MediaOne Logo

ഹകീം പെരുമ്പിലാവ്

Published: 30 May 2023 12:20 PM GMT

ഉര്‍ദ്ദുഗാന് ചരിത്ര നിയോഗം

അമ്പതിനായിരത്തോളം ആളുകളുടെ ജീവന്‍ പൊലിഞ്ഞ ഏറ്റവും ഒടുവിലത്തെ ഭൂകമ്പത്തില്‍ ഭരണകൂടം മെല്ലെപ്പോക്ക് നയം സ്വീകരിച്ചു എന്നാണ് പ്രതിപക്ഷത്തേക്കാള്‍ ഏറെ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. എന്നാല്‍, യാഥാര്‍ഥ്യം അങ്ങനെയായിരുന്നില്ല.

ഉര്‍ദ്ദുഗാന് ചരിത്ര നിയോഗം
X

തുര്‍ക്കിയെ അടുത്ത അഞ്ചുവര്‍ഷത്തേക്ക് ഉര്‍ദ്ദുഗാന്‍ നയിക്കും; ഉര്‍ദ്ദുഗാനിത് ചരിത്ര നിയോഗം. ആദ്യഘട്ടത്തില്‍ അന്‍പത് ശതമാനം വോട്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പിലാണ് റജബ് ത്വയ്യിബ് ഉര്‍ദ്ദുഗാന്‍ തുര്‍ക്കിയുടെ പ്രസിഡണ്ടായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. 52.2 ശതമാനം വോട്ടാണ് ഉര്‍ദ്ദുഗാന്‍ നേടിയത്. ലോകത്തെ ഭൂരിപക്ഷം മാധ്യമങ്ങളും പ്രതിപക്ഷമായ നാഷ്ണല്‍ അലയന്‍സ് സഖ്യമായ കമാലിസ്റ്റുകള്‍ക്ക് വേണ്ടി നടത്തിയ കാമ്പയിനുകള്‍ പരാജയപ്പെട്ടു. കമാല്‍ ക്ലച്ദാറോളുവിനെ മുന്നില്‍ നിര്‍ത്തി പശ്ചാത്യമാധ്യമങ്ങള്‍ എയ്തുവിട്ട വിദ്വേഷങ്ങളും പ്രചാരവേലകളും ഇതോടെ നിഷ്ഫലമായി. ആധുനിക തുര്‍ക്കിയുടെ പിതാവായി അറിയപ്പെടുന്ന ഉര്‍ദ്ദുഗാന്‍ തുര്‍ക്കിയില്‍ പകരംവെക്കാനില്ലാത്ത നേതാവായി മാറിയിരിക്കുന്നു. തുര്‍ക്കിയിലെ ഭൂരിപക്ഷം ജനങ്ങളും കഴിഞ്ഞ 20 വര്‍ഷമായി തുര്‍ക്കി ഭരിക്കുന്ന നിലവിലുള്ള പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പൂര്‍ണ്ണമായും വിശ്വാസമര്‍പ്പിച്ചുവെന്നാണ് തെരെഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. രാജ്യ പുരോഗതിക്കും സ്ഥിരതക്കും ജനങ്ങള്‍ ഉര്‍ദ്ദുഗാനു വോട്ട് ചെയ്തു. ജനങ്ങള്‍ക്ക് സമാധാനവും സുരക്ഷിതത്വവും നല്‍കാന്‍ ഉര്‍ദ്ദുഗാനു സാധിച്ചുവെന്നതിന്റെ കൂടി വിലയിരുത്തലാണ് ഈ ഫലം. ഒന്നാം ഘട്ട വോട്ടെടുപ്പിലുണ്ടായിരുന്ന നേരിയ ഭൂരിപക്ഷത്തിന്റെ കുറവ് രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 52.2 ആയി ഉയര്‍ന്നു. എതിരാളിയായ കമാല്‍ ക്ലച്ദാറോളുവിനു 47.8% വോട്ടാണ് രണ്ടാം ഘട്ടത്തില്‍ നേടാനായത്.

