Quantcast
MediaOne Logo

സി.പി റഷീദ്

Published: 20 Aug 2023 5:56 PM GMT

ഗ്രോ വാസുവിന്റെ തടവും നീതിയുടെ രാഷ്ട്രീയവും

നിയമത്തിന്റെ സാങ്കേതികതയില്‍ മാത്രം അഭിരമിക്കുന്നവര്‍ക്ക് ഗ്രോ വാസു ഉയര്‍ത്തുന്ന ചോദ്യങ്ങളുടെ നൈതികവും ധാര്‍മികവുമായ രാഷ്ട്രീയം മനസ്സിലാക്കാനാവില്ല. കോടതിക്ക് പുറത്തും വിചരണയുണ്ടെന്ന രാഷ്ട്രീയത്തില്‍ നിന്നാണത് മനസ്സിലാക്കാനാവുക. നിരപരാധിത്വം എന്നാല്‍ നിഷ്‌ക്രിയതയല്ലെന്നും പ്രതിഷേധങ്ങള്‍ അപരാധമല്ലെന്നുമുള്ള രാഷ്ട്രീയമാണ് ഗ്രോ വാസു ഉയര്‍ത്തുന്നത്.

ഗ്രോ വാസുവിന്റെ ജയില്‍വാസം
X

ഗ്രോ വാസു എന്നും വാസുവേട്ടന്‍ എന്നും അറിയപ്പെടുന്ന സഖാവ് എ. വാസുവിന്റെ അറസ്റ്റും ഏതാണ്ട് ഒരു മാസത്തോളമായി തുടരുന്ന ജയില്‍വാസവും വലിയ സംവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. വ്യക്തമായ ഒരു രാഷ്ട്രീയ നിലപാട് ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് വാസുവേട്ടന്‍ ജയിലില്‍ പോയത്. നീതിയുടെ രാഷ്ട്രീയമാണ് അതിന്റെ കാതല്‍. നീതിനിഷേധത്തെ പ്രതിരോധിക്കുക എന്ന പ്രവര്‍ത്തിയാണ് ജയില്‍വാസത്തിലൂടെ അദ്ദേഹം ചെയ്യുന്നത്. ജയിലില്‍ തന്നെ സന്ദര്‍ശിക്കുവാന്‍ എത്തുന്ന എല്ലവരോടും അതുകൊണ്ട് തന്നെ അദ്ദേഹം നിരന്തരം പറയുന്ന സന്ദേശം ഇതാണ് - വാസു ജയിലില്‍ കിടക്കുന്നതല്ല ചര്‍ച്ച ആവേണ്ടത്. ഞാന്‍ ഉന്നയിച്ച വിഷയമാണ് ചര്‍ച്ച ആവേണ്ടത്. എട്ടുപേരെ കൊന്നവര്‍ക്കെതിരെ കേസില്ല, കുറ്റം ചെയ്യാത്ത ഞാന്‍ എന്തിന് പിഴയടക്കണം, പ്രതിഷേധം ഒരു കുറ്റമാവുന്നതെങ്ങനെ? - ഇതാണ് ഗ്രോ വാസു ഉന്നയിച്ച വിഷയം. കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയകക്ഷികളും ഭരണ സംവിധാനങ്ങളും മറവിയുടെ ചതുപ്പില്‍ താഴ്ത്തിയ ഒരു വിഷയത്തെ സമൂഹത്തിന്റെ മുന്‍പിലേക്ക് വീണ്ടും കൊണ്ടുവന്നരിക്കുന്നു അദ്ദേഹം.

