MediaOne Logo

യു. ഷൈജു

Published: 24 Jan 2023 3:06 PM GMT

എന്റെ പൊന്നോ

സ്വര്‍ണത്തിന്റെ തിളക്കത്തിനൊപ്പം വിലയുടെ കുതിപ്പും തുടരുകയാണ്.

എന്റെ പൊന്നോ
X

മൃദുലവും തിളക്കമുള്ളതുമായ മഞ്ഞലോഹമാണ് സ്വർണ്ണം. ലോഹം എന്നൊക്കെ അങ്ങനെയങ്ങ് പറഞ്ഞ് ഇതിനെ തള്ളാനോ തിളക്കം കണ്ട് അടുക്കാനോ അത്ര വേഗം കഴിയില്ല. കാരണ കൈപൊള്ളും ആലയിൽ വച്ച് പഴുപ്പിക്കുന്ന തിളക്ക സമയത്തല്ല പൊള്ളുന്നത് നമ്മുടെ കണ്ണിനെയു മനസിനെയു ആകര്‍ഷിക്കുന്ന തരത്തിൽ ഷോറൂമുകളിലിരുന്ന് തിളങ്ങുമ്പോഴും ഗ്ലാസ് ഷെൽഫിൽ നിന്ന് പുറത്തെടുക്കണമെങ്കിലും പൊള്ളും. അത്രമേലാണ് ഈ ലോഹത്തിന് വിപണിയിലെ വില.

ലോഹമെന്ന നിയയിൽ ഇതിനെ പല തരത്തിൽ കാണാം. ചെറിയ തരികളായും കഷണങ്ങളായും കയ്യിലെടുക്കാം. ഇങ്ങനെ സ്വതന്ത്രാവസ്ഥയിൽത്തന്നെ പ്രകൃതിയിൽ കണ്ടുവരുന്ന ഈ ലോഹത്തിന് എങ്ങനെയും രൂപമാറ്റം വരുത്താമെന്നതാണ് ഏറ്റവും വലിയ പ്രത്യോകത. ഇതിലുമുണ്ട് ശുദ്ധനും അശുദ്ധനും. മഞ്ഞ നിറത്തിലുള്ള ഇത്തിരി ബലം കുറഞ്ഞ നല്ല തിളക്കമുള്ളതാണ് പൊതുവേ ശുദ്ധ സ്വർണ ലോഹം എന്ന് പറയാറ്.

ലോകത്തിന്റെ ചില ഭാഗങ്ങളിൽ ആഭരണങ്ങൾ ഉണ്ടാക്കാൻ ഈ സ്വർണം ഉപയോഗിക്കുമെങ്കിലും സ്ഥിര ഉപയോഗത്തിന് ഈ ആഭരണങ്ങൾ യോജിക്കില്ല എന്നതാണ് നേര്. ചെറിയ ഒരു ബലം കൊടുത്താൽ ആഭരണത്തിന്റെ രൂപം തന്നെ മാറിപ്പോകും. ഇങ്ങനെ ബലം കുറഞ്ഞ സ്വർണത്തിന്റെ ദൃഢത കൂട്ടാൻ ആണ് മറ്റു ലോഹങ്ങളുമായി കൂട്ടിയോജിപ്പിക്കുന്നത്. സിൽവർ, പലേഡിയം, സിങ്ക് , നിക്കൽ, പ്ലാറ്റിനം , കോപ്പർ തുടങ്ങിയവയാണ് സാധാരണയായി സ്വർണത്തോടൊപ്പം ചേർക്കുന്ന മറ്റ് ലോഹങ്ങൾ.

