Quantcast
MediaOne Logo

ഖദീജ റിഫ

Published: 4 Dec 2023 8:41 AM GMT

മുക്കുവ സമൂഹത്തിന്റെ നേര്‍ചിത്രമാണ് 'അശരണരുടെ സുവിശേഷം' - ഫ്രാന്‍സിസ് നൊറോണ

2016 ല്‍ എഴുത്തിന്റെ ലോകത്തേക്ക് കടന്നുവന്നയാളാണ് ഫ്രാന്‍സിസ് നൊറോണ. നാല്‍പത്തി രണ്ടാം വയസ്സിലാണ് ആദ്യനോവല്‍ പ്രസിദ്ധീകരിക്കപ്പെടുന്നത്. കുറഞ്ഞ കാലത്തെ എഴുത്തനുഭവങ്ങളാണ് ഉള്ളതെങ്കിലും മലയാള സാഹിത്യ മേഖലയില്‍ നൊറോണ കൊണ്ടുവന്ന മാറ്റം അത്രമേല്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഫ്രാന്‍സിസ് നൊറോണ എഴുത്തനുഭവങ്ങള്‍ പങ്കുവെക്കുന്നു | MLF2023 | റിപ്പോര്‍ട്ട്: ഖദീജ റിഫ

അശരണരുടെ സുവിശേഷം - ഫ്രാന്‍സിസ് നൊറോണ
X

തുടക്കക്കാരനെന്ന നിലയില്‍ ഇടപെട്ടിരുന്ന സ്വന്തം സമൂഹത്തിലെ കാര്യങ്ങള്‍ എഴുതി തുടങ്ങുന്നതാണ് ഏളുപ്പം. അങ്ങനെയുള്ള ജീവിത പശ്ചാത്തലത്തില്‍ നിന്നു കൊണ്ടാണ് ആദ്യ നോവല്‍ 'അശരണരുടെ സുവിശേഷം' ഉടലെടുക്കുന്നത്. അഞ്ചര വര്‍ഷം കൊണ്ട് എഴുതിത്തീര്‍ത്ത പുസ്തകം സത്യം പറഞ്ഞാല്‍ അശരണരായിട്ടുള്ള ജനതയെ സമൂഹത്തില്‍ ചേര്‍ത്തുനിര്‍ത്തണമെന്ന ഒറ്റ ലക്ഷ്യം കൊണ്ടു മാത്രം സംഭവിച്ചതല്ല. കടലില്‍ ജീവിക്കുകയും കരയെ അറിയാതെ പോകുകയും ചെയ്യുന്ന മുക്കുവ സമൂഹത്തിന്റെ നേര്‍ചിത്രം വരച്ചുകാട്ടുകയാണ് അശരണരുടെ സുവിശേഷത്തില്‍ ഉണ്ടായത്.

കമ്യൂണിസവും ക്രൈസ്തവതയും വേരൂന്നിയ മണ്ണാണ് ആലപ്പുഴ. അവിടെയുള്ള ജനങ്ങളുടെ മേല്‍ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും അധികാരം ഇന്നും നിലനില്‍ക്കുന്നു എന്നത് യാഥാര്‍ഥ്യമാണ്. കടലില്‍ പോയി തിരിച്ചുവരുന്ന മുക്കുവര്‍ ഇന്നും ദീനപ്പങ്കായും പള്ളിപ്പങ്കായും മത്സ്യത്തെ ഓഹരിവെക്കുന്നു. അത് അവരുടെ മേലുള്ള പൗരോഹിത്യ ആളധികാരമായി മാറുകയും ചെയ്തിട്ടുണ്ട്. അരികുവത്കരിക്കപ്പെട്ട മലയോര, ആദിവാസി, കുടിയേറ്റ മേഖലകളെയൊക്കെ ചര്‍ച്ച ചെയ്യുമ്പോഴും തീരദേശത്തുള്ളവര്‍ ഇന്നും പുരോഗമനമെത്താതെ പരിതാപകരമായ അവസ്ഥ നേരിടുന്നുണ്ട്. പ്രാകൃതമായ ഗോത്ര സംസ്‌കാരം ഇന്നും അവരുടെ മേല്‍ നിലയുറപ്പിക്കുന്നുണ്ട്. ഈ അരാജകത്വത്തിന്റെ പാലം പൊളിച്ചു കളയാതെ തീരദേശത്തുള്ളവര്‍ക്ക് പൊതുമേഖലയിലേക്ക് കടന്നുവരാന്‍ സാധിക്കുകയില്ല.


1930 മുതല്‍ 2016 വരെ തീരദേശങ്ങളില്‍ നടന്ന ചരിത്ര സംഭവങ്ങളെ കുറിച്ചുള്ള പഠനത്തിന് ശേഷമായിരുന്നു അശരണരുടെ സുവിശേഷം എഴുതി തീര്‍ക്കുന്നത്. സമയവും, ഉണ്ടായിരുന്ന സര്‍ക്കാര്‍ ജോലിയും ഒഴിവാക്കി എഴുത്തിന്റെ ലോകത്തേക്ക് തനിയെ സഞ്ചരിക്കുമ്പോള്‍ ഒരുപക്ഷേ, സമൂഹം ഒന്നിനും കൊള്ളാത്ത വിഡ്ഢി എന്ന് ആക്ഷേപിക്കുന്നുണ്ടാവാം. തനിയെ നടന്നുപഠിച്ചവനെ ഒറ്റക്കാക്കി തോല്‍പ്പിക്കാന്‍ കഴിയില്ല.

മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ 'മലയാള നോവല്‍ പുതിയ ഭാവനാഭൂപടങ്ങള്‍' എന്ന തലക്കെട്ടില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചതിന്റെ സംക്ഷിപ്ത രൂപം.

തയ്യാറാക്കിയത്: ഖദീജ റിഫ



TAGS :