Quantcast
MediaOne Logo

ആഷിഖ് റഹ്മാന്‍

Published: 13 Dec 2022 7:43 PM GMT

IFFK: അല്‍കാരാസ്: യൂറോപ്യന്‍ കര്‍ഷകരുടെ നൊമ്പരപ്പാടുകള്‍

വേരുകള്‍ പിഴുതെറിയുമ്പോള്‍ നിസ്സഹായരായി നോക്കി നില്‍ക്കുന്ന യൂറോപ്യന്‍ കര്‍ഷക കുടുംബത്തിന്റെ കഥയാണ് അല്‍കാരാസ്. |IFFK 2022

IFFK: അല്‍കാരാസ്: യൂറോപ്യന്‍ കര്‍ഷകരുടെ നൊമ്പരപ്പാടുകള്‍
X

യൂറോപ്പിലെ കര്‍ഷകനെയും കര്‍ഷകന്റെ ജീവിതത്തെയും സ്പാനിഷ് താളങ്ങളോടെയും മനോഹര ദൃശ്യങ്ങളിലൂടെയും പകര്‍ത്തിയെടുത്ത ഒരു കാര്‍ല സൈമണ്‍ ചലച്ചിത്രം. കാറ്റലോണിയന്‍ മണ്ണിലെ തോട്ടത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയില്‍ ഇളം വെയിലില്‍ പുഞ്ചിരി തൂകിയ പീച്ചും, മുന്തിരിയും പറിക്കുന്ന തോട്ടത്തിന്റെ ഉടമകളായ സോലേ കുടുംബത്തിലൂടെ യൂറോപ്യന്‍ കര്‍ഷകരുടെ ഇന്നത്തെ യാഥാര്‍ഥ്യത്തെ പ്രേക്ഷകനു ബോധ്യപ്പെടുത്താനാണ് സംവിധായിക കാര്‍ല സൈമണ്‍ ശ്രമിക്കുകയാണ്.

കാറ്റലോണിയയിലെ വേനലില്‍ ഉഴുകുന്ന മണ്ണ് പോലെ കുടുംബത്തിലെ മനസ്സുകളും ഉഴുകുകയാണ്. പീച്ച് മരങ്ങള്‍ വെട്ടി സോളാര്‍ പാനല്‍ സ്ഥപിക്കാനുള്ള പദ്ധതി കുടുംബത്തിലെ മനസ്സുകള്‍ തമ്മില്‍ വിള്ളല്‍ സൃഷ്ടിക്കുന്നു. സ്പാനിഷ് താളങ്ങളില്‍ നൃത്ത ചുവടുകള്‍ക്കൊണ്ട് ആഘോഷിക്കാന്‍ ഒരുങ്ങുന്ന കുട്ടികള്‍ക്ക് ഇത് വിളവെടുപ്പിന്റെ അവസാന വേനല്‍ ആഘോഷമാണെന്ന ആകുലത വേട്ടയാടപ്പെടുന്നുണ്ട്. ഗൃാഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകളുള്ള മണ്ണില്‍നിന്ന് കുടിയൊഴിപ്പിക്കുന്നതിനെ പ്രായഭേദമെന്യേ ഭൂരിഭാഗം കുടുംബങ്ങളും എതിര്‍ക്കുന്നെങ്കിലും സാഹചര്യം അവരെ അതിനു നിര്‍ബന്ധിതരാകുന്നു. സംവിധായികയുടെ ബാല്യത്തിലെ ഓര്‍മകളില്‍ വേരൂന്നിയത് കൊണ്ടാകും ഈ സന്ദര്‍ഭം കാണുന്നവന് ഇത്രയും ഹൃദ്യമായി പതിയപ്പെടുന്നത്.


അല്‍കാരാസ് സിനിമയില്‍ പറയുന്നതും, അതിനുപുറമേ കര്‍ഷകരുടെ അതിജീവന പ്രശ്‌നവും സമരവും യൂറോപ്പില്‍ കഴിഞ്ഞ കുറച്ചു കാലങ്ങളിലായി നടക്കുന്നതാണ്. ഭരണകൂടങ്ങള്‍ കര്‍ഷക താല്‍പര്യങ്ങള്‍ക്കെതിരായി കൊണ്ടുവന്ന നിയമങ്ങള്‍, ന്യായവിലയിലെ പ്രശ്‌നങ്ങള്‍, കാര്‍ഷിക മേഖലയിലെ കോര്‍പറേറ്റ് വല്‍ക്കരണം, പരിസ്ഥിതി മലിനീകരണം ഉനയിച്ചുകൊണ്ടുള്ള കന്നുകാലി വളര്‍ത്തലിലെ നിബന്ധനകള്‍, ഊര്‍ജ പ്രതിസന്ധി എന്നിങ്ങനെയുള്ള നിരവധി കാര്യങ്ങള്‍ കര്‍ഷകനെ കാര്‍ഷികവൃത്തിയില്‍ നിന്ന് പിന്തിരിയാന്‍ പ്രേരിപ്പിക്കുകയാണ്. പലരും സോളാര്‍ പാനലുകള്‍ക്കായി അവരുടെ ഭൂമി വിട്ടുകൊടുക്കുന്നു. മരങ്ങള്‍ നിന്നിടത്ത് പാനലുകള്‍ പൊങ്ങി വരുന്നു.

