Quantcast
MediaOne Logo

ഡോ. ഷൂബ കെ.എസ്‌

Published: 27 Sep 2022 11:18 AM GMT

സാഹിത്യം എന്ന രാഷ്ട്രീയ നിര്‍മിതി - കേസരിയുടെ വിമര്‍ശനങ്ങള്‍

ഭൂതകാലത്താലും സമൂഹ-വൈയക്തിക കര്‍തൃത്വത്താലും ഒരു പോലെ നിര്‍ണ്ണയിക്കപ്പെടുന്നതാണ് കേസരിയ്ക്ക് സംസ്‌കാരവും ചരിത്രവും. കേസരിയുടെ ആദ്യ മാസികയായ 'പ്രബോധകന്‍' നിരോധിക്കപ്പെടുന്നത് ഈ വിമര്‍ശന ബോധം നിമിത്തമാണ്. ദിവാനെ വിമര്‍ശിക്കുന്നതിനെ തുടര്‍ന്ന് നിരോധിക്കപ്പെടുകയാണുണ്ടായത്. വട്ടമേശ സമ്മേളനത്തില്‍ പങ്കെടുക്കാത്ത ദിവാന്റെ നടപടി ഒരേസമയം രാജദ്രോഹവും രാജ്യദ്രോഹവുമാണെന്ന വിമര്‍ശന നിലപാടായിരുന്നു മാസികാ നിരോധനത്തില്‍ കൊണ്ടെത്തിച്ചത്.

സാഹിത്യം എന്ന രാഷ്ട്രീയ നിര്‍മിതി - കേസരിയുടെ വിമര്‍ശനങ്ങള്‍
X
Listen to this Article

മലയാളത്തില്‍ ഏറ്റവുമധികം ചരിത്ര ബോധവും രാഷ്ട്രീയ ബോധവും പ്രകടിപ്പിച്ച എഴുത്തുകാരിലൊരാളാണ് കേസരി എ. ബാലകൃഷ്ണപിള്ള. അദ്ദേഹത്തിന്റെ 'കേരള കലയും ഫ്യൂചറിസവും' എന്ന ലേഖനം പ്രധാനമായും ഇവിടെ ചര്‍ച്ച ചെയ്യുന്നത്. വരാനുള്ള സാഹിത്യം എങ്ങനെയായിരിക്കണം എന്നതിനെ കുറിച്ചാണ് ഇത് സംസാരിക്കുന്നത്. ഇന്ന് നോക്കുമ്പോള്‍ ഏതാണ്ട് അദ്ദേഹം പറഞ്ഞ പോലെ ആയിത്തീരുകയും ചെയ്തു. അതു കൊണ്ടാണ് അദ്ദേഹത്തെ പ്രവാചകന്‍ എന്നു വിളിക്കുന്നത്. അദ്ദേഹത്തിന്റെ ചരിത്ര ബോധമാണ് ഇതിന് നിദാനമാവുന്നത്. വര്‍ത്തമാന കാലത്തെ ശരിയായി അറിയാന്‍ സാധിക്കുന്നവര്‍ക്ക് ഭൂതത്തെയും ഭാവിയേയും കൂടി അറിയാന്‍ സാധിക്കുന്നു. ഇതാണ് ചരിത്രബോധം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. 'കണ്ടുവോ മുന്നോട്ടൊരാള്‍ ഇതുവഴി കടന്നുപോയി, രണ്ടു കാല്‍ ചുവടങ്ങോര്‍ നീട്ടി വച്ചിരിക്കണം' എന്നാണ് വയലാര്‍ അദ്ദേഹത്തെക്കുറിച്ച് പറയുന്നത്.

ചാക്രികമായ ചരിത്ര സങ്കല്പം

സവിശേഷമായ ഒരു ചരിത്ര രീതിശാസ്ത്രം കേസരി രൂപീകരിച്ചിട്ടുണ്ട്. കല്‍പഗണിതം എന്നു പറയുന്ന തരം ഗണിത സമ്പ്രദായമാണ് കേസരി സ്വീകരിച്ചത്. ബാബിലോണിയരുടെ ഗണിതശാസ്ത്ര സമ്പ്രദായമാണിത്. മധ്യേഷ്യയില്‍ പൊതുവേ അംഗീകരിച്ചിരുന്ന ഗണിത സമ്പ്രദായമാണിത്. കാലത്തെ അടയാളപ്പെടുത്തുന്ന ഒരു മാര്‍ഗമാണിത്. പ്രധാനമായും അദ്ദേഹം ഇതിനായി ആശ്രയിക്കുന്നത് മിത്തുകളെയാണ്. ബ്രഹ്മാവിന്റെ ഒരു പകല്‍ ആയിരം വര്‍ഷങ്ങളാണ്. അതിനെ കല്‍പം എന്നാണ് വിശേഷിപ്പിക്കുന്നത്. സംസ്‌കാരങ്ങളുടെ പതനവും തുടര്‍ന്ന് രൂപപ്പെടുന്ന പുതിയ സംസ്‌കാരങ്ങളുമാണ് ഇതിനാല്‍ സൂചിപ്പിക്കപ്പെടുന്നത്. പുതിയ സംസ്‌കാരത്തില്‍ പഴയത് ഒരു പ്രത്യേക രൂപത്തില്‍ ആവര്‍ത്തിക്കുന്നു. ചാക്രികമായ ചരിത്രത്തിന്റെ ഘടനയെ കേസരി മനസ്സിലാക്കിയിരുന്നു. ഇതുപ്രകാരം മിത്തുകള്‍ സംസ്‌കാരത്തിന്റെ അടയാളങ്ങളാണ്. ചിരംജീവി സിദ്ധാന്തത്തെയടക്കം അദ്ദേഹം വ്യാഖ്യാനിക്കുന്നത് ഈ നിലയിലാണ്. ഫ്രോയ്ഡ് പറയുന്നത് മനുഷ്യന് ജീവവാസനയും മരണ വാസനയും ഒരുപോലെയുണ്ടെന്നാണ്. ഇത് സംസ്‌കാരങ്ങളുടെ കാര്യത്തിലും സമാനമാണ്. പ്രളയം എന്നത് മരണത്തിന്റെയും അവതാര-ചിരംജിവി സങ്കല്‍പങ്ങള്‍ അതിജീവനത്തിന്റെയും ബിംബങ്ങളാണ്. പരശുരാമന്‍ തന്റെ പിതാവായ ശിവനെ ചിരംജീവിയായി പ്രഖ്യാപിക്കുന്നതും ഈജിപ്തിലെ പിരമിഡുകളും ഇതിന് ഉദാഹരണമാണ്. ഇങ്ങനെ സംസ്‌കാരമെന്നത് മരിക്കുകയും ജീവിക്കുകയും ചെയ്യുന്ന വിച്ഛേദങ്ങളും കൂടിച്ചേരലുകളുമുള്ള ഒരു പ്രക്രിയയായി കേസരി കാണുന്നു എന്നു വേണം മനസിലാക്കാന്‍. എന്റെ ചരിത്ര പഠനങ്ങള്‍ ഒരു മുത്തശ്ശിക്കഥ പോലെ തോന്നുമെങ്കിലും വാസ്തവത്തില്‍ അതില്‍ മറ്റുപല തലങ്ങളുമുണ്ടെന്ന് കേസരി തന്നെ പറയുന്നു. നിങ്ങള്‍ ഉണക്ക ശാസ്ത്രം എന്നു തന്റെ പഠനങ്ങളെക്കുറിച്ചു പറയുമായിരിക്കും. എന്നാല്‍, ഇതില്‍ കുറച്ചു പച്ച സാധനം ഉണ്ട് എന്ന് ഷഷ്ഠിപൂര്‍ത്തി പ്രസംഗത്തില്‍ അദ്ദേഹം സ്വയം കൂട്ടിച്ചേര്‍ക്കുന്നു.


