Quantcast
MediaOne Logo

ഇ.കെ ദിനേശൻ

Published: 7 March 2022 5:14 AM GMT

സമകാലീന പ്രവാസം, തുടർ വായനയല്ല

മലയാളി പ്രവാസ ജീവിതത്തിന്റെ പ്രതിസന്ധികൾ വിശകലനം ചെയ്യുന്നു

സമകാലീന പ്രവാസം, തുടർ വായനയല്ല
X
Listen to this Article

മലയാളിയുടെ ഗൾഫ് തൊഴിൽ പ്രവാസം തുടങ്ങിയതിനു ശേഷം അത് ക്രമാനുഗതമായി കേരളീയ സമൂഹത്തിൽ ഉണ്ടാക്കിയ മാറ്റങ്ങൾ അനവധിയാണ്. ഒറ്റവാക്കിൽ പറഞ്ഞാൽ സാമ്പത്തിന്റെ ലഭ്യത മനുഷ്യരുടെ ജീവിതത്തെ അടിമുടി മാറ്റിപ്പണിതു. അതിൽ തന്നെ അടിസ്ഥാന ആവശ്യങ്ങളിൽ നിന്നു തുടങ്ങി വ്യത്യസ്ത ജീവിത വ്യവഹാരങ്ങളിൽ ഗൾഫ് പ്രവാസം നടത്തിയ ഇടപെടൽ സമൂഹത്തിന്റെ ഉൾധാരകളിൽ സമാനതകളില്ലാത്ത ഉണർവ് സൃഷ്ടിച്ചു. ഇത് ചെറിയ കാര്യമല്ല. അതിനിടയിൽ 1991-ലെ ഇറാഖ് കുവൈറ്റ് യുദ്ധം, ആ രാജ്യത്തെ പ്രവാസികളുടെ തൊഴിൽ സ്ഥിരതയെ ബാധിച്ചെങ്കിലും അതിനെ പോലും താൽക്കാലിക പ്രതിസന്ധിയായി അതിജീവിക്കാൻ മലയാളികൾക്ക് കഴിഞ്ഞു. അത്രമാത്രം പ്രവാസത്തെ തങ്ങളുടെ ദൈനംദിന ജീവിതത്തിൽ നിന്ന് മാറ്റി നിർത്താൻ കഴിയാത്ത ജീവിതമാർഗമായി മലയാളികൾ സ്വീകരിച്ചിരുന്നു. എന്നാൽ, 2013 ൽ സൗദി അറേബ്യയിൽ ശക്തി പ്രാപിച്ച സ്വദേശിവൽകരണം അടിസ്ഥാന പ്രവാസി വർഗത്തിന്റെ നിലനിൽപിനെ ബാധിച്ചു തുടങ്ങി. ദേഹാധ്വാനം കൊണ്ട് മാത്രം പ്രവാസിയായി തൊഴിൽ ജീവിതം നയിച്ച ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് 2013നു ശേഷം സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തേണ്ടി വന്നു. ആ ഒഴുക്കിനെ വലുതാക്കിയത് ഏറ്റവും കൂടുതൽ പ്രവാസികൾ സൗദി എന്ന രാഷ്ട്രത്തെയാണ് തങ്ങളുടെ തൊഴിൽ ദേശമായി തിരഞ്ഞെടുത്തത് എന്നതുകൊണ്ടു കൂടിയാണ്. അപ്പോഴും അവരുടെ മുമ്പിൽ പ്രവാസത്തിന്റെ ഭാവി അടഞ്ഞിരുന്നില്ല.


സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി മടങ്ങിയ അടിസ്ഥാന തൊഴിൽ സമൂഹത്തിൽ ഭൂരിഭാഗവും ഡൈ്രവർ, മൊബൈൽ ഷോപ്പ്, സ്പെയർ പാർട്സ്, റെഡിമെയ്ഡ്, ബക്കാല തുടങ്ങിയ ഏറ്റവും കുറഞ്ഞ ശബളത്തിൽ തൊഴിൽ ചെയിതിരുന്നവരായിരുന്നു. ഇത്തരം മനുഷ്യരെ സംബന്ധിച്ച് പ്രവാസം എന്നത് കുടംബത്തിന്റെ നിലനിൽപിന്റെ ഭാഗമാണ്. അതുകൊണ്ടാണ് ഒരിടത്ത് വാതിൽ അടഞ്ഞാൽ മറ്റൊരിടത്ത് വാതിൽ തുറക്കെപ്പടേണ്ടത് അതിജീവനത്തിന്റെ ഭാഗമാണ് എന്ന സ്വയം തിരിച്ചറിവിലേക്ക് സ്വദേശിവൽകരണത്താൽ പുറത്താക്കപ്പെട്ട പ്രവാസികൾ എത്തിപ്പെട്ടത്. അങ്ങനെ അവർ മറ്റ് ഗൾഫ് രാജ്യങ്ങളിൽ എത്തിച്ചേർന്നു. കൂടുതൽ പ്രവാസികൾ എത്തിയത് യു.എ.ഇ.യിൽ ആണ്. അത് ഇപ്പോഴും തുടരുന്നു. അന്നും ഇന്നും സൗദി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മലയാളികൾ ഉള്ള ഗൾഫ് രാജ്യം യു.എ.ഇ ആണ്.





സ്വദേശിവൽകരണത്തിന്റെ ഇരകളായവർക്ക് ഇങ്ങനെ തങ്ങളുടെ പ്രവാസത്തിന് തുടർച്ച ഉണ്ടാക്കാൻ സാധിച്ചു. മറ്റൊരു അർഥത്തിൽ കുടുംബത്തെ പട്ടിണിയിൽ നിന്ന് രക്ഷിച്ചെടുക്കാൻ കഴിഞ്ഞു. ഇതേ അവസരത്തിൽ മറ്റൊരു വിഭാഗം നാട്ടിൽ തന്നെ തുടർ ജീവിതത്തെ പച്ച പിടിപ്പിക്കാൻ വ്യത്യസ്ത മേഖലകളിൽ ശ്രമം തുടങ്ങി. അതിന് അവരെ പ്രാപ്തരാക്കിയത് പ്രവാസ ലോകത്ത് നിന്ന് നേടിയ തൊഴിൽ നൈപുണ്യമാണ്. വലിയ മുതൽ മുടക്ക് ഇല്ലാത്തെ തങ്ങളുടെ തൊഴിൽ ജ്ഞാനത്തെ സ്വന്തം ദേശത്ത് പറിച്ച് നട്ടു. അതിൽ ഏറ്റവും കൂടുതൽ പരീക്ഷിക്കപ്പെട്ടത് ഭക്ഷണശാലകളായിരുന്നു. മലയാളിയുടെ മാറിയ ജീവിതരീതികളായിരുന്നു അതിന് അവസരം ഒരുക്കിക്കൊടുത്തത്. സ്വന്തം അടുക്കളക്ക് അവധി കൊടുത്ത് മലയാളി പുറം അടുക്കളയിൽ ഭക്ഷണത്തിന്റെ വൈവിധ്യങ്ങളെ ആസ്വദിക്കാൻ തുടങ്ങിയത് ഇത്തരക്കാർക്ക് വലിയ ഗുണം ചെയ്തു. അങ്ങനെ അറേബ്യൻ ഭക്ഷണം ഉൾനാടിൽ പോലും സുലഭമായി. ഇത് മടങ്ങി എത്തിയ പ്രവാസികളുടെ അതിജീവനത്തിന് നൽകിയ ശക്തി ചെറുതായിരുന്നില്ല. ഇതേ സമയത്ത് ന്യൂനപക്ഷമായ മധ്യവർഗ പ്രവാസികൾ നാട്ടിൽ തൊഴിൽ സാധ്യതകൾ ഉണ്ടാക്കുന്ന വ്യവസായ സ്ഥാപനങ്ങൾ നടത്താനുള്ള ശ്രമത്തിലായിരുന്നു.


