Quantcast
MediaOne Logo

ജനാധിപത്യവും മതേതരത്വവും ഭരണകൂടത്തില്‍ നിന്ന് സംരക്ഷിക്കുക

ഭരണഘടന ഒരു മൗലികാവകാശമായി ഇന്ത്യന്‍ പൗരന് തോന്നിതുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. സര്‍ക്കാരിനോട് നിരന്തരം ഭരണഘടന ബാധ്യതകളെ കുറിച്ച് ഓര്‍മപ്പെടുത്തേണ്ട ഒരു സമൂഹമായി നമ്മള്‍ മാറുന്നു എന്നത് ജനാധിപത്യത്തില്‍ ഗൗരവമായ ഒന്നാണ്.

ജനാധിപത്യവും മതേതരത്വവും ഭരണകൂടത്തില്‍ നിന്ന് സംരക്ഷിക്കുക
X
Listen to this Article

ഗ്യാന്‍വാപി പള്ളി മറ്റൊരു 'തര്‍ക്കഭൂമി' യായി മാറാനാണ് കൂടുതല്‍ സാധ്യത. കാരണം, സംഘ്പരിവാര്‍ രാഷ്ട്രീയത്തിന്റെ മേധാവിത്തം മാത്രമല്ല, ജനാധിപത്യ സംവിധാനത്തിന്റെ നിശബ്ദതയും വലിയതോതില്‍ സംഘ്പരിവാറിന് പിന്തുണ നല്‍കുന്നതാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അഭിപ്രായം പറയാന്‍ കഴിയാത്തവിധത്തില്‍ വര്‍ഗീയ ധ്രുവീകരണം നടക്കുന്നുണ്ട്, അത് കൊണ്ട് തന്നെ ബി.ജെ.പി ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ പള്ളി വിഷയത്തില്‍ നിശബ്ദത പാലിക്കും. കേരളത്തില്‍ ഇടതുപക്ഷംപോലും ഈ പ്രശ്‌നത്തെ സമീപിക്കുന്നതില്‍ വളരെയേറെ സൂക്ഷ്മത പാലിക്കുന്നുണ്ട്. മുസ്ലിം പള്ളികള്‍ എന്നാല്‍ മുസ്‌ലിംകള്‍ അധികാരം സ്ഥാപിക്കുന്ന ഇടം എന്നൊരു വലതുപക്ഷ നിരീക്ഷണം നമ്മുടെ പൊതു ബോധത്തിലേക്ക് കടന്നു വരുന്നുണ്ട്. മുഗള്‍ ചരിത്രത്തെ മുന്‍നിര്‍ത്തിക്കൊണ്ടാണ് സംഘ്പരിവാര്‍ രാഷ്ട്രീയം ഇത്തരം ഒരു രാഷ്ട്രീയ വീക്ഷണം രൂപപ്പെടുത്തിയെടുക്കുന്നത്. എന്നാല്‍, ബാബരി മസ്ജിദ് വിധിയോടെ മുസ്ലിം സമൂഹം സ്വീകരിച്ച നിസ്സംഗത സംഘ്പരിവാര്‍ വാദത്തെ നിരാകരിക്കുന്നതാണ്.


ന്യുനപക്ഷാവകാശത്തെകുറിച്ചുള്ള വികലമായ ഒരു നിരീക്ഷണത്തിന്റെ പിന്‍ബലത്തിലാണ് ഇത്തരമൊരു നിരീക്ഷണം തന്നെയുണ്ടാകുന്നത്. ഈ അടുത്തകാലം ഈ വീക്ഷണം ഒരു ഭരണകൂട വീക്ഷണമായി തോന്നിയിരുന്നില്ല. എന്നാല്‍, ഈയൊരു വീക്ഷണത്തിന് ഇന്ന് മാറ്റം ഉണ്ടാകുന്നു. സര്‍ക്കാര്‍ നേരിട്ട് ഇത്തരം ആശയങ്ങള്‍ പ്രചരിപ്പിക്കുന്നില്ല എന്ന് ഒരു വാദത്തിന് വേണമെങ്കില്‍ നമുക്ക് അംഗീകരിക്കാം. എന്നാല്‍, ഇത്തരം ആശയപ്രചാരണത്തെ പ്രതിരോധിക്കണം എന്ന് നമ്മുടെ ഭരണകൂടങ്ങള്‍ക്ക് തോന്നുന്നില്ല എന്നിടത്താണ് ഈ പ്രശ്‌നത്തിന്റെ ജനാധിപത്യ പ്രതിസന്ധി. ആരാധനാലയങ്ങള്‍ അധികാര കേന്ദ്രങ്ങള്‍ ആയി തീരുന്ന ഒരു സാഹചര്യം ഒരു ജനാധിപത്യ സംവിധാത്തിത്തില്‍ രൂപപ്പെടുക സ്വാഭികമായും ബുദ്ധിമുട്ടാണ്, എന്നാല്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ ഈ കാഴ്ചപ്പാടിന് ഒരു മറുവശം കൂടിയുണ്ട്. ഇന്ത്യന്‍ സാഹചര്യത്തില്‍ മതം കേവലം വ്യക്തിപരമായി ഇടത്തില്‍ മാത്രമല്ല നിലനില്‍ക്കുന്നത് പകരം നമ്മുടെ സാമൂഹിക ജീവിതത്തിലും മതം നിര്‍ണായാകമായ പങ്ക് വഹിക്കുന്നുണ്ട്. നമ്മുടെ പൗരബോധത്തെ അപരവല്‍കരിക്കാന്‍ കഴിയാത്തവിധമായിരുന്നു ദീര്‍ഘകാലം മതം പൊതുജീവിതത്തില്‍ ഇടപെട്ടിരുന്നത്. എന്നാല്‍, അതാത് മതസമൂഹത്തില്‍ നിലനിന്നിരുന്ന അധികാരത്തെ രാഷ്ട്രീയ അധികാരമാക്കി തീര്‍ക്കുന്ന പ്രവണതക്ക് കിട്ടിയ രാഷ്ട്രീയ പ്രാധാന്യം ഫലത്തില്‍ അധികാര രാഷ്ട്രീയമെന്നാല്‍ മതധ്രുവീകരണമായി പരിണമിക്കപ്പെടുന്നു. മതധ്രുവീകരണത്തിലൂടെ അധികാരം പിടിച്ചെടുക്കാന്‍ കഴിയും എന്നും അതുവഴി ജനാധിപത്യത്തെതന്നെ സങ്കുചിതമാക്കും എന്ന തിരിച്ചറിവ് നമ്മുടെ സംവിധാനത്തില്‍ വലിയ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതാണ്.