പലപ്പോഴും അദ്ദേഹത്തിന്റെ നിലപാടുകളെ വിചിത്രമായി ആളുകള്‍ക്ക് തോന്നാം. ഉദാഹരണമായി ശിവനെക്കുറിച്ചു പറയുന്നത്: ' കലപ്പ, എണ്ണയാട്ടല്‍, കപ്പല്‍ നിര്‍മാണം, തുറമുഖ നിര്‍മാണം, വൈദ്യശാസ്ത്രം, ഓടക്കുഴല്‍, കവിതയെഴുത്ത് എന്നിവ ആദ്യമായി ജനങ്ങളെ പഠിപ്പിച്ചത് ശിവനാണ്. എബ്രായക്കാരുടെ ആദി ക്രിസ്തുവായ ശിവന്‍ സ്ഥാപിച്ച മതത്തിന് സപ്തര്‍ഷി എന്ന തന്റെ പേരില്‍ നിന്നും ആര്‍ഷമതം എന്നും ആദി ക്രിസ്തു എന്നതില്‍ നിന്നും ക്രിസ്തുമതം എന്നും അനസ് എന്ന പൂര്‍വ്വ ഇസ്‌ലാം അറബികള്‍ നല്കിയ പദത്തില്‍ നിന്നും അനീ ഫി അല്ലെങ്കില്‍ ഹനീഫി മതമെന്നും പേരുകള്‍ ലഭിച്ചു... കലപ്പ ആദ്യമായി കണ്ടു പിടിച്ചത് നിമിത്തമാണ് ശിവന് ഫല്‍ഗുനന്‍ എന്ന പേര് ലഭിച്ചത്. ശിവന് ഭഗന്‍ എന്നും സിതോണ്‍ എന്നും ഫിനീഷ്യന്‍ ചരിത്രകാരന്‍ പേരിട്ടിട്ടുണ്ട്. ധാന്യം കൃഷി ചെയ്യുന്നതിന് മനുഷ്യന്‍ ആദ്യം പഠിപ്പിച്ച ദേവന്‍ ഭഗന്‍ ആണെന്ന് അദ്ദേഹം പറയുന്നു. ഈ ധാന്യം ഗോതമ്പ് ആണ്.... 'ഇങ്ങനെ പോണ ഒരു രീതിയാണ് കേസരി പിന്‍തുടരുന്നത്. അതു പോലെ പെരുന്തച്ചന്‍ തന്നെയാണ് ക്‌നായിതൊമ്മന്‍ എന്ന് സ്ഥാപിക്കുന്ന സന്ദര്‍ഭം. പല ചരിത്ര ഘട്ടങ്ങളിലും പല സംസ്‌കാരങ്ങളിലും ചെന്നു തൊടുന്ന രീതിയാണ് അദ്ദേഹം സ്വീകരിക്കുന്നത്.

സമൂഹത്തിലെ തിന്മകളേയും ദുഃഖങ്ങളേയും വഹിക്കുന്ന ആളുകളാണെന്ന നിലയില്‍ 'വിഷം തീനികള്‍' എന്നാണ് കേസരി താനടക്കമുള്ള എഴുത്തുകാരെ വിശേഷിപ്പിക്കുന്നത്. മുന്‍പേ ഉണരുന്നവര്‍ എന്ന നിലയില്‍ പൂവന്‍കോഴികള്‍ എന്ന വിശേഷണവും എഴുത്തുകാര്‍ക്ക് അദ്ദേഹത്തിന്റേതായുണ്ട്.