വിവിധ രാജ്യങ്ങള്‍ക്കിടയില്‍ പരിഹാരങ്ങളും നിര്‍ദേശങ്ങളുമായി മദ്ധ്യസ്ഥന്റെ റോളില്‍ ചടുലതയുള്ള നേതാവായി നിലകൊണ്ടു. ഫലസ്തീനും ആഫ്രിക്കയും ഉള്‍പ്പെടെയുള്ള സഹായമാവശ്യമായ നാടുകളിലേക്ക് ധീരമായി ഇറങ്ങിച്ചെന്ന്, ഏഷ്യയിലും യൂറോപ്പിലുമായി നിലകൊള്ളുന്ന തുര്‍ക്കി നാറ്റോ അംഗരാജ്യങ്ങളില്‍ പ്രധാന പദവിയാണ് വഹിക്കുന്നത്. രാജ്യത്തിന്റെ സഞ്ചാരപഥത്തെ നേരായ ദിശയിലേക്ക് നയിക്കുന്നത് കൊണ്ട് തന്നെയാണ് തുര്‍ക്കിയിലെ ജനങ്ങള്‍ അദ്ദേഹത്തില്‍ വീണ്ടും വിശ്വാസമര്‍പ്പിച്ചത്.

തുര്‍ക്കിയിലെ 85 മില്യന്‍ ജനങ്ങളാണ് ഈ തെരെഞ്ഞെടുപ്പില്‍ വിജയിച്ചത്, അടുത്ത അഞ്ചു വര്‍ഷത്തേക്ക് ഉത്തരവാദിത്വമേല്‍പ്പിച്ച തുര്‍ക്കിഷ് ജനതയോട് അകൈതവമായ നന്ദിയുണ്ടാകുമെന്നും ഉത്തരവാദിത്വം ഭംഗിയായി നിര്‍വ്വഹിക്കുമെന്നും ഉര്‍ദ്ദുഗാന്‍ പ്രഖ്യാപിച്ചു. അതേസമയം, യഥാര്‍ഥ ജനാധിപത്യത്തിലേക്ക് എത്തും വരെ പോരാട്ടം തുടരുമെന്ന് പ്രതിപക്ഷവും പ്രഖ്യാപിച്ചുകഴിഞ്ഞു. ഒട്ടേറെ പ്രയാസകരമായ കാലഘട്ടങ്ങളിലൂടെ കടന്നു പോയിട്ടും ഉര്‍ദുഗാന്‍ രാജ്യത്തിന്റെ യശസ്സ് കാത്തുസംരക്ഷിക്കുകയും ലോകത്തിനു മുമ്പില്‍ ഉയര്‍ന്നു നില്‍ക്കുകയും ചെയ്തു. 2016ലെ അട്ടിമറിയെ അതിജീവിച്ച ഉര്‍ദ്ദുഗാന്‍ പിന്നീടങ്ങോട്ട് നാള്‍ക്കുനാള്‍ ജനസമ്മിതി വര്‍ധിപ്പിക്കുകയായിരുന്നു. രാജ്യം അതിന്റെ ശദാബ്ദിയിലേക്ക് പ്രവേശിക്കുമ്പോള്‍ മുന്നില്‍ നിന്ന് നയിക്കാന്‍ ഉര്‍ദ്ദുഗാനു കഴിയുന്നുവെന്നത് ഏറെ പ്രധാന്യമര്‍ഹിക്കുന്നു. രാജ്യത്തെ പിടിച്ച് കുലുക്കിയ സാമ്പത്തിക മാന്ദ്യവും മോശം സാമ്പത്തികനയങ്ങള്‍ വഴി പണപ്പെരുപ്പമുണ്ടായെന്നും ജനങ്ങള്‍ക്കുമേല്‍ അധികഭാരം അടിച്ചേല്‍പ്പിച്ചു എന്നൊക്കെയുള്ള ഒട്ടേറെ വിമര്‍ശനങ്ങള്‍ നേരിട്ട തെരഞ്ഞെടുപ്പു കൂടിയായിരുന്നു ഇത്.

ആധുനിക തുര്‍ക്കിയുടെ ശില്‍പി

തുര്‍ക്കിയെ പുരോഗതിയിലേക്ക് നയിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച ഭരണാധികാരിയാണ് ഉര്‍ദ്ദുഗാന്‍. 2003 മുതല്‍ പ്രധാനമന്ത്രിയായും 2014 മുതല്‍ പ്രസിഡന്റായും തെരെഞ്ഞെടുക്കപ്പെട്ട ഉര്‍ദ്ദുഗാന്‍ ലോകത്തുടനീളം തുര്‍ക്കിയെ അടയാളപ്പെടുത്തുന്നതില്‍ വിജയിച്ചു. ഗര്‍ജിക്കുന്ന നാവായി എതിരാളികളെ നേരിട്ടു. വിവിധ രാജ്യങ്ങള്‍ക്കിടയില്‍ പരിഹാരങ്ങളും നിര്‍ദേശങ്ങളുമായി മദ്ധ്യസ്ഥന്റെ റോളില്‍ ചടുലതയുള്ള നേതാവായി നിലകൊണ്ടു. ഫലസ്തീനും ആഫ്രിക്കയും ഉള്‍പ്പെടെയുള്ള സഹായമാവശ്യമായ നാടുകളിലേക്ക് ധീരമായി ഇറങ്ങിച്ചെന്ന്, ഏഷ്യയിലും യൂറോപ്പിലുമായി നിലകൊള്ളുന്ന തുര്‍ക്കി നാറ്റോ അംഗരാജ്യങ്ങളില്‍ പ്രധാന പദവിയാണ് വഹിക്കുന്നത്. രാജ്യത്തിന്റെ സഞ്ചാരപഥത്തെ നേരായ ദിശയിലേക്ക് നയിക്കുന്നത് കൊണ്ട് തന്നെയാണ് തുര്‍ക്കിയിലെ ജനങ്ങള്‍ അദ്ദേഹത്തില്‍ വീണ്ടും വിശ്വാസമര്‍പ്പിച്ചത്.