കേരളത്തിലെ സാമൂഹിക ജീവിതത്തിന്റെ വിവിധ മേഖലകളില്‍ നിലനില്‍ക്കുന്ന വലിയ അളവിലുള്ള പൊലീസിങ്ങും അതുമായി ബന്ധപ്പെട്ട നടപടികളും അടിസ്ഥാനപരമായ പൗരാവകാശങ്ങള്‍ നിരന്തരം ലംഘിക്കുന്നു. നിയമവാഴ്ചയെ തുടര്‍ച്ചയായി കാറ്റില്‍ പറത്തി തണ്ടര്‍ ബോള്‍ട്ടെന്ന കമാന്‍ഡോ ടീം നടത്തിയ എട്ട് വ്യാജ ഏറ്റുമുട്ടല്‍ കൊലകളില്‍ ഒന്നില്‍ പോലും നിയമപരമായി കൈക്കൊള്ളേണ്ട നടപടികള്‍ ഒന്നുമുണ്ടായിട്ടില്ല. നിയമവും നീതിയും തമ്മിലെ ആഴമേറിയ വിടവുള്‍പ്പെടെയുള്ള വിഷയങ്ങള്‍ സമൂഹത്തിന്റെ മുന്നില്‍ എത്തിക്കുവാന്‍ വാസുവേട്ടന്റെ പ്രധിഷേധസമരം നിമിത്തമായി.

2016 ലെ കേസിലാണ് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം വാസുവേട്ടന്റെ ഇപ്പോഴത്തെ അറസ്റ്റ്. ഈ കേസില്‍ പറയുന്ന വിധം മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്ക് മുന്നില്‍ യാതൊരു തടസ്സവും വാസുവേട്ടനും സഖാക്കളും സൃഷ്ടിച്ചിട്ടില്ല. മെഡിക്കല്‍ കോളജ് സൂപ്രണ്ടോ മറ്റ് ഹോസ്പിറ്റല്‍ അധികാരികളോ അത്തരമൊരു പരാതി നല്‍കിയിട്ടുമില്ല. അത് രാഷ്ട്രീയ ലക്ഷ്യത്തോടെ മെനഞ്ഞ ഒരു കള്ളക്കേസാണെന്ന് വ്യക്തം. എന്നാല്‍, അതേസമയത്ത് മാവോയിസ്റ്റുകളുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് മെഡിക്കല്‍ കോളജിലേക്കുള്ള പ്രധാന റോഡ് മണിക്കൂറുകള്‍ ഉപരോധിച്ച യുവമോര്‍ച്ചകാര്‍ക്ക് എതിരെ ഒരു കേസും പൊലീസ് എടുത്തില്ല എന്നതും ശ്രദ്ധേയമാണ്.

അദ്ദേഹത്തിന്റെ അറസ്റ്റും തടവും തികഞ്ഞ അന്യായമാണെന്ന് തിരിച്ചറിയുന്ന കേരളത്തിലെ ജനങ്ങള്‍ നടത്തുന്ന പ്രതിഷേധങ്ങളെ അവഗണിച്ച് തങ്ങളുടെ സോഷ്യല്‍ ഫാസിസ്റ്റ് സമീപനം തുടരുകയാണ് സി.പി.എമ്മും അതിന്റെ സൈബര്‍ വെട്ടുകിളികളും. കോടതിയുടേയും പൊലീസിന്റേയും നടപടി ക്രമങ്ങളുടെ സാങ്കേതികതയില്‍ ഊന്നി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധത മറച്ച് പിടിക്കാനാണവര്‍ ശ്രമിക്കുന്നത്. ' അവര്‍ നിയമത്തെ കുറിച്ച് സംസാരിക്കട്ടെ, നമുക്ക് നീതിയെപ്പറ്റി സംസാരിക്കാം' എന്ന കവി വചനം അക്ഷരാര്‍ഥത്തില്‍ യാഥാര്‍ഥ്യമാവുന്ന സ്ഥിതിവിശേഷത്തിന് നാം സാക്ഷ്യം വഹിക്കുകയാണ്. അതുകൊണ്ട് വാസുവേട്ടന്റെ തടവറ ജീവിതം ഇനിയും നീളാനും 94 വയസ്സുകാരനായ അദ്ദേഹത്തിന്റെ ജീവന്‍ തന്നെ അപകടത്തിലാകാനുമുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല. ഈ സാഹചര്യത്തില്‍ പ്രതിഷേധങ്ങള്‍ ശക്തമാക്കുക എന്നത് വളരെ പ്രധാനം തന്നെയാാണ്.


