന്ത്യ കണക്ക് കൂട്ടുന്നു.

വിദേശ വരുമാനത്തിന്റെ വഴി മുടക്കരുത്

നമ്മുടെ നാട്ടില്‍ 'ഇരിക്കുന്ന കൊമ്പ് മുറിക്കരുത്' എന്നൊരു ചൊല്ലുണ്ട്. കാടിളക്കുന്ന വംശീയതയും വെറുപ്പുല്‍പ്പാദിപ്പിക്കുന്ന വിഷവിത്തുകളും വാരി വിതറുന്നതിലൂടെ ഇന്ത്യയുടെ സമ്പത്തിക രംഗത്തിന്റെ നട്ടെല്ലാണെന്ന് പറയാവുന്ന പണമിടപാടുകളെ ബാധിക്കുമോ എന്ന ആശങ്ക അസ്ഥാനത്തല്ല. വേള്‍ഡ് ബാങ്കിന്റെ കണക്കനുസരിച്ഛ് ലോകത്ത് ഏറ്റവും കൂടുതല്‍ വിദേശ പണത്തിന്റെ നിയമാനുസൃതമായി വരുന്നത് ഇന്ത്യയിലേക്കാണ്. സാധരണക്കാരായ പ്രവാസികള്‍ അവരുടെ രാജ്യത്തേക്ക് മാസം തോറും അയക്കുന്ന വിദേശപണത്തിന്റെ വരവ് നിലച്ചു പോയാല്‍ രാജ്യത്തെ അത് സാരമായി ബാധിച്ചേക്കും. നമ്മുടെ രാജ്യത്തെത്തുന്ന ഇടപാടുകള്‍ പരിശോധിക്കുമ്പോള്‍ അറിയാം അറബ് മുസ്‌ലിം രാജ്യങ്ങള്‍ ഇന്ത്യക്ക് ഒഴിച്ച് കൂടാനാവാത്തതാണെന്ന്. 180 ബില്യണ്‍ ഡോളറില്‍ അധികമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയിലേക്ക് ഒഴുകിയെത്തിയത്. അതില്‍ ഭൂരിഭാഗവും ജി.സി.സി രാജ്യങ്ങളില്‍ നിന്നായിരുന്നു. ഇന്ത്യയിലേക്ക് വരുന്ന റെമിറ്റന്‍സിന്റെ 70% ജി.സി.സി രാജ്യങ്ങളില്‍ നിന്നാണ്. കഴിഞ്ഞ വര്‍ഷം യു.എ.ഇ സൗദി എന്നിവിടങ്ങളില്‍ നിന്ന് മാത്രം 80 ബില്യണ്‍ ഡോളര്‍ ഇന്ത്യയിലെക്ക് എത്തിയിട്ടുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.



പ്രവാസി സുരക്ഷയുടെ പ്രാധാന്യം

നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അനുപാതത്തിലെങ്കിലും സുരക്ഷ ലഭ്യമാകണമെന്നാണ് പ്രവാസികളായ ഇന്ത്യക്കാര്‍ ആഗ്രഹിക്കുന്നത്. മറുനാട്ടില്‍ അവര്‍ക്ക് യാതൊരു തരത്തിലുള്ള മനഃക്ലേശവും ഉണ്ടാകാതെ നോക്കേണ്ട ബാധ്യത ഇന്ത്യയിലെ ഭരണകൂടത്തിനുണ്ട്. തിരിച്ച് നാട്ടില്‍ അവരുടെ കുടുംബത്തിന്റെ ജീവിതം സംരക്ഷിക്കുകയെന്നതും അതുപോലെ തന്നെ പ്രധാനമാണ്. സുരക്ഷിതത്വം അഭായപ്പെടുത്തുകയെന്നാല്‍ പണത്തിന്റെ വരവ് നിലക്കുക എന്ന് കൂടിയാണ്. സൗകര്യമുള്ളവര്‍ കുടുംബത്തെ പറിച്ച് നട്ടും ഇന്ത്യയില്‍ നിന്ന് പൂര്‍ണമായും മൈഗ്രേറ്റ് ചെയ്ത് പോകുന്നതും രാജ്യത്തേക്കുള്ള പണത്തിന്റെ വരവിനെ നന്നായി ബാധിക്കും.