എന്നാൽ, ഏറ്റവും ഒടുവിൽ കണ്ണൂരിലെ സാജന്റെ അനുഭവം അത്തരം പുതു വ്യവസായ സംരംഭകരെ പിന്നോട്ട് വലിച്ചു. ഇത്തരമൊരവസ്ഥയിലൂടെ പ്രവാസം മുന്നോട്ടു നീങ്ങുമ്പോഴാണ് 2019-ന്റെ അവസാനത്തോടെ കോവിഡ് ലോകജനതയുടെ സാമുഹിക ജീവിതത്തെ അടിമുടി മാറ്റിപ്പണിയാൻ തുടങ്ങിയത്. അതിൽ ഏറ്റവും കൂടുതൽ തൊഴിൽ നഷ്ടവും ജീവിത അസ്ഥിരതയും അനുഭവിച്ചുകൊണ്ടിരിക്കുന്ന വിഭാഗമാണ് ഗൾഫിലെ പ്രവാസി തൊഴിൽ സമൂഹം. ഇവരിൽ കുടുതൽ ഇന്ത്യക്കാരും ഇന്ത്യക്കാരിൽ കൂടുതൽ മലയാളികളുമായതുകൊണ്ട് കേരളീയ സാമൂഹിക ജീവിതത്തിൽ ഇത് ഉണ്ടാക്കിയ പ്രത്യാഘാതങ്ങൾ ചെറുതല്ല





കോവിഡ് സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് ഏതെങ്കിലും വിഭാഗത്തിന് മാത്രമായി രക്ഷ നേടാൻ സാധ്യമല്ല. എന്നാൽ, ചില വിഭാഗങ്ങളുടെ ഭാവിയെ തന്നെ അത് തകർത്തു കളഞ്ഞു. നേരത്തെ നിലനിന്ന സാമൂഹിക അസമത്വങ്ങളുടെ ഇരകളായ മനുഷ്യരെയാണ് കോവിഡ് എടുത്തു കുടഞ്ഞിട്ടത്. ഇതിൽപെട്ടവരാണ് ആഭ്യന്തര-അന്തർ ദേശീയ തൊഴിൽ കുടിയേറ്റ സമൂഹം. ഇന്ത്യയിലെ ആഭ്യന്തര തൊഴിൽ സമൂഹം ഭരണകൂടത്തിന്റെ ഇരകളായത് ലോകം കണ്ടതാണ്. ഇങ്ങനെ ലോകത്തെവിടെയും സംഭവിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള മനുഷ്യർ അവരുടെ കുടുംബത്തിന്റെ നെടുംതൂണായതുകൊണ്ട് ഒരേ സമയം വ്യക്തിപരമായ നിലനിൽപിന്റെ വിഷയത്തിന് പുറത്ത് സമൂഹത്തെ കൂടി ബാധിക്കുന്ന വിഷയമായി അത് മാറിക്കഴിഞ്ഞു. എളുപ്പത്തിലും വസ്തുനിഷ്ഠമായും അത് ബോധ്യപ്പെടാൻ സമകാലീന ഗൾഫ് പ്രവാസത്തെ വായിച്ചാൽ മതി. എന്നാൽ, അതൊരു തുടർവായനയല്ല.