കോഴിക്കോട് മെഡിക്കല്‍ കോളജിന് മുന്നില്‍ കുപ്പു ദേവരാജന് അന്ത്യോപചാരം അര്‍പിക്കുന്ന ഗ്രോ വാസു, സി.പി.ഐ നേതാവ് ബിനോയ് വിശ്വം, പോരാട്ടം നേതാവ് സി.എ അജിതന്‍ തുടങ്ങിയവര്‍.

എട്ടു മാവോയിസ്റ്റുകളേയും അധികം വിശദീകരണമൊന്നും പറയാതെ ഒരു ഫോട്ടോഗ്രാഫറേയുമാണ് തണ്ടര്‍ബോള്‍ട്ട് കേരളത്തില്‍ കൊലപ്പെടുത്തിയത്. ഇതില്‍ മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജിന്റെയും അജിതയുടെയും ഭൗതിക ശരീരം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും കാണാനുള്ള അവകാശം നിഷേധിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. ധീരരക്തസാക്ഷികള്‍ ഭഗത് സിംഗിന്റെയും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും മൃതശരീരം ബ്രിട്ടീഷ് കൊളോണിയല്‍ ശക്തികള്‍ കത്തിച്ച് കളയുകയായിരുന്നല്ലോ. അതിന് സമാനമായ വിധത്തില്‍ പെരുമാറിയ പിണറായി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടിയില്‍ സമാധാനപരമായി പ്രതിഷേധിക്കുക മാത്രമാണ് വാസുവേട്ടനും സഖാക്കളും ചെയ്തത്.

മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്കു മുന്നില്‍ നടത്തിയ ആ പ്രതിഷേധത്തെ തുടര്‍ന്നാണ് ബന്ധുക്കള്‍ക്കും സുഹ്യത്തുകള്‍ക്കും കൊല്ലപ്പെട്ട സഖാക്കളുടെ ഭൗതിക ശരീരം കാണാനും അന്ത്യോപചാരം അര്‍പിക്കാനും സാധ്യമായത്. മാനവികതയുടെ അന്തസ്സുയര്‍ത്തിയ ആ പ്രതിഷേധത്തെ പ്രതികാരപൂര്‍വ്വം നോക്കിക്കണ്ട സര്‍ക്കാര്‍ ദിവസങ്ങള്‍ക്ക് ശേഷം കേസ് എടുക്കുകയായിരുന്നു. 2016 ലെ ആ കേസിലാണ് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം വാസുവേട്ടന്റെ ഇപ്പോഴത്തെ അറസ്റ്റ്. ഈ കേസില്‍ പറയുന്ന വിധം മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്ക് മുന്നില്‍ യാതൊരു തടസ്സവും വാസുവേട്ടനും സഖാക്കളും സൃഷ്ടിച്ചിട്ടില്ല. മെഡിക്കല്‍ കോളജ് സൂപ്രണ്ടോ മറ്റ് ഹോസ്പിറ്റല്‍ അധികാരികളോ അത്തരമൊരു പരാതി നല്‍കിയിട്ടുമില്ല. അത് രാഷ്ട്രീയ ലക്ഷ്യത്തോടെ മെനഞ്ഞ ഒരു കള്ളക്കേസാണെന്ന് വ്യക്തം. എന്നാല്‍, അതേസമയത്ത് മാവോയിസ്റ്റുകളുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് മെഡിക്കല്‍ കോളജിലേക്കുള്ള പ്രധാന റോഡ് മണിക്കൂറുകള്‍ ഉപരോധിച്ച യുവമോര്‍ച്ചകാര്‍ക്ക് എതിരെ ഒരു കേസും പൊലീസ് എടുത്തില്ല എന്നതും ശ്രദ്ധേയമാണ്. ഇരട്ട നീതിയുടെയും കാപട്യത്തിന്റേയും ഇത്തരം നിരവധി വിഷയങ്ങളെ മുന്‍ നിര്‍ത്തിയാണ് വാസുവേട്ടന്‍ തന്റെ കേസ് കൈകാര്യം ചെയ്യാന്‍ തീരുമാനിച്ചത്. കോടതിയില്‍ പിഴയടക്കാനോ ജാമ്യത്തിലിറങ്ങാനോ തയ്യാറാകാതെ തടവറ സ്വീകരിച്ച അദ്ദേഹം കോടതി വ്യവഹാര വ്യവസ്ഥയോട് നീതിയുടെ അടിസ്ഥാനത്തില്‍ ചോദ്യങ്ങളുയര്‍ത്തുകയായിരുന്നു.