ഇസ്‌ലാമിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ലോക രാജ്യങ്ങള്‍ക്കിടയില്‍ തുര്‍ക്കി എന്ന രാജ്യത്തെ ഒരു സ്വാധീനശക്തിയായി മാറ്റുവാന്‍ ഉര്‍ദ്ദുഗാനു സാധിച്ചു. ഏറെ ജനകീയനായ നേതാവായി അറിയപ്പെടുന്ന ഉര്‍ദ്ദുഗാന്‍ ഭരണത്തിലേറിയ ആദ്യപാദത്തില്‍ തന്നെ വലിയ പരിഷ്‌കാരങ്ങളാണ് നടപ്പാക്കിയത്. യൂറോപ്യന്‍ യൂണിയനില്‍ ചേരുന്നതിനു ആക്കം കൂട്ടാനും രാജ്യത്തെ സാമ്പത്തികമായി കൈപിടിച്ചുയര്‍ത്താനുമായിരുന്നു ഉര്‍ദ്ദുഗാന്‍ ആദ്യം ശ്രദ്ധിച്ചത്. ഐ.എം.എഫിന്റെ കടം വീട്ടുകയായിരുന്നു ആദ്യലക്ഷ്യം. രണ്ട് ലക്ഷ്യങ്ങളും സമയാനുസൃതം നടപ്പാക്കാന്‍ ഉര്‍ദ്ദുഗാനു സാധിച്ചു. രാജ്യത്ത് ആയിരക്കണക്കിന് ആളുകളെ ദാരിദ്ര്യത്തില്‍ നിന്നും സ്വയം പര്യാപ്തതയിലേക്ക് നയിച്ചതും ജനസമ്മിതി വര്‍ധിക്കാന്‍ കാരണമായി.

