Quantcast
MediaOne Logo

ശ്വാസം നിലച്ച് പോയ ലോക സിനിമ

സിനിമയുടെ ചരിത്രത്തിൽ തൻറേതായ മുദ്ര പതിപ്പിച്ച ഗൊദാർദ് ഏറ്റവും പുതിയ സാങ്കേതിക വിദ്യയെ ഉൾക്കൊള്ളുകയും സിനിമയുടെ അവതരണത്തെ ലളിതമാക്കുകയും ചെയ്ത സംവിധായകനാണ്

ശ്വാസം നിലച്ച് പോയ ലോക സിനിമ
X
Listen to this Article

Photography is truth. The cinema is truth twenty-four times per second. Jean-Luc Godard: La Petit Soldat.91 ആമത്തെ വയസ്സിൽ കഴിഞ്ഞ ദിവസം ഴാൻ ലുക് ഗോദാർദ് ലോകത്തോട് വിട പറയുമ്പോൾ സിനിമയുടെ വ്യാകരണം മാറ്റിയെഴുതിയ പ്രഗൽഭനായ ഒരു ചലച്ചിത്രകാരനെയാണ് ലോകത്തിന് നഷ്ടപ്പെടുന്നത്. നിരൂപകനായി തുടങ്ങി സംവിധായകനായി വളർന്ന അദ്ദേഹം വൈദ്യസഹായത്തോടെ മരണം വരിക്കയായിരുന്നു എന്നാണ് വാർത്ത.

ലാ ഗസറ്റെ ദു സിനിമ (La Gazatte du cinema) എന്ന വ്യഖ്യാത മാസികയിൽ 1950 ജൂൺ മാസത്തിൽ പത്തൊൻപത്കാരനായ ഒരു ചെറുപ്പക്കാരൻറെ ലേഖനം പ്രത്യക്ഷപ്പെട്ടു. ജോസഫ് മാങ്കെവിഷ് (Joseph Mankiewicz) എന്ന സംവിധായകൻറെ "എ ലെറ്റർ റ്റു ത്രീ വൈവ്സ്"(A letter to three wives) എന്ന സിനിമയെ കുറിച്ചുള്ള മൂന്ന് പേജുള്ള ആ ലേഖനം സിനിമാ നിരൂപണത്തിൽ ഒരു പുത്തൻ വഴിത്താര തന്നെ സൃഷ്ടിച്ചു. ഴാൻ ലുക് ഗൊദാർദ് (Jean-Luc Godard) എന്ന ലോക പ്രസിദ്ധ സിനിമാ സംവിധായകൻറെ രംഗപ്രവേശമാണ് അതെന്ന് ലോകം തിരിച്ചറിഞ്ഞത് പിന്നീടാണ്. ലോക സിനിമയുടെ തന്നെ ചരിത്രം മാറ്റിയെഴുതിയ ഗൊദാർദ് ഫ്രഞ്ച് നവതരംഗത്തിൻറെ വക്തവായി പിന്നീട് മാറുന്നതാണ് സിനിമാലോകം കാണുന്നത്.

