Quantcast
MediaOne Logo

ഫൗസിയ ഷംസ്

Published: 22 Oct 2022 9:30 AM GMT

വേണം ഒരു തിരിച്ചുപോക്ക്

വിദ്യാഭ്യാസവും തൊഴില്‍ രംഗത്തെ പുരോഗതിയും അളന്ന് നരബലി കേട്ട് ഞെട്ടിയവര്‍ നമ്മുടെ പ്രസിദ്ദീകരണ-സിനിമകളിലേക്കൊന്ന് സൂക്ഷ്മമായി നോക്കിയാല്‍ മതി. എത്രമാത്രം പ്രതിലോമകരമായ വായനയും പഠനവുമൊക്കെയാണ് നാം നടത്തുന്നതെന്നറിയാം. നമ്മുടെ പുരോഗമനക്കുപ്പായത്തിനുള്ളില്‍ കപട സിദ്ധന്മാര്‍ മന്ത്രിച്ചൂതിയ ഉറുക്കും നൂലും ഏലസ്സും ശംഖുമൊക്കെയാണ്. ശക്തമായ നിയമമാണാവശ്യം. സമവായവും ചര്‍ച്ചയുമില്ലാതെ ഒട്ടേറെ നിയമങ്ങളും ഓര്‍ഡിനന്‍സുകളും എല്ലാ ഗവണ്‍മെന്റു പലപ്പോഴും പാസാക്കിയിട്ടുണ്ട്. മൂന്നു വര്‍ഷത്തോളമായി ഇത്തരമൊരു നിയമത്തിനുളള ആവശ്യമുയര്‍ന്നിട്ട്. പക്ഷേ, പൊതുസമൂഹത്തിനകത്തുനിന്ന് വലിയ എതിര്‍പ്പ് വരാത്ത അന്ധവിശ്വാസ നിരോധന നിയമം പാസാക്കാന്‍ ഗവണ്‍മെന്റിന് തടസ്സം നില്‍ക്കുന്നത് ആരാണ്? ഏത് ആള്‍ ദൈവത്തിന്റെ, വിപണനതന്ത്രത്തിന്റെ പിടിയിലാണ് സര്‍ക്കാര്‍?

വേണം ഒരു തിരിച്ചുപോക്ക്
X

ജന്‍ഡര്‍ ഇക്വാലിറ്റിയെക്കുറിച്ച്, ജെന്‍ഡര്‍ ന്യൂട്രല്‍ ഡ്രസ്സ്‌കോഡിനെക്കുറിച്ചുള്ള ചര്‍ച്ചയിലായിരുന്നു നാം ഇന്നലെ വരെ. നമ്മുടെ ആണും പെണ്ണും വളരെ മാറിയിട്ടുണ്ട്. വിദ്യാസമ്പന്നരാണ്. വിവേകമതികളാണ്. ഉന്നത ജോലിയുള്ള പ്രൊഫഷനലിസ്റ്റുകളാണ്. ആരോഗ്യമേഖലയില്‍ ഇറക്കമില്ലാത്ത പുരോഗതി നമുക്കുണ്ട്. ലോകം വിറച്ചു പോയ കോവിഡ് മഹാമാരിയെ പോലും പിടിച്ചുകെട്ടിയവരാണ്. അത്രക്കും ഉയര്‍ന്ന സാമൂഹിക ശാസ്ത്ര അവബോധം കാത്തു സൂക്ഷിക്കുന്ന, അന്ധവിശ്വാസ, അനാചാരം തൊട്ടുതീണ്ടാത്തവരാണ് നാം. പോരാത്തതിന് ശബരിമല സ്ത്രീ പ്രവേശന സമയത്ത് നവോത്ഥാന മതില്‍ കെട്ടി എല്ലാ ചെകുത്താന്മാരെയും കൂടത്തില്‍ അടച്ചിട്ടുമുണ്ട്. അതുകൊണ്ട് ഇനി ആണും പെണ്ണും മുഖം തിരിച്ചു ഇടത്തും വലത്തുമായി ഇരിക്കണമെന്നില്ല. തുടയോട് തുടചേര്‍ന്ന് ഇരുന്നാല്‍ മാത്രം മതി. ആണ്, പെണ്ണ് എന്ന് വേര്‍തിരിച്ചു മനസ്സിലാകുന്ന ഡ്രസ്സും വേണ്ട. പാന്റ് ധരിച്ച്, എല്ലാവരും ഒരുപോലെ നടന്നാല്‍ മാത്രം മതി. ലക്ഷണമൊത്ത പുരോഗതിയുടെ ഇത്തരം വര്‍ത്തമാനങ്ങള്‍ മാത്രം മതി എന്നാണ് നമ്മോട് പുരോഗമനക്കാര്‍ പറഞ്ഞത്. എന്നാല്‍, ഇത്തരം പറച്ചിലില്‍ ഊറ്റംകൊള്ളുന്നവരുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പിക്കൊണ്ടാണ് ഞെട്ടിക്കുന്ന വാര്‍ത്ത നമുക്ക് മുന്നിലേക്ക് വന്നത്. നാം കെട്ടിപ്പൊക്കിയ നവോത്ഥാന മതില്‍ ചളി നിറഞ്ഞ ചതുപ്പിലായിരുന്നു എന്ന തിരിച്ചറിവാണ് നരബലി വാര്‍ത്ത. കെട്ടിയിട്ട് അടിച്ചുകൊല്ലുന്ന മനുഷ്യരെപ്പോലും നാണിപ്പിക്കും വിധം കൊന്നുതിന്നുക പോലും ചെയ്തു പ്രബുദ്ധ കേരളത്തിലെ മനുഷ്യര്‍.


