Quantcast
MediaOne Logo

സി. ദാവൂദ്

Published: 26 Jun 2026 10:19 AM IST

ഈ ജനത കിളിച്ചുണ്ടന്‍ മാമ്പഴമല്ല; സിപിഎമ്മിൻ്റെ തെരഞ്ഞെടുപ്പ് വിശകലനത്തെ മുൻനിർത്തിയുള്ള ആലോചനകൾ

‘എന്തുകൊണ്ട് മുസ്‍ലിം സമൂഹം സിപിഎമ്മിനോട് പുറംതിരിഞ്ഞു നിന്നു എന്നതിനെക്കുറിച്ച്‌ ആ പാര്‍ട്ടി ഗൗരവത്തില്‍ ആലോചിക്കുന്നുണ്ടോ? ഇവര്‍ക്ക് വേണ്ടി എന്തെല്ലാം കാര്യങ്ങള്‍ ചെയ്തു എന്നിട്ടും ഇവന്മാര്‍ ഇങ്ങനെ ചെയ്തല്ലോ എന്ന് പരിതപിക്കുന്ന ഇടതുപക്ഷ ഹാന്‍ഡിലുകള്‍ സോഷ്യല്‍ മീഡിയയില്‍ കാണാം. സംഘപരിവാര ഹിന്ദുത്വ ശക്തികള്‍ നിങ്ങള്‍ക്കെതിരെ തിരിയുമ്പോള്‍ നിങ്ങളെ ഇനിയാര് സംരക്ഷിക്കും എന്ന് മുസ്‌ലിംകളോട് ചോദിക്കുന്ന ഇടതുപക്ഷ പ്രൊഫൈലുകളും ഉണ്ട്. ‘അനുഭവച്ചോളൂ കേട്ടോ’ എന്ന മട്ടിലാണ് അവര്‍ മുസ്‌ലിംകളോട് സംസാരിക്കുന്നത്. ഇതിനെല്ലാം അപ്പുറത്ത് എന്തുകൊണ്ട് അങ്ങിനെയൊരു തിരിച്ചടി ഉണ്ടായി എന്ന് അമ്പരപ്പോടെ അന്വേഷിക്കുന്ന സിപിഎം പ്രവര്‍ത്തകരെയും നേരില്‍ കാണാന്‍ സാധിച്ചിട്ടുണ്ട്....സി. ദാവൂദ് എഴുതുന്നു

cpm-muslim-vote-shifts-kerala
X

അസംബ്ലി തെരഞ്ഞെടുപ്പ് ഫലങ്ങളെ കുറിച്ച സിപിഎമ്മിന്റെ ഔദ്യോഗികമായ വിശകലനങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു. അതിലെ ഏറ്റവും ശ്രദ്ധേയമായ ഒരു വശം കനത്ത തോല്‍വിയാണ് സംഭവിച്ചിരിക്കുന്നത് എന്ന് അവര്‍ അംഗീകരിച്ചു കഴിഞ്ഞുവെന്നതാണ്. സിപിഎമ്മിനെ തോല്‍പിക്കുന്നതിനേക്കാള്‍ പ്രയാസം തോറ്റിരിക്കുന്നുവെന്ന് അവരെ ബോധ്യപ്പടുത്തലാണ് എന്ന പ്രശ്‌നം ഇവിടെയില്ല. തോല്‍വിയുടെ കാരണങ്ങള്‍ കണ്ടെത്തുന്നതില്‍ സംസ്ഥാന കമ്മറ്റിയും സെക്രട്ടേറിയറ്റും മാത്രമല്ല, ജില്ലാ, ഏരിയാ, ലോക്കല്‍, ബ്രാഞ്ച് തലങ്ങളില്‍ നിന്നെല്ലാം അഭിപ്രായങ്ങള്‍ ശേഖരിച്ചുവെന്നതും പ്രധാനമാണ്.

തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങളായി സിപിഎം നേതൃത്വം പൊതുസമൂഹത്തോട് പറഞ്ഞവയില്‍ ഏതാണ്ടെല്ലാം ശരിയും മാധ്യങ്ങളും രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടിയ കാര്യങ്ങളുമാണ്‌. എന്നാല്‍, ചില കാര്യങ്ങളില്‍ അവര്‍ മൗനം പാലിക്കുന്നുണ്ട്. ചിലതില്‍ പാതിവെന്ത വിശകലനങ്ങള്‍ മുന്നോട്ട് വെക്കുന്നുമുണ്ട്.

എല്‍ഡിഎഫിന്റെ കനത്ത തോല്‍വിയുടെ പല ഘടകങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് മുസ്‌ലിം സമൂഹം സമ്പൂര്‍ണ്ണമായും ആ മുന്നണിയോട്‌ പുറം തിരിഞ്ഞു നിന്നു എന്നതാണ്. ഇക്കാര്യം ഇതേ ഭാഷയില്‍ സിപിഎം ഔദ്യോഗികമായി മുന്നോട്ട് വെക്കുന്നില്ലെങ്കിലും ‘ന്യൂനപക്ഷങ്ങള്‍ക്ക് തെറ്റിദ്ധാരണയുണ്ടായി’ എന്നു പറഞ്ഞുവെക്കുന്നുണ്ട്.

യുഡിഎഫിന് അനുകൂലമായി, എല്‍ഡിഎഫിനെതിരായി മുസ്‌ലിം വോട്ടുകളുടെ ഏകീകരണം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉണ്ടായി എന്നത് വസ്തുതയാണ്. എന്നാല്‍, അത് മാത്രമല്ല എല്‍ഡിഎഫിന്റെ പരാജയത്തിന്റെ കാരണം.