സമകാലീന പ്രവാസം


കോവിഡിന്റെ രൂക്ഷത കുറഞ്ഞു വരുന്നതോടെ ഒാരോ രാജ്യങ്ങളും പുതിയ ഉണർവിലേക്ക് വരികയാണ്. ഇത് സമൂഹത്തിലെ അടിത്തട്ടിലെ മനുഷ്യരെ സമാധനപ്പെടുത്താൻ കാരണം, തുടക്കം മുതൽ കോവിഡ് വഴിയാധാരമാക്കിയത് ഏറ്റവും താഴെ തട്ടിൽ ജീവിക്കുന്നവരെയാണ്. നിത്യ തൊഴിൽ വഴി ഉപജീവനം നയിക്കുന്ന ഇത്തരം മനുഷ്യർക്ക് മുമ്പിൽ ലോകം ശക്തിയോടെ ചലിക്കേണ്ടതുണ്ട്. ആ ചലനത്തിന്റെ ബാഹ്യവും ആന്തരികവുമായ ഗുണഭോക്തക്കൾ തൊഴിൽസമൂഹം തന്നെയാണ്. മൂന്നാം ലോക രാജ്യങ്ങളിലെ സാധാരണ മനുഷ്യരുടെ തൊഴിൽ ആശ്രയ രാജ്യങ്ങളാണ് ഗൾഫ് രാഷ്ട്രങ്ങൾ. അവിടെ ഉണ്ടാകുന്ന നേരിയ മന്ദിപ്പ് ഇത്തരം മനുഷ്യരുടെ അടുക്കളെയാണ് നേരിട്ട് ബാധിക്കുക. അതിന്റെ പ്രത്യാഘാതങ്ങൾ കോവിഡ് കാലത്ത് നാം കണ്ടതാണ്. കേരളത്തിൽ തിരിച്ചെത്തിയ പ്രവാസികളുടെ ഏറ്റവും പുതിയ കണക്ക് പരിശോധിച്ചാൽ ചില കാര്യങ്ങൾ നമുക്ക് ബോദ്ധ്യപ്പെടും.





സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിന്റെ പഠന പ്രകാരം കോവിഡ് കാലത്ത് 14.17 ലക്ഷം പ്രവാസികളാണ് നാട്ടിൽ തിരിച്ചെത്തിയത്. ഇതിൽ 3.32 ലക്ഷം പ്രവാസികൾക്ക് ഇപ്പോഴും തിരിച്ചു പോകാൻ കഴിഞ്ഞിട്ടില്ല. അതായത് സർക്കാർ കണക്ക് പ്രകാരം 24 ലക്ഷം പ്രവാസികളാണ് ഗൾഫിൽ ഉള്ളത്. ഇതിൽ 14-ലക്ഷത്തിൽ കൂടുതൽ പ്രവാസികൾ നാട്ടിൽ തിരിച്ചെത്തി. അതിൽ തന്നെ 11 ലക്ഷത്തിൽ കൂടുതൽ പേർ തുടർ പ്രവാസത്തിനായി ഗൾഫിൽ എത്തിക്കഴിഞ്ഞു. അതായത്, കോവിഡ് ഉണ്ടാക്കിയ ഭയവും ആധിയും മനുഷ്യരെ സ്വന്തം ദേശത്ത് പിടിച്ചുകെട്ടാൻ മാത്രം ശക്തമല്ല. അല്ലെങ്കിൽ സ്വന്തം കുടുംബത്തോടൊപ്പം ജീവിക്കാൻ ആഗ്രഹിക്കുമ്പോഴും ദേശാന്തര തൊഴിൽ ജീവിതം കൊണ്ടു മാത്രമാണ് തങ്ങളുടെ കുടുംബ ജീവിതത്തെ മുന്നോട്ടു നയിക്കാൻ കഴിയൂ എന്ന് അവർ തിരിച്ചറിയുന്നു. തുടർ പ്രവാസത്തെ സജീവമാക്കുന്നത് ഈ സാമൂഹിക തിരിച്ചറിവാണ്. എന്നിട്ടും 3.32 പേർക്ക് തിരിച്ചു പോകാൻ കഴിഞ്ഞിട്ടില്ല. എന്തുകൊണ്ടായിരിക്കും അവരുടെ തുടർപ്രവാസം പ്രതിസന്ധി നേരിടുന്നത്.?


