Quantcast
MediaOne Logo

ഷെല്‍ഫ് ഡെസ്‌ക്

Published: 28 Feb 2024 8:18 AM GMT

അക്യുപങ്ചര്‍ ചികിത്സയും വ്യാജ ചികിത്സകരും

പ്രസവം അടക്കമുള്ള ചികിത്സകളില്‍ എത്രത്തോളം അക്യുപങ്ചര്‍ ഉള്‍പ്പെടെയുള്ള ബദല്‍ ചികിത്സാ രീതികള്‍ ഫലപ്രാപ്തിയില്‍ എത്തും? അതിനെ വിശ്വസിക്കാമോ? എന്നിങ്ങനെ നിരവധി സംശയങ്ങള്‍ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നു വരുന്നുണ്ട്.

വ്യാജ അക്യുപങ്ചര്‍ ചികിത്സ - അക്യുപങ്ചര്‍ ചികിത്സ അറിയേണ്ടത്
X

കഴിഞ്ഞ ദിവസം തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് നടന്ന അതീവധാരുണമായ സംഭവമായിരുന്നു പ്രസവശേഷം അമ്മയും കുഞ്ഞും മരിച്ചത്. വീട്ടില്‍ നടത്തിയ പ്രസവത്തിനൊടുവിലായിരുന്നു മരണം. അക്യുപങ്ചര്‍ ചികിത്സാരീതി വഴി അശാസ്ത്രീയമായി വീട്ടില്‍ വെച്ച് പ്രസവം നടത്താനുള്ള ശ്രമമാണ് രണ്ട് ജീവനുകള്‍ എടുക്കുന്നതില്‍ കലാശിച്ചത്. മികച്ച ആരോഗ്യ സംവിധാനങ്ങളും മാതൃ-ശിശു മരണനിരക്കില്‍ റെക്കോര്‍ഡ് നേട്ടവും കൈവരിച്ച ഒരു സംസ്ഥാനത്താണ് ഇത്തരം സംഭവങ്ങള്‍ എന്നുള്ളത് ഞെട്ടിപ്പിക്കുന്നതാണ്. പ്രസവം എങ്ങനെ ആവണം എന്നത് തീരുമാനിക്കുന്നത് വ്യക്തിപരമായ സ്വാതന്ത്ര്യമാണെങ്കിലും സുരക്ഷ അതീവ പ്രധാനമാണ്. ഭര്‍ത്താവിന്റെ നിര്‍ബന്ധ പ്രകാരമാണ് ഇത്തരത്തിലുള്ള സംഭവം ഉണ്ടായത് എന്നാണ് നാട്ടുകാരുടെ പ്രതികരണത്തില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്. ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യുകയും മനഃപൂര്‍വമല്ലാത്ത നരഹത്യ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി കേസെടുക്കുകയും ചെയ്തു.

പ്രസവം അടക്കമുള്ള ചികിത്സകളില്‍ എത്രത്തോളം അക്യുപങ്ചര്‍ ഉള്‍പ്പെടെയുള്ള ബദല്‍ ചികിത്സാ രീതികള്‍ ഫലപ്രാപ്തിയില്‍ എത്തും? അതിനെ വിശ്വസിക്കാമോ? എന്നിങ്ങനെ നിരവധി സംശയങ്ങള്‍ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നു വരുന്നുണ്ട്.

എന്താണ് അക്യുപങ്ചര്‍ ചികിത്സാരീതി ?