എന്തുകൊണ്ട് മുസ്‍ലിം സമൂഹം സിപിഎമ്മിനോട് പുറംതിരിഞ്ഞു നിന്നു എന്നതിനെക്കുറിച്ച്‌ ആ പാര്‍ട്ടി ഗൗരവത്തില്‍ ആലോചിക്കുന്നുണ്ടോ? ഇവര്‍ക്ക് വേണ്ടി എന്തെല്ലാം കാര്യങ്ങള്‍ ചെയ്തു എന്നിട്ടും ഇവന്മാര്‍ ഇങ്ങനെ ചെയ്തല്ലോ എന്ന് പരിതപിക്കുന്ന ഇടതുപക്ഷ ഹാന്‍ഡിലുകള്‍ സോഷ്യല്‍ മീഡിയയില്‍ കാണാം. സംഘപരിവാര ഹിന്ദുത്വ ശക്തികള്‍ നിങ്ങള്‍ക്കെതിരെ തിരിയുമ്പോള്‍ നിങ്ങളെ ഇനിയാര് സംരക്ഷിക്കും എന്ന് മുസ്‌ലിംകളോട് ചോദിക്കുന്ന ഇടതുപക്ഷ പ്രൊഫൈലുകളും ഉണ്ട്. ‘അനുഭവച്ചോളൂ കേട്ടോ’ എന്ന മട്ടിലാണ് അവര്‍ മുസ്‌ലിംകളോട് സംസാരിക്കുന്നത്. ഇതിനെല്ലാം അപ്പുറത്ത് എന്തുകൊണ്ട് അങ്ങിനെയൊരു തിരിച്ചടി ഉണ്ടായി എന്ന് അമ്പരപ്പോടെ അന്വേഷിക്കുന്ന സിപിഎം പ്രവര്‍ത്തകരെയും നേരില്‍ കാണാന്‍ സാധിച്ചിട്ടുണ്ട്. ഈ അമ്പരപ്പ് പക്ഷേ, മുസ്‌ലിം വോട്ടുകളുടെ കാര്യത്തില്‍ മാത്രമല്ല, മൊത്തം വോട്ടര്‍മാരുടെ കാര്യത്തില്‍ പങ്കുവെക്കുന്ന ഇടതുപക്ഷ പ്രവര്‍ത്തകരും വ്യാപകമായുണ്ട്. നമ്മള്‍ എന്തെല്ലാം നല്ല കാര്യങ്ങള്‍ ചെയ്ത സര്‍ക്കാരായിരുന്നു. എന്നിട്ടും നമ്മള്‍ക്ക് ഇങ്ങനെയൊരു തോല്‍വി നേരിടേണ്ടി വന്നല്ലോ എന്ന് ആത്മാര്‍ഥമായി പരിതപിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരെ നമുക്ക് എമ്പാടും കാണാന്‍ സാധിക്കും.

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഒരു ജനാധിപത്യത്തില്‍ രാഷ്ട്രീയം പ്രവര്‍ത്തിക്കുന്നത് എങ്ങനെ എന്നതിനെക്കുറിച്ച ധാരണക്കുറവ് ഈ അമ്പരപ്പില്‍ പ്രകടമാണ്. പ്രജകള്‍ക്ക് കാര്യങ്ങള്‍ ചെയ്തു കൊടുക്കുന്ന രാജാവ്, രാജാവിന് വിധേയത്വം പ്രകടിപ്പിക്കുന്ന പ്രജകള്‍-ഇതല്ല ജനാധിപത്യത്തിലെ രാഷ്ട്രീയ പെരുമാറ്റത്തിന്റെ അടിസ്ഥാനം. ജനാധിപത്യം ജനങ്ങളുടെ അന്തസ്സുമായി ബന്ധപ്പെട്ട ഒരു പ്രക്രിയ കൂടിയാണ്. വ്യക്തിപരവും സാമൂഹികവുമായ അന്തസ്സ് അതില്‍ പ്രധാനമാണ്. ഞങ്ങടെ സര്‍ക്കാര്‍, ഞങ്ങടെ മുഖ്യമന്ത്രി ഇത്രേം കാര്യങ്ങള്‍ ചെയ്തിട്ടും നിങ്ങളെന്തേ പോളിംഗ് ബൂത്തില്‍ ഇങ്ങനെ പെരുമാറി എന്ന ചോദ്യത്തിന് അവിടെ പ്രസക്തിയില്ല. ഞാന്‍ തന്നെ മീഡിയവണ്‍ വാര്‍ത്താ വിശകലന പരിപാടിയായ ഔട്ട് ഓഫ് ഫോക്കസില്‍ പല വട്ടം പറഞ്ഞ കാര്യമുണ്ട്. പിണറായി വിജയന്‍ സര്‍ക്കാര്‍ ഭരണപരമായ പരിപ്രേക്ഷ്യത്തില്‍ നോക്കുമ്പോള്‍ ഒരു മോശം സര്‍ക്കാര്‍ ആയിരുന്നില്ല എന്നതാണത്. എന്നിട്ടും ജനം എന്തുകൊണ്ട് തോല്‍പിച്ചു എന്ന ചോദ്യത്തിനാണ് സിപിഎം ഉത്തരം കാണേണ്ടത്.

അടിസ്ഥാനപരമായി ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളെ പുച്ഛത്തോടെ സമീപിക്കുന്ന ഭരണ നേതൃത്വവും പാര്‍ട്ടി നേതൃത്വവും-ഇതാണ് എല്‍ഡിഎഫിന്റെ പരാജയത്തെ സാധ്യമാക്കിയ ഏറ്റവും പ്രധാനപ്പെട്ട ഘടകം. അതായത്, ഭരണകൂടം വെച്ചുനീട്ടുന്ന ആനകൂല്യങ്ങള്‍ മാത്രമല്ല, ജനാധിപത്യത്തില്‍ വ്യക്തികളുടെയും പൗരന്മാരുടെ അന്തസ്സും പ്രധാനമാണ്. കേരളം എന്ന ജനാധിപത്യ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും വെറുപ്പിക്കുന്ന തരത്തില്‍, അവരുടെ അന്തസ്സിന് മേല്‍ കാല്‍ കയറ്റി വെക്കുന്ന തരത്തിലുള്ള സമീപനങ്ങള്‍ കഴിഞ്ഞ അഞ്ചു വര്‍ഷമുണ്ടായി എന്നത് കാണാന്‍ എല്‍ഡിഎഫ് നേതൃത്വത്തിന് സാധിച്ചില്ല. തങ്ങളുണ്ടാക്കിയ പാലങ്ങളും ഹൈവേകളും കെട്ടിടങ്ങളും തങ്ങള്‍ കൊടുത്ത പെന്‍ഷനും കിറ്റും എല്ലാം ഇതെക്കാള്‍ മേലെ നില്‍ക്കും എന്നവര്‍ വിചാരിച്ചു. അന്നം കൊണ്ട് മാത്രമല്ല, അന്തസ്സ് കൊണ്ട് കൂടി ജീവിക്കുന്ന ഒരു സ്പീഷീസാണ് മനുഷ്യന്‍ എന്ന കാര്യം അവര്‍ മറന്നു പോയി. നമ്മള്‍ ഇത്രയൊക്കെ ചെയ്തിട്ടും നമ്മളെന്ത് കൊണ്ട് തോറ്റു എന്ന് നിഷ്‌കളങ്കമായി ചോദിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഓര്‍ക്കേണ്ട പ്രധാനപ്പെട്ട കാര്യമാണിത്.