മാധ്യമ നിയന്ത്രണം

2014 അട്ടിമറിക്ക് ശേഷം ആണ് തുര്‍ക്കിയില്‍ മാധ്യമങ്ങള്‍ക്ക് ഭാഗികമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. അധികാരദുര്‍വിനിയോഗം ചെയ്യുകയും രാജ്യതാല്‍പര്യത്തിന് എതിരെ നിലകൊള്ളുകയും ചെയ്ത മാധ്യമങ്ങളെയായിരുന്നു നിയന്ത്രണങ്ങള്‍ക്ക് വിധേയമാക്കിയത്. മൂന്ന് പ്രധാന ഏജന്‍സികളെ മാത്രമാണു ഇത് ബാധിച്ചത്. ഭരണാധികാരിക്ക് വധഭീഷണി മുഴക്കുക പോലുള്ള പ്രവര്‍ത്തനങ്ങളെ ഏത് രാജ്യത്താണു കണ്ടില്ലെന്ന് നടിക്കുക? എന്നാല്‍, സിവില്‍ സമൂഹത്തിന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് അകാരണമായി ഉര്‍ദ്ദുഗാന്‍ ഒരിക്കല്‍ പോലും വിലങ്ങുതടിയായി നിന്നില്ല എന്നത് എടുത്തു പറയേണ്ടതാണ്. കഴിഞ്ഞ പത്തുവര്‍ഷമായി തുര്‍ക്കിയിലുടനീളം രാജ്യ വിരുദ്ധ പ്രക്ഷോഭങ്ങള്‍ നടക്കുന്നുണ്ട്. ഈ ജൂണില്‍ പ്രഷോഭങ്ങളുടെ പത്താം വാര്‍ഷികം ആഘോഷിക്കുകയാണ്. വാര്‍ഷികത്തോടനുബന്ധിച്ച് ഇസ്താംബൂള്‍ ഗാസി പാര്‍ക്കിലെ മരങ്ങള്‍ പിഴുതെറിയും എന്നാണ് പ്രക്ഷോഭകര്‍ അവകാശപ്പെടുന്നത്. ഭരണകൂടം ഇത് വരെയും പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തിയില്ലെന്ന് മാത്രമല്ല, ന്യായമായ പ്രതിപക്ഷ സമരങ്ങള്‍ക്ക് അവസരങ്ങള്‍ നല്‍കുകയും ചെയ്തുപോന്നു. ക്രിമിനല്‍വല്‍കരണവും തെറ്റായ വിവരങ്ങളുടെ വ്യാപനവും തടയാനുള്ള ശ്രമങ്ങളും ഓണ്‍ലൈന്‍ സെന്‍സര്‍ഷിപ്പ് നടപ്പാക്കിയതുമെല്ലാം ഉര്‍ദ്ദുഗാനെതിരെ പ്രതിപക്ഷം ഉയര്‍ത്തിയെങ്കിലും അതൊന്നും ജനങ്ങള്‍ വേണ്ടത്ര ഏറ്റെടുക്കുകയുണ്ടായില്ല. മാധ്യമങ്ങള്‍ ആരോപിക്കുന്നത് പോലെ ഉര്‍ദ്ദുഗാന്‍ നിരന്തരമായി എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുകയോ സ്വേച്ഛാധിപതിയായി പെരുമാറുകയോ ചെയ്തിട്ടില്ലെന്ന് തുര്‍കിഷ് ജനതക്ക് നന്നായിട്ടറിയാം. പടിഞ്ഞാറന്‍ മാധ്യമങ്ങളുടെ കുറിപ്പടിവായിച്ച് തുര്‍ക്കിയില്‍ മാധ്യമ സ്വാതന്ത്ര്യം ഹനിച്ചുവെന്ന് മാത്രം നിരൂപണം നടത്തുന്നവര്‍ ഈ മാധ്യമങ്ങള്‍ രാജ്യത്തിനു എന്താണു സംഭാവന ചെയ്യുന്നതെന്നു കൂടി അന്വേഷിക്കേണ്ടി വരും.

കുര്‍ദിഷ് പ്രശ്‌നം പരിഹരിക്കണമെന്ന് മുറവിളികൂട്ടുന്ന പ്രതിപക്ഷത്തിന് പോലും കൃത്യമായ പദ്ധതി നല്‍കാനോ പരിഹാരം നിര്‍ദേശിക്കാനോ സാധിച്ചിരുന്നില്ല. തങ്ങളുടെ മേഖലകളില്‍ സ്വയം ഭരണം വേണമെന്നാണ് കുര്‍ദുകള്‍ ആവശ്യപ്പെടുന്നത്. ഭൂരിപക്ഷം തുര്‍ക്കി നിവാസികളും കുര്‍ദുകള്‍ക്ക് സ്വയംഭരണം നല്‍കുന്നതിനെ ഇഷ്ടപ്പെടുന്നില്ല. തീവ്രവിഭാഗങ്ങളോടൊപ്പം നില്‍ക്കുന്ന കുര്‍ദിഷ് ജനത എന്നും തുര്‍ക്കി ഭരണകൂടത്തിന് തലവേദനയായിരുന്നു.