ഈ പ്രശ്‌നങ്ങള്‍ക്കെതിരായി യൂറോപ്പിനെ ഇളക്കി മറിച്ചുക്കൊണ്ട് കര്‍ഷകരുടെ നേതൃത്വത്തില്‍ നിരവധി സമരങ്ങള്‍ അരങ്ങേറുന്നുണ്ട്. പശു വളര്‍ത്തലിലെ നിബന്ധനയെ മുന്‍നിര്‍ത്തി കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ നെതര്‍ലാന്റിലെ കര്‍ഷകര്‍ സമരം നടത്തുന്നുണ്ട്. സ്‌പെയിനില്‍ സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ പ്രതിഷേധം നടക്കുന്നു. യൂറോപ്യന്‍ യൂണിയന്‍ പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു നല്‍കുന്നതിന് തുല്യമായ തുല്യ സബ്‌സിഡി കിഴക്കന്‍യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു നല്‍കുന്നതിനു വേണ്ടിയുള്ള - തുല്യജോലിക്കു തുല്യവേതനം എന്ന ആശയം ഉയര്‍ത്തി സമരം നടത്തുന്നു. ഇവയൊക്കെ കഴിഞ്ഞ നാളുകളായി യൂറോപ്പിനെ ചൂടുപിടിപ്പിക്കുന്ന സമരങ്ങളാണ്.

അല്‍കാരാസില്‍ കാണുന്ന ഇന്ത്യ

അല്‍കാരാസ് എന്ന സിനിമയിലെ ഉള്ളടക്കം ഇന്ത്യയില്‍ നടന്ന കര്‍ഷക സമരത്തെയും ഓര്‍മപ്പെടുത്തുന്നുണ്ട്. കര്‍ഷകനെ വിലക്ക് എടുക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ തിരിച്ചറിഞ്ഞ സമരം. യൂറോപ്പായാലും ഇന്ത്യയായാലും കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സമാനമാണ്. ഭരണം അന്നം തരുന്നവനെ അടിമയാക്കുകയും കുത്തകകളെ ഉടയോനുമാക്കുകയും ചെയ്യുന്ന നയങ്ങളാണ് ഭരണകൂടങ്ങള്‍ പിന്തുടരുന്നത്. പൂര്‍വികരുടെ വിയര്‍പ്പലിഞ്ഞ മണ്ണില്‍ നിന്നു കുടിയൊഴിപ്പിക്കേണ്ടി വരുന്ന ജനതയുടെ നിസ്സഹായവസ്ഥയും രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷകന് സര്‍ക്കാരുകള്‍ നല്‍കുന്ന അവഗണന, പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തല്‍ തുടങ്ങിയ യൂറോപ്പിലും കാണാം. ഇതെല്ലാം തന്നെ 'No Farmers No Feature' എന്ന ആപ്തവാക്യത്തെ അന്വര്‍ഥമാക്കുകയും കൂടുതല്‍ ചിന്തിപ്പിക്കാന്‍ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്.


കര്‍ഷക രാഷ്ട്രീയം സിനിമകളിലൂടെ

മതവും വിശ്വാസങ്ങളും സ്വവര്‍ഗാനുരാഗങ്ങളുമൊക്കെ പ്രമേയമായി ധാരാളം സിനിമകള്‍ വരികയും അത് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്ന കാലത്ത് അല്‍കാരാസ് കൈകാര്യം ചെയ്യുന്നത് മനുഷ്യന് അന്നം നല്‍കുന്നവന്റെ പ്രശ്‌നങ്ങള്‍ പരിഗണന അര്‍ഹിക്കുന്നുണ്ട്. യൂറോപ്പിലെ കര്‍ഷകരുടെ പ്രശ്‌നം ലോകത്തിന് മുമ്പില്‍ കാണിക്കാനും പൊതുവായി ലോകത്തെ കര്‍ഷകരുടെ അതിജീവന പോരാട്ടങ്ങള്‍ ഓര്‍മപ്പെടുത്താനും ഈ ചിത്രത്തിന് സാധിക്കുന്നു. പോരാട്ടങ്ങള്‍ അവസാനിക്കുന്നില്ല, പ്രതിഷേധങ്ങള്‍ ഉയരുമ്പോള്‍ കര്‍ഷകന് ഐക്യദര്‍ഢ്യവുമായി ചലച്ചിത്രങ്ങളും സംഭവിക്കുന്നു. അന്നം നല്‍കുന്നവന്‍ നാളെയും അവന്റെ മണ്ണില്‍ തന്നെ ജീവിക്കണം.


TAGS :