ഇങ്ങനെ അന്തസ്സിന് മുറിവേറ്റവരുടെ പ്രതികരണമായിരുന്നു ഒരര്‍ഥത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലം. ഒരു ജന സമൂഹമെന്ന നിലക്ക്, അന്തസ്സിന് നേര്‍ക്കുള്ള ഏറ്റവും വലിയ ആക്രമണത്തിന് വിധേയമായ കൂട്ടരായിരുന്നു മുസ്‌ലിംകള്‍. ഇന്ത്യയില്‍ ഹിന്ദുത്വ സംഘടനകളുടെയും അവരുടെ നേതൃത്വത്തിലുള്ള ഭരണകൂട സംവിധാനങ്ങളുടെയും ഏറ്റവും വലിയ വേട്ടക്കിരയാവുന്ന ജനതയാണ് മുസ്‌ലിംകള്‍ എന്നത് സിപിഎമ്മിന് പോലും സംശയമില്ലാത്ത കാര്യമാണ്. മുസ്‌ലിം വേട്ടക്ക് അനുകൂലമായ സാമൂഹിക പശ്ചാത്തലമൊരുക്കാന്‍ ഹിന്ദുത്വ ശക്തികള്‍ ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പശ്ചാത്തല ആയുധം അവരെ പൈശാചികവത്കരിക്കുക എന്നതാണ്. ആ പൈശാചികവത്കരണ പ്രക്രിയയിലെ ഏറ്റവും പ്രധാനപ്പെട്ട ഇനമാണ് മുസ്‌ലിംകളുമായി ബന്ധപ്പെട്ട എന്തിനെയും തീവ്രവാദത്തിന്റെയും രാഷ്ട്ര വിരുദ്ധതയുടെയും നിറം കലര്‍ത്തി അവതരിപ്പിക്കുക എന്നത്. അവര്‍ക്കിടയിലെ പ്രണയത്തെ, അവരുണ്ടാക്കുന്ന ഭക്ഷണത്തെ, അവര്‍ നടത്തുന്ന ബിസിനസിനെ, അവര്‍ നേടുന്ന പരീക്ഷാ വിജയങ്ങളെ, അവര്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ, അവരുടെ പ്രസവങ്ങളെ... അങ്ങനെ എല്ലാം തീവ്രവാദത്തിന്റെ, രാഷ്ട്ര വിരുദ്ധതയുടെ, ജിഹാദിന്റെ ഫ്രെയിമിനകത്ത് വെച്ച് വ്യഖ്യാനിച്ച് വിശദീകരിക്കുന്ന രീതി. അതിലൂടെ ഇതൊരു അപകടം പിടിച്ച സമൂഹമാണെന്ന മാനസിക ഘടന ഇന്ത്യയിലെ ഭൂരിപക്ഷ ജനസമൂഹങ്ങള്‍ക്കിടയില്‍ വ്യാപകമാക്കുക-ഇതാണ് അവര്‍ അനുവര്‍ത്തിക്കുന്ന രീതി.

പിണറായി വിജയന്റെ അഭിമുഖം - ദ ഹിന്ദു പത്രം

ഇതേ രീതി തന്നെയാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി കേരളത്തിലെ സിപിഎം നേതാക്കളും സ്വീകരിച്ചു പോന്നത്. പൊളിറ്റ് ബ്യൂറോ അംഗങ്ങളില്‍ നിന്ന തുടങ്ങി സാധാരണ സൈബര്‍ സഖാക്കള്‍ വരെ ഒരേ താളത്തില്‍ ഈ നിലപാട് അനസ്യൂതം മുന്നോട്ട് കൊണ്ട് പോയതായി കാണാന്‍ കഴിയും. കരിപ്പൂരിലെ സ്വര്‍ണ്ണക്കടത്തിനെ മലപ്പുറം ജില്ലയുമായും വിധ്വംസക പ്രവര്‍ത്തനവുമായു ബന്ധപ്പെടുത്തി ദ ഹിന്ദു പത്രത്തിന് അഭിമുഖം നല്‍കിയത്‌ പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ തന്നെയായിരുന്നു. പിന്നീട് അദ്ദേഹം നിഷേധിച്ചെങ്കിലും അദ്ദേഹത്തിന്റെ പേരില്‍ അപകടകരമായ ഒരു അഭിമുഖം ഒരു ഇംഗ്ലീഷ് പത്രത്തില്‍ അടിച്ചു വന്നിട്ട് അദ്ദേഹം സ്വീകരിച്ച നിസംഗമായ സമീപനം ഇടതുപക്ഷ നേതൃത്വത്തെ കുറിച്ചു തന്നെയുള്ള അവിശ്വാസം ശക്തമാക്കുന്നതില്‍ വലിയ ഘടകമായി.

എ.കെ ബാലൻ, എ.വിജയരാഘവൻ

പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ എ<വിജയരാഘവന്‍ കേരളത്തില്‍ വരുമ്പോഴെല്ലാം നടത്തുന്ന പ്രസ്താവനകള്‍ മുസ്‌ലിം പൈശാചികവത്കരണത്തെ അരക്കിട്ടുറപ്പിക്കുന്നതായിരുന്നു. വയനാട്ടിലെ പ്രിയങ്കാ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ പോലും മുസ്‌ലിം തീവ്രവാദവുമായി ബന്ധിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. മലബാറില്‍ വ്യാപകമായ മെക് സെവന്‍ എന്ന വ്യായായ്മ കൂട്ടായ്മ, സിജി എന്ന കരിയര്‍ ഗൈഡന്‍സ് പ്രസ്ഥാനം എന്നിവയെല്ലാം ഈ നിലയില്‍ സിപിഎം നേതാക്കളുടെ തീവ്രവാദവത്കരണത്തിന് വിധേയമായി.

ഏറ്റവുമൊടുവില്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തര വകുപ്പ് ഏറ്റെടുക്കുമെന്നും മാറാടുകള്‍ ആവര്‍ത്തിക്കും എന്ന് പ്രസ്താവിച്ചത് സമുന്നതനായ സിപിഎം നേതാവ് എ.കെ ബാലനായിരുന്നു. ഒരു പക്ഷേ, നമ്മുടെ തെരഞ്ഞെടുപ്പ് അനുഭവത്തില്‍ ഒരു ഇടതുപക്ഷ നേതാവ് നടത്തിയ ഏറ്റവും അപകടകരമായ പ്രസ്താവനയായിരുന്നു അത്.സിപിഎം നേതാക്കള്‍ സ്വന്തം നിലക്ക് നടത്തുന്ന ഇത്തരം പ്രസ്താവനകള്‍ക്ക് പുറമേ സമൂഹത്തില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്ക് ലഭിച്ച സാമൂഹിക അംഗീകാരവും എടുത്തുപറയേണ്ടതാണ്.