ഇത്രയും പ്രവാസികൾക്ക് തിരിച്ചു പോകാൻ കഴിയാത്തതിന്റെ കാരണങ്ങൾ പലതായിരിക്കാം. എന്നാൽ, അവർ തിരിച്ചു പോകാൻ ആഗ്രഹിക്കുന്നുണ്ട്. സർവേയിൽ പങ്കെടുത്തവരിൽ 54 ശതമാനം പേരും അവധിക്ക് വന്നതിന് ശേഷം തിരിച്ചുപോകാൻ കഴിയാത്തവരാണ്. ഇവരിൽ തന്നെ ഭൂരിഭാഗവും പത്ത് വർഷം പ്രവാസികളായവരാണ്. തിരിച്ചുപോകാൻ കഴിയാത്തതിന്റെ കാരണം, കോവിഡുമായി ബന്ധപ്പെട്ട വിഷയങ്ങൾ തന്നെയാണ്. വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കൽ, അന്തർദേശീയ യാത്രയിലെ നിബന്ധനകൾ, കൂടാതെ സൗദിയിൽ തൊഴിൽ വിസയുമായി ബന്ധപ്പെട്ട് ഉണ്ടായ പുതിയ നിയമങ്ങൾ, വർക്ക് പെർമിറ്റ്, റെസിഡന്റ് പെർമിറ്റ് എന്നിവയിൽ ഉണ്ടായ ഫീസ് വർധനവ്. ഇതൊക്കെ പ്രവാസികളുടെ മടക്കത്തെ നേരിട്ടു ബാധിച്ചു കഴിഞ്ഞു. ഇങ്ങനെ നാട്ടിൽ കുടുങ്ങിക്കിടക്കുന്നവരിൽ 71 ശതമാനവും തൊഴിൽ രഹിതരാണ്. ബാക്കിയുള്ള 29 ശതമാനം പേരും ചെറുകിട കച്ചവടക്കാരോ, ഒാട്ടോ തൊഴിലാളികളോ മറ്റ് തൊഴിൽ മേഖലയിൽ നിന്നുള്ള വരുമാനത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. അപ്പോഴും 88 ശതമാനം പേരും ഗൾഫിലേക്ക് തിരിച്ചുപോകാൻ ആഗ്രഹിക്കുന്നുണ്ട്. എന്തുകൊണ്ടാണ് അത്?





നാട്ടിലെ നിത്യ തൊഴിൽ മേഖലയെ എന്തുകൊണ്ടാണ് മടങ്ങി എത്തിയ പ്രവാസികൾക്ക് തങ്ങളുടെ തൊഴിലിടമായി സ്വീകരിക്കാൻ കഴിയാത്തത്. ഗൾഫിൽ 12 മണിക്കൂർ ജോലി ചെയ്താൽ കിട്ടുന്ന കൂലിയേക്കാൾ കൂടുതൽ നാട്ടിൽ 8-9 മണിക്കൂർ ജോലി ചെയ്താൽ കിട്ടുന്നുണ്ട്. ആ നേട്ടത്തെ, അവസരത്തെ ഇന്ന് കീഴടക്കിയിരിക്കുന്നത് അന്തർ സംസ്ഥാന തൊഴിലാളികളാണ്. അവരിൽ ഒരാളായി മാറാൻ സ്വന്തം നാട്ടുകാർക്ക് കഴിയാത്തതിനെ പെട്ടെന്ന് വിമർശിക്കാം. എന്നാൽ, അതിനെ ഏതെങ്കിലും തരത്തിലുള്ള അഭിമാനബോധത്തിന്റെ ഭാഗമായി കണ്ടല്ല വിമർശിക്കേണ്ടത്. മറിച്ച് ദീർഘകാലം (10 വർഷത്തിന് മുകളിൽ) നാട്ടിൽ ഇല്ലാത്ത ഒരു പ്രവാസിക്ക് അത്ര പെട്ടന്ന് നാട്ടിലിറങ്ങി തൊഴിൽ ചെയ്യാൻ കഴിയാത്ത വിധം അയാളുടെ മാനസികാവസ്ഥ മാറിക്കഴിഞ്ഞിട്ടുണ്ടാവും. അത് സ്വന്തം ദേശത്ത് നിന്ന് മാറി നിന്നതു കൊണ്ട് സംഭവിക്കുന്നതാണ്. അതിനെ മറികടക്കാനുള്ള ഉപാധിയായിട്ടാണ് പ്രവാസം തന്നെ ഏറ്റവും മികച്ച തിരഞ്ഞെടുപ്പായി മാറുന്നത്. ഇങ്ങനെയുള്ളവർ തന്നെയാണ് അവരുടെ കുടുംബത്തിന്റെ ഏക ആശ്രയവും.