സാംസ്‌കാരികമായ പരിവര്‍ത്തനത്തിലും സമന്വയത്തിലും അധിഷ്ഠിതമായ ഒരു ജീവിത വീക്ഷണം ജനങ്ങളിലേത്തിക്കുക എന്നതാണ് അദ്ദേഹം ഇതുകൊണ്ടുദ്ദേശിക്കുന്നത്. എന്റെ മുത്തശ്ശിക്കഥാ പ്രേമം ഏഷ്യയിലെ പല മതക്കാരുടെയും പല നരവംശക്കാരുടെയും ഇടയില്‍ സൗഹൃദം വളര്‍ത്തുന്നതാണെന്ന് അദ്ദേഹം സ്വയം വിലയിരുത്തുന്നു. ഏഷ്യയിലെ ഓരോരുത്തരുടെയും സ്വന്തം സംസ്‌കാരത്തെക്കുറിച്ചുള്ള ശ്രേഷ്ഠതാബോധവും കിടമത്സരവും ഇതിലൂടെ നാശോന്മുഖമാവും എന്നും കേസരി കൂട്ടിച്ചേര്‍ക്കുന്നു. ചരിത്രാതീത കാലത്തേക്കുള്ള തന്റെ ബൗദ്ധിക സഞ്ചാരം ഇന്നിന്റെയും നാളെയുടെയും സൗഹാര്‍ദത്തിനായാണെന്നും അദ്ദേഹം തുടര്‍ന്നു പറയുന്നു. മാര്‍ക്‌സ് ചരിത്രത്തിന്റെ നിയമങ്ങള്‍ കണ്ടെത്തുന്നതു പോലെയാണ് കേസരി സംസ്‌കാരത്തിന്റെ നിയമങ്ങള്‍ കണ്ടെത്തുന്നതും. ചരിത്രം ഋജുവായ ഒന്നല്ലെന്നും വട്ടം ചുറ്റുകയും മുന്നോട്ട് പോവുകയും ചെയ്യുന്ന ഒന്നാണെന്നും എം.എന്‍ വിജയന്‍ കേസരിയുടെ രചനകളെ മുന്‍നിര്‍ത്തി അഭിപ്രായപ്പെടുന്നുണ്ട്. സ്‌ക്രൂ സദൃശമായ ചാക്രിക വീക്ഷണമാണ് കേസരിയുടെ ചരിത്ര വീക്ഷണമെന്ന് എം.എന്‍ വിജയന്‍ പറഞ്ഞു. ഇന്നുള്ളത് പലരൂപത്തില്‍ മുന്‍പുണ്ടായിരുന്നെന്നും ഇന്നത്തേത് വീണ്ടും ആവര്‍ത്തിക്കപ്പെടുമെന്നും അദ്ദേഹം പറയുന്നു. ആത്മീയതയ്ക്ക് പ്രാമുഖ്യമുള്ള സന്ദര്‍ഭങ്ങളും ഭൗതികതയ്ക്ക് പ്രാമുഖ്യമുള്ള സന്ദര്‍ഭങ്ങളും ഉണ്ടാകാം. ഭൗതികവും ആത്മീയവുമായ ധ്രുവങ്ങള്‍ ഒരു പോലെ പരിവര്‍ത്തിപ്പിക്കപ്പെടുന്ന ചരിത്ര സന്ദര്‍ഭങ്ങളും ഉണ്ടാകാം. പ്രവൃത്തിയുടേയും നിവൃത്തിയുടേയും മാര്‍ഗം ചരിത്രത്തിനുണ്ടെന്നു അദ്ദേഹം കരുതി. തന്റെ കാലം പ്രവൃത്തിയുടെ കാലമാണെന്ന ഉത്തമ ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. ഭൗതികം-ആത്മീയം എന്നീ ധ്രുവങ്ങളെ ഒരു പോലെ പരിവര്‍ത്തിപ്പിക്കുന്ന പ്രവൃത്തിയുടെ മാര്‍ഗം അവതരിപ്പിക്കുകയാണ് കേസരി ചെയ്തത്. കേവല ഭൗതികതയിലും ആത്മീയതയിലും നിവൃത്തിയുടെ മാര്‍ഗമാണുള്ളത്. എന്നാല്‍, അത്തരം സംസ്‌കാര സന്ദര്‍ഭങ്ങളെ മറികടക്കുന്ന ചരിത്ര സന്ദര്‍ഭങ്ങള്‍ ഉണ്ട്.