ദിനംദിനേ എന്നോണം മുസ്‌ലിം വിദ്വേഷം പ്രചരിപ്പിച്ചു കൊണ്ടിരുന്ന വെള്ളാപ്പള്ളി നടേശന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കീഴിലുള്ള ഔദ്യോഗിക സംവിധാനമായ നവോത്ഥാന സമിതിയുടെ അധ്യക്ഷനായിരുന്നു എന്നത് എത്ര വലിയ വിരോധാഭാസമാണ്. എന്നാല്‍, വെള്ളാപ്പള്ളിയുടെ പ്രസ്താവനകളെ അത് ലീഗിനെതിരായ രാഷ്ട്രീയ വിമര്‍ശനമാണെന്ന് പറഞ്ഞ് ന്യായീകരിക്കുകയാണ് പിണറായി വിജയന്‍ അടക്കമുള്ള സിപിഎം നേതാക്കള്‍ ചെയ്തത്. ഇത് മുസ്‌ലിം സമൂഹത്തിന്റെ ബുദ്ധിശക്തിയെ ചോദ്യം ചെയ്യുന്ന ന്യായീകരണ യത്‌നമായിരുന്നു. ഏതെങ്കിലും നേതാക്കളുടെ ഭാഗത്ത് നിന്ന് എപ്പോഴെങ്കിലും സംഭവിക്കുന്ന വാക് പിഴയെന്നതിലുപരി നിരന്തരം തുടര്‍ന്നു പോന്ന ഇത്തരം സമീപനങ്ങള്‍ ഈ പാര്‍ട്ടി ആലോചിച്ച് സ്വീകരിച്ച നയത്തിന്റെ തുടര്‍ച്ചയായാണ് മുസ്‌ലിം സമൂഹത്തില്‍ സ്വീകരിക്കപ്പെട്ടത്.

പ്രിയങ്ക ഗാന്ധി

ഇങ്ങനെയൊരു നയം സ്വീകരിക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചത് എന്തായിരിക്കും എന്നത് ആലോചിക്കേണ്ടതാണ്. മുസ്‍ലിംകളെ ചീത്ത വിളിച്ചാല്‍ ഹിന്ദുക്കളുടെ വോട്ട് സമാഹരിക്കാന്‍ കഴിയുമെന്ന വിചിത്രമായ തീര്‍പ്പില്‍ ആ പാര്‍ട്ടി എത്തുകയായിരുന്നു എന്ന് വേണം അനുമാനിക്കാന്‍. അല്ലാതെ, സിപിഎം പോലൊരു മതേതര പ്രസ്ഥാനം ഇങ്ങനെയൊരു സമീപനം സ്വീകരിക്കാന്‍ വഴിയില്ല. ഉത്തരേന്ത്യയില്‍ ബിജെപി പരീക്ഷിച്ചു വിജയിച്ച തന്ത്രം കേരളത്തില്‍ പരീക്ഷിച്ചു നോക്കുകയാരുന്നു അവര്‍. പക്ഷേ, ആ പരീക്ഷണം പരാജയമായിരുന്നു എന്നു തെളിയിക്കപ്പെട്ടിരിക്കുകയാണ്‌.

വെള്ളാപ്പള്ളി നടേശൻ

എന്തു കൊണ്ട് അത് പരാജയപ്പെട്ടു എന്ന് സിപിഎം മനസ്സിലാക്കണം. മുസ്‌ലിംകളെ കുറിച്ച ഭീതി പടര്‍ത്തിയത് കൊണ്ട്, മുസ്‌ലിം ലീഗിനായിരിക്കും അധികാരത്തില്‍ ആധിപത്യം എന്ന് പറഞ്ഞത് കൊണ്ട്, ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തരം കൈകാര്യം ചെയ്യുമെന്ന് പറഞ്ഞത് കൊണ്ട്, മാറാടുകള്‍ ആവര്‍ത്തിക്കും എന്ന ഭീഷണി സന്ദേശം കൈമാറിയത് കൊണ്ട് കേരളത്തിലെ മുസ്‌ലിംകളല്ലാത്തവരെല്ലാം സിപിഎമ്മിന് വോട്ട് ചെയ്യുമെന്ന് സിപിഎം ധരിച്ചുവശായതാണ് ഒന്നാമത്തെ പിഴവ്. ഉത്തരേന്ത്യയിലെത് പോലെ മുസ്‌ലിം ബസ്തികളും ഹിന്ദു ബസ്തികളും ഉള്ള നാടല്ല നമ്മുടെത്. വിവിധ മതസമൂഹങ്ങള്‍ അറിഞ്ഞു അടുത്തും ജീവിക്കുന്ന ഇടമാണ്. കേരളത്തിലെ മുസ്‌ലിംകള്‍ അന്യഗ്രഹ ജീവികളല്ല. അവര്‍ മറ്റ് മതസമൂഹങ്ങളുമായി തികഞ്ഞ ഇഴയടുപ്പത്തില്‍ ജീവിക്കുന്ന ജനതയാണ്. അവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഡസന്‍ കണക്കിന് സംഘടനകളും സന്നദ്ധ ഗ്രൂപ്പുകളും ചാരിറ്റി നെറ്റ് വർ ര്‍ക്കുകളുമുണ്ട്. എല്ലാ സമുദായങ്ങള്‍ക്കിടയിലും അവരുടെ ഏതെങ്കിലും നിലക്കുള്ള പ്രവര്‍ത്തനങ്ങളുടെ സ്പര്‍ശം എത്തുന്നുണ്ട്. മുസ്‌ലിം തീവ്രവാദികള്‍ എല്ലാം കയ്യടക്കുകയാണേ എന്ന് സിപിഎം നേതാക്കള്‍ പേടിപ്പിച്ചാല്‍ പേടിക്കുന്നവരല്ല അവര്‍. അവരുടെ മുസ്‌ലിം അനുഭവങ്ങള്‍ സിപിഎമ്മിന്റെ ആഖ്യാനങ്ങളെക്കാള്‍ ആഴമുള്ളതാണ്. ഒരു ജനതയെന്ന നിലക്കുള്ള കേരളത്തിലെ മുസ്‌ലിം സമൂഹത്തിന്റെ സാധ്യതകളെ വിലകുറച്ചു കണ്ടതാണ് സിപിഎമ്മിന്റെ വലിയൊരു പിഴവ്. മുസ്‌ലിംകളെ കുറിച്ച് പറഞ്ഞു പേടിപ്പിച്ച് അപ്പുറത്ത് വോട്ട് സമാഹരിക്കാം എന്ന തന്ത്രം നടന്നില്ല. അതേ സമയം, വിഭാഗീയതയുടെ കാലുഷ്യം സൃഷ്ടിക്കുന്ന ഒരു സംഘമാണിതെന്ന് പൊതുബോധം എല്‍.ഡി.എഫിനെ കുറിച്ച് പൊതുവായി ഉണ്ടാവുകയും ചെയ്തു. മഹത്തായ പാരമ്പര്യമുള്ള ഒരു പ്രസ്ഥാനം ഒരു പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ അതിന്റെ മുഖമായി ജനങ്ങള്‍ക്ക് മുമ്പില്‍ വന്നത് എന്താണ് എന്ന് ആലോചിച്ചു നോക്കൂ: നൂറിലേറെ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായ, സ്വന്തം സഹപ്രവര്‍ത്തകന്റെ ആത്മഹത്യയില്‍ പ്രതിസ്ഥാനത്തുള്ള, ദിനംദിനേ വര്‍ഗീയത പ്രസംഗിച്ചു കൊണ്ടിരിക്കുന്ന ഒരു സമുദായ നേതാവ്- വെള്ളാപ്പള്ളി. തട്ടിപ്പ് കേസില്‍ പ്രതിയായ ഒരു സമുദായ നേതാവും മരംകൊള്ള കേസില്‍ പ്രതിയായ ഒരു വ്യവസായി നടത്തുന്ന ചാനലുമായിരുന്നു ഈ തെരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ മുഖമായി ജനങ്ങള്‍ക്ക് മുമ്പാകെയുണ്ടായിരുന്നത്.

