Quantcast
MediaOne Logo

പ്രവാസവും കേരള വികസനവും

ഡോ. ജോസ് സെബാസ്റ്റ്യൻ എഴുതുന്ന പരമ്പര 'കടക്കെണിയിലെ കേരളം'

പ്രവാസവും കേരള വികസനവും
X
Listen to this Article

കേരളത്തിൻെറ വികസനാനുഭവങ്ങൾ അന്താരാഷ്ട്ര പ്രശസ്തമാണ്. കേരള മാതൃക എന്നാണ് ഇത് അറിയപ്പെടുന്നത്. പക്ഷെ, ഈ കേരള മാതൃക ഇന്ന് വലിയ ഭീഷണികൾ നേരിടുകയാണ്. അതിലൊന്നാമത്തെ ഭീഷണി പൊതു വിഭവങ്ങൾ ആവശ്യത്തിന് മാത്രം സമാഹരിക്കാൻ ആകാതെ കേരള സമൂഹം ഇന്ന് വലിയ ഒരു പ്രതിസന്ധിയിലാണ്. കടം ഓരോ അഞ്ചുവർഷവും ഇരട്ടി ആയിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ കാരണങ്ങളെന്താണ്? അടിസ്‌ഥാപരമായ ഈ പ്രശ്നത്തെ കേരളം എങ്ങനെ അഭിമുഖീകരിക്കും? എങ്ങനെ മറികടക്കും? കഴിഞ്ഞ 35 വർഷമായി ഇതിനെക്കുറിച്ച് ഗവേഷണ - പഠനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഒരാളാണ് ഞാൻ. പൊതുവെ രാഷ്ട്രീയ സാമൂഹിക മേഖലകളിലൊക്കെ പറഞ്ഞുവരുന്ന ഒരു കാര്യമാണ് കേരളത്തിലെ ജനങ്ങൾ വൻ നികുതിഭാരം അനുഭവിക്കുന്നുവെന്നത്. ആളോഹരി നികുതി ഭാരത്തിന്റെ അടിസ്ഥാനത്തിൽ കേരളം ഒന്നാം സ്ഥാനത്താണ് എന്ന് പലപ്പോഴും പറയാറുണ്ട്. എന്താണ് ഇതിനർത്ഥം?


കേരളീയർ ഭയങ്കരമായ നികുതിഭാരം വഹിക്കുന്ന ഒരു സമൂഹം ആണെന്നാണോ? തീർച്ചയായും അല്ല. ഒരു സമൂഹത്തിൽ നികുതിഭാരം ഉയർന്നിരിക്കുക എന്നാൽ പൊതുസേവനങ്ങൾക്ക് വേണ്ടി ജനങ്ങൾ കൂടുതലായി സംഭാവന ചെയ്യുന്നുവെന്നാണ്. എന്ന് പറഞ്ഞാൽ കൂടുതൽ സേവനങ്ങൾ സർക്കാർ നൽകുന്നത് കൊണ്ടാണല്ലോ കൂടുതലായിട്ട് ചെലവുകൾ വേണ്ടി വരുന്നത്. നമ്മുടെ പൊതുചെലവുകളെ കുറിച്ച് നമുക്ക് വലിയ വിമർശനങ്ങളുണ്ട്. അഴിമതിയുണ്ട്, കെടുകാര്യസ്ഥതയുണ്ട്. ഒരുപാട് ശമ്പള പെൻഷൻ ചെലവുകൾ നമ്മുടെ പൊതു ചെലവുകളിൽ ഉണ്ട്. അതൊക്കെ ഇരിക്കെത്തന്നെ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം ഇന്ത്യയിൽ തന്നെ പൊതുസേവനങ്ങളുടെ ഗുണനിലവാരത്തിൽ കേരളം മറ്റു സംസ്ഥാനങ്ങളേക്കാൾ വളരെ മെച്ചമാണ്.