കാലവും കര്‍തൃത്വവും

'കേസരി' എന്ന മാസിക ആരംഭിക്കുമ്പോള്‍ അതിലെ മുഖപ്രസംഗത്തിന്റെ തലക്കെട്ട് 'മുഹൂര്‍ത്തവും ആളും' എന്നാണ്. ഒരു വ്യക്തിയുടെ ജീവിതത്തില്‍ എന്നതുപോലെ ജനതയുടെ ജീവിതത്തിലും ഭാവിയെ പാടേ രൂപപ്പെടുത്തുന്ന അതിപ്രധാനമായ ഒരു മുഹൂര്‍ത്തം കാണാവുന്നതാണെന്നും ഈ വേളയിലുള്ള പ്രവൃത്തിയനുസരിച്ചായിരിക്കും ഒരു വ്യക്തിയോ ജനതയോ കെടുകയോ നന്നാവുകയോ ചെയ്യുന്നതെന്നുമാണ് ഇതില്‍ പറയുന്നത്. ഒരേ സമയം വ്യക്തിക്കും സമൂഹത്തിനും പ്രാധാന്യം നല്‍കുന്ന ഒരു നിലപാടാണിത്. അദ്ദേഹത്തിന്റെ മാധ്യമപ്രവര്‍ത്തനത്തിന്റെ തന്നെ ആധാരം ഈ ധാരണയാണ്. മറ്റുള്ളവരെപ്പോലെ തന്നെ എഴുത്തുകാരനും ഭാവിയുടെ നിര്‍മാണത്തില്‍ ഇടപെടാന്‍ കഴിയും എന്ന് അദ്ദേഹം കരുതി. സമൂഹത്തിലെ തിന്മകളേയും ദുഃഖങ്ങളേയും വഹിക്കുന്ന ആളുകളാണെന്ന നിലയില്‍ 'വിഷം തീനികള്‍' എന്നാണ് കേസരി താനടക്കമുള്ള എഴുത്തുകാരെ വിശേഷിപ്പിക്കുന്നത്. മുന്‍പേ ഉണരുന്നവര്‍ എന്ന നിലയില്‍ പൂവന്‍കോഴികള്‍ എന്ന വിശേഷണവും എഴുത്തുകാര്‍ക്ക് അദ്ദേഹത്തിന്റേതായുണ്ട്. ചരിത്രത്തെ ഖണ്ഡങ്ങളാക്കി മാറ്റുന്ന നവ ചരിത്രവാദത്തിന്റെ രീതിശാസ്ത്രത്തില്‍ നിന്നും വ്യത്യസ്തമാണ് കേസരിയുടെ സ്‌പൈറല്‍ ഘടനയുള്ള ചരിത്ര വീക്ഷണം. പ്രത്യേക ജ്ഞാനമണ്ഡലത്തിലോ വ്യവഹാര മണ്ഡലത്തിലോ മാത്രം അര്‍ഥം നിര്‍മിക്കപ്പെടുന്ന സാംസ്‌കാരിക സൂചകങ്ങളെക്കുറിച്ചുള്ള സങ്കല്പമല്ല ഇവിടെ. ഭൂതകാലത്താലും സമൂഹ-വൈയക്തിക കര്‍തൃത്വത്താലും ഒരു പോലെ നിര്‍ണ്ണയിക്കപ്പെടുന്നതാണ് കേസരിയ്ക്ക് സംസ്‌കാരവും ചരിത്രവും. കേസരിയുടെ ആദ്യ മാസികയായ 'പ്രബോധകന്‍' നിരോധിക്കപ്പെടുന്നത് ഈ വിമര്‍ശന ബോധം നിമിത്തമാണ്. ദിവാനെ വിമര്‍ശിക്കുന്നതിനെ തുടര്‍ന്ന് നിരോധിക്കപ്പെടുകയാണുണ്ടായത്. വട്ടമേശ സമ്മേളനത്തില്‍ പങ്കെടുക്കാത്ത ദിവാന്റെ നടപടി ഒരേസമയം രാജദ്രോഹവും രാജ്യദ്രോഹവുമാണെന്ന വിമര്‍ശന നിലപാടായിരുന്നു മാസികാ നിരോധനത്തില്‍ കൊണ്ടെത്തിച്ചത്. പിന്നീടാണ് 'കേസരി' മാസികയുടെ പിറവി. ചിത്തിര തിരുനാള്‍ അധികാരമേറ്റെടുക്കുന്ന സമയത്ത് അദ്ദേഹം പറഞ്ഞത് നിങ്ങള്‍ക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം ഉത്തരവാദഭരണമേല്പിക്കുക എന്നതാണ്. നല്ല രാജാവാകണമെന്ന അഭ്യര്‍ഥനയല്ല മുന്നോട്ടുവയ്ക്കുന്നത്. രാജവാഴ്ച എന്ന അധികാര വ്യവസ്ഥയെത്തന്നെയാണ് എതിര്‍ക്കുന്നത്. വ്യവസ്ഥയാണ് സമൂഹത്തെ നിര്‍മിക്കുന്നതെന്നും അതുകൊണ്ടു പുതിയ വ്യവസ്ഥ എങ്ങനെയിരിക്കണം പുതിയമനുഷ്യനും പുതിയസാഹിത്യവും എങ്ങനെയാകണം എന്നാണ് അദ്ദേഹം ചിന്തിച്ചത്. ഇവിടെ ചര്‍ച്ച ചെയ്യുന്ന ലേഖനമൊക്കെ ഈ പശ്ചാത്തലത്തിലാണ് വരുന്നത്.


കലയും രാഷ്ട്രീയവും

'കേരള കലയും ഫ്യൂചറിസവും' എന്ന ലേഖനത്തില്‍ അദ്ദേഹം പ്രധാനമായും പറയുന്നത് ഫ്യൂച്ചറിസ്റ്റ് പ്രസ്ഥാനത്തിന്റെ ചില അംശങ്ങള്‍ കേരളീയര്‍ സ്വീകരിക്കേണ്ടതാണ് എന്നാണ്. ഫ്യൂച്ചറിസത്തിന്റെ ഒരു പ്രധാന സവിശേഷത അത് ഭൂതകാലത്തെ നിരസിക്കുകയായിരുന്നു എന്നതാണ്. അതിനായി ഭാരതീയരുടെ സാംസ്‌കാരിക സ്വത്വത്തെ അന്വേഷിക്കുകയാണ് ലേഖനത്തിന്റെ ആദ്യഭാഗത്ത് ചെയ്യുന്നത്. രാഷ്ട്രീയത്തിലൊഴികെ മറ്റെല്ലാത്തിലും ആധ്യാത്മികമായ അസ്തിത്വം മുന്നിട്ടു നില്‍ക്കുന്ന ഒരിടമാണ് ഇന്ത്യ. ഗാന്ധിയുടെ വരവോടെ രാഷ്ട്രീയത്തിലും ആധ്യാത്മികത കടന്നുകൂടി. അത് സ്വാഭാവികമായും പരാജയപ്പെടുകയും കോണ്‍ഗ്രസില്‍ സോഷ്യലിസ്റ്റുകള്‍ പ്രാമുഖ്യം നേടുകയും ചെയ്തു. ഇന്ത്യ-പാകിസ്ഥാന്‍ വിഭജനമൊക്കെ രാഷ്ട്രീയത്തില്‍ ആത്മീയത പ്രവേശിച്ചതിന്റെ ഫലമായി കാണാം. ആധ്യാത്മിക നിലപാടുകള്‍ മൂലമുണ്ടായ ശോഷണം ഭൗതികവാദപരമായ കുത്തിവയ്പുകള്‍ കൊണ്ട് പരിഹരിക്കാനാകുമെന്നതാണ് അദ്ദേഹത്തിന്റെ വീക്ഷണം. രാഷ്ട്രീയത്തില്‍ സോഷ്യലിസ്റ്റുകള്‍ക്ക് മുന്നേറ്റമുണ്ടായെങ്കിലും ആ നിലയിലുള്ള സാഹിത്യം മേല്‍ക്കൈ നേടിയിട്ടില്ലെന്നും അങ്ങനെയുണ്ടാകുമ്പോഴാണ് സാംസ്‌കാരികമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതെന്നും കേസരി പറയുന്നു. യാഥാര്‍ഥ്യങ്ങളെ അഭിമുഖീകരിക്കാനുള്ള വൈമനസ്യം, വര്‍ത്തമാനകാലത്തെ അവഗണിക്കുന്ന ഭൂതകാല മാഹാത്മ്യ ബോധം, പ്രവൃത്തിയോടുള്ള വിപ്രതിപത്തി, അര്‍ഥരഹിതമായ ആദര്‍ശ ഭ്രാന്ത്, വര്‍ത്തമാന കാലത്തോടുള്ള പുച്ഛം തുടങ്ങിയവ ആധ്യാത്മികതയുടെ ആധിക്യത്താല്‍ സമൂഹത്തിലുണ്ടെന്നും ഇത് ഭാരതീയ സുന്ദരകലകളേയും ബാധിച്ചിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഈ പ്രശ്‌നത്തെ പരിഹരിക്കാന്‍ എന്തു ചെയ്യാം എന്നാണ് കേസരിയുടെ അന്വേഷണം. രാഷ്ടീയത്തിന് കലകളുമായുള്ള ബന്ധം തീര്‍ച്ചയായും കേസരി മനസ്സിലാക്കിയിരുന്നു.