അജിതയുടെ സംസ്‌കാര ചടങ്ങ്‌

നിയമത്തിന്റെ സാങ്കേതികതയില്‍ മാത്രം അഭിരമിക്കുന്നവര്‍ക്ക് ഈ ചോദ്യങ്ങളുടെ നൈതികവും ധാര്‍മികവുമായ രാഷ്ട്രീയം മനസ്സിലാക്കാനാവില്ല. കോടതിക്ക് പുറത്തും വിചരണയുണ്ടെന്ന രാഷ്ട്രീയത്തില്‍ നിന്നാണത് മനസ്സിലാക്കാനാവുക. നിരപരാധിത്വം എന്നാല്‍ നിഷ്‌ക്രിയതയല്ലെന്നും പ്രതിഷേധങ്ങള്‍ അപരാധമല്ലെന്നുമുള്ള ഒരു രാഷ്ട്രീയമാണ് വാസുവേട്ടനിവിടെ ഉയര്‍ത്തുന്നത്. നീതിക്ക് വേണ്ടിയുള്ള നിയമലംഘനങ്ങളില്‍ കൂടിയാണ് ലോകം വികസിച്ച് വന്നിട്ടുള്ളത്. എല്ലാത്തരം ആധിപത്യ-വിധേയത്വ ബന്ധങ്ങള്‍ക്കും എതിരെ നടക്കുന്ന നാനാതരം സമരങ്ങളിലൂടെയാണ് പുതിയ അവബോധങ്ങള്‍ രൂപപ്പെടുന്നതും അവകാശങ്ങളേയും തുല്ല്യതയേയും നീതിയെയും മുന്‍ നിര്‍ത്തി പുതിയ നിയമങ്ങള്‍ തന്നെ ഉണ്ടാവുന്നതും. എന്നാല്‍, ഈ ചരിത്ര യഥാര്‍ത്ഥ്യങ്ങളെ മനസ്സിലാക്കാത്ത കമ്യൂണിസ്റ്റുകാരാണ് ജാമ്യം ലഭിച്ചിട്ടും ജയിലില്‍ പോയ വാസുവേട്ടനെ കുറ്റക്കാരനും നിയമ വിരുദ്ധനുമായി ചിത്രീകരിക്കുന്നത്. ഇവരെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകരായല്ല ചരിത്രം സ്ഥാനപ്പെടുകത്തുക മറിച്ച് നേതാക്കളേയും അധികാരത്തേയും ചുറ്റിപറ്റി കഴിയുന്ന അനുയായി വൃന്ദമായിട്ടുമാവും. എവിടെ നിന്നെങ്കിലും പടച്ച് വിടുന്ന കാപ്‌സ്യൂളിന് അപ്പുറവും ഇപ്പുറവും ചിന്തിക്കാനുള്ള ശേഷി നഷ്ടപ്പെട്ട ഇത്തരം ഇത്തികണ്ണികള്‍ ജനാധിപത്യപരമായ സംവാദത്തിനും പ്രവര്‍ത്തനത്തിനുമുള്ള ഇടങ്ങള്‍ ഇല്ലാതാക്കുന്നവരാണ്.