നാടുണര്‍ന്ന സാമൂഹിക ബോധം

ശാസ്ത്രബോധത്തിലൂന്നിയ സാമൂഹികബോധം ഭരണഘടന ബാധ്യതയായി പറഞ്ഞ നാടാണ് നമ്മുടേത്. അത് ഏറെക്കുറെ കേരളത്തിന് പാലിക്കാന്‍ സാധിച്ചത്, കേരളത്തിലെ രാഷ്ട്രീയ പ്രബുദ്ധത വികാസം പ്രാപിച്ചത് സാമൂഹികമായ പുരോഗമന നവോത്ഥാന മൂല്യങ്ങളുടെ വീണ്ടെടുപ്പിലൂടെയായിരുന്നത് കൊണ്ടായിരുന്നു. മത നവീകരണ പ്രസ്ഥാനത്തിലും മതനവോത്ഥാന പ്രസ്ഥാനത്തിലും ഊന്നിയ, സാമൂഹിക ബോധമുള്ള രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു കേരളത്തിന്റെത്. കേരള മോഡല്‍ എന്ന് പരക്കെ അറിയപ്പെട്ട കേരളത്തിലെ വികസന രേഖ ഉയര്‍ന്ന സാമ്പത്തിക ശേഷിയുടെ പേരില്‍ മാത്രമായിരുന്നില്ല, കേരളം കാഴ്ചവെച്ച വിദ്യാഭ്യാസ സാമൂഹിക ബോധത്തെ അടിസ്ഥാനമാക്കി കൂടിയായിരുന്നു. കേരളത്തിലെ എല്ലാ മത-ജാതി വിഭാഗത്തിലും പെട്ട സമുദായ നവോത്ഥാന നായകരുടെ ശ്രമഫലമായിട്ടാണ് ഇത്തരമൊരു ഉണര്‍ച്ച സാധ്യമായത്. മതാധിഷ്ഠിതമായ കുടുംബ സംവിധാനത്തിനകത്ത് നിലനിന്നിരുന്ന എല്ലാ ജാതി മത ജനതകളിലും ഉള്ള അനാചാര അന്ധവിശ്വാസങ്ങള്‍ക്കെതിരെ കുടുംബ സംവിധാനത്തിനകത്ത് സ്ത്രീകള്‍ അനുഭവിക്കേണ്ടിവന്ന സാമൂഹ്യ തിന്മകള്‍ക്കെതിരെയും പൊതു ഇടങ്ങളില്‍ നിലനിന്നിരുന്ന തൊട്ടുകൂടായ്മ പോലെയുള്ള സാമൂഹിക അനാചാരങ്ങള്‍ക്കെതിരെയും മതത്തിന്റെ ഉള്ളില്‍ കടന്നുകൂടിയ മനുഷ്യത്വ വിരുദ്ധ അന്ധവിശ്വാസ അനാചാരങ്ങളെയും വിപാടനം ചെയ്യാന്‍ വേണ്ടി പോരാടിയ വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയും ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയും ശ്രീരായണ ഗുരുവും കേളപ്പനും അയ്യങ്കാളിയും വി.ടി ഭട്ടതിരിപ്പാടും പ്രേജിയും സാധ്യമാക്കിയ ശക്തമായ സാമൂഹിക മുന്നേറ്റമായിരുന്നു കേരളത്തിന് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വേറിട്ടൊരു രാഷ്ട്രീയ സംസ്‌കാരം ഉണ്ടാക്കിത്തന്നത്. രാഷ്ട്രീയ പ്രവര്‍ത്തനം, അധികാര ജീവിധോപാതിയല്ലാത്തൊരു കാലത്ത് എല്ലാ രാഷ്ട്രീയ പ്രസ്ഥാന നായകന്മാര്‍ക്കും ഉള്‍ക്കാമ്പുള്ള സാമൂഹിക അവബോധ നവോത്ഥാന മൂല്യങ്ങളുണ്ടായിരുന്നു. പുരോഗമന ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും മതമൂല്യങ്ങള്‍ ഉള്‍ക്കൊണ്ട മതനേതാക്കന്മാര്‍ക്കും കേരളത്തിന്റെ സാമൂഹിക മുന്നേറ്റത്തില്‍ വലിയ പങ്കുണ്ടെന്നര്‍ഥം. പുരോഗമന ഇടതുപക്ഷത്തിന്റെ ഇടപെടലുകള്‍ ജാഗ്രതയോടെയായിരുന്നു.


