Quantcast
MediaOne Logo

ഷംല മുസ്തഫ

Published: 16 April 2024 2:17 PM GMT

ഭരണഘടനയുടെ കാവലാള്‍: ടീസ്റ്റ സെതല്‍വാദിന്റെ പോരാട്ട സാക്ഷ്യങ്ങള്‍

ബാബരി മസ്ജിദും ഗുജറാത്ത് കലാപവും പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട്, പുതുതലമുറയുടെ ബോധത്തിലേക്ക് ബി.ജെ.പി സര്‍ക്കാര്‍ നിര്‍മിച്ച ലജ്ജവഹമായ ചരിത്രം കുത്തിക്കയറ്റുമ്പോള്‍ ഓരോ ഇന്ത്യക്കാരനും ഓര്‍ത്തെടുക്കാന്‍ യഥാര്‍ഥ ചരിത്രത്തിന്റെ രേഖയായി ടീസ്റ്റയുടെ വാക്കുകള്‍ നിലകൊള്ളും. ടീസ്റ്റ സെതല്‍വാദിന്റെ അനുഭവക്കുറിപ്പുകള്‍ - 'ഭരണഘടനയുടെ കാവലാള്‍' വായന.

ഭരണഘടനയുടെ കാവലാള്‍: ടീസ്റ്റ സെതല്‍വാദിന്റെ പോരാട്ട സാക്ഷ്യങ്ങള്‍
X

സമത്വത്തിലും വിവേചനരാഹിത്യത്തിലും അധിഷ്ഠിതമായ രാഷ്ട്രീയ അവകാശങ്ങള്‍ മാത്രം ഉറപ്പുവരുത്തിയാല്‍ പോരാ അതിനൊപ്പം സാമ്പത്തികമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിലും നാം സമരം ചെയ്യണമെന്ന് നിരന്തരം മനുഷ്യരെ ഓര്‍മിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു വ്യക്തിയുണ്ട്. നീതിക്കും സത്യത്തിനും വേണ്ടി പോരാടുന്നവള്‍. ടീസറ്റ സെതല്‍വാദ്.

ടീസ്റ്റയുടെ അനുഭവക്കുറിപ്പുകള്‍ അടങ്ങിയ 'ഭരണഘടനയുടെ കാവലാള്‍' എന്ന പുസ്തകം പേരിനെ അന്വര്‍ത്ഥമാക്കുന്നതാണ്. 1984 ലെ ഡല്‍ഹി കലാപം, 1992-93 ലെ ബോംബെ കലാപം, 2002 ലെ ഗുജറാത്ത് വംശഹത്യ എന്നിവയിലെ ഞെട്ടിക്കുന്ന യഥാര്‍ഥ്യങ്ങള്‍ തന്റെ നേര്‍സാക്ഷ്യത്തിലൂടെ ഈ പുസ്തകത്തില്‍ ടീസ്റ്റ വ്യകതമാക്കുമ്പോള്‍ ഇന്ത്യയുടെ യഥാര്‍ഥ മുഖമാണ് വെളിവാകുന്നത്.

ഗുജറാത്ത് ദുരന്തത്തിലെ പീഡിതര്‍ക്ക് ശക്തിയുടെ തൂണായി മാറിയ മനുഷ്യാവകാശ സംരക്ഷണ പോരാളിയാണ് ടീസ്റ്റ. അഭിഭാഷകരുടെ കുടുംബത്തില്‍ ജനിച്ച് മികച്ച പത്രപ്രവര്‍ത്തനത്തിലൂടെ മനുഷ്യാവകാശ പ്രവര്‍ത്തകയായി മാറിയ ടീസ്റ്റ ഗുജറാത്ത് കലാപങ്ങളുടെ ഗൂഢാലോചനകളെ തുറന്നു കാണിക്കുന്നുണ്ട് ഈ പുസ്തകത്തില്‍. ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് നീതി ലഭിക്കാനായി 'സിറ്റിസണ്‍ ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് (CJP) എന്ന സംഘടനയുണ്ടാക്കി. 1993 ലെ മുംബൈ കലാപങ്ങളുടെ പശ്ചാത്തലത്തില്‍ ഭര്‍ത്താവും പത്രപ്രവര്‍ത്തകനുമായ ജാവേദ് ആനന്ദിനൊപ്പം സ്ഥിരം തൊഴില്‍ ഉപേക്ഷിച്ച് 'കമ്യുണലിസം കോമ്പാറ്റ് ' എന്നൊരു മാസിക തുടങ്ങി.


അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെയും ഗുജറാത്ത് കലാപത്തിലെ അദ്ദേഹത്തിന്റെ ഇടപെടലുകളെയും ശക്തമായി വിമര്‍ശിക്കുന്നുണ്ട് ടീസ്റ്റ. കമ്യുണലിസം കോമ്പാറ്റ് തുടങ്ങുന്നതിനുള്ള പ്രധാനകാരണം പത്രപ്രവര്‍ത്തക എന്ന നിലയിലുള്ള ശേഷി ഉപയോഗിച്ച് അന്നത്തെ ലഹളകളെ എങ്ങനെ തെരുവിലെത്തിക്കാതിരിക്കാന്‍ ഉപയോഗിക്കാം എന്നുള്ളതായിരുന്നു. ഇഹ്‌സാന്‍ ജഫ്രി കേസില്‍ നരേന്ദ്ര മോദിയും (ഒന്നാം പ്രതി) ക്യാബിനറ്റ് മന്ത്രിമാരും മറ്റു IAS, IPS ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 62 പേര്‍ക്കെതിരെയും ക്രിമിനല്‍ നടപടി ചട്ടങ്ങളുടെ 154വകുപ്പ് പ്രകാരം പരാതി ഫയല്‍ ചെയ്യാന്‍ സക്കിയ ജഫ്രിക്കൊപ്പം CJP യും നിലകൊണ്ടു. സംസ്ഥാനത്തുടനീളം എണ്ണമറ്റ ഇരകളുടെയും സാക്ഷികളുടെയും പ്രശ്‌നങ്ങള്‍ CJP ഏറ്റെടുക്കുകയും ധാരാളം കേസുകളില്‍ നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.