ഭൂകമ്പ സഹായം

അമ്പതിനായിരത്തോളം ആളുകളുടെ ജീവന്‍ പൊലിഞ്ഞ ഏറ്റവും ഒടുവിലെത്തെ ഭൂകമ്പത്തില്‍ ഭരണകൂടം മെല്ലെപ്പോക്ക് നയം സ്വീകരിച്ചു എന്നാണ് പ്രതിപക്ഷത്തേക്കാള്‍ ഏറെ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. എന്നാല്‍, യാഥാര്‍ഥ്യം അങ്ങനെയായിരുന്നില്ല. ആവശ്യമായ എല്ലാ മാനുഷിക സഹായവും ഉറപ്പുവരുത്തുകയും ഒട്ടേറെ പേരുടെ ജീവന്‍ രക്ഷിക്കാന്‍ ഭരണാധികാരിയുടെ ശ്രമങ്ങള്‍ക്ക് സാധിക്കുകയും ചെയ്തു എന്നത് ലോക മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തതാണ്. ദുരന്തത്തിന്റെ ബാക്കിപത്രം അറിയണമെങ്കില്‍ പ്രകൃതി ദുരന്തങ്ങള്‍ നടന്ന സ്ഥലങ്ങളിലൂടെ ഒന്ന് പോയി നോക്കണം. ഇന്നത്തെ അവസ്ഥ അവിടെയുള്ള ആളുകളോട് ചോദിക്കണം. 2023-ലെ പ്രകൃതി ദുരന്തത്തിനു ശേഷം ആ ഗവണ്‍മെന്റ് എടുത്ത നിലപാട് അവിടെയുള്ള ജനങ്ങള്‍ക്ക് അനുകൂലമായിരുന്നു. യു.എന്‍ കണക്കുകള്‍ പ്രകാരം 40 ലക്ഷം ആളുകളെ ഭൂകമ്പം നേരിട്ട് ബാധിച്ചു. ഒറ്റയടിക്ക് അവരെയെല്ലാം തിരിച്ചുകൊണ്ടു വരാന്‍ സാധിക്കില്ല, രാജ്യത്തെ പൂര്‍വ്വ സ്ഥിതിയിലേക്ക് തിരിച്ച് കൊണ്ടുവരാന്‍ ഏതാണ്ട് 103 ബില്യണ്‍ ഡോളര്‍ വേണമെന്നാണു കണക്കാക്കുന്നത്. തുര്‍ക്കിക്ക് ഒറ്റക്ക് ഇത് താങ്ങാന്‍ കഴിയില്ല. എന്നിട്ടും ഈ പ്രദേശങ്ങളിലെ പുനര്‍നിര്‍മാണപ്രക്രിയ ത്വരിതഗതിയില്‍ നടക്കുകയാണ്. 10 മാസങ്ങള്‍ കൊണ്ട് വീടു നഷ്ടപ്പെട്ടവരെ പുതിയ താമസസ്ഥലത്ത് പാര്‍പ്പിക്കാന്‍ ആകുമെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്. ആദ്യഘട്ട തെരെഞ്ഞടുപ്പ് ഫലം വന്നപ്പോള്‍ ഭൂകമ്പം നേരിട്ടു ബാധിച്ച 11 പട്ടണങ്ങളും ഉര്‍ദ്ദുഗാനും എ.കെ പാര്‍ട്ടിക്കുമാണ് വോട്ട് നല്‍കിയത് എന്നതില്‍ പരം മറ്റൊരു തെളിവും ഈ വിഷയത്തില്‍ ആവശ്യമില്ല.