ഫ്രഞ്ച് സിനിമയുടെ മാത്രമല്ല ലോക സിനിമയുടെ തന്നെ തലവര മാറ്റിയെഴുതിയ പ്രസ്ഥാനമാണ് " ഫ്രഞ്ച് ന്യു വേവ്" പ്രസ്ഥാനം. 1950 കളിലും 1960 കളിലും സജീവമായി നിന്ന "നവതരംഗം അഥവാ നോവെല്ലെ വേഗ് (Nouvelle Vague)" എന്ന ഈ പ്രസ്ഥാനം മുഖ്യധാരാ ഫ്രഞ്ച്സിനിമയുടെ മുഖച്ഛായ തന്നെ മാറ്റിയെഴുതിയ വിപ്ലവകരമായ പുതിയ സിനിമക്ക് തുടക്കം കുറിച്ച പ്രസ്ഥാനമാണ്. ഫ്രാൻസ്വാ ത്രുഫോ, ക്ലോദ് ഷാബ്രൊ, എറിക് റോമെർ, ജാക്വെ റിവെ, ലൂയി മാല്ലെ, അലെൻ റെനെ, ആഗ്നെ വാർദ, ജാക്വെ ഡിമെ തുടങ്ങിയ എക്കാലത്തെയും പ്രഗൽഭരായ സംവിധായകരോടൊപ്പം ഈ പുതിയ പ്രസ്ഥാനത്തിന്റെ വികാസത്തിൽ മുഖ്യ പങ്ക് വഹിച്ച ചലച്ചിത്രസംവിധായകനാണ് ഴാൻ ലുക് ഗൊദ്ദാർദ്. കഹെ ദു സിനിമ എന്ന അക്കാലത്തെ പ്രശസ്തമായ ഫ്രഞ്ച് സിനിമാ പ്രസിദ്ധീകരണത്തിന്റെ നിർലോഭമായ പിന്തുണയും ഈ പ്രസ്ഥാനത്തിനു ലഭിച്ചു. ഈ പ്രസ്ഥാനത്തിലെ ഏറ്റവും പ്രസിദ്ധമായ സിനിമകളിലൊന്നാണ് ഗൊദാർദിൻറെ "ബ്രീത്ത് ലെസ്സ്"( Breathless).


സിനിമയുടെ ചരിത്രത്തിൽ തൻറേതായ മുദ്ര പതിപ്പിച്ച ഗൊദാർദ് ഏറ്റവും പുതിയ സാങ്കേതിക വിദ്യയെ ഉൾക്കൊള്ളുകയും സിനിമയുടെ അവതരണത്തെ ലളിതമാക്കുകയും ചെയ്ത സംവിധായകനാണ്. പരമ്പരാഗത കഥ പറച്ചിൽ രീതിയിൽ നിന്ന് മാറി നടന്ന മഹാവ്യക്തിത്വമാണ് ഗൊദാർദ്. മനുഷ്യജീവിതത്തിൻറെ എല്ലാ മണ്ഡലങ്ങളെയും തൻറെ സിനിമയിലേക്ക് ആവാഹിച്ച ഗൊദാർദിന് രാഷ്ട്രീയം പോലും അകറ്റി നിർത്തേണ്ട വിഷയമായി തോന്നിയിട്ടില്ല. ഭരണകൂടത്തിൻറെ വിരോധത്തിന് പാത്രമായ അദ്ദേഹത്തിൻറെ "ലെ പെറ്റി സൊൽദാ (Le Petit Soldat) എന്ന സിനിമ ഫ്രാൻസിൽ നിരോധിക്കുക കൂടിയുണ്ടായി.

ഫ്രഞ്ച് സിനിമയുടെ മാത്രമല്ല ലോക സിനിമയുടെ തന്നെ ഗതി നിർണയിക്കുന്നതിൽ തൻറേതായ പങ്ക് നിർവഹിച്ച സംവിധായകനാണ് അദ്ദേഹം. അറുപത് വർഷം നീണ്ട് നിന്ന സിനിമാ ജീവിതത്തിനിടയിൽ നൂറിലധികം സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. അവയിൽ പേരെടുത്ത് പറയാവുന്ന സിനിമകളാണ് "ബ്രീത്ത് ലെസ്സ്" (Breathless), "എ വുമൺ ഈസ് എ വുമൺ"(A Woman Is a Woman),"കണ്ടംപ്റ്റ് " (Contempt),"ബാൻറ് ഓഫ് ഔട്ട്സൈഡേർസ്" (Band of Outsiders) "പിയറെ ലെ ഫൗ "(Pierrot le Fou) എന്നീ ചിത്രങ്ങൾ. അതു വരെ നിലനിന്നിരുന്ന സിനിമാ നിർമാണ പ്രക്രിയയിൽ വിപ്ലവകരമായ മാറ്റം വരുത്തിയ സംവിധായകനാണ് ഗോദാർദ്. ഹാൻറ്ഹെൽഡ് ക്യാമറയും പ്രകൃതിദത്തമായ പ്രകാശവും ഉപയോഗിച്ചാണ് അദ്ദേഹം സിനിമകൾ നിർമിച്ചത്.