ചൈനയില്‍ നിന്ന് വന്ന, ആയിരം വര്‍ഷത്തിലധികം പഴക്കമുള്ള ചികിത്സാരീതിയാണ് അക്യുപങ്ചര്‍. കേരളീയര്‍ എങ്ങനെയാണോ ആയുര്‍വേദ ചികിത്സയെ കാണുന്നത് അതുപോലെ തന്നെയാണ് ചൈനക്കാര്‍ അക്യുപങ്ചര്‍ ചികിത്സാ രീതിയെ കാണുന്നത്. പ്രധാനമായും വേദനാ സംഹാരി ചികിത്സാ രീതി എന്നാണ് അക്യുപങ്ചര്‍ അറിയപ്പെടുന്നത്. മനുഷ്യ ശരീരത്തില്‍ 360 ല്‍ അധികം പ്രഷര്‍ പോയിന്റുകള്‍ ഉണ്ട് എന്നാണ് അക്യുപംക്ചര്‍ ചികിത്സ പ്രകരാം പറയുന്നത്. ഈ പ്രഷര്‍ പോയിന്റുകളില്‍ ലോഹ സൂചികള്‍ ഉപയോഗിച്ച് മര്‍ദം നല്‍കുന്നതാണ് ഒരു ചികിത്സാ രീതി. മര്‍ദം നല്‍കുമ്പോള്‍ ശരീരത്തിലെ ഊര്‍ജം റിലീസ് ആവുന്നു എന്നാണ് പറയുന്നത്. വേദനയുള്ള ഭാഗത്താണ് ലോഹ സൂചികള്‍ വെക്കുന്നു. അതിലൂടെ നേര്‍ത്ത വൈദ്യുത പ്രവാഹം കടത്തി വിടുന്നു. അങ്ങനെ വേദനയ്ക്ക് ശമനം ഉണ്ടാകുന്നു എന്നാണ് അക്യുപങ്ചര്‍ ചികിത്സകരുടെ വാദം. അക്യുപങ്ചര്‍ ചികിത്സയില്‍ രോഗനിര്‍ണയം ലാബിനെ അടിസ്ഥാനപ്പെടുത്തിയല്ല. രോഗ ലക്ഷണങ്ങളും അതിനനുസൃതമായി ശരീരത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളും നാഡീ പരിശോധനയും നടത്തിയാണ് രോഗം നിര്‍ണയിക്കുക. രോഗി അനുഭവിക്കുന്ന അസ്വസ്ഥതകളുടെയും അതേപോലെ ശരീരത്തില്‍ പ്രകടമാകുന്ന മാറ്റങ്ങളെയും നാഡീ പരിശോധനയെയും ആശ്രയിച്ചാണ് ചികിത്സ നിര്‍ണയിക്കുക.


അക്യുപങ്ചര്‍ ചികിത്സ പഠിക്കാനുള്ള സംവിധാനം സ്വകാര്യ മേഖലയിലും സര്‍ക്കാര്‍ മേഖലയിലും ഉണ്ട്. സര്‍ക്കാര്‍ അംഗീകൃത അക്യുപങ്ചര്‍ കോഴ്‌സുകള്‍ ഉണ്ടെങ്കിലും അധികമാളുകളും രണ്ടോ മൂന്നോ മാസത്തെ അനംഗീകൃത കോഴ്‌സുകള്‍ ചെയ്തുകൊണ്ടാണ് ചികിത്സകരായി മറുന്നത്. മലബാര്‍ മേഖലയില്‍ ഈ ചി കിത്സവ്യാപകമായി ഉണ്ട്. തെക്കന്‍ കേരളത്തില്‍നിന്നുള്ളവര്‍ കേരള-തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളിലെ സ്വകാര്യ സ്ഥാപനങ്ങളിലാണ് കൂടുതലും കോഴ്‌സ് ചെയ്യുന്നത്. സ്വകാര്യ സ്ഥാപനങ്ങളിലെ വളരെ ചുരുങ്ങിയ കാലത്തെ സര്‍ട്ടിഫിക്കറ്റ് ക്ലോഴ്‌സുകള്‍ എടുത്തുകൊണ്ട് ചികിത്സകരായി മാറുന്ന കാഴ്ചയാണ് കാണുന്നത്. ഇത്തരത്തിലുള്ളവരുടെ അല്‍പജ്ഞാനം എങ്ങനെ അപകടം ചെയ്യുമെന്നതിന്റെ ഉദാഹരണമാണ് കാരയ്ക്കാമണ്ഡപത്തില്‍ സംഭവിച്ചത്. തലവേദന പോലുള്ള അസുഖങ്ങള്‍ക്ക് ഇത് ഫലപ്രദമാണ് എന്ന് അനുഭവസ്ഥര്‍ പറയുന്നുണ്ട്. എന്നാല്‍, ഇവ സംബന്ധിച്ച ശാസ്ത്രീയ പഠനങ്ങള്‍ തൃപ്തികരമല്ല.