സോഷ്യലിസ്റ്റുകളുടെ നവീനമായ ശാസ്ത്രബോധവും മറ്റും നമ്മുടെ രാഷ്ട്രീയ-സാമ്പത്തിക ബന്ധങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. പക്ഷേ, ഇവര്‍ കലാപ്രസ്ഥാനം ഉണ്ടാക്കിയിട്ടില്ല. അത്തരത്തിലുള്ള ഒരു സംഘം ഉണ്ടാവേണ്ടതുണ്ട് എന്നും ലേഖനം പറയുന്നു. 1937 ലെ ജീവല്‍സാഹിത്യ പ്രസ്ഥാനത്തിനും മുന്‍പാണ് കേസരി ഇത് പറയുന്നത്. പാശ്ചാത്യ ബൗദ്ധികതയില്‍ ഇരുപത്തഞ്ച് വര്‍ഷം മുന്‍പുതന്നെ ഉടലെടുത്ത ഫ്യൂച്ചറിസത്തിലെ അംശങ്ങള്‍ സ്വീകരിച്ചുകൊണ്ട് അതിനോട് സാദൃശ്യമുള്ള ഒരു സാഹിത്യ സമ്പ്രദായം ഉണ്ടാകേണ്ടതുണ്ട് എന്നും അദ്ദേഹം പറയുന്നു. ഫ്യൂച്ചറിസത്തെ ആകമാനമായി സ്വീകരിക്കേണ്ടതുണ്ട് എന്ന അര്‍ഥം ഇതിനില്ല. അവിടെ റിയലിസത്തിനുമെതിരായാണ് ഫ്യൂച്ചറിസം ഉണ്ടാകുന്നത്. ഇവിടെയാകട്ടെ റിയലിസം തന്നെ ഉണ്ടായിട്ടില്ല. അതായത് ഫ്യൂച്ചറിസത്തെ അപ്പാടെ സ്വീകരിക്കാനല്ല ഇവിടെ പറയുന്നത്. കേസരിയെ വടക്കുംകൂറിനെപ്പോലുള്ള പ്രസ്ഥാനനിരൂപകനായി ആണ് അഴീക്കോട് വിലയിരുത്തുന്നത്. പ്രസ്ഥാനത്തെ യാന്ത്രികമായല്ലാതെ രാഷ്ട്രീയമായും ജൈവികമായും സമീപിച്ചയാളാണ് കേസരി എന്നു വ്യക്തമാണല്ലോ.

