Quantcast
MediaOne Logo

മിഷാല്‍

Published: 29 Dec 2023 9:25 AM GMT

കളിക്കളത്തില്‍ മരിച്ചുവീണ മിക്ലോസ് ഫെഹര്‍

ഒരു പുഞ്ചിരിയോടെ തന്റെ പോസ്റ്റിലേക്ക് നടന്ന ഫെഹര്‍ ക്ഷീണിതനായി കാല്‍മുട്ടില്‍ കയ്യൂന്നി ഒരു നിമിഷം കുനിഞ്ഞു നിന്നു. കാണികള്‍ക്കും കളിക്കാര്‍ക്കും അസാധാരണമായി ഒന്നും തോന്നിയില്ല. എന്നാല്‍, അപ്രതീക്ഷിതമായിട്ടായിരുന്നു ഫെഹര്‍ ബോധമറ്റ് പുറകിലേക്ക് മറിഞ്ഞു വീണത്.

മിക്ലോസ് ഫെഹര്‍ ന്റെ കളിക്കളത്തിലെ ദാരുണാന്ത്യം,
X

ആരവങ്ങളില്‍ അലിഞ്ഞുചേര്‍ന്ന പോര്‍ച്ചുഗലിലെ ഗ്യുമാരോ അഫോന്‍സോ മൈതാനം. പോര്‍ച്ചുഗീസ് ലീഗിലെ ഏറ്റവും ജനകീയ ക്ലബുകളിലൊന്നായ ബെന്‍ഫിക്ക, വിട്ടോറിയ ഡേ ഗ്യൂമാരസുമായി ഏറ്റുമുട്ടുന്നു. അന്‍പത്തി ഒന്‍പതാം മിനുട്ടില്‍ ജാഹോ പെരേരക്ക് പകരം ഇരുപത്തി ഒമ്പതാം ജേഴ്‌സി അണിഞ് ഹംഗേറിയന്‍ സ്ട്രൈക്കര്‍ മിക്ളോസ് ഫെഹര്‍ എന്ന ഇരുപത്തിനാലുകാരന്‍ തന്റെ ടീമിനായി മൈതാനത്തിലിറങ്ങി. അന്റോണിയോ കമാച്ചോ എന്ന തന്ത്രശാലിയായ കോച്ചിന്റെ തുറുപ്പു ചീട്ടായിരുന്നു ഫെഹര്‍. എന്നാല്‍ വിധി മറിച്ചായിരുന്നു, ബെനിഫിക്ക ആരാധകരെ മുഴുവന്‍ കണ്ണീരിലാഴ്ത്തികൊണ്ട് ആ കാല്‍പ്പന്തുകളിയുടെ കൂട്ടുകാരന്‍ കളിയുടെ കൂടാരം വിട്ട് മറ്റൊരു ലോകത്തേക്ക് യാത്ര തിരിച്ചു. ഹംഗേറിയന്‍ പ്രൊഫഷണല്‍ ഫുട്‌ബോളറായിരുന്ന മിക്ലോസ് ഫെഹര്‍ തന്റെ ഒന്‍പത് വര്‍ഷത്തെ കരിയര്‍ അവസാനിപ്പിച്ചാണ് തന്നെ ഏറെ ഇഷ്ടപ്പെട്ട ആരാധകരുടെ മുന്നില്‍ തന്നെ മരിച്ചു വീണത്.

2004 ജനുവരി 24, അന്നായിരുന്നു ആ ഇരുണ്ട ദിവസം. വിറ്റോറിയ ഡി ഗ്വിമാരേസിനെതിരെ കളിക്കാന്‍ ഫെഹര്‍ ബെന്‍ഫിക്കയ്ക്കൊപ്പം മൈതാനത്തെത്തി. മത്സരത്തിന്റെ ആദ്യ പകുതി കഴിഞ്ഞ് അറുപതാം മിനുട്ടില്‍ കോച്ച് ജോസ് അന്റോണിയോ കമാച്ചോ ഫെഹറിനെ അങ്കത്തട്ടിലേക്കയച്ചു. ബെന്‍ഫിക അപ്പോള്‍ ഒരു ഗോള്‍ ലീഡ് ചെയ്യുകയായിരുന്നു. ഫെഹറിന്റെ വിറ്റോറിയന്‍ എതിരാളികളെ വട്ടം കറക്കിയ ഒരു പാസ്സിലൂടെ ഫെര്‍ണാണ്ടോ അഗ്വിയാറോ വിറ്റോറിയയുടെ വല വീണ്ടും കുലുക്കി. ടെലിവിഷന്‍ ചാനലുകള്‍ ലൈവായി പകര്‍ത്തിയ കളിയുടെ ഇഞ്ചുറി ടൈമില്‍ സമയം വൈകിപ്പിച്ചെന്ന പേരില്‍ റഫറി ഫെഹറിന് മഞ്ഞ കാര്‍ഡ് നല്‍കി.