കുര്‍ദിഷ് പ്രശ്‌നം

ഉര്‍ദ്ദുഗാനെതിരെ എതിരാളികള്‍ ഉന്നയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയമാണ് കുര്‍ദിഷ് പ്രശ്‌നം. കുര്‍ദുകളുടെ പ്രശ്‌നം തുര്‍ക്കിയിലെ മാത്രം ഒരു തര്‍ക്കവിഷയമല്ല. ഇറാഖിലും സിറിയയിലും ഇറാനിലും പോലെ തുര്‍ക്കിയിലും കുര്‍ദുകള്‍ ന്യൂനപക്ഷമാണ്. രാജ്യത്തെ ജനസഖ്യയുടെ 19% കുര്‍ദുകള്‍ തുര്‍ക്കിയില്‍ വസിക്കുന്നു. അവര്‍ ഇറാഖിനെ പോലെ തുര്‍ക്കിയിലും വലിയ സ്വാധീനശക്തിയാണ്. അവര്‍ക്ക് സാംസ്‌കാരികവും ഭാഷാപരവുമായ ദേശീയവുമായ സ്വത്വത്തിനു വേണ്ടി മുറവിളികൂട്ടുന്നതും പുതിയ സംഭവമല്ല. തുര്‍ക്കിയില്‍ കമാല്‍ അത്താതുര്‍ക്കിന്റെ കാലം മുതല്‍ കുര്‍ദ്ദിഷ് വിഷയം നിലനില്‍ക്കുന്നുണ്ട്. 1923-ല്‍ രാജ്യം സ്വതന്ത്രമാകുന്നതിനു മുമ്പ് കുര്‍ദുകളോട് ഏറ്റുമുട്ടിയ ചരിത്രമുണ്ട്. കുര്‍ദിഷ് ഭാഷക്ക് പോലും വിലക്കുണ്ടായിരുന്ന രാജ്യത്ത് 2003-ല്‍ എ.കെ.പി അധികാരമേറ്റത് മുതലാണ് കുര്‍ദുകളെ അംഗീകരിച്ചു തുടങ്ങിയത്. അവരുമായി ഡയലോഗുകള്‍ നടത്തുകയും അവര്‍ക്ക് അവകാശങ്ങള്‍ വകവെച്ചു നല്‍കുകയും ചെയ്യുന്നത്. 2014ലെ സിറിയയുടെ പതനം വരെ അതില്‍ വലിയ പുരോഗതി ഉണ്ടായിരുന്നു. കുര്‍ദിഷ് പ്രശ്‌നം പരിഹരിക്കണമെന്ന് മുറവിളികൂട്ടുന്ന പ്രതിപക്ഷത്തിന് പോലും കൃത്യമായ പദ്ധതി നല്‍കാനോ പരിഹാരം നിര്‍ദേശിക്കാനോ സാധിച്ചിരുന്നില്ല. തങ്ങളുടെ മേഖലകളില്‍ സ്വയം ഭരണം വേണമെന്നാണ് കുര്‍ദുകള്‍ ആവശ്യപ്പെടുന്നത്. ഭൂരിപക്ഷം തുര്‍ക്കി നിവാസികളും കുര്‍ദുകള്‍ക്ക് സ്വയംഭരണം നല്‍കുന്നതിനെ ഇഷ്ടപ്പെടുന്നില്ല. തീവ്രവിഭാഗങ്ങളോടൊപ്പം നില്‍ക്കുന്ന കുര്‍ദിഷ് ജനത എന്നും തുര്‍ക്കി ഭരണകൂടത്തിന് തലവേദനയായിരുന്നു. അതുകൊണ്ടു തന്നെ സ്വയംഭരണം എന്ന കുര്‍ദിഷ് സ്വപ്നത്തിനുമേല്‍ തുര്‍ക്കി ഭരണകൂടം വാളോങ്ങി നില്‍ക്കുകയും ചെയ്തു. കഴിഞ്ഞ 40 വര്‍ഷത്തോളമായി ഭരണകൂടത്തിനെതിരെ ഭീകരാക്രമണം നടത്തിവരുന്ന പി.കെ.കെ പോലുള്ള തീവ്രവിഭാഗങ്ങളാണ് തുര്‍ക്കിയില്‍ കുര്‍ദുകളെ പ്രതിനിധീകരിക്കുന്നത്. ഇന്ന് കുര്‍ദുകള്‍ക്ക് അവരുടെ ഭാഷയും സംസ്‌കാരവും സ്വത്വവും മുറുകെപ്പിടിച്ച് ജീവിക്കുവാന്‍ കഴിയുന്നു എന്നതുമാത്രമല്ല, അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി വോട്ട് ചെയ്യുവാനും പാര്‍ലമെന്റില്‍ അംഗത്വമുണ്ടക്കുവാനും സാധിച്ചിരിക്കുന്നു. അതേസമയം കമ്യൂണിസ്റ്റ് ലിബറലുകളോടൊപ്പം നിന്നുകൊണ്ട് വംശീയത ഉയര്‍ത്തി രാജ്യത്തെ അപായപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ഏത് രാജ്യത്തിനാണ് നോക്കി നില്‍ക്കുവാന്‍ സാധിക്കുക. എന്തൊക്കെയായാലും ഈ തെരഞ്ഞെടുപ്പില്‍ കുര്‍ദിഷ് പാര്‍ട്ടികള്‍ ഉര്‍ദ്ദുഗാനെ പിന്തുണച്ചില്ലെങ്കിലും അവരുമായുള്ള ചര്‍ച്ചകളുടെ വാതിലുകള്‍ വീണ്ടും തുറക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