ശുദ്ധനും അശുദ്ധനും

സ്വർണത്തിന്റെ ശുദ്ധി കണക്കാക്കുന്നത് കാരറ്റ് എന്ന അളവിലാണ്. ഉദാഹരണത്തിന്, 100% സ്വർണം അഥവാ ശുദ്ധ സ്വർണം എന്നത് 24 കാരറ്റ് ആണ്. കൂട്ടിച്ചേർക്കുന്ന ലോഹങ്ങളുടെ അളവ് അനുസരിച്ചു സ്വർണത്തിന്റെ പ്യൂരിറ്റിയും മാറും. നമ്മൾ സാധാരണയായി വാങ്ങുന്ന 22 കാരറ്റ് സ്വർണത്തിൽ 91.6 % ശുദ്ധ സ്വർണവും ബാക്കി മറ്റു ലോഹങ്ങളുമാണ് . 18 കാരറ്റ് സ്വർണത്തിൽ 75 % ശുദ്ധ സ്വർണവും ബാക്കി മറ്റു ലോഹങ്ങളുമാണ്. 24 കാരറ്റ് എന്ന ശുദ്ധ സ്വർണത്തിൽ നിന്ന് തുടങ്ങി കാരറ്റ് കുറയുന്തോറും സ്വർണത്തിന്റെ ഗുണവും കുറയും. ഇങ്ങനെ കാരറ്റ് നോക്കി നമ്മൾ വാങ്ങുന്ന ആഭരണത്തിൽ എത്ര ശതമാനം സ്വർണം ഉണ്ടെന്നു മനസിലാക്കാനാകും.

മഞ്ഞ നിറമുള്ള സ്വർണത്തിനൊപ്പം ചുവന്ന കളറിലുള്ള കോപ്പർ ചേർക്കുമ്പോൾ റോസ് കളർ കിട്ടും. ചേർക്കുന്ന ലോഹത്തിന്റെ സ്വഭാവം അനുസരിച്ചു സ്വർണത്തിനും വ്യത്യാസം ഉണ്ടാകും. 18 കാരറ്റ് സ്വർണത്തിലെ ശുദ്ധ സ്വർണം ഒഴിച്ചുള്ള ബാക്കി 25% കോപ്പർ ആണെങ്കിൽ നല്ല ചുവപ്പുള്ള റെഡ് ഗോൾഡ് ലഭിക്കും. അതേ സമയം 22.5 % കോപ്പറും 2.5 % സിൽവറും ആണെങ്കിൽ റോസ് ഗോൾഡ് ലഭിക്കും. പല നിറത്തിലുള്ള സ്വർണം ഉണ്ടാക്കുന്നത് ഇങ്ങനെ വ്യത്യസ്ത തരത്തിലുള്ള ലോഹക്കൂട്ടുകൾ ഉപയോഗിച്ചാആണ്.പ്ലാറ്റിനത്തിന്റെ അതേ രൂപവും പകുതി വിലയുമാണ് വൈറ്റ് ഗോൾഡിനെ ആകർഷകമാക്കുന്നത്. വെള്ളി ആഭരണങ്ങളെപ്പോലെ വൈറ്റ് ഗോൾഡ് ക്ലാവ് പിടിക്കുകയും ഇല്ല. എന്നാലും വർഷങ്ങൾ തുടർച്ചയായി ഉപയോഗിച്ചാൽ വൈറ്റ് ഗോൾഡിന്റെ പുറത്തുള്ള റോഡിയം ആവരണം ഇളകിപ്പോവുകയും തിളക്കം നഷ്ടപ്പെടുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ തിളക്കം നിലനിൽക്കണമെങ്കിൽ രണ്ടു വർഷം കൂടുമ്പോളെങ്കിലും വൈറ്റ് ഗോൾഡ് ആഭരണങ്ങൾ റോഡിയം കോട്ടിങ് ചെയ്യേണ്ടതാണ് . ഇത് അത്ര വിലപിടിപ്പുള്ള പണി അല്ല.