ഇത്തരം ചികിത്സകള്‍ ഏത് അസുഖത്തിനാണ് ഉപകരിക്കുക എന്നിങ്ങനെയുള്ളത്തില്‍ എത്തിക്കല്‍ മെഡിക്കല്‍ ഫോറം പ്രസിഡന്റ് ഡോ. മുഹമ്മദ് ഇസ്മയില്‍ കെ. ഇപ്രകാരം അഭിപ്രായപ്പെടുന്നു: വളരെ സങ്കടകരമായ ഒരു സംഭവമാണ് തിരുവനന്തപുരത്ത് ഉണ്ടായത്. മൂന്ന് സിസേറിയന്‍ കഴിഞ്ഞ ഒരു ഉമ്മ അവരുടെ നാലാമത്തെ പ്രസവം വീട്ടില്‍വെച്ച് നടത്താന്‍ ശ്രമിക്കുകയാണ് ചെയ്തത്. അതിന് അവര്‍ക്ക് ധൈര്യം കൊടുത്തത് അക്യുപങ്ചര്‍ ചികിത്സകനാണ്. എന്നാല്‍, ഇവര്‍ പ്രാക്ടീസ് ചെടയ്യുന്നത് യഥാര്‍ഥ അക്യുപങ്ചര്‍ ചികിത്സയല്ല. യഥാര്‍ഥ അക്യുപങ്ചര്‍ ചികിത്സ ലോകം മുഴുവന്‍ ശാസ്ത്രീയമായി അംഗീകരികരിക്കപ്പെട്ട, ലോക ആരോഗ്യ സംഘടന അംഗീകരിച്ച ഒരു ശാസ്ത്ര ശാഖയാണ്. അതുമായിട്ട് കേരളത്തില്‍ പരീക്ഷണം നടത്തുന്ന, ജീവന്‍ എടുക്കുന്ന ചികിത്സയുമായി യാതൊരു ബന്ധവുമില്ല.

നമ്മുടെ നാട്ടില്‍ കുറച്ച് ആളുകള്‍ അക്യുപങ്ചര്‍ എന്നു പേരിട്ട് നടത്തുന്നത് വ്യക്തമായും വ്യാജ ചികിത്സ തന്നെയാണ്. യഥാര്‍ഥ അക്യുപങ്ചര്‍ ചികിത്സയെ ലോകാരോഗ്യ സംഘടന മള്‍ട്ടി നീഡില്‍ തെറാപ്പി എന്നാണ് വിശേഷിപ്പിക്കുന്നത്. ശരീരത്തിലെ 370 ഓളം പോയിന്റുകളില്‍ നീഡില്‍ ഇറക്കാനുള്ള ഒരു സംവിധാനമുണ്ട്. ഇവിടെ ഇവര്‍ പ്രാക്ടീസ് ചെയ്യുന്നത് സിംഗിള്‍ നീഡില്‍ അക്യുപങ്ചര്‍ തെറാപ്പിയാണ്. ഇതിന് ഇവിടെയുള്ള യാതൊരു അംഗീകൃത സംവിധാനങ്ങളുടെ ലൈസന്‍സും ഇല്ല. തീര്‍ച്ചയായും ഇത് വ്യാജ ചികിത്സാ സമ്പ്രദായം തന്നെയാണ്. യഥാര്‍ഥ അക്യുപങ്ചര്‍ ചികിത്സയുമായി ഇതിന് യാതൊരു ബന്ധവും ഇല്ല. ലോകാരോഗ്യ സംഘടന അംഗീകരിച്ച സിലബസ് ഇവര്‍ പാലിക്കുന്നില്ല. മലബാര്‍ മേഖലയില്‍ ചില ആളുകള്‍ സ്വയം ഗുരുക്കന്മരായി പ്രഖ്യാപിച്ചുകൊണ്ട് അവര്‍ ഉണ്ടാക്കിയെടുത്ത ബിസിനസ്സ് സമ്പ്രദായത്തിന് ഇരകലാവുകയാണ് രോഗികള്‍.