റിപ്പോർട്ടർ ടിവി ഉടമകളും മുട്ടിൽ മരം മുറിക്കൊള്ളയിലെ പ്രതികളു​മായ അഗസ്റ്റിൻ സഹോദരങ്ങൾ

അതിശക്തമായ ഇടതുപക്ഷ ജ്ഞാന മണ്ഡലമുള്ള സ്ഥലമാണ് കേരളം. അറിവിന്റെയും വിശകലനത്തിന്റെയും ആധികാരിക വക്താക്കളായി ഇടതുപക്ഷം കരുതപ്പെട്ടു പോന്ന കാലമുണ്ടായിരുന്നു. ഇടതുപക്ഷ സാംസ്‌കാരിക പ്രവര്‍ത്തകരുടെ വാക്കുകള്‍ക്ക്, കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ രാഷ്ട്രീയ പ്രമേയങ്ങള്‍ക്കെല്ലാം ആധികാരികതയുടെ വലിയ ആവരണമുണ്ടായിരുന്നു. ആധികാരികതയുടെ ആ ആനുകൂല്യം ഇടതുപക്ഷത്തിന് നഷ്ടപ്പട്ടെിട്ടുണ്ട് എന്ന് അവര്‍ മനസ്സിലാക്കണം. മറ്റെല്ലാ മേഖലകളിലെതും പോലെ അറിവിന്റെ മേഖലയും ബഹുസ്വരമായ കാലമാണിത്. അതായത്, ഇടതുപക്ഷം ഒരു കൂട്ടരെ വര്‍ഗീയ വാദികള്‍ എന്നു സ്ഥാപിച്ചു കഴിഞ്ഞാല്‍ അവര്‍ വര്‍ഗീയവാദികളായിരിക്കും എന്ന നില ഇപ്പോഴില്ല. സാല്‍ക്കിയ പ്ലീനം ഒരു കാര്യം തീരുമാനിച്ചത് കൊണ്ട് അത് ശരിയായിരിക്കും, വിജയവാഡ കോണ്‍ഗ്രസ് ഒരു കാര്യം തെറ്റാണെന്ന് കണ്ടാല്‍ അത് തെറ്റായിരിക്കും എന്ന് വിചാരിക്കപ്പെടുന്ന കാലമല്ല ഇത്.

ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെട്ട് സിപിഎം കേരളത്തില്‍ നടത്തിയ കടുത്ത പ്രചാരണങ്ങള്‍ പരാജയപ്പെട്ട തെരഞ്ഞെടുപ്പ് കൂടിയാണിത്. കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ജമാഅത്തെ ഇസ്‌ലാമിയും സിപിഎമ്മും തമ്മിലുള്ള ബന്ധം സമാന്യ മലയാളികള്‍കല്ലൊം അറിയാവുന്നതാണ്. സിപിഎം ഭരിക്കുന്ന സന്ദര്‍ഭങ്ങളില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക സമിതികളില്‍ പലതും ജമാഅത്തെ ഇസ്‌ലാമിയുടെ പ്രതിനിധികള്‍ ഉണ്ടായിരുന്നു എന്നതും സത്യമാണ്. ഇതെല്ലാം ഉണ്ടായിരിക്കെ, സിപിഎം ഇപ്പോള്‍ അങ്ങിനെ ഉണ്ടായിരുന്നില്ല എന്ന് പറയുന്നത് കൊണ്ട് മാത്രം ജനങ്ങള്‍ അത് വിശ്വസിക്കണമെന്നില്ല. പഹല്‍ഗാം ആക്രമണത്തില്‍ ജമാഅത്തെ ഇസ്‌ലാമിക്ക് പങ്കുണ്ടെന്നും അവരുടെ പിന്തുണയിലാണ് യുഡിഎഫ് മത്സരിക്കുന്നത് എന്നുമായിരുന്നു എം. സ്വരാജിന്റെ വിജയത്തിന് വേണ്ടി സിപിഎം നിലമ്പൂരില്‍ പ്രചരിപ്പിച്ചത്. നിലമ്പൂരില്‍ ആ പ്രചാരണ പദ്ധതി പരാജയപ്പെട്ടു. പക്ഷേ, അസംബ്ലി തെരഞ്ഞെടുപ്പില്‍ മാറാട് കലാപത്തെയും ജമാഅത്തെ ഇസ്‌ലാമിയെയും ബന്ധപ്പെടുത്തിയായി പ്രചാരണം. ജമാഅത്തെ ഇസ്‌ലാമി എന്നല്ല, കേരളത്തിലെ എല്ലാ മുസ്‌ലിം സംഘടനകളും ഇവിടെയുള്ള മറ്റ് മതസമൂഹങ്ങളുമായി വലിയ കൊടുക്കല്‍ വാങ്ങലുകള്‍ നടത്തുന്ന പ്രസ്ഥാനങ്ങളാണെന്ന് സിപിഎം മനസ്സിലാക്കണം.