ഫ്യൂച്ചറിസവും ആഖ്യാനത്തിലെ നവീനത്വവും

മാറ്റര്‍ എനര്‍ജിയാണെന്ന ശാസ്ത്ര തത്വം ഫ്യൂച്ചറിസത്തിന്റെ സവിശേഷതയായി കേസരി പറയുന്നു. കുടം എന്നത് നാമ പദമല്ല, ക്രിയാപദമാണ്. എല്ലാ പദങ്ങളും ക്രിയയാണെന്ന് മഹിമ ഭട്ടന്‍ പറയുന്നുണ്ട്. അദ്ദേഹം ഇതുപോലെ ആത്മീയേതരമായ സ്‌കൂളില്‍ പെട്ട ആളാണ്. കുടം വരക്കാന്‍ പറഞ്ഞാല്‍, ഈ സങ്കല്പമനുസരിച്ച് അതിനു പിന്നിലെ ക്രിയയാണ് വരക്കുന്നത്. കേസരി പറയുന്ന ഉദാഹരണം ഫ്യൂച്ചറിസ്റ്റുകള്‍ റെയില്‍വേ എന്‍ജിനെ വരക്കുമ്പോള്‍ അതിന്റെ ചലനത്തെയാണ് വരക്കേണ്ടത് എന്നാണ്. ബോധമനസ്സിനകത്തെ അബോധം എന്ന ഫ്രോയ്ഡിയന്‍ ചിന്തയുടെ സ്വാധീനമാണ് ഇതിലൂടെ പ്രകടമാകുന്നത്. ചിന്താപരമായ നിശ്ചലതകള്‍ക്കു പകരം ജന്മവാസനകളെ പ്രതിഷ്ഠിക്കുന്നതും ഇതുമായി ബന്ധപ്പെട്ടാണ്. ഫ്യൂച്ചറിസത്തിന്റെ മറ്റൊരു സവിശേഷത നിലവിലുള്ള സാങ്കേതിക മാര്‍ഗങ്ങളോടുള്ള ഉദാസീനതയാണ്. പിരാന്റലോയുടെ 'ഗ്രന്ഥകാരനെ തേടിപ്പോയ ആറ് കഥാപാത്രങ്ങള്‍' എന്ന പ്രസിദ്ധ നാടകത്തെ ഇവിടെ ഉദാഹരിക്കുന്നു. നാടകത്തിനകത്ത് അതിന്റെ രൂപവത്കരണ പ്രക്രിയ തന്നെ കടന്നുവരുന്നതാണ് ഇതിന്റെ സവിശേഷത. നാടകത്തിനായി സ്റ്റേജ് തയ്യാറാക്കുമ്പോള്‍ ആറുപേര്‍ മാനേജരെ കാണാനെത്തുന്നതും അവര്‍ തങ്ങള്‍ക്കുണ്ടായ ഒരനുഭവത്തെ ശാശ്വതമായി കലയില്‍ പ്രതിഷ്ഠിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും തങ്ങളുടെ അനുഭവങ്ങള്‍ കേട്ട് നാടകമുണ്ടാക്കാന്‍ ശേഷിയുള്ള ഒരു സാഹിത്യകാരനെ അന്വേഷിച്ചാണ് തങ്ങള്‍ വന്നിട്ടുള്ളതെന്നും സ്റ്റേജില്‍ പ്രഖ്യാപിക്കുന്നതോടെയാണ് പ്രസ്തുത നാടകത്തിന്റെ തുടക്കം. ആ ഏക സംഭവത്തെ അവര്‍ ഓരോരുത്തരും വര്‍ണിക്കുന്നതും അഭിനയിക്കുന്നതും വിഭിന്ന രീതിയിലാണ്. ഘടനയെ തകര്‍ക്കുന്ന ഒരു രീതിയാണിത്. ഫ്യൂച്ചറിസ്റ്റ്കലാകാരന്‍ ജീവിതത്തിലെ വിലയേറിയ അഭിപ്രായങ്ങളെ സ്വീകരിക്കുകയല്ല മറിച്ച് ഒരു ശിശുവിന്റേതുപോലെ സ്വീകരിക്കുന്നു എന്നാണദ്ദേഹം പറയുന്നത്. എട്ടു വയസ്സിന് താഴെയുള്ള കുട്ടികള്‍ സ്വയം സംസാരിക്കുന്നു. ഇത്തരത്തില്‍ ഒരു അമൂര്‍ത്ത സ്വഭാവമാണ് കലയ്ക്കുള്ളത്. ഇവയെ ഒന്നാകെ സ്വീകരിക്കണം എന്ന അഭിപ്രായത്തിലല്ല അദ്ദേഹമിത് അവതരിപ്പിക്കുന്നത്. തുടര്‍ന്നങ്ങോട്ട് ഫ്യൂച്ചറിസത്തില്‍ നിന്ന് സ്വീകരിക്കേണ്ടാത്തവയെ ലേഖകന്‍ മുന്നോട്ടു വയ്ക്കുന്നതായി കാണാം.

സാഹിത്യ പ്ലാനിംഗ്

ഫ്യൂച്ചറിസം ഉദയം ചെയ്യുന്നത് ഇറ്റലിയിലാണ്. പഴയ സാധനങ്ങളുടെ കാഴ്ചബംഗ്ലാവെന്ന ഫ്യൂച്ചറിസ്റ്റ്പൂര്‍വ്വഇറ്റലിയുടെ അവസ്ഥയാണ് ഇന്ത്യയുടേയും. അതുകൊണ്ടുതന്നെ ഭൂതകാലത്തോടും പഴയമയോടുമുള്ള എതിര്‍പ്പ്, സമകാല വിഷയ സ്വീകരണം, വിപ്ലവ നിഷ്ഠ എന്നീ മൂന്ന് ഘടകങ്ങളാണ് ഫ്യൂച്ചറിസത്തില്‍ നിന്നും നാം സ്വീകരിക്കേണ്ടത്. 'സാഹിത്യ പ്ലാനിംഗ് 'എന്ന ലേഖനത്തിലും അദ്ദേഹം ഈ കാര്യം ആവര്‍ത്തിക്കുന്നുണ്ട്. മനുഷ്യന്റെ തലയിലെഴുത്ത് തിരുത്താന്‍ കഴിയുന്ന ഒന്നാണ് സാഹിത്യമെന്നതുകൊണ്ട് സാഹിത്യത്തിലും മാറ്റം വരുത്താന്‍ സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. തലസ്ഥാന, പ്രാദേശിക, ഗ്രാമീണ, ഔദ്യോഗിക, തൊഴിലാളി, പ്രൊഫഷണല്‍ ജീവിത രംഗങ്ങളും കലാകാരന്മാരുടെയും ശിശുക്കളുടെയും സ്ത്രീകളുടെയും വൃദ്ധരുടെയും വേടര്‍, പണിയര്‍ തുടങ്ങിയവരുടെയും ജീവിത രംഗങ്ങള്‍ സാഹിത്യത്തിലുണ്ടാകണമെന്നും ഈ ലേഖനം പറഞ്ഞുവയ്ക്കുന്നുണ്ട്. സര്‍റിയലിസ്റ്റ്, സയന്റിഫിക് രചനകളെയും ലേഖകന്‍ ആവശ്യപ്പെടുന്നുണ്ട്. നിലനിന്നിരുന്ന സാഹിത്യ രീതികളെ ആകമാനമായി മാറ്റിത്തീര്‍ക്കേണ്ടുന്നതിന്റെ ആവശ്യകതയിലേക്കാണ് ഇത് ചെന്നെത്തുന്നത്. രൂപം, ഭാവം, ഭൗതികത, ആത്മീയത എന്നിങ്ങനെ ഏതെങ്കിലും അരികിലേയ്ക്ക് പോകുന്ന നിവൃത്തി മാര്‍ഗം അല്ല നിര്‍ദേശിക്കുന്നത്. രണ്ടിനേയും പരിവര്‍ത്തിപ്പിക്കുന്ന പ്രവൃത്തി മാര്‍ഗമാണ്. 'ബാഹ്യ ഭാവത്തെയും ആന്തരിക ഭാവത്തെയും ഒരുപോലെ ബലപ്പെടുത്തുന്ന കലാസൃഷ്ടികളേയാണ് ഉത്തമമായി കാണുന്നത്. എതിര്‍ പക്ഷത്ത് നില്‍ക്കുന്ന പ്രസ്ഥാനങ്ങളെ അടുത്തടുത്തു കൊണ്ടുവന്നു നിലവിലുള്ളതിനെ മാറ്റിമറിക്കാന്‍ ശ്രമിക്കുകയാണ് കേസരി. അല്ലാതെ കേവലമായ അനുകരണമല്ല ഉദ്ദേശിക്കുന്നത്. ചണ്ഡാലഭിക്ഷുകി സിംബോളിക് കവിതയാണ് എന്നു പറഞ്ഞു കൊണ്ട് ചണ്ഡാല ശബ്ദം തൊഴിലാളി വര്‍ഗ്ഗത്തിന്റെ സൂചകമാണെന്നു പറയുമ്പോള്‍ തന്നെ പ്രസ്ഥാനങ്ങളെ കേസരി എങ്ങനെ സ്വീകരിക്കുന്നു എന്നു മനസ്സിലാകും. ചരിത്ര സാഹചര്യങ്ങളിള്‍ നിന്നുകൊണ്ടാണ് പ്രസ്ഥാനത്തെ കേസരി സമീപിക്കുന്നത്.