നടത്തം പിന്നോട്ട്

മത-സമുദായ പ്രസ്ഥാനങ്ങള്‍ അതിന്റെ പിന്നോട്ടുള്ള നടത്തത്തിന്റെ വേഗത കുറക്കുകയും രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ മതത്തിനകത്തെ പുഴുക്കുത്തുകളെ അധികാരത്തിനുള്ള ചവിട്ടുപടിയായി കാണുകയു ചെയ്തു. 'മതമാണ്, മതമാണ് പ്രശ്നം' എന്നു പറയുന്നവരുടെയും ശാസ്ത്രബോധമുള്ളവരെന്നു പറയുന്നവരുടെയും കാര്യം എവിടെയെത്തി എന്നറിയണമെങ്കില്‍ യുവ സമൂഹത്തിന് സ്വാധീനമുള്ള ചില പേരുകള്‍ മാത്രം പറഞ്ഞാല്‍ മതി. യുക്തിവാദ ചിന്തയുടെ മറവില്‍ അപര മത വിദ്വേഷമാണ് 'ഫ്രീ തിങ്കേഴ്‌സ്' എന്ന പേരില്‍ രവിചന്ദ്രനെപ്പോലുള്ളവര്‍ പ്രചരിപ്പിക്കുന്നത്. നവോത്ഥാന മതില്‍ കെട്ടിയ പുരോഗമന ഇടതുപക്ഷങ്ങള്‍ പൗരോഹിത്യ രാഷ്ട്രീയ ചങ്ങാത്തത്തോടു കൂട്ടുകൂടുന്നതില്‍ യാതൊരു മടിയും കാണുന്നില്ല. സാമൂഹിക രാഷ്ട്രീയ ഇടപെടലുകള്‍ നടത്തുന്ന മത വിശ്വാസികളായവരെ തീവ്രതയുടെ ലേബലൊട്ടിച്ച് സമൂഹത്തിനു മുന്നില്‍ സംശയത്തോടെ നിര്‍ത്താന്‍ മെനക്കെടുന്ന അധികാര രാഷ്ട്രീയം പൗരോഹിത്യ ഇടങ്ങളിലെ അന്തവിശ്വാസ അനാചാര മദ്യ-മയക്കുമരുന്നു ലോബികളെ കണ്ടില്ലെന്നു നടിക്കുകയാണ്. ഇവരൊഴുക്കുന്ന പണവും ആള്‍ബലവും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഊര്‍ജമാണിന്ന്. മതേതര രാജ്യത്ത് എല്ലാ മത-ജാതികള്‍ക്കും ആചാരവിശ്വാസങ്ങളെ കൊണ്ടു നടക്കാനുള്ള അവകാശമുണ്ടെങ്കിലും ചില പ്രത്യേക മതാചാരാനുഷ്ഠാനങ്ങള്‍ എല്ലാവരും അനുഷ്ഠിക്കണമെന്ന നിര്‍ബന്ധ ബുദ്ധി ഇന്ന് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കു പോലുമുണ്ട്. ആകാശത്തു റോക്കറ്റു വിടുമ്പോള്‍ ഇവിടെ തേങ്ങയുടക്കുന്നതില്‍ അന്തവിശ്വാസ അനൗചിത്യം കാണുന്നില്ലെന്നു മാത്രമല്ല, ഒരു പ്രത്യേക മത വിശ്വാസത്തെ ചുളുവില്‍ ദേശത്തിന്റെ സാംസ്‌കാരിക അടയാളമായി മാറ്റാനുള്ള ശ്രമം പോലും പുരോഗമന ഇടതുപക്ഷ ബോധമുള്ളവര്‍ എതിര്‍ക്കുന്നില്ല.