സിനിമയുടെ സമസ്ത മേഖലയേയും സ്പർശിച്ച കലാകാരനാണ് അദ്ദേഹം. നിരവധി ഘട്ടങ്ങളിലൂടെ കടന്ന് പോയാണ് ലോകത്തിലെ എക്കാലത്തേയും മികച്ച സംവിധായകനാകാൻ ഗൊദാർദിന് സാധിച്ചത്. സിനിമയുടെ വൈവിധ്യമാർന്ന ജോണറുകളെ അദ്ദേഹത്തിൻറെ സിനിമകൾ ആവിഷ്കരിച്ചിടുണ്ട്. എ വുമൺ ഈസ് എ വുമൺ -മ്യൂസിക്കൽ, ബ്രീത്ത് ലെസ്സ്- ഗാങ്ങ്സ്റ്റർ, ലെ പെറ്റി സൊൽദാ - രാഷ്ട്രീയം, ആൽഫവില്ലെ-സയൻസ് ഫിക്ഷൻ എന്നിവ ഉദാഹർണങ്ങളാണ്. ഇവയൊക്കെ മികവുറ്റ സൃഷ്ടികളുമാണ്. ഉത്തരാധുനിക സിനിമകളിൽ നിന്ന് രാഷ്ട്രീയ സിനിമകളിലേക്കും ദൃശ്യ ഉപന്യാസങ്ങളിലേക്കും ആർട് പ്രൊജക്റ്റിലേക്കും വികസിച്ച ഗൊദാർദിനെ ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഹിച്ച്കോക്കിനും ഓർസൻ വെൽസിനും ശേഷം ലോകം കണ്ട മികച്ച സംവിധായകരിലൊരാളായി വിലയിരുത്തിയിട്ടുണ്ട്. അദ്ദേഹത്തോടുള്ള ബഹുമാനം പ്രകടിപ്പിക്കാനായി ക്വൻറൈൻ തരാൻറിനോ (Quentin Tarantino) സ്വന്തം കമ്പനിയുടെ പേര് തന്നെ "എ ബാൻഡ് എപ്പാർട്" എന്നാണ് വിളിച്ചത്. ബാൻഡ് ഓഫ് ഔട്ട്സൈഡെർസ് (Band of Outsiders) എന്ന സിനിമയെ ഉദ്ധരിച്ചാണ് ഈ പേര് തരാൻറിനോ സ്വീകരിച്ചത്.


വാക്കുകളുടെ ശേഷി നഷ്ടപ്പെട്ടപ്പോഴാണ് ഗൊദാർദ് സിനിമയിലേക്ക് പ്രവേശിച്ചത്. വാക്കുകൾക്കുള്ള അതിരുകൾ കാഴ്ച കൊണ്ട് മറികടക്കുകയായിരുന്നു അദ്ദേഹം. വിവ്രെ സ വി (Vivre sa Vie) എന്ന അദ്ദേഹത്തിൻറെ സിനിമയിലെ ഒരു കഥാപാത്രമായ നാന ക്ലീൻഫ്രാങ്കെൻഹീം (Nana Kleinfrankenheim) പറയുന്ന വാചകം (എന്തുകൊണ്ടാണ് ഒരാൾ സംസാരിക്കേണ്ടത്? പലപ്പോഴും സംസാരിക്കാൻ പാടില്ല, നിശബ്ദമായി ജീവിക്കുക. ഒരാൾ കൂടുതൽ സംസാരിക്കുന്തോറും വാക്കുകളുടെ അർത്ഥം കുറയും) വാക്കുകളെ കുറിച്ചുള്ള ഗൊദാർദിൻറെ പ്രസ്താവനയായി കണക്കാക്കാവുകയാണ്. വാക്കുകളുടെ വളയങ്ങൾ ഭേദിച്ച് കാഴ്ചയുടെ അനന്തയിലേക്ക് പടർന്ന് കയറുകയാണ് സിനിമയിലൂടെ ഗൊദാർദ് ചെയ്യുന്നത്. സിനിമയിലൂടെ ആശയങ്ങളെ പ്രകടിപ്പിക്കുകയും പുനർനിർമ്മിക്കുകയും ചെയ്യുകയാണ് ഗൊദാർദ്. അവ വാക്കുകളുടെ ബലഹീനതക്കുള്ളിൽ ഒളിച്ച് വെക്കാവുന്നവയല്ല.

