Quantcast
MediaOne Logo

ഫാത്തിമ ഖാൻ

Published: 14 March 2022 3:40 PM GMT

യു.പി തെരഞ്ഞെടുപ്പ്: ഭിന്നിച്ച വോട്ടുകളാണോ വിധിയെഴുതിയത്?

മായാവതിയുടെ ബിഎസ്പിയാണ് ഏറ്റവും കൂടുതൽ സീറ്റുകളിൽ ബിജെപി വിരുദ്ധ വോട്ടുകളെ വെട്ടിച്ചുരുക്കിയത്

യു.പി തെരഞ്ഞെടുപ്പ്: ഭിന്നിച്ച വോട്ടുകളാണോ വിധിയെഴുതിയത്?
X
Listen to this Article

2022 ലെ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ ബിജെപിയും സഖ്യകക്ഷികളും 273 സീറ്റുകൾ നേടിയപ്പോൾ ഇതിൽ മൂന്ന് ഡസനിലധികം സീറ്റുകളിൽ ബിഎസ്പിയും കോൺഗ്രസും എഐഎംഐഎമ്മും സമാജ്‌വാദി പാർട്ടിയുടെ വോട്ടുകൾ വെട്ടിച്ചുരുക്കിയതായി കാണാം.

ബിജെപി സഖ്യം വിജയിച്ച 273 സീറ്റുകളും 'ദി ക്വിന്റ്' വിശകലനം ചെയ്തപ്പോൾ, അവയിൽ പലതിലും എസ്പി സ്ഥാനാർഥിക്കെതിരെ ബിജെപിയുടെ വിജയത്തിന്റെ മാർജിൻ ബിഎസ്പി, കോൺഗ്രസ് അല്ലെങ്കിൽ എഐഎംഐഎം എന്നിവയുടെ മുസ്ലിം സ്ഥാനാർഥികൾ നേടിയ വോട്ടുകളേക്കാൾ കുറവാണെന്ന് കണ്ടെത്തി.

മായാവതിയുടെ ബിഎസ്പിയാണ് ഏറ്റവും കൂടുതൽ സീറ്റുകളിൽ ബിജെപി വിരുദ്ധ വോട്ടുകളെ വെട്ടിച്ചുരുക്കിയത്: 27 സീറ്റുകൾ. അതേസമയം, അസദുദ്ദീന്റെ ഒവൈസിയുടെ എഐഎംഐഎം ഏഴ് സീറ്റുകളിൽ എസ്പിയുടെ വോട്ടുകൾ വെട്ടിക്കുറക്കുകയും കോൺഗ്രസ് 4 സീറ്റുകളിൽ എസ്പിയുടെ വിജയത്തിന് കോട്ടം വരുത്തുകയും ചെയ്തു. ഇത് മുഴുവൻ ചേർന്നാൽ 38 സീറ്റുകളാണുള്ളത്.



ആക്സിസ്-ഇന്ത്യ ടുഡേ എക്സിറ്റ് പോൾ പ്രകാരം 83 ശതമാനം മുസ്ലിംകളും എസ്പിയെ പിന്തുണച്ചുകൊണ്ട് ഏകീകരിക്കപ്പെട്ടിട്ടും വോട്ട് ഇങ്ങനെ വെട്ടിചുരുക്കപ്പെട്ടു. അപ്പോഴും ഈ 38 സീറ്റുകൾ എസ്പി നേടിയാലും ബിജെപി സഖ്യം സംസ്ഥാനത്ത് വിജയിക്കുമെന്നത് ശ്രദ്ധേയമാണ്.

ബിഎസ്പി 403 സീറ്റുകളിലും മത്സരിച്ചെങ്കിലും 13 ശതമാനത്തിൽ താഴെ വോട്ട് വിഹിതം നേടി ഒരു സീറ്റ് മാത്രമാണ് സ്വന്തമാക്കിയത്. എഎെഎംഎെഎം 95 സീറ്റുകളിൽ മത്സരിച്ചെങ്കിലും ഒരു സീറ്റ്പോലും ലഭിക്കാതെ കേവലം 0.49 ശതമാനം വോട്ട് വിഹിതം മാത്രമാണ് നേടിയത്-നോട്ടയേക്കാൾ കഷ്ടമെന്ന് പറയാം. 401 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് മൂന്ന് ശതമാനത്തിൽ താഴെ വോട്ട് വിഹിതത്തോടെ വെറും രണ്ട് സീറ്റുകൾ മാത്രമാണ് നേടിയത്.

എസ്പിയുടെ വിജയം നഷ്ടപ്പെട്ട സീറ്റുകൾ

ആകെ 27 സീറ്റുകളിൽ എസ്പി സഖ്യത്തിന്റെ വോട്ടുകൾ ബിഎസ്പി വെട്ടിച്ചുരുക്കിയിട്ടുണ്ട്. ആ സീറ്റുകൾ ഇവയാണ്: ഗംഗോഹ്, ബർഹാപൂർ, മൊറാദാബാദ് നഗർ, മീററ്റ് സൗത്ത്, ലോനി, ധൗലാന, കോയിൽ, അലിഗഡ്, അലിഗഞ്ച്, നവാബ്ഗഞ്ച്, പിലിഭിത്, മുഹമ്മദി, സീതാപൂർ, ബിസ്വാൻ, മഹമൂദാബാദ്, ബക്ഷി കാ തലാബ്, റായ് ബറേലി, ചിബ്രമൗ, റുദൗലി, പഥർദേവ, ജൗൻപൂർ, മുഗൾസരായ്, നകൂർ, മെൻദാവൽ, നൻപാര.