ജമാഅത്തെ ഇസ്‌ലാമിയെ ആക്രമിച്ചാല്‍ മറ്റ് മുസ്‌ലിം സംഘടനകളുടെ പിന്തുണ കിട്ടുമെന്ന ചിന്തയും സിപിഎമ്മിനുണ്ടായിരുന്നു. വളാഞ്ചേരിയില്‍ നിന്നുള്ള പുതുക്കക്കാരനാണ്‌ ഇക്കാര്യം സിപിഎം നേതൃത്വത്തെ ധരിപ്പിച്ചത്. മുസ്‌ലിം സമൂഹത്തിനകത്തെ ആന്തരികമായ ചലന ബല തന്ത്രം മാറിയത് സിപിഎം നേതൃത്വം അറിഞ്ഞിട്ടില്ല. ഒരു മുസ്‌ലിം സംഘടനയെ ആക്രമിച്ചാല്‍ മറ്റ് സംഘടനക്കാര്‍ കൂടെ നില്‍ക്കുമെന്ന് കരുതാമായിരുന്ന ഘട്ടമുണ്ടായിരുന്നു. എന്നാല്‍ ആ ഘട്ടം അവസാനിച്ചു കഴിഞ്ഞിട്ടുണ്ട്. കേരളത്തില്‍ മുസ്‌ലിംകള്‍ സമ്പൂര്‍ണ്ണമായി ഏതെങ്കിലും ഒര മതസംഘടനയുമായി മാത്രം ബന്ധപ്പെട്ടു കിടക്കുന്നവരല്ല. എല്ലാ മതസംഘടനകളുമായി ബന്ധപ്പെട്ടു കിടക്കുന്നവരാണ്. സംഘടനാപരമായ വൈര്യവും വെറുപ്പും കൊണ്ടുനടക്കുന്നവരെ ഇഷ്ടപ്പെടാത്തവരാണ്. ആ നിലക്ക് നോക്കുമ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ മുസ്‌ലിം സംഘടന, സംഘടനാ രഹിതരായ മുസ്‌ലിംകളാണ്. അവര്‍ മക്കളെ സുന്നി മദ്‌റസയില്‍ പറഞ്ഞയക്കുന്നവരും മുജാഹിദുകളുടെ പള്ളിയില്‍ പോകുന്നവരും ജമാഅത്തുകാരുടെ പ്രസിദ്ധീകരണം വായിക്കുന്നവരും എംഇഎസിന്റെ കോളെജില്‍ പോകുന്നവരും ഒക്കെയായിരിക്കും. മരിച്ചു കഴിഞ്ഞാല്‍ സുന്നി പള്ളി ഖബര്‍സഥാനുകളിലാണ് മഹാഭൂരിപക്ഷവും മയ്യത്തുകള്‍ അടക്കുന്നത്.

കെ.ടി ജലീൽ,എം.സ്വരാജ്

അതിനാല്‍ ഒരു സംഘടനയെ വിരട്ടിയാല്‍ മറ്റേ സംഘടനക്കാരുടെ വോട്ട് കിട്ടുമെന്ന വളാഞ്ചേരി തിസീസ്‌ നടക്കില്ല. ഈ സംഘടന വലിയ സംഘടന, ആ സംഘടന ചെറിയ സംഘടന എന്ന തീര്‍പ്പിനും പ്രസകതിയില്ല. രാഷ്ട്രീയമായി അങ്ങേയറ്റം ചടുലമായ ജനതയാണ് മുസ്‌ലിംകള്‍. പ്രാദേശിക രാഷ്ടീയം മാത്രമല്ല, ദേശീയ, സാര്‍വദേശീയ രാഷ്ട്രീയം വരെ സൂക്ഷ്മമായി പിന്തുടരുകയും പഠിക്കുകയും ചെയ്യുന്ന ഒരു വൈജ്ഞാനിക സമൂഹം കൂടിയാണ് അവര്‍. രാഷ്ട്രീയവും വൈജ്ഞാനികവുമായി അങ്ങേയറ്റം ചടുലമായ ഒരു ജനതയോടെ പഴകിയ ഇടതു ജാര്‍ഗണുകള്‍ ഉപയോഗിച്ച് സംവദിക്കുന്നുവെന്നതാണ് സിപിഎമ്മിന്റെ ഏറ്റവും വലിയ പരാജയം.

എല്‍.ഡി.എഫിന് ചരിത്രത്തിലെ മികച്ച വിജയം നല്‍കിയ തെരഞ്ഞെടുപ്പായിരുന്നു 2006ലെത്. 98 സീറ്റുകള്‍. കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും എം.കെ മുനീറുമടക്കമുള്ള അതികായന്‍മാര്‍ മലപ്പുറത്ത് തോറ്റ തെരഞ്ഞെടുപ്പ്. അന്ന് മുസ്‌ലിം സംഘടനകളെല്ലാം പൊതുവെ യുഡിഎഫിനൊപ്പമായിരുന്നു. ചെറിയ സംഘടന എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജമാഅത്തെ ഇസ്‌ലാമി മാത്രമാണ്‌ പരസ്യമായി എല്‍ഡിഎഫിനൊപ്പം നിന്നത്. അതായത്, സംഘടനകളുടെ വലിപ്പ ചെറുപ്പങ്ങള്‍ക്കപ്പുറം രാഷ്ട്രീയമാണ് പ്രധാനമെന്നാണ് അത് തെളിയിക്കുന്നത്. രാഷ്ട്രീയത്തെ നോക്കിക്കാണാനും സ്വയമേവ രാഷ്ടീയ വിശകലനങ്ങള്‍ നടത്തി തീര്‍പ്പിലെത്താനും സാധിക്കുന്ന ഒരു ജനതയാണ് മുസ്‌ലിംകള്‍ എന്ന് എല്ലാ രാഷ്ട്രീയ നേതൃത്വങ്ങളും മനസ്സിലാക്കണം. അവരില്‍ ഏതെങ്കിലും മതസംഘടനയെ വെറുപ്പിച്ചത് കൊണ്ടോ ഇക്കിളിപ്പെടുത്തുയത് കൊണ്ടോ മുസ്‌ലിം സമൂഹത്തിന്റെ വോട്ടിംഗ് പാറ്റേണിനെ അത് ബാധിക്കുന്നില്ല. അത് മനസ്സിലാക്കണമെങ്കില്‍ മുസ സമൂഹത്തിന്റെ ആന്തരികമായ ബലതന്ത്രത്തെക്കുറിച്ച് അറിയണം.