1968 ലെ ഫ്രഞ്ച് വിദ്യാർഥി പ്രക്ഷോഭവും, വിയറ്റ്നാം യുദ്ധവും, ചൈനയിലെ സാംസ്കാരിക വിപ്ലവവുമൊക്കെ ഗൊദാർദിനെ വല്ലതെ സ്വാധീനിച്ചു. അത് കൊണ്ട് തന്നെ 1968 ന് ശേഷമുള്ള ഗൊദാർദിൻറെ സിനിമകളിൽ രാഷ്ട്രീയ സ്വധീനം കാണാം. ഴാൻ പിയർ ഗോറിനുമായി (Jean-Pierre Gorin) ചേർന്ന് സിഗ വെർത്തോവ് (Dziga Vertov) ഗ്രൂപ്പ് (പ്രശസ്ത സോവിയറ്റ് ചലച്ചിത്രകാരനാണ് സിഗ വെർത്തോവ്) എന്ന സംഘടനയുണ്ടാക്കിയ ഗൊദാർദ് പതിനാലോളം മികച്ച രാഷ്ട്രീയ സിനിമകൾ ഇക്കാലത്ത് നിർമിച്ചു. പക്ഷെ ഇവയൊന്നും വേണ്ടത്ര ശ്രദ്ധ പിടിച്ച് പറ്റിയില്ല. തോ വ ബീൻ (Tout Va Bien), ലെ ഗ സവൊ ( Le Gai Savoir) എന്നിവ ഇക്കാലത്ത് നിർമിച്ച ക്ലാസ്സിക്കുകളാണ്.


1970 കളിൽ സിനിമയിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ ഗൊദാർദ് 1980 ൽ എവരി മേൻ ഫോർ ഹിംസെൽഫ് (Every Man for Himself) എന്ന ക്ലാസ്സിക് ചിത്രത്തിലൂടെ വീണ്ടും തിരിച്ച് വരികയായിരുന്നു. പിന്നീടിങ്ങോട്ട് മഹത്തായ നിരവധി സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു. 2001 ൽ അദ്ദേഹം സംവിധാനം ചെയ്ത " ഇൻ പ്രെയിസ് ഓഫ് ലൗ" (In Praise of Love) ഗൊദാർദിൻറെ മറ്റൊരു ക്ലാസിക്കായി കണക്കാക്കാം. 2000 ത്തിൽ അദ്ദേഹം സംവിധാനം ചെയ്ത "നോത്രെ മ്യൂസിക്ക്(Notre Musique), "ഫിലിം സോഷ്യലിസം (Film Socialisme), ഗുഡ്ബൈ റ്റു ലാംഗ്വേജ് (Goodbye to Language) ഒക്കെ മികച്ച സിനിമകളായാണ് ലോകം വിലയിരുത്തുന്നത്. അവസാനമായി " ദ ഇമേജ് ബുക്ക്" എന്ന സിനിമ കൂടി ലോകത്തിന് സംഭാവന ചെയ്താണ് 91 ആം വയസ്സിൽ ഗൊദാർദ് വിട പറയുന്നത്.


TAGS :