ഈ സീറ്റുകളിൽ പലതിലും എസ്പി ചെറിയ ഭൂരിപക്ഷത്തിലാണ് ബിജെപിയോട് പരാജയപ്പെട്ടത്. ഉദാഹരണത്തിന്, ചിബ്രമാവുവിൽ എസ്പി സ്ഥാനാർഥി ബിജെപി സ്ഥാനാർഥിയോട് വെറും 0.4 ശതമാനം വോട്ടുകൾക്കാണ് പരാജയപ്പെട്ടത്; അവിടെ ബിഎസ്പി സ്ഥാനാർഥി വഹീദ ബാനോയ്ക്ക് 7.81 ശതമാനം വോട്ട് ലഭിച്ചിരുന്നു. ബിഎസ്പിയുടെ ഖുർഷിദ് അൻസാരിക്ക് 7.31 ശതമാനം വോട്ടും ലഭിച്ച

സീതാപൂരിൽ 0.54 ശതമാനം മാത്രമായിരുന്നു ബിജെപിയുടെ വിജയ മാർജിൻ. റായ്ബറേലിയിൽ എസ്പി സ്ഥാനാർഥിയെക്കാൾ ബിജെപിക്ക് 3.11 ശതമാനം അധികവോട്ട് നേടിയപ്പോൾ, അവിടെ ബിഎസ്പി സ്ഥാനാർഥി മുഹമ്മദ് അഷ്റഫിന് 4.06 ശതമാനം വോട്ട് ലഭിച്ചിരുന്നു. ബിജ്നോർ, മൊറാദാബാദ് നഗർ, സുൽത്താൻപൂർ, കുർസി, ഔറായി , നക്കൂർ, ഷാഗഞ്ച് എന്നിങ്ങനെ മത്സരിച്ച 97 സീറ്റുകളിൽ ഏഴ് എണ്ണത്തിലാണ് എഐഎംഐഎം വിജയം നഷ്ടപ്പെടുത്തിയത്.

ബിഎസ്പിയും എഐഎംഐഎമ്മും നഷ്ടം വിതച്ച ഒരു സീറ്റ് ഉണ്ടായിരുന്നു: നക്കൂർ. നക്കൂറിൽ എസ്പി സ്ഥാനാർഥിയേക്കാൾ ബിജെപിയുടെ വിജയമാർജിൻ 0.12 ശതമാനം മാത്രമായിരുന്നു. എന്നാൽ അവിടെ ബിഎസ്പി സ്ഥാനാർഥിക്ക് 20.36 ശതമാനം വോട്ടും എഐഎംഐഎം സ്ഥാനാർത്ഥിക്ക് 1.33 ശതമാനം വോട്ടും ലഭിച്ചിരുന്നു. ധംപൂർ, മൊറാദാബാദ് നഗർ, ശ്രാവസ്തി, ജൗൻപൂർ എന്നീ നാല് സീറ്റുകളിലാണ് കോൺഗ്രസ് എസ്പിയുടെ വോട്ടുകൾ വെട്ടിക്കുറച്ചത്. കോൺഗ്രസും ബിഎസ്പിയും എസ്പിക്ക് നഷ്ടം സമ്മാനിച്ച ഒരു പൊതു സീറ്റായിരുന്നു ജോൻപൂർ.

മൂന്ന് പാർട്ടികളും നഷ്ടം വിതച്ച ഒരു സീറ്റ്

ബിഎസ്പി, എഐഎംഐഎം, കോൺഗ്രസ് എന്നീ മൂന്ന് പാർട്ടികളുടെയും മുസ്ലിം സ്ഥാനാർഥികൾ മത്സരിച്ച പ്രത്യേകമായ ഒരു സീറ്റ് ഉണ്ടായിരുന്നു: മൊറാദാബാദ് നഗർ. അവിടെ ബിജെപി സ്ഥാനാർഥി റിതേഷ് കുമാർ ഗുപ്ത 0.24 ശതമാനം വോട്ടുകൾക്കാണ് എസ്പി സ്ഥാനാർഥി മുഹമ്മദ് യൂസഫ് അൻസറിനെ പരാജയപ്പെടുത്തിയത്.

അതേസമയം അവിടെ ബിഎസ്പി സ്ഥാനാർഥി ഇർഷാദ് ഹുസൈന് 4.36 ശതമാനം വോട്ടും കോൺഗ്രസ് സ്ഥാനാർഥി റിസ്വാൻ ഖുറേഷിക്ക് 1.66 ശതമാനം വോട്ടും എഐഎംഐഎം സ്ഥാനാർഥി വാഖി റഷീദിന് 0.83 ശതമാനം വോട്ടും ലഭിച്ചിരുന്നു. അതായത് മൂന്ന് സ്ഥാനാർഥികളും വ്യക്തിഗതമായി നേടിയ വോട്ടുകൾ ബിജെപി സ്ഥാനാർഥിയുടെ വിജയ മാർജിനേക്കാൾ കൂടുതലായിരുന്നു.

വിവർത്തനം : സിബ്ഹത്തുള്ള സാഖിബ്

TAGS :