സർവേയിൽ പങ്കെടുത്ത പകുതിയോളം പേരും തങ്ങളുടെ കുടുംബത്തിലേക്ക് മാസത്തിൽ 12,000 മുതൽ 20,000 രൂപ വരെ അയക്കുന്നവരാണ്. പ്രത്യക്ഷത്തിൽ ഈ തുക കുടുംബത്തിന്റെ ചിലവ് ഇനത്തിലേക്കാണ് എത്തിച്ചേരുന്നതെങ്കിലും നാട്ടിൻപുറം സമ്പദ് ഘടനയെ അത് സജീവമാകുന്നുണ്ട്. പ്രവാസം വ്യക്തിധിഷ്ടിത തീരുമാനവും തുടർച്ചയുമാണെങ്കിലും അതിന്റെ ഫലം സമൂഹം തുടക്കം മുതൽ അനുഭവിച്ചിട്ടുണ്ട്. അത് ഏറ്റവും അടിത്തട്ടിലെ മനുഷ്യരുടെ അതിജീവനത്തെ നിരന്തരം ചലാത്മകമാകുന്നതിൽ വഹിച്ച പങ്കിനെ ഒരിക്കലും തള്ളിപ്പറയാൻ കഴിയില്ല. എന്നാൽ, സമകാലീന പ്രവാസം അതിന്റെ തുടർച്ചയായി വായിക്കാൻ കഴിയില്ല.


എന്തുകൊണ്ട് തുടർവായനയല്ല


ഗൾഫ് പ്രവാസം തുടക്കം മുതൽ അവതരിപ്പിച്ച സന്തുഷ്ടി വ്യക്തികളുടെ സാമ്പത്തിക നേട്ടങ്ങളുടെ ഭാഗമാണ്. അതിന്റെ തുടർച്ച പ്രവാസത്തിലേക്ക് ഒഴുകി എത്തിയ പുതു പ്രവാസികളാണ് നിർവഹിച്ചത്. അതിൽ ഏറ്റക്കുറച്ചൽ ഉണ്ടായാലും ഒരിക്കലും നിലക്കാൻ സാധ്യതയില്ല. എന്നാൽ, സമകാലീന പ്രവാസം തുടർവായനക്ക് വലിയ സാധ്യത നൽകുന്നില്ല. പ്രത്യേകിച്ചും കോവിഡ് അനുബന്ധ ലോകവും കോവിഡ് അനന്തര ലോകവും എത്തിച്ചേർന്ന ജ്ഞാനമണ്ഡലത്തിൽ മനുഷ്യർ ആർജിച്ചെടുത്ത പുത്തൻ അറിവും അതിന്റെ പ്രയോഗവും തൊഴിൽ മേഖലയിൽ ആഴത്തിലുള്ള അണിച്ചുപണിയൽ നടത്തിക്കഴിഞ്ഞു. ഇത് ഗൾഫിലെ തൊഴിൽ രംഗങ്ങളിൽ ഉണ്ടാക്കിയ മാറ്റങ്ങളെ മലയാളിയുടെ ദേഹാധ്വാനം കൊണ്ട് മാത്രം മറികടക്കാൻ കഴിയില്ല. നവ സാങ്കേതികത, ഓൺലൈൻ വ്യാപാരം, നിർമ്മമിതി ബുദ്ധി തുടങ്ങിയ നവസാങ്കേതികതയെ പഠിച്ചാൽ മാത്രമേ തൊഴിൽ രംഗത്ത് പിടിച്ചു നിൽക്കാൻ കഴിയൂ. ഗ്രോസറിയിൽ പോലും ഓൺലൈൻ വ്യാപാരം വിജയിച്ച കാലത്ത് തന്റെ ശരീരത്തെ കൊണ്ടു മാത്രം തൊഴിലാളിയായി ഒരാൾക്ക് പിടിച്ചു നിൽക്കാൻ കഴിയില്ല. സാങ്കേതിക മേഖലയിൽ അടിസ്ഥാനപരമായ അറിവ് നേടിയാലെ മുന്നോട്ട് പോകാൻ കഴിയൂ. ക്ലീനിങ് ജോലി പോലും യന്ത്രത്താൽ നിയന്ത്രിതമായി കഴിഞ്ഞു.