ജാതീയതയെക്കാള്‍ മേലെ വര്‍ഗ ബോധത്തെ പ്രതിഷ്ഠിച്ച ഇടതുവാദികള്‍ ജാതീയതാ ബോധത്തെ കണ്ടില്ലെന്നു നടിക്കുകയാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശാപമായ ജാതീയത മൂലമുണ്ടാകുന്ന സാമൂഹിക ബഹിഷ്‌കരണത്തെ വേണ്ട രീതിയില്‍ അഭിസംബോധന ചെയ്യാത്തതുകൊണ്ടാണ് ഇടുതുപക്ഷ ശാക്തീകരണം നടന്ന കേരളത്തില്‍ പോലും ജാതിമാറി വിവാഹം ചെയ്തതിന്റെ പേരില്‍ മാനം കാക്കല്‍ കൊലകള്‍ നടന്നത്. ഒരുത്തന്‍ മാന്യനും മറ്റവന്‍ അതല്ലാത്തവനുമാക്കുന്ന ആ പേരിട്ടു വിളിയില്‍ തന്നെയുണ്ട് വെറുപ്പിന്റെ രാഷ്ട്രീയം.


അന്ധവിശ്വാസത്തെ തുറന്നെതിര്‍ത്ത് മതനവീകരണം സാധ്യമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചവരായിരുന്നു മുന്‍കാലങ്ങളില്‍ പത്ര മാധ്യമങ്ങള്‍. എന്നാലിന്ന്, അന്തവിശ്വാസ ആഭിചാര പ്രചാരവാഹകരാണിവര്‍. കൈയില്‍ വരുന്ന പരസ്യവരുമാനത്തിലാണ് കണ്ണ്. അക്ഷയ തൃതീയ നാളില്‍ തന്നെ മാക്സിമം ഉപഭോക്താവിനെ ജ്വല്ലറിയില്‍ എത്തിക്കാനുള്ള ബാധ്യതയും ഉത്തരവാദിത്വവും മുത്തശ്ശി പത്രങ്ങള്‍ക്കും അവരുടെ മാഗസിനുകള്‍ക്കും ആണെന്ന് തോന്നുന്നു ആ സമയത്തെ പരസ്യം കണ്ടാല്‍. ഏലസ്സും ഉറുക്കും മാന്ത്രിക വടിയും ചരടും ഒക്കെയാണ് പത്ര-സിനിമാ വരുമാന മുതല്‍.


വിദ്യാഭ്യാസവും തൊഴില്‍ രംഗത്തെ പുരോഗതിയും അളന്ന് നരബലി കേട്ട് ഞെട്ടിയവര്‍ നമ്മുടെ പ്രസിദ്ദീകരണ-സിനിമകളിലേക്കൊന്ന് സൂക്ഷ്മമായി നോക്കിയാല്‍ മതി. എത്രമാത്രം പ്രതിലോമകരമായ വായനയും പഠനവുമൊക്കെയാണ് നാം നടത്തുന്നതെന്നറിയാം. നമ്മുടെ പുരോഗമനക്കുപ്പായത്തിനുള്ളില്‍ കപട സിദ്ധന്മാര്‍ മന്ത്രിച്ചൂതിയ ഉറുക്കും നൂലും ഏലസ്സും ശംഖുമൊക്കെയാണ്. ശക്തമായ നിയമമാണാവശ്യം. സമവായവും ചര്‍ച്ചയുമില്ലാതെ ഒട്ടേറെ നിയമങ്ങളും ഓര്‍ഡിനന്‍സുകളും എല്ലാ ഗവണ്‍മെന്റു പലപ്പോഴും പാസാക്കിയിട്ടുണ്ട്. മൂന്നു വര്‍ഷത്തോളമായി ഇത്തരമൊരു നിയമത്തിനുളള ആവശ്യമുയര്‍ന്നിട്ട്. പക്ഷേ, പൊതുസമൂഹത്തിനകത്തുനിന്ന് വലിയ എതിര്‍പ്പ് വരാത്ത അന്ധവിശ്വാസ നിരോധന നിയമം പാസാക്കാന്‍ ഗവണ്‍മെന്റിന് തടസ്സം നില്‍ക്കുന്നത് ആരാണ്? ഏത് ആള്‍ ദൈവത്തിന്റെ, വിപണനതന്ത്രത്തിന്റെ പിടിയിലാണ് സര്‍ക്കാര്‍?

TAGS :