തന്റെ ജീവിതവും എഴുത്തും സമൂഹത്തിനും ചരിത്രത്തിനുമുള്ള ഊര്‍ജമായി എങ്ങനെ മാറ്റണമെന്നാണ് ഇവിടെ വിശദമാക്കപ്പെടുന്നത്. കേസരിയെ വെളിച്ചമായും പി. ഭാസ്‌കരന്നൊക്കെ പാടും പോലെ ഉല്‍ക്കയായും പ്രവാചകനായുമെല്ലാം വിശേഷിപ്പിക്കുന്നത് അദ്ദേഹത്തിന്റെ ജീവിത-രചനാ വിപ്ലവങ്ങള്‍കൊണ്ടാണ്.

ഇറ്റലിയില്‍ റിയലിസത്തിനു ശേഷമാണ് ഫ്യൂചറിസം രൂപപ്പെടുന്നത്. നമ്മളാകട്ടെ മിസ്റ്റിസിസത്തിനു ശേഷമാണ് അത്തരമൊരു ആലോചനയിലേക്ക് ചെന്നെത്തുന്നത്. ഫ്യൂച്ചറിസം നാം സ്വീകരിക്കുകയാണെങ്കില്‍ അത് നമ്മുടെ സുന്ദരകലകളെ ഏതേത് നിലയില്‍ ബാധിക്കും എന്ന് പറഞ്ഞുകൊണ്ടാണ് ഈ ലേഖനം അവസാനിക്കുന്നത്. കേരളത്തിലെ ഫ്യൂചറിസ്റ്റ് കവികള്‍ മിസ്റ്റിക്കുകളായ ടാഗോറിനേയോ നാലപ്പാടിനേയോ റൊമാന്റിക്കായ വള്ളത്തോളിനേയോ അനുകരിക്കാതെ കര്‍മ സന്ദേഹ വാഹകനായ ഇഖ്ബാലിനേയും സമകാലിക പ്രശ്‌നങ്ങളെ അഭിമുഖീകരിച്ച് അവയ്ക്ക് കലാപരമായ പരിഹാരമുണ്ടാക്കുവാന്‍ യത്‌നിച്ച കുമാരനാശാനേയും പാശ്ചാത്യ റിയലിസ്റ്റിക് കവികളായ വാള്‍ട്ടര്‍ ഇറ്റ്മാന്‍ എന്ന അമേരിക്കന്‍ കവിയേയും എമില്‍ വെര്‍ഫേറിന്‍ എന്ന ബെല്‍ജിയം എഴുത്തുകാരനെയും മാതൃകയാക്കിയേക്കും എന്നാണ് കേസരി പറയുന്നത്. കേരളത്തിലെ നാടകകൃത്തുക്കള്‍ ചരിത്ര നാടകങ്ങളേയും സംഗീത നാടകങ്ങളേയും വലിച്ചെറിഞ്ഞ് ഇബ്‌സനേയും ബര്‍ണാഡ് ഷായെയും മാതൃകയാക്കി സമകാലിക പ്രശ്‌നങ്ങളെ പ്രതിപാദിക്കുന്ന നാടകങ്ങളും റഷ്യന്‍ എഴുത്തുകാരന്‍ ചെക്കോവിനെ മാതൃകയാക്കി നിത്യജീവിതത്തിലെ ശൂന്യതയെ കലാപരമായി ചിത്രീകരികരിക്കുന്ന ഗദ്യ നാടകങ്ങളും രചിച്ചേക്കാം എന്നും ലേഖകന്‍ പറയുന്നു. നമ്മുടെ നോവലിസ്റ്റുകള്‍ ചരിത്ര നോവലുകളെ ഉപേക്ഷിച്ച് ഫോബ്ലറിനേയും മോപ്പസാങ്ങിനേയും സമകാലിക പ്രശ്‌നങ്ങളെ ചിത്രീകരിക്കുന്ന സോവിയറ്റ് എഴുത്തുകാരെ അനുകരിച്ച് നോവലുകള്‍ എഴുതിയേക്കാമെന്നും അദ്ദേഹം തുടര്‍ന്ന് പറയുന്നു. നടന കഥകളിയിലെ നിയമമനുസരിച്ചുള്ള നാട്യവും മറ്റും ഉപേക്ഷിച്ച് നടന്മാര്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്ന ഒരു നടനകല കേരളത്തില്‍ ഫ്യൂചറിസറ്റ് മുന്നേറ്റങ്ങളോടെ രൂപപ്പെടുമെന്നും കേസരി ഈ ലേഖനത്തില്‍ പ്രത്യാശിക്കുന്നു. ഫ്യൂചറിസ്റ്റ് നാടകാഭിനയത്തില്‍ സ്ത്രീ വേഷം കെട്ടുന്നവര്‍ സ്ത്രീകള്‍ തന്നെയായിരിക്കുമെന്നും കേരളത്തിലെ ഫ്യൂചറിസ്റ്റ് കലാകാരന്മാര്‍ എണ്ണഛായത്തിന്റെ ഉപയോഗം മാത്രം പിന്‍തുടര്‍ന്നും രവിവര്‍മയെ അനുകരിച്ചും പോരുന്ന രീതി ഉപേക്ഷിക്കുമെന്നും ബംഗാളിലെ നവീന ചിത്രകാരന്മാരുടെ റൊമാന്റിക് അഥവാ പോസ്റ്റ് ഇംപ്രഷനിസ്റ്റ് രീതിയെ നിരാകരിക്കുമെന്നും യൂറോപ്പിലെ ഇംപ്രഷനിസ്റ്റ് പ്രസ്ഥാനത്തില്‍ പെട്ട പിസറോ തുടങ്ങിയവരെ മാതൃകയാക്കുമെന്നും കൂടി കേസരി പ്രവചിക്കുന്നുണ്ട്. നമ്മള്‍ ഇന്ന് കാണുന്ന നവോത്ഥാനാനന്തര എഴുത്തിനെ അദ്ദേഹം വളരെ നേരത്തെ വിഭാവനം ചെയ്തിരുന്നു എന്നാണ് ഇതിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നത്. ഗ്രന്ഥകാരനെ അന്വേഷിക്കുന്ന കഥാപാത്രങ്ങളും വേടരും പണിയരും നിറഞ്ഞ ജീവിതവും അവതരിപ്പിക്കുന്ന, കേസരി വിഭാവനം ചെയ്ത നവോത്ഥാന ആധുനീകതയുടെ രചനാ പദ്ധതി ഇനിയും പൂര്‍ത്തിയാവാന്‍ ഇരിക്കുകയും ചെയ്യുന്നു.