രത്തന്‍ ടാറ്റയും മോദിയും തമ്മിലുണ്ടായ തുറന്ന സൗഹൃദത്തെ തുടര്‍ന്ന് അദ്ദേഹത്തിന് ലഭിച്ച നേട്ടങ്ങള്‍ കണ്ട് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പും ശശി റൂയയുടെ എസ്സാര്‍ ഗ്രൂപ്പും ആദിത്യ ബിര്‍ള ഗ്രൂപ്പും അത്ഭുതാതിരേകങ്ങളൊന്നുമില്ലാതെ തന്നെ മോദിയുടെ കൈയിലെ രക്തക്കറ തുടച്ചു കളയുന്നതിനും അദ്ദേഹത്തിന് മാന്യത നേടിയെടുക്കുന്നതിനും വേണ്ടി കൈകോര്‍ക്കാന്‍ തയ്യാറായി എന്ന് ടീസ്റ്റ വിലയിരുത്തുന്നുണ്ട്. 2002ല്‍ ഗുജറാത്തില്‍ മോദി നടത്തിയ വെറുപ്പ് നിറഞ്ഞ പ്രസംഗത്തിനെതിരെ കോടതിയെ സമീപിച്ചെങ്കിലും അനുകൂലവിധി ഉണ്ടാകാതെ പോയത് മോദിയുടെ ഭീതിതമായ വളര്‍ച്ചയുടെ ഉദാഹരണമാണ്.

മതപരമായ തലത്തില്‍ മുസ്‌ലിം ജനവിഭാഗത്തെ ശാരീരികമായും വൈകാരികമായും സാമ്പത്തികമായും സാംസ്‌കാരികമായും നാശോന്മുഖമാക്കുന്ന കാഴ്ചയാണ് ഗുജറാത്തില്‍ കണ്ടെത്തിയ യാഥാര്‍ഥ്യമെന്ന് ടീസ്റ്റ വിളിച്ചു പറയുന്നു. എന്തുകൊണ്ട് ഗുജറാത്ത് എന്ന ചോദ്യത്തിന് ഗാന്ധിജിയുടെ പൈതൃകം കുഴിച്ചു മൂടുന്നതിനുള്ള ഹിന്ദു രാഷ്ട്രപദ്ധതിയാണോ എന്ന ചിന്ത അവര്‍ പങ്കുവെക്കുന്നതിനൊപ്പം ആധുനിക ഇന്ത്യ നിര്‍ലജ്ജവും നിന്ദ്യവുമായ ഒരു ഭരണഘടനാ വ്യതിചലനത്തേയും സ്വീകരിച്ച് കൊണ്ട് എന്തിന് മുന്നോട്ട് പോകുന്നുവെന്ന് ഖേദിക്കുകയും ചെയ്യുന്നു.

ജാത്യാധിഷ്ഠിതവും സാമുദായികവുമായി രൂപീകരിക്കപ്പെട്ടിട്ടുള്ള, നിലനില്‍പ്പുള്ള സാമൂഹ്യവ്യവസ്ഥയെ പുകഴ്ത്തിപ്പിടിച്ചുകൊണ്ടാണ് ഇന്ന് നമ്മള്‍ ജനാധിപത്യത്തെ പറ്റി സംസാരിക്കുന്നതെന്നും താക്കറെ, തൊഗാഡിയ, മോദി ഇവരില്‍ ആരില്‍ നിന്നുമാകട്ടെ വെറുപ്പിന്റെ പ്രത്യയശാസ്ത്രം ഉള്‍ക്കൊണ്ടു മുന്നോട്ട് പോകുന്ന സമൂഹം അതില്‍ വശംവദരാവുക മാത്രമല്ല മറിച്ച് വര്‍ഗ്ഗീയ ലഹളകളിലെ പ്രധാനപ്പെട്ട പങ്കാളി തന്നെയായി മാറുമെന്നും ടീസ്റ്റ ഓര്‍മിപ്പിക്കുന്നു.

ബാബരി മസ്ജിദും ഗുജറാത്ത് കലാപവും പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട്, പുതുതലമുറയുടെ ബോധത്തിലേക്ക് ബി.ജെ.പി സര്‍ക്കാര്‍ നിര്‍മിച്ച ലജ്ജവഹമായ ചരിത്രം കുത്തിക്കയറ്റുമ്പോള്‍ ഓരോ ഇന്ത്യക്കാരനും ഓര്‍ത്തെടുക്കാന്‍ യഥാര്‍ഥ ചരിത്രത്തിന്റെ രേഖയായി ടീസ്റ്റയുടെ വാക്കുകള്‍ നിലകൊള്ളും. പലരും മറന്നു പോകുന്നതും മനഃപൂര്‍വം മായ്ച്ചു കളയുന്നതുമായ ഇന്ത്യന്‍ ചരിത്രങ്ങളെ തെളിമയോടെയും ധീരതയോടെയും കുറിച്ചുവെച്ച ടീസ്റ്റയുടെ അക്ഷരങ്ങള്‍ ഓരോ വായനക്കാരിലും തീപ്പൊരി പാറിക്കുമെന്നത് തീര്‍ച്ച.

Foot Soldier of the Constitution: A Memoir - എന്ന തലക്കെട്ടിലുള്ള പുസ്തകം ചിന്ത ബുക്‌സ് ആണ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

TAGS :