ധ്രുവീകരണ രാഷ്ട്രീയമാണ് അയോദ്ധ്യയില്‍ തുടങ്ങി ഗ്യാന്‍വാപിയില്‍ എത്തിനില്‍ക്കുന്നത്. ഇതൊരു തുടക്കമായിവേണം കാണേണ്ടത്. കാരണം, അയോദ്ധ്യ വിധിയോടെ ഇന്ത്യയില്‍ ഇത്തരം കേസുകളില്‍ വിധികല്‍പിക്കുന്നതിന് തെളിവുകളേക്കാള്‍ പ്രാധ്യാനം വര്‍ത്തമാനകാലത്തെ സാമൂഹിക-രാഷ്ട്രീയ സാഹചര്യമാണ് പ്രാധ്യാനം എന്ന കാഴ്ചപ്പാട് ആരാധനകേന്ദ്ര അടിസ്ഥാനമാക്കിയ പുതിയ രാഷ്ട്രീയത്തിന് പിന്‍ബലം നല്‍കുന്നതാണ്. ഗ്യാന്‍വാപി പള്ളിയില്‍ പരിശോധന നടത്താനും, മധുര പള്ളിയെ കുറിച്ചുള്ള പരാതിയില്‍ അന്വേഷണം നടത്താനുമുള്ള നിയമ പിന്തുണ കിട്ടുന്നത് അയോദ്ധ്യ വിധി നല്‍കിയ വലിയ സ്വാധീനമാണ്.


കോടതിയില്‍ അസ്തിത്വം ചോദ്യം ചെയ്യപ്പെടുന്ന എല്ലാ മുസ്ലിം പള്ളികളും ഒരു തരത്തില്‍ മുഗള്‍ കാലവുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ട് തന്നെ വലതുപക്ഷ രാഷ്ട്രീയത്തിന് ശക്തി നല്‍കുന്നതും കൂടിയാണ്. ഇന്ത്യന്‍ ഭൂതകാലത്തെ കുറിച്ചുള്ള പുത്തന്‍ ചരിത്ര വായനയില്‍ മുഗള്‍ കാലത്തെ അടിമത്തത്തിന്റെ കാലമായി കണക്കാക്കുന്നതും അതോടൊപ്പം മുസ്ലിം തീവ്രവാദത്തെ കുറിച്ചുള്ള എല്ലാ വലതുപക്ഷ വിശകലനങ്ങളും മുഗള്‍ അധികാരവുമായി ബന്ധപ്പെടുത്തി വായിക്കുന്നതുമായ രീതി ഈ പ്രതിസന്ധിയെ ഗൗരവമാക്കി തീര്‍ക്കുന്നു. അതുകൊണ്ട് തന്നെ ഇന്ത്യയിലെ ഭരണകൂട രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ വിഷയത്തില്‍ മൗനം പാലിക്കും. ഇതൊരു സാമൂഹിക പ്രശനം കൂടിയാണ്. കാരണം, ചരിത്രവും മിത്തും പരസ്പരം ഇഴചേര്‍ന്നതാണ് വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയം. അതുകൊണ്ട് തന്നെ നിയമ സംവിധാനങ്ങള്‍ക്ക് മിത്തുകളെയും 'പൊതു ബോധത്തെയും' മുന്‍നിര്‍ത്തി വിധിപറയുന്നതിന് തടസ്സങ്ങള്‍ ഇല്ല. മൗലികമായ പ്രശ്‌നം ഇത്തരം വിധികളും നിരീക്ഷണങ്ങളും ഭരണഘടനയെ ദുര്‍ബലപെടുത്താനേ ഉപകരിക്കൂ എന്നതാണ്. ഭരണഘടന ഒരു മൗലികാവകാശമായി ഇന്ത്യന്‍ പൗരന് തോന്നിതുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. അതിനര്‍ഥം ഭരണഘടന നമുക്ക് അന്യമായി ഒന്നായിരുന്നില്ല എന്നല്ല, പകരം ഭരണഘടനയെ ചേര്‍ത്ത് പിടിക്കേണ്ട ആവശ്യത്തിലേക്ക് സമൂഹം എത്തിനില്‍ക്കിന്നു എന്നതാണ് വസ്തുത. സര്‍ക്കാരിനോട് നിരന്തരം ഭരണഘടന ബാധ്യതകളെ കുറിച്ച് ഓര്‍മപ്പെടുത്തേണ്ട ഒരു സമൂഹമായി നമ്മള്‍ മാറുന്നു എന്നത് ജനാധിപത്യത്തില്‍ ഗൗരവമായ ഒന്നാണ്.