മൂന്ന് സിസേറിയന്‍ കഴിഞ്ഞ ഒരു വ്യക്തിക്ക് ഒരിക്കലും വീട്ടില്‍ പ്രസവിക്കാന്‍ കഴിയുകയില്ല. മോഡേണ്‍ മെഡിസിന്‍ ഹോസ്പിറ്റലാണെങ്കില്‍ പോലും വിദഗ്ധരായ ഡോക്ടര്‍മാര്‍ക്ക് മാത്രമേ മൂന്ന് പ്രസവം കഴിഞ്ഞ ഒരു അമ്മയുടെ ഓപ്പറേഷന്‍ പോലും ചെയ്യാന്‍ കഴിയുകയുള്ളൂ. പ്രസവത്തെ പറ്റി ചിന്തിക്കാനും കൂടി കഴിവില്ലാത്ത, വൈദ്യശാസ്ത്രത്തെ പറ്റി, പ്രസവത്തെ പറ്റി യാതൊരു ബോധവും ഇല്ലാത്ത ആളുകളാണ് ഇങ്ങനത്തെ ചകിത്സക്ക് ഇറങ്ങി പുറപ്പെടുന്നത്. തിരൂരില്‍ ഒരു പ്രസവം നടക്കുകയും ഭര്‍ത്താവ് ചികിത്സകനാണെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു. ഫേസ്ബുക്കിലും മറ്റു സാമൂഹ്യ മധ്യമങ്ങളിലൊക്കെ പോസ്റ്റ് ഇട്ട് മൂന്നാമത്തെ ദിവസം കുട്ടി മരിക്കുകയും ചെയ്തു. അത് മിക്കവാറും നവജാത ശിശുവില്‍ ഉണ്ടാകുന്ന ടെര്‍നിസ് കാരണമായിരിക്കും. പ്രസവ സമയത്ത് അമ്മമാരില്‍ ടെര്‍നസിന്റെ വാക്‌സിന്‍ എടുക്കാത്തത് കൊണ്ട് കുട്ടിയില്‍ ടെര്‍നിസ് വന്നതാവാനാണ് സാധ്യത എന്നാണ് ഈ മേഖലയിലെ വിദ്ഗധരായ ഡോകടര്‍മാര്‍ പറയുന്നത്.

അക്യുപങ്ചര്‍ കൈ വെക്കുന്നത് പ്രസവങ്ങളില്‍ മാത്രമല്ല. പ്രമേഹ രോഗികള്‍, നിലവിലെ ചികിത്സ നിര്‍ത്തി അക്യുപങ്ചര്‍ ചികിത്സയിലേക്ക് കടന്ന് അപകടങ്ങളില്‍ പെട്ട് വരാറുണ്ട്. ചികിത്സ തുടങ്ങുന്ന സമയത്ത് ഇവര്‍ മുന്നോട്ടുവെക്കുന്ന നിബന്ധന ബ്ലഡ് ഷുഗര്‍ ചെക്ക് ചെയ്യാന്‍ പാടില്ല എന്നാണ്. സാമാന്യ ബുദ്ധിയുള്ള ആരും ഇങ്ങനത്തെ നിര്‍ദേശം സ്വീകരിക്കുകയില്ല. പിന്നെ ഇവര്‍ പറയുന്നത് യൂറോപ്യന്‍ രാജ്യങ്ങളില്‍ വീട്ടില്‍ നിന്ന് പ്രസവിക്കുന്നുണ്ടല്ലോ എന്നാണ്. പക്ഷെ, അവിടെയുള്ള ആളുകള്‍ ടെസ്റ്റും കാര്യങ്ങളും എടുത്ത് കോംപ്ലിക്കേഷന്‍ ഇല്ല എന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ അതിന് അനുവദിക്കുന്നുള്ളൂ. ഏത് ചികിത്സ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്. സുരക്ഷ ഉറപ്പുവരുത്തി ഏത് ചികിത്സ വേണമെന്ന് കൃത്യമായി തെരഞ്ഞെടുക്കുക എന്നതാണ് നമുക്ക് ഈ കാര്യത്തില്‍ ചെയ്യാന്‍ കഴിയുന്നത്.


TAGS :