ഇ.ടി മുഹമ്മദ് ബഷീർ, പി.കെ കുഞ്ഞാലിക്കുട്ടി, എം.കെ മുനീർ


പക്ഷേ, അത് മനസ്സിലാക്കാനുള്ള ശേഷി സിപിഎമ്മിനില്ല എന്നതാണ് പ്രശ്‌നം. അവരിപ്പോഴും ‘കിളിച്ചുണ്ടന്‍ മാമ്പഴ’ത്തിലൂടെയാണ് മുസ്‌ലിം ജനതയെ കാണുന്നത്. ആധുനിക രാഷ്ട്രീയ വ്യവഹാരങ്ങളെ കുറിച്ച് അറിയാത്ത, ആറാം നൂറ്റാണ്ടില്‍ ജീവിക്കുന്ന, സ്വന്തമായി വിശകലന ശേഷിയില്ലാത്ത ഒരു പിന്തിരിപ്പന്‍ സമൂഹം എന്നതാണ് മുസ്‌ലിംകളെ കുറിച്ച അവരുടെ സൈദ്ധാന്തിക ഭാവന. മുസ്‌ലിം കുട്ടികള്‍ തട്ടം അഴിച്ചു തുടങ്ങിയത് തങ്ങളുടെ നേട്ടമാണെന്നൊക്കെ അവരുടെ ഒരു സംസ്ഥാന കമ്മറ്റിയംഗം നാസ്തികരുടെ യോഗത്തില്‍ പോയി വലിയ അവകാശ വാദം നടത്തുന്നത് ഈ ബോധഘടന കാരണമാണ്. സാരി മികച്ച വസ്ത്രമാണെന്നും തട്ടം മോശം വ്‌സത്രമാണെന്നുമൊക്ക വിചാരിക്കുന്ന ഒരു സവിശേഷ ചിന്താ ഘടന. സ്വന്തമായി വസ്ത്രം തെരഞ്ഞെടുക്കാനൊന്നും ശേഷിയോ അവകാശമോ ഇല്ലാത്തവരാണ് മുസ്‌ലിം സ്ത്രീകളെന്നാണ് അവര്‍ ആത്മാര്‍ഥമായി വിചാരിക്കുന്നത്. അത് കൊണ്ട് അവരെ പരിഷ്‌കരിച്ച് ശരിയാക്കിയെടുക്കണമെന്ന് അവര്‍ സത്യസന്ധമായി ആഗ്രഹിക്കുന്നു. ആഫ്രോ ഏഷ്യന്‍ രാജ്യങ്ങളെ കോളനിയാക്കി വെക്കുമ്പോള്‍ അവിടത്തെ ജനങ്ങളെ പരിഷ്‌കരിക്കുകയെന്ന ഭാരിച്ച ദൗത്യം White Man’s Burden ഏറ്റെടുത്തവരാണ് തങ്ങളെന്നായിരുന്നു വെള്ളക്കാര്‍ വിചാരിച്ചിരുന്നത്. അതേ പോലെ മുസ്‌ലിംകളെ പരിഷ്ടകരിക്കാനുള്ള Left Man's Burden ഏറ്റെടുത്തവരാണ് കേരളത്തിലെ സിപിഎമ്മുകാര്‍.

ഷാഫി പറമ്പിൽ

‘ഷാഫി അഞ്ചു നേരം നിസകരിക്കുന്ന ദീനിയായ ചെറുപ്പക്കാരന്‍; മറ്റേതോ കാഫിറായ സ്ത്രീ; ആര്‍ക്കാണ് നമ്മള്‍ വോട്ട് ചെയ്യേണ്ടത്’ എന്നൊരു സന്ദേശം ഒരു മുസ്‌ലിം ചെറുപ്പക്കാരന്റെ പേരില്‍ ഉണ്ടാക്കി, അത് സ്‌ക്രീന്‍ ഷോട്ട് എടുത്ത് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് പ്രചരിപ്പിച്ചു സിപിഎമ്മുകാര്‍. സിപിഎമ്മന്റെ ഏറ്റവും കാല്‍പനികവത്കരിക്കപ്പെട്ട നേതൃബിംബമായ കെ.കെ ഷൈലജയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടിയായിരുന്നു അത്. അവര്‍ തന്നെ പോളിംഗ് ദിനത്തില്‍ രാവിലെ അതെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചു. ഇങ്ങനെയൊരു സ്‌ക്രീന്‍ഷോട്ട് സിപിഎമ്മുകാര്‍ ഉണ്ടാക്കുകയും ഉന്നത സിപിഎം നേതാക്കള്‍ വരെ അതിന്റെ പ്രചാരണത്തില്‍ പങ്കാളികളാവുയും ചെയ്തതിന്റ പിറകില്‍ നേരത്തെ വിശദീകരിച്ച രണ്ട് ഘടകങ്ങളും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒന്ന്, മുസ്‌ലിംകളെ ചൂണ്ടി ഭൂരിപക്ഷ വോട്ട് ഏകീകരിക്കുക എന്ന ലക്ഷ്യം. രണ്ടാത്തെത്, മുസ്‌ലിംകള്‍ ആധുനിക ജനാധിപത്യ പ്രക്രിയയില്‍ രാഷ്ട്രീയമായി ഇടപെടാന്‍ ശേഷിയില്ലാത്ത മതാത്മകമായി മാത്രം കാര്യങ്ങളെ കാണുന്ന ജനതയാണെന്ന ബോധം.

ഡിവൈഎഫ്ഐ നേതാവ് പ്രചരിപ്പിച്ച കാഫിർ സ്ക്രീൻ ഷോട്ട്, കെ.കെ ശൈലജ

2024ലെ തെരഞ്ഞെടുപ്പിലാണ് കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പരീക്ഷിച്ചു നോക്കിയത്. എന്നാല്‍ 2026ലെത്തുമ്പോള്‍ അത് ‘ഖൗമിലെ കുട്ടി’യായി മാറുന്നതാണ് നാം കാണുന്നത്. എല്‍.ഡി.എഫിന്റെ സംസ്ഥാന കണ്‍വീനര്‍, സീനിയര്‍ പാര്‍ട്ടി ലീഡര്‍ ടി.പി. രാമകൃഷ്ണന്റെ വിജയത്തിന് വേണ്ടിയാണ് അത് ഉപയോഗിച്ചത്. ഡി.വൈ.എഫ്.ഐയുടെ സമുന്നത നേതാവ് എസ്.കെ സജീഷാണ് അവിടെ പ്രചാരണത്തിന് നേതൃത്വം കൊടുത്തത്. അവരുടെ പ്രചാരണ സാമഗ്രിയാണ് സ്റ്റുഡിയോയില്‍ പ്രീ റെക്കോര്‍ഡ് ചെയ്ത ഖൗമിലെ കുട്ടി അനൗണ്‍സ്മന്റ്. അതായത്, സിപിഎമ്മിലെ പഴയ തലമുറയും പുതിയ തലമുറയും ഈ ബോധഘടനയില്‍ ഒരേ താളൈക്യം പുലര്‍ത്തുന്നവരാണ്. കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിനും ഖൗമിലെ കുട്ടി അനൗണ്‍സ്മന്റും രണ്ടും വ്യത്യസ്ത സംഭവങ്ങളാണങ്കിലും ഉള്ളടക്കത്തിലും ആലോചനാ പദ്ധതിയിലും ഒരേ കാര്യങ്ങളാണ്.