വൈരുധ്യങ്ങളെ ജനാധിപത്യത്തിന്റെ സ്വാഭാവമായി കാണുന്നതിന് പകരം അധികാര കേന്ദ്രീകരണത്തിന് തടസ്സമായി കാണുന്നതാണ് പുതിയ കാലത്തെ പ്രവണത. ജനാധിപത്യ വിരുദ്ധമായ ഒരു രാഷ്ട്രീയത്തിന് മാത്രമാണ് ഇതുകൊണ്ട് പ്രയോജനമുള്ളു. ഇത്തരം അധികാര ബന്ധങ്ങള്‍ നിലനിര്‍ത്തുക എന്നത് ആയാസരഹിതമായ ഒന്നല്ല. സമൂഹത്തില്‍ അസ്ഥിരത സൃഷ്ട്ടിച്ചുകൊണ്ട് മാത്രമേ ഇത്തരം രാഷ്ട്രീയത്തിന് നിലനില്‍പ്പുള്ളു. അഥവാ, അസ്ഥിരമായ ഒരു സാമൂഹിക അന്തരീക്ഷത്തില്‍ മാത്രമേ ഇത്തരം രാഷ്ട്രീയത്തിന് നിലനില്‍പ്പുള്ളൂ. കേവലം അധികാരത്തിനപ്പുറം ജനാധിപത്യത്തിന് മുകളില്‍ അപരവത്കരണത്തേയും സവര്‍ണാധികാരത്തേയും പ്രതിഷ്ഠിക്കുക എന്നതാണ് ഇതുമൂലം ഉണ്ടാകുന്ന രാഷ്ട്രീയ നേട്ടം. ഇതുണ്ടാക്കുന്ന നേട്ടം ബി.ജെ.പിക്ക് മാത്രമല്ല, നേരിട്ടും അല്ലാതെയും ഇന്ത്യ മഹാരാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ കൂടി ഈ അധികാര ബന്ധത്തിന്റെ ഗുണഭോക്താക്കളാണ്. ആഴത്തില്‍ വേരൂന്നാന്‍ കഴിവുള്ളതാണ് ഇത്തരം അധികാര ബന്ധങ്ങള്‍. അതുകൊണ്ട് തന്നെ ഈ അധികാര ബന്ധത്തിന് കീഴില്‍ വരുന്ന നമ്മുടെ നിയമ സംവിധാനങ്ങളും ബ്യുറോക്രസിയും ഒക്കെ സ്വതന്ത്രമാണ് എന്ന് കരുതാന്‍ കഴിയില്ല.


ഭരണകൂടമാണ് ശരി എന്ന് വിശ്വസിക്കുന്ന ഒരു സമൂഹതോട് മാത്രമാണ് ഇന്ന് സര്‍ക്കാര്‍'സംവദിക്കുന്നത്, അതുകൊണ്ടാണ് തങ്ങളുടെതല്ല എന്ന് കരുതുന്ന എല്ലാത്തിനോടും വെറുപ്പും, അതെല്ലാം തന്നെ ഭൂരിപക്ഷ/ ഭരണകൂട വിരുദ്ധമാണ് എന്ന തോന്നല്‍ ഉണ്ടാകുന്നതും. കോടതില്‍ ഈ വിഷയത്തില്‍ കൂടുതല്‍ ഇടപെടലുകള്‍ക്ക് തയ്യറാവുന്ന ഒരു കാലംകൂടിയാണ് വരാന്‍ പോകുന്നത്. ജനാധിപത്യവും മതേതരത്വവും ഭരണകൂടത്തില്‍ നിന്നും സംരക്ഷിക്കുക എന്ന വൈരുധ്യത്തിലേക്കാണ് നമ്മള്‍ നീങ്ങികൊണ്ടിരിക്കുന്നത്.

TAGS :