കേസരി മരിക്കുമെന്നു സ്വയം കരുതിയ ഒരു മുഹൂര്‍ത്തത്തെ കെടാമംഗലം പപ്പുക്കുട്ടി അവതരിപ്പിക്കുന്നുണ്ട്. ആ അവസരത്തില്‍ ചെറുകഥയുടെ സാങ്കേതിക രീതികള്‍ പഠിക്കാനായി വന്ന ഒരു വിദ്യാര്‍ഥിക്ക് നിര്‍ദേശങ്ങള്‍ കൊടുക്കുന്നതായ ഒരു രംഗമാണ് അദ്ദേഹം കാണുന്നത്. തന്റെ തന്നെ മരണം പശ്ചാത്തലമാക്കി ഒരു ചെറുകഥ ഏങ്ങനെയെഴുതാം എന്ന് കേസരി അയാള്‍ക്ക് വിശദീകരിച്ചു കൊടുക്കുകയാണ്. തന്റെ ജീവിതവും എഴുത്തും സമൂഹത്തിനും ചരിത്രത്തിനുമുള്ള ഊര്‍ജമായി എങ്ങനെ മാറ്റണമെന്നാണ് ഇവിടെ വിശദമാക്കപ്പെടുന്നത്. കേസരിയെ വെളിച്ചമായും പി. ഭാസ്‌കരന്നൊക്കെ പാടും പോലെ ഉല്‍ക്കയായും പ്രവാചകനായുമെല്ലാം വിശേഷിപ്പിക്കുന്നത് അദ്ദേഹത്തിന്റെ ജീവിത-രചനാ വിപ്ലവങ്ങള്‍കൊണ്ടാണ്. ഒരു വ്യക്തി എന്നതിനപ്പുറം നവോത്ഥാന ചരിത്രത്തിന്റെ തന്നേ പ്രേരണകളിലൊരാളായി കേസരി മാറുന്നു എന്ന മനസ്സിലാക്കലിലാണ് നാമിന്ന് എത്തിച്ചേരുന്നത്. സാഹിത്യം ഒരു രാഷ്ട്രീയ നിര്‍മിതിയാണ് എന്നു ഇങ്ങനെ സ്ഥാപിച്ച മറ്റൊരു എഴുത്തുകാരന്‍ ഇല്ല. അതുകൊണ്ടുതന്നെ സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും പരിണാമത്തിന്റെയും നിയമങ്ങള്‍ സൂക്ഷ്മമായി കണ്ടെത്തിയ ഒരാളായി കേസരിയെ മനസ്സിലാക്കാന്‍ ഇതിലൂടെ നമുക്ക് സാധിക്കുന്നു. സാംസ്‌കാരിക പഠന രീതിശാസ്ത്ര മേഖലയില്‍ ഇന്ത്യന്‍ വഴികള്‍ കണ്ടെത്തിയ പ്രതിഭ എന്ന നിലയില്‍ കൂടിയാണ് കേസരി ഇന്ന് വായിക്കപ്പെടുന്നത്.

TAGS :