കുപ്പു ദേവരാജന് അന്ത്യോപചാരം അര്‍പിക്കുന്ന ബന്ധുക്കള്‍

ഭരണവര്‍ഗ്ഗ പാര്‍ട്ടികളും അവരുടെ അവാന്തരവിഭാഗങ്ങളും നടത്തുന്ന കപട സമരങ്ങളല്ലാതെ മറ്റൊരു പ്രതിഷേധങ്ങളും അനുവദിക്കാത്ത ഇടമായി കേരളം മാറി കഴിഞ്ഞു. പൊലീസാണ് എല്ലാമെന്ന അവസ്ഥയാണ് ചുറ്റും കാണുന്നത്. സമീപകാലത്തെ പ്രധാന സമരമായ കര്‍ഷക സമരത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് നടത്തിയ ഇടപെടലുകളുടെ പേരിലും സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ നടത്തിയ പ്രതിഷേധങ്ങളുടെ പേരിലും പൗരത്വ പ്രക്ഷോഭത്തിന്റെ പേരിലും ആയിരക്കണക്കിന് കേസുകളാണ് പിണറായി സര്‍ക്കാര്‍ ചുമത്തിയത്.

പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശത്തിന് നേരെയുള്ള കടന്നാക്രമണങ്ങളാണ് ഈ കേസും നടപടികളും. ഒരു തരത്തിലുള്ള പ്രതിഷേധങ്ങളും അനുവദിക്കാത്ത ഒരിടമായി കേരളവും മാറിയരിക്കുന്നു. അതേസമയം ആര്‍.സ്.എസും ബി.ജെ.പിയുമടക്കമുള്ള പ്രതിലോമ ശക്തികള്‍ നടത്തിയ നിരവധിയായ കലാപങ്ങളില്‍ ചുമത്തിയ കേസുകള്‍ ഭൂരിഭാഗവും സര്‍ക്കാര്‍ പിന്‍വലിക്കുകയും ചെയ്തു. കാവി കൂട്ടങ്ങള്‍ക്ക് എതിരെ മിക്ക സമയത്തും കേസ് തന്നെ എടുക്കാറില്ല എന്നതും ഒരു വസ്തുതയാണ്. സാധരണ ജനതക്ക് അടിയസ്ഥാന പൗരാവകാശത്തിന്റെ പ്രകാശനം പോലും കുറ്റം സമ്മതിച്ച് പിഴയടച്ചാല്‍ മാത്രം സാധ്യമാകുന്ന അവസ്ഥ ഇവിടെ നിലനില്‍ക്കുന്നു. ഇതിനെ കുറ്റം ചെയ്യാത്ത ഞാന്‍ എന്തിന് പിഴയടക്കണം എന്ന പ്രഖ്യാപനം വഴി വാസുവേട്ടന്‍ ചോദ്യം ചെയ്യുന്നു. അനന്തമായി നീളുന്ന കോടതി നടപടികളില്‍ നിന്നും രക്ഷതേടി ഭരണകൂടവും ജുഡീഷ്യറിയും അടിച്ചേല്‍പ്പിക്കുന്ന പിഴയൊടുക്കാന്‍ നിര്‍ബന്ധിതരാകുന്ന ദുരവസ്ഥയും, ദിനം തോറും ശോഷിക്കുന്ന ജനാധിപത്യവും സൃഷ്ടിക്കുന്ന ആപത്തിനെ ഓര്‍മിപ്പിക്കുകയാണ് ഗ്രോ വാസു.


ഗ്രോ വാസുവിനൊപ്പം ലേഖകന്‍


TAGS :