കണ്ണഞ്ചും

സ്വർണാഭരണങ്ങൾ വെറും ആർഭാടം മാത്രമല്ല, സാമ്പത്തിക പ്രതിസന്ധിയുടെ ഘട്ടങ്ങൾ മറികടക്കാൻ സഹായിക്കുന്ന ഒന്ന് കൂടിയാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകാനിടയില്ല. ‍അതിനാൽ തന്നെ നിക്ഷേപത്തിനും വ്യവഹാരങ്ങൾക്കുമുള്ള ഏറ്റവും സുരക്ഷിതമായ മാർഗമായി സ്വർണം മാറിയിട്ട് കാലങ്ങളായി. ‍സ്വർണത്തിന് രണ്ടു തരത്തിലുള്ള ഉടമസ്‌ഥാവകാശമുണ്ട്: ഫിസിക്കൽ ഓണർഷിപ്പും പേപ്പർ ഓണർഷിപ്പും. ഫിസിക്കൽ ഗോൾഡ് (പ്രത്യക്ഷ സ്വർണം) ജ്വല്ലറികളിൽ നിന്നും ആഭരണങ്ങൾ, സ്വർണ നാണയങ്ങൾ , സ്വർണ കട്ടികൾ എന്നീ രൂപങ്ങളിൽ വാങ്ങാൻ സാധിക്കുമ്പോൾ പേപ്പർ ഗോൾഡ്, ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്സ് (ETFs), സോവറിൻ ഗോൾഡ് ബോണ്ട്സ് (SGBs) എന്നിവയുടെ രൂപത്തിലാണ് വാങ്ങിക്കാൻ കഴിയുന്നത്. ഇവയെ കൂടാതെ ഗോൾഡ് മ്യൂച്വൽ ഫണ്ട്സ്, ഡിജിറ്റൽ ഗോൾഡ് എന്നീ മാർഗങ്ങളും ലഭ്യമാണ്.

ഇവിടെ ഇന്ന് ജനങ്ങൾക്കിടയിലേക്ക് എത്തുന്ന സ്വര്‍ണത്തിന് മനസ് നോവിക്കുന്ന വിലയാണ്. കേരളത്തിലത് എല്ലാ കാലത്തെയും റെക്കോര്‍ഡുകളെയും കടത്തിവെട്ടി. 50 വർഷത്തെ സ്വർണ വില പരിശോധിച്ചാൽ ലോകത്ത് മറ്റൊരു വസ്തുവിനും ലഭിക്കാത്ത വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്.

മൊത്തക്കച്ചവടത്തിന് അനക്കമുണ്ടാകുന്പോൾ ചില്ലറക്കച്ചവടത്തിന് കിതപ്പ് പകരുന്നതാണ് സ്വര്‍ണത്തിന്റെ വിലക്കയറ്റം. രാജ്യാന്തര വിപണിയിൽ വില കുതിച്ചുയര്‍ന്നാൽ കേരളത്തിലെ വ്യാപാര മേഖലയിൽ വാണംപോലെ പൊങ്ങും. ആഗോള സാമ്പത്തികമാന്ദ്യ ആശങ്കകളും ചൈനയിൽ നിന്നുള്ള ഡിമാൻഡ് സാവധാനം ഉയരുന്നതും പണപ്പെരുപ്പം ഉയർന്ന നിലവാരത്തിൽ തുടരുന്നതുമാണ് സ്വർണവിലയുടെ ഉയര്‍ച്ചയുടെ കാരണമായി കണക്കാക്കുന്നത്. രാജ്യാന്തര വിപണിയിൽ ഏതാനും ദിവസങ്ങളായി സ്വർണവില അതിന്റെ ഉയര്‍ച്ചയുടെ പാത കടന്നുകൊണ്ടേയിരിക്കുകയാണ്. ട്രോയ് ഔൺസിന് (31.1 ഗ്രാം) വില 2000 ഡോളർ കടന്നേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. രാജ്യാന്തര വിപണിയിലെ നിലവിലെ ട്രെൻഡ് തുടർന്നാൽ സംസ്ഥാനത്ത് വില പുതിയ റെക്കോർഡ് ഉണ്ടായാലും അത്ഭുതമല്ല. രാജ്യാന്തര വിപണിയിലെ വിലയും ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യവും കണക്കാക്കിയാണ് കേരളം സ്വർണവില നിശ്ചയിക്കുന്നത്.ഈ നിര്‍ണായക ഘട്ടത്തിൽ സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായിക്കണ്ട് വൻകിട നിക്ഷേപകർ സ്വർണം വാങ്ങിക്കൂട്ടുകയാണ്.