നമ്മുടെ രാജ്യത്ത് വര്‍ഗീയതയുടെ മറവില്‍ നടക്കുന്ന വിവേചനപരമായ നടപടികളും രാഷ്ടീയ കോലാഹലങ്ങളും പെരുമഴയായി സോഷ്യല്‍ മീഡിയയിലൂടെ അറബ് നാടുകളില്‍ ജോലിചെയ്യുന്ന ഓരോ പ്രവാസിയുടെ മുന്നിലേക്കും ഒഴുകിയെത്തുന്നുണ്ട്. എന്നാല്‍, അതൊന്നും അവരുടെ നിത്യജീവിതത്തെ ഒട്ടും ബാധിച്ചിരുന്നില്ല മതജാതി ഭേദമന്യേ ബാച്ച്‌ലര്‍ റൂമുകളിലും ലാബര്‍ ക്യാമ്പുകളിലും അവരുടെ തനതുജീവിതം അവര്‍ ജീവിക്കുകയാണ്. പള്ളിയിലും അമ്പലത്തിലും ചര്‍ച്ചിലും അവര്‍ പോകുന്നത് ആരും ഇന്നുവരെ മടുപ്പോടെ നോക്കിയിട്ടില്ല. എന്നാല്‍, ഇന്ന് രാജ്യം ഭരിക്കുന്ന പാര്‍ട്ടി അധികാരത്തിന്റെ തിണ്ണബലത്തില്‍ കാട്ടികൂട്ടുന്ന വെറുപ്പ് ഉത്പാദിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളും വംശീയ അതിക്രമങ്ങളും ഇന്ത്യക്ക് പുറത്ത്, പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ ജീവിക്കുന്ന പ്രവാസികളെ വല്ലാതെ അസ്വസ്ഥരാക്കുന്നുണ്ട്. ഒരോ ശരാശരി പ്രവാസിക്കും മാസാന്തം ലഭിക്കുന്ന വരുമാനത്തെ ആശ്രയിച്ചാണ് അവരുടേയും അവരുടെ കുടുംബത്തിന്റേയും ജീവിതം മുന്നോട്ട് പോകുന്നത്. ഏന്തെങ്കിലും കാരണവശാല്‍ ഈ രാഷ്ടീയകോമരങ്ങള്‍ കാണിക്കുന്ന അപകീര്‍ത്തിയുടെയും അവഹേളനത്തിന്റെയും പേരില്‍ ജോലി നഷ്ടപ്പെട്ടാല്‍ നാട്ടില്‍ അവരെ സ്വാഗതം ചെയ്യാന്‍ ആരുമുണ്ടാകില്ലെന്നും ഭരണകൂടത്തിനു പോലും തങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാനാകില്ലെന്നും നന്നായി അറിയുന്നവരാണ് പ്രവാാസികള്‍. അതു കൊണ്ട്കൂടിയാകാം ഉള്ളില്‍ നീറ്റലോടെ മാത്രമാണ് അവര്‍ നിലവിലുള്ള സ്ഥിതിഗതികളെ നോക്കിക്കാണുന്നത്. അത് കൊണ്ട് പ്രവാസലോകത്ത് നിലവിലുള്ള പാരസ്പര്യത്തെ വേര്‍പ്പെടുതത്താനും സൗഹൃദത്തില്‍ കെട്ടിപ്പടുത്ത പാരമ്പര്യത്തെ ദുശിപ്പിക്കാനും ആരും ഒരു തരിമ്പ് പോലും ആഗ്രഹിക്കുന്നില്ല. നാട്ടിലെ ഭരണകൂടത്തിന്റെ ചെലവില്‍ വെറുപ്പ് ഉത്പാദന പ്രവര്‍ത്തനങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാതിരുന്നാല്‍ മതിയെന്നാണ് ഓരോ പ്രവാസികളും മനസ്സുരുകി പ്രാര്‍ഥിക്കുന്നത്.

TAGS :