1998 ഒക്ടോബര്‍ 10 നാണ് അന്താരാഷ്ട്ര ഫുട്‌ബോളിനായി ഫെഹര്‍ ആദ്യമായി ജഴ്‌സി അണിയുന്നത്. 1998 മുതല്‍ 2003 വരെ കളിച്ച 25 അന്താരാഷ്ട്ര കളികളില്‍ നിന്നായി ഏഴ് ഗോളുകളാണ് ഫെഹര്‍ തന്റേതാക്കി മാറ്റിയത്.

ഒരു പുഞ്ചിരിയോടെ തന്റെ പോസ്റ്റിലേക്ക് നടന്ന ഫെഹര്‍ ക്ഷീണിതനായി കാല്‍മുട്ടില്‍ കയ്യൂന്നി ഒരു നിമിഷം കുനിഞ്ഞു നിന്നു. കാണികള്‍ക്കും കളിക്കാര്‍ക്കും അസാധാരണമായി ഒന്നും തോന്നിയില്ല. എന്നാല്‍, അപ്രതീക്ഷിതമായിട്ടായിരുന്നു ഫെഹര്‍ ബോധമറ്റ് പുറകിലേക്ക് മറിഞ്ഞു വീണത്. ഇരുടീമിലെ കളിക്കാരും റഫറിയും ഫെഹറിനടുത്തേക്ക് ഓടിയടുത്തു. മെഡിക്കല്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ പ്രാഥമിക ചികിത്സ നല്‍കി. സി.പി.ആര്‍ നല്‍കിയിട്ടും ഫെഹര്‍ ചലനമറ്റു തന്നെ മൈതാന മധ്യത്തില്‍ കിടന്നു. ആരാധകരുടെ ആരവം മൗനത്തിന് വഴി മാറി. ചലനമറ്റ ഫെഹറിനെ നോക്കി സഹ താരങ്ങള്‍ മൈതാനത്ത് മുഖമമര്‍ത്തി കരഞ്ഞു. ആശുപത്രിയിലേക്ക് മാറ്റിയ ഫെഹര്‍ അന്ന് അര്‍ധരാത്രിക്ക് മുന്‍പ് തന്നെ മരിച്ചു. പെട്ടെന്നുണ്ടായ ഹൃദയ സ്തംഭനമായിരുന്നു മരണ കാരണം.


ഹംഗേറിയന്‍ ഫുട്ബാള്‍ ക്ലബ്ബായ ഗ്യോരി ETO FC- യില്‍ നിന്നാണ് ഫെഹര്‍ തന്റെ കളി ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് പോര്‍ട്ടോ, പോര്‍ട്ടോ ബി, സാല്‍ഗ്യൂറോസ്, ബ്രാഗ, ബെന്‍ഫിക എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടി ബൂട്ടണിഞ്ഞു. 149 ക്ലബ്ബ് മത്സരങ്ങളില്‍ നിന്നായി 52 ഗോളുകളാണ് സ്ട്രൈക്കറായ ഫെഹര്‍ തന്റെ കരിയര്‍ ബുക്കില്‍ എഴുതി ചേര്‍ത്തത്.

1998 ഒക്ടോബര്‍ 10 നാണ് അന്താരാഷ്ട്ര ഫുട്‌ബോളിനായി ഫെഹര്‍ ആദ്യമായി ജഴ്‌സി അണിയുന്നത്. 1998 മുതല്‍ 2003 വരെ കളിച്ച 25 അന്താരാഷ്ട്ര കളികളില്‍ നിന്നായി ഏഴ് ഗോളുകളാണ് ഫെഹര്‍ തന്റേതാക്കി മാറ്റിയത്. ബെന്‍ഫിക്കയുടെ ഹോംഗ്രൗണ്ടിലെ ഫെഹറിന്റെ ലോഹ പ്രതിമയ്ക്ക് മുന്നില്‍ ഇന്നും ആരാധകര്‍ വേദനയോടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കാറുണ്ട്. പോര്‍ച്ചുഗീസ് കായികരംഗത്തെ തന്നെ നടുക്കിയ ആ ഇരുപത്തി ഒന്‍പതാം ജേഴ്‌സികാരന്റെ ഇരുണ്ട ഓര്‍മകള്‍ ഇന്നും ഫുട്‌ബോള്‍ ആരാധകരെ വേദനിപ്പിക്കുന്നു.


TAGS :