ഭൗതിക ജീവിത ഗുണനിലവാരത്തിൽ ലോക രാഷ്ട്രങ്ങളോട് കിടപിടിക്കുന്നതാണ് കേരളത്തിന്റെ സ്ഥിതി. ആരോഗ്യവുമായി ബന്ധപ്പെട്ട സൂചകങ്ങളുടെ കാര്യത്തിലാണെങ്കിലും ശിശുമരണനിരക്കിലാണെങ്കിലും മരണനിരക്കിന്റെ കാര്യത്തിലാണെങ്കിലും നമ്മുടെ സൂചകങ്ങൾ അന്താരാഷ്ട്ര സമൂഹങ്ങളുമായി താരതമ്യപ്പെടുത്താവുന്നതാണ്. നികുതി ഭാരം വളരെ വലുതാണ് എന്ന രീതിയിലുള്ള അഭിപ്രായങ്ങൾക്ക് വലിയ പ്രസക്തിയില്ല. ഒരു സമൂഹം കൂടുതൽ മെച്ചമായ പൊതുസേവനങ്ങൾക്ക് വേണ്ടി ആവശ്യമുയർത്തുമ്പോൾ സ്വാഭാവികമായി അത് കൂടുതൽ നികുതി ഭാരം അനുഭവിക്കേണ്ടി വരും. അങ്ങനെ പറയുമ്പോൾ തന്നെ ആ നികുതി ഉപയോഗിച്ച് നൽകുന്ന സേവനങ്ങൾ നല്ലതാണോ, നല്ലതാകാൻ എന്താണ് വേണ്ടത്? എന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ തീർച്ചയായും സമൂഹത്തിന് അവകാശമുണ്ട്. കേരളത്തിലെ നികുതിഭാരം കൂടുതൽ ആണ് എന്നുള്ളത് ഒരു നല്ല കാര്യമായാണ് കാണേണ്ടത്.പിന്നെ എന്തുകൊണ്ടാണ് കടം കൂടിവരുന്നത്? 1972 - 73 ൽ ആളോഹരി ഗാർഹിക ഉപഭോഗത്തിൽ കേരളം എട്ടാം സ്ഥാനത്തായിരുന്നു. ദേശീയ സാമ്പിൾ സർവേയുടെ സ്ഥിതിവിവര കണക്ക് പ്രകാരമുള്ള കണക്കുകളാണ് ഇത്. 1983 ആയപ്പോൾ നമ്മൾ മൂന്നാം സ്ഥാനത്തായി. ഇതെങ്ങനെ സംഭവിച്ചു. ആരോഗ്യ - വിദ്യാഭ്യാസ മേഖലകളിൽ കേരളം വളരെ കുറഞ്ഞ പൊതു വിഭവങ്ങൾ ഉപയോഗപ്പെടുത്തി ആരോഗ്യവും വിദ്യാഭ്യാസവുമുള്ള ഒരു തലമുറയെ വാർത്തെടുത്തു. ഇതിനെപ്പറ്റി ലോകപ്രശസ്ത ധനശാസ്ത്രജ്ഞൻ ഡോ. അമർത്യ സെൻ ഒരിക്കൽ പറയുകയുണ്ടായി. 1957 ൽ അദ്ദേഹം ദൽഹി സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ അധ്യാപകനായി ജോലി ചെയ്യവേ അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ ധനകാര്യ വിദഗ്ദർ ഇത്ര ദരിദ്രമായ കേരളമെന്ന സംസ്ഥാനത്തിന് ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനുമായി ഇത്രയധികം ചെലവാക്കാൻ കഴിയുമോയെന്ന് ആശ്ചര്യപ്പെടുകയുണ്ടായി. ജനങ്ങൾ തെരഞ്ഞെടുത്ത ആ രീതിയിൽ തന്നെ പോകട്ടെയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കേരളം അന്ന് തെരഞ്ഞെടുത്ത ആ രീതി ശരിയായിരുന്നുവെന്ന് വർഷങ്ങൾക്ക് ശേഷം ഈയടുത്ത് അദ്ദേഹം പറയുകയുണ്ടായി. വളരെ പരിമിതമായ വിഭവങ്ങളുള്ള അത്രയൊന്നും വ്യാവസായികമായി മുന്നോട്ടുപോയിട്ടില്ലാത്ത ഭൂമിശാശ്ത്രപരമായി പരിമിതിയുള്ള കേരളത്തിന് ഇത്രയധികം ജനങ്ങളെ തീറ്റിപ്പോറ്റണമെങ്കിൽ അവർക്ക് മെച്ചപ്പെട്ട ആരോഗ്യവും വിദ്യാഭ്യാസവും കൊടുക്കത്തക്ക വിധത്തിൽ പൊതുവിഭവങ്ങൾ ഉപയോഗിച്ചെങ്കിൽ മാത്രമേ കഴിയൂ.

അവരെ മറ്റ് സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും കയറ്റി അയക്കേണ്ടി വന്നേക്കാം എന്ന് അമർത്യ സെൻ പറഞ്ഞില്ലെങ്കിലും സത്യത്തിൽ അതാണ് സംഭവിച്ചത്. 1970 കളുടെ മധ്യം മുതൽ ഗൾഫിലേക്ക് വൻ തോതിലുള്ള കുടിയേറ്റമുണ്ടായി. അതിനുമുൻപ് മലയാളികൾ മറ്റ് സംസ്ഥാനങ്ങളിലേക്കായിരുന്നു കുടിയേറിയിരുന്നത്. അതിനുമുൻപ് അഹമ്മദാബാദിലേക്കും ഡൽഹിയിലേക്കും മറ്റ് നഗരങ്ങളിലേക്കും ശ്രീലങ്ക , ബർമ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കും പോയിട്ടുണ്ട്. പക്ഷെ. കുടിയേറ്റം മൂലം കേരളത്തിന് യഥാർത്ഥത്തിൽ നേട്ടം ലഭിക്കുന്നത് 1970 കൾക്ക് ശേഷമാണ്. വൻ തോതിൽ മലയാളികൾ ഗൾഫിലേക്ക് കുടിയേറുകയും അങ്ങനെ ഗൾഫിൽ നിന്നും വന്ന ആ പണമാണ് യഥാർത്ഥത്തിൽ മലയാളത്തെ ഉപഭോഗത്തിൽ മുന്നിലേക്ക് എത്തിച്ചത്. 1999 - 2000 ൽ ആളോഹരി ഉപഭോഗത്തിൽ കേരളം ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു. പക്ഷെ ഈ ഉപഭാഗത്തിലുള്ള മുന്നേറ്റം നമ്മുടെ പൊതുവിഭവങ്ങൾ വിതരണം ചെയ്യുന്നതിൽ ഉണ്ടായില്ല. നമുക്ക് നികുതി നൽകാനുള്ള ശേഷിക്ക് ആനുപാതികമായി പൊതു വിഭവങ്ങൾ സംഭാവന ചെയ്യുന്നതിൽ കേരളത്തിൽ ഒരു പരാജയമുണ്ടായി. അവിടെയാണ് പ്രശ്നം തുടങ്ങുന്നത്. വികസിത രാജ്യങ്ങളിലൊക്കെ നികുതിഭാരം ദേശീയ വരുമാനത്തിന്റെ 35 മുതൽ 40 ശതമാനം വരെയാണ്. പക്ഷെ നമ്മുടെ രാജ്യത്തെ ദേശീയ വരുമാനത്തിന്റെ പതിനേഴ് ശതമാനം മാത്രമാണ് നികുതി ആയി പിരിച്ചെടുക്കുന്നത്.


( തുടരും)

TAGS :