ഉര്‍ദ്ദുഗാന്‍ പരാജയപ്പെട്ടിരുന്നെങ്കില്‍

ഉര്‍ദ്ദുഗാന്‍ വിജയിച്ചാല്‍ എന്തുസംഭവിക്കും എന്നതിനേക്കാള്‍ പ്രധാനമാണ് ഉര്‍ദ്ദുഗാന്‍ പരാജയപ്പെട്ടാല്‍ എന്തു സംഭവിക്കും എന്നത്. അതിനു കാരണം, കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളായി തുര്‍ക്കി ഇടപെടുന്ന വിഷയങ്ങള്‍ തന്നെയാണ്. ഖത്തര്‍ ഉപരോധം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഉര്‍ദ്ദുഗാന്റെ ഇടപെടല്‍ ആരും മറക്കാനിടയില്ല. നാളിതുവരെയായി ലോകത്തുടനീളം ഫലസ്തീന്‍ വിഷയത്തില്‍ ഫലസ്തീനു വേണ്ടി നിലകൊള്ളാന്‍ തുര്‍ക്കിയെ പോലെ മറ്റൊരു രാജ്യത്തിനും സാധിച്ചിട്ടില്ല. ഇസ്രായേലിനും സിറിയക്കുമിടയില്‍, സൈപ്രസ് വിഷയത്തില്‍, ഖത്തര്‍-സൗദി തര്‍ക്കത്തില്‍, ഇറാന്‍-സൗദി വിഷയത്തിലുമെല്ലാം തുര്‍ക്കി വഹിച്ച പങ്ക് എന്തുകൊണ്ടും ഒരു ഭരണാധികാരിയുടെ സജ്ജീവതയും നേതൃപാഠവവും തെളിയിക്കുന്നുണ്ട്. റഷ്യയുടെ അധിനിവേശത്തിനെതിരെ ഉക്രൈനൊപ്പം ചേരുമ്പോഴും സാമ്പത്തിക വിഷയങ്ങളില്‍ രാജ്യ താല്‍പര്യം സംരക്ഷിക്കാന്‍ റഷ്യയോടൊപ്പം നില്‍ക്കുവാനും അവരുടെ സഹായം സ്വീകരിക്കാനും തുര്‍ക്കി കാണിച്ച സന്തുലിത നിലപാട് ലോകം നോക്കികണ്ട മറ്റൊരു മാതൃകയാണ്. മലേഷ്യ മുതല്‍ സെനഗല്‍ വരെയും പാക്കിസ്ഥാന്‍ മുതല്‍ താന്‍സാനിയ വരെയുള്ള രാജ്യങ്ങള്‍ക്ക് തുര്‍ക്കിയുടെ തണല്‍ ലഭിക്കുന്നുണ്ടെന്നതും ശുഭോദര്‍ക്കമാണ്.


ഉര്‍ദുഗാന്റെ വിജയം മുസ്‌ലിം ലോകത്തിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഇസ്‌ലാമിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള പോരാട്ടങ്ങള്‍ മുസ്‌ലിം ലോകത്തിന് എന്നും മുതല്‍ കൂട്ടായിരുന്നു. അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങള്‍ വിവിധങ്ങളായ വിഷയങ്ങള്‍ മുന്നിലിട്ട് പ്രലോഭിപ്പിക്കുകയും നിരന്തരമായി പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുകയും ചെയ്‌തെങ്കിലും അതിനെ മറികടക്കാനും ജനകീയ അടിത്തറ നിലനിര്‍ത്താനും ഉര്‍ദ്ദുഗാനു കഴിഞ്ഞു. ധാര്‍മികത കൈവിടാതെയും തങ്ങളുടെ ആശയങ്ങളില്‍നിന്നും വഴിമാറാതെയും സഞ്ചരിക്കുവാന്‍ തുര്‍ക്കിക്ക് സാധിക്കുന്നതുകൊണ്ടുതന്നെയാണ് തുര്‍ക്കിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിനെ പടിഞ്ഞാറ് വല്ലാതെ ഭയപ്പെടുന്നത്. കേവല സൈദ്ധാന്തിക അവകാശവാദങ്ങള്‍ക്കപ്പുറം ഉര്‍ദ്ദുഗാന്റെ ഉള്‍കാഴ്ച്ചയുള്ള രാഷ്ടീയ അടിത്തറയും കൃത്യമായ നിലപാടും പടിഞ്ഞാറിനെ അസ്വസ്ത്ഥമാക്കുന്നു. അറബ് മുസ്‌ലിം രാജ്യങ്ങളുമായും ഇറാനുമായും ചേര്‍ന്നു നിര്‍ക്കുന്നത് അമേരിക്കയേയും യൂറോപ്പിനേയും വല്ലാതെ അലട്ടുന്നുണ്ടെന്ന് തെരെഞ്ഞെടുപ്പ് കാമ്പയിനുകള്‍ തെളിയിച്ചതാണ്. എല്ലാ അടവുകളും പയറ്റിയിട്ടും പടിഞ്ഞാറിനു അടിയറവ് പറയേണ്ടി വന്നുവെന്നത് ഇനി ചരിത്രമാകും. ഗദ്ദാഫിയുടെ പതനത്തിനു ശേഷം ലിബിയയെ വിഴുങ്ങാന്‍ ഫ്രാന്‍സുള്‍പ്പെടെയുള്ള പശ്ചാത്യ രാജ്യങ്ങളുടെ ശ്രമങ്ങള്‍ക്കെതിരെ തടയിട്ടതും തുര്‍ക്കിയായിരുന്നു. തുര്‍ക്കിയുടെ നേതൃത്വത്തില്‍ സോമാലിയയില്‍ നടക്കുന്ന പുനര്‍നിര്‍മാണപ്രക്രിയ ഉള്‍പ്പെടെ പ്രയാസമനുഭവിക്കുന്ന രാജ്യങ്ങളിലേക്കെല്ലാം സഹായഹസ്തം നീട്ടാന്‍ സാധിച്ച മാതൃകാ ഭരണാധികാരിയാണ് കൂടിയാണു ഉര്‍ദുഗാന്‍.