ടി.പി. രാമകൃഷ്ണൻ, എസ്.കെ സജീഷ്

സിപിഎമ്മും മുസ്‌ലിം ജനതയും തമ്മിലുള്ള സമ്പൂര്‍ണ്ണമായ ബന്ധ വിച്ഛേദം നടന്നു എന്ന് തെളിയിക്കപ്പെട്ട തെരഞ്ഞെടുപ്പാണ് കഴിഞ്ഞത്. അതിനര്‍ഥം അത് എല്ലാ കാലത്തേക്കുമുള്ള തീര്‍പ്പാണ് എന്നല്ല. ഒരു ജനതയെന്ന നിലക്കുള്ള അവരുടെ രാഷ്ട്രീയ തീരുമാനമാണത്. ആ രാഷ്ട്രീയ ഭാവനയോട് യുഡിഎഫ് മുന്നോട്ട് വെക്കുന്ന പദ്ധതികള്‍ പൂര്‍ണമായി ഒത്തുപോവുന്നുവെന്നും അതിനര്‍ഥമില്ല. ഇടതുപക്ഷത്തിന്റെ തെറ്റായ രാഷ്ട്രീയത്തിന് പ്രഹരമേല്‍പിക്കുക എന്ന പ്രക്രിയയിലൂടെയാണ് അവര്‍ കടന്നുപോയത്. ഇടതുപക്ഷത്തിന് നഷ്ടപ്പെട്ട ആ ബന്ധം തിരികെ പിടിക്കാന്‍ സാധിക്കുന്നതേയുള്ളൂ. പക്ഷേ, അതിന് അവരുടെ അന്തസ്സിനെ മാനിക്കണം. അവരോട് നേര്‍ക്കുനേര്‍ രാഷ്ട്രീയം സംസാരിക്കണം. മുസ്‌ലിം രാഷ്ടീയ സംഘാടനങ്ങളോടും ഭാവനകളോടും എന്‍ഗേജ് ചെയ്താല്‍ അപ്പുറത്ത് വോട്ട് നഷ്ടപ്പെട്ടേക്കുമെന്ന ഭീതി ഇപ്പോള്‍ സിപിഎമ്മിനുണ്ട്. പുരുഷന്മാരുടെ വോട്ടുകള്‍ നഷ്ടപ്പെടുമെന്ന ഭീതിയില്‍ ഇടതുപക്ഷം സ്ത്രീ പ്രശ്‌നങ്ങള്‍ ഉന്നയിക്കാതിരുന്നിട്ടില്ല. സവര്‍ണ മുന്നാക്ക വോട്ടുകള്‍ നഷ്ടപ്പെടുമെന്ന ഭയത്താല്‍ ദലിത്, പിന്നാക്ക പ്രശ്‌നങ്ങളെ സിപിഎം കണ്ടില്ലെന്ന് നടിക്കാറില്ല. പക്ഷേ, മുസ്‌ലിംകളുടെ കാര്യത്തില്‍ ഇങ്ങിനെയൊരു ഭീതി ഇടതുപക്ഷം വെച്ചു പുലര്‍ത്തുന്നു. സ്ത്രീ പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കുമ്പോള്‍ സ്ത്രീ പീഡനവും പുരുഷ പീഡനവും ഒരേ പോലെ അപകടകരമാണ് എന്ന ബാലന്‍സിംഗ് തിയറി അല്ല സിപിഎം സ്വീകരിക്കാറ്. ദലിത് പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കേണ്ടി വരുമ്പോള്‍ സവര്‍ണാധിപത്യവും അവര്‍ണാധിപത്യവും ഒരേ പോലെ അപകടകരം എന്ന സമീപനം അവര്‍ സ്വീകരിക്കാറില്ല. പക്ഷേ, മുസ്‌ലിംകള്‍ക്കെതിരായ ഭരണകൂട വിവേചനങ്ങളെ കുറിച്ച് സംസാരിക്കുമ്പോള്‍ ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ഒരേ പോലെ അപകടകരമാണ്‌, ഒന്ന് മറ്റൊന്നിനെ ശക്തിപ്പെടുത്തുന്നതാണ് തുടങ്ങിയ മുഖവുരകള്‍ സഹിതം മാത്രമേ സിപിഎമ്മിന് സംസാരിക്കാന്‍ സാധിക്കുന്നുള്ളൂ.

അതിനപ്പുറം പോയി സ്വന്തം നിലക്ക് രാഷ്ട്രീയം പറയുകയും തങ്ങളുടെ പ്രശ്‌നങ്ങളെ കുറിച്ച് ജനാധിപത്യപരമായി സംസാരിക്കുകയും ചെയ്യുന്ന മുസ്‌ലിംകളെ നിങ്ങളിത് ചെയ്യരുതന്ന് ഉപദേശിക്കുന്നു. ആ ഉപദേശത്തിന് ചെവികൊടുക്കാതെ സംസാരിച്ചു കൊണ്ടിരിക്കുന്ന മുസ്‌ലിംകളെ തീവ്രവാദികളാക്കുന്നു. ഇതാണ് മുസ്‌ലിംകളുമായി ബന്ധപ്പെട്ട സിപിഎമ്മിന്റെ രാഷ്ട്രീയ ഭാവുകത്വം. സത്രീ പ്രശ്‌നങ്ങളെ കുറിച്ച് പുരുഷന്മാര്‍ക്ക് കൂടി രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കിയാണ് ആ രാഷ്ട്രീയം വികസിപ്പിക്കുന്നത്. പുരുഷന്മാരെ കൂടി അതിന്റെ ഭാഗമാക്കുകയാണ് ചെയ്യുന്നത്. ദലിത് പ്രശ്‌നങ്ങളെ കുറിച്ച് ദലിതേതര വിഭാഗങ്ങളെ കൂടി രാഷ്ട്രീയമായി ഉണര്‍ത്തുകയാണ് ചെയ്യേണ്ടത്. അങ്ങനെ തന്നെയാണ് മുസ്‌ലിംകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും. മുസ്‌ലിം ക്വസ്റ്റ്യന്‍ അഡ്രസ് ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ നഷ്ടപ്പടുമോ എന്നതല്ല, എല്ലാ വിഭാഗം ജനങ്ങളെയും ആ ക്വസ്റ്റ്യന്‍ അഡ്രസ് ചെയ്യാന്‍ രാഷ്ട്രീയമായി പ്രാപ്തമാക്കുക എന്നതാണ് ഒരു പ്രസ്ഥാനത്തിന്റെ ധര്‍മം. അതിന്റെ നേര്‍ വിപരീത ദിശയിലാണ് സിപിഎം കേരളത്തില്‍ കഴിഞ്ഞ കുറച്ചു കാലമായി സഞ്ചരിച്ചത്. അതില്‍ നിന്ന് മാറി ചിന്തിക്കാന്‍ പാര്‍ട്ടിക്ക് ഇനിയും സാധിക്കുന്നില്ല എന്ന് വേണം കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് അന്വേഷണത്തിനെതിരെ പാര്‍ട്ടി നേതൃത്വത്തില്‍ കോഴിക്കോട് ഉയരുന്ന തെരുവ് പ്രക്ഷോഭങ്ങള്‍ കാണുമ്പോള്‍ മനസ്സിലാക്കാന്‍.

അതിനാല്‍ ഈ ഖൗമിലെ കുട്ടികളോട് സംസാരിക്കാന്‍ സിപിഎം ഇനിയും ഒരു ഭാഷ വികസിപ്പിക്കേണ്ടതുണ്ട്.

TAGS :