സ്വർണവില പ്രതീക്ഷിച്ചതിലും ഉയർന്നതോടെ കച്ചവടത്തിൽ വലിയ കുറവു വന്നതായാണ് വ്യാപാരികൾ പറയുന്നത്. വിവാഹാവശ്യങ്ങൾക്കുള്ള വാങ്ങലുകൾ മാത്രമാണ് കാര്യമായി നടക്കുന്നത്. അതേസമയം വില ഉയർന്നതോടെ സ്വർണം വിൽക്കാനെത്തുന്ന ഉപയോക്താക്കളുടെ എണ്ണം ഉയർന്നുവെന്നും പറയുന്നുണ്ട്.


രൂപയുടെ മൂല്യത്തിൽ ഇടിവു സംഭവിച്ചാൽ സ്വർണവിലയിൽ വലിയതോതിലുള്ള വർധനയുണ്ടാകും. രൂപയുടെ മൂല്യം മെച്ചപ്പെട്ടാൽ ആനുപാതികമായ കുറവും വിലയിലുണ്ടാകും. അന്താരാഷ്ട്ര സ്വർണ വില 1934 ഡോളറും ഇൻഡ്യൻ രൂപയുടെ വിനിമയ നിരക്ക് 81.63 ലുമാണ് ഇപ്പോൾ.

പണപ്പെരുപ്പം, സാമ്പത്തിക അസ്ഥിരത, പലിശ നിരക്ക് വർദ്ധനവ് തുടങ്ങിയവയാണ് സ്വർണ വർദ്ധിക്കുന്നതിന് കാരണമായി പറയുന്നത്.വില വർദ്ധനവ് തുടരുമെന്ന സൂചനകളുണ്ടെങ്കിലും അന്താരാഷ്ട്ര വില 1960 - 70 ഡോളർ എത്താമെന്നും, അതിനിടെ വിലയിൽ ചെറിയ വ്യത്യാസം വരുമെന്ന സൂചനകളുമുണ്ടെന്നാണ് കണക്കാക്കപ്പെടുന്ത്.

വില വര്‍ധനവിന്റെ കാലവും കോലവും

കഴിഞ്ഞ 50 വർഷത്തിനിടെ സ്വർണ വില 19000 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. 1973 ൽ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന്റെ വില 27 രൂപ 50 പൈസ ആയിരുന്നു. പവൻ വില 220 രൂപയും.

190 മടങ്ങ് വർദ്ധനവാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്.1973 ൽ 24കാരറ്റ് തങ്കക്കട്ടി കിലോഗ്രാമിന് 27850 രൂപയായിരുന്നു. ഇന്ന് 59 ലക്ഷം രൂപയാണ് ഒരുകിലോഗ്രാം 24കാരറ്റ് സ്വർണം ബാങ്കിൽ ലഭിക്കുന്നതിന് വേണ്ടി വരുന്നതുക. ഇതിൽ 21000 ശതമാനമാണ് വിലവർദ്ധനവാണുണ്ടായിട്ടുള്ളത്.

1971 ലാണ് അമേരിക്ക പണപ്പെരുപ്പം തടയാനായി സ്വർണത്തിന് പകരമായി ഡോളറിനെ ലോക കറൻസിയായി പ്രഖ്യാപിക്കുന്നത്.ഒരു ഔൺസ് സ്വർണത്തിന് 35 ഡോളറിന്നു വില നിശ്ചയിച്ചത്. 55 മടങ്ങാണ് അന്താരാഷ്ട്ര വില വർദ്ധിച്ചത്. 16500 രൂപ. ഇപ്പോൾ കേരളത്തിന് റെക്കോഡ് വില സമ്മാനിച്ചതും ഡോളറിന്റെ ചാഞ്ചാട്ടമാണ്. 2020 ഓഗസ്റ്റ് 7നായിരുന്നു ഇതിനു മുമ്പുള്ള ഉയർന്ന വില രേഖപ്പെടുത്തിയത്. 5250-42000.


2020 ൽഅന്താരാഷ്ട്ര സ്വർണ വില റെക്കോർഡിലായിരുന്നു. ഇന്നത് ഗ്രാമിന് 5270 രൂപയും പവന് 280 രൂപ വർദ്ധിച്ച് 42160 രൂപയിലെത്തുമ്പോൾ സ്വര്‍ണത്തിന്റെ തിളക്കത്തിനൊപ്പം വിലയുടെ കുതിപ്പും തുടരുകയാണ്.