ഈ പശ്ചത്തലത്തിലാണ് സമകാലീന പ്രവാസം 70-കളിൽ തുടങ്ങിയ മലയാളിയുടെ ഗൾഫ് പ്രവാസത്തിന്റെ തുടർച്ചയല്ല എന്ന തിരിച്ചറിവ് സാധ്യമാക്കുന്നത്. ആ തിരിച്ചറിവ് ഉണ്ടാകുമ്പോൾ തന്നെ അതിനൊപ്പം സഞ്ചരിക്കുന്ന പുതു തലമുറ പ്രവാസത്തെ വാർത്തെടുക്കാൻ നമുക്ക് കഴിയേണ്ടതുണ്ട്. ഇന്ന് കേരളത്തിൽ നിന്നു പോകുന്ന യുവാക്കൾ മേൽപ്പറഞ്ഞ തൊഴിൽ നൈപുണ്യം നേടിയവരാണ്. അവരോട് ഇനി പഴയ പ്രവാസത്തിന്റെ വൈകാരിക അനുഭവങ്ങൾ പങ്ക് വെച്ചാൽ നാം പരാജയപ്പെട്ടു പോകും. കാരണം, അവരുടെ മുമ്പിലെ ലോകം പാടി മാറിക്കഴിഞ്ഞു. ആ മാറ്റത്തോടൊപ്പം അതിവേഗം സഞ്ചരിച്ച രാജ്യങ്ങളാണ് ഗൾഫ്. അവിടെയാണ് തന്റെ പഴയ ഗൾഫ് പരിചയം വെച്ച് കേരളത്തിൽ കുടങ്ങിക്കിടക്കുന്ന 3.31 ലക്ഷം പ്രവാസികളിൽ 80 ശതമാനവും തിരിച്ചു പോകാൻ തയ്യാറായി നിൽക്കുന്നത്. എന്നാൽ, കോവിഡ് - അനുബന്ധ, അനന്തരം പ്രവാസം ഒരു തുടർവായനക്ക് സാധ്യമല്ലാത്ത വിധം മാറി എന്ന യാഥാർഥ്യം ഇനിയെങ്കിലും കേരളം തിരിച്ചറിയേണ്ടതുണ്ട്. എന്നാൽ മാത്രമേ നാട്ടിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസി കുടുംബങ്ങൾക്ക് നാട് ആശ്രയമാവൂ. അവരുടെ പുനരധിവാസത്തിന് ആവശ്യമായ തൊഴിൽ സാഹചര്യവും സാമ്പത്തിക സഹായവും സർക്കാർ നൽകേണ്ടതുണ്ട്. കേരളത്തെ ഇന്നത്തെ അവസ്ഥയിൽ എത്തിച്ചതിൽ വലിയ പങ്ക് വഹിച്ചവരോടുള്ള നന്ദി പ്രകടനം കൂടിയാണത്.


TAGS :