2011ലെ സിറിയന്‍ കലാപത്തിനു ശേഷം ഏതാണ്ട് 36 ലക്ഷം സിറിയന്‍ അഭയാര്‍ഥികളെ തുര്‍ക്കിയില്‍ പാര്‍പ്പിച്ചിട്ടുണ്ട്. ഇവരെ തിരിച്ചയക്കാന്‍ ഉര്‍ദുഗാനു മേല്‍ വളരെ അധികം സമ്മര്‍ദമുണ്ടായിരുന്നു. എന്നാല്‍, തിരിച്ചയച്ചാല്‍ ഉണ്ടാകുന്ന ദുരന്തം മുന്നില്‍ കണ്ടുകൊണ്ട് അവരെ ഘട്ടം ഘട്ടമായി തിരിച്ചയക്കാനുള്ള പദ്ധതി തയ്യാറാക്കുകയായിരുന്നു തുര്‍ക്കി. സിറിയയിലെ പ്രത്യേക കേന്ദ്രങ്ങളില്‍ അവര്‍ക്ക് താമസിക്കുവാന്‍ പാര്‍പ്പിടമൊരുക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കുകയും ചെയ്ത് ഏതാണ്ട് 10 ലക്ഷം ആളുകളെ തിരിച്ചയക്കാന്‍ തയ്യാറെടുക്കുകയാണ്. മറ്റൊരു രാജ്യവും ചെയ്യാത്ത ഇത്തരം മാനുഷിക പ്രവര്‍ത്തനങ്ങള്‍ പക്ഷെ പടിഞ്ഞാറിന്റെ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയില്ല. അഭയാര്‍ഥികളുടെ പ്രശ്‌നമുന്നയിക്കുന്നവര്‍ക്ക് അവരെ തിരിച്ചയക്കണമെന്നല്ലാതെ പരിഹാരം നിര്‍ദേശിക്കാന്‍ സാധിച്ചിരുന്നില്ല. അവിടെയാണു അവര്‍ക്ക് അവരുടെ രാജ്യത്ത് മാന്യമായ പുനരധിവാസം ഒരുക്കി കൊടുത്തുകൊണ്ടുള്ള മടക്കം ഒരുക്കി തുര്‍ക്കി മാതൃകയാകുന്നത്. ഉര്‍ദ്ദുഗാന്റെ വിജയത്തില്‍ തുര്‍ക്കി ജനതയോടൊപ്പം സന്തോഷിക്കുന്ന ഒരു വിഭാഗം ഈ അഭയാര്‍ഥികളാകുമെന്നതില്‍ സംശയമില്ല.

വിശാലമായ ഭൗമരാഷ്ടീയത്തിനുമേല്‍ വട്ടം കറങ്ങികൊണ്ടിരിക്കുന്ന പടിഞ്ഞറിന്റെ ഇംഗിതത്തിനു വഴങ്ങാത്ത വഴക്കാളിയായി ഇനിയും ഉര്‍ദ്ദുഗാനെ കാണാന്‍ കഴിഞ്ഞേക്കും. വരുന്ന ഏതാനും വര്‍ഷങ്ങള്‍ സാമ്പത്തികമായ സഹകരണത്തിന്റേയും ദേശസുരക്ഷയുടേയും മാര്‍ഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കികൊണ്ട് രാജ്യത്തെ നയിക്കുകയും പ്രധാനപ്പെട്ട നാറ്റൊ അംഗം എന്ന നിലയിലും വലിയ സൈനികശക്തി എന്ന നിലയിലും രാജ്യത്തിനകത്തും പുറത്തും ഇനിയും വലിയ ദൗത്യം നിര്‍വ്വഹിക്കുന്ന രാജ്യമായി തുര്‍ക്കി മാറുമെന്നാണ് ഈ രംഗത്തെ പ്രമുഖരുടെ വിലയിരുത്തല്‍. അന്താരാഷ്ട്ര തലത്തിലുള്ള തങ്ങള്‍ക്കുള്ള സ്വാധീനം ഫലപ്രദമായി ഉപയോഗിക്കാനും മൂല്യങ്ങള്‍ നിലനിര്‍ത്തികൊണ്ട് ജനാധിപത്യമാര്‍ഗത്തില്‍ ഭരണം മുന്നോട്ട് നയിക്കാനും ഉര്‍ദദ്ദുഗാനു സാധിക്കണമെന്നാണ് ജനങ്ങളുടെ പ്രത്യാശ.